Tuesday, July 2, 2013

മുഖ്യമന്ത്രി അവാര്‍ഡ് തിരിച്ചേല്‍പ്പിച്ച് കേരളത്തോട് മാപ്പു ചോദിക്കുക

മുഖ്യമന്ത്രി കൈപ്പറ്റിയ അന്താരാഷ്ട്ര അവാര്‍ഡിനെ കുറിച്ച് ഞങ്ങള്‍ വീണ്ടും എഴുതുകയാണ്. അദ്ദേഹം ബഹ്‌റൈനില്‍ അവാര്‍ഡ് സ്വീകരിച്ച ജൂണ്‍ 28 ന് പുറത്തിറങ്ങിയ ജനയുഗത്തില്‍ ഞങ്ങള്‍ ഇതേക്കുറിച്ച് എഴുതുകയുണ്ടായി. 'അന്താരാഷ്ട്ര അവാര്‍ഡ് കൊണ്ട് കളങ്കം മൂടിവയ്ക്കാനാവില്ല' എന്ന തലക്കെട്ടിലായിരുന്നു പ്രസ്തുത മുഖപ്രസംഗം. ജൂണ്‍ 29 ന് 'ശുദ്ധ തട്ടിപ്പ്' എന്ന തലക്കെട്ടില്‍ ഈ ലോകപുരസ്‌ക്കാരലബ്ധിയുടെ പൊള്ളത്തരം ഞങ്ങള്‍ മറനീക്കി കാണിച്ചു. സത്യത്തിന്റെ മുഖം സ്വര്‍ണപാത്രം കൊണ്ടുമൂടിവയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ മുഖ്യമന്ത്രിയും പരിവാരങ്ങളുമാകട്ടെ തങ്ങള്‍ അകപ്പെട്ട നാണക്കേടില്‍ നിന്ന് പുറത്തുകടക്കാനുള്ള ഉപാധിയായാണ് ഐക്യരാഷ്ട്രസഭയെ ഉപയോഗിക്കപ്പെടുത്തിയത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടിക്കണക്കിനു രൂപയാണ് ഈ പ്രതിഛായാ പുനര്‍നിര്‍മാണത്തിനുവേണ്ടി അവര്‍ വാരിക്കോരി ചെലവഴിച്ചത്. ആ പിടച്ചിലിന്റെ പുറകിലെ ഉള്ളുകള്ളികള്‍ ജനങ്ങള്‍ക്കു മനസിലാകും. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും യു എന്‍ സംവിധാനങ്ങള്‍ മുഴുവനും ഈ ലോകോത്തര അവാര്‍ഡ് ജേതാവിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നു എന്ന മട്ടിലാണ് ഇവിടെ പ്രചാരവേല സംഘടിപ്പിക്കപ്പെട്ടത്. വസ്തുതകളുമായി അതിനു യാതൊരു  ബന്ധവുമില്ലായിരുന്നു.

യു എന്‍ സംവിധാനത്തില്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍മാര്‍ പത്തുമുപ്പതുപേരുണ്ട്. അവരില്‍ ഒരാളില്‍ നിന്നാണ് കേരളാ മുഖ്യമന്ത്രിയടക്കം നിരവധിപേര്‍ ഈ ബഹുമതി ഏറ്റുവാങ്ങിയത്. അതില്‍ രണ്ടുപേര്‍ ഇന്ത്യാക്കാരുമായിരുന്നു. എന്നാല്‍ അവരുടെ സംസ്ഥാനങ്ങളിലൊന്നും അവാര്‍ഡിന്റെ പേരിലുള്ള കൊട്ടിഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവിടെയാകട്ടെ പ്രതിഛായാ നിര്‍മാണത്തില്‍ പ്രാവീണ്യം നേടിയ മുഖ്യമന്ത്രിയും സംഘവും ചേര്‍ന്ന് കാട്ടിക്കൂട്ടാന്‍ ഒന്നും  ബാക്കിയുണ്ടായിരുന്നില്ല. അഴിമതിയുടെ ചളിക്കുണ്ടില്‍ മുങ്ങിത്താഴുന്ന മുഖ്യമന്ത്രി അഴിമതി തടഞ്ഞതിന്റെ പേരിലാണ് അവാര്‍ഡ് തരപ്പെടുത്തിയത്. അത് ആഘോഷമാക്കാന്‍ അവര്‍ക്കു പലതുകൊണ്ടും ആവേശം കൂടുമല്ലോ. അവാര്‍ഡുമായി മടങ്ങി എത്തിയ മുഖ്യമന്ത്രിക്കു നാടുനീളെ സ്വീകരണ മേളകള്‍ സംഘടിപ്പിക്കാന്‍ ഉത്സാഹ കമ്മിറ്റികളുണ്ടായി. അവിടെയെല്ലാം രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ നാടിന്റെ താരുണ്യങ്ങളെ പൊലീസ് മൃഗീയമായി തല്ലിച്ചതച്ചു.

കഥയില്ലാത്ത ഒരവാര്‍ഡിന്റെ പേരിലാണ് ഉമ്മന്‍ചാണ്ടിയും സംഘവും ഈ കോലാഹലങ്ങളെല്ലാം നടത്തിയത്. പൊതുസേവന അവാര്‍ഡിനുള്ള ഐക്യരാഷ്ട്ര സഭയുടെ നിബന്ധനകളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ചേര്‍ന്ന് ഈ അവാര്‍ഡ് പിടിച്ചുപറ്റിയത്. അങ്ങനെയൊന്ന് കൈക്കലാക്കാന്‍ അവര്‍ക്ക് അത്യാവശ്യമുണ്ടായിരുന്നെങ്കിലും അതിനു ഐക്യരാഷ്ട്ര സഭയെത്തന്നെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തത്. എല്ലാത്തരം തട്ടിപ്പിന്റെയും ഹെഡ് ഓഫീസായ ആ ഓഫീസ് ഐക്യരാഷ്ട്ര സഭയെ വരെ വഞ്ചിക്കാന്‍ മടിച്ചില്ലെന്നും തെളിഞ്ഞിരിക്കുന്നു. ''നാമനിര്‍ദേശം ചെയ്യുന്നതും ചെയ്യപ്പെടുന്നതും ഒരേ സ്ഥാപനം തന്നെയാണെങ്കില്‍ അത്തരം നാമനിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെ'' ന്നാണ് ഐക്യരാഷ്ട്രസഭാ നിബന്ധനകള്‍ അസന്നിഗ്ധമായി പറയുന്നത്. ഇവിടെ നാമനിര്‍ദേശം ചെയ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസും നാമനിര്‍ദേശം ചെയ്യുന്നത് കേരളാ ഗവണ്‍മെന്റുമായിരുന്നു. രണ്ടിന്റെയും തലവന്റെ പേര് ഉമ്മന്‍ചാണ്ടി എന്നും! എന്നിട്ടും ഇവ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന അതിവിചിത്രവാദത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ അവാര്‍ഡിനുവേണ്ടി ഉഴറി നടന്നത്.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇപ്രകാരം 'അവാര്‍ഡിതനാകുന്ന' തെന്നാണ്. സെക്രട്ടേറിയറ്റിലെ കേരളാ ഗീബല്‍സുമാര്‍ വിളിച്ചുകൂവുന്നത്. അവരുടെ തൊലിക്കട്ടിയുടെ കാഠിന്യം അറിയണമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനൊപ്പം ഇക്കുറി അവാര്‍ഡുവാങ്ങിയ പദ്ധതികളെ/സ്ഥാപനങ്ങളെക്കുറിച്ചു കൂടി മനസിലാക്കിയാല്‍ മതിയാകും. (1) ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ 'സ്വാവലംബന്‍' പദ്ധതി. (2) കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ കുടില്‍ വ്യവസായ വകുപ്പിന്റെ 'ഗ്രാമീന്‍ ഹട്ട്' പദ്ധതി! ഉത്തര്‍പ്രദേശിലെ ഒരു ജില്ലാ ആരോഗ്യസമിതി സംഘടിപ്പിച്ച 'ആരോഗ്യം' പദ്ധതിക്കും, ഗുജറാത്തിലെ ഒരു ജില്ലാകുടിവെള്ള പദ്ധതിക്കും ആന്ധ്രാപ്രദേശിലെ ഒരു ഇലക്‌ട്രോണിക്‌സ് സംഭരണ പദ്ധതിക്കും അടക്കം ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ക്ക് പൊതുജന സേവന സ്ഥാപനങ്ങള്‍ക്കുള്ള ഈ അവാര്‍ഡ് മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചുവെന്ന കാര്യം ഉമ്മന്‍ചാണ്ടിക്കു നിഷേധിക്കാനാവില്ല. എന്നാല്‍ സര്‍ക്കാരിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്മാര്‍ കൈപ്പറ്റിപോന്ന ഈ 'ചെറിയ' സമ്മാനം ഒരു സംസ്ഥാന മുഖ്യമന്ത്രി ഭൂഗോള സംഭവമാക്കി മാറ്റിയത് യു എന്‍ വൃത്തങ്ങളെത്തന്നെ  അമ്പരപ്പിച്ചിട്ടുണ്ടാകും.

ഒരുകാര്യംകൂടി കേരളം അറിയേണ്ടതാണ്. ഏഷ്യാ-പസഫിക് മേഖലയിലെ അവാര്‍ഡിനാണ് കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് മേല്‍പ്പറഞ്ഞ കൗശലങ്ങളിലൂടെ അര്‍ഹത നേടിയത്. യൂറോപ്പ്-ഉത്തര അമേരിക്കന്‍ മേഖലയില്‍ നിന്ന് ഈ വര്‍ഷം അവാര്‍ഡ് നേടിയത് ഇറ്റലിയാണ്. ബാലപീഡനത്തിനും അഴിമതിക്കും കോടതി കയറേണ്ടിവന്ന സില്‍വിയോ ബേറുല്‍സ്‌കോണിയുടെ രാജ്യം! ഇങ്ങനെയുള്ള ഒരവാര്‍ഡ് ഭൂഷണമായി കരുതുന്നതുകൊണ്ടാകാം മുഖ്യമന്ത്രിയുടെ ഓഫീസിനെ സംസ്ഥാന ഗവണ്‍മെന്റ് ശുപാര്‍ശ ചെയ്തത്. അത് എങ്ങനെയും കിട്ടിയേ തീരു എന്ന പതനത്തിലെത്തിയതുകൊണ്ടാകാം രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയും സംഘവും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അല്‍പമെങ്കിലും അന്തസ് ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇപ്പോള്‍ ചെയ്യേണ്ടത് ഇതാണ്: കൃത്രിമ മാര്‍ഗത്തിലൂടെ കൈക്കലാക്കിയ ഈ വളരെ ചെറിയ അവാര്‍ഡ് തിരിച്ചേല്‍പ്പിക്കുക. എന്നിട്ട് കേരളത്തോട് മാപ്പ് ചോദിക്കുക.

*
ജനയുഗം മുഖപ്രസംഗം

No comments: