Sunday, July 14, 2013

എം ടി : വ്യക്തിയും വിജയവും

എല്ലാ ഷേക്സ്പിയര്‍ ട്രാജഡികളിലും ദുരന്തത്തിന് കാരണമായി ഭവിക്കുന്നത് കഥാനായകന്റെയോ കഥാനായികയുടെയോ വ്യക്തിത്വത്തിലെ ദൗര്‍ബല്യമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വ്യക്തിത്വദൗര്‍ബല്യങ്ങള്‍ ദുരന്തത്തിലേക്ക് നയിക്കും എന്നപോലെതന്നെ വ്യക്തിത്വശക്തികള്‍ വിജയത്തിലേക്കും വഴിതുറക്കുന്നതാണ്. വിജയഹേതുവായ സ്വഭാവഘടകങ്ങളെ അവലോകനംചെയ്യുകയാണെങ്കില്‍ എം ടി വാസുദേവന്‍നായരുടെ വ്യക്തിത്വം സകല "സക്സസ് റിവ്യൂ"കളെയും വെല്ലുന്ന മൗലികഗ്രന്ഥമായി നമുക്ക് അംഗീകരിക്കേണ്ടിവരും.

എന്താണ്, എന്തായിരുന്നു എം ടിയെ തൊട്ടതെല്ലാം പൊന്നാക്കുന്ന കൈരളിയുടെ അപൂര്‍വതയാക്കി മാറ്റിയത്? ഇതിന് ഉത്തരം കാണണമെങ്കില്‍ എം ടി- വ്യക്തിയും എം ടി- സൃഷ്ടിയും വളര്‍ന്ന് വികസിച്ച കാലത്തെ ചരിത്രപരമായിത്തന്നെ വിലയിരുത്തണം. ഫ്യൂഡലിസത്തിന്റെ പൊട്ടിയ നാലുകെട്ടില്‍നിന്ന് മുതലാളിത്തത്തിന്റെ കുഞ്ഞുങ്ങള്‍ വെളിയിലേക്ക് വിരിയുന്ന സന്ദര്‍ഭം. കൂട്ടുകുടുംബത്തിന്റെ സംരക്ഷണം നഷ്ടപ്പെടുന്നവര്‍ക്ക് ഒറ്റയ്ക്കൊറ്റയ്ക്കാണ് തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കേണ്ടിയിരുന്നത്. അങ്ങേയറ്റം ജാഗ്രതയും മിടുക്കും രൂപപരിണാമശേഷിയും കാട്ടിയില്ലെങ്കില്‍ നിലനില്‍പ്പുതന്നെ അപകടത്തിലായെന്നു വരാം. അതുകൊണ്ടാണ് നാലുകെട്ടിലെ അപ്പുണ്ണി, പിതൃഘാതകനെങ്കിലും സൈതാലിക്കുട്ടിയുടെ സഹായത്തോടെ വയനാട്ടില്‍ ജോലി നേടിയതും കാലത്തിലെ സേതു ഒടുവില്‍ കുറ്റബോധപ്പെട്ടെങ്കിലും സുമിത്രയെ ഉപേക്ഷിച്ച് ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിയതും. അത്രയും കാഞ്ഞ സൂക്ഷ്മത കാല്‍വയ്പുകളില്‍ പുലര്‍ത്തിയില്ലെങ്കില്‍ അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയായി തങ്ങള്‍ ഒടുങ്ങുമെന്ന് അവരുടെ അന്തര്‍പ്രജ്ഞ നിരന്തരം തെര്യപ്പെടുത്തിയിരിക്കണം. കാരണം വിജയിക്കല്‍ ഒരു ആര്‍ഭാടമല്ല, ജീവനും ജീവിതവും നിലനിര്‍ത്താനുള്ള അനിവാര്യപ്രവര്‍ത്തനമാണെന്ന് അന്നത്തെ കാലം വിധി കല്‍പ്പിച്ചിട്ടുണ്ട്.

കൂടല്ലൂര്‍ എന്ന കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എം ടിയും അവനവനെ ചെത്തിമിനുക്കി ഉയരങ്ങളിലേക്ക് നടന്നുകയറിയ വഴികള്‍ അദ്ദേഹത്തിന്റെ വിജയവ്യക്തിത്വത്തെ വിശകലനംചെയ്താലറിയാം. ഏതൊരു മനുഷ്യനും അവന്റെ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതും അതിന്റെ ഫലങ്ങള്‍ അനുഭവിക്കുന്നതും സമൂഹത്തില്‍ വച്ചാണല്ലോ. സമൂഹനിരപേക്ഷമായി കര്‍മങ്ങളോ കര്‍മഫലങ്ങളോ ഇല്ലെന്നുതന്നെ പറയാം. സമൂഹത്തിന്റെ അടിസ്ഥാനഘടകം വ്യക്തികളായതിനാല്‍ ഒരാളുടെ കര്‍മങ്ങള്‍ ആദ്യമായും അവസാനമായും ഏല്‍ക്കുന്നതും പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതും സഹജീവികളിലാണ്. അതിനാല്‍ സഹജീവികളുടെ ആശകളെയും ആശങ്കകളെയും ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും തിരിച്ചറിയാനുള്ള ശക്തി മനുഷ്യന്റെ പ്രവര്‍ത്തനവിജയങ്ങളെ നിര്‍ണയിക്കുന്നു. അങ്ങനെ നോക്കുകയാണെങ്കില്‍ ആളെ മനസിലാക്കാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള എം ടി എല്ലായിടത്തും വിജയിക്കുന്നതിന്റെ രഹസ്യം വേറെ ഒരിടത്തും തിരയേണ്ടതില്ല. കാണാന്‍ സമ്മതം ചോദിച്ച് തുഞ്ചന്‍ സ്മാരകത്തിന്റെ ഓഫീസ് വരാന്തയില്‍ പ്രത്യക്ഷപ്പെടുന്നവരുടെ സ്വഭാവവിശേഷങ്ങളും ഉള്ളിലിരിപ്പും നിമിഷാര്‍ധംകൊണ്ട് അദ്ദേഹം അത്ഭുതകരമാംവണ്ണം പിടിച്ചെടുക്കും. പലപ്പോഴും എന്റെയെല്ലാം നിഗമനങ്ങള്‍ക്കുവിരുദ്ധമായി അയാള്‍ ശരിയാകില്ല, അല്ലെങ്കില്‍ അയാള്‍ക്ക് ഇന്ന കുഴപ്പമുണ്ടെങ്കിലും ഇന്ന കഴിവുകളുണ്ട് എന്നെല്ലാമുള്ള എം ടിയുടെ കണ്ടെത്തലുകള്‍ സത്യമായി കലാശിക്കും.

താനുമായി ഇടപെടുന്നവരുടെ "വ്യക്തിത്വസ്കാന്‍" മുന്‍കൂട്ടി "മനഃസ്ക്രീനില്‍" തെളിഞ്ഞുകിട്ടുന്നതിനാല്‍ ഒരുപാട് അനാവശ്യ പണികളും മെനക്കേടുകളുമാണ് അദ്ദേഹം ദിനംപ്രതി ഒഴിവാക്കിവിടുന്നത്. പ്രയോജനരഹിതമായ ഓട്ടവും ചാട്ടവും പല്ലിളിക്കലും നമ്മുടെയെല്ലാം ആയുസ്സിന്റെ വലിയൊരു ഭാഗത്തെ കുട്ടിച്ചോറാക്കുമ്പോള്‍ നിഷ്ഫലമായ ചെറുവിരല്‍ അനക്കംപോലും എം ടി ജീവിതത്തില്‍ നടത്തുന്നില്ല. ഈ പരഹൃദയജ്ഞാനവല സമൂഹത്തില്‍ മൊത്തം വിരിച്ചതുകൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ സൃഷ്ടികള്‍ സകലര്‍ക്കും ഒരുപോലെ ആസ്വാദ്യമാകുന്നത്. കാലത്തെ കൃത്യമായി രേഖപ്പെടുത്തിയ എഴുത്തുകാരനാണ് എം ടി എന്നെല്ലാം പറയുമ്പോള്‍ നാട്ടുകാരുടെ മുഴുവന്‍ അഭിപ്രായങ്ങളും അഭിനിവേശങ്ങളും ആശങ്കകളും മോഹങ്ങളും അദ്ദേഹത്തിലൂടെ ആവിഷ്കൃതമായി എന്നാണര്‍ഥം. സോഷ്യല്‍ കോണ്‍ഷ്യസ്നസ്സിലേക്ക് സ്വന്തം ബോധത്തെ പറിച്ചുനടാനുള്ള ആ സിദ്ധി ഒറ്റ മാര്‍ക്കറ്റ് സര്‍വേപോലും നടത്താതെ ഏറ്റവും വിറ്റുപോകുന്ന കൃതികളുടെ കര്‍ത്താവാകാന്‍ എം ടിയെ സഹായിച്ചു. കൗമാരരതിയുടെ അങ്ങേയറ്റത്തെ പ്രലോഭനമായാണല്ലോ നാലുകെട്ടിലെ അമ്മിണിയേടത്തി ആവിഷ്കരിക്കപ്പെട്ടത്. പരാജിതരുടെ ഭാഗം കാണാനുള്ള പ്രജ്ഞയുടെ നീതിബോധത്തെ അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും രണ്ടാമൂഴത്തിലെ ഭീമനും ഇഷ്ടംപോലെ നിറവേറ്റുന്നു. സ്വയം സമര്‍പ്പിച്ച് കാത്തിരിക്കാനായി ഒരാളുണ്ടാവുക എന്ന സകലമനുഷ്യരുടെയും ആഗ്രഹത്തെയായിരിക്കണം മഞ്ഞിലെ വിമല പൂര്‍ത്തീകരിച്ച് പ്രശസ്തയായത്. അദ്ദേഹത്തിന്റെ സിനിമാമുഹൂര്‍ത്തങ്ങളെ ജനപ്രിയമാക്കിയതും സമൂഹത്തിന്റെ മിടിപ്പുകളോട് ഉചിതമായി നടത്തിയ പ്രതിസ്പന്ദങ്ങളാണെന്ന് കാണാം. "ക്രിയേറ്റീവ് റൈറ്റര്‍" "ലിറ്റററി എഡിറ്ററാ"യി മാറിയപ്പോഴും മേല്‍പ്പറഞ്ഞ കഴിവ് എം ടിയെ പിന്തുണച്ചു.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപസ്ഥാനത്ത് എത്തിപ്പെട്ട അദ്ദേഹത്തിന് അവിചാരിതമായി ഒ വി വിജയന്‍, എം മുകുന്ദന്‍, സേതു, കാക്കനാടന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, എം പി നാരായണപിള്ള തുടങ്ങിയവരില്‍നിന്ന് അസ്തിത്വദുഃഖത്തിന്റെയും ജീവിതനിരാസത്തിന്റെയും ദാര്‍ശനികഭാരമുള്ള രചനകള്‍ അയച്ചുകിട്ടാന്‍ തുടങ്ങി. എം ടി അതെല്ലാം ആഘോഷപൂര്‍വം പ്രസിദ്ധീകരിച്ചു. കൂടുതല്‍ എഴുതാനുള്ള പ്രോത്സാഹനവും നല്‍കി. അങ്ങനെയാണ് അലഞ്ഞുനടത്തത്താലും വാറ്റുചാരായത്താലും മരണാഭിമുഖ്യത്താലും വ്യവസ്ഥിതീനരകങ്ങളോട് കലഹിച്ച കഥാപാത്രങ്ങള്‍ നാട്ടിലെ ചെറുപ്പക്കാരുടെ ഹരമായി മാറിയത്. സത്യത്തില്‍ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള കഥാശില്‍പ്പങ്ങളോടുള്ള കൗതുകംമാത്രമായിരുന്നോ ആധുനിക കഥാകാരന്മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എം ടിയെ പ്രേരിപ്പിച്ചത്? ഒരിക്കലുമല്ല. മടുപ്പിക്കുന്ന സാമൂഹ്യാവസ്ഥകളോടുള്ള പ്രതിഷേധം കൊടുംനിഷേധത്തില്‍ അവതരിപ്പിച്ചുകാണാന്‍ ആഗ്രഹിക്കുന്ന വായനസമൂഹത്തെ അദ്ദേഹം മുന്‍കൂട്ടി സങ്കല്‍പ്പിച്ചിരിക്കണം.

1993 ജനുവരി പതിനെട്ടിനായിരുന്നു എം ടി വാസുദേവന്‍നായര്‍ തുഞ്ചന്‍പറമ്പിലേക്ക് തന്റെ ചരിത്രപ്രധാനമായ സന്ദര്‍ശനം നടത്തിയത്. ഡോക്ടര്‍ ചാത്തനാത്ത് അച്യുതനുണ്ണിയും ഡോക്ടര്‍ എം ആര്‍ രാഘവവാര്യരും കൂടെയുണ്ടായിരുന്നു. ഗേറ്റ് കടന്ന് കിഴക്കോട്ടു തിരിഞ്ഞ് മാവിന്‍ചുവട്ടില്‍ എം ടിയുടെ കാര്‍ നിര്‍ത്തിയതും കാത്തുകെട്ടിയിരുന്ന തിരൂരിലെ പൗരപ്രമാണികളെല്ലാം അദ്ദേഹത്തെ പൊതിഞ്ഞുകൂടി. തുഞ്ചന്‍ സ്മാരകത്തെക്കുറിച്ച് തങ്ങള്‍ താലോലിക്കുന്ന സ്വപ്നങ്ങള്‍ അവര്‍ ഉരുക്കഴിക്കാന്‍ തുടങ്ങി. തുഞ്ചന്‍ സ്മാരകത്തിന്റെ പുതിയ ചെയര്‍മാനായി നിയമിക്കപ്പെട്ട സാഹചര്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ പ്രവചനസ്വഭാവത്തോടെ എം ടിയുടെ മുന്നില്‍ അപ്പോള്‍ തെളിഞ്ഞുവന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ഭാഷാപിതാവിനെപ്രതി ജനങ്ങള്‍ക്കകത്ത് തിങ്ങിവിങ്ങുന്ന തീവ്രവികാരങ്ങള്‍. എന്തെങ്കിലും പഴുതു കിട്ടിയാല്‍ സ്മാരകത്തിന്റെ പുരോഗതിക്കായി ഒഴുകിയെത്താന്‍ നിറഞ്ഞുതുളുമ്പുന്ന മലയാളിമനസ്സിന്റെ ഔദാര്യങ്ങള്‍. ഒരുകാലത്ത് കേരളീയരിലും വളര്‍ന്നുവരാവുന്ന ഭാഷയോടും സംസ്കാരത്തോടുമുള്ള കടുത്ത ആസക്തികള്‍. ജനുവരി 23-ാംതീയതി തുഞ്ചന്‍ സ്മാരകത്തിന്റെ സാരഥ്യം ഏറ്റെടുത്തതും ഭാഷാസ്നേഹികളുടെ സുവര്‍ണപ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കാനുള്ള നടപടികള്‍ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു.

കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാനും ഗ്രന്ഥശാലയും അതിഥിമന്ദിരങ്ങളും നിര്‍മിക്കാനും ആരംഭിച്ചതോടെ സര്‍ക്കാരിനെപ്പോലും ഞെട്ടിക്കുന്നതരത്തില്‍ സ്വദേശത്തും വിദേശത്തുമുള്ള ഭാഷാസ്നേഹികളായ മലയാളികളില്‍നിന്ന് പണം പ്രവഹിച്ചു. അടുത്തവര്‍ഷംമുതല്‍ക്കുള്ള തുഞ്ചന്‍ ഉത്സവങ്ങള്‍ ഏറ്റവും കാലികപ്രസക്തിയുള്ള ദേശീയ സെമിനാറുകളോടെയും ദക്ഷിണേന്ത്യന്‍ കാവ്യോത്സവത്തോടെയും ഉയര്‍ന്ന നിലവാരമുള്ള കലാപരിപാടികളോടെയുമായിരുന്നു അരങ്ങേറിയത്. ദേശീയ നിലവാരത്തിലുള്ള തന്റെ ബന്ധങ്ങളും പണ്ടെങ്ങോ കണ്ടറിഞ്ഞ പണ്ഡിതരെയും കലാകാരന്മാരെയും സ്മൃതിയില്‍നിന്ന് കൃത്യമായി കൊത്തിയെടുക്കാനുള്ള സിദ്ധിയുംകൊണ്ട് ഉന്നതരായ എഴുത്തുകാരെയും പ്രശസ്ത കലാകാരന്മാരെയും തുഞ്ചന്‍ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കാന്‍ എം ടിക്കായി. ആളുകളെ മനസിലാക്കാനും സമൂഹസ്പന്ദനങ്ങള്‍ തിരിച്ചറിയാനുമുള്ള കഴിവ്, തനിക്കുവേണ്ട വ്യക്തികളെയും വേണ്ട ആശയങ്ങളെയും കൃത്യമായി തെരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ എപ്പോഴും പ്രാപ്തനാക്കി. കൊള്ളരുതാത്ത ആരെയും ഒരു പണിയും എം ടി ഇന്നേവരെ ഏല്‍പ്പിച്ചതായി കേട്ടിട്ടില്ല.

ശബ്ദകോലാഹലങ്ങളില്ലാത്ത നേതൃഗുണവും ഭരണപാടവവുമാണ് വിജയത്തിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം. ഒന്നും ആവശ്യപ്പെടാതെയും ആവര്‍ത്തിക്കാതെയും തനിക്ക് വേണ്ടതെല്ലാം ആളുകളെക്കൊണ്ട് ചെയ്യിക്കുന്ന, ഇപ്പോഴും മാനേജ്മെന്റ് പണ്ഡിറ്റുകള്‍ക്ക് പിടികിട്ടിയിട്ടില്ലാത്ത, മാസ്മരികത അദ്ദേഹത്തിനുണ്ട്. സര്‍ക്കാര്‍സ്ഥാപനങ്ങളുടെ ഉണക്കത്തരങ്ങളില്ലാതെ, വീട്ടിലെ കാര്യംപോലെയാണ് തുഞ്ചന്‍ സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് എം ടി സൂചിപ്പിക്കുകയേ വേണ്ടിവന്നുള്ളൂ, ട്രസ്റ്റ് അംഗങ്ങള്‍ ജനറല്‍ബോഡി മീറ്റിങ്ങുകള്‍ക്കുള്ള യാത്രാബത്ത വേണ്ടെന്നുവച്ചു. ഉത്സവനടത്തിപ്പിലെ കുശിനിയും വിളമ്പലും അലങ്കാരപ്പണികളും നാട്ടുകാര്‍ ഏറ്റെടുത്തു. പണമായും അരിച്ചാക്കായും പച്ചക്കറിയായും സഹായങ്ങളെത്തി. എം ടിയുടെ മട്ടുകണ്ടാല്‍ കടുകടുത്ത, സ്വേച്ഛാപ്രമത്തനായ ബോസായിരിക്കും അദ്ദേഹമെന്നല്ലേ തോന്നുകയുള്ളൂ. എന്നാല്‍, തുഞ്ചന്‍ സ്മാരകത്തില്‍ പിന്നിട്ട 15 വര്‍ഷത്തെ അഡ്മിനിസ്ട്രേറ്റര്‍ ജോലിക്കിടയില്‍ ഒരു കാര്യത്തിനും അദ്ദേഹമെന്നോട് കല്‍പ്പിച്ചിട്ടില്ല. ഇങ്ങനെയൊക്കെയല്ലേ സംഗതികള്‍ വേണ്ടതെന്ന് അത്യന്തം വേണ്ടിണ്ടായ മുഖത്തോടെ ധ്വനിപ്പിക്കും. അപ്പോള്‍ അതിനുവേണ്ട പണികള്‍ കൈയും മെയ്യും മറന്ന് ഞാനങ്ങ് ചെയ്തുപോകും. അത്രതന്നെ. ഇതാണ് തുഞ്ചന്‍ സ്മാരകത്തിലെ ചെയര്‍മാന്‍ - അഡ്മിനിസ്ട്രേറ്റര്‍ വര്‍ക്ക് റിലേഷന്‍ഷിപ്.

അപൂര്‍വമായി എന്തെങ്കിലും ചെയ്തത് ശരിയായില്ലെന്ന് എം ടിക്ക് തോന്നിയാല്‍ കുറ്റപ്പെടുത്തലോ പിടിച്ചുനിര്‍ത്തി പറയലോപോലുമില്ല. അക്കാര്യം എങ്ങനെയെങ്കിലും എന്നില്‍ എത്തിക്കാന്‍ ശ്രമിക്കും. ചെയര്‍മാനും സെക്രട്ടറി പി നന്ദകുമാറും ട്രസ്റ്റ് അംഗങ്ങളും കുടുംബമനസ്സോടെ നീങ്ങുന്നതിനാല്‍ തുഞ്ചനിലെ അഡ്മിനിസ്ട്രേറ്റര്‍ പണി ഒരു പണിയായല്ല സന്തോഷപ്രവര്‍ത്തനമായാണ് അനുഭവപ്പെട്ടിട്ടുള്ളത്.

ജീവജലംപോലെ അമൂല്യമായി സമയത്തെയും പരിചരിക്കുന്ന സ്വഭാവമാണ് ഇത്രയും നേട്ടങ്ങള്‍ എം ടിക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുള്ളതെന്ന് തോന്നാറുണ്ട്. കയറി ഹെഡ് ചെയ്യുന്ന ഏത് വായാടിക്കും ഒറ്റമിനിറ്റുപോലും അദ്ദേഹത്തില്‍നിന്ന് അപഹരിച്ചെടുക്കാന്‍ സാധ്യമല്ല. ആവശ്യത്തില്‍ കവിഞ്ഞ നേരം മുന്നിലിരുന്ന് തിരിഞ്ഞാല്‍ എം ടി ഗെറ്റ് ഔട്ട് ഒന്നും അടിക്കില്ല. തിരസ്കരണി ചൊല്ലി ധ്യാനസ്ഥമായൊരു ലോകത്തേക്ക് തിരോഭവിച്ചുകളയും. പിന്നെ വര്‍ത്തമാനക്കാരന് സ്ഥലം കാലിയാക്കുകയേ നിവൃത്തിയുള്ളൂ. ശാരീരികമായ പരാധീനതകളേക്കാള്‍ പ്രായമാകല്‍ ഉണ്ടാക്കുന്ന പ്രശ്നം അത് ആളുകളുടെ മനസ്സുകളെ കൊട്ടിയടയ്ക്കുന്നു എന്നതാണ്. മിക്കവാറും വന്ദ്യവയോധികര്‍ ആകാശവാണി നിലയങ്ങള്‍പോലെ പെരുമാറുകയല്ലാതെ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാറേയില്ല. ഈ ഏകപക്ഷീയത മെല്ലെ മെല്ലെ അവരെ യുവചേതനയില്‍നിന്നും യുവലോകത്തുനിന്നും അകറ്റാറുണ്ട്.

എഴുത്തില്‍മാത്രമല്ല, വ്യക്തിത്വത്തിലും എം ടിയെ മലയാളത്തിന്റെ നിത്യയൗവനമായി നിലനിര്‍ത്തുന്നത്, അദ്ദേഹത്തിന്റെ ജാഗരൂകമായ ഇന്ദ്രിയക്ഷമതയും അതിന്റെ ദൃഷ്ടാന്തമായ കേള്‍ക്കാനുള്ള സന്നദ്ധതയുമാണ്. ഇന്നും സാഹിത്യത്തിലെയും സിനിമയിലെയും ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ച് പുതുതലമുറയടക്കം അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നു. സ്വയംനവീകരണത്തിനുള്ള അടങ്ങാത്ത ആവേശമായിരിക്കാം എം ടിയെ കേരളത്തിലെ കടുത്ത വായനക്കാരില്‍ ഒരാളാക്കുന്നത്. ഗാര്‍ളിക് ബല്ലാര്‍ഡ്സും സൈലന്റ് ഹൗസും സെവന്‍ വേയ്സ് ടു കില്‍ എ കാറ്റും എംപറര്‍ ഓഫ് മാലഡീസും നാര്‍ക്കോപോളീസും ചിതറിക്കിടക്കുന്ന ഡ്രോയിങ് റൂമായിരിക്കും കോഴിക്കോട് കൊട്ടാരം റോഡിലെ സിത്താരയില്‍ കയറിച്ചെന്നാല്‍ നമുക്കു കാണാന്‍ കഴിയുക. വിജയം ജീവിതത്തിന്റെ മധുരപലഹാരമാണെങ്കില്‍ അതുണ്ടാക്കാനുള്ള ചേരുവകള്‍ കൃത്യമായി സൂക്ഷിക്കുകയും ഉചിതമായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് എം ടിയെ എഴുത്തുകാര്‍ക്കിടയില്‍ നിസ്തുലനാക്കുന്നത്.

*
കെ പി രാമനുണ്ണി ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: