Tuesday, July 9, 2013

മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം

പ്രതിപക്ഷത്തിന്റെ ആരോപണശരങ്ങള്‍ക്കുമുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ സ്വയം അപമാനിതനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭായോഗം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്പിച്ച് ഒളിച്ചോടിയിരിക്കുകയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം നാറിയ ഒരു മുഖ്യമന്ത്രിയെ ഇതിനുമുമ്പ് കേരളംമാത്രമല്ല, ഇന്ത്യയിലെ ഒരു സംസ്ഥാനവും കണ്ടിട്ടില്ല. നൂറുകണക്കിന് ആളുകളില്‍നിന്ന് ടീം സോളാറിന്റെ പേരില്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍ കമ്പനിക്ക് കൂട്ടുനില്‍ക്കുകമാത്രമല്ല, നേതൃത്വം നല്‍കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും ചെയ്തത്. മുഖ്യമന്ത്രിയുടെ പദവി ഉപയോഗിച്ചാണ് കോടിക്കണക്കിന് രൂപ ജനങ്ങളില്‍നിന്ന് തട്ടിപ്പറിച്ചെടുക്കാന്‍ അവസരം ലഭിച്ചത്. തട്ടിപ്പുകാരെയും വെട്ടിപ്പുകാരെയും വഞ്ചകരെയും കള്ളന്മാരെയും കൊള്ളക്കാരെയും നിയമത്തിന്റെ മാര്‍ഗമുപയോഗിച്ച് ജയിലിലടയ്ക്കാനും അമര്‍ച്ചചെയ്യാനും ബാധ്യതയുള്ള മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കുറ്റക്കാരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് പദവിയും അധികാരവും ഉപയോഗിച്ചതെന്ന് വ്യക്തമായി. ഇതേവരെ കളവുപറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച ഇക്കൂട്ടര്‍ക്ക് സത്യത്തിന്റെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പഴുതില്ലെന്ന് ബോധ്യമായ സന്ദര്‍ഭത്തിലാണ് നിയമസഭാസമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടത്. ജനകീയ പ്രക്ഷോഭങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ഒളിച്ചോടാന്‍ കഴിയുമെന്ന മിഥ്യാധാരണയാണ് നിയമസഭ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ക്ക് ഉപദേശം നല്‍കാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതനാക്കിയത്.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങി സമാധാനപരമായി പ്രതിഷേധിച്ച യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മഹിളകള്‍ക്കും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരെ ഏതാനും ദിവസങ്ങളായി പൊലീസ് ക്രൂരമായ മര്‍ദനമുറകളാണ് പ്രയോഗിച്ചത്. തിങ്കളാഴ്ച ഒരുകൂട്ടം ക്രിമിനലുകളെ കയറൂരിവിട്ട് കോണ്‍ഗ്രസ് മറ്റൊരു പരീക്ഷണം നടത്തി. എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ വേഷമണിഞ്ഞ റൗഡികള്‍ അഴിഞ്ഞാട്ടം നടത്തിയത്. വനിതകള്‍ക്കുനേരെ നടത്തിയ ഗുണ്ടാവിളയാട്ടം മാധ്യമങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ബഹുജനസമക്ഷം അവതരിപ്പിച്ചു. സര്‍ക്കാരിനെ നാളിതുവരെ പിന്തുണച്ച മാധ്യമങ്ങള്‍ക്കുപോലും യൂത്ത് കോണ്‍ഗ്രസ് വേഷമണിഞ്ഞ സാമൂഹ്യവിരുദ്ധരുടെ ദുഷ്ചെയ്തിയെ കാടത്തമെന്ന് വിശേഷിപ്പിക്കേണ്ടിവന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ഭീകരതയാണ് അരങ്ങേറിയത്. അതിനെ തെരുവുയുദ്ധമെന്നാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞദിവസം രംഗം വീണ്ടും വഷളായി. പരാതിക്കാരിലൊരാളായ ശ്രീധരന്‍നായരുടെ മൊഴി റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുകൊണ്ടുവന്നു. ഒമ്പതാംതീയതി സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതും സംസാരിച്ചതും ഉറപ്പുനല്‍കിയതുമായ വിവരം പുറത്തുവന്നു. ശ്രീധരന്‍നായര്‍ പൊലീസിന്റെ നിര്‍ദേശാനുസരണമാണെന്ന് പറയുന്നു, ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ മുമ്പാകെ രഹസ്യമൊഴി നല്‍കി. സരിത തൃശൂരില്‍ മുഖ്യമന്ത്രിയുടെ ഒരു പരിപാടിയില്‍ വിവിഐപിയായി പങ്കെടുത്ത വിവരവും പുറത്തായി. അറസ്റ്റിലായപ്പോള്‍മാത്രമാണ് സരിതയെ മനസ്സിലായതെന്ന പച്ചക്കള്ളം തട്ടിവിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വയം പരിഹാസ്യനായി.

ഇതേവരെ കേസുകള്‍ തെളിയിക്കാന്‍ ഫോണ്‍കോളും ടവറും കോള്‍ രജിസ്റ്ററുമൊക്കെ തെളിവായി സ്വീകരിച്ചവര്‍ സരിത, ബിജു, ശാലു പ്രശ്നത്തില്‍ അത് തെളിവേ അല്ലെന്ന നിലപാടെടുത്തു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മറ്റു മന്ത്രിമാര്‍, ഭരണകക്ഷി എംപിമാര്‍, ഭരണകക്ഷി എംഎല്‍എമാര്‍ എന്നിവര്‍ക്കെല്ലാം ഈ ഗൂഢസംഘവുമായി അടുത്തബന്ധമുണ്ടെന്ന് വെളിപ്പെട്ടു. ഈ മുഖ്യമന്ത്രി അധികാരത്തില്‍ തുടര്‍ന്നുകൊണ്ട് നടത്തുന്ന ഏതന്വേഷണവും പ്രഹസനമാകും.

ബഹുജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാമെന്ന മോഹം വേണ്ട. അതിനിടയ്ക്കാണ് പ്രതിപക്ഷ ഗൂഢാലോചനയെപ്പറ്റി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഒരു കണ്ടുപിടിത്തം പുറത്തുവന്നത്. ശ്രീധരന്‍നായരുടെ മൊഴിക്ക് വിശ്വാസ്യതയില്ലെന്നാണ് പറയുന്നത്. ശ്രീധരന്‍നായരെ പിന്തിരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനുശേഷമാണ് വിശ്വാസ്യത ഇല്ലാതായത്. ഗൂഢാലോചനയുടെ വിവരമൊക്കെ രമേശ് ചെന്നിത്തലയ്ക്ക് നന്നായി അറിയുന്നതാണ്. ഒന്നുകണ്ടാല്‍ മറ്റൊന്നാണെന്ന് തോന്നുന്ന സന്ദേഹത്തില്‍പ്പെട്ടതാണ് ചെന്നിത്തലയുടെ കണ്ടെത്തല്‍. കേന്ദ്രമന്ത്രി എ കെ ആന്റണി പറയുന്നത് മന്ത്രിസഭയ്ക്ക് പ്രതിസന്ധിയില്ലെന്നും ഭരണമാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണ്. ഭരണമാറ്റത്തിന്റെ ചരിത്രം ആന്റണിയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. അനുഭവിച്ചറിഞ്ഞയാള്‍ അത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. നിയമസഭ അനിശ്ചിതമായി പിരിഞ്ഞതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. കിരാതമായ മര്‍ദനമുറകളാണ് ചൊവ്വാഴ്ച കേരളം കണ്ടത്. ജനപ്രതിനിധികളായ എംഎല്‍എമാര്‍ക്കുനേരെ ഗ്രനേഡ് വലിച്ചെറിയാന്‍ പൊലീസ് ധിക്കാരം കാണിച്ചു. പ്രതിപക്ഷനേതാവും വന്ദ്യവയോധികനുമായ വി എസിനുനേരെ ഗ്രനേഡെറിഞ്ഞു. ലക്ഷ്യംതെറ്റിയതുകൊണ്ട് ശരീരത്തില്‍ തുളച്ചുകയറിയില്ല. ഗ്രനേഡ് സമീപത്തുവീണ് പൊട്ടി പ്രതിപക്ഷനേതാവിന് അസ്വസ്ഥത അനുഭവപ്പെട്ടു. ആശുപത്രിയെ അഭയംപ്രാപിക്കേണ്ടിവന്നു. മുന്‍മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരനെയും ആക്രമിച്ചു. പ്രതിപക്ഷനേതാവിനെയും എംഎല്‍എമാരെയും മര്‍ദിക്കാമെങ്കില്‍ മറ്റുള്ളവര്‍ പ്രശ്നമേയല്ലെന്ന സന്ദേശമാണ് തലസ്ഥാനനഗരിയിലെ മര്‍ദനമുറകളിലൂടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത്.

നഗരം യുദ്ധക്കളമാക്കിമാറ്റാനാണ് പൊലീസ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വ്യക്തമായ നിര്‍ദേശാനുസരണമാണ് പൊലീസിനെ കയറൂരിവിട്ടത്. ഇത് തീക്കളിയാണ്. മര്‍ദകവീരന്മാരെ കാണാത്തവരല്ല കേരളജനത. പൊലീസിനെ ഉപയോഗിച്ച് ബഹുജനങ്ങളുടെ ന്യായമായ പ്രതിഷേധം അടിച്ചമര്‍ത്താമെന്ന് കരുതുന്നത് വ്യാമോഹമാണ്. കേരളം അത് സഹിക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രി ഉടന്‍ രാജിവച്ചൊഴിയണം. അതേവരെ പ്രതിഷേധസമരം തുടരുകതന്നെ ചെയ്യും. ഉമ്മന്‍ചാണ്ടിക്ക് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരും. അങ്ങനെയുള്ള ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്ന് ഓര്‍മപ്പെടുത്തുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: