Saturday, July 6, 2013

കുട്ടംകുളം സമരം അലയൊടുങ്ങാത്ത സ്മരണകള്‍ക്ക് 67 ആണ്ട്

വഴിനടക്കാനായി സമരം ചെയ്യേണ്ടിവന്നെന്നു കേള്‍ക്കുമ്പോള്‍ ഈ തലമുറയ്ക്ക് കെട്ടുകഥയായി തോന്നാം. എന്നാല്‍ഭഭൂതകാലത്തിന്റെ അടരുകളിലേക്കൊന്നും ഏറെ ചികഞ്ഞ് പോകേണ്ടതില്ല ഈ സമരഗാഥയുടെ ഹൃദയത്തുടിപ്പുകേള്‍ക്കാന്‍. അടികൊണ്ടും ജയിലില്‍ കിടന്നും ചോര വീഴ്ത്തിയുംതന്നെയാണ് പോയ തലമുറ ഇങ്ങനെ പലതും നേടിത്തന്നത്, നവോത്ഥാന മുന്നേറ്റങ്ങളുണ്ടായത്, സാംസ്കാരികവും സാമൂഹ്യവുമായ ഔന്നത്യങ്ങളിലേക്ക് മലയാളി നടന്നുകയറിയത്. കുട്ടംകുളം സമരം നടന്നിട്ട് ഇന്നേക്ക് 67 വര്‍ഷം.

അവര്‍ണര്‍ക്ക് വഴിനടക്കാനുള്ള അവകാശത്തിനായി കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ 1946 ജൂലൈ ആറിനായിരുന്നു സമര കാഹളമുയര്‍ന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്നിലെ കുട്ടംകുളത്തിനപ്പുറത്തേക്ക് കീഴ്ജാതിക്കാര്‍ക്ക് പ്രവേശനമില്ലായിരുന്നു. 1945-46കളിലാണ് ക്ഷേത്ര പ്രവേശനത്തിനും ഉത്തരവാദഭരണത്തിനുമുള്ള പ്രക്ഷോഭവും തിരു-കൊച്ചി സംസ്ഥാനങ്ങളില്‍ കത്തിപ്പടരുന്നത്. 1946 ജൂലൈ ആറിന് ഉച്ചയോടെ അയ്യങ്കാവ് മൈതാനത്ത് ക്ഷേത്രപ്രവേശന സമ്മേളനം സംഘടിപ്പിച്ചു. എസ്എന്‍ഡിപിയും പുലയര്‍മഹാസഭയും സമ്മേളനത്തില്‍ പങ്കെടുത്തു. പ്രജാമണ്ഡലം പ്രതിനിധി പുതൂര്‍ അച്യുതമേനോനായിരുന്നു അധ്യക്ഷന്‍. പ്രസംഗകരായി പി ഗംഗാധരനും പി കെ ചാത്തന്‍മാസ്റ്ററും. കുട്ടംകുളത്തിന് സമീപം സാരിധരിച്ച് പ്രകടനം നടത്തിയ പുലയ യുവതികളെ സവര്‍ണര്‍ മുറുക്കിത്തുപ്പി കാട്ടുനീതി നടപ്പാക്കി. കുട്ടംകുളം റോഡില്‍ നിരോധനമുണ്ടോ എന്നറിയാന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം പ്രകടനമായി കുട്ടംകുളത്തേക്ക് നീങ്ങുകയാണെന്ന് പി ഗംഗാധരന്‍ പ്രഖ്യാപിച്ചു. നിയമലംഘനത്തെ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ് പുതൂര്‍ അച്യുതമേനോന്‍ പിന്മാറി. കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് കെ വി ഉണ്ണിയുടെയും പി ഗംഗാധരന്റെയും നേതൃത്വത്തില്‍ ആയിരങ്ങള്‍ പ്രകടനമായി നീങ്ങി. സി ഐ സൈമണ്‍ മാഞ്ഞൂരാന്റെയും ഇന്‍സ്പെക്ടര്‍ ശങ്കുണ്ണിയുടെയും നേതൃത്വത്തില്‍ എംഎസ്പിക്കാരുള്‍പ്പെടെ പൊലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞു. നിരോധന ഉത്തരവ് കാണിക്കണമെന്ന് സമരക്കാരും ആവശ്യപ്പെട്ടു. സമരക്കാരെ വളഞ്ഞിട്ട് തല്ലി. പലരും അടിയേറ്റ് വീണു. വഴിനീളെ ചോരയൊഴുകി. സഹികെട്ട കെ വി ഉണ്ണി പൊലീസിനെ തിരിച്ചടിച്ചു. വളണ്ടിയര്‍മാര്‍ ചിതറിയോടുന്നതിനിടെ ഉണ്ണിയും പി ഗംഗാധരനും താഴെ വീണു. ഇരുവരേയും കുളത്തിനടുത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിയാണ് പൊലീസ് കലിയൊടുക്കിയത്.

അടുത്ത ദിവസം എം കെ തയ്യിലിനേയും പി കെ ചാത്തന്‍ മാസ്റ്ററേയും അറസ്റ്റ് ചെയ്തു. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെ വി കെ വാര്യരുടെയും സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനുനേരെയും ലാത്തിച്ചാര്‍ജുണ്ടായി. സമരത്തിന്റെ അലയൊടങ്ങുംമുമ്പേ കൊച്ചിയില്‍ ക്ഷേത്രപ്രവേശന വിളംബരവും ഉത്തരവാദഭരണ പ്രഖ്യാപനവുമുണ്ടായി. ചരിത്രം കടങ്കഥയല്ലെന്ന ബാലപാഠം ഓര്‍മിച്ച് ഈ വഴി കടന്നുപോകുമ്പോള്‍ കേള്‍ക്കാം ചില രണഭേരികളുടെ ആരവങ്ങളിപ്പോഴും നിലയ്ക്കാതെ.

*
കെ സി പ്രേമരാജന്‍ ദേശാഭിമാനി

No comments: