Friday, June 21, 2013

അഫ്ഗാനും ഇന്ത്യയും

അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ നടത്തിപ്പോന്ന സൈന്യനീക്കം ഇനി ഇന്ത്യയെക്കൊണ്ട് നടത്തിക്കാനുള്ള പുറപ്പാടിലാണ് അമേരിക്ക. ഇന്ത്യാ സന്ദര്‍ശനവേളയില്‍ അഫ്ഗാന്‍-ഇറാന്‍ കാര്യങ്ങളില്‍ ഇന്ത്യയുടെ സഹകരണം അമേരിക്കയ്ക്ക് ഉണ്ടാകണമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞതില്‍ തന്നെ ഇതിന്റെ ആദ്യസൂചനകളുണ്ടായിരുന്നു. അതിഭീമമായ സാമ്പത്തിക നഷ്ടവും സൈനിക നാശവും അഫ്ഗാനിസ്ഥാനില്‍ അനുഭവിക്കേണ്ടി വന്ന അമേരിക്ക അവിടെ നിന്നുള്ള സൈനിക പിന്മാറ്റത്തിന്റെ ഘട്ടത്തിലാണ്. ഭീമമായ സാമ്പത്തിക പ്രതിസന്ധി അമേരിക്കയ്ക്ക് നേരിടേണ്ടിവന്നത് അഫ്ഗാന്‍ പോലുള്ളിടങ്ങളിലെ അവിവേകം നിറഞ്ഞ ഇടപെടല്‍ കൊണ്ടുകൂടിയാണെന്നുള്ള പൊതുവികാരം അമേരിക്കന്‍ ജനതയില്‍ രൂപപ്പെട്ടുവന്നു. നിത്യേനയെന്നോണം അഫ്ഗാനില്‍നിന്ന് യുഎസ് സൈനികരുടെ മൃതദേഹങ്ങള്‍ എത്തുന്ന സ്ഥിതി അമേരിക്കന്‍ ജനതയില്‍ വല്ലാത്തൊരു വൈകാരികാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയാണ് സൈനിക പിന്മാറ്റം.

തങ്ങള്‍ നടത്തേണ്ട "യുദ്ധം" തങ്ങള്‍ക്കുവേണ്ടി ഇനി ഇന്ത്യ നടത്തട്ടെ എന്നതാണ് ഇപ്പോള്‍ അമേരിക്കയുടെ നിലപാട്. ഇന്ത്യന്‍ സൈന്യത്തെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കണമെന്ന ഔപചാരികമായ ആവശ്യം അമേരിക്ക ഉന്നയിച്ചുകഴിഞ്ഞു. ഈ കെണിയില്‍ ഇന്ത്യ വീണുകൂടാ. ഭീകരമായ ആള്‍നാശത്തിനും സാമ്പത്തികനഷ്ടത്തിനും വഴിവയ്ക്കുന്ന അത്തരമൊരു ദൗത്യം ഇന്ത്യ ഏറ്റെടുക്കേണ്ട കാര്യമില്ല. അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന ഭീകരസംഘങ്ങളുടെ പ്രധാന ആക്രമണലക്ഷ്യമാക്കി ഇന്ത്യയെ മാറ്റുകയെന്നതും ആ പ്രക്രിയയില്‍ ഇന്ത്യക്ക് വന്‍തോതില്‍ പടക്കോപ്പു വിറ്റ് പണമുണ്ടാക്കുക എന്നതും അമേരിക്കയുടെ അജന്‍ഡയിലുണ്ട്. ഈ അജന്‍ഡ ഇന്ത്യ കാണാതിരുന്നുകൂടാ! അഫ്ഗാനിസ്ഥാനില്‍ ഒരു മതനിരപേക്ഷ ജനാധിപത്യഭരണം ഉണ്ടായിരുന്നു, നജീബുള്ളയുടെ നേതൃത്വത്തില്‍. അതിനെതിരെ വര്‍ഗീയതയും തീവ്രവാദവും ഭീകരപ്രവര്‍ത്തനവും പ്രോത്സാഹിപ്പിച്ച് അഫ്ഗാനിസ്ഥാനെ കലുഷമാക്കുകയും ആ മന്ത്രിസഭയെ തകര്‍ക്കുകയും അതിലൂടെ അഫ്ഗാനെ ഭീകരവാദത്തിന്റെ ആസ്ഥാനമാക്കിമാറ്റുകയും ചെയ്തത് അമേരിക്കയാണ്. ഏഷ്യയില്‍ തങ്ങള്‍ക്ക് കാലുറപ്പിക്കാനുള്ള തന്ത്രമായാണ് അന്ന് അമേരിക്ക അതിനെ കണ്ടത്. പക്ഷേ, തന്ത്രങ്ങള്‍ പൊളിഞ്ഞു. ഹമീദ് കര്‍സായിയുടെ പാവഭരണത്തെ അവിടെ സ്ഥാപിക്കാന്‍ കഴിഞ്ഞെങ്കിലും അതിനെ അവിടെ നിലനിര്‍ത്തി പരിരക്ഷിക്കാന്‍ അമേരിക്കയ്ക്ക് വന്‍തോതില്‍ ഖജനാവില്‍നിന്ന് പണമൊഴുക്കേണ്ടി വന്നു. ഭീകരമായതോതില്‍ സൈനികനാശം അനുഭവിക്കേണ്ടതായും വന്നു. അങ്ങനെ പാഠംപഠിച്ച അമേരിക്ക നിവൃത്തിയില്ലാതെ പിന്‍വാങ്ങുമ്പോള്‍ ദൗത്യം ഇന്ത്യയെ ഏല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.

അമേരിക്കാദാസ്യം കലവറ കൂടാതെ അനുഷ്ഠിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് രാജ്യം ഉല്‍ക്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. തീരുമാനത്തില്‍ ഇന്ത്യന്‍ ജനതയോടുള്ള പ്രതിബദ്ധതയാകണം, മറിച്ച് അമേരിക്കയോടുള്ള വിധേയത്വമാകരുത് പ്രതിഫലിക്കേണ്ടത്. അതേസമയം, ഇന്ത്യ ഇറാനും റഷ്യയും പോലുള്ള രാജ്യങ്ങളുമായി ആലോചിച്ച് നയതന്ത്രരംഗത്ത് കാര്യമായി ഇടപെടല്‍ നടത്തേണ്ടതുണ്ടുതാനും. അയല്‍രാജ്യമാണ് എന്നതിനാല്‍ അഫ്ഗാനിലെ സംഭവവികാസങ്ങള്‍ ഇന്ത്യയില്‍ ദൂരവ്യാപക ചലനങ്ങളുണര്‍ത്തുന്നതാണ് എന്നതുകൊണ്ട് ജാഗ്രതയോടെയുള്ള നയതന്ത്രനീക്കങ്ങള്‍ ആവശ്യമാണ്. ആ നീക്കങ്ങളാകട്ടെ, അഫ്ഗാനുമേല്‍ താലിബാന്‍ ഭീകരര്‍ പിടിമുറുക്കുന്നതൊഴിവാക്കുന്ന വിധത്തില്‍ അവിടത്തെ മതനിരപേക്ഷ-ജനാധിപത്യവാദികളെയാകെ വിശ്വാസത്തിലെടുത്തു കൊണ്ടുതന്നെയാകേണ്ടതുമുണ്ട്.

അല്‍ഖയ്ദയുമായുള്ള ബന്ധം വിടര്‍ത്തിയാലേ താലിബാനുമായി ചര്‍ച്ചയുള്ളൂവെന്ന മുന്‍ നിലപാട് ഒഴിവാക്കി അമേരിക്ക ചില ചര്‍ച്ചാനീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുമുണ്ട്. താലിബാനുമായി നേരിട്ടുള്ള ചര്‍ച്ചയാണ് അത്. ഇതില്‍നിന്ന് എന്തെങ്കിലും ഗുണഫലം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അതുകൊണ്ടാണ് റഷ്യയും ഇറാനുമൊക്കെയായി ആലോചിച്ച് 2014ലെ സമ്പൂര്‍ണ വിദേശസൈന്യ പിന്മാറ്റത്തോടെയുണ്ടാകേണ്ട സംവിധാനത്തിന് രൂപംകൊടുക്കണമെന്നു പറയുന്നത്. അഫ്ഗാന്‍ അല്‍ ഖയ്ദ-താലിബാന്‍ സംഘത്തിന്റെ പിടിയിലമര്‍ന്നാല്‍ പാകിസ്ഥാനിലെ സ്ഥിരപ്രവണതകള്‍ ശക്തിപ്പെടുകയും ഇന്ത്യക്ക് അത് വിനാശകരമാകുകയുമാകും ഫലം. അത് ഒഴിവാക്കേണ്ടതുണ്ട്. അഫ്ഗാന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം നിലനിര്‍ത്തിക്കൊണ്ടും അവരെ വിശ്വാസത്തിലെടുത്തുകൊണ്ടും അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചചെയ്ത് ഒരു സംവിധാനം രൂപപ്പെടുത്താനുള്ള മുന്‍കൈ ഇന്ത്യ എടുക്കുന്നതാകും ഉചിതം. 2011 ജൂണിലാണ് പ്രസിഡന്റ് ബാറക് ഒബാമ സൈനിക പിന്മാറ്റം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായത്. 2014ല്‍ അത് പൂര്‍ത്തിയാകും. എങ്കിലും 8000 സൈനികരെയും ആറ് സൈനിക വിമാനത്താവളങ്ങളിലെ ആധിപത്യത്തെയും അവര്‍ നിലനിര്‍ത്തും. അവിടെ സഹായിക്കാനണ് ഇന്ത്യ സൈന്യത്തെ അയച്ചുകൊടുക്കണമെന്ന് ഒബാമ ഇപ്പോള്‍ പറയുന്നത്.

2014ല്‍ അഫ്ഗാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. ആ ഘട്ടത്തിലും തുടര്‍ന്നും എന്തു സംവിധാനമാണ് അവിടെ ഉണ്ടാകുക എന്നത് ഉല്‍ക്കണ്ഠയുണര്‍ത്തുന്നതാണ്. 4.1 ബില്യണ്‍ ഡോളര്‍ ഓരോ വര്‍ഷവും സൈന്യത്തെ നിലനിര്‍ത്താന്‍ അഫ്ഗാനു വേണം. അതിനുള്ള ഒരു സാധ്യതയും അഫ്ഗാന്റെ മുമ്പില്‍ ഇപ്പോഴില്ല. സോവിയറ്റ് സഹായത്തെ അധിനിവേശമായി പണ്ട് ചിത്രീകരിച്ചിരുന്നവര്‍ സോവിയറ്റ് പിന്മാറ്റത്തോടെ അഫ്ഗാന്‍ കരകയറാനാകാത്ത ദുരന്തങ്ങളില്‍നിന്ന് ദുരന്തങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നെന്നും സാമ്രാജ്യത്വം അത് മുതലെടുക്കുകയായിരുന്നെന്നുമുള്ള സത്യം ഇപ്പോഴെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. നജീബുള്ള സര്‍ക്കാരിനെ തകര്‍ക്കാന്‍ പാകിസ്ഥാനും അമേരിക്കയും ഭീകരവാദികളും ഒരുമിച്ചു. അതിന്റെ തകര്‍ച്ചയ്ക്കുശേഷം അഫ്ഗാന്‍ സമാധാനം എന്തെന്നറിഞ്ഞിട്ടില്ല. ഇത്തരം ചരിത്രസത്യങ്ങള്‍ 2014ല്‍ ഉണ്ടാകേണ്ട സാഹചര്യങ്ങളെക്കുറിച്ചുള്ള ആലോചനകളില്‍ ബന്ധപ്പെട്ട രാഷ്ട്രങ്ങളുടെ, പ്രത്യേകിച്ചും ഇന്ത്യയുടെ മനസ്സിലുണ്ടാകേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: