Thursday, July 4, 2013

സമരഭരിതമീ ജീവിതം; (തെങ്ങമം 1927-2013)

തെങ്ങമം എന്ന കാര്‍ഷികഗ്രാമത്തിന്റെ വിശുദ്ധിയും സമരപാരമ്പര്യവും ഉള്‍ക്കൊണ്ടാണ് ബാലകൃഷ്ണന്‍ എന്ന വിപ്ലവകാരി ജന്മമെടുത്തത്. 1927 ഏപ്രില്‍ ഒന്നിന് തെങ്ങമത്തെ മാധവന്റെയും നാണിയമ്മയുടെയും നാലു മക്കളില്‍ മൂത്ത മകനായാണ് ജനനം. കുന്നത്തൂര്‍ താലൂക്കില്‍ അന്ന് പ്രൈമറി സ്കൂള്‍ ഇല്ലായിരുന്നതിനാല്‍ മാവേലിക്കര താലൂക്കിലെ പയ്യന്നൂര്‍ സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. കടമ്പനാട് യുപി സ്കൂളില്‍ ഏഴാംക്ലാസ് വരെയും ഹൈസ്കൂള്‍ വിദ്യാഭ്യാസം ഇരുമ്പനങ്ങാട് ഗവണ്‍മെന്റ് സ്കൂളിലുമായിരുന്നു. ഇംഗ്ലീഷ് സെക്കന്‍ഡറി സ്കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ് പാസായാല്‍ മാത്രമേ അന്ന് കോളജ് പഠനത്തിന് പ്രവേശനം ലഭിക്കുകയുള്ളൂ എന്നതിനാല്‍ കുണ്ടറ എംജിഡി ഹൈസ്കൂളില്‍ ഇഎസ്എസ്എല്‍സിക്കു ചേര്‍ന്നു. പത്താംതരം കഴിഞ്ഞപ്പോള്‍ ഒരു വര്‍ഷം കിഴക്കേകല്ലട സ്കൂളില്‍ അധ്യാപകനായി. പിന്നീട് ആര്‍ ശങ്കറെ നേരിട്ടുകണ്ട് കൊല്ലം എസ്എന്‍ കോളജില്‍ പ്രീ-യൂണിവേഴ്സിറ്റിക്ക് പ്രവേശനം നേടി. ഗാന്ധിജയന്തി ആഘോഷിച്ചതിന് ഒരു മാസത്തേക്ക് പുറത്താക്കി. സ്കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു.

കോട്ടാത്തല സുരേന്ദ്രന്‍, ശ്രീവല്ലഭമേനോന്‍, ചെല്ലപ്പന്‍ തുടങ്ങിയവരുമായുള്ള ബന്ധം ബാലകൃഷ്ണനെയും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ എത്തിച്ചു. സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായി. 1949 മാര്‍ച്ച് 19ന് ആദ്യമായി അറസ്റ്റിലായി. വൈക്കത്ത് യോഗത്തില്‍ പ്രസംഗിക്കാനായി പോകുമ്പോള്‍ ബസില്‍നിന്നു പിടിച്ചിറക്കിയായിരുന്നു ആദ്യ അറസ്റ്റ്. മജിസ്ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത തെങ്ങമത്തെ കസബ സ്റ്റേഷനിലെ ലോക്കപ്പിലാക്കി. ഒരുവര്‍ഷവും അഞ്ചുമാസവും കഴിഞ്ഞാണ് ജയില്‍ മോചിതനായത്. ഇതോടെ യൂണിവേഴ്സിറ്റിയില്‍നിന്നു പുറത്താക്കി. എസ്എന്‍ കോളേജില്‍ പൊലീസ് ക്രൂരമായ ലാത്തിചാര്‍ജ് നടത്തിയതറിഞ്ഞ് ജയിലില്‍ തെങ്ങമം നിരാഹാരം കിടന്നു. ഒമ്പതാം ദിവസം ആശുപത്രിയിലാക്കിയെങ്കിലും അവിടെയും നിരാഹാരം തുടര്‍ന്നു. 18-ാമത്തെ ദിവസമാണ് നിരാഹാരം അവസാനിപ്പിച്ചത്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് എഴുതിക്കൊടുത്താല്‍ വിട്ടയയ്ക്കാമെന്നായിരുന്നു അന്നത്തെ ഐജി ചന്ദ്രശേഖരന്‍നായരുടെ വാഗ്ദാനം. അത് വേണ്ടെന്നായിരുന്നു തെങ്ങമത്തിന്റെ മറുപടി.

ജയില്‍ മോചിതനായശേഷം കമ്യൂണിസ്റ്റ് പാര്‍ടി കുന്നത്തൂര്‍ താലൂക്ക് അംഗം, സെക്രട്ടറി, കൊല്ലം ഡിസി എക്സിക്യൂട്ടീവ് അംഗം, ഡിസി സെക്രട്ടറിയറ്റ് അംഗം, സംസ്ഥാന കൗണ്‍സില്‍ എക്സിക്യൂട്ടീവ്, സ്റ്റേറ്റ് കൗണ്‍സില്‍ കണ്‍ട്രോള്‍ കമീഷന്‍ അംഗം എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. ഇടയ്ക്കാട്ട് കര്‍ഷകത്തൊഴിലാളികള്‍ കുടിലുകെട്ടി നടത്തിയ സമരം പൊലീസ് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിഷേധവുമായി അവിടെയെത്തിയ തെങ്ങമത്തിനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചു. "ഒരു കൊമ്പനാനയ്ക്കാണ് ഈ മര്‍ദനം ഏറ്റിരുന്നതെങ്കില്‍ അത് ചരിഞ്ഞേനെ" എന്ന് തോപ്പില്‍ഭാസി ആത്മകഥയിലെഴുതിയത് ഇതേക്കുറിച്ചാണ്. ആറര വര്‍ഷം എംഎല്‍എ ആയിരുന്നു. ജനയുഗത്തില്‍നിന്ന് പുറത്തിറങ്ങിയിരുന്ന എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ചീഫ് എഡിറ്ററാകാന്‍ കഴിഞ്ഞുവെന്ന അപൂര്‍വനേട്ടവും തെങ്ങമത്തിനു മാത്രമുള്ളതാണ്.

തെങ്ങമം: സമരതീക്ഷ്ണകാലത്തിന്റെ പ്രതീകം - പിണറായി

തിരു: സമരതീക്ഷ്ണമായ ഒരു കാലഘട്ടത്തിന്റെ ഉജ്വല പ്രതിനിധിയായ സിപിഐ നേതാവായിരുന്നു തെങ്ങമം ബാലകൃഷ്ണനെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ്റ്പാര്‍ടി നിരോധനം നേരിട്ട കാലഘട്ടത്തില്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ നേതാവായി രാഷ്ട്രീയത്തിലെത്തിയ തെങ്ങമം, ക്രൂരമായ പൊലീസ് പീഡനങ്ങളെയടക്കം നേരിട്ടാണ് മുന്നോട്ടുപോയത്. മികച്ച പ്രഭാഷകനും എഴുത്തുകാരനും പത്രാധിപരും സാമൂഹ്യപ്രവര്‍ത്തകനും നിയമസഭാസാമാജികനുമായിരുന്നു. രാഷ്ട്രീയമായി തെങ്ങമവും താനും രണ്ടു തട്ടില്‍നിന്ന ഘട്ടത്തില്‍ തങ്ങള്‍ ഒരേ കാലയളവില്‍ നിയമസഭാംഗങ്ങളായിരുന്നു. അന്ന്, തന്റെ രാഷ്ട്രീയനിലപാടുകള്‍ക്കുവേണ്ടി മൂര്‍ച്ചയേറിയ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം സാമര്‍ഥ്യം കാട്ടി. അപ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കരളുറപ്പോടെയുള്ള സാംസ്കാരിക ഇടപെടലുകള്‍ നടത്തി. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിനായി വാക്കും പേനയും സംഘടനാപ്രവര്‍ത്തനവും സമര്‍ഥമായി പ്രയോഗിച്ച നേതാവായിരുന്നു അദ്ദേഹം. തെങ്ങമത്തിന്റെ പെട്ടെന്നുള്ള വേര്‍പാടില്‍ അതിയായ ദുഃഖവും അനുശോചനവും പിണറായി അറിയിച്ചു.

വി എസ് അനുശോചിച്ചു

തിരു: കമ്യൂണിസ്റ്റ് പാര്‍ടി നേതാവും പ്രശസ്ത എഴുത്തുകാരനുമായ തെങ്ങമം ബാലകൃഷ്ണന്റെ നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. ജനയുഗം പത്രാധിപര്‍, മികച്ച വാഗ്മി, പിഎസ്സി അംഗം എന്നീ നിലകളിലും തെങ്ങമം നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്. പിഎസ്സിയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് വി എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

No comments: