Thursday, July 18, 2013

രാജ്യസുരക്ഷ പണയത്തില്‍

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഒരിക്കലേ രാജിഭീഷണി മുഴക്കിയിട്ടുള്ളൂ. അത് ഒന്നാം യുപിഎ മന്ത്രിസഭയുടെ അവസാനകാലത്താണ്. ഇന്‍ഡോ-അമേരിക്കന്‍ ആണവകരാര്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ പ്രധാനമന്ത്രിക്കസേരയിലിരിക്കില്ലെന്ന് പാര്‍ലമെന്റില്‍ത്തന്നെ അദ്ദേഹം പ്രഖ്യാപിച്ചു. കരാര്‍ സമയബന്ധിതമായി നടപ്പാക്കുന്നത് സംബന്ധിച്ച് അമേരിക്ക "അന്ത്യശാസനം" കൊടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു അത്. അമേരിക്കന്‍ താല്‍പ്പര്യം നിര്‍വഹിച്ചുകൊടുക്കാനല്ലെങ്കില്‍ പിന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം എന്തിന് എന്ന ചിന്തയായിരുന്നു പ്രധാനമന്ത്രിക്ക്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്കെതിരെ വിദേശതാല്‍പ്പര്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനുള്ളതാണ് തന്റെ അധികാരമെന്ന ബോധ്യം.

ഈ ബോധ്യംതന്നെയാണ് തൊണ്ണൂറുകളില്‍ ധനമന്ത്രിയായതുതൊട്ടിന്നോളം മന്‍മോഹന്‍സിങ്ങിനെ നയിക്കുന്നത്. പലസ്തീന്‍ പ്രശ്നത്തിലും ഇറാന്‍ പ്രശ്നത്തിലും അന്താരാഷ്ട്ര ആണവ ഏജന്‍സി നിലപാടിലും എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിലുമൊക്കെ ദേശീയതാല്‍പ്പര്യങ്ങളെയും ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങളെയും പൂര്‍വകാല വിദേശകാര്യനിലപാടുകളെയുമൊക്കെ ധ്വംസിക്കുന്നതിന് പ്രധാനമന്ത്രി നിര്‍ലജ്ജം മുന്നിട്ടിറങ്ങുന്നത് നമ്മള്‍ കണ്ടു. ആഗോളവല്‍ക്കരണത്തിലൂടെ അതിര്‍ത്തി ലംഘിച്ചുള്ള അനിയന്ത്രിതവും നിരുപാധികവുമായ ധനമൂലധനപ്രവാഹത്തിനുവേണ്ടി വാതില്‍ തുറന്നുകൊടുത്തതിലും അതിനനുസൃതമായ അന്തരീക്ഷം ഇവിടെയുണ്ടാക്കാന്‍, പരിമിതമായതോതിലെങ്കിലും നിലനിന്നിരുന്ന ക്ഷേമ-സേവന നടപടികളില്‍നിന്നുപോലും പിന്‍വാങ്ങി ഇന്ത്യന്‍ ജനതയുടെ ജീവിതത്തെത്തന്നെ വരിഞ്ഞുമുറുക്കുന്നതും നാം കണ്ടു. ഒരുകാലത്ത് ചേരിചേരാപ്രസ്ഥാനത്തിന്റെ നായകസ്ഥാനത്ത് തലയെടുപ്പോടെ നിന്ന ഇന്ത്യയുടെ യശസ്സ് തകര്‍ത്ത് അമേരിക്കയുടെ ഉപഗ്രഹരാജ്യമാക്കിമാറ്റുന്ന പ്രക്രിയയാണ് രണ്ടുപതിറ്റാണ്ടിലേറെക്കാലമായി ഇവിടെ തുടരുന്നത്. ഈ പ്രക്രിയയെ കുതിപ്പിക്കുന്ന നടപടിയാണ് പ്രതിരോധമടക്കം 13 മേഖലയില്‍ വിദേശനിക്ഷേപപരിധി ഉല്‍ക്കണ്ഠാജനകമാംവിധം വര്‍ധിപ്പിച്ചുള്ള ചൊവ്വാഴ്ചത്തെ കേന്ദ്രമന്ത്രിമാരുടെ പ്രത്യേക യോഗത്തിലെ തീരുമാനം. പ്രതിരോധമേഖലപോലും വിദേശമൂലധനത്തിനായി തുറന്നുവച്ചിരിക്കുന്നുവെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യം. സുരക്ഷാസമിതിയുടെ അനുവാദമുണ്ടെങ്കില്‍ പ്രതിരോധരംഗത്തെ ഏതുമേഖലയിലും നൂറുശതമാനംവരെ പ്രത്യക്ഷ വിദേശനിക്ഷേപമാകാം എന്നാണ് തീരുമാനം.

പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന അമ്പതുകളില്‍ത്തന്നെ കേന്ദ്ര ക്യാബിനറ്റില്‍ ഗൗരവപൂര്‍ണമായ ചര്‍ച്ച നടന്നിരുന്നു. ആ മേഖല രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാകയാല്‍ അത് വിദേശമൂലധനത്തിന് ക്രമാതീതമായി തുറന്നുകൊടുത്തുകൂടാ എന്ന തീരുമാനമാണ് അന്നുണ്ടായത്. വിദേശമൂലധനം തനിച്ചല്ല വരുന്നത്. അത് എപ്പോഴും അതിനുപിന്നിലുള്ള വൈദേശികതാല്‍പ്പര്യങ്ങളെ കൂടെ കൊണ്ടുവരും. ആ താല്‍പ്പര്യങ്ങള്‍ നമ്മുടെ ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നതാകില്ല. ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ വിദേശരാഷ്ട്ര താല്‍പ്പര്യങ്ങള്‍ക്ക് ഇടംകൊടുത്താല്‍ ആത്യന്തികമായി അത് രാജ്യത്തിന്റെ സുരക്ഷാപരമാധികാരത്തെത്തന്നെ അപകടപ്പെടുത്തും. ഈ വിശദീകരണമുള്‍ക്കൊള്ളുന്ന ഒരു പ്രമേയംതന്നെ വി കെ കൃഷ്ണമേനോനും ലാല്‍ബഹാദൂര്‍ശാസ്ത്രിയുമൊക്കെ ഉള്‍പ്പെട്ട നെഹ്റുമന്ത്രിസഭ പണ്ട് പാസാക്കിയിരുന്നു. ആ പ്രമേയം വലിച്ചുകീറി കാറ്റില്‍പറത്തിയാണ് ഇന്ന് പ്രതിരോധരംഗത്തെ വിദേശനിക്ഷേപത്തോത് 26 ശതമാനത്തില്‍നിന്ന് 100 ശതമാനം എന്നുയര്‍ത്തിയത്.

നെഹ്റുവിന്റെ നയങ്ങളെ നെഹ്റുവിന്റെ പിന്മുറക്കാരെന്ന് അഭിമാനിക്കുന്നവര്‍തന്നെ തകര്‍ക്കുന്നതിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണിത്. 26 ശതമാനത്തിന്മേലുള്ള വിദേശനിക്ഷേപം സുരക്ഷാസമിതിയുടെ അംഗീകാരത്തോടെ മാത്രമേ പാടുള്ളൂവെന്നത് ഒരു നാട്യംമാത്രമാണ്. പ്രതിരോധരംഗത്ത് വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാട്യം. നേരിട്ടുള്ള വിദേശനിക്ഷേപം പ്രതിരോധരംഗത്ത് 49 ശതമാനംവരെയാകാം എന്ന് പരസ്യമായി പറയുമ്പോഴും ഒഴിവാക്കാനാവാത്ത സന്ദര്‍ഭങ്ങളില്‍ അതിനു പരിധി കല്‍പിക്കേണ്ടതില്ല എന്ന് രഹസ്യമായി നിശ്ചയിച്ചിരിക്കുന്നു. സുരക്ഷാസമിതിയുടെ അനുവാദം എന്ന നിബന്ധന സാങ്കേതികം മാത്രമാണ്. പ്രതിരോധരംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപത്തോത് ഉയര്‍ത്തുന്നത് സുരക്ഷിതത്വതാല്‍പ്പര്യങ്ങള്‍ക്കനുസൃതമല്ലെന്ന് മുമ്പ് പ്രതിരോധമന്ത്രി എ കെ ആന്റണിതന്നെ അഭിപ്രായപ്പെട്ടിരുന്നതാണ്. ആ രംഗത്തെ വിദേശനിക്ഷേപത്തോത് ഉയര്‍ത്തുന്നതിനെ ആന്റണി എതിര്‍ത്തതായും കേട്ടിട്ടുണ്ട്. എന്നാല്‍, ആന്റണിയുടെ എതിര്‍പ്പ് കാര്യത്തോടടുത്തപ്പോള്‍ എങ്ങനെ അലിഞ്ഞുപോയി? പ്രതിരോധസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തും നിലനിര്‍ത്തേണ്ടത്ര പ്രധാനപ്പെട്ടതാണ് മന്ത്രിസ്ഥാനമെന്ന് ആന്റണി കരുതുന്നുണ്ടോ? ഇക്കാര്യം വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭകോണങ്ങള്‍ കൂടുതലും നടന്നിട്ടുള്ളത് പ്രതിരോധരംഗത്താണ്. ജീപ്പ് കുംഭകോണംമുതല്‍ ബൊഫോഴ്സ് വഴി അഗസ്താവെസ്റ്റ്ലാന്‍ഡുവരെ എത്രയെത്ര കുംഭകോണങ്ങള്‍. അത്തരം കുംഭകോണങ്ങളുടെ മറ്റൊരു മലവെള്ളപ്പാച്ചിലിന് ഗേറ്റ് തുറന്നുകൊടുക്കാന്‍കൂടി ഉദ്ദേശിച്ചിട്ടുണ്ടാകണം കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ആയിരക്കണക്കിനു കോടികള്‍ ഒഴുക്കാനുള്ള കോണ്‍ഗ്രസിന്റെ മുഖ്യ കറവപ്പശു പ്രതിരോധരംഗംതന്നെയാണല്ലോ. ടെലികോം, പ്രതിരോധം, ഇന്‍ഷുറന്‍സ്, ഊര്‍ജം എന്നീ മേഖലകളില്‍ തുടങ്ങി ചെറുകിട വ്യാപാരമേഖലയില്‍വരെയായി 13 രംഗങ്ങളിലാണ് നേരിട്ടുള്ള വിദേശനിക്ഷേപത്തോത് ഉയര്‍ത്തിയിട്ടുള്ളത്.

നെഹ്റൂവിയന്‍ നയങ്ങളെപ്പോലും പൊളിച്ചടുക്കുന്ന തരത്തിലുള്ള നയംമാറ്റം. നയപരമായ ഈ കാര്യം പാര്‍ലമെന്റിന്റെ ചര്‍ച്ചയ്ക്കുപോലും വിധേയമാക്കാതെയാണ് തീരുമാനിച്ചത് എന്നത് ഒരേസമയം മന്ത്രിസഭയുടെ ഭീരുത്വത്തെയും ജനപ്രതിനിധിസഭയോടുള്ള അവജ്ഞയെയുമാണ് കാണിക്കുന്നത്. ടെലികോംമേഖലയിലും നൂറുശതമാനമാണ് അനുവദിക്കുന്നത്. ആഭ്യന്തരകമ്പോളത്തിനായി ഒന്നും ബാക്കിവച്ചിട്ടില്ലെന്നര്‍ഥം. തെരഞ്ഞെടുപ്പിനെ നേരിടാന്‍ മാസങ്ങള്‍മാത്രം അവശേഷിച്ചിട്ടുള്ള സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലൂടെ ജനങ്ങളെ അറിയിക്കാത്തതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ ഇത്തരമൊരു നയംമാറ്റം നടത്താന്‍ മന്‍മോഹന്‍സിങ്ങിന് എന്ത് ധാര്‍മികാവകാശമാണുള്ളത്. പൊതുതെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരാനാകില്ലെന്ന് ഉറപ്പായതുകൊണ്ടുകൂടിയാകണം അവസാനകാലത്ത് ധൃതിപിടിച്ചുള്ള ഈ തീരുമാനം. രാജ്യവിരുദ്ധമായ ഈ നടപടി നടപ്പാക്കിക്കൂടാ. പൊതുതെരഞ്ഞെടുപ്പുവരെയെങ്കിലും ഇത് നടപ്പാകില്ല എന്നുറപ്പിക്കാന്‍ ദേശാഭിമാനശക്തികള്‍ ഒരുമിച്ചുനിന്ന് ശബ്ദമുയര്‍ത്തേണ്ടിയിരിക്കുന്നു.

*
ദേശാ‍ഭിമാനി മുഖപ്രസംഗം

No comments: