Wednesday, July 17, 2013

രൂപ എന്താ ഇങ്ങനെ?

പരിതാപകരമായ അവസ്ഥയിലാണിന്ന് ഇന്ത്യന്‍രൂപ. അനുദിനം അതിന്റെ മൂല്യം തകരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച എന്തുകൊണ്ട് എന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകരുന്നതുകൊണ്ട് എന്നതാണ് അതിനുള്ള ശരിയായ ഉത്തരം. രൂപയുടെ മൂല്യത്തകര്‍ച്ചയും സമ്പദ്വ്യവസ്ഥയും പരസ്പരപൂരകങ്ങളാണ്. സമ്പദ്വ്യവസ്ഥ തകരുമ്പോള്‍ രൂപയും രൂപ തകരുമ്പോള്‍ സമ്പദ്വ്യവസ്ഥയും തകരുമെന്നത് കേവല സാമ്പത്തികനിയമമാണ്. ആ തകര്‍ച്ച രാജ്യത്തെ ഗുരുതരമായി ബാധിക്കുമെന്നതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമായ വിഷയമാണിത്.

ഇന്ത്യയുടെ വ്യാപാരകമ്മി അനുദിനം വര്‍ധിക്കുന്നു എന്നതാണ് അടിസ്ഥാനപ്രശ്നം. അതായത്, ഇറക്കുമതി വല്ലാതെ കൂടുന്നു; കയറ്റുമതി വര്‍ധിക്കുന്നുമില്ല. കയറ്റുമതി നടക്കുമ്പോള്‍ ഡോളര്‍ ഇങ്ങോട്ടുവരും. ഇറക്കുമതി ചെയ്യുമ്പോള്‍ ഡോളര്‍ വിദേശത്തേക്ക് പോകും. ഇവ തമ്മിലുള്ള വ്യത്യാസമാണല്ലോ വ്യാപാരക്കമ്മി. വ്യാപാരക്കമ്മി കൂടുന്തോറും ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിക്കും എന്നതിനാല്‍ രൂപയുടെ മൂല്യം കുറയും. രൂപയുടെ മൂല്യം തകരുന്നതോടെ ഇറക്കുമതിച്ചെലവ് വീണ്ടും വര്‍ധിക്കും എന്നതിനാല്‍ പ്രശ്നം ചാക്രികമായി തുടരും. സമ്പദ്വ്യവസ്ഥ പ്രശ്നങ്ങളില്‍നിന്ന് കൂടുതല്‍ പ്രശ്നത്തിലേക്കും.

നിയന്ത്രണങ്ങള്‍ ഒഴിവാക്കിയും ചുങ്കം കുറച്ചും ഇറക്കുമതി യഥേഷ്ടം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനുപിന്നില്‍ നവലിബറല്‍ സാമ്പത്തികനയങ്ങളാണ്. ഇറക്കുമതി കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കുന്ന നെഹ്റൂവിയന്‍ നയത്തെയാണ് മന്‍മോഹന്‍സിങ് അട്ടിമറിച്ചത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. അടിസ്ഥാനപരമായ ഈ നയംമാറ്റമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയിലേക്കെത്തിച്ചത്. ഇപ്പോഴത്തെ അവസ്ഥയില്‍ മൂല്യം ഇനിയും ഇടിയാനാണ് സാധ്യത. ഇറക്കുമതി വര്‍ധിപ്പിക്കുന്നത് കയറ്റുമതി കൂട്ടാനാണെന്ന മന്‍മോഹന്‍സിങ്ങിന്റെ വാദം പാടെ തകര്‍ന്നു എന്ന് വര്‍ത്തമാനകാല കണക്കുകള്‍ വ്യക്തമാക്കുന്നു. ഇനിയും അത് തുടരുന്നുവെന്നത് കുടുതല്‍ സംഭ്രമവും സൃഷ്ടിക്കുന്നു. കയറ്റുമതി വര്‍ധിപ്പിക്കാവുന്ന മേഖലകളെല്ലാം തകരുകയാണ്. ഉദാഹരണം കാര്‍ഷികമേഖല. രാജ്യത്ത് ഏറ്റവുമധികം ജനങ്ങള്‍ ആശ്രയിച്ചിരുന്ന കാര്‍ഷികമേഖലയെ തകര്‍ത്ത് നിലംപരിശാക്കിയത് നവലിബറല്‍ നയങ്ങളായിരുന്നു. സബ്സിഡി ഇല്ലാതാക്കിയും അവധിവ്യാപാരം പ്രഖ്യാപിച്ചും പൊതുവിതരണം തകര്‍ത്തും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിച്ചുമാണ് കാര്‍ഷികമേഖലയുടെ ചരമക്കുറിപ്പ് എഴുതിയത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ പരമ്പരാഗത വ്യവസായമേഖലയില്‍നിന്ന് കയറ്റുമതി വര്‍ധനയ്ക്ക് സാധ്യതയുമില്ല. ഡബ്ല്യുടിഒ കരാറിലൂടെ 75 ശതമാനം ചുങ്കം കുറച്ചതുകൊണ്ട് ഇറക്കുമതി നിരവധി മടങ്ങ് വര്‍ധിച്ചു. സ്വര്‍ണംവരെ അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്നു. ഭരണവര്‍ഗത്തിന്റെ ഈ നിലപാടില്‍ കാതലായ മാറ്റംവരാതെ രൂപയുടെ മൂല്യം ഉയരില്ല എന്നതാണ് സത്യം. മുമ്പ് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില നിശ്ചയിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും സര്‍ക്കാരായിരുന്നു. അതുകൊണ്ടുതന്നെ അമിതമായ വിലക്കയറ്റം ഉണ്ടാകാറില്ലെന്നു മാത്രമല്ല പണപ്പെരുപ്പത്തിനും പരിധിയുണ്ടായിരുന്നു.

പക്ഷേ, 1991ല്‍ നവലിബറല്‍ നയങ്ങളുടെ കടന്നുവരവിനുശേഷം ഈ ചിത്രവും മാറി. എല്ലാ മേഖലയില്‍നിന്നും സര്‍ക്കാര്‍ പിന്‍വലിഞ്ഞതോടെ ഉല്‍പ്പന്നങ്ങളുടെ വില അനിയന്ത്രിതമായി കുതിച്ചുയര്‍ന്നു. ഈ നയത്തിന്റെ ഭാഗമായി ഇറക്കുമതി ചെലവ് മാത്രമല്ല ഇറക്കുമതി ഉല്‍പ്പന്നത്തിന്റെ വിലയും വര്‍ധിപ്പിക്കുന്നു. ഇന്ത്യ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന വിഭവങ്ങളിലൊന്ന് എണ്ണയാണ്. ഡീസല്‍, പെട്രോള്‍ വില തീരുമാനിക്കുന്നത് കമ്പനികളാണ്. നെഹ്റൂവിയന്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടായിരുന്ന ഓയില്‍ പൂള്‍ അക്കൗണ്ട് പൂര്‍ണമായും എടുത്തുകളഞ്ഞു. സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത മേഖലയായി അതുമാറി. ഇത് പണപ്പെരുപ്പം രൂക്ഷമാക്കാന്‍ ഇടവരുത്തി. പണപ്പെരുപ്പത്തിന്റെ വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു. അമേരിക്കന്‍ ഡോളറിന്റെ മൂല്യം മെച്ചപ്പെട്ടതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമെന്ന വാദം ബാലിശമാണ്. ഡോളറിന്റെ വിലയിടിഞ്ഞ സമയത്ത് അമേരിക്കന്‍ ഭരണകൂടം യഥാവിധി ഇടപെട്ട് ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. അവരെ സംബന്ധിച്ച് അത് ശരിയായ ദിശയിലുള്ള ഇടപെടലാണ്. പക്ഷേ, അത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കും എന്ന് തിരിച്ചറിഞ്ഞ് കൃത്യമായി ഇടപെടുക എന്നതാണ് ഇന്ത്യന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ചെയ്യേണ്ടത്. അതുചെയ്യാതെ അമേരിക്കന്‍ ഡോളറിന്റെ വിലകൂടി,

നമ്മളെന്തും ചെയ്യും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ചെയ്യേണ്ടത് ചെയ്യുകതന്നെ വേണം. നമ്മുടെ രാജ്യത്ത് 30,000 കോടി ഡോളര്‍ വിദേശനാണയ കരുതല്‍ ശേഖരമുണ്ട്. എന്നിട്ടും റിസര്‍വ് ബാങ്കിന് യാഥാര്‍ഥ്യബോധത്തോടെ ഇടപെടാന്‍ കഴിയുന്നില്ല. കാരണം, നാണയശേഖരം ഊഹക്കച്ചവട കമ്പോളത്തില്‍നിന്ന് ശേഖരിക്കപ്പെട്ടതാണ് എന്നതിനാല്‍ അതിനെ ദിശാബോധത്തോടെ, ദീര്‍ഘകാല പരിപ്രേക്ഷ്യത്തിലൂടെ ഉപയോഗിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിച്ച് ശേഖരിക്കപ്പെട്ട നാണയശേഖരണത്തെ മാത്രമേ ദീര്‍ഘകാല പരിപ്രേക്ഷ്യത്തിലൂടെ റിസര്‍വ് ബാങ്കിന് ഉപയോഗിക്കാന്‍ കഴിയൂ. ഊഹക്കച്ചവടത്തിലൂടെ ശേഖരിക്കപ്പെട്ട മൂലധനം ഏതുസമയത്തും വിഭവസ്രോതസ്സിലേക്ക് തിരിച്ചുപോകാം. രൂപയുടെ മൂല്യത്തകര്‍ച്ചകൊണ്ട് ഇറക്കുമതിച്ചെലവ് വര്‍ധിക്കുമെന്ന് സൂചിപ്പിച്ചുവല്ലോ. അതോടൊപ്പം കടത്തിന്റെ തുകയും വര്‍ധിക്കും എന്നതും ഗുരുതരമായ പ്രശ്നമാണ്. നിലവിലുള്ള കടം തന്നെ തിരിച്ചുനല്‍കുക എന്നത് ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ച് ഗുരുതരമായ സാമ്പത്തികബാധ്യതയാണ്. ധനകമ്മിയും റവന്യുകമ്മിയും നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ നന്നേ വിഷമിക്കുകയാണ് രാജ്യം. ഈ സന്ദര്‍ഭത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച കടത്തിന്റെ അളവ് കൂട്ടും എന്നതിനാല്‍ പ്രതിസന്ധി വര്‍ധിക്കുകതന്നെ ചെയ്യും.

കേരളത്തെ സംബന്ധിച്ച് ഈ പ്രശ്നങ്ങള്‍ പ്രതികൂലമാണെങ്കിലും പ്രവാസികള്‍ നിക്ഷേപിക്കുന്ന തുക വര്‍ധിക്കും എന്ന ഒരു ഗുണമുണ്ട്. പക്ഷേ, നിക്ഷേപിക്കപ്പെട്ട പണം ചെലവഴിക്കുന്നത് ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയിലാണ് എന്നതിനാല്‍ പ്രതീക്ഷിക്കുന്ന നേട്ടം കൈവരില്ല എന്നതാണ് സത്യം. രൂപയുടെ മൂല്യത്തകര്‍ച്ചയും അനുബന്ധപ്രശ്നങ്ങളും പരിഹരിക്കാന്‍ ഒരേയൊരു മാര്‍ഗമാണ് കരണീയമായിട്ടുള്ളത്. ഇപ്പോഴത്തെ സാമ്പത്തികനയം തിരുത്തുക എന്നതുതന്നെ.

*
പ്രൊഫ. സി രവീന്ദ്രനാഥ് ദേശാഭിമാനി

No comments: