Sunday, July 14, 2013

പ്രകൃതി വാതക വിലവര്‍ധന കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ പകല്‍കൊള്ള

പ്രകൃതി വിഭവങ്ങള്‍ കയ്യടക്കലും അതിന്റെ അനിയന്ത്രിതമായ ചൂഷണവും അതുപയോഗിച്ച് ജനങ്ങളെ കൊള്ളയടിക്കലും ഉദാരവല്‍ക്കരണകാലത്തെ മൂലധനത്തിന്റെ മുഖ്യസ്വഭാവങ്ങളില്‍ ഒന്നാണ്. അതിന് കുടപിടിക്കുകയാണ് ഉദാരീകരണ കാലഘട്ടത്തിലെ അധികാര രാഷ്ട്രീയത്തിന്റെ അന്തസത്ത. പ്രകൃതിവാതകത്തിന്റെ വില ഇരട്ടിയായി ഉയര്‍ത്തിക്കൊണ്ട് ഇന്ത്യയില്‍ ഇപ്പോള്‍ അരങ്ങേറുന്നത് ആ കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ പകല്‍കൊള്ളയാണ്.

ഇന്ത്യയെപ്പോലെ വ്യാവസായിക രംഗത്ത് വന്‍കുതിപ്പ് ലക്ഷ്യം വെയ്ക്കുന്ന രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയിലും പുരോഗതിയിലും പ്രകൃതിവാതക ലഭ്യത അതീവ നിര്‍ണായകമാണ്. ഇന്ത്യ പ്രകൃതി വാതക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൂടുതല്‍ കൂടുതലായി വന്‍തോതിലുള്ള ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരുന്നു. 2012-13 കാലയളവില്‍ ഇന്ത്യയുടെ ആഭ്യന്തര പ്രകൃതിവാതക ഉല്‍പ്പാദനം 47,588 ദശലക്ഷം ചതുരശ്ര മീറ്റര്‍ ആയിരുന്നു. അത് മുന്‍വര്‍ഷത്തേക്കാള്‍ 14.5 ശതമാനം കുറവായിരുന്നു. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 30 ശതമാനം പ്രകൃതിവാതകം ഇറക്കുമതി ചെയ്യാന്‍ നാം നിര്‍ബന്ധിതമായി. പ്രകൃതി വാതക ഇറക്കുമതി രാജ്യത്തിന്റെ തല്‍സമയ സാമ്പത്തിക കമ്മിനില കൂടുതല്‍ വഷളാക്കും.

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതിവാതക (എല്‍ എന്‍ ജി) ത്തെക്കാള്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകം ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ ഇന്ധനമാണ്. ഇന്ത്യ ഇപ്പോള്‍ കരയില്‍ നിന്നും തീരക്കടലില്‍ നിന്നും പ്രകൃതിവാതകം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. രാജ്യത്ത് ലഭ്യമായ പ്രകൃതി വാതകത്തില്‍ ഏറിയപങ്കും ബോംബെ തീരക്കടലില്‍ നിന്നുമാണ്. അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, ത്രിപുര എന്നിവിടങ്ങളില്‍ നിന്നും പ്രകൃതിവാതകം ഉല്‍പാദിപ്പിച്ചുവരുന്നു.

ഇന്ത്യയുടെ പ്രകൃതിവാതക ഉല്‍പ്പാദന രംഗത്തെ പ്രമുഖര്‍ എണ്ണ  പ്രകൃതിവാതക കോര്‍പ്പറേഷന്‍ (ഒ എന്‍ ജി സി) ഓയില്‍ ഇന്ത്യ ലിമിറ്റഡ് (ഒ ഐ എല്‍) എന്നീ പൊതുമേഖലാ കമ്പനികളാണ്. രാജ്യത്തിന്റെ 'മഹാരത്‌ന' കമ്പനികളാണ് ഇവ രണ്ടും. ഉദാരീകരണത്തെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ബ്രിട്ടീഷ് പെട്രോളിയം (ബി പി), നിക്കോ, കയ്‌റന്‍ എനര്‍ജി എന്നീ സ്വകാര്യ കോര്‍പ്പറേറ്റുകളും പ്രകൃതിവാതക രംഗത്ത് സംയുക്ത സംരംഭങ്ങളില്‍ സജീവമാണ്.

പ്രകൃതി വാതക വിതരണത്തില്‍ വൈദ്യുതി ഉല്‍പ്പാദനം, രാസവള നിര്‍മാണം എന്നിവയ്ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കിപ്പോരുന്നത്. ദ്രവീകൃത പെട്രോളിയം വാതകം (എല്‍ പി ജി) അഥവാ പാചകവാതകം, മറ്റ് വ്യവസായ സംരംഭങ്ങള്‍, നഗരങ്ങളില്‍ പൈപ്പ് വഴി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വാതകം എത്തിച്ചു നല്‍കല്‍, വാഹനങ്ങളടക്കം ഇതര ആവശ്യങ്ങള്‍ക്കായുള്ള സമ്മര്‍ദ്ദിത പ്രകൃതി വാതകം (സി എന്‍ ജി) എന്നിവയ്ക്കും പ്രകൃതിവാതകം ഉപയോഗിച്ചു വരുന്നു. ഇതിനര്‍ഥം പ്രകൃതിവാതക വിലയിലുള്ള മാറ്റത്തിന്റെ ഭാരം സാധാരണ ജനങ്ങളാണ് താങ്ങേണ്ടിവരിക എന്നതാണ്. വൈദ്യുതിയുടെയും രാസവളങ്ങളുടെയും സി എന്‍ ജി, എല്‍ പി ജി എന്നിവയുടെ എല്ലാം വിലയില്‍ ഉണ്ടാവുന്ന വര്‍ധനവ് പണപ്പെരുപ്പം, വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവകൊണ്ട് പൊറുതി മുട്ടുന്ന സാമാന്യ ജനജീവിതത്തെ ദുരിതക്കയങ്ങളിലേക്കാവും തള്ളി നീക്കുക.

പ്രകൃതി വാതക വില ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 4.2 യു എസ് ഡോളര്‍ എന്നതില്‍ നിന്ന് 8.4 ആയി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ ആഴ്ചകള്‍ക്ക് മുമ്പ് അനുമതി നല്‍കി. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയാണ് ഇതുസംബന്ധിച്ച ശുപാര്‍ശയ്ക്ക് അന്തിമ രൂപം നല്‍കിയത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും രാജ്യസഭാ അംഗവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ സി രംഗരാജന്‍ നേതൃത്വം നല്‍കിയ സമിതിയാണ് വില ഉയര്‍ത്താനുള്ള നിര്‍ദേശം സമര്‍പ്പിച്ചത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രിക്കുവേണ്ടി രംഗരാജന്‍ ഫലത്തില്‍ പാവപ്പെട്ട ഇന്ത്യക്കാരെ വഞ്ചിക്കുകയായിരുന്നു. ഈ വിലവര്‍ധനവ് 'സമൂഹത്തിന്റെ ചെലവില്‍ സ്വകാര്യ ലാഭം' വര്‍ധിപ്പിക്കുക എന്ന ഉദാരീകരണ ദൗത്യമാണ് ഫലത്തില്‍ നിര്‍വഹിച്ചത്.
സാങ്കേതികമായി വില ഉയര്‍ത്തിയതിന്റെ ഫലമായി പൊതുമേഖലാ കമ്പനികളില്‍ നിന്ന് ഗവണ്‍മെന്റിന് ഡിവിഡന്റ് ലഭിക്കുമെന്ന് പറയാം. എന്നാല്‍ വില വര്‍ധനവിന്റെ പ്രയോജനം ഏറെയും ലഭിക്കുക റിലയന്‍സിനായിരിക്കും. ജനങ്ങള്‍ക്ക് അതിന് നല്‍കേണ്ടിവരുന്ന വില ഇപ്പോഴത്തെ നിരക്കില്‍ ഏറ്റവും ചുരുങ്ങിയത് 54,000 കോടിരൂപ ആയിരിക്കും. വൈദ്യുതി 46,360 കോടി രൂപ യൂറിയ 3,155 കോടി രൂപ, പാചകവാതകം 1,620 കോടി രൂപ എന്നിങ്ങനെ പോകുന്നു ഉപഭോക്താക്കള്‍ അധികമായി നല്‍കേണ്ടിവരുന്ന തുകയുടെ പ്രാഥമിക കണക്കുകള്‍.

മുകേഷ് അംബാനിക്കും റിലയന്‍സിനും അനുകൂലമായ വിലവര്‍ധനവിന്റെ വഴി അത്ര സുഗമമായിരുന്നില്ല. 2004 മുതല്‍ നാളിതുവരെ എണ്ണ പ്രകൃതിവാതക മന്ത്രാലയത്തിലെ മാറ്റങ്ങള്‍ അതിന്റെ നാള്‍വഴിയാണ്. തന്ത്രപ്രധാന സ്ഥാനങ്ങളില്‍ മന്ത്രിമാരെ നിയമിക്കുന്നതും പുറത്താക്കുന്നതും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗോ യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയോ അല്ല, കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണ്. എണ്ണ പ്രകൃതി വാതക മന്ത്രാലയത്തില്‍ അത് മുകേഷ് അംബാനിയാണ്. കുപ്രസിദ്ധ നീരാറാഡിയ ടേപ്പുകള്‍ ഈ വസ്തുത പുറത്തുകൊണ്ടുവന്നിട്ടുമുണ്ട്. നീരാറാഡിയയും കോര്‍പ്പറേറ്റ് ദല്ലാളായ രഞ്ചന്‍ ഭട്ടാചാര്യ (മുന്‍ പ്രധാനമന്ത്രി വാജ്‌പേയ്‌യുടെ വളര്‍ത്തുമകളുടെ ഭര്‍ത്താവ്) യുമായുള്ള സംഭാഷണത്തില്‍ ''കോണ്‍ഗ്രസ് നമ്മുടെ സ്വന്തം കടയല്ലെ'' എന്ന് മുകേഷ് അംബാനി പറഞ്ഞതായി പരാമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെമേലുള്ള മുകേഷിന്റെ 'ഉടമാവകാശ'മാണ് ഇവിടെ ഉറപ്പിച്ചുപറയുന്നത്. രണ്ടാം യു പി എ സര്‍ക്കാരിന്റെ രൂപീകരണ പശ്ചാത്തലത്തിലാണ് ഈ വിവാദ സംഭാഷണം നടന്നതെന്നും ശ്രദ്ധേയമാണ്.

ഒരുമിച്ചു നിന്നിരുന്ന അംബാനി സഹോദരന്‍മാരെ കയ്യകലം നിര്‍ത്താനും പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് ആഭ്യന്തര എണ്ണ പ്രകൃതിവാതക ഉല്‍പ്പാദനത്തില്‍ പ്രോത്സാഹനം നല്‍കാനും 2004-06 കാലയളവില്‍ മന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യര്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് തല്‍സ്ഥാനത്തെത്തിയ മുരളി ദേവ്‌റ അംബാനി സഹോദരന്മാര്‍ക്ക് 'അങ്കിള്‍' ആയിരുന്നു. സഹോദരപ്പോരില്‍ ദേവ്‌റ മുകേഷിന് ഒപ്പം നിലയുറപ്പിച്ചു. ഇക്കാലയളവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രിക്ക് അനുകൂലമായി പ്രകൃതിവാതക വിലനിര്‍ണയ തീരുമാനം കൈക്കൊണ്ടു.

ദേവ്‌റയുടെ മരണത്തെ തുടര്‍ന്ന് ചുമതലയേറ്റ എസ് ജയ്പാല്‍ റെഡ്ഢി ഉപയോഗിക്കപ്പെടാതെ കിടന്ന അടിസ്ഥാന സൗകര്യങ്ങള്‍ മൂലമുണ്ടായ നൂറുകോടി ഡോളറിന്റെ നഷ്ടം തിരിച്ചുപിടിക്കാന്‍  നടപടിസ്വീകരിച്ചു. മുന്‍കൂട്ടി വാതകവില പുതുക്കി നിശ്ചയിക്കാനുള്ള ശ്രമത്തെ ചെറുത്തു. അത് സുപ്രധാനമായ എണ്ണ പ്രകൃതി വാതക മന്ത്രാലയത്തില്‍ നിന്ന് റെഡ്ഢിക്ക് പുറത്തേക്കുള്ള വഴിയാണ് തുറന്നത്. വീരപ്പമൊയ്‌ലി മന്ത്രിയെന്ന നിലയില്‍ വാതകവില ഇരട്ടിയായി ഉയര്‍ത്തി, തന്റെ കോര്‍പ്പറേറ്റ് വിധേയത്വം അര്‍ഥശക്കിടമില്ലാതെ തെളിയിച്ചു. ഊര്‍ജ, രാസവള വ്യവസായങ്ങളുടെയും ഉപഭോക്താവിന്റെയും മേല്‍ വിലവര്‍ധന സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ മൊയ്‌ലിക്ക് ഒരു പ്രശ്‌നമേയല്ല. വിലവര്‍ധനയെ എതിര്‍ക്കുന്നവരെ 'ഇറക്കുമതി ലോബിയിസ്റ്റുകള്‍' എന്നു മുദ്രകുത്തി പരിഹസിക്കാനാണ് മൊയ്‌ലി ശ്രമിച്ചത്.
(അവസാനിക്കുന്നില്ല)

*
രാജാജി മാത്യു തോമസ് ജനയുഗം

No comments: