Tuesday, June 11, 2013

ദാരിദ്ര്യം വിളയുന്ന ന്യൂയോര്‍ക്ക്

വാള്‍സ്ട്രീറ്റിലെ കോര്‍പറേറ്റ് വമ്പന്മാര്‍ കോടികള്‍ ലാഭംകൊയ്യുമ്പോഴും ലോക സാമ്പത്തിക തലസ്ഥാനമെന്ന ഖ്യാതിയുള്ളപ്പോഴും ലോകത്തില്‍ ഏറ്റവുമധികം സാമ്പത്തിക അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന വന്‍ നഗരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ന്യൂയോര്‍ക്ക് എന്ന് കമീഷന്‍ ഓണ്‍ എക്കണോമിക് ഓപ്പര്‍ച്യൂണിറ്റി (Commission on Economic Opportunity- CEO) നടത്തിയ പുതിയ പഠനം വെളിപ്പെടുത്തു. സിഇഒ നടത്തിയ ദാരിദ്ര്യ കണക്കെടുപ്പ് 2005-11 അനുസരിച്ച് 20 ശതമാനം ന്യൂയോര്‍ക്ക് നഗരവാസികളും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. നഗരവാസികളില്‍ ഭൂരിപക്ഷത്തിന്റെയും സാമ്പത്തികസ്ഥിതി തകര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ് സിഇഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

1960ലെ സെന്‍സസ് ബ്യൂറോ ഉണ്ടാക്കിയ ദാരിദ്ര്യരേഖ കണക്കാനുള്ള മാര്‍ഗങ്ങള്‍ ഇപ്പോള്‍ ഉപയോഗ്യശൂന്യമണെന്നും ദാരിദ്ര്യരേഖ തീരുമാനിക്കുന്ന ഫെഡറല്‍ ഫോര്‍മുല തെറ്റാണെന്നും സിഇഒ റിപ്പോര്‍ട്ട് പറയുന്നു. ജീവിതച്ചെലവും വീടിന്റെ വിലയുമൊക്കെ 1960ലെ നിലവാരം അനുസരിച്ച് താഴ്ത്തിയാണ് കാണിക്കുന്നത്. ദേശീയ സയന്‍സ് അക്കാദമിയുടെ നിര്‍ദേശപ്രകാരം സിഇഒ കമീഷന്‍ 1995ല്‍ ഉണ്ടാക്കിയ സൂചകങ്ങളാണ് ദാരിദ്ര്യരേഖ കണ്ടെത്താന്‍ ഉപയോഗിച്ചത്. ദേശീയ സയന്‍സ് അക്കാദമിയുടെ ദാരിദ്ര്യരേഖാ നിര്‍ണയ സൂചിക അമേരിക്കന്‍ ഭരണം വര്‍ഷങ്ങളായി അവഗണിക്കുകയാണ്.
സിഇഒയുടെ പുതിയ പഠനം തെളിയിക്കുന്നത് ന്യൂയോര്‍ക്ക് നഗരത്തിലെ ദാരിദ്ര്യനിരക്ക് അമേരിക്കന്‍ സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ രണ്ടുമുതല്‍ മൂന്നുവരെ പോയിന്റ് കൂടുതലാണ്. സിഇഒയുടെ നിര്‍ണയപ്രകാരം 2011ലെ ദാരിദ്ര്യരേഖ നാലംഗ (രണ്ട് മുതിന്നവരും, രണ്ടുകുട്ടികളും) കുടുംബത്തിന്റേത് 30,945 ഡോളര്‍വരെ വാര്‍ഷികവരുമാനം കണക്കാക്കുമ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കണക്കില്‍ 22,811 ഡോളര്‍ വാര്‍ഷിക വരുമാനംമാത്രമാണ്. സിഇഒ റിപ്പോര്‍ട്ട് അനുസരിച്ച് 20 ശതമാനം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയും മൊത്തം 46 ശതമാനം നഗരവാസികള്‍ ദാരിദ്ര്യരേഖയിലുമാണ് ജീവിക്കുന്നത്. ദാരിദ്ര്യരേഖയോട് 150 ശതമാനം കൂട്ടിയാല്‍ കിട്ടുന്ന 46, 416 ഡോളര്‍ എന്ന തുക വാര്‍ഷിക വരുമാനമായി ഉള്ള കുടുംബത്തെയാണ് ദാരിദ്ര്യരേഖയില്‍ ജീവിക്കുന്നവര്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഏതാണ്ട് പകുതിവരുന്ന ന്യൂയോര്‍ക്ക് നഗര നിവാസികളും ദാരിദ്ര്യരേഖയിലോ അതില്‍ താഴെയോ ആണ്.

സാമ്പത്തിക മാന്ദ്യകാലം കഴിഞ്ഞു- അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് മുക്തമായി- പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നൊക്കെയുള്ള സര്‍ക്കാരിന്റെ അവകാശവാദങ്ങളിലെ പൊള്ളത്തരത്തെയാണ് സിഇഒ റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നത്. നിലവിലുള്ള പല തൊഴിലുകള്‍ക്കും നല്‍കിക്കൊണ്ടിരിക്കുന്ന ശമ്പളം കുറച്ച്, പുതുതായി അല്‍പ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എങ്കിലും പുതിയ ജോലി കിട്ടിയവര്‍ക്ക് ഒന്നും തന്നെ പഴയതുപോലെയുള്ള ശമ്പളമോ ന്യൂയോര്‍ക്ക് നഗരത്തിലെ ജീവിതച്ചെലവിന് അനുസരിച്ചുള്ള വരുമാനമോ ലഭിക്കുന്നില്ല. അമേരിക്കന്‍ സര്‍ക്കാര്‍ ശമ്പളപട്ടികയിന്മേലുള്ള നികുതി നിര്‍ത്തുകയും ഭക്ഷ്യറേഷന്‍ ആനുകൂല്യം (ഫുഡ്സ്റ്റാമ്പ്) കൂട്ടുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ വസിക്കുന്നവരുടെ എണ്ണം 20നു പകരം 23.6 ശതമാനമാകുമായിരുന്നു. സാമൂഹികക്ഷേമ പദ്ധതികള്‍ പലതും നിര്‍ത്തിയതും കൂടുതല്‍ ആളുകള്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്നതും, താഴ്ന്ന ശമ്പള വേതന വ്യവസ്ഥകളുള്ളവരുടെ വാര്‍ഷിക ശമ്പളത്തില്‍ കുറവു വരുത്തുന്നതും ദരിദ്രരുടെ ജീവിതം തീരാദുരന്തമാക്കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഒബാമയുടെ 2009ലെ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ക്ക് ശേഷം ഫുഡ്സ്റ്റാമ്പ് ആനുകൂല്യങ്ങള്‍ കൂട്ടിയിട്ടില്ല എന്നുമാത്രമല്ല നവംബര്‍ 2013 ആവുമ്പോഴേക്കും ഫുഡ്സ്റ്റാമ്പ് ആനുകൂല്യങ്ങള്‍ 2009 മുമ്പുള്ള പഴയ നിലയിലേക്ക് മടങ്ങും. സാമ്പത്തിക ഉത്തേജക പാക്കേജുകളുടെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യങ്ങളായ ആദായ നികുതി ഇളവ് 2010ല്‍ അവസാനിച്ചു. തൊഴിലില്ലായ്മ വേതനം 99 ആഴ്ചയിലേക്ക് ദീര്‍ഘിപ്പിച്ചുനല്‍കിയത് 2012ല്‍ അതിന്റെ പഴയ രീതിയായ 6 മാസത്തിലേക്ക് തിരികെപോയി. ശമ്പള ബില്ലിന്മേലുള്ള നികുതി കുറച്ചതിന്റെ കാലാവധി 2012ല്‍ അവസാനിച്ചു. അമേരിക്കയിലെയും ന്യൂയോര്‍ക്കിലെയും അടിസ്ഥാന ശമ്പളം കൈപ്പറ്റുന്നവരെയാണ് ഇതൊക്കെ കൂടുതല്‍ ബാധിക്കുക.
ഫെഡറല്‍ സര്‍ക്കാരിന്റെ ചെലവു ചുരുക്കലിന്റെ ഭാഗമായി ഫണ്ടുകള്‍ വെട്ടിക്കുറച്ചു. 2013 മാര്‍ച്ച് 1ന് ആരംഭിച്ച ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പല പദ്ധതികളിലുമാണ് ഇവിടെയും വെട്ടിച്ചുരുക്കുന്നതും നിര്‍ത്തലാക്കുന്നതും. ബജറ്റും നയങ്ങളുടെയും മുന്‍ഗണന കണക്കാക്കുന്ന കേന്ദ്രം പറയുന്നത് 5,75,000 മുതല്‍ 7,50,000 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഡബ്ല്യുഐസി (The Special Supplemental Nutrition Program for Women, Infants, and Children)  ആനുകൂല്യങ്ങള്‍ ഈ സാമ്പത്തികവര്‍ഷാവസാനത്തോടെ നഷ്ടമാകും എന്നാണ്. ഭവനരഹിതര്‍ക്ക് നല്‍കുന്ന ഫണ്ടുകളും അവര്‍ക്കായുള്ള പദ്ധതികളും ഫെഡറല്‍ സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയം സെനറ്റ് പാസാക്കിയതോടൂകൂടി വലിയതോതില്‍ ഇല്ലാതാകും. ന്യൂയോര്‍ക്ക് നഗരത്തിലെ ഭവനരഹിതര്‍ക്കുള്ള പദ്ധതികളുടെ നട്ടെല്ലാണ് ഇതോടെ തകരുന്നത്. ഇങ്ങനെ ദരിദ്രര്‍ക്കുള്ള നിരവധി പദ്ധതികളും സാമ്പത്തിക സഹായങ്ങളും ഇല്ലാതാകുന്നതോടെ ന്യൂയോര്‍ക്ക് നഗരത്തിലും അമേരിക്കയില്‍ മൊത്തത്തിലും ദരിദ്രരുടെ എണ്ണം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കും.

ദാരിദ്ര്യം കുറയ്ക്കാനും ദരിദ്രരുടെ സാമ്പത്തിക ഉന്നമനത്തിനുമായി സിറ്റി മേയര്‍ മൈക്കിള്‍ ബ്ലൂംബര്‍ഗ് മുന്‍കൈ എടുത്ത് സ്ഥാപിച്ച കമീഷന്‍ ഓണ്‍ എകണോമിക് ഓപ്പര്‍ച്യൂണിറ്റി (സിഇഒ) അദ്ദേഹം നഗരസഭാ അധ്യക്ഷ്യസ്ഥാനത്തുനിന്ന് വിരമിക്കുന്ന വര്‍ഷം ഇതിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. നഗര തൊഴില്‍ സംരക്ഷണ പദ്ധതി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഇതിനെതിരെ നഗരത്തിലെ സ്കൂള്‍ ബസ് തൊഴിലാളികള്‍ നടത്തിയ സമരം പരാജയപ്പെട്ടു. ബില്യണെയര്‍ മേയറുടെ സിഇഒ കമീഷന്‍ പറയുന്നത് അനുസരിച്ച് ദാരിദ്ര്യരേഖയ്ക്ക് കഷ്ടിച്ച് മുകളില്‍ എത്തുന്ന 35,000 ഡോളര്‍ ആണ് സ്കൂള്‍ ബസ് തൊഴിലാളിയുടെ ശരാശരി വാര്‍ഷിക വരുമാനം. നഗരസഭ തൊഴില്‍ സംരക്ഷണം അവസാനിപ്പിക്കുന്നതോടൂകൂടി ബസ് ഉടമകള്‍ 7.5 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുകയും ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങളില്‍ കുറവും വരുത്തിയിട്ടുണ്ട്. ഇങ്ങനെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ കഷ്ടിച്ച് കടന്നുകൂടിയിരിക്കുന്ന ഒരുകൂട്ടം തൊഴിലാളികളെക്കൂടിയാണ് നഗരസഭ തൊഴില്‍ സംരക്ഷണം നിര്‍ത്തുകവഴി നിത്യദാരിദ്രത്തിലേക്ക് തള്ളുക.

*
റജി പി ജോര്‍ജ്

1 comment:

മുക്കുവന്‍ said...

who ever wrote this does not have any idea about us.

1. if you are plumber ready to work, you get $40/per hour
2. if you are electrician ready to work, he gets $75/hour
3. if you are a barber, he gets $15 per head...
4. automechanic get around $40 per hour.

If you dont work and keep waiting for govt fund, you are going to starve.. there is no money for holding party flags :)


in a short, if you have good health and ready to do some work.. you live very happily in USA. the food expense is so cheap.. 1kg Chicken is only $1.20, 5Kg rice is only $15.


medical expense is high( sky high) you cant afford to manage this.. but if you have an emergency, no hospital can deny your service due to money.