Wednesday, June 19, 2013

പുസ്തകപ്രസാധനത്തിന്റെ പെണ്‍ഭാഷ്യം

സ്ത്രീകളുടെ സാംസ്കാരിക പ്രതിരോധത്തിന്റെ പുത്തന്‍ ഏടാണ് പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മയായ സമത - എ കലക്ടീവ് ഫോര്‍ ജന്‍ഡര്‍ ജസ്റ്റിസ്. ഒന്നര വര്‍ഷത്തിനിടയില്‍ പന്ത്രണ്ട് പുസ്തകങ്ങള്‍-പന്ത്രണ്ടും പൊരുതുന്ന സ്ത്രീജീവിതത്തിന്റെ ആത്മമുദ്രകള്‍! ആണ്‍കോയ്മയുടെ ചാട്ടവാറടികള്‍ക്കിടയില്‍ അതിജീവനത്തിന്റെ വീരഗാഥകള്‍ രചിച്ച ഒരു പറ്റം കരുത്തുറ്റ സ്ത്രീകളെയാണ് "സമത" ഇതിനോടകം പരിചയപ്പെടുത്തിയത്.

ചോരയും കണ്ണീരും നനഞ്ഞ വഴികള്‍ താണ്ടി കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ഉജ്വലനായികയായ കെ ദേവയാനി, മ്യാന്‍മറില്‍ പട്ടാളഭരണത്തെ മുട്ടുകുത്തിച്ച ആങ്സാന്‍ സൂചി, കെനിയയില്‍ ഭൂമിയുടെയും പെണ്ണിന്റെയും അഭിമാനം കാത്തുസൂക്ഷിക്കാന്‍ യത്നിച്ചതിന് നൊബേല്‍ പുരസ്കാരം ലഭിച്ച വാംഗാരി മാതായ്, നൈജീരിയയിലെ ഒരു കുഗ്രാമത്തില്‍ മുസ്ലിം മതമൗലികവാദിയുടെ ഫത്വകള്‍ക്കിടയില്‍നിന്ന് രക്ഷപ്പെട്ട് ലോകശ്രദ്ധയിലേക്കുയര്‍ന്ന ഇതിഹാസതുല്യമായ ആത്മകഥയെഴുതിയ സഫിയ ഹുസൈനി, കേരളത്തിലെ വനിതാമുന്നേറ്റത്തിന് ചൂടും ചൂരുമേകിയ ദേവകി വാര്യര്‍, ലോകവിപ്ലവപ്രസ്ഥാനത്തിന്റെ എന്നത്തെയും ആവേശമായ ചെഗുവേരയുടെ ജീവിതസഖാവ് അലൈഡാ മാര്‍ച്ച് ചെഗുവേര, സരയേവോയിലെ യുദ്ധക്കെടുതികള്‍ക്കിടയില്‍നിന്ന് ഡയറിക്കുറിപ്പെഴുതിയ പതിനൊന്നുകാരി സ്ലാറ്റ, കേരളത്തിന്റെ മുഖഛായ മാറ്റിത്തീര്‍ത്ത അനേകം ജനകീയപോരാട്ടങ്ങള്‍ക്ക് ശക്തിപകര്‍ന്ന പാര്‍വതി നെന്മിനിമംഗലം, ഹലീമബീവി, ക്യാപ്റ്റന്‍ ലക്ഷ്മി, കൂത്താട്ടുകുളം മേരി, അറിയപ്പെടാത്ത സമരനായികമാരായ പി സി കുറുമ്പ, ഇറ്റ്യാനം, മുല്ലപ്പൂ വിപ്ലവത്തിന് തിരികൊളുത്തിയ നിരവധി അറബി പെണ്‍പോരാളികള്‍- ഈ പട്ടിക അന്തസ്സോടെ നീളുകയാണ്.

സമതയിലൂടെ രേഖപ്പെടുത്തുന്നത് വൈവിധ്യമാര്‍ന്ന സ്ത്രീജീവിതങ്ങളുടെ കനല്‍സത്യങ്ങള്‍. പാതി ആകാശവും പാതി ഭൂമിയും തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് സ്ത്രീകള്‍ ഉറക്കെ പ്രഖ്യാപിക്കുന്ന കാലഘട്ടത്തിലും ലോകത്തിന്റെ പാതി അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നില്ല. ഈ പൊള്ളുന്ന അനുഭവങ്ങള്‍ കാഴ്ചകള്‍, ശബ്ദങ്ങള്‍ ദൃശ്യവല്‍ക്കരിക്കുക എന്ന രാഷ്ട്രീയദൗത്യമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് സമതയുടെ മാനേജിങ് ട്രസ്റ്റി പ്രൊഫ. ടി എ ഉഷാകുമാരി പറയുന്നു. അതിക്രമങ്ങള്‍ക്കിരയാകുന്ന അഞ്ചുവയസ്സുകാരിയുടെ നിലവിളി കേള്‍ക്കാതെ നമുക്ക് പ്രതിരോധത്തെക്കുറിച്ച് സംസാരിക്കാനാകില്ല. വിഹ്വലമായ ഈ യാഥാര്‍ഥ്യത്തെ നേരിടുന്നതിനുള്ള പ്രാപ്തി സ്ത്രീസമൂഹം നേടിയെടുക്കുന്നതിന് പുസ്തകങ്ങളും ആവശ്യമാണ് എന്ന് സമത പ്രവര്‍ത്തകര്‍ തിരിച്ചറിയുന്നു. ഉഷാകുമാരി ടീച്ചറുടെ നേതൃത്വത്തില്‍ ഇരുപത്തൊമ്പത് സ്ത്രീകളുടെ ട്രസ്റ്റാണ് സമതയ്ക്ക് ചുക്കാന്‍പിടിക്കുന്നത്. തൃശൂരാണ് കേന്ദ്രമെങ്കിലും അതിന്റെ വേരുകള്‍ കേരളത്തിലാകെ പടര്‍ന്നുകഴിഞ്ഞത് നിമിഷവേഗത്തില്‍. പുസ്തകപ്രസാധനരംഗത്തെ കുത്തകവല്‍ക്കരണത്തിനിടയിലാണ് ഒരുകൂട്ടം സ്ത്രീകള്‍ ഈ രംഗത്ത് കാല്‍കുത്തുന്നത്. ഇതിനു മുമ്പും കേരളത്തില്‍ സ്ത്രീകളുടെ പ്രസാധനശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എങ്കിലും സമത വ്യത്യസ്തമാകുന്നത് അവരുടെ വ്യക്തമായ രാഷ്ട്രീയനിലപാടുകൊണ്ടാണ്. കൃത്യമായ സ്ത്രീബോധവും സാമൂഹ്യപ്രതിബദ്ധതയും നിലനിര്‍ത്തിക്കൊണ്ട് പുസ്തകപ്രസാധനം സാധ്യമാകുമോയെന്ന സ്വാഭാവികസംശയം പലരും ഉന്നയിക്കുന്നുണ്ട്. കാരണം ചൂടപ്പംപോലെ വിറ്റഴിയുന്ന ചില പ്രത്യേക പുസ്തകങ്ങള്‍ കേരളത്തിലുണ്ട്. ഒളിഞ്ഞുനോട്ടത്തിന്റെ സുഖം നല്‍കുന്ന ഈ പുസ്തകങ്ങള്‍ അച്ചടിക്കുക സമതയുടെ ലക്ഷ്യമല്ല. സാമൂഹ്യമാറ്റത്തിന് സഹായിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനംതന്നെയാണ് തങ്ങള്‍ക്ക് പുസ്തകപ്രസാധനം എന്ന് ഉഷാകുമാരി വ്യക്തമാക്കുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരെ നിലപാടെടുക്കാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിക്കാന്‍ ഉതകുന്ന പുസ്തകങ്ങള്‍മാത്രമേ സമത വിപണിയില്‍ എത്തിക്കുന്നുള്ളൂ. നല്ല പുസ്തകങ്ങള്‍ തിരിച്ചറിയുന്ന മലയാളികള്‍ സമതയുടെ പുസ്തകങ്ങള്‍ തേടി ച്ചെല്ലുന്ന സ്ഥിതി ഇന്നുണ്ട്. ഗ്രന്ഥശാലാസംഘത്തിന്റെ പുസ്തകോത്സവങ്ങളിലും പുരോഗമന പ്രസ്ഥാനങ്ങളുടെ സമ്മേളനങ്ങളിലും സമത ഒഴിവാക്കാനാകാത്ത സാന്നിധ്യമായിക്കഴിഞ്ഞു. കവയിത്രി ലളിതാ ലെനിനാണ് ട്രസ്റ്റിന്റെ ചെയര്‍പേഴ്സണ്‍. 1987ല്‍ തൃശൂരില്‍ രൂപംകൊണ്ട സമത പത്തുവര്‍ഷം സ്ത്രീപക്ഷ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

പിന്നീടുണ്ടായ ഒരു ഇടവേളയ്ക്കുശേഷമാണ് 2010 നവംബര്‍ ഒന്നിന് എ കലക്ടീവ് ഫോര്‍ ജന്‍ഡര്‍ ജസ്റ്റിസ് രൂപംകൊണ്ടത്. അതിവേഗത്തില്‍ സാഹിത്യലോകത്ത് ഇടം നേടിയെടുത്ത സമത പുസ്തകപ്രസാധനരംഗത്ത് ഒതുങ്ങിനില്‍ക്കുന്നുമില്ല. തൃശൂര്‍ മുക്കാട്ടുകര നല്ലെങ്കരയിലെ കര്‍ഷകത്തൊഴിലാളി സമരനായിക സ. ഇറ്റ്യാനത്തിന് ആയിരം രൂപ പ്രതിമാസം സമത നല്‍കുന്നുണ്ട്. കൂടാതെ വീടിനോടുചേര്‍ന്ന് കുളിമുറി പണിയാന്‍ 50,000 രൂപയും നല്‍കി. കടുത്ത ദാരിദ്ര്യവും രോഗവുംമൂലം ഇറ്റ്യാനം ദുരിതം അനുഭവിക്കുന്നെന്ന് മനസിലാക്കിയത് സമത പുറത്തിറക്കിയ "സമരപഥങ്ങളിലെ പെണ്‍പെരുമ" എന്ന പുസ്തകരചനയ്ക്കിടയിലായിരുന്നു. കേരളത്തിന്റെ സാംസ്കാരികവിഹായസ്സില്‍ പെണ്‍പ്രതിരോധത്തിന്റെ കൂറ്റന്‍ ചിറകുവിരിച്ച് സമത പൊങ്ങിപ്പറക്കുന്നതിനായി നമുക്ക് ഏറെനാള്‍ കാത്തിരിക്കേണ്ടിവരില്ല.

*
ആര്‍ പാര്‍വതീദേവി

No comments: