Saturday, June 15, 2013

സഹകരണ മേഖലയില്‍ സംഭവിക്കുന്നത്

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലുണ്ടായ ക്ഷാമത്തെക്കുറിച്ചും കാര്‍ഷിക കലാപങ്ങളെക്കുറിച്ചും സായ്പ് ലണ്ടനിലേക്കയച്ച നോട്ടുകളാണ് 1904 ല്‍ പാസ്സാക്കിയ ഇന്ത്യയിലെ ആദ്യത്തെ സഹകരണ നിയമത്തിനു വഴിതെളിയിച്ചത്. ഇന്ത്യന്‍ കര്‍ഷകജനസാമാന്യമാകെ മറ്റൊരു വന്‍ കാര്‍ഷിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ആ നിയമം മാറ്റിയെഴുതപ്പെടുന്നത്. പക്ഷേ കറുത്ത സായ്പന്മാര്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവരുന്നത് നാട്ടാര്‍ക്കും കര്‍ഷകര്‍ക്കും അനൂകൂലമായി നിയമത്തെ മാറ്റിത്തീര്‍ക്കാനല്ല, കര്‍ഷകരുടെ കണ്ണീരൊപ്പുന്നവയായി അവശേഷിക്കുന്ന വ്യവസ്ഥകളാകെ മാറ്റാനാണ്. വായ്പ ഇനി ഹുണ്ടികക്കാര്‍ വഴി ഗ്രാമീണ വായ്പാമേഖലയെ എങ്ങനെ മാറ്റിത്തീര്‍ക്കാം എന്ന കാര്യത്തില്‍ പഴയ ഐഎംഎഫ് ഉപദേഷ്ടാവ് രഘുരാംരാജന്‍ (മൂപ്പരിപ്പോള്‍ പ്രധാനമന്ത്രിയെ ഉപദേശിക്കുകയാണ്) നടത്തിയ ഒരു പ്രസ്താവനയുണ്ട്: പട്ടണങ്ങളില്‍നിന്ന് പാന്റ്സ് ധരിച്ച് ബസ്സുകളില്‍ വന്നിറങ്ങുന്ന ബാങ്കു ജീവനക്കാരെ ഗ്രാമീണര്‍ക്ക് വിശ്വാസമില്ല, എന്നാല്‍ സദാ തുറന്നുവച്ച, എപ്പോഴും പ്രാപ്യനായ, സേവന സന്നദ്ധനായ ഹുണ്ടികക്കാരനെയാണവര്‍ക്കിഷ്ടം. ചുരുക്കിപ്പറഞ്ഞാല്‍ ഗ്രാമീണര്‍ക്ക് വായ്പ എത്തിക്കാനുള്ള എളുപ്പ മാര്‍ഗം ഹുണ്ടികക്കാരെ അപ്പണി ഏല്‍പ്പിക്കുകയാണ് എന്ന്!

ഈ ആലോചനയുടെ മുഴുവന്‍ ക്രെഡിറ്റും രഘുരാംരാജനുള്ളതല്ല. കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പ് ഫോര്‍ അസിസ്റ്റന്റ്സ് ടു ദ പുവര്‍ (CGAP) എന്നൊരു ലോക ബാങ്ക് സംവിധാനമുണ്ട്. പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനുള്ള കൂടിയാലോചനാ സമിതി. 1997ല്‍ നടന്ന മൈക്രോ ക്രെഡിറ്റ് സമ്മിറ്റില്‍ (ലഘുവായ്പാ ഉച്ചകോടി എന്ന് മലയാളം) ആ സമിതി കൂടിയാലോചിച്ച് അവതരിപ്പിച്ച ഒരു നിരീക്ഷണമുണ്ട്. എന്തുകൊണ്ടാണ് ലോകത്തെ പരമനിസ്വരായ മനുഷ്യര്‍ക്ക് വായ്പ കിട്ടാത്തത്? അതിനുള്ള വളരെ ലളിതമായ ഉത്തരം കണ്ടെത്തുകയായിരുന്നു സിജിഎപി. അത് മറ്റൊന്നുമല്ല, ലോകത്ത് പല രാജ്യങ്ങളിലും നിലവിലുള്ള അമിത പലിശ നിയന്ത്രണ നിയമങ്ങളാണ് തടസ്സം എന്ന്! എന്നു വെച്ചാല്‍ പാവപ്പെട്ടവര്‍ക്ക് വായ്പ കിട്ടാനുള്ള എളുപ്പമാര്‍ഗം സര്‍ക്കാരുകള്‍ പലിശ നിയന്ത്രിക്കാതിരിക്കലാണ്. അത് കമ്പോളത്തിന് വിട്ടുകൊടുക്കലാണ് എന്ന്. അതൊക്കെ ഹുണ്ടികക്കാരെ ഏല്‍പ്പിച്ചാല്‍ മതി എന്നു തന്നെ. അങ്ങനെയങ്ങ് ഹുണ്ടികക്കാര്‍ക്ക് എറിഞ്ഞു കൊടുത്തു എന്ന് പറയിപ്പിക്കരുതല്ലോ. അതിനാണ് സ്വയം സഹായസംഘങ്ങള്‍ വഴി ലഘുവായ്പ നല്‍കാനായി ലോകബാങ്ക് പദ്ധതി തന്നെ പ്രഖ്യാപിക്കപ്പെട്ടത്. പലിശ എത്ര എന്നതല്ല, വായ്പ കിട്ടുക എന്നതാണ് പ്രശ്നമെന്നാണല്ലോ സിജിഎപി ചൂണ്ടിക്കാട്ടിയത്. രഘുരാംരാജന്‍ കമ്മിറ്റിശുപാര്‍ശകളും സിജിഎപി നിര്‍ദേശങ്ങളും കൂട്ടിവായിക്കുക. പിന്നെ എളുപ്പമാണ്, എന്തുകൊണ്ട് സഹകരണ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നു എന്നതിനുള്ള ഉത്തരം കണ്ടെത്താന്‍. 1991 ലെ ലോക വികസന രേഖയിലാണെന്നു തോന്നുന്നു ഇക്കാര്യം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. സംസ്കൃതത്തിലാണ് പറയുന്നതെന്ന് മാത്രം.

അനൗപചാരിക സംവിധാനത്തെ ശക്തിപ്പെടുത്തണം എന്നാണ് പ്രയോഗം. പരസ്പര സഹായ സഹകരണത്തിന് പകരം പരസ്പര സഹായസഹകരണ സംഘം എന്ന ഒരാശയം തന്നെ കുറച്ചുകാലമായി പഴഞ്ചനായി തുടങ്ങിയിട്ട്. 1995 ല്‍ മാഞ്ചസ്റ്ററില്‍ ചേര്‍ന്ന അന്താരാഷ്ട്ര സഹകരണ അലയന്‍സ് അതിനിണങ്ങും വിധം സഹകരണ തത്വങ്ങള്‍ തന്നെ മാറ്റിയെഴുതുകയുണ്ടായി. വ്യവസായ സംരംഭകരുടെ മൃഗീയ വാസന (Animal Instinct) കെട്ടഴിച്ച് വിടുന്നതിനെക്കുറിച്ചും കമ്പോളത്തിന്റെ മഹിമകളെക്കുറിച്ചുമൊക്കെയുള്ള ഗീര്‍വാണങ്ങള്‍ പെരുകുന്ന ഒരു കാലത്ത് എന്ത് പരസ്പര സഹായ സഹകരണം? ചന്തക്കിണങ്ങിയ കാര്യം സ്വാശ്രയസംഘം തന്നെ! സ്വാശ്രയ സംഘങ്ങളുടെ ഒരു പൂക്കാലം തന്നെയാണ് പിന്നെ കണ്ടത്. ഇങ്ങനെ സ്വാശ്രയ സംഘങ്ങളെ കെട്ടഴിച്ച് വിട്ട് അവയുടെ മൃഗീയചോദനകളെ പ്രോത്സാഹിപ്പിച്ച് മുന്നോട്ടുകുതിക്കാന്‍ ഒരുങ്ങിയ ലത്തീന്‍ അമേരിക്കന്‍ നാടുകളില്‍ അതുണ്ടാക്കിയ കുഴപ്പത്തെപ്പറ്റി ജെയിംസ് പെട്രാസ് നിരീക്ഷിക്കുന്നുണ്ട്. അരാഷ്ട്രീയവല്‍ക്കരണത്തിനുള്ള ഒന്നാന്തരം ഒരവസരമാണ് അതുവഴി അവിടെ ഒരുക്കിയെടുത്തത്.

ഇവിടെയുമതേ, ബംഗാളിലെ മൈക്രോ ക്രെഡിറ്റ് സംവിധാനം മമതയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍വഹിച്ച പങ്ക് ചെറുതല്ല. കേരളത്തിലെ 1600 ഗ്രാമീണ സഹകരണ ബാങ്കുകള്‍ അടച്ചുപൂട്ടിയാല്‍, സാമുദായിക സംഘടനകളുടെയും വര്‍ഗീയ സംഘടനകളുടെയും നേതൃത്വത്തിലുള്ള സ്വയം സഹായസംഘങ്ങളുടെ മേച്ചില്‍പ്പുറമായി മാറ്റിത്തീര്‍ക്കാനാവും ഗ്രാമീണ വായ്പാമേഖല. ഇടതുപക്ഷത്തിന് ഗ്രാമീണ ജീവിതത്തെ നേരിട്ട് സ്പര്‍ശിക്കാന്‍, അതില്‍ ഇടപെടാന്‍ സഹകരണ ബാങ്കുകള്‍ ഒരുക്കിയ അവസരം ചെറുതല്ല. അതാകെ, ഒറ്റയടിക്ക് മാറ്റിത്തീര്‍ക്കാന്‍ ഉതകുന്ന നിയമ ഭേദഗതികളാണ്, ഭരണഘടനാ ഭേദഗതികളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പാസ്സാക്കിയെടുത്തത്. അതിനു കണക്കായി എഴുതി വാങ്ങിച്ച ബക്ഷി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുക കൂടിയാവുമ്പോള്‍ പിന്നെ വേറൊന്നും നോക്കേണ്ടതില്ല. എല്ലാം തൂക്കി വില്‍ക്കുമ്പോള്‍ ബാങ്കിങ് നിയമഭേദഗതി ബില്ല് പാസ്സാക്കിക്കൊണ്ട് അന്താരാഷ്ട്ര ഫൈനാന്‍സ് മൂലധനത്തിന്റെ ആവശ്യം വളരെ കൃത്യമായി നിറവേറ്റിക്കഴിഞ്ഞു. അതിനിടക്ക് ഗ്രാമീണ ബാങ്കുകള്‍ തൂക്കി വില്‍ക്കാനുള്ള നിയമ ഭേദഗതിയും പാസ്സാക്കപ്പെട്ടു കഴിഞ്ഞു. അവയുടെ ഉടമസ്ഥതയുടെ പകുതിയോളം സ്വകാര്യ മുതലാളിമാര്‍ക്ക് നല്‍കുകയാണ്.

ഗ്രാമീണ വായ്പാ മേഖല ശക്തിപ്പെടുത്താനായി റിസര്‍വ് ബാങ്കിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് രൂപം കൊടുത്ത നബാര്‍ഡിനെ അംഗഭംഗം വരുത്തി വന്‍കിടക്കാര്‍ക്ക് കൂടി വായ്പ ലഭിക്കാവുന്ന ഒരു സ്വകാര്യ സംവിധാനമാക്കി മാറ്റാനുള്ള ബില്ലും അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. സഹകരണ മേഖലയ്ക്കും ഗ്രാമീണ ബാങ്കിങ് സംവിധാനത്തിനും കൈയ്യയച്ച് സഹായം നല്‍കിപ്പോന്നിരുന്ന നബാര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ വളഞ്ഞ വഴിയിലൂടെ നടത്തുന്നത്. 5000 കോടി ഓഹരി മൂലധനമാണ് നബാര്‍ഡിനുള്ളത്. അത് 20,000 കോടിയാക്കുമത്രെ! ഇതിന് സര്‍ക്കാര്‍ മുതല്‍ മുടക്കുന്നതിനെപ്പറ്റി മിണ്ടാട്ടമില്ല. എന്നു വെച്ചാല്‍ 15,000 കോടി സ്വകാര്യമുതലാളിമാരില്‍ നിന്ന് കണ്ടെത്തും. അങ്ങനെ മുതല്‍ മുടക്കുന്നവരെ നിരാശരാക്കാനാവുമോ? അവര്‍ക്ക് വേണ്ട വായ്പയും നല്‍കുന്ന സ്ഥാപനമായി മാറിത്തീരും നബാര്‍ഡ്. ഏത് ലക്ഷ്യത്തിനു വേണ്ടി രൂപം കൊടുത്തോ അതില്‍ നിന്ന് മാറിപ്പോകുന്നു എന്നു തന്നെ അര്‍ഥം. അതുകൊണ്ടാണ് റിസര്‍വ് ബാങ്കിന് നബാര്‍ഡിലുള്ള ഓഹരി സര്‍ക്കാരിലേക്ക് കൈമാറണം എന്ന വ്യവസ്ഥ കൂടി ബില്ലില്‍ ഉള്‍പ്പെടുത്തിയത്. ഇതൊക്കെയും നടപ്പാക്കാന്‍ ശ്രമിക്കുന്ന സാഹചര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. അനൗപചാരിക വായ്പകള്‍ കൂടുന്നു കാര്‍ഷിക വായ്പാ മേഖലയില്‍ അനൗപചാരിക വായ്പയുടെ തോത് കൂടിവരുന്ന കാര്യം റിസര്‍വ് ബാങ്ക് തന്നെ നിയോഗിച്ച കമ്മിറ്റികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനൗപചാരിക സംവിധാനം എന്നു പറയുന്നത് സ്ഥാപനേതര വായ്പകള്‍ തന്നെ. ഹുണ്ടികക്കാരും ബ്ലെയ്ഡ് കമ്പനികളും ഈ മേഖലയില്‍ പിടിമുറുക്കുന്നതിനെപ്പറ്റി ഇക്കഴിഞ്ഞ മെയ് 9 ന് റിസര്‍വ് ബാങ്ക് പ്രസിദ്ധപ്പെടുത്തിയ വര്‍ക്കിങ് പേപ്പര്‍ ആശങ്കപ്പെടുന്നുണ്ട്.

റിസര്‍വ് ബാങ്കിന്റെ ഇക്കണോമിക്ക് ആന്‍ഡ് പോളിസി റിസര്‍ച്ചിലെ ഉപദേഷ്ടാവായ നാരായണ്‍ ചന്ദ്ര പ്രധാന്‍ എഴുതിയ പ്രസ്തുത രേഖ ഇതിനുമുമ്പ് നടന്ന എല്ലാ പ്രധാന പഠനങ്ങളെയും ആശ്രയിച്ചാണ് തയ്യാറാക്കിയത്. ഗ്രാമീണ വായ്പാ മേഖലയിലെ സ്ഥാപനേതര വായ്പകളെയും (Non institutional) സ്ഥാപന വായ്പകളെയും (institutional)പറ്റി ലേഖകന്‍ നടത്തിയ താരതമ്യപഠനം വെളിപ്പെടുത്തുന്നതെന്തെന്നോ? 1951 ല്‍ മൊത്തം വായ്പയുടെ 92.8% അനൗപചാരിക മേഖലയാണ് നല്‍കിപ്പോന്നത്. (പ്രൊഫഷണല്‍ പണമിടപാടുകാര്‍ 44.8 ശതമാനം, കാര്‍ഷിക ഹുണ്ടികക്കാര്‍ 24.9 ശതമാനം, ബന്ധുക്കളും സുഹൃത്തുക്കളും 14.2 ശതമാനം, കച്ചവടക്കാരും കമ്മീഷന്‍ ഏജന്റുമാരും 5.5 ശതമാനം, ഭൂവുടമകള്‍ 1.5 ശതമാനം, മറ്റുള്ളവര്‍ 1.9 ശതമാനം എന്നിങ്ങനെ) 10 വര്‍ഷം കൊണ്ട് 1961 ല്‍ പ്രൊഫഷണല്‍ ഹുണ്ടികക്കാരുടെ പങ്ക് 1951 ലെ 44.8 ല്‍ നിന്ന് 14.9 ശതമാനമായി ചുരുങ്ങി. അടുത്ത 10 വര്‍ഷം കൊണ്ട് ഇത് 13.8 ശതമാനമായി. 1981 ആയപ്പോള്‍ വീണ്ടും ചുരുങ്ങി 8.3 ശതമാനമായി. എന്നാല്‍ പുതിയ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയ 1991 ആവുന്നതോടെ ഹുണ്ടികക്കാര്‍ തലപൊക്കാന്‍ തുടങ്ങി. 8.3 ല്‍ നിന്ന് അവരുടെ പങ്ക് 9.4 ശതമാനമായി ഉയര്‍ന്നു. വെച്ചടിവെച്ചടി കയറി 2002 ല്‍ അത് ഇരട്ടിയിലേറെയായി 19.6 ശതമാനമായിത്തീര്‍ന്നു. സ്ഥാപനങ്ങള്‍ വഴിയുള്ള വായ്പയുടെ കാര്യത്തിലും 1991 ന് ശേഷമുണ്ടായ മാറ്റം വളരെ പ്രകടമാണ്. 1951 ല്‍ 7.2 ശതമാനം മാത്രമായിരുന്നു സ്ഥാപനങ്ങള്‍ വഴി നല്‍കിയ വായ്പ. 1961 ല്‍ ഇത് ഇരട്ടിച്ച് 14.8 ശതമാനമായി. 1971 ല്‍ വീണ്ടും ഇരട്ടിച്ച് 29.2 ശതമാനവും 81 ല്‍ വീണ്ടും ഇരട്ടിച്ച് 61.2 ശതമാനവുമായി മാറി. 1991 ലെ 64 ശതമാനത്തില്‍നിന്ന് താഴോട്ട് പതിച്ച് 2002 ല്‍ അത് 57.1 ശതമാനമായി ചുരുങ്ങുകയാണുണ്ടായത്. ഗ്രാമീണ ബാങ്കുകളടക്കമുള്ള വാണിജ്യ ബാങ്കിങ് മേഖലയുടെ പങ്കിന്റെ കുതിച്ചു ചാട്ടവും 91 ന് ശേഷമുള്ള വന്‍ പതനവും ശ്രദ്ധേയമാണ്. 1961 ല്‍ വെറും 0.4 ശതമാനമായിരുന്നു ആകെ വായ്പയില്‍ വാണിജ്യ ബാങ്കുകളുടെ പങ്ക്. അത് 1971 ല്‍ 2.2 ആവുന്നു. 1981 ല്‍ 28 ആയും 1991 ലെത്തുമ്പോള്‍ 29 ആയും ഉയരുന്നു. എന്നാല്‍ 2002 ല്‍ നേരെത്താണ് 24.5 ശതമാനം ആയിത്തീരുകയാണ് അവയുടെ പങ്ക്. 20 പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ 15 എണ്ണത്തിലും വായ്പയില്‍ സ്ഥാപന ഏജന്‍സികളുടെ പങ്ക് കുറയുകയാണുണ്ടായത്. വിശേഷിച്ച് ബീഹാര്‍, പഞ്ചാബ്, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍.

2002 ല്‍ നമ്മുടെ ഗ്രാമീണ ഭവനങ്ങളില്‍ 43 ശതമാനവും അനൗപചാരിക വായ്പാ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഫൈനാന്‍ഷ്യല്‍ എക്സ്ക്ലൂഷന്‍ ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനെക്കുറിച്ച് പുരപ്പുറത്ത് കയറി കൂവി വിളിക്കുമ്പോഴാണ് ഇങ്ങനെ വന്‍തോതില്‍ ഫൈനാന്‍ഷ്യല്‍ എക്സ്ക്യൂഷന്‍ നടപ്പാക്കിപ്പോരുന്നത്. ബാങ്കിങ് മേഖലാ പരിഷ്കാരങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ ധനപരമായ ഉള്‍ച്ചേര്‍ക്കലിനെപ്പറ്റി രഘുരാംരാജന്‍ ഗദ്ഗദകണ്ഠനാവുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളിലെ പാവപ്പെട്ട മനുഷ്യരുടെ അക്കൗണ്ടുകളിലുള്ള വളരെ തുച്ഛമായ സംഖ്യകള്‍ക്ക് കിട്ടുന്ന റിട്ടേണ്‍ കുറവാണെന്നും നഗരങ്ങളിലെ വന്‍കിടക്കാര്‍ക്ക് കിട്ടുന്നതിന് സമാനമായി ഇത് വര്‍ധിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നും രഘുരാംരാജന്‍ കമ്മിറ്റി നിര്‍ദേശിക്കുന്നുണ്ട്. ഓഹരിച്ചന്തയില്‍ ഇടപ്പെടാനും അതില്‍ നിന്നുള്ള ലാഭ വിഹിതം കൈയ്യാളാനും ഈ പാവപ്പെട്ടവര്‍ക്ക് കഴിയും വിധം നൂതനസാങ്കേതികവിദ്യ വികസിപ്പിക്കണം എന്നാണ് നിരീക്ഷണം. ഒരു ചെറിയ സിം കാര്‍ഡ് വഴി അനേകകോടി ഇന്ത്യക്കാരെ ഒറ്റച്ചരടില്‍ കോര്‍ക്കാന്‍ ആവുമെങ്കില്‍, ഗ്രാമ പ്രദേശങ്ങളിലെ പാവപ്പെട്ട നിക്ഷേപകരെ ഇങ്ങനെ ഓഹരിച്ചന്തയുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നാണ് രഘുരാം രാജന്റെ പ്രതീക്ഷ. എന്നു വെച്ചാല്‍ ഉള്‍നാടന്‍ നാട്ടുമൂലകളില്‍ നിന്നുപോലുമുള്ള ചെറുകിടനിക്ഷേപങ്ങള്‍ കുത്തിച്ചോര്‍ത്തി ഓഹരിച്ചന്തയില്‍ എത്തിക്കാനുള്ള പദ്ധതികളാണ് ആലോചനയില്‍.

ഗ്രാമീണ മേഖലയിലെ വായ്പാ ആവശ്യം നിറവേറ്റുക എന്നത് ഇത്തരം ഒരു സാഹചര്യത്തില്‍ പരിഗണനാവിഷയമേ ആവുകയില്ലല്ലോ. ബാങ്കിങ് മേഖലയില്‍ ലോകത്താകെ നടന്നു വരുന്ന ഈ തലതിരിച്ചിടല്‍ നിയോലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിപ്പോരുന്നതിന്റെ ഭാഗമായിട്ടാണ് എന്ന് തിരിച്ചറിഞ്ഞേ പറ്റൂ. ധന മേഖലയിലേക്കുള്ള മൂലധനത്തിന്റെ കുത്തൊഴുക്ക് വന്നു ചേര്‍ന്നതിനു ശേഷം മുന്‍ഗണനകളാകെ തിരിച്ചിടുകയാണ്. ഫൈനാന്‍സ് മൂലധനത്തിന്റെ അപ്രതിരോധ്യമായ തേര്‍വാഴ്ച്ചയാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം സഹകരണ മേഖലയിലെ പുതിയ മാറ്റങ്ങളെ നോക്കിക്കാണാന്‍. ചൗധരി ബ്രഹ്മപ്രകാശ് മുതല്‍ 90 കളുടെ തുടക്കത്തിന് ശേഷം, എന്നു വെച്ചാല്‍ നിയോലിബറല്‍ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതിനുശേഷം ഈ മേഖലയില്‍ നടന്ന പ്രധാനപ്പെട്ട സര്‍ക്കാര്‍ നിയുക്ത പഠനങ്ങളെല്ലാം തന്നെ വളരെ വ്യക്തമായും തങ്ങളുടെ വര്‍ഗപരമായ നിലപാട് വെളിപ്പെടുത്തിയിട്ടുണ്ട്. മുമ്പ് സഹകരണ മേഖലക്ക് നല്‍കിപ്പോന്ന എല്ലാ പരിഗണനകളും ഉപേക്ഷിക്കുന്നതും സഹകരണത്തെ തന്നെ വന്‍കിട മൂലധന താല്‍പര്യത്തിനനുസരിച്ച് മാറ്റിത്തീര്‍ക്കുന്നതുമായിരുന്നു അത്. ചൗധരി ബ്രഹ്മപ്രകാശ് കമ്മിറ്റി റിപ്പോര്‍ട്ട് മുതല്‍ ഈ തലതിരിച്ചിടല്‍ കാണാം. സഹകരണമേഖലയെ സ്വതന്ത്രവും സ്വയം പര്യാപ്തവുമാക്കാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ പങ്കാളിത്തം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളാണ് പ്ലാനിങ് കമ്മീഷന്‍ നിയോഗിച്ച പ്രസ്തുത കമ്മിറ്റി മുന്നോട്ടുവെച്ചത്. പ്ലാനിങ്ങില്‍ നിന്നുതന്നെ സഹകരണം ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ ചൗധരി ബ്രഹ്മപ്രകാശിന് മറിച്ചൊന്നും പറയാനാവില്ലല്ലോ. ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ സഹകരണത്തിന് വിശദമായ ഒരു ദര്‍ശന രൂപരേഖ (Outline of vision) തന്നെ മുന്നോട്ടുവെച്ചിരുന്നു. സാമ്പത്തിക-രാഷ്ട്രീയ വികസനത്തിന്റെ കാര്യത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കും പഞ്ചായത്തുകള്‍ക്കു നിര്‍വ്വഹിക്കാനുുള്ള സ്ഥാനം അതില്‍ ഊന്നിപ്പറഞ്ഞിരുന്നു. 1951ലെ ആള്‍ ഇന്ത്യാ റൂറല്‍ ക്രെഡിറ്റ് സര്‍വ്വേകമ്മിറ്റി സഹകരണസ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. രണ്ടാം പദ്ധതിയും ""ആസൂത്രിത വികസനത്തിന്റെ കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള സഹകരണമേഖല"" കെട്ടിപ്പടുക്കുന്നതിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നു.

മൂന്നാം പഞ്ചവത്സരപദ്ധതിക്കാലത്താണ് നാഷനല്‍ ഡയറി ഡവലപ്മെന്റ് ബോഡ് സ്ഥാപിച്ചത്. 1963ല്‍ നാഷനല്‍ കോ-ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോര്‍പറേഷനും (NCDC) രൂപവല്‍ക്കരിക്കപ്പെട്ടു. നാലാം പദ്ധതിക്കാലത്ത് ഷെയര്‍ മൂലധനത്തിനും മാനേജ്മെന്റ് സബ്സിഡികള്‍ക്കുമുള്ള വ്യവസ്ഥകളുണ്ടാക്കിക്കൊണ്ട് സഹകരണമേഖലക്ക് പ്രാമുഖ്യം നല്‍കി. 74-79ല്‍ 5ാം പദ്ധതിക്കാലത്ത് സഹകരണമേഖലയുടെ ഘടനാപരമായ പരിഷ്കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി. ആറാം പദ്ധതിക്കാലത്താണ് നബാര്‍ഡിന്റെ രൂപവല്‍ക്കരണം. എന്നാല്‍ 8 ാം പദ്ധതിക്കാലത്ത് സഹകരണ സ്ഥാപനങ്ങളെ സ്വാശ്രയത്തിലൂന്നിയതും സ്വയം നിയന്ത്രിതവും സ്വയം മേല്‍നോട്ടം വഹിക്കുന്നതുമായി മാറ്റിത്തീര്‍ക്കുകയായിരുന്നു സര്‍ക്കാര്‍. ചന്തക്കിണങ്ങിയ ചന്തം സഹകരണ മേഖലക്കും ആര്‍ജിക്കാനാവാണം എന്നായിരുന്നു ന്യായം. ചൗധരി ബ്രഹ്മപ്രകാശ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഈ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍ . തുടര്‍ന്ന് ഒമ്പതാം പദ്ധതിയിലെത്തുമ്പോള്‍ (1997-2002) പദ്ധതി രേഖകളില്‍ നിന്നുതന്നെ സഹകരണമേഖല അപ്രത്യക്ഷമാവുകയാണ്. പദ്ധതി നിര്‍വ്വഹണത്തില്‍ സഹകരണമേഖലയുടെ പങ്കിനെപ്പറ്റിയുള്ള പരാമര്‍ശം തന്നെ ഇല്ലാതാവുകയാണ്. അത്തരമൊരു കാലത്ത് നിയോഗിക്കപ്പെട്ട കപൂര്‍ കമ്മിറ്റിയാണ് സഹകരണസംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണം എന്നും അത് ലംഘിച്ചാല്‍ പിഴ ഈടാക്കണമെന്നും നിര്‍ദേശിച്ചത്.

സമാന്തരമായി നടന്ന ഒരു പ്രക്രിയയാണ് ലഘുവായ്പാപദ്ധതി (micro credit) യുടെ വ്യാപനം. ലഘുവായ്പകളിലും പിടിമുറുക്കുന്നു. 1992 ലാണ് ബാങ്കധിഷ്ഠിത സ്വയം സഹായസംഘങ്ങള്‍ക്ക് നബാര്‍ഡ് ധനസഹായം നല്‍കാന്‍ തുടങ്ങിയത്. ബംഗാളിലും കേരളത്തിലും ഈ പദ്ധതി ബഹുദൂരം മുന്നോട്ടു പോവുകയുണ്ടായി. പഞ്ചായത്തുകളുമായി ബന്ധിപ്പിച്ചുകാണ്ട് കേരളത്തില്‍ അതിന് ഒരു പുതിയ മാനം തന്നെ നല്‍കി ഇടതുപക്ഷ സര്‍ക്കാര്‍. എന്നാല്‍ ഇപ്പോള്‍ ആ മേഖല ഏതാണ്ട് പൂര്‍ണമായും കൈയ്യടക്കിയിരിക്കുന്നത് സ്വകാര്യമൂലധനമാണ്. നബാര്‍ഡ് തന്നെ പുറത്തുവിട്ട കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 2007-2008 കാലത്ത് മുന്‍വര്‍ഷത്തേതിനേക്കാള്‍ 71 ശതമാനം വര്‍ധനവാണ് ബാങ്കുകള്‍ ലഘുവായ്പാ സ്ഥാപനങ്ങള്‍ക്ക് (ങഎകട- ജോര്‍ജ് സോറോസിനെപ്പോലുള്ള വന്‍കിട നിക്ഷേപകരാജാക്കന്മാര്‍ പിടിമുറുക്കിക്കഴിഞ്ഞ കഴുത്തറുപ്പന്‍ കമ്പനികള്‍ക്ക്) കൊടുത്ത വായ്പയിലുണ്ടായത്. 2008-09 ആവുമ്പോള്‍ ഇത് 90% ആയും 2009-10 ല്‍ 116 ശതമാനമായും വര്‍ധിച്ചു. എന്നാല്‍ ഇതേ കാലഘട്ടത്തില്‍ ബാങ്കുകള്‍ സ്വയം സഹായസംഘങ്ങള്‍ക്ക് നല്‍കിയ വായ്പയിലുണ്ടായ വര്‍ധന യഥാക്രമം 11 ശതമാനം, 38 ശതമാനം, 18 ശതമാനം എന്നീ തോതിലായിരുന്നു. എന്നുവെച്ചാല്‍ വായ്പ അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് നല്‍കുന്നതിനുപകരം ചെറുകിട വായ്പാ മേഖലയില്‍ പിടിമുറുക്കിക്കഴിഞ്ഞ വമ്പന്മാര്‍ക്ക് കളിക്കാന്‍ വിട്ടുകൊടുക്കുകയായിരുന്നു എന്ന്!

ഈയൊരു സാഹചര്യത്തില്‍ വേണം സഹകരണമേഖലയിലെ പുതിയ ഭരണഘടനാ ഭേദഗതിയെയും ബാങ്കിങ്ങ്. റഗുലേഷന്‍ ആക്ട് ഭേദഗതിയെയും പുതിയ പരിഷ്കാരങ്ങളെ ആകെത്തന്നെയും നോക്കിക്കാണാന്‍. അതുവരെ ആദായനികുതിയില്‍നിന്ന് നെഹൃവിന്റെ കാലത്ത് ഒഴിവാക്കപ്പെട്ടിരുന്ന സഹകരണമേഖലയുടെ മേല്‍ 2007-08ല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചതും ഈയൊരു സാഹചര്യത്തിലാണ്. ഭരണഘടനാ ഭേദഗതി ഒറ്റനോട്ടത്തില്‍ ഭരണഘടനാ ഭേദഗതി സഹകരണമേഖലയെ ശക്തിപ്പെടുത്താനാണെന്നാണ് തോന്നുക. പാര്‍ട്ട് 3ല്‍ അനുഛേദം 19(1) സി യില്‍ "യൂനിയനുകള്‍" എന്നതിനോടൊപ്പം ""സഹകരണ സൊസൈറ്റികള്‍"" എന്നു കൂട്ടിച്ചേര്‍ക്കുന്നു എന്നതാണ് ഭരണഘടനാ ഭേദഗതികളില്‍ ഒന്ന്. അസോസിയേഷനുകളും യൂനിയനുകളും ഉണ്ടാക്കാനുള്ള അവകാശം പോലെ തന്നെ ഇനി സഹകരണ സ്ഥാപനങ്ങള്‍ ഉണ്ടാക്കാനും മൗലികാവകാശമാണ് ഒരു പൗരന് കിട്ടുക. എന്നുവെച്ചാല്‍ ആര്‍ക്കുവേണമെങ്കിലും സഹകരണസംഘം സ്ഥാപിക്കാം. ഇപ്പോള്‍ നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും കാരണം പോക്കറ്റ് സംഘം ഉണ്ടാക്കാനാവാതെ പോവുന്നവര്‍ക്കുള്ള ഒരു കൈത്താങ്ങ്. നിയന്ത്രണരഹിതമായ സര്‍വ്വതന്ത്ര സ്വതന്ത്രമായ കമ്പോള സൗഹൃദ സമീപനം! ഇതോടൊപ്പം പാര്‍ട്ട് 9എക്കുശേഷം പാര്‍ട്ട് 9ബി ആയി ഉള്‍പ്പെടുത്തുന്ന വളരെ ലളിതമെന്നു തോന്നിപ്പിക്കുന്ന ഭേദഗതി വഴി സഹകരണം എന്ന സംസ്ഥാനവിഷയത്തെ അപ്പടി റാഞ്ചിയെടുക്കുകയാണ് കേന്ദ്രം. പാര്‍ട്ട് ഒമ്പതിന്റെ പ്രതിപാദ്യവിഷയം പഞ്ചായത്തുകളാണ്. 9മ ആകട്ടെ, മുനിസിപ്പാലിറ്റി കളെക്കുറിച്ചാണ്. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പദവി സഹകരണത്തിന് നല്‍കുന്നു എന്ന തോന്നലാണുണ്ടാവുക. പക്ഷേ സംസ്ഥാന വിഷയം സ്വന്തം വരുതിയിലാക്കിക്കൊണ്ട് ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തുകയാണ് യഥാര്‍ഥത്തില്‍ ചെയ്തത്. ബക്ഷി അവസാനത്തെ ആണിയടിക്കുന്നു ഹ്രസ്വകാല സഹകരണ വായ്പാഘടനയെക്കുറിച്ച് പഠിക്കാന്‍ നിയുക്തമായ പ്രകാശ് ബക്ഷി സമര്‍പ്പിച്ച നിര്‍ദേശങ്ങളും ലക്ഷ്യമിടുന്നത് മറ്റൊന്നല്ല. അതിന്റെ ശുപാര്‍ശകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിയാല്‍ ഇത് ബോധ്യമാവും. അതില്‍ ഏറ്റവും പ്രധാനം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 93000ത്തിലേറെ പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉടനെ അടച്ചുപൂട്ടി അവയെ ജില്ലാ സഹകരണബാങ്കുകളുടെ ബിസിനസ് കരസ്പോണ്ടന്റുമാരാക്കി മാറ്റണം എന്നതാണ്. ജില്ലാബാങ്കിന്റെ കാര്യസ്ഥപ്പണിയാണ് ഇനിമേല്‍ പ്രാഥമിക സഹകരണസംഘങ്ങള്‍ ഏറ്റെടുക്കേണ്ടി വരിക. പ്രൈമറി സഹകരണസംഘങ്ങളുടെ അംഗങ്ങള്‍ നേരിട്ട് ജില്ലാസഹകരണബാങ്കിന്റെ അംഗങ്ങളായി മാറും. സ്വാഭാവികമായും നിക്ഷേപകര്‍ ജില്ലാബാങ്കിലെ നിക്ഷേപകരായി മാറും. കടക്കാരും ജില്ലാ ബാങ്കിനു കടപ്പെട്ടവരാകും. പ്രാഥമിക സഹകരണ ബാങ്കുകളെ ഇങ്ങനെ തകര്‍ത്തെറിയുന്നതിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കുക കേരളമായിരിക്കും. 25 സംസ്ഥാനങ്ങളില്‍ നിന്നായി ഇവ സമാഹരിച്ച നിക്ഷേപം 2011 മാര്‍ച്ച് 30 ന് 37,238 കോടിയാണ്. അതില്‍ 28210 കോടിയും കേരളം തമിഴ്നാട് കര്‍ണാടക സംസ്ഥാനത്തു നിന്നുമാണെന്ന് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട് സമ്മതിക്കുന്നുണ്ട്. അതില്‍ തന്നെ 21140 കോടി കേരളത്തില്‍ നിന്നു മാത്രമാണ്. എന്നു വെച്ചാല്‍ ഏതാണ്ട്് അറുപത് ശതമാനത്തോളം നിക്ഷേപം കേരളത്തില്‍ നിന്നാണ് എന്നര്‍ത്ഥം.

ഇന്ത്യയില്‍ സഹകരണ മേഖലയെ ഏറ്റവും ഫലപ്രദമായും ജനോപകാരപ്രദമായും പ്രവര്‍ത്തിപ്പിച്ചു പോരുന്ന സംസ്ഥാനമാണ് കേരളം എന്ന് കണക്കുകള്‍ തന്നെ തെളിയിക്കുന്നുണ്ട്. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയുടെ കേമത്തമായി പറയുന്നത് 5 വര്‍ഷം കൂടുമ്പോഴുള്ള തെരഞ്ഞെടുപ്പും പട്ടികജാതി-പട്ടിക വര്‍ഗത്തിനുള്ള പ്രാതിനിധ്യത്തിനുള്ള വ്യവസ്ഥകളുമാണ്. ഇക്കാര്യങ്ങളാകെ ഒരു ഭരണഘടനാ ഭേദഗതിയും ഇല്ലാതെ തന്നെ വളരെ നേരത്തെ നടപ്പാക്കിക്കഴിഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഇടതുപക്ഷത്തിനുള്ള വേരോട്ടം കാരണമാണ് ഈ മേഖല ജനപിന്തുണയാര്‍ജിച്ച് ഇങ്ങനെ ശക്തമായി നില്‍ക്കുന്നത്. അതിന്റെ കടക്കല്‍ കത്തി വെക്കാനുള്ള എളുപ്പവഴികളിലൊന്നാണ് സഹകരണ മേഖല തന്നെ തകര്‍ത്തെറിയല്‍. അതറിഞ്ഞു കൊണ്ടു തന്നെയാണ് പ്രാഥമിക വികസന ബാങ്കുകള്‍ എന്ന ഒരു ഗണത്തെത്തന്നെ ഇല്ലായ്മ ചെയ്യാനുള്ള തീരുമാനത്തിലേക്കെത്തുന്നത്.

ജില്ലാസഹകരണ ബാങ്കുകളില്‍ പലതും മൂലധന പര്യാപ്തതയില്ലാത്തതുകൊണ്ട് മറ്റു ജില്ലാബാങ്കുകളില്‍ ലയിപ്പിക്കേണ്ടതായിവരും എന്ന് ബക്ഷി കമ്മിറ്റി നിര്‍ദ്ദേശിക്കുന്നുണ്ട്. 370 ജില്ലാ ബാങ്കുകളില്‍ 60 എണ്ണം ഇങ്ങനെ മറ്റു ജില്ലാ ബാങ്കുകളില്‍ ലയിക്കേണ്ടി വരും. ഇവയില്‍ ചിലതിന് 4 ശതമാനം മൂലധന പര്യാപ്തതപോലും ഇല്ലാത്തതുകൊണ്ട് അവ 2013 മാര്‍ച്ചിനകം മൂലധനം കണ്ടെത്തുന്നില്ലെങ്കില്‍ റിസര്‍വ്വ് ബാങ്ക് നടപടി കൈക്കൊള്ളണം എന്നാണ് ശുപാര്‍ശ. മൂലധനം കണ്ടെത്താനുള്ള ഒരെളുപ്പവഴിയും ബക്ഷി കമ്മിറ്റി നിര്‍ദേശിക്കുന്നുണ്ട്. ഷെയര്‍ ലിങ്കേജ് വര്‍ധിപ്പിക്കുക. എന്നുവെച്ചാല്‍, വായ്പയെടുക്കുന്ന കര്‍ഷകരുടെമേല്‍ വായ്പക്കനുസരിച്ച് കൂടുതല്‍ ഷെയറുകള്‍ അടിച്ചേല്‍പ്പിക്കുക എന്നുതന്നെ അര്‍ത്ഥം.

ഗതികേടുകൊണ്ട് കടം വാങ്ങുന്നവരോട് ബാങ്കിന്റെ മൂലധന വര്‍ദ്ധനവിനായി നിക്ഷേപിക്കാന്‍ ആവശ്യപ്പടണം എന്ന്! ജില്ലാ സഹകരണബാങ്കുകള്‍ക്ക് ഈയിനത്തില്‍ 6500 കോടി രൂപ സമാഹരിക്കാനാവും എന്നാണ് കണ്ടെത്തല്‍. അല്ലാതെ തന്നെ പ്രതിസന്ധിയില്‍ പെട്ട് നട്ടം തിരിയുന്ന കര്‍ഷകരില്‍നിന്ന് 6500 കോടി അപഹരിക്കാനാണ് നിര്‍ദേശം. ചുരുക്കിപ്പറഞ്ഞാല്‍ ഗ്രാമീണ വായ്പാമേഖല കൂടി ഫൈനാന്‍സ് മൂലധനത്തിന്റെ നായാട്ടിനു വിട്ടുകൊടുക്കുന്നതിനാണ് പുതിയ പരിഷ്കാര നടപടികള്‍. വിനാശകരമായ ഫലങ്ങളാണ് ഇതുവഴി ഗ്രാമീണ വായ്പാ മേഖലയില്‍ ഉണ്ടാവുക. ബാങ്ക് ജീവനക്കാരുടെയോ സഹകരണ ബാങ്ക് ഭരണസമിതിയുടെയോ സഹകാരികളുടെയോ മാത്രം പ്രശ്നമല്ല ഇത്. ഇന്ത്യന്‍ ഗ്രാമീണ-കാര്‍ഷിക മേഖലയിലാകെ വിനാശം വിതയ്ക്കുന്ന ഈ നീക്കങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ ജനാധിപത്യ വിശ്വാസികളാകെ ഒന്നായി നില്‍ക്കേണ്ട ഒരു കാലമാണിത്.

*
എ കെ രമേശ് ദേശാഭിമാനി വാരിക

No comments: