Wednesday, July 3, 2013

ദേശീയ ബദല്‍ അനിവാര്യം

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രണ്ടാം യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് നിഷ്കാസനംചെയ്യാനും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുന്നത് തടയാനും ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കാനും ദേശീയതലത്തിലുള്ള ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ബദല്‍ സര്‍ക്കാര്‍ അനിവാര്യമാണ്. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ രാഷ്ട്രീയപാര്‍ടികളുടെ ഡല്‍ഹിയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ ഇത്തരം ഒരു ബദലിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത് ഇന്ത്യന്‍ ജനത സര്‍വാത്മനാ സ്വാഗതംചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞതാണെന്ന് വേവലാതിപ്പെടുന്ന അധ്വാനിക്കുന്ന ജനകോടികള്‍ക്കുള്ള പ്രതീക്ഷ അതുമാത്രമാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതിനിറഞ്ഞ ജനവിരുദ്ധ ഭരണം ജനങ്ങള്‍ക്ക് മടുത്തു. അഴിമതിയുടെ കാര്യത്തില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ലോകറെക്കോഡുതന്നെ സൃഷ്ടിച്ചു. വിലക്കയറ്റം കാരണം ജനങ്ങള്‍ കടുത്ത നിരാശയും അതോടൊപ്പം അസംതൃപ്തിയും അമര്‍ഷവും പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈനില ഇതേപോലെ തുടര്‍ന്നാല്‍ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്തവിധം അമര്‍ഷം ആളിക്കത്തുകതന്നെചെയ്യും.

യുപിഎ ഭരണം ജനങ്ങള്‍ക്കുവേണ്ടിയുള്ളതല്ല. ശതകോടീശ്വരന്മാരാല്‍ അധികാരത്തിലേറ്റപ്പെട്ട ശതകോടീശ്വരന്മാര്‍ക്കുവേണ്ടിയുള്ള ശതകോടീശ്വരന്മാരുടെ ഭരണമാണ്. പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. റിലയന്‍സിനാല്‍ നയിക്കപ്പെടുന്ന റിലയന്‍സിന്റെ സ്വന്തം ഭരണമാണ് ഈ മേഖലയില്‍ കൊടികുത്തിവാഴുന്നത്. ഭക്ഷ്യവിലക്കയറ്റം ജനജീവിതം ദുഃസഹമാക്കി. തൊഴിലില്ലായ്മ അതിരൂക്ഷമായി വര്‍ധിക്കുന്നു. 2ജി സ്പെക്ട്രവും കോള്‍ഗേറ്റും ഐപിഎല്ലും ഹെലികോപ്റ്റര്‍ ഇടപാടുമെല്ലാം ലക്ഷക്കണക്കിനു കോടികളുടെ അഴിമതിയുടെ രംഗമായി മാറി. ഈ സാഹചര്യത്തില്‍ യുപിഎ ഭരണം ഒരു നിമിഷംപോലും തുടരാന്‍ അനുവദിക്കുന്നത് അപകടകരമാണ്.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം ആറു വര്‍ഷക്കാലം ജനങ്ങള്‍ അനുഭവിച്ചറിഞ്ഞു. വംശഹത്യയും വ്യാജ ഏറ്റുമുട്ടലും മാതൃകയായാല്‍ ഇന്ത്യയുടെ ഭാവിയെന്തായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയും. നരേന്ദ്രമോഡിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ ബിജെപിക്കകത്തുണ്ടായ പൊട്ടിത്തെറി ഒരു സൂചനമാത്രമാണ്. തലമുതിര്‍ന്ന ബിജെപി നേതാവ് ലാല്‍കൃഷ്ണ അദ്വാനി ആര്‍എസ്എസ് പാരമ്പര്യമില്ലാത്ത ആളല്ല. ആര്‍എസ്എസുകാരനാണെന്ന് അഭിമാനിക്കുന്ന നേതാവാണ്. അദ്ദേഹത്തിനുപോലും നരേന്ദ്രമോഡിയെ സഹിക്കാന്‍ കഴിയുന്നില്ലെന്ന് പരസ്യമായി പറഞ്ഞുകഴിഞ്ഞു. രണ്ടു ദശാബ്ദക്കാലത്തോളം എന്‍ഡിഎ സഖ്യത്തിലെ പ്രമുഖകക്ഷിയായ ഐക്യജനതാദള്‍ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാര്‍ സഖ്യത്തില്‍നിന്ന് പുറത്തുകടന്നത് എന്‍ഡിഎ സഖ്യത്തിന്റെ തനിനിറം പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്നതാണ്. വിശ്വഹിന്ദു പരിഷത്തിന്റെ ലോക നേതാവെന്നു വിശേഷിപ്പിക്കുന്ന പ്രവീണ്‍ തൊഗാഡിയ മറയില്ലാതെ ഒരിക്കല്‍ പറഞ്ഞത് ഹിന്ദുത്വശക്തികള്‍ ഇന്ത്യയില്‍ മൂന്നില്‍ രണ്ട് പിന്‍ബലത്തോടെ അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നാണ്. മാത്രമല്ല, മതന്യൂനപക്ഷങ്ങളെ തുടച്ചുനീക്കുമെന്നും തുടര്‍ന്ന് കപട മതനിരപേക്ഷ ചിന്താഗതിക്കാരെയും തുടച്ചുനീക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നത് തടഞ്ഞേ തീരൂ. ഇത് സാധ്യമാകണമെങ്കില്‍ ഇടതുപക്ഷം ഉള്‍പ്പെട്ട ഒരു ബദല്‍ ഒഴിച്ചുകൂടാത്തതാണ്. ഇടതുപക്ഷത്തെ ഒഴിച്ചുനിര്‍ത്തിയുള്ള ബദല്‍ തികച്ചും അപ്രായോഗികമാണ്. ഈ സാഹചര്യത്തിലാണ് നാല് ഇടതുപക്ഷ പാര്‍ടികള്‍ ഡല്‍ഹിയില്‍ കണ്‍വന്‍ഷന്‍ ചേര്‍ന്ന് ഭാവിപരിപാടികള്‍ക്ക് വ്യക്തമായ രൂപംനല്‍കിയത്. തെരഞ്ഞെടുപ്പു വിജയമോ ഭരണമോ മാത്രം ലക്ഷ്യമാക്കിയുള്ള അധികാരമോഹത്തില്‍ അധിഷ്ഠിതമായ ഒരു സഖ്യമോ മുന്നണിയോ അല്ല ഇടതുപക്ഷത്തിന്റെ ലക്ഷ്യം.

ജനങ്ങള്‍ക്ക് ആശ്വാസവും രക്ഷയും ഉറപ്പുവരുത്തുന്ന മിനിമംപരിപാടിയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്ന കൂട്ടുകെട്ടിനുമാത്രമേ ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ. ആഗോളവല്‍ക്കരണനയം ഒരുഭാഗത്ത് വിരലിലെണ്ണാവുന്ന ഒരുകൂട്ടം ശതകോടീശ്വരന്മാരെയും മറുഭാഗത്ത് ബഹുഭൂരിപക്ഷം വരുന്ന പട്ടിണിക്കാരെയും ദരിദ്രരെയും തൊഴിലില്ലാത്തവരെയും സൃഷ്ടിക്കുന്നതാണെന്ന് രണ്ടുപതിറ്റാണ്ടിലധികം കാലത്തെ അനുഭവം തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ജനപക്ഷത്ത് ഉറച്ചുനില്‍ക്കുന്ന ഒരു കൂട്ടുകെട്ടായിരിക്കണം രൂപപ്പെടേണ്ടത്. യുപിഎ സഖ്യത്തില്‍നിന്ന് ചില പാര്‍ടികള്‍ പുറത്തുപോയി. എന്‍ഡിഎ സഖ്യത്തിന്റെയും ഗതി അതുതന്നെ. രണ്ടു സഖ്യവും ശിഥിലവും ദുര്‍ബലവുമായി. ജനങ്ങളില്‍നിന്ന് അതിവേഗം ഇവര്‍ ഒറ്റപ്പെടുകയാണ്. അവസരവാദപരമായ നയം സ്വീകരിക്കുന്ന പ്രാദേശിക പാര്‍ടികളുണ്ട്. ഇതിനിടയില്‍ ആദര്‍ശത്തിലും ലക്ഷ്യബോധത്തിലും ഉറച്ചുനില്‍ക്കുന്ന ഒരു കൂട്ടുകെട്ട് രൂപപ്പെടുത്തുക എളുപ്പമല്ല. ഇടതുപക്ഷ പാര്‍ടികള്‍ യോജിച്ച് ജനങ്ങള്‍ക്കിടയില്‍ ദേശവ്യാപകമായ പ്രചാരവേല കെട്ടഴിച്ചുവിടാനുള്ള തീരുമാനം സന്ദര്‍ഭോചിതവും സ്വാഗതാര്‍ഹവുമാണ്. അത്തരം ഒരു കൂട്ടുകെട്ടിന് ജനങ്ങള്‍ പിന്തുണ നല്‍കുമെന്നതില്‍ സംശയമില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: