Saturday, July 6, 2013

മടങ്ങിവരാത്ത യാത്രികന്‍ - ചിന്ത രവിയെപ്പറ്റി ഒരു ഓര്‍മ്മക്കുറിപ്പ്

യാത്രകളെ സ്വകാര്യാനുഭവങ്ങളാക്കി ചുരുക്കാതെ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമെല്ലാം മറ്റുള്ളവര്‍ക്കായി പറഞ്ഞുവച്ച യാത്രികന്‍ കടന്നുപോയിട്ട് രണ്ടുവര്‍ഷം. ചിന്ത രവിയെന്ന ചുരുക്കപ്പേരില്‍ ലോകമറിഞ്ഞ, ലോകത്തെയറിഞ്ഞ അദ്ദേഹം എന്തായിരുന്നില്ല എന്നു പറയാനാവും വിഷമം. കാഴ്ചയേക്കാള്‍ മനുഷ്യരുടെ ജീവിതം പറയാനായിരുന്നു ആ യാത്രാകുറിപ്പുകള്‍ നീക്കിവച്ചത്. ജീവിതത്തിന്റെ ആദിമസംസ്കൃതികളില്‍ തുടങ്ങി, ചരിത്രവും സംസ്കാരവും നരവംശശാസ്ത്രവും രാഷ്ട്രീയവും സാമൂഹ്യവുമായ സര്‍വതലസ്പര്‍ശിയായ പഠനനിരീക്ഷണങ്ങളായിരുന്നു രവി രേഖപ്പെടുത്തിയത്. ഒരേസമയം കാവ്യാത്മകവും യഥാതഥവിവരണങ്ങളുമായിരുന്നു അവയെല്ലാം. ഭാഷയുടെ അടരുകളെ ഇത്രമേല്‍ സൂക്ഷ്മതയോടെ അഭിമുഖീകരിച്ച ചുരുക്കം എഴുത്തുകാരേ മലയാളത്തിലുള്ളൂ. എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, ചലച്ചിത്രകാരന്‍ എന്നിങ്ങനെ വിഭിന്ന വേഷങ്ങളില്‍ തന്റെ സര്‍ഗാത്മകതയെ പരിവര്‍ത്തിക്കുമ്പോഴെല്ലാം മനുഷ്യനെന്ന പ്രാഥമിക പരിഗണനയില്‍ വിട്ടുവീഴ്ചയില്ലായിരുന്നു. ചലച്ചിത്ര നിരൂപണശാഖയിലും രവീന്ദ്രന്‍ ഒഴിവാക്കപ്പെടാനാവാത്ത സാന്നിധ്യമായി.

അടിയന്തരാവസ്ഥയുടെ നീരാളിപ്പിടിത്തത്തില്‍നിന്നുള്ള രക്ഷാമാര്‍ഗമായാണ് രവീന്ദ്രനെ പ്രിയപ്പെട്ടവര്‍ ആദ്യം നാടുകടത്തുന്നത്. ആ യാത്രക്കിടയിലാണ് അരവിന്ദന്റെ പ്രശസ്ത ചലച്ചിത്രമായ കാഞ്ചനസീതയുടെ ലൊക്കേഷന്‍ രവി കണ്ടെത്തുന്നത്. രവിയുടെ ആദ്യസിനിമയായ ഹരിജനിലും 70കളിലെ യുവാക്കളുടെ ചിന്താധാരയെ അസ്വസ്ഥമാക്കിയ അരക്ഷിതാവസ്ഥയും ഉല്‍ക്കണ്ഠകളും പ്രമേയമായ "ഇനിയും മരിച്ചിട്ടില്ലാത്ത നമ്മളും" നിലമ്പൂരിലെ തോട്ടം തൊഴിലാളികളുടെ മോചനവൃത്താന്തം ചര്‍ച്ചചെയ്ത "ഒരേ തൂവല്‍പ്പക്ഷികളും" ഇടതുപക്ഷാഭിമുഖ്യത്തിന്റെ ഒളിച്ചുവയ്ക്കാത്ത പ്രതിബദ്ധതയാല്‍ വ്യത്യസ്തമായിരുന്നു. അരവിന്ദനെക്കുറിച്ച് "മൗനം സൗമനസ്യം" എന്ന ശീര്‍ഷകത്തില്‍ ഡോക്യുമെന്ററി, കയ്യൂര്‍ സമരത്തെക്കുറിച്ചും അര്‍ണോസ് പാതിരിയെക്കുറിച്ചും ചെയ്ത ലഘുചിത്രങ്ങള്‍, അവസാനം നടത്തിയ യൂറോപ്യന്‍ യാത്രകളുടെ ചിത്രീകരണം, ശീതകാലയാത്രകള്‍ എന്നിങ്ങനെ രവി ക്യാമറക്കണ്ണില്‍ പകര്‍ത്തിയ സാക്ഷാല്‍ക്കാരങ്ങള്‍ തീരുന്നു. ഏഷ്യാനെറ്റിനുവേണ്ടി ചെയ്ത "എന്റെ കേരളം" അതുവരെ പരിചയിച്ചിട്ടില്ലാത്ത ഒരു യാത്രാനുഭവമായിരുന്നു.

അറിവ് അഹങ്കാരത്തിലേക്ക് വഴിതുറക്കുന്ന സമകാലിക വേളയില്‍ അദ്ദേഹത്തിന്റെ സൗമ്യവും ശാന്തവുമായ ഉള്‍പ്രപഞ്ചമറിഞ്ഞ് വിസ്മയംകൂറിയ ചങ്ങാതിമാര്‍ അനവധിയാണ്. രവിയേട്ടന്റെ പോക്കറ്റ് മറ്റുള്ളവര്‍ക്ക് നിര്‍ലോഭം കാരുണ്യം വര്‍ഷിക്കുമായിരുന്നുവെന്ന് അവസാന നാളുകളിലെ സന്തതസഹചാരിയായിരുന്ന തൃശൂരിലെ പുതുമഠം ജയരാജ് സ്മരിക്കുന്നത് ഭംഗിവാക്കല്ല. സൗഹൃദത്തിന്റെ ആ ബോധിവൃക്ഷഛായയില്‍ തണലേറ്റവരും വേവലാതികള്‍ ഇറക്കിവച്ചവരും അനവധിയാണ്

*
എന്‍ രാജന്‍ ദേശാഭിമാനി

No comments: