Wednesday, July 17, 2013

എന്തുകൊണ്ട് മുഖ്യമന്ത്രി കുറ്റക്കാരനാകുന്നു?

സോളാര്‍ തട്ടിപ്പില്‍ എന്താണ് ഉമ്മന്‍ചാണ്ടിയുടെ റോള്‍? മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം അവിതര്‍ക്കിതമായി തെളിഞ്ഞതാണ്. എത്രയോ വര്‍ഷങ്ങളായി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ ടെന്നി ജോപ്പന്‍ ഈ കേസിലെ മൂന്നാം പ്രതിയായി പത്തനംതിട്ട ജയിലിലാണ്. അദ്ദേഹത്തിന്റെ ഓഫീസിലെ നിര്‍ണായക ജോലികള്‍ വഹിച്ചിരുന്ന ജിക്കുമോന്‍, നിഴലായി ഒപ്പമുണ്ടായിരുന്ന ഗണ്‍മാന്‍ സലീംരാജ് എന്നിവര്‍ക്കൊക്കെ ഈ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സ്ഥാനം നഷ്ടപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ സോളാര്‍ തട്ടിപ്പിന്റെ ഗൂഢാലോചനാകേന്ദ്രം ഉമ്മന്‍ചാണ്ടിയുടെ ഓഫീസായിരുന്നു. അക്കാര്യത്തില്‍ ഇന്നാര്‍ക്കും സംശയമില്ല. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ വാദം അദ്ദേഹം മനസറിഞ്ഞ് ഒരു കുറ്റവും ചെയ്തിട്ടില്ല; അദ്ദേഹത്തിന് നേരിട്ടൊരു പങ്കുമില്ല, അദ്ദേഹമറിയാതെയാണ് ഈ തട്ടിപ്പെല്ലാം നടന്നത്.

ആദ്യം തന്നെ പറയട്ടെ, മനസറിഞ്ഞുകൊണ്ടാണോ മനസറിയാതെയാണോ കുറ്റം ചെയ്തത് എന്നത് നിയമത്തിന്റെ മുന്നില്‍ പരിഗണനാര്‍ഹമല്ല. കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതു മാത്രമാണ് പ്രശ്നം. മുഖ്യമന്ത്രി കുറ്റക്കാരനാണെന്നാണ് ഇതുവരെയുളള സൂചനകളും തെളിവുകളും വിരല്‍ചൂണ്ടുന്നത്.

ഒന്ന്) മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ അനുചരന്മാരുമായി തട്ടിപ്പിന്റെ സൂത്രധാരി സരിത എസ് നായര്‍ക്ക് ഉറ്റബന്ധമുണ്ട് എന്നു തെളിയിക്കുന്ന ഫോണ്‍ വിവരങ്ങള്‍ കൈരളി - പീപ്പിള്‍ പുറത്തുവിട്ടതോടെയാണല്ലോ വിവാദം ആരംഭിച്ചത്. സരിതയുടെ ഫോണ്‍വിവരങ്ങള്‍ പോലീസാണ് ശേഖരിച്ചത്. സരിതയുടെ അറസ്റ്റു രേഖപ്പെടുത്തിയത് ജൂണ്‍ 3ന്. രേഖകള്‍ പുറത്തുവന്നത് ജൂണ്‍ 13നും. ഇതിനിടയ്ക്കുളള പത്തുദിവസങ്ങളില്‍ എന്തുനടന്നു? ഒരു വമ്പന്‍ തട്ടിപ്പുകേസിലെ പ്രതിയ്ക്ക് സംസ്ഥാനമുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരബന്ധമുണ്ടെന്നു വിവരം ലഭിച്ചാല്‍ പോലീസ് എന്തു ചെയ്യും? ഏറ്റവുമാദ്യം അവര്‍ ആ വിവരം മുഖ്യമന്ത്രിയെ അറിയിക്കും. സ്വാഭാവികമായ ജിജ്ഞാസയും ധാര്‍മ്മികഭീതിയും ഉത്തരവാദിത്തബോധവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി എന്താണ് ചെയ്യുക? ജോപ്പനെയും സലീംരാജിനെയും ജിക്കുവിനെയുമൊക്കെ വിളിപ്പിച്ചു കാര്യമന്വേഷിക്കും. വിശദീകരണം തൃപ്തികരമായാലും ഇല്ലെങ്കിലും ഈ വിവരം പുറംലോകമറിഞ്ഞാലുണ്ടാകാവുന്ന പ്രശ്നങ്ങളൊഴിവാക്കാന്‍ തല്‍ക്കാലമെങ്കിലും അവരെ ആ സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്യും. എന്നാല്‍ ഇതൊന്നുമല്ല ഉണ്ടായത്.

കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി

രണ്ട്) മുഖ്യമന്ത്രി മേല്‍പറഞ്ഞ വസ്തുതകള്‍ അറിഞ്ഞിരുന്നില്ല എന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ തന്റെ ഓഫീസിലെ ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ പരാതി നേരിട്ടു കിട്ടിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനെക്കുറിച്ച് എന്തു വിശദീകരണമാണ് നല്‍കുക? ഒരുകോടി അഞ്ചുലക്ഷം രൂപ സരിതാ നായര്‍ തന്നില്‍ നിന്ന് തട്ടിച്ചെടുത്തതിനെക്കുറിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ടി സി മാത്യുവെന്ന പ്രവാസി നേരിട്ടു പരാതി ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പിന്തുണ ടീം സോളാറിനുണ്ട് എന്നുളള തെറ്റിദ്ധാരണ കൊണ്ടാണ് ഇത്ര വലിയ തുക തമിഴ്നാട്ടില്‍ 14 മെഗാ വാട്ടിന്റെ വിന്‍ഡ് ഫാമിനും കേരളത്തില്‍ ഒരു മെഗാ വാട്ടിന്റെ സോളാര്‍ പ്ലാന്റിനും വേണ്ടി അഡ്വാന്‍സ് നല്‍കിയത്. ഈ വിശ്വാസ്യത തട്ടിപ്പുകാര്‍ക്കു നേടാന്‍ കഴിഞ്ഞത് ജോപ്പന്‍, ജിക്കുമോന്‍, സലീം രാജ് എന്നിവരുടെ ഫോണ്‍വിളികളും ഇടപെടലുകളുമായിരുന്നു എന്ന് ടി സി മാത്യു മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം ഇതായിരുന്നു, "പ്രൈവറ്റ് കാര്യമായതുകൊണ്ട് എനിക്കിതില്‍ ഇടപെടാന്‍ കഴിയില്ല. ലക്ഷ്മിയെ എനിക്കറിയുകയുമില്ല (സരിത എസ് നായര്‍ ലക്ഷ്മിയെന്ന പേരിലാണ് ടി സി മാത്യുവിനെ ബന്ധപ്പെട്ടിരുന്നത്) ...... ജോപ്പന്‍ വളരെ നല്ല ആളാണ്. എപ്പോഴും എന്റെ കൂടെ കാണും. ജോപ്പന്‍ അങ്ങനെയൊന്നും ചെയ്യില്ല"". ശ്രീധരന്‍ നായരെ തന്റെ പേരുപയോഗിച്ചാണ് പറ്റിച്ചതെങ്കില്‍ അദ്ദേഹം ആദ്യം തന്നോടല്ലേ പരാതിപ്പെടേണ്ടത് എന്ന് ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ചോദിച്ചിരുന്നു.

സരിതയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുളള ബന്ധമടക്കം വെളിപ്പെടുത്തി മുഖ്യമന്ത്രിയോട് നേരിട്ടു പരാതി ധരിപ്പിക്കുകയാണ് ടി സി മാത്യു ചെയ്തത്. എന്നിട്ട് എന്തു നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്?

മൂന്ന്) മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിന്റെ പിറ്റേന്ന് ടി സി മാത്യുവിനെ ടെലിഫോണില്‍ വിളിച്ചു സരിത ഭീഷണിപ്പെടുത്തി. "ഇരുപത്തിനാലു മണിക്കൂറിനകം നിന്നെ അഴിയെണ്ണിക്കും. ഞാന്‍ ആരാണെന്നാണ് നീ വിചാരിച്ചത്? ഈ മന്ത്രിസഭ താഴെയിറക്കാനുളള കഴിവെനിക്കുണ്ട" എന്നൊക്കെയായിരുന്നു ഭീഷണി. മുഖ്യമന്ത്രിയും മാത്യുവും തമ്മില്‍ നടന്ന സംഭാഷണത്തിലെ വിഷയം എങ്ങനെയാണ് സരിത അറിഞ്ഞത്? മുഖ്യമന്ത്രിയെ കണ്ട കാര്യം നിഷേധിക്കാനൊരു വിഫലശ്രമം മാത്യു നടത്തി. അപ്പോഴാണ് ലക്ഷ്മി, മുഖ്യമന്ത്രിയില്‍ നിന്നുതന്നെയാണ് ഈ വിവരം തനിക്കു ലഭിച്ചത് എന്നു വെളിപ്പെടുത്തിയത്. ലക്ഷ്മിയെ അറിയില്ലെന്നു പറഞ്ഞത് കളളമായിരുന്നു. ലക്ഷ്മി എന്ന പേരില്‍ അറിയില്ലെങ്കിലും സരിത എന്ന പേരില്‍ അറിയാമായിരിക്കണമല്ലോ. മാത്യു മുഖ്യമന്ത്രിയെയും സഹധര്‍മ്മിണിയെയും അവിടെയുണ്ടായിരുന്ന ഡ്യൂട്ടി ഓഫീസറെയും ലക്ഷ്മിയുടെ ഫോട്ടോ കാണിച്ചു. എന്നിട്ടും സരിതയെ തിരിച്ചറിയാന്‍ ആര്‍ക്കുമായില്ലപോലും.

നാല്) മാര്‍ച്ച് 30ന് മുഖ്യമന്ത്രിയോടു നേരിട്ടു പരാതി പറഞ്ഞ് രണ്ടുമാസത്തോളം കാത്തിരുന്നതിനു ശേഷവും നടപടിയില്ലാത്തതിനാല്‍ ഒടുവില്‍ ടിസി മാത്യുവിന് കോടതിയെ സമീപിക്കേണ്ടി വന്നു. ജൂണ്‍ 1ന് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റു കോടതിയില്‍ അദ്ദേഹം കേസ് നല്‍കി. കോടതി നിര്‍ദ്ദേശപ്രകാരമാണ് ഈ കേസ് അന്വേഷിക്കുന്നത്. അതിനു ശേഷം ജൂണ്‍ 15ന് നേരിട്ട് രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതി എഡിജിപിയ്ക്ക് അയച്ചുകൊടുത്തത് എന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കാരണം, ഇതുവരെ ഒരന്വേഷണവും ഉണ്ടായിട്ടില്ല. പരാതി എഡിജിപിയ്ക്കും ടിസി മാത്യു നല്‍കിയിരുന്നു. മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലായിരിക്കെ തന്നെ സരിത തന്നോട് ഫോണില്‍ ബന്ധപ്പെട്ടു എന്ന് ടിസി മാത്യു വെളിപ്പെടുത്തിയതാണ്. ഇതും മുഖ്യമന്ത്രിയ്ക്ക് എഴുതി നല്‍കിയ പരാതിയിലുണ്ട്. ഒരു മാസത്തിനിടയില്‍ എന്തു നടപടിയുണ്ടായി?

ജൂലൈ 9, 2012

അഞ്ച്) ക്വാറിയുടമകള്‍ക്കൊപ്പമല്ലാതെ ശ്രീധരന്‍ നായരെ മറ്റെപ്പോഴെങ്കിലും കണ്ടിരുന്നുവോ? 2012 ജൂലൈ 9 ന് കണ്ടിരുന്നുവോ എന്ന നിയമസഭയിലെ എന്റെ ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം മുഖ്യമന്ത്രി പതറി നിന്നു. കണ്ടിട്ടില്ല എന്നുത്തരവും പറഞ്ഞു. പിന്നീട് ജൂലൈ ഒമ്പതിനു കണ്ടുവെന്നും അതു ക്വാറിയുടമകള്‍ക്കൊപ്പമായിരുന്നുവെന്നും വ്യാഖ്യാനം വന്നു. ഈ കേസിലെ ഏറ്റവും നിര്‍ണായകമായ തര്‍ക്കമാണിത്. സരിതയോടൊപ്പം ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ അന്നു കാണുകയും സോളാര്‍ പദ്ധതി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നുവെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തിനുളള പ്രത്യക്ഷ തെളിവാണ്. ശ്രീധരന്‍ നായരുടെ മൊഴി വിശ്വസിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന് ക്രെഡിബിലിറ്റി ഇല്ലെന്നുമാണ് മുഖ്യമന്ത്രി വാദിക്കുന്നത്. ക്രെഡിബിലിറ്റി ഇല്ല എന്ന വാദത്തിന് ആധാരമാക്കുന്നത് ഒറിജിനല്‍ പെറ്റീഷനില്‍ പറഞ്ഞതിന് വിരുദ്ധമാണ് 164 പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ കൊടുത്ത മൊഴി എന്നാണ്. ഒറിജിനല്‍ പെറ്റീഷനില്‍ പറഞ്ഞതിന് വിരുദ്ധമായി ഒരു കാര്യവും ശ്രീധരന്‍ നായര്‍ മജിസ്ട്രേറ്റിനു മുന്നില്‍ പറഞ്ഞിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. പക്ഷേ, ഈ രണ്ടു നടപടിയ്ക്കുമിടയില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നില്ല എന്ന ഒരു വിശദീകരണം അദ്ദേഹത്തിന്റെ പേരില്‍ പുറപ്പെടുവിക്കപ്പെടുകയുണ്ടായി. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി തന്റെ പണം തിരിച്ചുകിട്ടുമെന്നും കൂടുതല്‍ പൊല്ലാപ്പൊന്നുമില്ലാതെ പ്രശ്നം തീരട്ടെയെന്നുമുളള ചിന്തയില്‍ നിന്നാണ് ഇത്തരമൊരു വിശദീകരണക്കുറിപ്പിറക്കിയത് എന്ന് ശ്രീധരന്‍ നായര്‍ പറയുന്നു. എന്നാല്‍ ഒറിജിനല്‍ പെറ്റീഷനില്‍ മുഖ്യമന്ത്രിയോടും സംസാരിച്ചിരുന്നു എന്നത് വ്യാജമായി കൂട്ടിച്ചേര്‍ത്തതാണ് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ വക്കീലിനെയും അദ്ദേഹത്തിന്റെ ഗുമസ്തനെയും കേസില്‍പെടുത്താന്‍ ശ്രമിക്കുന്നതു കണ്ടപ്പോഴാണ് സത്യം, 164 പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ മൊഴിയായി കൊടുക്കാന്‍ തീരുമാനിച്ചത് എന്നദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ കണ്ടിട്ടുളളവരാരും ശ്രീധരന്‍ നായരുടെ മൊഴി അവിശ്വസിക്കില്ല. എന്നാല്‍ ആഭ്യന്തര മന്ത്രി പറയുന്നത് ഒരു ക്രെഡിബിലിറ്റിയുമില്ലാത്ത ശ്രീധരന്‍ നായരുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ നടപടിയെടുക്കില്ല എന്നാണ്. നിയമസഭയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

ശരിയായൊരന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്തിന്?

ആറ്) മുഖ്യമന്ത്രി പറയുന്നതാണോ ശ്രീധരന്‍ നായര്‍ പറയുന്നതാണോ ശരി എന്നതാണ് കണ്ടുപിടിക്കേണ്ടത്. സാഹചര്യത്തെളിവുകള്‍ മുഖ്യമന്ത്രിയ്ക്കെതിരാണ്. ജൂലൈ 9ന് മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച ഉറപ്പിച്ചിട്ടുണ്ടെന്നും സമയത്ത് എത്തണമെന്നും പറഞ്ഞ് സരിത എസ് നായര്‍, ശ്രീധരന്‍ നായര്‍ക്ക് അയച്ച ഇമെയില്‍ പുറത്തുവന്നിട്ടുണ്ട്. വ ജൂലൈ 9ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോപ്പന്റെ മുറിയില്‍ സരിതയും ശ്രീധരന്‍ നായരും സന്ധിച്ചുവെന്നും സോളാര്‍ പദ്ധതിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും പ്രത്യേക അന്വേഷണ സംഘങ്ങള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ജോപ്പന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ ഈ കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ടെന്നി ജോപ്പനും സരിതയും തമ്മില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചുനടത്തിയ കൂടിക്കാഴ്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് സ്ഥിരീകരിച്ചതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തത്. വ സരിതയും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടെ ശെല്‍വരാജ് എംഎല്‍എ ഉണ്ടായിരുന്നു. ഇപ്പോള്‍ നിഷേധിക്കുന്നുവെങ്കിലും, ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചു കണ്ടുവെന്ന് ശെല്‍വരാജ് സമ്മതിച്ചിട്ടുണ്ട്. ഈ പ്രസ്താവനയുടെ ഓഡിയോ റിക്കോര്‍ഡ് പത്രത്തിന്റെ കൈവശമുണ്ടെന്ന് ഔപചാരികമായി അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വ കൂടിക്കാഴ്ചയ്ക്ക് അവസാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു രണ്ടുലക്ഷം രൂപയുടെ ചെക്ക് സരിത നല്‍കി എന്ന് ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിനു ശേഷം നിയമസഭയില്‍ എ കെ ബാലന്‍ എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരമായി ഇത്തരമൊരു ചെക്ക് ലഭിച്ചതായി പത്താം തീയതി രേഖകളില്‍ ചേര്‍ത്തതായും എന്നാല്‍ പിന്നീട് ബൗണ്‍സ് ചെയ്യുകയും ചെയ്തതായി വെളിപ്പെടുത്തിയിട്ടുണ്ട്.

സത്യമറിയാന്‍

ഏഴ്) മേല്‍പ്പറഞ്ഞ സാഹചര്യത്തെളിവുകള്‍ വെച്ച് മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് വിധിക്കാമോ എന്ന ചോദ്യമുയര്‍ന്നേക്കാം. ഇതിനുത്തരം നല്‍കാന്‍ പറ്റുമായിരുന്നത് വെബ് കാമറയുടെയും സിസിടിവിയുടെയും റെക്കോര്‍ഡുകളാണ്. കഴിഞ്ഞ നവംബറില്‍ 24 മണിക്കൂറും തന്റെ ഓഫീസും ലൈവ് സ്ട്രീം ചെയ്യുന്നുണ്ടെന്നും ആര്‍ക്കെങ്കിലും മുന്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കണമെങ്കില്‍ അതാകാമെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത് വിഷ്വല്‍ മീഡിയ പ്രക്ഷേപണം ചെയ്യുകയുണ്ടായി. ഇന്ന് മുഖ്യമന്ത്രി പറയുന്നത്, വെബ് കാസ്റ്റ് ലൈവ് സ്ട്രീമിംഗ് മാത്രമാണ്. വെബ്കാമിലെ ദൃശ്യങ്ങള്‍ റെക്കോഡു ചെയ്താല്‍ സംസ്ഥാനത്തിനത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ്. ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു സൂക്ഷിക്കാന്‍ വെറും പതിനായിരം രൂപയുടെ ചെലവേ വരൂവെന്നാണ് ഇക്കാര്യങ്ങളില്‍ ധാരണയുളളവരുടെ അഭിപ്രായം. സിസി ടിവി ദൃശ്യങ്ങള്‍ പതിനാലു ദിവസം കഴിഞ്ഞാല്‍ ഓവര്‍റൈറ്റു ചെയ്യപ്പെട്ടു പോകുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന വ്യാഖ്യാനം. ഓവര്‍റൈറ്റു ചെയ്യപ്പെട്ടുപോയാലും അവ വീണ്ടെടുക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാണ് എന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനു കഴിഞ്ഞാല്‍ ഖണ്ഡിതമായി നമുക്കൊരുത്തരം നല്‍കാനാവും. വെബ് കാസ്റ്റിംഗ് സ്റ്റോറു ചെയ്യുന്നതിന്റെ അധികച്ചെലവ് വേണ്ടെന്നു വെച്ച് മുഖ്യമന്ത്രി ഇതിനുളള ചെലവു വഹിക്കാന്‍ തയ്യാറാകുമോ എന്നു സംശയമാണ്.

എട്ട്) അതുകൊണ്ട് ചെലവു കുറഞ്ഞ ഒരു നിര്‍ദ്ദേശം വെയ്ക്കട്ടെ. ശ്രീധരന്‍ നായര്‍ ഒമ്പതാം തീയതി തന്നെ കണ്ടത് വലിയൊരു സംഘം ക്വാറി ഉടമസ്ഥര്‍ക്കൊപ്പമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്വാറി ഉടമകളുടെ നിവേദനം സോളാര്‍ പദ്ധതികള്‍ക്കുളള ചര്‍ച്ചകള്‍ക്കു ശേഷം താന്‍ നല്‍കിയെന്ന് ശ്രീധരന്‍ നായരും സമ്മതിച്ചിട്ടുണ്ട്. പക്ഷേ താനും സരിതയും ജോപ്പനും മാത്രമേ മുറിയിലുണ്ടായിരുന്നുളളൂ എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. നിജസ്ഥിതി അറിയാനുളള പരിഹാരം ക്വാറി ഉടമസ്ഥ സംഘത്തിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ എത്ര ഫോണുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉളള ടവറിനു കീഴിലുണ്ടായിരുന്നു എന്നു പരിശോധിക്കുന്നതാണ്. സരിതയുടെ ഫോണും അവിടെയുണ്ടോ എന്നും നോക്കാവുന്നതാണ്. ക്വാറി ഉടമസ്ഥ നിവേദക സംഘം വലുതായിരുന്നുവെന്നും അവരുടെ ഇടയില്‍ സോളാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പറ്റുമോ എന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഈ ഉടമസ്ഥസംഘക്കാരുടെയെല്ലാം ഫോണ്‍ നമ്പര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ടവറിന്റെ പരിധിയിലുണ്ടെങ്കില്‍ അദ്ദേഹത്തിന് സംശയത്തിന്റെ ആനുകൂല്യം നല്‍കാം. അല്ലാത്തപക്ഷം മുഖ്യമന്ത്രി പറഞ്ഞത് കളളമാണ് എന്നു തെളിയുന്നു.

ഒമ്പത്) നുണപരിശോധനയ്ക്കു വിധേയനാകാന്‍ ശ്രീധരന്‍ നായര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അതു ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, എന്തുകൊണ്ട് ശ്രീധരന്‍ നായരുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുന്നില്ല.

അമ്പു കൊളളാത്തവരാര്?

പത്ത്) സരിതാ എസ് നായരുടെ കൂടുതല്‍ ഫോണ്‍വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഗ്രൂപ്പിലുളള ഏതാണ്ടെല്ലാ നേതാക്കളുമായി അവര്‍ക്ക് നിരന്തര ബന്ധമുണ്ടായിരുന്നു എന്നു തെളിഞ്ഞു. ആഭ്യന്തര മന്ത്രി മുതലുളള മന്ത്രിമാര്‍. വിഷ്ണുനാഥിനെയും സിദ്ദിഖിനെയും പോലുളള ഇളമുറക്കാര്‍. ഇവരൊക്കെ സരിത എസ് നായരുമായി ബന്ധം നിലനിര്‍ത്തിയതിന്റെ നിഷേധിക്കാനാവാത്ത തെളിവുകള്‍ പുറത്തുവന്നു. തിരുവഞ്ചൂരിന്റെയും അടൂര്‍ പ്രകാശിന്റെയും വെളിപ്പെടുത്തലുകള്‍ നിര്‍ണായകമായി. തന്റെ മണ്ഡലത്തിലുളള മറിയാമ്മ എന്ന സ്ത്രീയെ വഞ്ചിച്ച് സരിതാ എസ് നായര്‍ കുറെ പണം കൈക്കലാക്കിയെന്ന പരാതി കിട്ടിയതിനെ തുടര്‍ന്ന് പണം മടക്കിനല്‍കാന്‍ പ്രേരിപ്പിക്കാനാണ് താന്‍ അവരെ വിളിച്ചത് എന്നായിരുന്നു മന്ത്രി അടൂര്‍ പ്രകാശിന്റെ വിശദീകരണം. ഇതു മുഖവിലയ്ക്കെടുത്താലും അസ്വാഭാവികതയുണ്ട്. തട്ടിപ്പു കേസ് ഒതുക്കിത്തീര്‍ക്കാന്‍ സംസ്ഥാന മന്ത്രിയെന്തിന് മധ്യസ്ഥനാവണം? പരാതി പോലീസിന് കൈമാറി തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്യുകയല്ലേ ചെയ്യേണ്ടത്. തട്ടിപ്പുകേസില്‍പ്പെട്ട് ജയില്‍ശിക്ഷയനുഭവിച്ച ചരിത്രമുളള ആളെക്കുറിച്ചാണ് പരാതി. അങ്ങനെയൊരു ക്രിമിനലിനെക്കുറിച്ച് മന്ത്രിയ്ക്കു നേരിട്ടു പരാതി കിട്ടിയാല്‍ ഉടനെ ആ ക്രിമിനലിനെ മന്ത്രിതന്നെ നേരിട്ട് ഫോണ്‍ ചെയ്ത് തട്ടിച്ചെടുത്ത പണം മടക്കി നല്‍കാന്‍ ആവശ്യപ്പെടുന്നത് അവിശ്വസനീയമായ അനുഭവമാണ്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി വി കെ രവീന്ദ്രനുമായി സരിത നേരിട്ടു ബന്ധം പുലര്‍ത്തിയതിന് തെളിവു പുറത്തുവന്നിട്ടുണ്ട്. തിരുവഞ്ചൂര്‍ സരിതയെ ഫോണില്‍ വിളിച്ചത് 2012 മെയ് 23നാണ്. ആ ദിവസം സുപ്രധാനമാണ്. കണ്ണൂരിലെ ഒരു സംഘം ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സരിതയെ കസ്റ്റഡിയിലെടുക്കാന്‍ തലശേരി എസ്ഐ ബിജു ജോണും സംഘവും പുറപ്പെട്ടത് ഈ ദിവസമാണ്. തന്റെ മേലുദ്യോഗസ്ഥന്മാരെ അറിയിച്ച് അനുവാദം വാങ്ങിയശേഷമാണ് എസ്ഐയും സംഘവും യാത്ര തിരിച്ചത്. ഈ കേസില്‍ കണ്ണൂര്‍ ഡിവൈഎസ്പി സുകുമാരന്‍ ഇടനില നിന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുറത്തുവന്ന വിവരങ്ങളനുസരിച്ച് ഈ ഡിവൈഎസ്പിയും സരിതയുമായും നിരന്തരമായ ഫോണ്‍ബന്ധങ്ങളുണ്ട്. മേല്‍പറഞ്ഞ ദിവസം രാവിലെ സരിത തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഉച്ചയോടെ തിരുവഞ്ചൂര്‍ സരിതയെ തിരിച്ചു വിളിക്കുകയും ചെയ്തു. മാത്രമല്ല, ഈ ദിവസം മുതല്‍ മെയ് 30 വരെ തിരുവഞ്ചൂരിന്റെ പ്രൈവറ്റ് സെക്രട്ടറി സരിതയെ ഒട്ടേറെ തവണ വിളിച്ചിട്ടുണ്ട്, സരിത തിരിച്ചും. തിരുവഞ്ചൂര്‍ അവകാശപ്പെട്ടതുപോലെ മിസ്കോള്‍ കണ്ടു തിരിച്ചു വിളിച്ചതല്ല. തിരുവഞ്ചൂരും പ്രൈവറ്റ് സെക്രട്ടറിയും സരിതയുമായി എന്താണ് സംസാരിച്ചത് എന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ ഉമ്മന്‍ചാണ്ടി മടിക്കുന്നതുപോലെ നിഗൂഢമാണ് ഈ ടെലിഫോണ്‍ ബന്ധം. മേല്‍പ്പറഞ്ഞതെല്ലാം അതിരുകവിഞ്ഞ ഭാവനകളാണെന്നും യാഥാര്‍ത്ഥ്യം വ്യത്യസ്തമാണെന്നും മുഖ്യമന്ത്രിയ്ക്കു വാദിക്കാം. അതിനുളള എല്ലാ പൗരാവകാശവും അദ്ദേഹത്തിനുണ്ട്.

തനിക്ക് മുഖ്യമന്ത്രിയുടെ പോകട്ടെ, എംഎല്‍എയുടെ പോലും പരിഗണന വേണ്ട, ഒരു സാധാരണ പൗരന്റെ പരിഗണന മതി എന്നദ്ദേഹം പ്രസ്താവിച്ചു. സാധാരണ പൗരനായ മുഖ്യമന്ത്രിയ്ക്കു കിട്ടുന്ന പരിഗണന എന്തുകൊണ്ട് ജോപ്പനു കിട്ടുന്നില്ല? ജോപ്പന്‍ ജയിലഴിക്കുളളിലാണ്. അതേ പരാതിയില്‍ത്തന്നെ മുഖ്യമന്ത്രിയ്ക്കെതിരെയുളള പരാതിയുണ്ടായിട്ടും ഒരു വിശദീകരണം പോലും അന്വേഷണ സംഘം ആവശ്യപ്പെട്ടില്ല. അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തല്‍സ്ഥാനങ്ങളില്‍ നിന്നു മാറിനിന്ന് അന്വേഷണം നടത്തണം. ഞങ്ങളുടെ കാലത്ത് എന്തെങ്കിലും അസ്വാഭാവികത നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കുക. ഞങ്ങളാണ് ഗൂഢാലോചന നടത്തുന്നത് എന്നുണ്ടെങ്കല്‍ അതും അന്വേഷിക്കുക. സത്യം കണ്ടുപിടിക്കാനല്ല, സത്യം മറച്ചുവെയ്ക്കാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തു തുടരുന്നത്.

*
ഡോ. ടി. എം. തോമസ് ഐസക് ചിന്ത വാരിക

No comments: