Wednesday, July 17, 2013

കുത്തകകളുടെ തൊഴിലാളി "സ്നേഹം"

വാള്‍മാര്‍ട്ട്, ഹോം ഡിപ്പോ, മക്ഡൊണാള്‍ഡ്, ടാക്കൊബെല്‍ തുടങ്ങിയ അമേരിക്കയിലെ പ്രമുഖ വ്യാപാരസ്ഥാപനങ്ങള്‍ തങ്ങളുടെ തുച്ഛവേതനക്കാരായ തൊഴിലാളികളുടെ മണിക്കൂര്‍കൂലി ഡെബിറ്റ് കാര്‍ഡായി നല്‍കുന്നത് ഇതിനോടകം വിവാദമായിട്ടുണ്ട്. കൂലി ബാങ്ക് ചെക്കായി നല്‍കുകയോ നേരിട്ട് ബാങ്കില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നതിനുപകരം എടിഎം മെഷീനില്‍ ഉപയോഗിക്കാവുന്ന കാര്‍ഡുകളാണ് നല്‍കുന്നത്. ചെറിയ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്കും അക്കൗണ്ട്തന്നെ ഇല്ലാത്തവര്‍ക്കുമാണ് ഇത്തരം കാര്‍ഡുകള്‍ നല്‍കുന്നത്. മുന്‍കൂറായി പണം നിക്ഷേപിച്ചിട്ടുള്ള ഇത്തരം കാര്‍ഡുകള്‍ എടിഎം കൗണ്ടറില്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാം. ഇത്തരം പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുകള്‍ പരമ്പരാഗത ബാങ്ക് അക്കൗണ്ടുകളേക്കാള്‍ കൂടുതല്‍ ഫീസ് ഈടാക്കി ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

വിവിധ കമ്പനികളുടെ ഇത്തരം പ്രീപെയ്ഡ് കാര്‍ഡുകളെക്കുറിച്ച് കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട് എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍കണ്ടെത്തിയത് 2.95 മുതല്‍ 9.95 ഡോളര്‍വരെ മാസവരിസംഖ്യയായി ഉപയോക്താവില്‍നിന്ന് ഈടാക്കുന്നുവെന്നാണ്. പണം പിന്‍വലിച്ചശേഷം എടിഎമ്മില്‍ ബാലന്‍സ് പരിശോധിക്കുന്നതിനുപോലും 0.45 മുതല്‍ ഒരു ഡോളര്‍വരെ ഈടാക്കുന്നു. ചില ബാങ്കുകള്‍ ഒറ്റത്തവണ തുക പിന്‍വലിക്കുന്നതിന് 1.75 ഡോളറും സ്റ്റേറ്റ്മെന്റ് പ്രിന്റ് എടുക്കുന്നതിന് 2.95 ഡോളറുമാണ് ഈടാക്കുന്നത്. ആറ് ഡോളറാണ് കാര്‍ഡ് പുതുക്കി നല്‍കുന്നതിന്. നിശ്ചിത സമയത്തിനകം കാര്‍ഡിലെ തുക ചെലവഴിച്ചില്ലെങ്കില്‍ ഏഴുഡോളര്‍ ഈടാക്കിയാണ് അതു പുതുക്കി നല്‍കുന്നത്. സ്വന്തമായി ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് കഴിയാത്തവരും ബാങ്കുമായി ഒരു ബന്ധവുമില്ലാത്തവരുമായ വലിയൊരു വിഭാഗം ജനങ്ങളാണ് ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരിലേറെയും. അമേരിക്കയിലെ 28.3 ശതമാനം കുടുംബങ്ങള്‍ തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മുഖ്യധാരാ ബാങ്കുകളിലൂടെയല്ല നടത്താറുള്ളത്. ഇവരാണ് ചെറിയ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ അല്ലെങ്കില്‍ ബാങ്കുമായി ഒരു ബന്ധവുമില്ലാത്ത വിഭാഗം എന്ന് അറിയപ്പെടുന്നത് . ഈ വിഭാഗം ജനങ്ങളുടെ സംഖ്യ വര്‍ധിച്ചുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നത്.

നാലുവര്‍ഷം മുമ്പ് ഒന്‍പത് മില്യണ്‍ കുടുംബങ്ങള്‍ ബാങ്കുമായി ഒരു രീതിയിലുമുള്ള ഇടപാടും നടത്താറില്ലായിരുന്നുവെങ്കില്‍ ഇന്നത് 10 മില്യണായി. മറ്റൊരു 24 മില്യണ്‍ കുടുംബങ്ങള്‍ ചെറിയ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍പോലും പ്രീപെയ്ഡ് പോലെയുള്ള മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. വേതനം പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുകളിലേക്കു മാറ്റുന്നതുമൂലം തൊഴിലാളികള്‍ക്ക് വലിയതുക പലവിധ ബാങ്കിങ് ഫീസുകളായി നല്‍കേണ്ടിവരുന്നു. ഇങ്ങനെ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന വിഭാഗത്തിന്റെ നല്ലൊരു സംഖ്യയാണ് ബാങ്കുകള്‍ തട്ടിയെടുക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഓവര്‍ ഡ്രാഫ്റ്റുകള്‍ക്കും മറ്റും ബാങ്കുകള്‍ വസൂലാക്കിയിരുന്ന നിരവധി ഫീസുകള്‍ നിര്‍ത്തലാക്കി ഒബാമ ഭരണകൂടം ഉപയോക്താക്കളെ സംരക്ഷിക്കുന്നുണ്ട്. ആ വിധത്തില്‍ ബാങ്കുകള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം കുറയ്ക്കുന്നതിനാണ് ഒരു ഉപഭോക്തൃസംരക്ഷണനിയമവും ബാധകമല്ലാത്ത പാവങ്ങളുടെ തുച്ഛമായ ശമ്പളം കവരുന്നത്. പ്രമുഖ ബാങ്കിങ് ഗ്രൂപ്പുകളായ സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക എന്നിവര്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്്. എന്നാല്‍, ഈ കമ്പനികള്‍ അവകാശപ്പെടുന്നത് ശമ്പളം പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡായോ അല്ലെങ്കില്‍ പഴയ രീതിയില്‍ ചെക്ക് ആയോ മതി എന്ന് തീരുമാനിക്കാന്‍ തൊഴിലാളികള്‍ക്ക് അവസരമുണ്ടെന്നാണ്. എന്നാല്‍, ഈ അവകാശവാദം കമ്പനി രേഖകളില്‍ മാത്രമൊതുങ്ങുന്നു എന്നാണ് തൊഴിലാളികളും ഉപഭോക്തൃ സമിതികളും പറയുന്നത്. ഏറ്റവും കുറഞ്ഞ വേതനം പറ്റുന്ന തൊഴിലാളികള്‍ക്ക് തങ്ങളുടെ പ്രതിഫലം കൈയിലെത്തണമെങ്കില്‍ അതിനും നിരവധി ഫീസുകള്‍ നല്‍കേണ്ടി വരുന്നു. സ്വന്തം ശമ്പളം കിട്ടാന്‍പോലും പണം ചെലവാക്കേണ്ട ദയനീയാവസ്ഥ. അമേരിക്കയിലെ 25 സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കമ്പനികള്‍ക്ക് പേപ്പര്‍ ചെക്ക് നിര്‍ത്തലാക്കാനും പകരം പ്രീപെയ്ഡ് കാര്‍ഡുകള്‍ നല്‍കാനും നിയമപരമായി കഴിയും. ഇങ്ങനെ പേ ചെക്കിനുപകരം പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുകള്‍ തൊഴിലാളികള്‍ക്കു നല്‍കുന്നത് ന്യൂയോര്‍ക്ക്് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

*
റജി പി ജോര്‍ജ് (ന്യൂയോര്‍ക്ക്) ദേശാഭിമാനി

No comments: