Sunday, July 7, 2013

റിലയന്‍സ് ഇച്ഛിച്ചതും യുപിഎ കല്‍പ്പിച്ചതും

പ്രകൃതിവാതകത്തിന്റെ വില ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ ജൂണ്‍ 27 ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഒരാഴ്ച മുമ്പുതന്നെ ഈ വിലവര്‍ധന അംഗീകരിക്കേണ്ടതായിരുന്നു. എന്നാല്‍, പെട്രോളിയം പ്രകൃതിവാതക മന്ത്രി വീരപ്പമൊയ്ലി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്നാണ് തീരുമാനം നീണ്ടത്. മില്യണ്‍ മെട്രിക് ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് (എംഎംബിടിയു) 4.2 ഡോളര്‍ എന്നത് ഒറ്റയടിക്ക് 8.4 ഡോളറാക്കിയാണ് ഉയര്‍ത്തിയത്. അടുത്ത ഏപ്രിലിലാണ് പുതുക്കിയ വില നിലവില്‍ വരിക. പുതിയ വില നിലവില്‍ വരുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനകം 68,000 കോടി രൂപയുടെ ലാഭമാണ് റിലയന്‍സിന് ലഭിക്കുക.

പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സി രംഗരാജന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ വിലവര്‍ധന നിര്‍ദേശിച്ചത്. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഈ നിര്‍ദേശം അപ്പടി അംഗീകരിച്ചു. വിലവര്‍ധനയെ കേന്ദ്ര ഊര്‍ജമന്ത്രാലയവും രാസവള മന്ത്രാലയവും ശക്തമായി എതിര്‍ത്തിട്ടും ഫലമുണ്ടായില്ല. വിലവര്‍ധന തീരുമാനത്തിനെതിരെ ജൂണ്‍ 27ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലും ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. ഗ്രാമവികസന മന്ത്രി ജയറാം രമേഷ്, ശാസ്ത്ര സാങ്കേതിക മന്ത്രി ജയ്പാല്‍റെഡ്ഡി, ഊര്‍ജമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, രാസവള മന്ത്രി ശ്രീകാന്ത് ജന എന്നിവരാണ് വിലവര്‍ധനയെ എതിര്‍ത്തത്. എന്നാല്‍, ധനമന്ത്രി ചിദംബരവും ടെലികോംമന്ത്രി കപില്‍ സിബലും ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുമാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആവശ്യപ്പെട്ട വിലവര്‍ധന നടപ്പാക്കണമെന്ന് വാദിച്ചത്. കേരളത്തില്‍നിന്നുള്ള രണ്ട് ക്യാബിനറ്റ് മന്ത്രിമാരും മന്ത്രിസഭാ തീരുമാനത്തിനൊപ്പം നിന്നു. എ കെ ആന്റണി നേതൃത്വം നല്‍കിയ മന്ത്രിതല സമിതിയാണ് രംഗരാജന്‍ സമിതിയുടെ വിലവര്‍ധന നിര്‍ദേശം അതേപടി അംഗീകരിച്ചത്.

രംഗരാജന്‍ സമിതി വിലനിര്‍ണയത്തിനായി സ്വീകരിച്ച രീതിയും ആശ്ചര്യകരമാണ്. അമേരിക്കയില്‍ ഹെന്‍റി ഹബ് എന്നും (നാല് ഡോളര്‍) ബ്രിട്ടനില്‍ നാഷണല്‍ ബാലന്‍സിങ് പോയിന്റെന്നും (9-10 ഡോളര്‍) ജപ്പാനില്‍ നെറ്റ്ബാക് പ്രൈസെന്നും (ഏഴ് ഡോളര്‍) വിളിക്കുന്ന വ്യാപാര കേന്ദ്രത്തിലെ വിലയാണ് രംഗരാജന്‍സമിതി സ്വീകരിച്ചത്. ഈ മൂന്ന് കമ്പോളത്തിലെയും വിലയുടെ ശരാശരി എന്ന നിലയ്ക്കാണ് 8.4 ഡോളര്‍ നിശ്ചയിച്ചത്. എന്നാല്‍, വ്യാപാരകേന്ദ്രത്തിലെ വിലയേക്കാള്‍ വില്‍പ്പനവില പകുതിയായെങ്കിലും കുറയുമെന്ന് മുന്‍ ഊര്‍ജസെക്രട്ടറി ഇ എ എസ് ശര്‍മ പറയുന്നു. എല്‍എന്‍ജി ഇറക്കുമതിചെയ്യുന്ന രാഷ്ട്രങ്ങളിലെ വിലയും വാതക ഉല്‍പ്പാദക രാഷ്ട്രമായ ഇന്ത്യയിലെ വിലയും തമ്മില്‍ താരതമ്യംചെയ്യുന്നതില്‍ എന്തര്‍ഥമാണുള്ളതെന്ന് ഊര്‍ജവകുപ്പിലെ മുന്‍ മുഖ്യ ഉപദേശകന്‍ സൂര്യസേഥി ചോദിക്കുന്നു. എല്‍എന്‍ജിയുടെയും പ്രകൃതിവാതകത്തിന്റെയും വിലനിര്‍ണയം രണ്ടു രീതിയിലാണെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ ജപ്പാനിലെയും മറ്റും വിലമാത്രം നോക്കി ഇവിടെ വിലനിര്‍ണയം നടത്തിയ രംഗരാജന്‍സമിതിയുടെ തീരുമാനം റിലയന്‍സിനെ സഹായിക്കാനാണെന്ന് വ്യക്തം.

ലോകത്തെമ്പാടും പ്രകൃതിവാതകത്തിന് വില കുറയുമ്പോഴാണ് ഇന്ത്യയില്‍ വില വര്‍ധിപ്പിക്കുന്നത്. 2013 ജൂണ്‍ ഒന്നിന്റെ "ഇക്കോണമിസ്റ്റ്" വാരിക പറയുന്നത് വടക്കേ അമേരിക്കയില്‍ ഒരു എംഎംബിടിയു വാതകത്തിന്റെ വില രണ്ട് ഡോളര്‍മാത്രമാണെന്നാണ്. ഗള്‍ഫ് രാജ്യങ്ങളിലും ഇന്തോനേഷ്യയിലും ഒരു ഡോളറും ഈജിപ്തില്‍ 2.57 ഉം നൈജീരിയയില്‍ 0.11 ഡോളറുമാണ് വില. അമേരിക്ക, കനഡ, ചൈന എന്നീ രാജ്യങ്ങളില്‍ ഷെയില്‍ വാതക ഉല്‍പ്പാദനം വര്‍ധിച്ചതോടെയാണ് വില കുറയാന്‍ കാരണമായത്. എന്നാല്‍, ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകം നാലിരട്ടി വിലയ്ക്കാണ് വില്‍ക്കാന്‍പോകുന്നത്. പ്രകൃതിവാതകം ഇന്ത്യയിലുള്ളപ്പോള്‍ അതെങ്കിലും കുറഞ്ഞ വിലയ്ക്ക് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കേണ്ട സര്‍ക്കാര്‍ അതിന് തയ്യാറാകാതെ റിലയന്‍സിന്റെ കീശ വീര്‍പ്പിക്കാനാണ് ശ്രമിച്ചത്. രാസവളത്തിന്റെ പ്രത്യേകിച്ച്, യൂറിയയുടെയും വൈദ്യുതി ഉല്‍പ്പാദനത്തിന്റെയും സിഎന്‍ജിയുടെയും വില കുത്തനെ കൂട്ടാന്‍ പ്രകൃതിവാതക വിലവര്‍ധന കാരണമാകും. രാസവളത്തിന്റെ വില ടണ്ണിന് 6000 രൂപയെങ്കിലും വര്‍ധിക്കും. വൈദ്യുതി വിലയാകട്ടെ, യൂണിറ്റിന് രണ്ട് രൂപയെങ്കിലും വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. സിഎന്‍ജിയുടെ വില വര്‍ധിക്കുന്നത് ഗതാഗതച്ചെലവും നഗരങ്ങളിലെ പാചകവാതക വിലയും വര്‍ധിക്കാന്‍ കാരണമാകും. ഈ വിലവര്‍ധന ഒഴിവാക്കാന്‍ രാസവള- വൈദ്യുതി കമ്പനികള്‍ക്ക് പ്രകൃതിവാതകം വില കുറച്ച് തുടര്‍ന്നും നല്‍കുമെന്നാണ് ധനമന്ത്രി പി ചിദംബരം പറയുന്നത്. അതായത് സര്‍ക്കാര്‍ സബ്സിഡി നല്‍കുമെന്നര്‍ഥം.

റിലയന്‍സിന്റെ ലാഭം വര്‍ധിപ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവാക്കാനും തയ്യാര്‍. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പണമില്ലെന്നു പറയുന്ന സര്‍ക്കാരാണ് റിലയന്‍സിനു വേണ്ടി സബ്സിഡി വര്‍ധിപ്പിക്കാന്‍ തയ്യാറാകുന്നത്. പണപ്പെരുപ്പം സര്‍വകാല റെക്കോഡുകളും ഭേദിച്ച സമയത്ത് തീര്‍ത്തും ന്യായീകരണമില്ലാത്തതാണ് ഈ വിലക്കയറ്റം. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും നല്ല ഉദാഹരണം. റിലയന്‍സിനു മുന്നില്‍ സര്‍ക്കാരും പെട്രോളിയം മന്ത്രാലയവും മുട്ടിലിഴയുന്ന കാഴ്ച. സാധാരണ ജനങ്ങളെയോ കര്‍ഷകരെയോ അല്ല മറിച്ച് കോര്‍പറേറ്റുകളുടെ താല്‍പ്പര്യംമാത്രമാണ് യുപിഎ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും ഈ വിലവര്‍ധന വ്യക്തമാക്കുന്നു. വാതകവില 14 ഡോളറായി വര്‍ധിപ്പിക്കണമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആവശ്യപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ വില വര്‍ധിപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്. എല്‍എന്‍ജിയുടെ ഇറക്കുമതി വിലയായ 14 ഡോളര്‍ വേണമെന്നായിരുന്നു റിലയന്‍സിന്റെ ആവശ്യം. നിലവില്‍ വാതക ഉല്‍പ്പാദനത്തിലൂടെ വന്‍ലാഭമാണ് റിലയന്‍സ് കൊയ്യുന്നത്. ഒരു എംഎംബിടിയു വാതകം ഉല്‍പ്പാദിപ്പിക്കാനുള്ള ചെലവ് ഒരു ഡോളറിനടുത്തേ വരൂ എന്നതിനാലാണ് ആദ്യം വില 2.4 ഡോളറായി നിശ്ചയിച്ചത്. ഈ നിരക്കില്‍ 17 വര്‍ഷം എന്‍ടിപിസിക്ക് വാതകം നല്‍കാമെന്ന് റിലയന്‍സ് കരാറും ഒപ്പിട്ടു. എന്നാല്‍, 2007 ല്‍ റിലയന്‍സ് വിലവര്‍ധന ആവശ്യപ്പെട്ടപ്പോള്‍ പ്രണബ് മുഖര്‍ജി അധ്യക്ഷനായ മന്ത്രിതല സമിതി ഒരു ആലോചനയും കൂടാതെ വാതകവില 4.2 ഡോളറായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. വില വര്‍ധിപ്പിച്ചു നല്‍കിയതോടെ പുതുക്കിയ വിലയ്ക്കേ എന്‍ടിപിസിക്കും വാതകം നല്‍കാനാവൂ എന്ന് റിലയന്‍സ് അറിയിച്ചു. ഇത് കരാര്‍ലംഘനമാണെന്നു കാണിച്ച് എന്‍ടിപിസി കോടതിയെ സമീപിച്ചു. എന്നാല്‍, കരാര്‍ അന്തിമമല്ലെന്നും അതിനാല്‍ കരാര്‍ലംഘനമല്ലെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്‍ടിപിസിയും ഊര്‍ജ മന്ത്രാലയവും മറ്റും വന്‍പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് ഈ വാദം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.

റിലയന്‍സിന്റെ കരാര്‍ലംഘനം കാരണം എന്‍ടിപിസി തുടങ്ങാനിരുന്ന രണ്ട് പ്ലാന്റും തുടങ്ങാനായിട്ടില്ല. കൃഷ്ണ ഗോദാവരി തീരത്ത് വാതക ഉല്‍പ്പാദനം കുറയുന്നതിനാല്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്നും അതിനാല്‍ വില വര്‍ധിപ്പിച്ച് നല്‍കാന്‍ തയ്യാറാകണമെന്നുമാണ് റിലയന്‍സിന്റെ ആവശ്യം. അതായത് കോര്‍പറേറ്റ് നിക്ഷേപത്തിനായി സര്‍ക്കാര്‍ സബ്സിഡി നല്‍കണമെന്ന്. എന്തുകൊണ്ട് ഉല്‍പ്പാദനം കുറഞ്ഞുവെന്ന കാര്യം അന്വേഷിക്കുകപോലും ചെയ്യാതെയാണ് സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചത്. കെജി തീരത്തിലെ ഖനികളില്‍നിന്ന് ഉല്‍പ്പാദനം ആരംഭിച്ച വര്‍ഷത്തില്‍മാത്രമാണ് റിലയന്‍സ് കരാറനുസരിച്ചുള്ള ഉല്‍പ്പാദനം നടത്തിയത്. കരാറനുസരിച്ച് പ്രകൃതിവാതകം ഉല്‍പ്പാദിപ്പിക്കാത്തതിനാല്‍ 13600 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനമാണ് മുടങ്ങിയത്. 325 ലക്ഷം ടണ്‍ യൂറിയ ഉല്‍പ്പാദനവും തടസ്സപ്പെട്ടു. കൃഷ്ണ ഗോദാവരി തീരത്തുനിന്ന് പ്രകൃതിവാതകം ഉല്‍പ്പാദിപ്പിക്കാത്തതുകൊണ്ട് ഈ വര്‍ഷംമാത്രം 49,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ മൊത്തം നഷ്ടം 1,10,000 കോടി രൂപ. സ്വാഭാവികമായും കരാറനുസരിച്ച് ഉല്‍പ്പാദനം നടത്താത്തതിന് സര്‍ക്കാര്‍ നഷ്ടം ഈടാക്കേണ്ടതാണ്. മുന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രി ജയ്പാല്‍റെഡ്ഡി ഇതിനുള്ള ശ്രമം നടത്തി. ഒരു ബില്യണ്‍ ഡോളറാണ് റിലയന്‍സില്‍നിന്ന് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്. ഈ പണം പിരിച്ചെടുക്കാന്‍ ആര്‍ബിട്രേഷന്‍ പ്രക്രിയയും ആരംഭിച്ചു. ഈ ഘട്ടത്തിലാണ് ജയ്പാല്‍ റെഡ്ഡിയെതന്നെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയത്. റിലയന്‍സിന് പിഴയിട്ടപ്പോള്‍ ജയ്പാല്‍റെഡ്ഡിക്ക് മന്ത്രിസ്ഥാനംതന്നെ പോയി. നേരത്തെ മണിശങ്കര അയ്യരെയും പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് കോര്‍പറേറ്റ് ഇടപെടല്‍ കാരണം മാറ്റിയിരുന്നു. വീരപ്പമൊയ്ലി പെട്രോളിയം മന്ത്രിയായതോടെ റിലയന്‍സില്‍നിന്ന് പിഴ ഈടാക്കാനുള്ള ശ്രമവും ഇല്ലാതായി. ആര്‍ബിട്രേഷന്‍ പ്രക്രിയയും അവസാനിച്ചു. കരാറനുസരിച്ച് വാതകം കണ്ടെത്താത്ത പര്യവേക്ഷണ മേഖലകള്‍ സര്‍ക്കാരിന് കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇതിന് തയ്യാറാകാതെ പര്യവേക്ഷണത്തിന് നല്‍കിയ എല്ലാ പ്രദേശവും റിലയന്‍സ് കൈവശംവച്ചു. ഇക്കാര്യത്തില്‍ കരാറിനു വിരുദ്ധമായി പ്രവര്‍ത്തിച്ച റിലയന്‍സിനെയും സര്‍ക്കാരിനെയും സിഎജി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 86 ശതമാനം പ്രദേശവും റിലയന്‍സ് കമ്പനി സര്‍ക്കാരിന് കൈമാറണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍ ശുപാര്‍ശചെയ്യുകയുണ്ടായി. എന്നാല്‍, വീരപ്പമൊയ്ലി ഇവിടെയും റിലയന്‍സിന്റെ രക്ഷകനായി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണിന്റെ റിപ്പോര്‍ട്ടും മന്ത്രി കാറ്റില്‍പ്പറത്തി. മുകേഷ് അംബാനിയുടെ റിലയന്‍സിനു വേണ്ടിയാണ് എല്ലാ ഘട്ടത്തിലും യുപിഎ സര്‍ക്കാര്‍ നിലകൊണ്ടത്. ഇപ്പോഴത്തെ വിലവര്‍ധനയും അതുതന്നെയാണ് തെളിയിക്കുന്നത്. പക്ഷേ, ഇത് അങ്ങേയറ്റം കടന്ന കൈയായി എന്നുമാത്രം.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി

1 comment:

Aneesh chandran said...

കോര്‍പറേറ്റു ഇന്ത്യ