Monday, July 8, 2013

രക്ഷപ്പെടാന്‍ സിബിഐ മതിയാകുമോ?

സോളാര്‍ തട്ടിപ്പുകേസിലെ പൊലീസ് അന്വേഷണം കുറ്റവാളികള്‍ക്കുള്ള രക്ഷാപ്രവര്‍ത്തനമായി മാറിയിരിക്കുന്നു. ഭരണകക്ഷിക്കും സര്‍ക്കാരിനും ഹിതകരമല്ലാത്ത വസ്തുതകള്‍ മറച്ചുവയ്ക്കാനും തെളിവുകള്‍ നശിപ്പിക്കാനും വെറുമൊരു പെണ്‍വിഷയമോ സദാചാരപ്രശ്നമോ ആക്കി കേസിനെ ദുര്‍ബലപ്പെടുത്താനുമാണ് പ്രത്യേക അന്വേഷണസംഘം ആസൂത്രിതമായി ശ്രമിക്കുന്നത്. യുഡിഎഫിനോട് കൂറും എന്തുംചെയ്യാനുള്ള മാനസികാവസ്ഥയുമുള്ള ഡിവൈഎസ്പിമാരെ തെരഞ്ഞുപിടിച്ചാണ് സംഘം രൂപീകരിച്ചത്. സംഘത്തലവനായി നിയോഗിച്ച എഡിജിപി ഹേമചന്ദ്രനാകട്ടെ, നിഷ്പക്ഷവും നീതിപൂര്‍വകവുമായാണ് അന്വേഷണം മുന്നോട്ടുപോകുന്നത് എന്നതിന്റെ ഒരു സൂചനയും ഇതുവരെ നല്‍കിയിട്ടില്ല. പുറത്തുനിന്ന് നോക്കുന്ന ഏതൊരാള്‍ക്കും വായിച്ചെടുക്കാനാകുന്ന അനാസ്ഥയും ഒഴിവാക്കലും അലസതയും വളഞ്ഞവഴികളും അന്വേഷണത്തെ വികൃതമാക്കുകയാണ്. ക്രിമിനല്‍ നടപടിക്രമങ്ങളും നിയമത്തിന്റെ പ്രാഥമികപാഠങ്ങളും അന്വേഷണസംഘം വിസ്മരിക്കുന്നു. കുറ്റവാളികളാണെന്ന് നിസ്സംശയം ജനങ്ങള്‍ക്ക് ബോധ്യമായ പലരും സ്വതന്ത്രരായി അന്വേഷണസംഘത്തിനുമുന്നില്‍ വിഹരിക്കുന്നു. ഏതാനും അറസ്റ്റുകളുണ്ടായത് ഗത്യന്തരമില്ലാതെയാണ്.

പ്രധാന പ്രതികളിലൊരാളായ സരിത നായരുമായി നിരന്തരം ഫോണ്‍ബന്ധം പുലര്‍ത്തിയവരെയാകെ അറസ്റ്റുചെയ്താല്‍, കെപിസിസി യോഗം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേ ചേരാന്‍ കഴിയൂ. സമയത്തും അസമയത്തും സരിതയെ വിളിച്ചതും കൊഞ്ചിയതും കൂടെപ്പോയതും അത്തരക്കാരുടെ സദാചാരത്തിന്റെ പ്രശ്നം. അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ സരിതാബന്ധത്തിന്റെ ഒരു ഭാഗംമാത്രമാണത്. അതിനപ്പുറം, അധികാരത്തിന്റെ ഇടനാഴികളിലൂടെ അഴിമതിയുടെ വിസ്തൃതപാതയിലേക്ക് സരിതയെ കൈപിടിച്ച് നടത്തിയവരുണ്ട്. തട്ടിപ്പുകാരിയാണ്, അഴിമതിക്കാരിയാണ് എന്നറിഞ്ഞുകൊണ്ട് സരിതയെ സ്വീകരിച്ചിരുത്തുകയും ആ തട്ടിപ്പില്‍ പങ്കാളികളാവുകയും അതിന്റെ പങ്കുപറ്റി സ്വസ്ഥമായി കഴിയുകയും ചെയ്യുന്ന അക്കൂട്ടരില്‍ ആരെയും ഹേമചന്ദ്രന്റെ ദൗത്യസംഘം തൊട്ടിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തം ഫോണില്ലാത്തതുകൊണ്ട് സരിതയുമായി ബന്ധംപുലര്‍ത്തിയിട്ടില്ല എന്ന ന്യായം, അധികാരികളുടെ പാദസേവയാണ് ഔദ്യോഗിക കൃത്യനിര്‍വഹണമെന്ന് തെറ്റിദ്ധരിച്ച തണ്ടെല്ലില്ലാത്ത പൊലീസുകാര്‍ക്കുമാത്രം ദഹിക്കുന്നതാണ്. മന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും വിളിക്കുകയും ഉമ്മന്‍ചാണ്ടിക്ക് ചുറ്റുമുള്ള സകലരുമായും ഗാഢബന്ധം പുലര്‍ത്തുകയും ചെയ്ത സരിത, ഉമ്മന്‍ചാണ്ടിയെമാത്രം ഒഴിവാക്കി എന്നുപറയുന്നതിന്റെ യുക്തി അന്വേഷണസംഘം വിശദീകരിച്ചുതന്നെ പോകേണ്ടിവരും.

ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ അധീനതയിലുള്ള ഓഫീസ് ഗൂഢാലോചനയുടെയും അഴിമതിപ്പണം കൈമാറുന്നതിന്റെയും അശ്ലീലത്തിന്റെയും വേദിയായി എന്ന് കുറ്റവാളികള്‍ സമ്മതിച്ചുകഴിഞ്ഞു. ടെന്നി ജോപ്പന്‍ എന്ന പ്രതിയെയും സരിത നായരെയും അവിടെ കൊണ്ടുപോയി തെളിവെടുക്കുക എന്നത് കേസിന്റെ ഒഴിച്ചുകൂടാനാകാത്ത നടപടിയാണ്. എന്തേ അന്വേഷണസംഘം അതിന് തയ്യാറാകുന്നില്ല? തട്ടിപ്പുമായി അഭേദ്യബന്ധമുണ്ടെന്ന് തെളിഞ്ഞ ജിക്കുമോന്‍, തോമസ് കുരുവിള, സലിംരാജ് തുടങ്ങിയവരെയൊന്നും എന്തുകൊണ്ട് അറസ്റ്റുചെയ്യുന്നില്ല? ഫോണ്‍കോളുകളാണ് തെളിവുകളിലേക്ക് നയിക്കുന്നതെന്നിരിക്കെ ശാലുമേനോന്‍, ബിജു രാധാകൃഷ്ണന്‍, ഉമ്മന്‍ചാണ്ടിയുടെ സഹായികള്‍ തുടങ്ങിയവരുടെ ഫോണ്‍രേഖകള്‍ എന്തുകൊണ്ട് പരിശോധിക്കുന്നില്ല?

കുറ്റംചെയ്തതായി സംശയിക്കപ്പെടുന്നവരുടെ പട്ടികയിലുള്ള എല്ലാവരും അളവറ്റ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ കോടീശ്വരന്മാരായവരാണവര്‍. എവിടെനിന്ന് വന്നു പണമെന്ന് അന്വേഷിക്കാനുള്ള ബാധ്യത പൊലീസിനില്ലേ? എന്തുകൊണ്ട് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നില്ല? കൊലപാതകക്കേസിലെ പ്രതിയായ തട്ടിപ്പുകാരനെ രക്ഷപ്പെടാന്‍ അനുവദിച്ചതും അയാള്‍ക്ക് ഉപയോഗിക്കാന്‍ സ്വന്തം മൊബൈല്‍ഫോണ്‍ നല്‍കിയതും ശാലുമേനോനാണ്. തട്ടിപ്പുപണത്തിന്റെ പ്രധാന ഗുണഭോക്താവുകൂടിയാണവര്‍. അതൊക്കെ സാമാന്യബുദ്ധിയുള്ള ജനങ്ങള്‍ക്ക് മനസ്സിലായിട്ട് നാളേറെയായി. പക്ഷേ, പ്രത്യേക പൊലീസ്സംഘത്തിന് നടിയെ അറസ്റ്റുചെയ്യാന്‍ കോടതിയുടെ ഇടപെടല്‍ വേണ്ടിവന്നു. കസ്റ്റഡിയിലെടുത്ത നടിക്ക് ആഡംബരയാത്രയാണ് ഒരുക്കിയത്. ആഭ്യന്തരമന്ത്രിയുടെ പരിചയക്കാരിയെ ഇത്തരത്തില്‍ പരിചരിക്കണമെന്ന് തീരുമാനിച്ച അന്വേഷണസംഘ തലവനെ നിഷ്പക്ഷനെന്നും നീതിനിഷ്ഠനെന്നും വിളിക്കാനാകുമോ? കണ്ണൂര്‍ ജയിലില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുംവഴി വാഹനം കേടായപ്പോള്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പകരം വാഹനത്തില്‍ കയറ്റിയതിന്റെ പേരില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കിയതും അവര്‍ ഇപ്പോഴും പുറത്തുനില്‍ക്കുന്നതും ജനങ്ങള്‍ മറന്നിട്ടില്ല.

തട്ടിപ്പ് സോളാര്‍പാനലും കടന്ന് വിമാനത്താവളനിര്‍മാണത്തിന്റെയും ഭൂമാഫിയയുടെയും തലത്തിലെത്തിയതായാണ് വാര്‍ത്ത. സരിത നായരുടെ ഉന്നതബന്ധങ്ങള്‍ കണ്ട് അന്തംവിട്ടുപോയെന്ന് സീരിയല്‍ നടി പറഞ്ഞപ്പോള്‍, അക്കാര്യം കൂടുതല്‍ മിണ്ടരുതെന്ന് അന്വേഷകര്‍ വിലക്കിയതായാണ് വാര്‍ത്ത. എല്ലാ ബന്ധങ്ങളും പുറത്തുവരണം. അവിഹിതത്തിന്റെയും അശ്ലീലത്തിന്റെയും മറയ്ക്കുള്ളിലെ സാമ്പത്തികത്തട്ടിപ്പുകളും അഴിമതിയും ജനങ്ങള്‍ അറിയണം. അതിന് തടസ്സം നില്‍ക്കുന്നതാണ് പൊലീസ് അന്വേഷണം. ഇതെല്ലാമായിട്ടുപോലും മൂടിവയ്ക്കാന്‍ പറ്റാത്ത പലതും പുറത്തുവന്നുകഴിഞ്ഞു; പലതും വരാനിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്, അന്വേഷണം സിബിഐയെ ഏല്‍പ്പിച്ച് സര്‍ക്കാരിലെ ഉന്നതരടക്കമുള്ള കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢാലോചന അരങ്ങേറുന്നത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കമുള്ളവര്‍ തട്ടിപ്പില്‍ പങ്കാളികളാണെന്ന് തെളിയാന്‍ ഇനി ഒരന്വേഷണം വേണ്ട. ഓരോരുത്തരുടെയും പങ്കാളിത്തം എത്ര? നേട്ടങ്ങള്‍ എത്ര? തട്ടിപ്പിന്റെ വ്യാപ്തി എവിടംവരെ? കൂട്ടുപ്രതികള്‍ ആരൊക്കെ? എന്നിത്യാദി കാര്യങ്ങളാണ് ഇനി കണ്ടെത്താനുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായ കേരള പൊലീസില്‍നിന്ന് മാറ്റി, കേന്ദ്ര സര്‍ക്കാരിനുവേണ്ടി എന്തുംചെയ്യാന്‍ തയ്യാറുള്ള സിബിഐയെ അന്വേഷണം ഏല്‍പ്പിച്ചാല്‍, കുറ്റവാളികളുടെ മുഖം ഒരിക്കലും പുറത്തുവരില്ല. അതുകൊണ്ടാണ്, സ്വതന്ത്രവും നീതിനിഷ്ഠവുമായ ജുഡീഷ്യല്‍ അന്വേഷണംതന്നെവേണമെന്ന ആവശ്യത്തിന് പ്രസക്തി വര്‍ധിക്കുന്നത്. അതിനെ എതിര്‍ക്കുന്നവര്‍, ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും അധികാരകാലം കഴിയുമ്പോള്‍ കേരളം അറബിക്കടലിലേക്ക് ഉള്‍വലിയുമെന്ന് കരുതുന്നുണ്ടാകാം. ഹേ പമ്പരവിഡ്ഢികളേ എന്ന് അവരെ അഭിസംബോധന ചെയ്യാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലെ ഓരോ പൗരനും നിശ്ചയമായുമുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: