Wednesday, June 12, 2013

കേന്ദ്രസര്‍ക്കാരും വിദ്യാഭ്യാസബില്ലുകളും

രണ്ടാം യുപിഎ സര്‍ക്കാരില്‍ മാനവശേഷി വികസനവകുപ്പ് മന്ത്രിയായിരുന്ന കപില്‍സിബല്‍ 2010ല്‍ പല സന്ദര്‍ഭങ്ങളിലായി ഉന്നതവിദ്യാഭ്യാസസംബന്ധിയായ ആറ് ബില്ലുകള്‍ പാര്‍ലിമെന്റിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. ഉന്നതവിദ്യാഭ്യാസത്തെയും ഗവേഷണത്തെയും സംബന്ധിച്ച ദേശീയകമീഷന്‍ബില്‍ (NCHER), അന്യായമായ നടപടിക്കെതിരായ ബില്‍ (Prohibition of unfair Practices), ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള ബില്‍, അക്രഡിറ്റേഷന്‍ ബില്‍, നൂതന സര്‍വകലാശാലാ ബില്‍ (Universities for Research and Innovation) എന്നിവയായിരുന്നു അവ. ഇവയില്‍ ആദ്യത്തേതും അവസാനത്തേതുമായ ബില്ലുകള്‍ ആദ്യത്തേതില്‍നിന്ന് രൂപപരിണാമം സംഭവിച്ച രൂപത്തിലാണ് ഇപ്പോഴുള്ളത്. എല്ലാ ബില്ലും കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി നിയമമാകുന്നതിനുള്ള വിവിധ ഘട്ടങ്ങളിലാണുള്ളത്. ഈ ബില്ലുകള്‍ പസാക്കുന്നതിനുള്ള മുഖ്യപ്രതിബന്ധം കേന്ദ്രസര്‍ക്കാരിന്റെ ഘടകകക്ഷികള്‍തന്നെയാണെന്ന് കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ ഏതാനും ആഴ്ചമുമ്പ് ചെന്നൈയില്‍ പ്രഖ്യാപിച്ചിരുന്നു. ശരത് പവാറിനെപ്പോലുള്ള രാഷ്ട്രീയനേതാക്കള്‍ നേരിട്ടും അല്ലാതെയും നിരവധി സ്വാശ്രയകോളേജുകള്‍ നടത്തി കോടികള്‍ ലാഭമുണ്ടാക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അത്തരത്തിലുള്ള വിദ്യാഭ്യാസക്കച്ചവടത്തിന് പ്രതിബന്ധമായേക്കാവുന്ന ചില വ്യവസ്ഥകള്‍ ഈ ബില്ലുകളില്‍ പാര്‍ലിമെന്ററി ഉപസമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ള നിരവധി രാഷ്ട്രീയനേതാക്കള്‍ ശതകോടീശ്വരന്മാരായി മാറിയത് പ്രൊഫഷണല്‍ വിദ്യാഭ്യാസക്കച്ചവടത്തിലൂടെയാണെന്നത് നഗ്നസത്യം. അതുകൊണ്ടുതന്നെ ആ നിര്‍ദേശങ്ങള്‍ ബില്ലിലുള്‍പ്പെടുത്താന്‍ ശതകോടീശ്വരന്മാര്‍ അനുവദിക്കില്ല. അതിനാല്‍ ബില്‍ പാസാക്കാതെതന്നെ സ്വാശ്രയലോബികള്‍ക്കനുകൂലമായ വ്യവസ്ഥകളെല്ലാം കുറുക്കുവഴിയിലൂടെ നടപ്പാക്കുന്നതിനുള്ള നടപടികളാകും കേന്ദ്രത്തിന്റേത്.

അടിയന്തരാവസ്ഥയ്ക്കുശേഷം ഇതാദ്യമായിട്ടാണ് ഒരു ജനാധിപത്യസര്‍ക്കാര്‍ പാര്‍ലിമെന്റിനെ മറികടന്ന് ജനാധിപത്യവിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. പിഎഫ്ആര്‍ഡിഎ ബില്‍ (New Pension Scheme), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ബില്‍ ന്നിവ പാര്‍ലിമെന്റിന്റെ പരിഗണനയിലിരിക്കെയാണ് പങ്കാളിത്തപെന്‍ഷനും ആധാര്‍ രജിസ്ട്രേഷനും നടപ്പില്‍ വരുത്തി പാര്‍ലിമെന്റിനെ കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയാക്കിയത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യയില്‍ വിദേശസര്‍വകലാശാലകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട ബില്‍. ഈ ബില്‍ പാസാകുന്നതിന് കാലതാമസം നേരിടുമെന്നു തിരിച്ചറിഞ്ഞ സര്‍ക്കാര്‍, യുജിസി ആക്ട് സെക്ഷന്‍ മൂന്ന്, ദുര്‍വ്യാഖ്യാനംചെയ്ത് വിദേശസര്‍വകലാശാലകളുമായി ചേര്‍ന്ന്, യുഗ്മബിരുദങ്ങളും (Twinning Program) സംയുക്തബിരുദങ്ങളും (Joint Program) നടത്താന്‍ അനുമതി നല്‍കി. വിദേശ സര്‍വകലാശാലകള്‍ക്ക് കല്‍പ്പിത സര്‍വകലാശാലയുടെ (Deemed to be University) രൂപത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയും സെക്ഷന്‍ മൂന്നിന്റെ ദുര്‍വ്യാഖ്യാനത്തിലൂടെ യുജിസി നല്‍കി. പാര്‍ലിമെന്റിനെ മറികടന്നുള്ള ഈ ഹീനപ്രവൃത്തിയെ സിപിഐ എം മാത്രമാണ് അപലപിച്ചത്.

സമീപകാലത്തായി കേന്ദ്രമാനവ വിഭവശേഷി വികസനവകുപ്പ് മന്ത്രാലയം വിദേശ സര്‍വകലാശാലകളെ സംബന്ധിച്ച ബില്‍ പാസാക്കുന്നതില്‍ വലിയ താല്‍പ്പര്യം കാണിക്കുന്നില്ല. പകരം നൂതന സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ അതിവേഗം പാസാക്കിയെടുക്കാനാണ് ശ്രമം. ഈ ഒരു ബില്‍ പാസാകുന്നതോടെ മറ്റു ബില്ലുകളുടെ പ്രയോജനംകൂടി ലഭിക്കും.

ഇന്‍ഡോ- യുഎസ് വിദ്യാഭ്യാസസമിതി

കേന്ദ്രമന്ത്രിയായിരുന്ന കപില്‍സിബലും യുഎസ് രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രെട്ടറി വില്യം ബേണ്‍സും തമ്മില്‍ 2009 ഒക്ടോബറില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡോ- യുഎസ് വിദ്യാഭ്യാസസമിതിക്ക് രൂപം നല്‍കിയിരുന്നു. ഉന്നതവിദ്യാഭ്യാസമേഖല കുത്തകവല്‍ക്കരിക്കുന്നതിനും അമേരിക്കന്‍ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനും വേണ്ടിയായിരുന്നു ഈ സമിതിക്ക് രൂപം നല്‍കിയത്. അതിനുശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പെടെ പങ്കെടുത്ത രണ്ട് വിദ്യാഭ്യാസ ഉച്ചകോടിയില്‍ അമേരിക്കയിലെ നിരവധി സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയും നല്‍കി. ഗവേഷണം, പ്രൊഫഷണല്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാര്‍ഥി കൈമാറ്റം, പൊതു സ്വകാര്യ പങ്കാളിത്തം, വിദേശ സര്‍വകലാശാലകളോടുള്ള ഇന്ത്യയുടെ സമീപനം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഈ സാഹചര്യത്തില്‍ വിദേശസര്‍വകലാശാലകളെ സംബന്ധിച്ച ബില്‍ പാസായില്ലെങ്കില്‍ നൂതനസര്‍വകലാശാലകളെ സംബന്ധിച്ച ബില്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ പാസാക്കിയേ തീരൂ.

രണ്ടും ഒന്നുതന്നെ

വിദേശസര്‍വകലാശാലയും നൂതനസര്‍വകലാശാലയും സംബന്ധിച്ച പാര്‍ലിമെന്റിന്റെ പരിഗണനയിലുള്ള ബില്ലുകളില്‍ ഒട്ടേറെ സമാനതകളുണ്ട്. ആദ്യത്തെ ബില്‍ വിദേശസര്‍വകലാശാലകളുടെ പ്രവേശനം സംബന്ധിച്ചാണെങ്കില്‍ രണ്ടാമത്തേത് സ്വദേശികളുടെയും വിദേശികളുടെയും പ്രവേശനം സംബന്ധിച്ചാണ്. എന്‍സിഎച്ച്ഇആര്‍ വരുന്ന പശ്ചാത്തലത്തില്‍ യുജിസിയെ ഗളഛേദം ചെയ്യുന്നതിനുവേണ്ടി രണ്ടുവര്‍ഷം ചെയര്‍മാനെ നിയമിക്കാതെ ചാര്‍ജുഭരണം നടത്തിയിരുന്നു. എന്നാല്‍, ചാര്‍ജുകാരന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് യുജിസി ആക്ട് (ദുര്‍) വ്യാഖ്യാനംചെയ്തതോടെ വിദേശസര്‍വകലാശാലാ ബില്ലിനോടുള്ള താല്‍പ്പര്യം സര്‍ക്കാര്‍ ഉപേക്ഷിച്ചു. പ്രത്യുപകാരമായി യുജിസിക്ക് പുനര്‍ജന്മവും നല്‍കി.

എന്താണ് നൂതന സര്‍വകലാശാല?

പരമ്പരാഗത സര്‍വകലാശാലാ സമ്പ്രദായത്തില്‍നിന്ന് മാറി ബ്യൂറോക്രസിയുടെ കെട്ടുപാടുകള്‍ ഒന്നും ഇല്ലാത്ത ഒരു സംവിധാനമായിട്ടാണ് ഗവേഷണത്തിനും നൂതനാശയങ്ങള്‍ക്കുമായുള്ള സര്‍വകലാശാലാബില്ലുകൊണ്ട് (Universities for Research & Innovations Bill 2012) സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേരളത്തില്‍കൊച്ചിയില്‍ ഉള്‍പ്പെടെ 14 സര്‍വകലാശാലയാണ് ആദ്യപടിയായി രാജ്യത്ത് സ്ഥാപിക്കുക. കന്ദ്രസര്‍ക്കാരിന് നേരിട്ടോ, കമ്പനികള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍, വിദേശസര്‍വകലാശാലകള്‍ എന്നിവ മുഖാന്തിരമോ നൂതനസര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍. അക്കാദമിക് മികവ് തെളിയിച്ചിട്ടുള്ളതും 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളതുമായ ഇന്ത്യന്‍സ്ഥാപനങ്ങള്‍ക്കും 50 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള വിദേശസര്‍വകലാശാലകള്‍ക്കും പ്രൊമോട്ടര്‍മാരാകാം. സര്‍വകലാശാല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്രൊമോട്ടര്‍മാര്‍ കേന്ദ്രസര്‍ക്കാരുമായി ഒരു ധാരണാപത്രം ഒപ്പിടണം. ഗവേഷണ സംബന്ധിയായ മേഖലകള്‍, ധനസമാഹരണ മാര്‍ഗങ്ങള്‍, ഭൗതികസൗകര്യങ്ങള്‍, ഭരണസമിതി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് ധാരണാപത്രത്തില്‍ ഉണ്ടാകേണ്ടത്. അധ്യാപന ഗവേഷണമേഖലകളില്‍ അന്തര്‍ദേശീയ നിലവാരമുള്ള സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് നൂതന സര്‍വകലാശാലകള്‍ വിഭാവനംചെയ്യപ്പെട്ടിട്ടുള്ളത്. നൂതനസര്‍വകലാശാലകള്‍ക്ക് പൂര്‍ണമായും സ്വയംഭരണാവകാശമുണ്ടായിരിക്കും. ഭരണപരമായും അക്കാദമികമായും സാമ്പത്തികമായും നൂറുശതമാനം സ്വയംഭരണം ബില്‍ വാഗ്ദാനംചെയ്യുന്നു. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ആയിരിക്കും ഭരണസമിതി. ഭരണസമിതിയെ നിയമിക്കാനുള്ള അധികാരം പ്രൊമോട്ടര്‍മാര്‍ക്കായിരിക്കും. ദൈനംദിന ഭരണകാര്യങ്ങള്‍ക്കായി വിസി അധ്യക്ഷനായ അക്കാദമിക് ബോര്‍ഡ് രൂപീകരിക്കാന്‍ ഭരണബോര്‍ഡിന് അധികാരമുണ്ട്. ഫീസ് നിര്‍ണയം, ബിരുദ നാമകരണം തുടങ്ങി എല്ലാ കാര്യങ്ങളും തീരുമാനിക്കുക അതതു സര്‍വകലാശാലകള്‍തന്നെയാണ്. എവിടെനിന്നും ആരില്‍നിന്നും എത്ര സംഭാവന വേണമങ്കിലും സ്വീകരിക്കുന്നതിന് ബില്‍ നിയമസാധുത നല്‍കുന്നു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സര്‍വകലാശാലയാണെങ്കില്‍ രാഷ്ട്രപതി ആയിരിക്കും വിസിറ്റര്‍. വിസിറ്റര്‍ക്കു കീഴില്‍ ചാന്‍സലറും അദ്ദേഹത്തിനു കീഴില്‍ വൈസ്ചാന്‍സലറും ഉണ്ടാകും. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ചാന്‍സലറെയും വൈസ്ചാന്‍സലറെയും നിയമിക്കാനുള്ള അധികാരം പ്രൊമോട്ടര്‍മാര്‍ക്കായിരിക്കും. പൊതുസ്വകാര്യപങ്കാളിത്തത്തോടെ  സ്ഥാപിക്കുന്ന സര്‍വകലാശാലകളില്‍ വിദേശികള്‍ക്കും വൈസ്ചാന്‍സലറാകാം. അമ്പതു ശതമാനം വിദ്യാര്‍ഥികള്‍ ഇന്ത്യക്കുപുറത്തുള്ളവരാകാം. ഇന്ത്യന്‍വിദ്യാര്‍ഥികളുടെ പ്രവേശനം സംബന്ധിച്ച കാര്യങ്ങളില്‍ സംവരണ വ്യവസ്ഥയെക്കുറിച്ച് ബില്ലില്‍പരാമര്‍ശമില്ല. ഇന്ത്യക്കകത്തും പുറത്തും യഥേഷ്ടം ക്യാമ്പസുകളോ സെന്ററുകളോ തുടങ്ങാനുള്ള അവകാശം പ്രൊമോട്ടര്‍മാര്‍ക്കുണ്ടാകും.

അക്കാദമിക് സിറ്റിയും അന്താരാഷ്ട്രനിലവാരവും

സ്വാശ്രയ സര്‍വകലാശാലകളായിട്ടാണ് നൂതനസര്‍വകലാശാലകളെ കണക്കാക്കുന്നത്. ഇന്ത്യ, ഗാട്സ് കരാറിന്റെ ഭാഗമായതോടെ ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സഹായങ്ങളും വിദേശ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നല്‍കാന്‍ ബാധ്യസ്ഥമാണ്. അതുകൊണ്ടുതന്നെ ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള ഭൂമി ഉള്‍പ്പെടെ എല്ലാവിധ സഹായവും നല്‍കാന്‍ ബില്ലുപ്രകാരം ഇന്ത്യന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സര്‍വേ പ്രകാരം അന്താരാഷ്ട്രനിലവാരമുള്ള ആദ്യത്തെ 200 സ്ഥാപനങ്ങളില്‍ ഒന്നുപോലും ഇന്ത്യയില്‍നിന്നില്ല. യുഗ്മബിരുദങ്ങളും സംയുക്ത ബിരുദങ്ങളും പ്രോഗ്രാമുകള്‍വഴി ഇരുനൂറിനുള്ളില്‍ കടന്നുകൂടാനുള്ള കുറുക്കുവഴിയാണ് കേന്ദ്രം വിഭാവനംചെയ്യുന്നത്. അങ്ങനെ സാധിച്ചാല്‍ വിദേശ സര്‍വകലാശാലകളുടെ ചെലവില്‍ ഇന്ത്യക്കും പട്ടികയില്‍ കടന്നുകൂടാം. എന്നാല്‍, ഇത് വെറും വ്യാമോഹംമാത്രമാണ്. ഇപ്പോള്‍തന്നെ നൂറുകണക്കിനു വിദേശസര്‍വകലാശാലകളുടെ ശാഖകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മൗനാനുവാദമില്ലാതെ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. ദുബായ് മോഡല്‍ അക്കാദമിക് സിറ്റിയും അതിന്റെ തുടര്‍ച്ചയായി വേണം കരുതാന്‍. ഒരുകൂട്ടം സമ്പന്നര്‍ക്കുവേണ്ടി കേരളത്തിന്റെ മണ്ണില്‍ കേരളത്തിന്റെ ചെലവില്‍ വിദേശസര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനസൗകര്യം ഒരുക്കിക്കൊടുക്കുന്ന സര്‍ക്കാര്‍ നയം എതിര്‍ക്കപ്പെടുകതന്നെ വേണം.ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത് എന്നത് ഇതില്‍നിന്നു വ്യക്തമാണ്.മാത്രമല്ല, പ്രതിഭാകേന്ദ്രങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് അതിപ്രതിഭാകേന്ദ്രങ്ങളാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയംമൂലം മഹാഭൂരിപക്ഷംവരുന്ന പാവപ്പെട്ടവര്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ അവഗണിക്കപ്പെടുകയും രണ്ടുതരം പൗരന്മാര്‍ സൃഷ്ടിക്കപ്പെടുകയുംചെയ്യും. അന്താരാഷ്ട്രാനിലവാരമുള്ള വിദേശ സ്ഥാപനങ്ങളൊന്നുംതന്നെ ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ല. വിദേശരാഷ്ട്രങ്ങളില്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായ പല സ്ഥാപനങ്ങളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി മാധ്യമങ്ങള്‍ കണ്ടെത്തിയിട്ടുള്ളതാണ്. അത്തരം വിദേശസ്ഥാപനങ്ങള്‍ക്ക് നമ്മുടെ ഭൂമിയും സമ്പത്തും നല്‍കി സ്വദേശവല്‍ക്കരിക്കാനാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നത്. അതിന് വിദേശസര്‍വകലാശാലാ ബില്ലിനു പകരം നൂതന സര്‍വകലാശാലാ ബില്ലെങ്കിലും പാസാക്കിയെടുക്കാന്‍ കേന്ദ്രം പാടുപെടുമ്പോള്‍ ദുബായ് മോഡല്‍ അക്കാദമിക്സിറ്റി പ്രഖ്യാപനം വഴി ഒരുമുഴംമുമ്പേ എറിയുകയാണ് കേരളം.

*
ഡോ. ജെ പ്രസാദ്

No comments: