Thursday, June 13, 2013

അയോധ്യ ഗുജറാത്തിന് വഴിമാറുമ്പോള്‍

അയോധ്യയില്‍നിന്ന് ഗോധ്രയിലേക്ക് ഒരു ദശാബ്ദത്തിന്റെ അകലമുണ്ട്. പക്ഷേ, ബിജെപി എന്ന രാഷ്ട്രീയപാര്‍ടിയില്‍ അവയുണ്ടാക്കിയ മാറ്റം വളരെ വലുതാണ്. 1984ലെ രണ്ടുസീറ്റില്‍നിന്ന് 1998ലെ 182 സീറ്റിലേക്ക് ബിജെപിയെ കൊണ്ടെത്തിച്ചത് അയോധ്യപ്രസ്ഥാനമായിരുന്നു. സരയൂ നദിക്കരയിലെ അയോധ്യയില്‍ ബാബറി മസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് രാമായണകഥയിലെ ശ്രീരാമന്‍ ജനിച്ചതെന്ന് പറഞ്ഞായിരുന്നു അയോധ്യ പ്രസ്ഥാനത്തിന്റെ തുടക്കം. അതിന്റെ പ്രധാന തന്ത്രജ്ഞന്‍ ലാല്‍കൃഷ്ണ അദ്വാനിയെന്ന എല്‍ കെ അദ്വാനിയായിരുന്നു.

ബൊഫോഴ്സ് അഴിമതിക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍വന്ന വി പി സിങ് സര്‍ക്കാര്‍ മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് അതിനെ ചെറുക്കാന്‍ അദ്വാനി രഥയാത്രയുമായി രംഗത്തെത്തിയത്. അയോധ്യ പ്രസ്ഥാനത്തിലൂടെ വളര്‍ത്തിയെടുത്ത ഹൈന്ദവ ഐക്യത്തെ തകര്‍ക്കുന്നതാണ് മണ്ഡല്‍ കമീഷന്‍ എന്ന് അദ്വാനി തിരിച്ചറിഞ്ഞു. ജാതിയുടെപേരിലുള്ള സംഘര്‍ഷം ഹൈന്ദവ ഐക്യത്തെ തകര്‍ക്കുന്നത് തടയാനും "കപട മതേതരവാദികളെ തുറന്നുകാട്ടാനും ഹൈന്ദവ ദേശീയത വളര്‍ത്താനും" ലക്ഷ്യമിട്ടാണ് അദ്ദേഹം രഥയാത്ര ആരംഭിച്ചത്.

ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്ന് 1990 സെപ്തംബര്‍ 25 നാണ് രഥയാത്ര ആരംഭിച്ചത്. നരേന്ദ്രമോഡിയായിരുന്നു അന്ന് അദ്വാനിയുടെ സഹായി. അദ്വാനിയുടെ ഭാഷയില്‍ ഡല്‍ഹിയിലെ രാജശക്തിയെ (ഭരണത്തെ) ലോകശക്തികൊണ്ട് (ജനശക്തി) വെല്ലുവിളിച്ച യാത്ര. രഥയാത്ര പോയിടത്തൊക്കെ വര്‍ഗീയകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 1990 ഒക്ടോബര്‍ 23ന് ലാലുപ്രസാദ് യാദവ് സമസ്തീപുരില്‍ രഥയാത്ര തടഞ്ഞതോടെയാണ് വി പി സിങ് സര്‍ക്കാര്‍ നിലം പൊത്തിയത്. രഥയാത്ര ഉണ്ടാക്കിയ വര്‍ഗീയധ്രുവീകരണം ബിജെപിയെ പ്രധാന രാഷ്ട്രീയകക്ഷിയായി വളര്‍ത്തി. തുടര്‍ന്ന് നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും മറ്റും ബിജെപിയുടെ സര്‍ക്കാരുകള്‍ അധികാരത്തില്‍വന്നു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലും മതത്തിന് ആഴത്തില്‍ സ്വാധീനംചെലുത്താനാകുമെന്ന് രഥയാത്ര തന്നെ പഠിപ്പിച്ചതായി അദ്വാനി അഭിപ്രായപ്പെട്ടു. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു അന്ന് അദ്വാനിക്ക്. കല്യാണ്‍സിങ്ങും ഉമാഭാരതിയും മുരളീമനോഹര്‍ ജോഷിയും വിനയ് കത്യാറും ഹിന്ദുത്വവാദികളുടെ നായകരായി. അദ്വാനിക്ക് ലോഹ്പുരുഷ് അഥവാ ഉരുക്കുമനുഷ്യന്‍ എന്ന പേര് വീണു. ഹിന്ദുത്വ തീവ്രതയുടെ ഈ കുത്തൊഴുക്കിലാണ് ബാബറിമസ്ജിദ് 1992 ഡിസംബര്‍ ആറിന് തകര്‍ക്കപ്പെട്ടത്. "ഒരു തള്ളുകൂടി നല്‍കി ബാബറി മസ്ജിദ് തകര്‍ക്കൂ, ഇത് ഒരു തുടക്കം മാത്രം

കാശിയും മഥുരയും പിന്നാലെ" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ മലീമസമാക്കി. "ജയ്ശ്രീറാം" വിളികള്‍ ഹിന്ദുത്വതീവ്രതയുടെയും അതിന്റെ ഭാഗമായുള്ള ആക്രമണത്തിന്റെയും പോര്‍വിളിയായി. കല്യാണ്‍സിങ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി; കുറച്ചുകാലത്തിനുശേഷം ഉമാഭാരതി മധ്യപ്രദേശിലും. അദ്വാനിയാകട്ടെ, വാജ്പേയി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി. മുരളീമനോഹര്‍ ജോഷിയും കേന്ദ്രമന്ത്രിയായി. എന്നാല്‍, രണ്ട് ദശാബ്ദത്തിനകം ഈ അയോധ്യ വീരന്മാര്‍ക്ക് സംഘപരിവാറില്‍ത്തന്നെ നിറംകെട്ടു. കല്യാണ്‍സിങ്ങിനെ 1999ല്‍ ബിജെപിയില്‍ നിന്ന് പുറത്താക്കി. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ടിയിലേക്ക് തിരിച്ചുവന്നെങ്കിലും 2009ല്‍ വീണ്ടും ബിജെപി വിട്ടു. മുലായത്തിന്റെ സഹായത്തോടെ ലോക്സഭയിലെത്തിയ കല്യാണ്‍സിങ് വീണ്ടും ബിജെപിയിലേക്ക് തിരിച്ചുപോയെങ്കിലും ഒരു പ്രാദേശികനേതാവിന്റെ സ്ഥാനംപോലും ഇന്ന് അദ്ദേഹത്തിനില്ല. ഉമാഭാരതിയുടെ സ്ഥിതിയും മറിച്ചല്ല. അഞ്ച് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉമാഭാരതി 2003ല്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായത്. എന്നാല്‍, ഒരുവര്‍ഷംപോലും ആ സ്ഥാനത്ത് ഇരിക്കാന്‍ അവര്‍ക്ക് അവസരം നല്‍കിയില്ല. ശിവരാജ്സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ ഉമാഭാരതി അതിനെ എതിര്‍ത്ത് ബിജെപിയില്‍നിന്നുതന്നെ പുറത്തായി. കല്യാണ്‍സിങ്ങിനെ പോലെ സ്വന്തം രാഷ്ട്രീയകക്ഷി രൂപീകരിച്ചെങ്കിലും വിജയിച്ചില്ല. അവസാനം അവരും ബിജെപിയിലേക്കടിഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി മോഡിയുടെ വിശ്വസ്തന്‍ അമിത്ഷാ നിയമിതനായതോടെ ഉമാഭാരതിയുടെ ഗ്രാഫ് വീണ്ടും താഴോട്ടാണ്. വിനയ് കത്യാറിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഉത്തര്‍പ്രദേശില്‍ പോലും പിടിച്ചുനില്‍ക്കാന്‍ അദ്ദേഹം പാടുപെടുകയാണ്. അവസാനം അദ്വാനിയെയും സംഘപരിവാര്‍ തഴഞ്ഞു. നിലവിലുള്ള ഏതൊരു ആര്‍എസ്എസ്-ബിജെപി നേതാവിനേക്കാളും പരിചയസമ്പത്തുള്ള നേതാവാണ് അദ്വാനി. എന്നിട്ടും ഇരു സംഘടനകളും സംഘപരിവാര്‍ ആകെത്തന്നെയും അദ്ദേഹത്തെ തഴഞ്ഞു. 2005ല്‍ ജന്മസ്ഥലമായ കറാച്ചിയില്‍ പോയി ജിന്ന മതേരവാദിയാണെന്ന് പറഞ്ഞതോടെയാണ് അദ്വാനിയെ ആര്‍എസ്എസ് വെട്ടിയത്. പ്രധാനമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് തീവ്രഹിന്ദുത്വ പ്രതിഛായ കുടഞ്ഞെറിയാനാണ് അദ്വാനി ഈ പ്രസ്താവന നടത്തിയതെന്നാണ് സംഘപരിവാറിന്റെ വിലയിരുത്തല്‍. മോഡി ഉള്‍പ്പെടെ പല ശിഷ്യരെയും അദ്വാനിക്ക് അന്ന് നഷ്ടപ്പെട്ടു. ഒപ്പം ബിജെപി അധ്യക്ഷസ്ഥാനവും. എങ്കിലും 2009 ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി അദ്വാനിയെ ഉയര്‍ത്തിക്കാട്ടി. ആ നീക്കം ദയനീയമായി പരാജയപ്പെട്ടതോടെ അയോധ്യ നായകനെ മുന്‍നിര്‍ത്തി ബിജെപിക്ക് ഭാവിയില്ലെന്ന് വ്യക്തമാക്കപ്പെട്ടു. അതുകൊണ്ടുതന്നെ പ്രതിപക്ഷനേതാവെന്ന സ്ഥാനവും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. എന്‍ഡിഎ കണ്‍വീനര്‍ എന്ന ആലങ്കാരിക പദവിയിലേക്കൊതുങ്ങി.

അയോധ്യാനായകനോട് കളംവിടാന്‍ ആര്‍എസ്എസ് ആവര്‍ത്തിച്ചെങ്കിലും അദ്വാനി തയ്യാറായിരുന്നില്ല. പ്രധാനമന്ത്രിസ്ഥാനത്തേക്ക് മോഡിയെ കൊണ്ടുവരാനുള്ള നീക്കത്തെ തുടക്കംമുതലേ അദ്ദേഹം ചെറുത്തു. ഇതിന്റെ ഭാഗമായാണ് ആറാമത്തെ രഥയാത്രയ്ക്ക് 2011ല്‍ അദ്വാനി തയ്യാറായത്. കള്ളപ്പണത്തിനെതിരെ 2011 ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 20 വരെ നടത്തിയ ജനചേതനായാത്രയായിരുന്നു അത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പോര്‍ബന്തറില്‍നിന്ന് യാത്രതുടങ്ങാനാണ് തീരുമാനിച്ചതെങ്കിലും അത് പൊളിക്കാന്‍ മോഡി സെപ്തംബര്‍ 17ന് സദ്ഭാവനയാത്ര ആരംഭിച്ചു. സെപ്തംബറില്‍ തന്നെ ജഡോബ അന്ദാരി കടുവസങ്കേതത്തില്‍ യോഗം ചേര്‍ന്ന് മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ ആര്‍എസ്എസ് അന്തിമമായി നിശ്ചയിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍റാവു ഭഗവത്തിന് പുറമെ ഭയ്യാജി ജോഷി, മോഹന്‍ദാസ് ദേവി, ദത്താത്രേയ ഹൊസ്ബോളെ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. അദ്വാനിയോട് വഴിമാറാന്‍ മോഹന്‍റാവു ഭഗവത്ത് പറഞ്ഞതും ഇതേ ഘട്ടത്തിലായിരുന്നു.

മോഡി മൂന്നാമതും ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അദ്വാനി അതില്‍ പങ്കെടുത്തില്ലെന്നത് അധികാരമത്സരത്തിന്റെ ആഴം വ്യക്തമാക്കുന്നു. ശങ്കര്‍സിങ് വഗേലയെ വെട്ടാന്‍ 1991ല്‍ അദ്വാനിയെ ഗാന്ധിനഗറില്‍ മത്സരിപ്പിച്ച മോഡി ഇപ്പോള്‍ അമിത്ഷായെ ആ സീറ്റില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതും അദ്വാനിയുടെ മോഡി വിരോധം വര്‍ധിപ്പിച്ചു. അയോധ്യയില്‍നിന്നും അദ്വാനിയില്‍നിന്നും ഗുജറാത്തിലേക്കും മോഡിയിലേക്കും സംഘപരിവാര്‍ മാറുകയാണെന്ന് ഈ തീരുമാനം വ്യക്തമാക്കുന്നു. അയോധ്യയില്‍ മുസ്ലിംപള്ളിയാണ് തകര്‍ത്തതെങ്കില്‍ ഗോധ്രയിലെ സംഭവം കരുവാക്കി രണ്ടായിരത്തോളം മുസ്ലിങ്ങളെയാണ് മോഡി സര്‍ക്കാരിന്റെ പിന്തുണയോടെ കൊന്നുതള്ളിയത്. പള്ളിക്ക് പകരം മുസ്ലിങ്ങളെത്തന്നെ ലക്ഷ്യംവയ്ക്കുമ്പോള്‍ തീവ്രത കൂടുകയാണ്. ഇരുപത് വര്‍ഷം മുമ്പ് അയോധ്യയാണ് തീവ്ര ഹിന്ദുത്വത്തിന്റെ മുഖമെങ്കില്‍ ഇപ്പോള്‍ അത് ഗുജറാത്തിലെ വംശഹത്യയിലാണ് ആവേശം കൊള്ളുന്നത്; അതിന് നേതൃത്വം നല്‍കിയ മോഡിയിലാണ് അവര്‍ നേതാവിനെ കാണുന്നത്.

വര്‍ഗീയധ്രുവീകരണത്തിന് അയോധ്യയെയും അദ്വാനിയെക്കാളും ഗുജറാത്തും മോഡിയുമാണ് നല്ലതെന്ന് സംഘപരിവാര്‍ മനസ്സിലാക്കുന്നു. അതിന്റെ ഭാഗമായാണ് അദ്വാനിയെ തഴഞ്ഞ് മോഡിയെ ആര്‍എസ്എസിന്റെ നിര്‍ദേശമനുസരിച്ച്് ബിജെപിയും പ്രചാരണത്തിന്റെ ചുമതലയേല്‍പ്പിച്ചത്. മോഡിക്ക് ഒരു "വികസനമുഖ"വും അവര്‍ ചാര്‍ത്തിനല്‍കി. കോര്‍പറേറ്റുകള്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതാണ് മോഡിയുടെ "വികസനമുഖം". അദ്വാനിയേക്കാള്‍ മോഡിക്ക് മാധ്യമപിന്തുണ ലഭിക്കുന്നതിന്റെ കാരണവും ഇതുതന്നെ. മോഡിയെ നേതാവായി ഉയര്‍ത്തുന്നതില്‍ ഒരു ജാതിരാഷ്ട്രീയവും ഒളിഞ്ഞിരിപ്പുണ്ട്. ജാതിരാഷ്ട്രീയം ഹിന്ദുഐക്യത്തെ തകര്‍ക്കുമെന്നത് അദ്വാനിയുടെ ഭാഷ്യമെങ്കില്‍ മോഡിയുടെ ഒബിസി മുഖം ഉത്തരേന്ത്യയില്‍ പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലും ബിഹാറിലും ഗുണംചെയ്യുമെന്നാണ് സംഘപരിവാറിന്റെ കണക്കുകൂട്ടല്‍. എണ്ണയാട്ടുന്ന ഗെഞ്ചി ജാതിക്കാരനാണ് മോഡി. ഒബിസി വിഭാഗത്തില്‍പെട്ട ലോധ് രജപുത്തുകാരാണ് മുന്‍ മുഖ്യമന്ത്രിമാരായ കല്യാണ്‍സിങ്ങും ഉമാഭാരതിയും. ഈ ജാതിരാഷ്ട്രീയത്തിന് ഒരു അഖിലേന്ത്യാമുഖം നല്‍കുകകൂടി മോഡിയുടെ തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്.

ഉത്തര്‍പ്രദേശില്‍ 47 ശതമാനവും ബിഹാറില്‍ 37 ശതമാനവും മറ്റ് പിന്നോക്കസമുദായത്തില്‍ പെട്ടവരാണ്. ഈ ജാതിരാഷ്ട്രീയം പരസ്യമായി പറയാന്‍ മോഡിയും ബിജെപിയും മടിച്ചു നില്‍ക്കുകയാണെന്ന് മാത്രം. പ്രസ്ഥാനത്തേക്കാള്‍ മോഡിയെന്നവ്യക്തിയെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണമാണ് നടക്കുന്നത്. നമോ (നരേന്ദ്രമോഡി) എന്ന വിളികളാണ് മുഴങ്ങുന്നത്. 2004ല്‍ പ്രമോദ് മഹാജനാണ് വാജ്പേയിയെ മുന്‍നിര്‍ത്തി ഈ വ്യക്ത്യധിഷ്ഠിതപ്രചാരണത്തിന് തുടക്കംകുറിച്ചത്. ശക്തനായ നേതാവ് എന്ന പേശീബലത്തില്‍ അധിഷ്ഠിതമായ പ്രചാരണമാണിത്. ജര്‍മനിയില്‍ വീമാര്‍ റിപ്പബ്ലിക്കിന്റെ അവസാനകാലത്ത് ഹിറ്റ്ലര്‍ നടത്തിയ പ്രചാരണത്തിനാണ് ബിജെപി ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. ശക്തനായ നേതാവ് അധികാരമേറിയാല്‍ രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകും എന്ന മിഥ്യാധാരണയ്ക്കാണ് പ്രാമുഖ്യം. ഇവിടെയാണ് മുന്‍ നായകന്‍ അദ്വാനി പരാജയപ്പെടുന്നത്.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി

No comments: