Tuesday, June 25, 2013

മറക്കുട നീക്കിയ കനലോര്‍മകള്‍

ഓര്‍മകള്‍ക്ക് ഇപ്പോഴും അതേ പച്ചപ്പ്. നാടകമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഉള്ളില്‍ ഒരിത്... നാടകത്തോടുള്ള സ്നേഹത്തെ വിശേഷിപ്പിക്കാന്‍ ചിലപ്പോള്‍ വാക്കുകളും അശക്തം...

ആടുക പാടുക സാഭിമാനം

കാലിയെപ്പോലെയടിമയായി

കാലം കഴിക്കാതിരിക്കുവാനായ്

ജാലിയംവാലിയില്‍ ചിന്തിയ

ചെഞ്ചോര ചാലില്‍

കിളിര്‍ത്തതാണിപ്പുലരി....

1947- ആഗസ്ത് 14. ആ രാത്രി അവര്‍ ആരും ഉറങ്ങിയില്ല. പിറ്റേന്നത്തെ പ്രഭാതം ആവേശമാര്‍ന്ന ഗാനത്താല്‍ മുഖരിതമാക്കാന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒത്തൊരുമിച്ചിരുന്നു. എം എസ് നമ്പൂതിരി എഴുതിയ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി അവര്‍ കൈയും മെയ്യും മറന്ന് പാടി....ആടുക പാടുക സാഭിമാനം..ഇക്കൂട്ടത്തിനിടയില്‍ മെലിഞ്ഞ് കൊലുന്നനെ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. മറക്കുടയില്ലാതെ നമ്പൂതിരി സമുദായത്തില്‍ നിന്ന് ഇറങ്ങി വന്ന് ചേറിന്റെ മണവുള്ളവര്‍ക്കൊപ്പം മുന്നോട്ട് നടന്നവള്‍... 86 വയസ്സ് പിന്നിടുമ്പോഴും ഇടറിയ ശബ്ദത്തില്‍ ഈ ഗാനം ആലപിക്കുമ്പോള്‍ ശ്രീദേവി കണ്ണമ്പിള്ളിക്ക് അന്നത്തെ അതേ പ്രസരിപ്പ്.

1946ല്‍ അരങ്ങിലെത്തിയ ആദ്യ സ്ത്രീനാടകം "തൊഴില്‍കേന്ദ്രത്തിലേക്ക്" എന്ന നാടകത്തില്‍ അഭിനയിച്ച എട്ടുപേരില്‍ രണ്ട് പേര്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുള്ളൂ. ശ്രീദേവി കണ്ണമ്പിള്ളിയും 81 കഴിഞ്ഞ ഷൊര്‍ണൂര്‍ കവളപ്പാറ കാവുങ്കര ഭാര്‍ഗവിയും. അമരത്താട്ടമ്മയും ദേവസേനയുമെല്ലാം ഒളിമങ്ങാതെ ഓര്‍മകളില്‍ ഇപ്പോഴും ജ്വലിച്ചുയരുകയാണ്. ""അക്കാലമൊന്നും അത്ര പെട്ടെന്ന് മറക്കാന്‍ പറ്റില്ല. നാടകം കളിക്കാന്‍ പോണതന്നെ മോശാന്നാ പറയാ. പക്ഷേ, വീട്ടില് എല്ലാര്‍ക്കും ഇതൊക്കെ വല്യ കാര്യാര്‍ന്നു. ഏട്ടനാണെങ്കി സദാ സമയോം നാടകോം സാമൂഹ്യപ്രവര്‍ത്തനോം ആയി നടക്കല്ലേ... കുഞ്ചുണ്ണി നമ്പൂതിരിപ്പാട് എന്നാണ് ശരിക്കും പേരെങ്കിലും പരിയാനമ്പറ്റ എന്ന് പറഞ്ഞാലേ ആരും ഏട്ടനെ അറിയുള്ളൂ. ഏട്ടന്റെ കൂടെയായതിനാല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഉണ്ടായില്ല...""

ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മൂത്ത സഹോദരി സാവിത്രി അന്തര്‍ജനത്തിന്റെ മകളാണ് ശ്രീദേവി കണ്ണമ്പിള്ളി. 1944 ഓങ്ങല്ലൂര്‍ യോഗക്ഷേമസഭാഭസമ്മേളനത്തില്‍ അന്തര്‍ജനങ്ങള്‍ തൊഴിലെടുത്ത് സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ആശയം രൂപം കൊണ്ടു. ലക്കിടി ചെറമംഗലം മനയില്‍ സ്ഥാപിതമായ സ്ത്രീകളുടെ കമ്യൂണായിരുന്നു തൊഴില്‍കേന്ദ്രം. അവിടെ നൂല്‍നൂറ്റും തുന്നല്‍പ്പണികള്‍ ചെയ്തും ജീവിതത്തിന് പുത്തനര്‍ഥങ്ങള്‍ സമ്പാദിച്ചു. ഇവിടെ താമസിക്കുന്നവരെല്ലാം ഓരോ ഇല്ലങ്ങളിലെയും ഇരുട്ടുമൂടിയ കഥകളില്‍നിന്ന് നൂഴ്ന്നിറങ്ങി വന്നവര്‍. ഓരോരുത്തര്‍ക്കും ഒരോരോ കഥകള്‍ ഉള്ളവര്‍. ആയിടയ്ക്കാണ് തൊഴില്‍കേന്ദ്രത്തിലെ അന്തേവാസിയായ കാവുങ്കര ഭാര്‍ഗവി പുതിയ ആശയം മുന്നോട്ട് വച്ചത്. നമ്മുടെയെല്ലാം ജീവിതം ഒരു നാടകമായി അവതരിപ്പിച്ചുകൂടേ.... ഒടുവില്‍ നാടകത്തിന്റെ റിഹേഴ്സല്‍ ആരംഭിച്ചു. അങ്ങനെ തൊഴില്‍കേന്ദ്രത്തിലേക്ക് എന്ന നാടകം അരങ്ങിലെത്തി. തളിയില്‍ ഉമാദേവി, ഇ എസ് സരസ്വതി, ആലമ്പിള്ളി ഉമ, എം സാവിത്രി, പി പ്രിയദത്ത, വി എന്‍ ദേവസേന, ഭാര്‍ഗവി എന്നിവരോടൊപ്പം ശ്രീദേവി കണ്ണമ്പിള്ളിയും അരങ്ങിലെത്തി. ദേവകി, ദേവസേന, പാര്‍വതി, അമരത്താട്ടമ്മ, സാവിത്രി, ശ്രീദേവി എന്നീ സ്ത്രീ കഥാപാത്രങ്ങളോടൊപ്പം അപ്ഫന്‍, വക്കീല്‍ എന്നീ പുരുഷകഥാപാത്രങ്ങളെയും സ്ത്രീകള്‍ തന്നെ അവതരിപ്പിച്ചു.

1947 ഡിസംബറില്‍ തൃശൂര്‍ ചേര്‍പ്പ് സ്കൂളില്‍ നാടകം അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ ആരൊക്കെയോ വന്ന് സമ്മാനങ്ങള്‍ തന്നു. ചെറുകാടിന്റെ നമ്മളൊന്ന്, പിന്നെ... മനുഷ്യഹൃദയങ്ങള്‍, അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ഇങ്ങനെ കൊറേ നാടകങ്ങളില് അഭിനയിച്ചു. ""ഇതിന്റെ എടേല് തൃശൂരില്‍ ബന്ധുക്കാര്ടെ വീട്ടില്‍നിന്ന് തുന്നല് കൂടുതല്‍ പഠിച്ചു. തിരിച്ച് ആറങ്ങോട്ട്കരയില്‍ വന്ന് ഒരു തുന്നല്‍ക്കടയില്‍ തുന്നാന്‍ പോയി. അത് അക്കാലത്ത് വലിയ വിവാദായി. പെങ്കുട്ട്യോള് റോഡരികില് തുന്നല്‍ക്കട നടത്താന്‍ പാടോന്നായിരുന്നു ചിലര്‍ടെ തലവേദന. നാല് വരിയിട്ട് തുന്ന്യാല്‍ അഞ്ചണ കിട്ടും. അതൊന്നും ഇപ്പറയണ സദാചാരക്കാര്‍ക്ക് അറിയേണ്ടല്ലോ....""-തൊഴില്‍ കേന്ദ്രത്തില്‍നിന്ന് തുന്നല്‍ പഠിച്ചെടുത്ത് അത് വരുമാന മാര്‍ഗമാക്കാനും ശ്രീദേവി കണ്ണമ്പിള്ളിക്കായി. 25-ാ മത്തെ വയസ്സില്‍ ഏറ്റുമാനൂര്‍ കണ്ണമ്പിള്ളി ഇല്ലത്തെ കൃഷ്ണന്‍ നമ്പൂതിരിയെ വേളികഴിച്ചു. "അന്നൊക്കെ കോഴിക്കോട് ആകാശവാണിയില്‍ നാടകം അവതരിപ്പിക്കാന്‍ പോകും. കുട്ട്യോളേം ഒക്കത്ത് വച്ചാ യാത്ര... അക്കിത്തം, എന്‍എന്‍ കക്കാട് എന്നിവരൊക്കെയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ആകാശവാണീന്ന് യാത്രാക്കൂലി കിട്ടും. അല്ലാതൊന്നൂല്ല്യ. എന്നാലും പണത്തിന് വേണ്ടിയല്ല ഞങ്ങളൊക്കെ നാടകം ചെയ്തത്.

ഇല്ലത്ത് കഷ്ടപ്പാടില്ലാതില്ല. നാടകംന്ന് വെച്ചാലുള്ള ഒരു കമ്പം. അതന്നെ കാരണം...""കൊറച്ച് രാഷ്ട്രീയത്തില്‍ക്കും ഇറങ്ങി. തിരുമിറ്റക്കോട് പഞ്ചായത്തിലെ ആദ്യത്തെ വനിതാ പഞ്ചായത്ത് മെമ്പറായിരുന്നു. പാലക്കാട് ജില്ലാ വികസനസമിതിയംഗമായും പ്രവര്‍ത്തിച്ചു."" 55-ാം വയസ്സിലാണ് അവസാനമായി അരങ്ങിലെത്തിയത്. ചെറുകാടിന്റെ നമ്മളൊന്ന് എന്ന നാടകത്തില്‍. ""അന്ന് നാടകം കാണാന്‍ വീട്ടില്‍നിന്ന് എല്ലാരും വന്നു. ഒടുക്കം നാടകത്തില്‍ മടലുകൊണ്ട് എന്നെ എറിയണ രംഗം ഉണ്ടായിരുന്നു. അത് കണ്ടിട്ട് പേരക്കുട്ടി അഭിജിത്ത് ഉറക്കെ കരഞ്ഞു. ന്റമ്മമ്മേ വെട്ടിക്കൊല്ലണേന്ന് പറഞ്ഞ്.....ന്നാലും നാടകത്തില് അഭിനയിക്കണ ഒരിത് സിനിമയിലില്ലല്ലോ.."" ഓര്‍മകള്‍ക്ക് ഇപ്പോഴും അതേ പച്ചപ്പ്. നാടകമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഉള്ളില്‍ ഒരിത്... നാടകത്തോടുള്ള സ്നേഹത്തെ വിശേഷിപ്പിക്കാന്‍ ചിലപ്പോള്‍ വാക്കുകളും അശക്തം... പുരുഷോത്തമന്‍, ഭാസ്കരന്‍, പരേതനായ ശങ്കരനാരായണന്‍, പുലരി എന്നിവര്‍ മക്കളാണ്. ഇപ്പോള്‍ പാലക്കാട് പറളി മാടമ്പി ഇല്ലത്ത് മകള്‍ പുലരിക്കും മരുമകന്‍ എം ശങ്കരനും ഒപ്പം താമസം.

*
ജിഷ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: