Tuesday, July 16, 2013

ഉറങ്ങാന്‍ കഴിയാത്തവര്‍

''അയാളുടെ മരണം കാണാതെ എനിക്ക് ഉറങ്ങാനാകില്ല, പട്ടിണി കിടന്നാലും ഞാന്‍ കേസ് നടത്തും. അയാളെ വെറുതെ വിടില്ല ഞാന്‍, സുഖമായി ജീവിക്കാന്‍ സമ്മതിക്കില്ല, അയാളെ കൊന്ന് ജയിലില്‍ പോകാന്‍ മടിയുണ്ടായിട്ടല്ല, എന്റെ മോന്‍ ആരോരുമില്ലാത്തവനായിപ്പോകുമല്ലോ എന്നോര്‍ത്ത് സ്വയം നിയന്ത്രിക്കുകയാണ്"".

കവിത ജ്വലിക്കുകയായിരുന്നു. അവളുടെ രൂപത്തിനും ഭാവത്തിനും ചേരാത്ത തീവ്രതയും തീക്ഷ്ണതയും വാക്കുകള്‍ക്കുണ്ടായിരുന്നു. അവളുടെ കണ്ണുകളില്‍നിന്ന് ചോരയാണ് കണ്ണുനീര്‍ത്തുള്ളികളായി ഒഴുകുന്നത് എന്നുതോന്നി.27 വയസ്സുമാത്രമുള്ള ഈ അമ്മ, ഒരായിരം അമ്മമാരുടെ പ്രതിനിധിയാണെന്ന് എനിക്കുതോന്നി.

അവളുടെ നെഞ്ചിന്റെ ചൂട് എന്റെയും കൂടിയാണെന്ന് ഞാനറിയുകയായിരുന്നു. ""മോനെ പ്രസവിച്ച് പത്താംദിവസം ലോറിയിടിച്ച് ഭര്‍ത്താവ് മരിച്ചുപോയി. വീട്ടുജോലിയെടുത്താണ് ഞാന്‍ മക്കളെ വളര്‍ത്തിയത്""

കവിതയുടെ കഥ സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്, ഒറ്റപ്പെട്ടൊരു കഥയുമല്ലത്. ""മൂന്നുനാലു വീടുകളില്‍ ഓടിനടന്ന് പണിയെടുത്താണ് ദീദീ ഞാന്‍ കുട്ടികളെ സ്കൂളില്‍ വിട്ടുകൊണ്ടിരുന്നത്"". ഒരുദിവസം കവിത പനി പിടിച്ച് കിടപ്പായി. കൃത്യമായി പോയിക്കൊണ്ടിരുന്ന വസന്തനഗറിലെ വീട്ടിലെ പണി മുടങ്ങുന്നതിനെക്കുറിച്ച് വേവലാതിപ്പെട്ടപ്പോള്‍ ശീതള്‍ പറഞ്ഞു. "ഞാന്‍ പോകാമമ്മേ, ഒരു വീട്ടിലെ പണിയൊക്കെ ചെയ്യാന്‍ എനിക്ക് പറ്റും"".

കവിത ഇടയ്ക്ക് അവളെക്കൂട്ടി അവിടെ പണിക്കുപോകാറുണ്ടായിരുന്നു. ശീതളിന് ആ വീടും വീട്ടുകാരും പരിചിതരുമാണ്. ""പത്തുവയസ്സുള്ള കുട്ടിയെ പണിക്ക് വിടുന്നതോര്‍ത്ത് സങ്കടം തോന്നിയതാണ്. എന്നിട്ടും ഞാന്‍ എതിരുപറഞ്ഞില്ല ദീദീ. കൃത്യമായി കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം ഇല്ലാതായാലോ എന്നുപേടിച്ചാണ് കുഞ്ഞിനോട് പോയിട്ടുവരാന്‍ പറഞ്ഞത്"".

തുള്ളിച്ചാടി ഓടിപ്പോയ ശീതള്‍ മടങ്ങിവന്നില്ല. വൈകിട്ട് ആരോ വന്ന് കവിതയോടു പറഞ്ഞു. മകള്‍ പണിയെടുക്കാന്‍ പോയ വീട്ടില്‍ മരിച്ചുകിടക്കുന്നുവെന്ന്. അസുഖം വന്ന് മരിച്ചെന്നാണ് പറഞ്ഞത്. എനിക്ക് ഭ്രാന്തുപിടിച്ചതുപോലെയായി. എന്റെ കുഞ്ഞിന് അതുവരെ ഒരസുഖവും ഉണ്ടായിട്ടില്ല. പെട്ടെന്ന് അസുഖംവന്ന് മരിച്ചുപോകുമെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. ഞാനോടിച്ചെന്നു. മോളെ കണ്ടപ്പോള്‍ ശരീരത്തില്‍ അവളുടെ ചുന്നി ഇല്ലായിരുന്നു.
"ചുന്നി എവിടെ, ചുന്നി എവിടെ? എന്നുചോദിച്ച് ഞാന്‍ കരഞ്ഞു".

ഏതു കൊലപാതകത്തിലും കൊലയാളി ഒരു പഴുതിടുമെന്ന് പറയാറുണ്ടല്ലോ. കവിത ചുന്നിയെവിടെയെന്ന് ചോദിച്ച് നിലവിളിക്കുന്നതുകേട്ട് ആ വീട്ടിലെ ഗൃഹനാഥന്‍ (69 വയസ്സ്) തിടുക്കത്തില്‍ പോയി ചുന്നിയെടുത്ത് ടോയ്ലെറ്റില്‍ കൂടി പുറത്തേക്കിട്ടു. അത് താഴേക്കുപോയില്ല, ടോയ്ലെറ്റിന് പുറത്തുള്ള ചുവരിലെ ആണിയില്‍ തറഞ്ഞ് ഏറ്റവും വലിയ തെളിവായി തൂങ്ങിക്കിടന്നു.

ഗൃഹനാഥന്‍ ശീതളിനെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് തെളിയാന്‍ അധികനേരം വേണ്ടിവന്നില്ല. അന്ന് പകല്‍ അയാളുടെ ഭാര്യ ഒരു കല്യാണത്തിനുപോയിരിക്കയായിരുന്നു. ഒറ്റയ്ക്ക് എത്തിയ ശീതളിനെ അയാള്‍ വെറുതെ വിട്ടില്ല. കവിതയുടെ യുദ്ധം തുടങ്ങുകയായിരുന്നു.

മകളെ നഷ്ടപ്പെട്ടതിനൊപ്പം ജീവിതം കടുത്ത ബലപ്രയോഗങ്ങള്‍ നടത്തി അവളെ ശ്വാസംമുട്ടിക്കാന്‍ തുടങ്ങി. "കേസ് പിന്‍വലിക്കണമെന്നും നഷ്ടപരിഹാരം നല്‍കാമെന്നും പറഞ്ഞ് ഒരുപാടുപേര്‍ വന്നു. കലക്ടര്‍ വരെ പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ കേസ് പിന്‍വലിച്ച് പണം വാങ്ങണമെന്ന് നിര്‍ബന്ധിച്ചു. മകളെ കൊല ചെയ്തവന്റെ പണം എനിക്കുവേണ്ടെന്ന് ഞാന്‍ പറഞ്ഞത് അവര്‍ക്ക് ഇഷ്ടമായില്ല.

ഞാന്‍ കേസുമായി മുന്നോട്ടുതന്നെ പോയി. താനെയിലെ മാലതി വൈദ്യസ്മൃതി ട്രസ്റ്റ് എന്നെ സഹായിക്കാന്‍ വന്നു. കേസ് തുടങ്ങിയതോടെ വീട്ടുകാരും നാട്ടുകാരും എന്നെ അകറ്റിനിര്‍ത്താന്‍ തുടങ്ങി. ആ വീട്ടുകാര്‍ വലിയ പണവും സ്വാധീനവും ഉള്ളവര്‍. അവരെ പിണക്കാന്‍ ആര്‍ക്കും വയ്യ. അവര്‍ ഇടപെട്ട് എന്നെ എന്റെ വീട്ടില്‍നിന്ന് ഇറക്കിവിടുവിച്ചു.

എന്റെ മനസ്സ് തകര്‍ന്നുപോയി ദീദീ. ഒടുവില്‍ മാലതി വൈദ്യട്രസ്റ്റുകാര്‍ എന്നെ കൊണ്ടുവന്ന് താമസിപ്പിച്ചു. ജോലിയും വാങ്ങിത്തന്നു. ഇപ്പോള്‍ ഞാനും മോനും കൂടി കേസ് നടത്തുകയാണ്.

ഞങ്ങള്‍ക്ക് ഭീഷണി ഒരുപാടുണ്ട്. 8 വയസ്സുള്ള മോനെ അവര്‍ കൊല്ലുമെന്ന് പേടിയുണ്ട്. എന്നാലും ദീദീ ഞാന്‍ പിന്നോട്ടുപോകില്ല, എന്റെ മോളെ കൊന്ന ആളെ വെറുതെവിടാന്‍ ഞാന്‍ സമ്മതിക്കില്ല. അയാളെ അറസ്റ്റുചെയ്യിക്കാനും ജാമ്യം കൊടുക്കാതിരിക്കാനുമൊക്കെ ട്രസ്റ്റുകാരുടെ സഹായമുണ്ടായിരുന്നു. ഇപ്പോള്‍ കേസ് മാറ്റിവച്ചോണ്ടിരിക്കുകയാ. ഫാസ്റ്റ്ട്രാക്കിന് മാറ്റാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. എനിക്കിപ്പോള്‍ കരയാനൊന്നും നേരമില്ല, എനിക്ക് നീതി കിട്ടിയേ പറ്റൂ. അയാളുടെ മരണത്തിലൂടെയാണെങ്കില്‍ അതുതന്നെ ആയിക്കോട്ടെ.

മരിച്ചുചെല്ലുമ്പോള്‍ എനിക്ക് എന്റെ മകളോടുപറയണം നിനക്കുവേണ്ടി ചെയ്യാനുള്ളത് ചെയ്തിട്ടാണ് ഞാന്‍ വന്നതെന്ന്"". മുംബൈയിലെ താനയില്‍ മാലതി വൈദ്യസ്മൃതി ട്രസ്റ്റിലിരുന്ന് കവിത നിര്‍ത്താതെ സംസാരിക്കുമ്പോള്‍ എനിക്ക് മറുപടി വാക്കുകളില്ലായിരുന്നു. വിദ്യാഭ്യാസമില്ലാത്ത, നിയമമറിയാത്ത കവിത ശക്തിദുര്‍ഗയായി പൊരുതുകയാണ്.

നമ്മുടെ നീതിന്യായവ്യവസ്ഥ അവള്‍ക്ക് നീതി ഉറപ്പാക്കുമോ? എനിക്കും ഒന്നും ഉറപ്പില്ലായിരുന്നു, "കേസിന് ചെറിയൊരു സഹായം" എന്നുപറഞ്ഞ് ഒരു ചെറിയ തുക കൈയില്‍ പിടിപ്പിച്ച് ഞാനവളുടെ മകനെ ചേര്‍ത്തുപിടിക്കുമ്പോള്‍ കവിത ചോദിച്ചു. "നിങ്ങളുടെ നാട്ടിലും പെണ്‍കുഞ്ഞുങ്ങളോട് ഇങ്ങനെ പെരുമാറുന്നവരുണ്ടോ ദീദീ?" ഞാനൊന്നും പറഞ്ഞില്ല. എന്തുപറയാനാണ്?

*
കെ എ ബീന ദേശാഭിമാനി

No comments: