Monday, June 3, 2013

വില്‍ക്കരുത് വിദ്യാഭ്യാസത്തെ തകര്‍ക്കരുത് നേട്ടങ്ങളെ

കേരളത്തിലെ വിദ്യാലയങ്ങള്‍ പുതിയൊരു അധ്യയനവര്‍ഷത്തെ വരവേല്‍ക്കുകയാണ്. ഒട്ടേറെ പ്രതീക്ഷകളും സ്വപ്നങ്ങളും പേറിയാണ് ഓരോ വിദ്യാര്‍ഥിയും വിദ്യാലയങ്ങളിലേക്ക് കടന്നുചെല്ലുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിദ്യാഭ്യാസരംഗം ഏറെ മുന്‍പന്തിയിലാണ്. ഇത്രയും വിപുലവും ശക്തവുമായ വിദ്യാഭ്യാസരംഗം ഇന്ത്യയില്‍ മറ്റൊരിടത്തും കാണാനാകില്ല. കേരളത്തിന്റെ ജനകീയ വിദ്യാഭ്യാസപാരമ്പര്യം ലോകത്തിനുതന്നെ മാതൃകയാണ്. പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങളും സാമൂഹിക പരിഷ്കരണമുന്നേറ്റങ്ങളുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായത്.

2006-11ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയ്ക്ക് പുതിയ ദിശാബോധം പകര്‍ന്നു. എന്നാല്‍, വിദ്യാഭ്യാസരംഗത്ത് കേരളം ആര്‍ജിച്ച എല്ലാ നേട്ടങ്ങളെയും ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. എപ്പോഴൊക്കെ യുഡിഎഫ് അധികാരത്തില്‍ എത്തിയിട്ടുണ്ടോ അപ്പോഴെല്ലാം വിദ്യാഭ്യാസമേഖല കലുഷമായിരുന്നു. മുതല്‍മുടക്കാന്‍ താല്‍പ്പര്യമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും കോര്‍പറേറ്റുകളെയും വിദ്യാഭ്യാസമേഖലയിലേക്ക് ക്ഷണിച്ച്, അധികാരത്തില്‍ വന്ന ഉടന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നടത്തിയ പ്രഖ്യാപനം കച്ചവടശക്തികള്‍ക്ക് ആവേശവും വിദ്യാഭ്യാസസ്നേഹികള്‍ക്ക് ആശങ്കയും പകരുന്നതായിരുന്നു. പൊതുവിദ്യാഭ്യാസമേഖലമുതല്‍ ഉന്നതവിദ്യാഭ്യാസരംഗംവരെ കച്ചവടവല്‍ക്കരിക്കാനും അതുവഴി സാധാരണക്കാരന്റെ മക്കളെ അവിടങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താനുമുള്ള ശ്രമമാണ് യുഡിഎഫിന്റേത്. പ്രതിഭാധനരായ നിരവധിപേരെ സംഭാവനചെയ്യാന്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ഹരിത വി കുമാറിന്റെ വിജയം പൊതുവിദ്യാഭ്യാസത്തിന്റെ വിജയംകൂടിയാണ്. കഴിഞ്ഞ നാലുവര്‍ഷത്തെ കണക്കുകള്‍ പറയുന്നത്, 32,531 വിദ്യാര്‍ഥികള്‍ സിബിഎസ്ഇ വിദ്യാലയങ്ങളില്‍നിന്ന് പൊതുവിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവന്നു എന്നാണ്. കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാര്‍ പൊതുവിദ്യാഭ്യാസരംഗത്ത് നടത്തിയ ഇടപെടലുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍, ഇന്ന് പൊതുവിദ്യാഭ്യാസത്തെ തകര്‍ത്ത് അണ്‍ എയ്ഡഡ് മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ്.

യുഡിഎഫ് അധികാരത്തില്‍ വന്ന ആദ്യവര്‍ഷം 378 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കാണ് അനുമതി നല്‍കിയത്. 120 സ്കൂളിനുകൂടി അംഗീകാരം നല്‍കാനുള്ള നീക്കം നടക്കുന്നു. അടിസ്ഥാനസൗകര്യങ്ങളും യോഗ്യരായ അധ്യാപകരുമില്ലാതെ സംസ്ഥാനത്ത് ഏതാണ്ട് 2400 സിബിഎസ്ഇ സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഈ സ്കൂളുകള്‍ക്കുകൂടി അംഗീകാരം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ വ്യാപകമായി എന്‍ഒസി നല്‍കുന്നത്്. പൊതുവിദ്യാലയങ്ങളെ തകര്‍ക്കാനും പാവപ്പെട്ട വിദ്യാര്‍ഥികളെ പാടെ അവഗണിക്കാനുമുള്ള സര്‍ക്കാര്‍നയമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെയാണ് പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നത്. സ്കൂളുകളിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ പൂര്‍ത്തിയാക്കിയിട്ടില്ല. പാഠപുസ്തകങ്ങള്‍ എപ്പോള്‍ ലഭ്യമാക്കുമെന്നതിനെക്കുറിച്ച് സര്‍ക്കാരിന് ധാരണയില്ല. പാവപ്പെട്ട ആദിവാസിവിദ്യാര്‍ഥികള്‍ പഠിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുകവഴി തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് സര്‍ക്കാര്‍ തെളിയിച്ചു. നായനാര്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച, ഉത്സവകാലത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന അരിവിതരണം, കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രപോഷകാഹാരപദ്ധതി, കായികാരോഗ്യപദ്ധതി എന്നിവ അപ്പാടെ തകിടംമറിച്ചു. ഏറെ ചര്‍ച്ചചെയ്യപ്പെട്ട കേരളത്തിലെ പാഠ്യപദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. വിദ്യാഭ്യാസ അവകാശനിയമം പൊതുവിദ്യാഭ്യാസമേഖലയെ ദോഷമായി ബാധിക്കുന്ന രീതിയിലാണ് നടപ്പാക്കുന്നത്. പ്ലസ്വണ്‍ പ്രവേശനത്തില്‍, സിബിഎസ്ഇ സ്കൂളുകള്‍ സ്വന്തംനിലയ്ക്ക് നടത്തുന്ന പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കടന്നുവരാന്‍ സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുക്കുകയാണ്. ഈ നയം പൊതുവിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണ്. യുഡിഎഫിന്റെ ഈ നയമാണ് പട്ടാമ്പിയിലെ രേഷ്മ എന്ന വിദ്യാര്‍ഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. ഏകജാലക സംവിധാനം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

വലിയ ഫീസ് വര്‍ധനയാണ് എല്ലാ മേഖലയിലും. പ്ലസ്വണ്ണിന്റേതുള്‍പ്പെടെ മുഴുവന്‍ അപേക്ഷയുടെയും ഫീസ് ഇരട്ടിയിലധികം വര്‍ധിപ്പിച്ചു. ഹയര്‍ സെക്കന്‍ഡറി, കോളേജ് ഫീസുകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യമുണ്ടായി. വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെതുടര്‍ന്നാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ ഭീമമായ ഫീസ് വര്‍ധന ഒഴിവാക്കിയത്. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങളുടെമേല്‍ യുഡിഎഫ് സര്‍ക്കാര്‍ കൈകടത്തുകയാണ്. കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലേക്ക് മുസ്ലിംലീഗിന്റെ പ്രാദേശികനേതാവിനെ തീരുമാനിക്കുകവഴി വിദ്യാഭ്യാസത്തോടുള്ള വികലമായ കാഴ്ചപ്പാടാണ് ലീഗ് തെളിയിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി തീരുമാനിച്ചത്, കാസര്‍കോട് ഡിസിസി സെക്രട്ടറി ഖാദര്‍ മാങ്ങാടിനെയാണ്. ചരിത്രത്തിലാദ്യമായാണ് ഒരു രാഷ്ട്രീയനേതാവിനെ വൈസ് ചാന്‍സലറായി നിയമിക്കുന്നത്. വൈസ് ചാന്‍സലറുടെയും പ്രോ. വൈസ് ചാന്‍സലറുടെയും നിയമനങ്ങള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ വീതംവയ്ക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഗത്ഭരായവരെയാണ് സര്‍വകലാശാലകളുടെ തലപ്പത്ത് കൊണ്ടുവന്നതെങ്കില്‍, ഇന്ന് താരതമ്യംചെയ്യാന്‍പോലും ആകാത്തരീതിയില്‍ നിലവാരത്തകര്‍ച്ചയാണ്. തമ്മിലടിമൂലം കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറെ നിയമിക്കാനാകുന്നില്ല. കലിക്കറ്റ് സര്‍വകലാശാലയില്‍ അക്കാദമിക്വിരുദ്ധവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനം അതിരുകടന്നു. വിദ്യാഭ്യാസമേഖല ലീഗ് ഏറ്റെടുത്തതോടെ അക്കാദമിക്മൂല്യങ്ങള്‍ പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. വിദ്യാഭ്യാസവകുപ്പുകളുടെ തലപ്പത്ത് ലീഗിന്റെ നോമിനികളാണ് നിലവിലുള്ളത്. രാജ്യവ്യാപകമായി അറിയപ്പെട്ട ഐടി അറ്റ് സ്കൂളിന്റെ പ്രവര്‍ത്തനം തകിടംമറിച്ചു. മുസ്ലിംലീഗിന്റെ പഞ്ചായത്തുകമ്മിറ്റി ഭാരവാഹിയെയാണ് ഇതിന്റെ ഡയറക്ടറായി തീരുമാനിച്ചത്. കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും. ഭരണപരവും സാമ്പത്തികവും അക്കാദമികവുമായ സ്വയംഭരണം കോളേജുകള്‍ക്ക് നല്‍കുകവഴി സമ്പൂര്‍ണകച്ചവടത്തിനാണ് വേദിയൊരുങ്ങുന്നത്.

യുഡിഎഫ് അധികാരത്തില്‍ വന്ന ഘട്ടത്തിലെല്ലാം സ്വയംഭരണ കോളേജുകള്‍ക്കുവേണ്ടി ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഫീസ് പിരിക്കാനും പരീക്ഷ നടത്താനും മൂല്യനിര്‍ണയം നടത്താനും സിലബസ് തീരുമാനിക്കാനും കോളേജുകള്‍ക്ക് അധികാരം നല്‍കുകവഴി അനാരോഗ്യകരമായ പ്രവണതകള്‍ക്ക് തുടക്കമാകും. പാവപ്പെട്ടവന്‍ ഇത്തരം കോളേജുകളില്‍നിന്ന് പുറത്താകും. സിലബസുകള്‍ കോളേജുകള്‍ തീരുമാനിക്കുകവഴി മതനിരപേക്ഷ കാഴ്ചപ്പാടും പുരോഗമനചിന്തകളും ഇല്ലാതാകും. നഗ്നമായ ജനാധിപത്യലംഘനമാണ് ഇവിടങ്ങളില്‍ നടക്കാന്‍ പോകുന്നത്. സ്വാശ്രയ വിദ്യാഭ്യാസരംഗം യുഡിഎഫ് സര്‍ക്കാര്‍ വരേണ്യവല്‍കരിക്കുകയാണ്. സംസ്ഥാനത്തെ 21 എന്‍ജിനിയറിങ് കോളേജുകള്‍ക്ക് നിലവാരമില്ലെന്നാണ് 2012 ജൂലൈയില്‍ കേരള ഹൈക്കോടതി പറഞ്ഞത്. ഈ കോളേജുകള്‍ പൂട്ടണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രവേശനത്തിലും ഫീസ് നിര്‍ണയത്തിലും ഇടപെടുന്ന മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ നട്ടെല്ലില്ലാത്തവരായി യുഡിഎഫ് സര്‍ക്കാര്‍ മാറി.

സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെയും ഐഎച്ച്ആര്‍ഡി കോളേജുകളിലെയും ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ മാനേജ്മെന്റ് ക്വോട്ടയിലെ 35 ശതമാനം സീറ്റിലേക്ക് നടത്തിയ പ്രവേശനപരീക്ഷ പ്രഹസനമായി. ചോദ്യപേപ്പര്‍ മുന്‍കൂട്ടി വിദ്യാര്‍ഥികള്‍ക്ക് നല്‍കി. 37 മുതല്‍ 70 ലക്ഷം രൂപവരെയാണ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയത്. ഈ വര്‍ഷം കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 50 സീറ്റ് വെട്ടിക്കുറച്ചു. സര്‍ക്കാര്‍ഫീസില്‍ പഠിക്കേണ്ട 50 വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെട്ടത് വളരെ ഗൗരവമേറിയതാണ്.കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതിനുപിന്നില്‍.

കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ ചരിത്രം പോരാട്ടങ്ങളുടേതുകൂടിയാണ്. നവോത്ഥാന നായകരും കമ്യൂണിസ്റ്റ് നേതാക്കളും നടത്തിയ ഇടപെടലുകളിലൂടെയാണ് നമ്മുടെ വിദ്യാഭ്യാസമേഖല വളര്‍ന്നതും വികസിച്ചതും. അതിന്റെ സമ്പൂര്‍ണമായ തകര്‍ച്ചയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ല. പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടതും ഉന്നതവിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതിയും മെറിറ്റും ഉറപ്പുവരുത്തേണ്ടതും നമ്മുടെ കടമയാണ്. ചരിത്രപരമായ ആ ദൗത്യം ഏറ്റെടുത്ത് കേരളീയ വിദ്യാഭ്യാസരംഗത്തെ നന്മകള്‍ സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസക്കച്ചവടത്തിനെതിരായ പോരാട്ടങ്ങളില്‍ നമുക്ക് അണിനിരക്കാം.

*
ടി പി ബിനീഷ് (എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍) ദേശാഭിമാനി

1 comment:

മുക്കുവന്‍ said...

could you tell me a govt college which passes all the rules?