Thursday, July 18, 2013

സോളാര്‍ പ്ലാന്റ് തട്ടിപ്പിന്റെ നാള്‍വഴികള്‍

സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കോടികളുടെ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിത എസ് നായരും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന ഫോണ്‍ രേഖകള്‍ ജൂണ്‍ 11ന് കൈരളി പീപ്പിള്‍ ചാനല്‍ പുറത്തുവിട്ടതോടെയാണ് അഴിമതിയുടെ കഥകള്‍ ഓരോന്നായി പുറത്തുവരുന്നത്. കണ്ണൂര്‍ ജില്ലയിലെ ഡോക്ടര്‍മാരെ സോളാര്‍പ്ലാന്റിന്റെപേരില്‍ കൂട്ടത്തോടെ കബളിപ്പിച്ച പരാതിയിന്‍മേല്‍ തലശ്ശേരി മജിസ്ട്രേട്ട് കോടതി ഏകദേശം മൂന്നുമാസത്തിനുമുമ്പ് ഉത്തരവിട്ട പ്രകാരമാണ് സരിതയെ അറസ്റ്റ്ചെയ്യാന്‍ മെയ് 23ന് പൊലീസ് തീരുമാനിച്ചത്. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ താല്‍പര്യപ്രകാരം വീണ്ടും 10 ദിവസത്തോളം അറസ്റ്റ് താമസിപ്പിച്ചു. ഇതിനിടയില്‍ ഒളിവില്‍പോയ സരിതയെ കോടതി വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അറസ്റ്റ്ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതമായിത്തീര്‍ന്നു. അങ്ങനെയാണ് ജൂണ്‍ 3ന് സരിത അറസ്റ്റുചെയ്യപ്പെടുന്നത്.

ജൂണ്‍ 12: സാമ്പത്തികതട്ടിപ്പ് ലക്ഷ്യമിട്ട്, സൗരോര്‍ജ പ്ലാന്റുകളും വിന്‍ഡ്ഫാമുകളും നല്‍കാമെന്നുപറഞ്ഞ് സരിതയും സംഘവും ചേര്‍ന്ന് നിരവധി വ്യക്തികളില്‍നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസാണ് അതിന്റെ കേന്ദ്രമാക്കിയതെന്നും വെളിപ്പെടുത്തല്‍.

ജൂണ്‍ 13: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റും സന്തതസഹചാരിയുമായ ടെന്നി ജോപ്പനുമായി അടുത്ത ബന്ധമുണ്ടെന്ന് സരിതയുടെ വെളിപ്പെടുത്തല്‍. * തട്ടിപ്പിന്റെ മുഖ്യ പ്രവര്‍ത്തനകേന്ദ്രം സെക്രട്ടറിയറ്റും മുഖ്യമന്ത്രിയുടെ ഓഫീസും. * മുഖ്യമന്ത്രി ഫോണ്‍കോളിന്റെ ഉത്തരവാദിത്വം ടെന്നിജോപ്പനുമേല്‍ ചാരാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ വസതിയില്‍നിന്നും ക്ലിഫ്ഹൗസില്‍നിന്നും സരിതയെ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്. * ഡല്‍ഹിയിലെ, മുഖ്യമന്ത്രിയുടെ വലംകൈയും "അനൗദ്യോഗിക" സെക്രട്ടറിയുമായ "പാവം പയ്യന്‍" എന്നറിയപ്പെടുന്ന തോമസ് കുരുവിളയ്ക്കും സരിതയ്ക്കും തമ്മില്‍ അടുത്ത ബന്ധം. സരിത അറസ്റ്റിലാവുംമുമ്പ് നിരവധി തവണ കുരുവിളയുമായും ഫോണില്‍ സംസാരിച്ചിരുന്നു. * സോളാര്‍ പ്ലാന്റ് തട്ടിപ്പുകേസില്‍ സരിത എസ് നായരും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ആവശ്യം നിഷേധിക്കുന്നു. * ടെന്നിജോപ്പനും സരിതയുമായുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് താന്‍ വളരെ മുമ്പേതന്നെ സൂചന നല്‍കിയിരുന്നതായി പി സി ജോര്‍ജ്.

ജൂണ്‍ 15: മുഖ്യമന്ത്രി ഡല്‍ഹിയിലെ വിജ്ഞാനഭവനില്‍വെച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുമ്പോഴൊക്കെ സരിതയുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍. * ആരോപണവിധേയരായ ടെന്നിജോപ്പനും ഗണ്‍മാന്‍ സലിംരാജും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍നിന്നും പുറത്താകുന്നു. * മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ ജിക്കുമോന്‍ ജേക്കബുമായും സരിത ബന്ധം പുലര്‍ത്തിയതായി തെളിവുകള്‍. * മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നു.

ജൂണ്‍ 16: സൗരോര്‍ജ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനും സരിതയുടെ ഭര്‍ത്താവുമായ ബിജുരാധാകൃഷ്ണനുമായി കൊച്ചിയിലെ ഗസ്റ്റ്ഹൗസില്‍വെച്ച് മുഖ്യമന്ത്രി രഹസ്യ സംഭാഷണം നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നു. കെ സി ജോസഫ്, കെ സി വേണുഗോപാല്‍ എന്നിവരും സരിത തങ്ങളെ കണ്ടുവെന്ന് സമ്മതിക്കുന്നു. * സരിത എസ് നായരുടെ തട്ടിപ്പിനെക്കുറിച്ച് ആഭ്യന്തരമന്ത്രിക്ക് മൂന്നുമാസം മുമ്പേ പരാതി കിട്ടിയിരുന്നതായി വാര്‍ത്ത.

ജൂണ്‍ 17: ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. * മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ടീം സോളാറിന്റെ ഓഫീസ് കൈമാറിയ വണ്ടിച്ചെക്കിന്റെപേരില്‍ കേസെടുക്കുന്നത് തടഞ്ഞത് ഉമ്മന്‍ചാണ്ടി. * ബിജു രാധാകൃഷ്ണനും ശാലുമേനോനും തമ്മിലുള്ള ബന്ധം പുറത്തുവരുന്നു. * തനിക്ക് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി. ബിജുവുമായി ചര്‍ച്ചചെയ്തത് എന്തെന്ന് വെളിപ്പെടുത്തില്ല. * പിആര്‍ഡി ഡയറക്ടര്‍ക്കും ബന്ധം. * ശാലുമേനോനും ബിജുരാധാകൃഷ്ണനുമായുള്ള കൂടുതല്‍ ബന്ധങ്ങള്‍ പുറത്തുവരുന്നു. ശാലുവിന്റെ വീട്ടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ആഭ്യന്തരമന്ത്രി പങ്കെടുത്തതിന്റെ തെളിവുകള്‍ പുറത്തുവരുന്നു. * തുടരന്വേഷണത്തിനായി ബിജുവിനെ കസ്റ്റഡിയിലെടുക്കുന്നു.

ജൂണ്‍ 20: കൂട്ടുപ്രതിയായ പിആര്‍ഡി ഡയറക്ടര്‍ ഫിറോസിനെ സസ്പെന്‍ഡ്ചെയ്യുന്നു. * സരിതയ്ക്ക് മുഖ്യമന്ത്രി ശുപാര്‍ശക്കത്ത് നല്‍കിയതായി അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. സരിതയുടെ യാത്രാരേഖകള്‍ പുറത്തുവരുന്നു. * സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശാലുമേനോനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടെന്ന് ആഭ്യന്തരമന്ത്രി. * സരിത അറസ്റ്റിലായപ്പോള്‍ ബിജുരാധാകൃഷ്ണനെ മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ അനൗദ്യോഗിക സെക്രട്ടറിയായ തോമസ് കുരുവിള ഡല്‍ഹിയില്‍ ഒളിവില്‍ പാര്‍പ്പിച്ചതിന്റെ രേഖകള്‍ പുറത്തുവരുന്നു.

ജൂണ്‍ 21: തെളിവുകളുടെ പെരുമഴതന്നെയുണ്ടായിട്ടും മുഖ്യമന്ത്രി തന്റെ പങ്കാളിത്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും വഴുതിമാറി.

ജൂണ്‍ 22: മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും സോളാര്‍ പദ്ധതിക്ക് സഹായം ലഭിച്ചതായി ബിജുവും സരിതയും വെളിപ്പെടുത്തുന്നു.

ജൂണ്‍ 23: ശാലുമേനോനെ ചോദ്യംചെയ്യുന്നു. * ശാലുമേനോന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് ബിജുവും സരിതയും. രക്ഷപ്പെടാന്‍ ശാലുതന്നെ സഹായിച്ചതായും ബിജു.

ജൂണ്‍ 24: തിരുവഞ്ചൂരിന്റെ നിരീക്ഷണത്തിന്‍കീഴിലുള്ള അന്വേഷണത്തില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പല നിര്‍ണായക തെളിവുകളും പൊലീസ് നശിപ്പിച്ചു. അന്വേഷണത്തില്‍നിന്നും മുഖ്യമന്ത്രിയേയും, മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഒഴിവാക്കി. ഇത് ചെറിയൊരു സാമ്പത്തിക തട്ടിപ്പെന്ന രീതിയില്‍ അന്വേഷണം ഒതുക്കിത്തീര്‍ക്കാനുള്ള യുഡിഎഫിന്റെ ശക്തമായ നീക്കം. * ശാലുമേനോനും ബിജുവുമായുള്ള അടുപ്പത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിജുവിന്റെ തട്ടിപ്പുപണം തനിക്കു ലഭിച്ചതായും ശാലു.

ജൂണ്‍ 25: മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ നിയമസഭാ സമ്മേളനംതന്നെ നിര്‍ത്തിവെയ്ക്കുന്നു.

ജൂണ്‍ 26: സോളാര്‍ തട്ടിപ്പും ഭൂമിയിടപാടുമായി ബന്ധമുള്ള സലിംരാജിന് സസ്പെന്‍ഷന്‍.  മന്ത്രിമാരുമായുള്ള സരിതയുടെ ഫോണ്‍ ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍.

ജൂണ്‍ 27: ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു. സരിതയുമായി നൂറിലേറെ തവണ ജിക്കുമോന്‍ ഫോണില്‍ സംസാരിച്ചിരുന്നു. * സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ടെന്നിജോപ്പന്‍, സലിംരാജ്, ജിക്കുമോന്‍ ജേക്കബ്, പിആര്‍ഡി ഡയറക്ടര്‍ എന്നിവര്‍ പുറത്താവുകയും സരിത-ബിജുമാര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടും മുഖ്യമന്ത്രിക്ക് ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ട്. എന്നാല്‍ പറഞ്ഞതു പലതവണ മാറ്റിപ്പറയുകയും, കൊലപാതകിയായ, തട്ടിപ്പിന്റെ സൂത്രധാരനായ ബിജുരാധാകൃഷ്ണനുമായി കൊച്ചി ഗസ്റ്റ്ഹൗസില്‍വെച്ച് നടന്ന രഹസ്യ സംഭാഷണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുകയുമുണ്ടായില്ല.

ജൂണ്‍ 28: സോളാര്‍ പാനലിന്റെ പേരില്‍ ആറന്‍മുളയിലെ പ്രവാസി മലയാളിയില്‍നിന്നും സരിതയും ബിജുരാധാകൃഷ്ണനുംകൂടി 1.19 കോടി രൂപ തട്ടിയ കേസും പുറത്തുവരുന്നു.

ജൂണ്‍ 29: സോളാര്‍ ഇടപാടില്‍ ടെന്നി ജോപ്പന് നേരിട്ട് ബന്ധം. ജോപ്പന്‍ അറസ്റ്റിലാകുന്നു. * ടീം സോളാറിനെക്കുറിച്ച് ഊര്‍ജമന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേരള റിന്യുവബിള്‍ എനര്‍ജി എന്റര്‍പ്രൈസേഴ്സ് ആന്റ് പ്രൊമോട്ടേഴ്സ് അസോസിയേഷന്‍.

ജൂണ്‍ 30: പാലക്കാട് കിന്‍ഫ്രാ പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാനായി പത്തനംതിട്ട സ്വദേശി ശ്രീധരന്‍നായരുമായി സരിതയും ടെന്നിജോപ്പനും 5 കോടി രൂപയുടെ കരാറുണ്ടാക്കിയതായും അതിനായി 40 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ച് കൈമാറിയതായും ശ്രീധരന്‍നായര്‍. * ടെന്നിജോപ്പന്റെ ഇടപാടുകള്‍ തെളിഞ്ഞത് മുഖ്യമന്ത്രിയുടെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന്.

ജൂലൈ 1: പത്തനംതിട്ടയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനായ ശ്രീധരന്‍നായര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ച് 40 ലക്ഷത്തിന്റെ ചെക്ക് സരിതയ്ക്ക് കൈമാറിയതായി പറയുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ എന്നത് കൂട്ടിച്ചേര്‍ത്തതാണെന്നും അല്ലെന്നും വിവാദം. * സരിത പലതവണ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ പോയതായുള്ള വാര്‍ത്തകള്‍. * മുഖ്യമന്ത്രി ചെയര്‍മാനായുള്ള ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റി"ന് സരിതാനായര്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍വെച്ച് 5 ലക്ഷം രൂപ സംഭാവന നല്‍കിയതായി വാര്‍ത്ത. * ശാലുമേനോന്‍ തട്ടിപ്പില്‍ പങ്കാളിയാണെന്ന് വ്യക്തമായ തെളിവുകള്‍ കിട്ടി ആഴ്ചകള്‍ കഴിഞ്ഞിട്ടും അറസ്റ്റില്ല. * ശാലുവിനെ കേസില്‍പെടുത്തരുതെന്ന് ആഭ്യന്തരവകുപ്പില്‍നിന്ന് സമ്മര്‍ദമുള്ളതായി വാര്‍ത്ത.

ജൂലൈ 2: അന്വേഷണവും നിയമനടപടികളും അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി സംഘത്തിന്റെ ഗൂഢനീക്കം. ഹര്‍ജി പിന്‍വലിക്കാന്‍ ശ്രീധരന്‍നായര്‍ക്ക് നഷ്ടപ്പെട്ടതിനെക്കാള്‍ കൂടുതല്‍ തുക വാഗ്ദാനംചെയ്യുന്നു. * സരിത തട്ടിപ്പുകാരിയെന്ന് രണ്ടുവര്‍ഷം മുമ്പേതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍. അതോടെതന്നെ സരിതയെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു.

ജൂലൈ 3: ശാലുമേനോന്റെ വീട് പാലുകാച്ചല്‍ ചടങ്ങിന് വഴിയേപോയപ്പോള്‍ കയറിയതാണെന്ന തിരുവഞ്ചൂരിന്റെ വാദവും പൊളിയുന്നു. * സരിതയും തിരുവഞ്ചൂരും അങ്ങോട്ടുമിങ്ങോട്ടും ഫോണ്‍വിളിച്ചതിന്റെ രേഖകള്‍ പുറത്ത്. * തിരുവഞ്ചൂരിന് ശാലുവുമായി അടുത്ത ബന്ധമെന്ന് തെളിയുന്ന ഫോട്ടോകള്‍ പുറത്ത്.

ജൂലൈ 4: ശ്രീധരന്‍നായരുടെ പരാതിയില്‍ തിരുത്തലില്ലെന്ന് കോടതി. * സരിതയെ താന്‍ അങ്ങോട്ട് വിളിച്ചിട്ടില്ല എന്ന ആഭ്യന്തരമന്ത്രിയുടെ "മിസ്ഡ്കോള്‍" വാദം പൊളിയുന്നു. * ആഭ്യന്തരമന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് തെളിയുന്നു.

ജൂലൈ 5: സരിതയുമായി ഫോണ്‍ബന്ധം പുലര്‍ത്തിയ യുഡിഎഫിലെ മന്ത്രിപ്പടയുടെ ലിസ്റ്റ് പുറത്തുവരുന്നു. * ഫോണ്‍വിളികള്‍ പരസ്യമാക്കിയത് ആഭ്യന്തരമന്ത്രിയാണെന്നും, അതല്ല മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പരസ്പരം പഴിചാരല്‍. മെയ് 23ന് സരിതയെ അറസ്റ്റുചെയ്യുംമുമ്പ് ആഭ്യന്തരമന്ത്രി പൊലീസിന്റെ നീക്കം സരിതയെ വിളിച്ചറിയിച്ചതായുള്ള രേഖകള്‍ പുറത്ത്. പത്തുദിവസത്തോളം മുങ്ങിയ സരിതയെ പിന്നീടാണ് അറസ്റ്റുചെയ്യാന്‍ കഴിഞ്ഞതെന്നും, അതിനു ചുക്കാന്‍ പിടിച്ചത് ആഭ്യന്തരമന്ത്രിയെന്നുമുള്ള തെളിവുകളും പുറത്ത്. * ബിജുരാധാകൃഷ്ണനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ശാലുവിനെതിരെ കേസെടുക്കുന്നു.

ജൂലൈ 6: ബിജുവുമായി ചേര്‍ന്ന് ശാലുമേനോന്‍ റാസിഖ് അലിയില്‍നിന്നും 76 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോടതി ഉത്തരവിട്ടപ്രകാരം ശാലു അറസ്റ്റിലാകുന്നു.

ജൂലൈ 7: 40 ലക്ഷത്തിന്റെ ചെക്ക് നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ശ്രീധരന്‍നായര്‍. മുഖ്യമന്ത്രിയുടെ പേര് കൂട്ടിച്ചേര്‍ത്തത് തന്റെ അറിവോടെ എന്നും ശ്രീധരന്‍നായര്‍.

ജൂലൈ 8: സിബിഐ അന്വേഷണത്തിന്റെപേരില്‍ ഇപ്പോഴത്തെ കേസന്വേഷണം നിര്‍ത്തിവെച്ച് സരിതയെയും കൂട്ടരെയും രക്ഷപ്പെടുത്താന്‍ യുഡിഎഫ് നീക്കം.

ജൂലൈ 9: സരിതയ്ക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയതെന്നും ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍. * താന്‍ നുണ പരിശോധനയ്ക്ക് തയ്യാറെന്ന് ശ്രീധരന്‍നായര്‍. * സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതെല്ലാം കളവാണെന്ന് ഇതോടെ പൂര്‍ണമായും തെളിയുന്നു. * പ്രതിഷേധിച്ച യുവജന പ്രവര്‍ത്തകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അതിക്രമം. പെണ്‍കുട്ടികളെയുള്‍പ്പെടെ തല്ലിച്ചതച്ചു. ജൂലൈ 10: പ്രതിഷേധിച്ച ഇടതുപക്ഷ നേതാക്കള്‍ക്കുനേരെ ക്രൂരമായ പൊലീസ് അതിക്രമം. നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റു.

*
കെ ആര്‍ മായ ചിന്ത വാരിക

No comments: