Thursday, July 4, 2013

സൗരോര്‍ജ പദ്ധതി

സൗരോര്‍ജം (സോളാര്‍ എനര്‍ജി) എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ ഹിമാലയന്‍ തട്ടിപ്പാണ് ഓര്‍മയില്‍ വരുന്നത്. ഭീമമായ ഊര്‍ജപ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ഭാവിഊര്‍ജാവശ്യങ്ങള്‍ക്ക് വലിയൊരു പരിധിവരെ പരിഹാരമാകുന്ന ഊര്‍ജസ്രോതസ്സാണ് സൗരോര്‍ജം. പക്ഷേ, നമ്മുടെ ഭരണാധികാരികളുടെ പണക്കൊതിയുടെയും അഴിമതിയുടെയും അവിഹിത ഇടപാടുകളുടെയും ഫലമായി സൗരോര്‍ജം ഏതോ അവിശുദ്ധവസ്തുവാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സൗരോര്‍ജ ഉല്‍പ്പാദനത്തിന്റെ രീതികളോ അതിന്റെ സാധ്യതകളോ വേണ്ടത്ര പ്രചരിപ്പിക്കപ്പെടാത്ത സാഹചര്യത്തില്‍ ഇതുപയോഗിച്ച് അഴിമതി നടത്താനും കൊള്ളലാഭം ഉണ്ടാക്കാനും തട്ടിപ്പുകാര്‍ നടത്തിയ ശ്രമമാണ് സൗരോര്‍ജ പ്രതിഭാസത്തെ ഭയപ്പാടോടെ കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. തട്ടിപ്പുസംഘത്തിന് എല്ലാ ഒത്താശയുംചെയ്ത് മുഖ്യമന്ത്രിയുടെ ഓഫീസ്തന്നെ പ്രവര്‍ത്തിച്ചപ്പോള്‍ തട്ടിപ്പുകാര്‍ക്ക് ജനങ്ങളെ കബളിപ്പിക്കാനും വന്‍കൊള്ള നടത്താനും കഴിഞ്ഞു. ചുരുക്കത്തില്‍, കേരളത്തിന്റെ ഭാവിപ്രതീക്ഷയും ആശ്രയവുമാകുമായിരുന്ന പദ്ധതിയുടെ നല്ല വശങ്ങളെ ഇല്ലാതാക്കുന്ന അന്തരീക്ഷമുണ്ടാക്കിയത് എല്ലാ തട്ടിപ്പിനും അരുനിന്ന മുഖ്യമന്ത്രിയും ഭരണാധികാരികളും അവരുടെ കൂട്ടാളികളുമാണ്. ജനജീവിതത്തിനു മാത്രമല്ല, കേരളത്തിന്റെ വികസനത്തിനും സഹായകമാകേണ്ട പദ്ധതിയെ തട്ടിപ്പിന്റെ പര്യായമാക്കി അധഃപതിപ്പിച്ച ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും കേരളവും ഭാവിതലമുറയും മാപ്പുനല്‍കില്ല.

സൂര്യനില്‍നിന്നുള്ള ഊര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയാണ് സൗരോര്‍ജ പദ്ധതി. താപ-ആണവനിലയങ്ങള്‍ സംബന്ധിച്ച ആശങ്കകളോ പാരിസ്ഥിതിക പ്രത്യാഘാതങ്ങളോ ഒന്നുമില്ലാതെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതി. മഴയുടെയും ജലലഭ്യതയുടെയും ഭീതിജനകമായ കുറവും താപ- ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ വിലക്കൂടുതലും വികിരണപ്രശ്നങ്ങളുമൊക്ക കണക്കിലെടുക്കുമ്പോള്‍ ഏറ്റവും സ്വീകാര്യമായ ഒരു ബദല്‍ വൈദ്യുതോല്‍പ്പാദന സ്രോതസ്സായി ചൂണ്ടിക്കാണിക്കപ്പെടുന്നതാണ് സൗരോര്‍ജം. ചൈന, അമേരിക്ക, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുമാണിത്. ജര്‍മനി 30,000 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള സൗരോര്‍ജ പ്ലാന്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. അവരുടെ വൈദ്യുതിയാവശ്യത്തിന്റെ അഞ്ചിലൊന്ന് ഇതില്‍നിന്നാണ് കണ്ടെത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നമ്മുടെ രാജ്യത്തും കേരളത്തിലും വിജയകരമായി നടപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ചാല്‍ അടുത്ത രണ്ടുമൂന്നു വര്‍ഷംകൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വീടുകള്‍ക്കും ആവശ്യമായ വൈദ്യുതി സൗരോര്‍ജ പ്ലാന്റുകള്‍ വഴി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ നമുക്ക് ആവശ്യമുള്ളതിന്റെ 40 ശതമാനം വൈദ്യുതിമാത്രമാണ് നാം ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി കണ്ടെത്തുന്നത് കേന്ദ്രവിഹിതത്തില്‍നിന്നും പുറമെനിന്ന് വാങ്ങിയുമാണ്. പുറമെനിന്ന് വാങ്ങുന്ന വൈദ്യുതിക്കാകട്ടെ വലിയ വില നല്‍കേണ്ടിവരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗരോര്‍ജത്തിന്റെ സാധ്യതകള്‍ക്ക് പ്രസക്തിയേറുന്നത്.

പ്രതിവര്‍ഷം ശരാശരി 300 ദിവസമെങ്കിലും നല്ല സൂര്യപ്രകാശം നമുക്ക് ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് 85 ലക്ഷത്തോളം വീടുകളുണ്ടെന്നാണ് കണക്ക്. വീടുകള്‍ക്കു പുറമെ സ്കൂളുകള്‍, ഓഫീസുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാം. പാറശാല മുതല്‍ മഞ്ചേശ്വരംവരെ 700 കിലോമീറ്ററോളം ദൂരം വരുന്ന ദേശീയപാതയിലും തിരുവനന്തപുരം മുതല്‍ അങ്കമാലിവരെ എംസി റോഡിലെ 240 കിലോമീറ്റര്‍ റോഡിലും ആയിരക്കണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അനുബന്ധ റോഡുകളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവും. ഇതിനു പുറമെ നമ്മുടെ കായലുകള്‍, റിസര്‍വോയറുകള്‍ എന്നിവിടങ്ങളില്‍ ചങ്ങാടങ്ങളിട്ട് അവയില്‍ പാനല്‍ സ്ഥാപിക്കാം. ഇടുക്കി ഡാമിന് 60 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഇതിന്റെ മൂന്നിലൊന്ന് സ്ഥലത്ത് പാനല്‍ സ്ഥാപിച്ചാല്‍ 2000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു കിലോവാട്ട് സൗരോര്‍ജ പാനലും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാന്‍ ശരാശരി രണ്ടുലക്ഷം രൂപയാണ് ചെലവുവരുന്നത്. ഇതില്‍ കേന്ദ്രത്തില്‍നിന്ന് 53,262 രൂപയും സംസ്ഥാനത്തുനിന്ന് 39,000 രൂപയുമടക്കം മൊത്തം 92,262 രൂപ സബ്സിഡി ലഭിക്കും. അതായത് മൊത്തം ചെലവിന്റെ പകുതി മാത്രമേ സൗരോര്‍ജ പാനല്‍ സ്ഥാപിക്കാന്‍ ഒരു കുടുംബം മുടക്കേണ്ടി വരികയുള്ളൂ.

അനര്‍ട്ടിന്റെ പട്ടികയില്‍പ്പെടുത്തിയ 24 കമ്പനികളില്‍ നിന്ന് പാനല്‍ വാങ്ങണമെന്നുമാത്രം. ഒരു കിലോവാട്ട് പാനല്‍ സ്ഥാപിക്കാന്‍ 10 ചതുരശ്ര മീറ്റര്‍ സ്ഥലം മതി. ഇത് വീടിനു മുകളില്‍ സ്ഥാപിച്ചാല്‍ പ്രതിദിനം 3-4 യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാനാവും. വര്‍ഷം ശരാശരി 1000-1200 യൂണിറ്റ്. മാസം 100 യൂണിറ്റ് മാത്രം ഉപയോഗിക്കുന്ന വീടുകള്‍ക്ക് കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങുകയേ വേണ്ടിവരില്ലെന്നര്‍ഥം. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കും അത് ആവശ്യമുള്ളവര്‍ക്കും കൂടുതല്‍ ശേഷിയുള്ള സൗരോര്‍ജ പാനല്‍ സ്ഥാപിക്കാവുന്നതാണ്. ഈ വൈദ്യുതി ബാറ്ററിയില്‍ ശേഖരിച്ചുവച്ച് രാത്രിയിലും ഉപയോഗിക്കാം. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വേണമെങ്കില്‍ കെഎസ്ഇബിയുടെ ലൈനിലേക്കും കൊടുക്കാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ ഈ വൈദ്യുതിയുടെ അളവ് കുറച്ചതിനു ശേഷമുള്ള വൈദ്യുതിക്കുമാത്രം ഉപയോക്താവ് കെഎസ്ഇബിക്ക് പണം നല്‍കിയാല്‍ മതി. കൂടുതല്‍ വൈദ്യുതി ലൈനിലേക്കു കൊടുത്താല്‍ അതിന്റെ വില ഉപയോക്താവിന് കെഎസ്ഇബിയില്‍നിന്ന് ലഭിക്കുകയുംചെയ്യും. ചുരുക്കത്തില്‍ ഓരോ വീടും വൈദ്യുതി ഉല്‍പ്പാദന കേന്ദ്രമാക്കാന്‍ കഴിയുന്ന അത്യന്തം ഭാവനാപൂര്‍ണമായ പദ്ധതിയാണിത്. എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ 30 ലക്ഷം വീടുകളില്‍ ഇന്‍വെര്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്‍വെര്‍ട്ടറുകളിലും സൗരോര്‍ജം ഉപയോഗിക്കാം. നിലവില്‍ ഉപയോഗിക്കുന്ന ഇന്‍വെര്‍ട്ടറും ബാറ്ററിയും തന്നെ ഇതിനു മതിയാകും. ഇങ്ങനെ ചെയ്താല്‍ വൈദ്യുതി ഉപയോഗം കൂടുതലുള്ള പീക്ക് സമയത്ത് കെഎസ്ഇബിക്ക് 300 മെഗാവാട്ട് ലാഭിക്കാനാവും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യുപിഎസുകളിലും സൗരോര്‍ജം ഉപയോഗിക്കാന്‍ കഴിയും. ചുരുക്കത്തില്‍ അക്ഷയഖനിയായ സൗരോര്‍ജം ദീര്‍ഘവീക്ഷണത്തോടെ കുറ്റമറ്റ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ 2020 ആവുമ്പോഴേക്കെങ്കിലും നമ്മുടെ വൈദ്യുതിആവശ്യകതയുടെ ബഹുഭൂരിപക്ഷവും ഇതുവഴി നിവര്‍ത്തിക്കാനാവും. അതിന് പ്രതിജ്ഞാബദ്ധതയോടെ പദ്ധതി നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടാകണം. സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ഉപാധിയായി ഇതിനെ കാണാന്‍ പാടില്ല.

സൗരോര്‍ജ പാനല്‍ തട്ടിപ്പു നടത്തിയവരെയും അതിനു കൂട്ടുനിന്നവരെയും സൗകര്യങ്ങള്‍ ചെയ്തുകൊടുത്തവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം; അവര്‍ എത്ര ഉന്നതരായാലും. അങ്ങനെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ആശങ്കകള്‍ ഇല്ലാതാക്കാന്‍ കഴിയണം. നാടിന്റെയും ജനങ്ങളുടെയും ഭാവിക്ക് ഏറ്റവും അനുയോജ്യമായ ഊര്‍ജസ്രോതസ്സാണ് സൗരോര്‍ജ പദ്ധതി എന്ന ബോധം ജനങ്ങളില്‍ രൂഢമൂലമാക്കാന്‍ കഴിയണം. അതിന് പദ്ധതിയുടെ നല്ല വശങ്ങളെപ്പറ്റി വ്യാപകമായ ബോധവല്‍ക്കരണം നടത്തണം. മഴവെള്ളക്കൊയ്ത്തിന്റെ ഭാഗമായി പുതുതായി പണിയുന്ന വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരത്തെ മഴവെള്ള സംഭരണി നിര്‍ബന്ധമാക്കിയതുപോലെ സൗരോര്‍ജ പാനലുകളും നിര്‍ബന്ധമാക്കുന്നതിനെപ്പറ്റിയും സര്‍ക്കാരിന് ആലോചിക്കാവുന്നതാണ്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി

1 comment:

ajith said...

വളരെ യുക്തമായ ലേഖനം