Friday, July 19, 2013

"സമര്‍ദാ": നിത്യപ്രചോദനം

ഇന്ത്യയിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവിനെയാണ് സമര്‍ മുഖര്‍ജിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്. ഒരു നൂറ്റാണ്ടുനീണ്ട സമരധന്യമായ ജീവിതത്തിന്റെ ഉടമയായ സമര്‍ മുഖര്‍ജിയുടെയത്ര മുതിര്‍ന്ന, അത്രയേറെ ദൈര്‍ഘ്യമാര്‍ന്ന അനുഭവസമ്പത്തുള്ള മറ്റൊരാള്‍ സിപിഐ എമ്മില്‍ ഇല്ല. ഏറെക്കാലം ജീവിച്ചു. ജീവിച്ച ഓരോനാളും സമൂഹത്തിനുവേണ്ടിയുള്ള ത്യാഗപൂര്‍ണമായ സമര്‍പ്പണംകൊണ്ട് അര്‍ഥപൂര്‍ണമാക്കി. എല്ലാ അര്‍ഥത്തിലും അനുപമമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സമര്‍ മുഖര്‍ജി. സാമ്രാജ്യത്വവിരുദ്ധ ദേശീയപോരാട്ടത്തിന്റെ കാലത്തെ അധിനിവേശവിരുദ്ധ ദേശീയപ്രക്ഷോഭത്തിന്റെ കാലവുമായി കണ്ണിചേര്‍ത്ത സമരഭരിതമായ ജീവിതമായിരുന്നു "സമര്‍ദാ" എന്ന് സ്നേഹാദരങ്ങളോടെ വിശേഷിപ്പിക്കപ്പെട്ട സമര്‍ മുഖര്‍ജിയുടേത്.

നവമുതലാളിത്തത്തിന്റെ ആക്രമണോത്സുകമായ നീക്കങ്ങള്‍ രാജ്യത്തിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളെത്തന്നെ നിഹനിക്കുന്ന ഈ കാലത്ത്, അതിനെതിരായ ചെറുത്തുനില്‍പ്പിന്റെ ശക്തികള്‍ക്ക് നിത്യപ്രചോദനമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ട് പൊതുജീവിതത്തിലേക്ക് കടന്ന സമര്‍ദായുടെ തുടര്‍ന്നിങ്ങോട്ടുള്ള ജീവിതത്തിലെ ഓരോസന്ദര്‍ഭവും. പുതിയ പോരാട്ടത്തിന്റെ കാലത്ത് ആ അനുഭവസമ്പത്ത് വലിയ മുതല്‍ക്കൂട്ടാകേണ്ടതുണ്ട്. അത്തരമൊരു നിര്‍ണായകഘട്ടത്തിലാണ് ഈ വിയോഗമെന്നത് അതുണ്ടാക്കുന്ന നഷ്ടത്തിന്റെ ആഴം കൂട്ടുന്നുണ്ട്. കൂട്ടായ നേതൃത്വത്തിലൂടെമാത്രം അതിജീവിക്കാവുന്നതാണ് സമര്‍ദായുടെ നിര്യാണമുണ്ടാക്കുന്ന വിടവ്. അത്തരം അതിജീവനങ്ങള്‍ക്ക് ഏറെ കരുത്തും പ്രചോദനവും നല്‍കുന്നുണ്ട്, ഒളിവിലും തെളിവിലും ജയിലിലുമൊക്കെയായി സമര്‍ദാ നയിച്ച പോരാട്ടങ്ങളുടെ കനലുപാറുന്ന ജീവിതം. പശ്ചിമബംഗാള്‍ നിയമസഭാംഗം, ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും സിപിഐ എമ്മിന്റെ നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഈ ഘട്ടങ്ങളിലൊക്കെ പുറത്തുനടക്കുന്ന പോരാട്ടങ്ങളുടെ വീറും ജനവികാരത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങളും സഭയില്‍ അതിശക്തമായി പ്രതിഫലിപ്പിക്കുന്നതിന് സമര്‍ മുഖര്‍ജിക്ക് സാധിച്ചു.

1978ല്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമായ അദ്ദേഹം 14 വര്‍ഷം പാര്‍ടിയുടെ ദേശീയ നേതൃനിരയിലെ സജീവസാന്നിധ്യമായി തുടര്‍ന്നു. 1992ല്‍ 14-ാം പാര്‍ടികോണ്‍ഗ്രസില്‍ സിപിഐ എം കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാനായ അദ്ദേഹം പില്‍ക്കാലത്ത് കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തുടര്‍ന്നു. കലുഷമായ രാഷ്ട്രീയസന്ദര്‍ഭങ്ങളില്‍ ആശയവ്യക്തത വരുത്തുന്നതിലും ദേശീയതലത്തില്‍ സിപിഐ എമ്മിനുള്ള പങ്ക് കൂടുതല്‍ ശക്തമാക്കുന്നതിലും സമര്‍ദായുടെ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. എന്നും ചാഞ്ചല്യമില്ലാതെ കൃത്യമായി പാര്‍ടി നയനിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് നിലകൊള്ളുന്നതില്‍ സമര്‍ദാ മാതൃകയായിരുന്നു. വലതുപക്ഷ റിവിഷനിസത്തിനും ഇടതുപക്ഷ അതിസാഹസികതാ വാദങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടങ്ങളില്‍ കരുത്തുറ്റ നിലപാടെടുത്ത അദ്ദേഹം ശരിയായ മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് കാഴ്ചപ്പാടില്‍ പാര്‍ടിസംഘടന കെട്ടിപ്പടുക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. വിദ്യാര്‍ഥിജീവിത ഘട്ടത്തില്‍തന്നെ സ്വാതന്ത്ര്യസമര രംഗത്തേക്കിറങ്ങിയ അദ്ദേഹം സിവില്‍ നിയമലംഘന സമരത്തിലടക്കം പങ്കുകൊണ്ടു.

സമരതീക്ഷ്ണമായ സാമൂഹിക ഇടപെടലുകളാല്‍ ഇടക്കാലത്ത് വിദ്യാഭ്യാസം മുടങ്ങിപ്പോയ അദ്ദേഹത്തെ ഒരേസമയം സമരത്തിന്റെയും പഠനത്തിന്റെയും വഴികളിലൂടെ വളര്‍ത്തിയെടുക്കുന്നതില്‍ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ബിപിന്‍ ബിഹാരി ഗാംഗുലിയാണ് സഹായിച്ചത്. അങ്ങനെയാണ് ഇടവേളയ്ക്കുശേഷം ബിരുദമെടുത്തത്. അന്നു ബിരുദമെടുത്തിറങ്ങിയ സമര്‍ മുഖര്‍ജിക്ക് ബംഗാളില്‍ ഉന്നതമായ സര്‍ക്കാര്‍ നിയമനം ഉറപ്പായിരുന്നു. എന്നാല്‍, ആ വഴിക്ക് പോകാതെ, ഹൗറയിലെ ചണമില്‍ തൊഴിലാളികളുടെ ദൈന്യതയാര്‍ന്ന ജീവിതപശ്ചാത്തലത്തിലേക്ക് ഇറങ്ങിച്ചെല്ലാനാണ് സമര്‍ദാ തീരുമാനിച്ചത്. ചണമില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് സമരങ്ങളെ തീക്ഷ്ണമാക്കി അവരുടെ ജീവിതനിലയില്‍ ഗുണപരമായ മാറ്റംവരുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. തുടര്‍ന്ന് ട്രേഡ് യൂണിയന്‍ രംഗത്ത് ഉറച്ചുനിന്ന സമര്‍ മുഖര്‍ജി പടിപടിയായി സിഐടിയു നേതൃത്വത്തിലേക്ക് ഉയര്‍ന്നു. സിഐടിയു രൂപീകരണംമുതല്‍തന്നെ അതിന്റെ കേന്ദ്രനേതൃത്വത്തിലുണ്ടായിരുന്നു. 1983ല്‍ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം ആ സ്ഥാനത്ത് 1991 വരെ തുടര്‍ന്നു. റെയില്‍വേ തൊഴിലാളി പണിമുടക്ക്, തൊഴില്‍നിയമ ചര്‍ച്ചകള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃപാടവം ശ്രദ്ധേയമായി. 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ സമര്‍ മുഖര്‍ജിയുടെ കമ്യൂണിസ്റ്റ് പാര്‍ടിജീവിതത്തിന്റെയത്ര ദൈര്‍ഘ്യമുള്ള പാര്‍ടിജീവിതമുള്ളവര്‍ ഇന്നു ചുരുക്കം. മുസഫര്‍ അഹമ്മദ്, എ കെ ജി തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള സമരനായകനാണ് സമര്‍. ലളിതവും കരുത്തുറ്റതുമായ ഒരു കമ്യൂണിസ്റ്റുവ്യക്തിത്വം ആര്‍ജിക്കുന്നതില്‍ അവര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് സമര്‍ദാ പറഞ്ഞിട്ടുണ്ട്. സൗമ്യമായ ഭാഷ, സമഭാവനയോടെയുള്ള പെരുമാറ്റം എന്നിവ സമര്‍ദായുടെ പ്രത്യേകതകളായിരുന്നു.

പാര്‍ടിജീവിതത്തിനുവേണ്ടി കുടുംബജീവിതത്തിലേക്ക് കടക്കാതെ എല്ലാം പാര്‍ടിക്കായി അര്‍പ്പിച്ച നേതാവായിരുന്നു സമര്‍ദാ. അടിച്ചമര്‍ത്തപ്പെടുന്നവരോടും ചൂഷണംചെയ്യപ്പെടുന്നവരോടുമുള്ള കരുതലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രതിബദ്ധതയുടെ അടിസ്ഥാനം. തന്റെ ജീവിതത്തിന്റെ തുടക്കത്തിലെ സാമൂഹ്യജീവിത പരിതസ്ഥിതികളെ പുരോഗമനാത്മകമായി വലിയൊരളവില്‍ മാറ്റിയെടുക്കുന്നതിന് തന്റെ ജീവിതംകൊണ്ടുതന്നെ സാധിച്ചുവെന്ന് അഭിമാനിക്കാവുന്നവര്‍ കുറയും. എന്നാല്‍, വളരെ കുറവായുള്ള ആ വിഭാഗത്തിന്റെ നേതൃനിരയില്‍തന്നെയാണ് സമര്‍ മുഖര്‍ജിയുടെ സ്ഥാനം. നൂറുവര്‍ഷം നീണ്ട ജീവിതത്തിനാണ് സമാപ്തിയാകുന്നത്. ഈ ആയുഷ്കാലത്തിന്റെ എട്ടുപതിറ്റാണ്ടിലേറെയും നാടിനും സമൂഹത്തിനുംവേണ്ടി വിനിയോഗിച്ചു സമര്‍ദാ. മോചനത്തിനുവേണ്ടിയുള്ള ഏതു കാലത്തെ പോരാട്ടത്തിനും ഊര്‍ജം പകരുന്ന ഓര്‍മകളായി ജനമനസ്സുകളില്‍ സമര്‍ദാ തുടര്‍ന്നും ജീവിക്കും. മരണത്തിന് അവസാനിപ്പിക്കാന്‍ കഴിയാത്തവിധം സമരമുഖങ്ങളിലെ പ്രചോദനമായി ആ ജീവിതം തുടരുമെന്നര്‍ഥം.

(ദേശാഭിമാനി മുഖപ്രസംഗം)

വിട്ടുവീഴ്ചയില്ലാത്ത പോരാളി

ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവിനെയാണ് സമര്‍ മുഖര്‍ജിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്. മാര്‍ക്സിസം-ലെനിനിസത്തിലുള്ള അചഞ്ചലമായ വിശ്വാസം, അതില്‍ ഉറച്ചുനിന്നുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, അര്‍പ്പണബോധത്തോടെ ത്യാഗപൂര്‍ണമായി നടത്തിയ ജനസേവനം എന്നിവയാണ് അദ്ദേഹത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാക്കിയത്. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെയും ഇക്കാലത്തെയും ബന്ധിപ്പിച്ചുനിര്‍ത്തിയ ഈടുറ്റ ഒരു കണ്ണിയായിരുന്നു മാതൃകാപരമായ ആ ജീവിതം. വ്യതിയാനങ്ങള്‍ക്കെതിരെ പാര്‍ടിയെ ശരിയായ ദിശയില്‍ നയിക്കുന്നതിനും അതിനനുസൃതമായി പാര്‍ടി സംഘടന കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും.

കരുത്തനായ ട്രേഡ് യൂണിയന്‍ നേതാവ്, ലോക്സഭയെയും രാജ്യസഭയെയും സജീവമാക്കിയ പാര്‍ലമെന്റേറിയന്‍, പാര്‍ലമെന്ററി പാര്‍ടി നേതാവ്, പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം, സിഐടിയു ജനറല്‍സെക്രട്ടറി, സമരമുഖങ്ങളിലെ ധീരനായ പോരാളി എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചു സമര്‍ മുഖര്‍ജി. ഒരുനൂറ്റാണ്ടുകാലത്തെ പല പ്രധാന സംഭവവികാസങ്ങളിലും പങ്കാളിയാകാന്‍ അവസരം ലഭിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആശയക്കുഴപ്പങ്ങളുടെ ഘട്ടങ്ങളില്‍ നയവ്യക്തത വരുത്തിയും ആത്മവിശ്വാസം പകര്‍ന്നും അദ്ദേഹം ഇടപെട്ടു. ആ ഇടപെടല്‍ വിഷമഘട്ടങ്ങളെ തരണംചെയ്യുന്നതില്‍ പാര്‍ടിയെ അളവറ്റരീതിയില്‍ സഹായിച്ചു. മാതൃകാപരമായ വ്യക്തിത്വം, മാതൃകാപരമായ ജീവിതം എന്നിവകൊണ്ട് അസാധാരണത്വമാര്‍ന്ന വിപ്ലവകാരിയായി ജനമനസ്സുകളില്‍ എന്നും അദ്ദേഹം നിറഞ്ഞുനില്‍ക്കും. കൂട്ടായ നേതൃത്വത്തിലൂടെ ഈ നഷ്ടത്തെ അതിജീവിച്ച് മുന്നോട്ടുപോകുന്നതിന് ആ സ്മരണ കരുത്താവും.

പിണറായി വിജയന്‍

കര്‍മയോഗിയായ നേതാവ്

സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുപരി പാര്‍ടി താല്‍പ്പര്യവും രാജ്യതാല്‍പ്പര്യവും ഉയര്‍ത്തിപ്പിടിച്ച കര്‍മയോഗിയായ കമ്യൂണിസ്റ്റായിരുന്നു സമര്‍ മുഖര്‍ജി. കമ്യൂണിസ്റ്റ് പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും അമൂല്യമായ സംഭാവനകള്‍ നല്‍കിയ പടയാളി. പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ച സമര്‍പ്പിത ജീവിതത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച സമര്‍ പാര്‍ടി അച്ചടക്കം കാത്തു സൂക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. ലോക്സഭ-രാജ്യസഭാംഗമെന്ന നിലയിലും പ്രവര്‍ത്തിച്ച സമര്‍ കമ്യൂണിസ്റ്റുകാര്‍ എങ്ങനെയാണ് പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തേണ്ടതെന്നതിനുള്ള മാതൃകയായിരുന്നു. ബംഗാളില്‍ ഇടതുപക്ഷ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് സമര്‍ നല്‍കിയ സംഭാവന നിസ്തുലമാണ്. നിസ്വാര്‍ഥമായ പാര്‍ടി പ്രവര്‍ത്തകനായ സമര്‍ എല്ലാം പാര്‍ടിക്കുവേണ്ടി ത്യജിച്ചു. ധീരനായ ആ കമ്യൂണിസ്റ്റിന്റെ സ്മരണ എന്നും ആവേശമാകും.

കോടിയേരി ബാലകൃഷ്ണന്‍

താരതമ്യമില്ലാത്ത ജനനേതാവ്

താരതമ്യമില്ലാത്ത ജനനേതാവിനെയാണ് സമര്‍ മുഖര്‍ജിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്. വിദ്യാര്‍ഥിപ്രവര്‍ത്തനത്തിലൂടെ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലൂടെ കോണ്‍ഗ്രസിലും എത്തിയ സമര്‍ദാ തൊഴിലാളി- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ഏറ്റവും ഉന്നത നേതാവായും വളര്‍ന്നു. ലളിതജീവിതത്തിന്റെ മൂര്‍ത്തീമദ്ഭാവമായിരുന്ന സമര്‍ദാ ലാളിത്യവും പരിശുദ്ധിയും പുലര്‍ത്തി. ഐതിഹാസിക സമരങ്ങളാണ് പശ്ചിമബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ ശക്തിപ്പെടുത്തിയത്. ബംഗാള്‍ വിഭജനത്തിനെതിരെ അനുശീലന്‍ സമിതിയും ജുഗാന്തറും നടത്തിയ സായുധകലാപങ്ങളും പാര്‍ടി ഏറ്റെടുത്ത സമരങ്ങളും വിപ്ലവ പൈതൃകത്തിന് അടിത്തറയിട്ടു. പണിമുടക്കുകളും തേഭാഗ സമരവും തൊഴിലാളികളെയും കര്‍ഷകരെയും പാര്‍ടിയുടെ പിന്നില്‍ അണിനിരത്തി. ക്വിറ്റിന്ത്യാ സമരനിലപാടിനെത്തുടര്‍ന്ന് പാര്‍ടിയെ ഒറ്റപ്പെടുത്താന്‍ സംഘടിതശ്രമം ഉണ്ടായി.

ബംഗാള്‍ ക്ഷാമകാലത്ത് ഭരണകൂടവും കോണ്‍ഗ്രസും സ്തംഭിച്ചുനിന്നപ്പോള്‍ കമ്യൂണിസ്റ്റുകാരാണ് സാമൂഹ്യ അടുക്കളകളും ദുരിതാശ്വാസ ക്യാമ്പുകളും നടത്തി സഹായമെത്തിച്ചത്. പാര്‍ടിയുടെ ജനപിന്തുണ വര്‍ധിപ്പിച്ച പ്രധാനപ്പെട്ട ഇടപെടലായിരുന്നു ഇത്. പിന്നീട് നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് വിഭജനത്തിന്റെ കാലത്തായിരുന്നു. കിഴക്കന്‍ ബംഗാളില്‍നിന്ന് കല്‍ക്കത്തയിലേക്കും പരിസരങ്ങളിലേക്കും ഒഴുകിയ ലക്ഷക്കണക്കിനാളുകള്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ മടിച്ചു. സ്വന്തം ഭാഷയും സംസ്കാരവും നിലനില്‍ക്കുന്ന മണ്ണില്‍ ഉറച്ചുനില്‍ക്കാന്‍ ആഗ്രഹിച്ച അഭയാര്‍ഥികളെ ആട്ടിയോടിക്കാനാണ് ശ്രമിച്ചത്. ഇവരുടെ അവകാശം സംരക്ഷിക്കാനും വാസസ്ഥലവും ജീവിതമാര്‍ഗങ്ങളും ഒരുക്കുന്നതിന് കമ്യൂണിസ്റ്റ് പാര്‍ടിയാണ് നേതൃത്വം നല്‍കിയത്. അതിന്റെ മുന്‍നിരയിലായിരുന്നു സമര്‍ദാ. ചരിത്രമേല്‍പ്പിച്ച ആ മുറിവുകളുണക്കാനും ജനതയ്ക്ക് ആശ്വാസം നല്‍കാനുമായി സമര്‍പ്പിച്ച ത്യാഗനിര്‍ഭരമായ ജീവിതമായിരുന്നു സമര്‍ദായുടേത്.

എം എ ബേബി

സമരജീവിതത്തിന് അന്ത്യം

കൊല്‍ക്കത്ത: സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുതിര്‍ന്നനേതാക്കളില്‍ ഒരാളും പ്രഗത്ഭ പാര്‍ലമെന്റേറിയനുമായ സമര്‍ മുഖര്‍ജി അന്തരിച്ചു. വ്യാഴാഴ്ച പകല്‍ 10.30ന് സാള്‍ട്ട്ലേക്ക് എഐഎംആര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 101 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏഴരപ്പതിറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുള്ള സമര്‍ ഏതാനും വര്‍ഷം മുമ്പുവരെ പൊതുവേദികളില്‍ സജീവമായിരുന്നു. അവിവാഹിതനാണ്. അരനൂറ്റാണ്ടായി പാര്‍ക്ക് സര്‍ക്കസ് ഒമ്പതാം നമ്പര്‍ ദില്‍ക്കുഷ സ്ട്രീറ്റിലെ പാര്‍ടി കമ്യൂണിലാണ് താമസം. പാര്‍ടിക്കകത്തും പുറത്തും സമര്‍ദ എന്ന് അറിയപ്പെട്ടു. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണമായും പാര്‍ടിക്കാണ് നല്‍കിയത്. പാര്‍ടി നല്‍കിയ വേതനം മാത്രമാണ് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചത്. അന്തരിക്കുമ്പോള്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്രകമ്മിറ്റി അംഗം, കേന്ദ്ര കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍, ലോക്സഭയിലും രാജ്യസഭയിലും പാര്‍ടി നേതാവ്, സിഐടിയു ജനറല്‍സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1971ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമര്‍മുഖര്‍ജി എ കെ ജിക്കുശേഷം 1977 മുതല്‍; 1984 വരെ ലോക്സഭയിലും 1986 മുതല്‍ "98 വരെ രാജ്യസഭയിലും പാര്‍ടി നേതാവായി. 1957ല്‍ ബംഗാള്‍ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പകല്‍ 12ന് പാര്‍ടി നേതാക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം സമര്‍ദയുടെ പ്രവര്‍ത്തനകേന്ദ്രവും ജന്മനാടുമായ ഹൗറയില്‍ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസ്, പീപ്പിള്‍സ് റിലീഫ് കമ്മിറ്റി ഓഫീസ്, അഭയാര്‍ഥി സംരക്ഷണകേന്ദ്രം എന്നിവിടങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് അഞ്ചിന് സംസ്ഥാന കമ്മിറ്റി ഓഫീസായ മുസഫര്‍ അഹമ്മദ് ഭവനില്‍ പൊതുദര്‍ശനത്തിനു വച്ചു.

പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, ബുദ്ധദേബ് ഭട്ടാചാര്യ, നിരുപംസെന്‍, വൃന്ദ കാരാട്ട്, എം എ ബേബി, സൂര്യകാന്തമിശ്ര, സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പാര്‍ടി ഓഫീസില്‍ നിന്നു വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം നീല്‍രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് അധികൃതര്‍ക്ക് കൈമാറി. മരണാനന്തരം ശരീരം മെഡിക്കല്‍പഠനത്തിന് കൈമാറണം എന്നതായിരുന്നു അന്ത്യാഭിലാഷം.


ഗോപി

ദേശാഭിമാനി

No comments: