Monday, July 15, 2013

"സൗരോര്‍ജം" പകര്‍ന്ന മുഖ്യന്‍

കോടിക്കണക്കിന് രൂപയുടെ അഴിമതിയില്‍ മുഖ്യപ്രതിസ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് അപമാനകരമാണ്. പകല്‍വെളിച്ചംപോലെ തെളിവുകള്‍ ഉണ്ടായിട്ടും മുട്ടാപ്പോക്ക് പറഞ്ഞ് അധികാരത്തില്‍ കടിച്ചുതൂങ്ങാനും അന്വേഷണത്തെ അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും മുഖ്യമന്ത്രി തയ്യാറാവുന്നു. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള അഴിമതിക്കാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തട്ടിപ്പുസംഘം കളമൊരുക്കിയത്. സൗരോര്‍ജ തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തുവന്ന അന്നുമുതല്‍ ഉമ്മന്‍ചാണ്ടി നിഷേധങ്ങളും പുറപ്പെടുവിക്കുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിഷേധിച്ചതെല്ലാം ശരിയായിരുന്നു എന്ന് സമ്മതിക്കേണ്ടിയും വന്നു. അഴിമതിക്കുവേണ്ടി ഏത് തട്ടിപ്പുകാരുമായും കൂട്ടുകൂടാന്‍ അദ്ദേഹം മടിക്കില്ലെന്ന് കേരളത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.

അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറയുന്നത്. യുഎന്‍ അവാര്‍ഡിനു പുറമെ ഓസ്കര്‍ കൂടി ലഭ്യമാകാനുതകുന്ന അഭിനയചാതുര്യത്തോടെ തങ്ങള്‍ അഴിമതിയില്‍ പങ്കാളികളല്ല എന്ന് അവര്‍ ആണയിടുന്നു. യഥാര്‍ഥ കുറ്റവാളിയായ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനുള്ള തിരക്കഥയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സരിതയും ശാലുമേനോനുമൊക്കെ അടങ്ങുന്ന ഒരു പെണ്ണുകേസിന്റെ പരിസമാപ്തി എന്ന നിലയിലാവും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ചമയ്ക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്. അവിടെയാണ് ജുഡീഷ്യല്‍ അന്വേഷണം പ്രസക്തമാവുന്നത്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിന് കളമൊരുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പങ്ക് വെളിച്ചത്തുവരണമെങ്കില്‍, ഇത്തരത്തിലുള്ള അഴിമതിക്ക് കേരളം ഇനി പാത്രമാവാതിരിക്കണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. പിഎ ജോപ്പനെ അറസ്റ്റുചെയ്തതുകൊണ്ടോ, ഗണ്‍മാന്‍ സലിംരാജിനെ സസ്പെന്‍ഡ്ചെയ്തതുകൊണ്ടോ, ജിക്കുവിനെ രാജിവയ്പിച്ചതുകൊണ്ടോ ഉമ്മന്‍ചാണ്ടി തെറ്റുകാരനല്ലാതാവുന്നില്ല. ബിജു രാധാകൃഷ്ണനും സരിതയും ശാലുമേനോനുമൊക്കെ ചേര്‍ന്ന് നടത്തിയ തട്ടിപ്പില്‍ മുഖ്യമന്ത്രിയോടൊത്ത് പ്രവര്‍ത്തിക്കുന്ന കുറെപ്പേര്‍ പങ്കാളികളായി എന്ന് ലഘൂകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അഴിമതിയുടെ ഈ സൗരയൂഥത്തിലെ സൂര്യന്‍ മുഖ്യമന്ത്രിയാണ്. ആ സൂര്യനുള്ളതുകൊണ്ടാണ് ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമായ ജോപ്പനും ജിക്കുവും തോമസ് കുരുവിളയും സലിംരാജും ഫിറോസും ആര്‍ കെയുമൊക്കെ പ്രകാശിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫിലല്ലെങ്കില്‍, ഭരണകൂടത്തിന്റെ ഭാഗമല്ലെങ്കില്‍ ബിജുവും സരിതയും ഇക്കൂട്ടരെ സമീപിക്കുമായിരുന്നില്ല.

ദരിദ്രനാരായണന്മാരായിരുന്ന പേഴ്സണല്‍ സ്റ്റാഫ് സംഘം കോടീശ്വന്മാരായതും ഉമ്മന്‍ചാണ്ടി കൂടെയുള്ളതുകൊണ്ടാണ്. അഞ്ചുകോടിയുടെ തട്ടിപ്പെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. പിന്നീടത് പത്ത് കോടിയാക്കി. തട്ടിപ്പിനിരയായവരുടെ പുറത്തുവന്ന ലിസ്റ്റ് ക്രോഡീകരിച്ച ചീഫ് വിപ്പ് പറയുന്നത് 150 കോടിയുടെ തട്ടിപ്പ് നടന്നു എന്നാണ്. യഥാര്‍ഥത്തില്‍ പതിനായിരത്തിലേറെ കോടി രൂപയുടെ തട്ടിപ്പിനാണ് മുഖ്യമന്ത്രിയും സംഘവും കളമൊരുക്കി നല്‍കിയത്. അതിന്റെ ഭാഗമായാണ് ഭാര്യയെ കൊന്ന ക്രിമിനലായ ബിജുവും കാരാഗൃഹത്തില്‍ പ്രസവിക്കാന്‍ ഇടവന്ന സരിതയും മുഖ്യമന്ത്രിയുമായി വഴിവിട്ട അടുപ്പമുണ്ടാവുന്നത്. 2500 സ്ക്വയര്‍ഫീറ്റിന് മുകളിലുള്ള വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് സൗരോര്‍ജ സംവിധാനം നിര്‍ബന്ധമാക്കണം എന്ന ഉത്തരവ് പുറപ്പെടുവിക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനായുള്ള ക്യാബിനറ്റ് നോട്ട് പുറത്തിറങ്ങി. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തില്‍ ഒരു തീരുമാനം ക്യാബിനറ്റ് കൈക്കൊള്ളില്ല. ഈ പദ്ധതി നടപ്പാക്കുമ്പോള്‍ ബിജു-സരിത കമ്പനി അതിന്റെ നടത്തിപ്പുകാരാകും. അവര്‍ അനര്‍ട്ടിന്റെ ലിസ്റ്റിലില്ല എന്ന വാദം, ഗണേശ് കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ സൗരോര്‍ജ സംവിധാനം സ്ഥാപിച്ച് സര്‍ക്കാരിന്റെ സബ്സിഡി ലഭ്യമാക്കി എന്ന വസ്തുത പുറത്തുവന്നതോടെ അപ്രസക്തമാകുന്നു. മാത്രമല്ല, കൂട്ടുപ്രതി ഫിറോസ് സി-ഡിറ്റിനെ സൗരോര്‍ജ പദ്ധതിയുമായി ബന്ധിപ്പിച്ചതും സൗകര്യപൂര്‍വം ഇവര്‍ക്ക് കടന്നുകൂടാനാണ്. ഈ പദ്ധതിക്കുള്ള രംഗം സജ്ജമാക്കുന്നതിനൊപ്പം കാറ്റാടിപ്പാടം തട്ടിപ്പ് നടത്തി ബിജുവും സരിതയും നിരവധി പേരില്‍നിന്ന് പണം അപഹരിച്ചു. അത് പിടിക്കപ്പെട്ടതുകൊണ്ടാണ് സര്‍ക്കാരിനെ മുന്‍നിര്‍ത്തിയുള്ള വമ്പന്‍ സൗരോര്‍ജ അഴിമതി നടപ്പാകാതെ പോയത്. അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഒത്താശയോടെ അത് നടക്കുമായിരുന്നു. ബിജു-സരിത കമ്പനിക്ക് ആധികാരികതയും വിശ്വാസ്യതയും ഉണ്ടാക്കാന്‍ മലയാളമനോരമ കുടുംബത്തിലെ വീട്&ൃെൂൗീ;എന്ന പ്രസിദ്ധീകരണംപോലുമുണ്ടായി. തട്ടിപ്പ് സംഘവുമായി ബന്ധമില്ല എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. എന്നാല്‍, സംഘത്തിലെ പ്രധാനിയുമായി അടച്ചിട്ട മുറിയില്‍ അദ്ദേഹം ഒരു മണിക്കൂറോളം സംസാരിച്ചു. കെപിസിസി പ്രസിഡന്റ് പറയുന്നത് മുഖ്യമന്ത്രിയുമായി പതിനഞ്ച് മിനിറ്റിലേറെ സംസാരിക്കാന്‍ അവസരം കിട്ടാറില്ല എന്നാണ്. അതേ മുഖ്യമന്ത്രി ഒരു ക്രിമിനലുമായി ഒരു മണിക്കൂര്‍ രഹസ്യം പങ്കുവയ്ക്കുന്നു. ആവര്‍ത്തിച്ച് ചോദിച്ചിട്ടും ആ രഹസ്യം പുറത്തുപറയുന്നുമില്ല. കുടുംബകാര്യമാണ് എന്നാണ് അദ്ദേഹം പറയുന്നത്. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്ക് ഇത്രയും സമയം കൊടുക്കുന്ന ആളല്ല മുഖ്യമന്ത്രി. കുടുംബകാര്യം ചര്‍ച്ചചെയ്യാന്‍ വന്ന മന്ത്രിപത്നിയെ അഞ്ച് നിമിഷത്തിനുള്ളില്‍ പറഞ്ഞു വിട്ടയാളാണ് അദ്ദേഹം. സഹപ്രവര്‍ത്തകന്റെ കുടുംബത്തേക്കാള്‍ വലുതാണോ മുഖ്യമന്ത്രിക്ക് ഒരു ക്രിമിനലിന്റെ കുടുംബകാര്യം? ഇപ്പോള്‍ അന്വേഷണത്തോട് അദ്ദേഹം വച്ചുപുലര്‍ത്തുന്ന ഭയം, തട്ടിപ്പിന്റെ ആഴവും അതില്‍ തനിക്കും ഉറ്റവര്‍ക്കുമുള്ള പങ്കും പുറത്തുവരുമെന്നതുകൊണ്ടല്ലേ? സരിതയ്ക്ക് മുഖ്യമന്ത്രിയുമായും ബന്ധമുണ്ടെന്നു തെളിഞ്ഞു. ശ്രീധരന്‍നായര്‍ വെളിപ്പെടുത്തിയത് സരിതയുടെകൂടെ മുഖ്യമന്ത്രിയെ കാണാന്‍ പോയി എന്നാണ്. ഈ തട്ടിപ്പുകാരി "വളരെ നല്ലവളാണ് പണം കൊടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു" എന്നാണ് ശ്രീധരന്‍നായര്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് പറഞ്ഞ് സരിത രണ്ടു ലക്ഷം രൂപയുടെ ചെക്കും കൈമാറി. പിറ്റേദിവസം ആ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് വന്നുവെന്നും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ തള്ളിപ്പോയി എന്നും നിയമസഭയില്‍ വ്യക്തമായി. ഈ വസ്തുത വെളിച്ചത്ത് വന്നപ്പോള്‍, ശ്രീധരന്‍നായരുടെകൂടെ സരിത ഉണ്ടായിരുന്നില്ല എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. താന്‍ പറഞ്ഞത് കള്ളമല്ലെന്നും വേണമെങ്കില്‍ നുണപരിശോധനയ്ക്ക് വിധേയനാകാമെന്നും ശ്രീധരന്‍നായര്‍ വ്യക്തമാക്കി. പക്ഷേ, മുഖ്യമന്ത്രി ആ വെല്ലുവിളിയെ അഭിമുഖീകരിച്ചില്ല. സരിതയും ശ്രീധരന്‍നായരും മുഖ്യമന്ത്രിയെ കണ്ട ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, ആ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് ഒരു ഉളുപ്പുമില്ലാതെ മുഖ്യമന്ത്രി പറഞ്ഞത്. ഓഫീസിലെ ദൃശ്യങ്ങള്‍ ലൈവ് വെബ് കാസ്റ്റ് മാത്രമാണെന്നും റെക്കോഡ് ചെയ്ത് സൂക്ഷിക്കാറില്ലെന്നുമുള്ള വിവരക്കേടാണ് മുഖ്യമന്ത്രി പങ്കുവച്ചത്. സിസിടിവിയിലെ വീഡിയോ എടുക്കാന്‍ സാധിക്കുമെന്ന് വിശദീകരിച്ച് ഐടി വിദഗ്ധര്‍ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി. ആ കള്ളം പിടിക്കപ്പെട്ടപ്പോഴാണ് വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അധ്യക്ഷനായ പ്ലാനിങ് ബോര്‍ഡിലെ അംഗം വിജയരാഘവനെയും കേരളസര്‍വകലാശാലയുടെ ബയോ ഇന്‍ഫര്‍മാറ്റിക്സ് വിഭാഗം ഡയറക്ടര്‍ അച്യുത് ശങ്കറിനെയുമാണ് വിദഗ്ധരായി കണ്ടെത്തിയത്. പൊതുജനങ്ങളുടെ മുന്നില്‍ ഗിമ്മിക്ക് കാണിക്കാന്‍ മറ്റൊരു അതിസാമര്‍ഥ്യവും മുഖ്യമന്ത്രി കാണിച്ചു. സിപിഐ എം നിര്‍ദേശിക്കുന്ന വിദഗ്ധനെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്താമെന്ന് പ്രഖ്യാപിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിക്ക് കത്തെഴുതി. ജുഡീഷ്യല്‍ അന്വേഷണത്തെ തടയിടാനും മുഖ്യ അന്വേഷണത്തെ സിസിടിവി പരിശോധനയില്‍ ഒതുക്കാനുമുള്ള തന്ത്രമാണ് മുഖ്യമന്ത്രിയുടേതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

അവിടെയും ഉമ്മന്‍ചാണ്ടി നാണംകെട്ടു. സംസ്ഥാനത്ത് ഇപ്പോള്‍ ഭരണം നിശ്ചലമാണ്. മുഖ്യമന്ത്രി കല്‍തുറുങ്കിലേക്കോ എന്ന അവസ്ഥ. ഈ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി തന്റെ കീഴിലുള്ള ചില ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ച് അവര്‍ക്കുനേരെ കണ്ണുരുട്ടി യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയല്ല വേണ്ടത്. നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണം. മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍ചാണ്ടി തുടരുന്ന ഓരോ നിമിഷവും അഴിമതിയുടെയും തട്ടിപ്പിന്റെയും തെളിവുകള്‍ ഓന്നൊന്നായി അപ്രത്യക്ഷമാവുകയാണ്. കോള്‍ലിസ്റ്റ് സിഡിയടക്കം പലതും കാണാതാവുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതാകുന്നു. ഫയലുകള്‍ അപ്രത്യക്ഷമാകുന്നു. ജിക്കുവിനെയും സലിംരാജിനെയും തോമസ് കുരുവിളയെയും സംരക്ഷിക്കുന്നു. തട്ടിപ്പിനിരയായവരെ വിളിച്ച് ഭീഷണിപ്പെടുത്താനുള്ള സൗകര്യം പൊലീസ് കസ്റ്റഡിയില്‍ സരിതയ്ക്ക് ലഭിക്കുന്നു. ശാലുമേനോനും ബിജു രാധാകൃഷ്ണനും തടവറയില്‍ രാജകീയ സൗകര്യങ്ങള്‍ ഒരുക്കുന്നു. കൂട്ടുപ്രതി ഫിറോസിനെ അറസ്റ്റ്ചെയ്യാതെ സംരക്ഷിക്കുന്നു.

കള്ളന്മാരും കൊലപാതകിയും ലൈംഗിക അരാജകത്വത്തിന്റെ വക്താക്കളും അഴിമതിക്കാരും ചേര്‍ന്ന് കോടികളുടെ അഴിമതി മൂടിവയ്ക്കാന്‍ അഹോരാത്രം പ്രയത്നിക്കുകയാണ്. സര്‍ക്കാര്‍ അന്വേഷണത്തിന് നിയോഗിച്ച സംഘത്തിന്റെ അംഗസംഖ്യയേക്കാള്‍ വലുതും അധികാരമുള്ളവരുമാണ് തട്ടിപ്പില്‍ പങ്കാളികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍. അന്വേഷണത്തെ അട്ടിമറിക്കാന്‍ ഇവര്‍ക്ക് ആരുടെയും സഹായം ആവശ്യമില്ല. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതിക്കെതിരെ കേരളജനത അതിശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോവുമെന്നതില്‍ സംശയമില്ല. ആ പ്രക്ഷോഭത്തില്‍ കേരളത്തിലെ കര്‍ഷക-കര്‍ഷക തൊഴിലാളികള്‍ മുന്നിലുണ്ടാകും. അഴിമതിമുഖ്യന്‍ സ്ഥാനമൊഴിയാതെ ഈ സമരപന്ഥാവില്‍നിന്ന് അവര്‍ പിന്മാറില്ല.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി

No comments: