Wednesday, June 12, 2013

തൊഴില്‍ സംരക്ഷിക്കാന്‍ പോരാട്ടം

രാജ്യത്തെ കോടിക്കണക്കിനു തൊഴിലാളികളെ ബാധിക്കുന്ന മൂന്ന് സുപ്രധാന ആവശ്യങ്ങള്‍ ഉയര്‍ത്തി സിഐടിയുവിന്റെ നേതൃത്വത്തില്‍ ദേശീയാടിസ്ഥാനത്തില്‍ പ്രക്ഷോഭം നടന്നുവരികയാണ്. അസംഘടിത പരമ്പരാഗത മേഖലയിലേതുള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസം ചുരുങ്ങിയത് 10,000 രൂപ വേതനം ലഭിക്കാന്‍ നിയമപ്രകാരം വ്യവസ്ഥചെയ്യണമെന്നാണ് ഒന്നാമത്തെ ആവശ്യം.

കാര്‍ഷികമേഖലയിലും പരമ്പരാഗത-അസംഘടിത മേഖലകളിലും ജോലിചെയ്യുന്ന കോടിക്കണക്കിനു തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണ്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. അര്‍ജുന്‍ സെന്‍ഗുപ്ത കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞത്, അസംഘടിതമേഖലയിലെ 86 ശതമാനം തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം 20 രൂപയാണെന്നാണ്. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ, അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇവരുടെ ജീവിതം എത്ര ദുരിതപൂര്‍ണമാണെന്ന് ഊഹിക്കാവുന്നതാണ്. അങ്കണവാടി, ആശ, സ്കൂള്‍ ഭക്ഷണ പാചകത്തൊഴിലാളികള്‍, വീട്ട് ജോലിക്കാര്‍, സ്വയം തൊഴിലിലേര്‍പ്പെടുന്നവര്‍ ഉള്‍പ്പെടെ ദരിദ്രതൊഴിലാളികള്‍ തുച്ഛമായ വരുമാനംമാത്രം ലഭിക്കുന്നവരാണ്.

45-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് മുമ്പാകെ സിഐടിയു ഈ പ്രശ്നങ്ങള്‍ ഉന്നയിക്കുകയുണ്ടായി. കോര്‍പറേറ്റുകള്‍ക്ക് ലാഭം വാരിക്കൂട്ടാന്‍ അവസരം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍, തൊഴിലെടുക്കുന്നവരുടെ യാതനകള്‍ കാണുന്നില്ല. നിലവിലുള്ള തൊഴില്‍നിയമങ്ങള്‍ പാലിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്ഥിരം ജോലികള്‍ ഇല്ലാതാവുകയും അനൗപചാരിക കരാര്‍ തൊഴിലുകള്‍ വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയാണിന്ന്. ഇത് തൊഴിലുടമകള്‍ക്ക്, കുറഞ്ഞ കൂലിക്ക് തൊഴിലെടുപ്പിച്ച് വന്‍ ലാഭം നേടാന്‍ അവസരം നല്‍കുന്നു. ചുരുങ്ങിയ വരുമാനംമാത്രം ലഭിക്കുന്ന ഗ്രാമീണ- നഗര മേഖലകളിലെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് മനുഷ്യോചിതമായ ജീവിതസാഹചര്യങ്ങള്‍പോലുമില്ല. സ്ഥിരം ജോലി കുറച്ച്, വ്യവസായശാലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യിക്കുന്നത് വ്യാപിക്കുകയാണ്. കോണ്‍ട്രാക്ട് ലേബര്‍ റഗുലേഷന്‍ & അബോളിഷന്‍ ആക്ട് അനുസരിച്ച്, ഒരു സ്ഥാപനത്തില്‍ സ്ഥിരംതൊഴിലാളികള്‍ ചെയ്യുന്ന അതേ സ്വഭാവത്തിലുള്ള ജോലിചെയ്യുന്ന കരാര്‍തൊഴിലാളികള്‍ക്ക്, സ്ഥിരംതൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍, ഒരിടത്തും ഈ നിയമം നടപ്പാക്കുന്നില്ല. ഈ പ്രശ്നമാണ്, പ്രക്ഷോഭത്തില്‍ ഉയര്‍ത്തുന്ന രണ്ടാമത്തെ മുദ്രാവാക്യം. ഗ്രാറ്റുവിറ്റി ആക്ട്, പ്രോവിഡന്റ് ഫണ്ട് ആക്ട്, ബോണസ് ആക്ട് തുടങ്ങിയ തൊഴിലാളി ക്ഷേമനിയമങ്ങള്‍ ഒന്നും ബാധകമാകാത്ത അസംഘടിത- പരമ്പരാഗത മേഖലയിലെ കോടിക്കണക്കിനു വരുന്ന തൊഴിലാളികള്‍ക്കായി സമഗ്രമായ ക്ഷേമ-സുരക്ഷാ പദ്ധതികള്‍ ഏര്‍പ്പെടുത്തണമെന്നതാണ് മൂന്നാമത്തെ ആവശ്യം. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയില്ല.

രോഗം ബാധിക്കുകയോ, മറ്റ് നിലയില്‍ അവശത ബാധിക്കുകയോ ചെയ്യുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ അനാഥരാവുകയാണ്. ഈ സാഹചര്യത്തിലാണ്, സാമൂഹ്യസുരക്ഷാ പദ്ധതിക്കായി തൊഴിലാളികള്‍ മുറവിളി കൂട്ടുന്നത്. രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ എല്ലാം ചേര്‍ന്ന് ഫെബ്രുവരി 20നും 21നും നടത്തിയ 48 മണിക്കൂര്‍ ദേശീയ പണിമുടക്കിനാധാരമായി ഉയര്‍ത്തിയ പത്ത് ആവശ്യങ്ങളിലും, മേല്‍പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഈ കാര്യത്തില്‍ ഒരു തീരുമാനവുമുണ്ടായില്ല. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എല്ലാ തൊഴില്‍മേഖലയിലും വലിയ തകര്‍ച്ചയാണ് അനുഭവപ്പെടുന്നത്. കയര്‍വ്യവസായമേഖല ആകെ തകര്‍ന്നു. അമ്പതിനായിരത്തില്‍ താഴെ തൊഴിലാളികള്‍ക്കു മാത്രമേ തൊഴിലുള്ളൂ. മൂന്നു ലക്ഷത്തിലധികം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. പട്ടിണിമൂലം ചേര്‍ത്തലയില്‍ രണ്ടു തൊഴിലാളികള്‍ ആത്മഹത്യചെയ്തു. കയര്‍വ്യവസായ സഹകരണ സംഘങ്ങളെല്ലാം നിശ്ചലമായി. കൈത്തറിമേഖലയും തകര്‍ച്ചയിലാണ്. സഹകരണ സംഘങ്ങളെല്ലാം തകരുന്നു. സംഘങ്ങളുടെ കടബാധ്യത തീര്‍ക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കൈത്തറിവസ്ത്ര പ്രചാരണത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളും ഈ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഖാദിമേഖലയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കശുവണ്ടിമേഖലയില്‍ കടുത്ത നിയമനിഷേധമാണ് നടക്കുന്നത്. ഫാക്ടറി സമ്പ്രദായം തകര്‍ത്ത് കുടിവറുപ്പ് വ്യാപിപ്പിക്കുകയാണ്. ക്ഷേമപദ്ധതികളും അവതാളത്തിലാണ്. പരമ്പരാഗത മത്സ്യബന്ധനമേഖലയും ഗുരുതരമായ പ്രതിസന്ധിയിലാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കടാശ്വാസ നിയമം കാര്യക്ഷമമായി നടപ്പാക്കാത്തതിനാല്‍ തൊഴിലാളികള്‍ ഹുണ്ടികക്കാരുടെ പിടിയിലായി. മണ്ണെണ്ണ ക്വോട്ട വെട്ടിക്കുറച്ചതിനാല്‍ കരിഞ്ചന്തയില്‍ വലിയ വിലകൊടുത്ത് വാങ്ങേണ്ടിവരുന്നു. നവ-ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി, വിദേശ ട്രോളറുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുന്നതുമൂലം പരമ്പരാഗത തൊഴിലാളികള്‍ക്ക് മത്സ്യം ലഭിക്കുന്നതില്‍ വലിയ കുറവുവന്നു. ഒരുകാലത്ത് ആയിരക്കണക്കിനു തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായിരുന്നു ബീഡിതെറുപ്പ് വ്യവസായം. പുകവലി നിരോധനംമൂലം ബീഡി ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. ഇതുമൂലം തൊഴില്‍രഹിതരാകുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഒരു പദ്ധതിയുമില്ല.

കള്ള് ചെത്ത് വ്യവസായത്തെ തകര്‍ത്ത് വിദേശമദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന നയമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്. ബാറുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുന്നു. ആയിരത്തില്‍പ്പരം കള്ളുഷാപ്പുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടി. ആര്‍ട്ടിസാന്‍, ഈറ്റ പനമ്പ്, കളിമണ്ണ് തുടങ്ങിയ മേഖലകളിലും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളത്തില്‍ വാണിജ്യ- വ്യാപാര മേഖല, അണ്‍ എയ്ഡഡ് സ്കൂളുകള്‍, ചെറുകിട വ്യവസായങ്ങള്‍, സ്വയംതൊഴിലുകള്‍ എന്നിവയില്‍ തൊഴില്‍ചെയ്യുന്ന ലക്ഷക്കണക്കിനു തൊഴിലാളികള്‍ തുച്ഛമായ വരുമാനം ലഭിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍, സിഐടിയു ആഹ്വാനംചെയ്ത ദേശീയ പ്രക്ഷോഭത്തിന് വളരെയേറെ പ്രസക്തിയുണ്ട്. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ബുധനാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് രാജ്ഭവനു മുമ്പിലേക്കും തൊഴിലാളികള്‍ മാര്‍ച്ച് നടത്തുകയാണ്. ഈ പ്രക്ഷോഭം വിജയിപ്പിക്കാന്‍ എല്ലാ തൊഴിലാളികളോടും അഭ്യര്‍ഥിക്കുന്നു.

*
എളമരം കരീം

No comments: