Wednesday, January 7, 2009

മലയാളി-അകത്തും പുറത്തും

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്-അതില്‍
നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്.

നീറുന്ന കണ്ണുമായ് നിന്നെക്കിനാക്കണ്ടു
ദൂരത്തു വാഴുന്നു ഞാനെന്നും
ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്തുനീയെന്നും....
(തുറക്കാത്തവാതില്‍ - പി ഭാസ്കരന്‍)

നീറുന്ന കണ്ണിലെ കിനാക്കളുമായി നാടിന്റെ അങ്ങേക്കരയിലും ഇങ്ങേക്കരയിലുമായി കാത്തിരുന്ന മാലയാളിയുടെ ചിത്രം നമുക്കിന്നൊരു നൊസ്റ്റാള്‍ജിക് ഇമേജുപോലുമല്ല. നാട്ടിലെ നാഴിയിടങ്ങഴി മണ്ണ് ' കൂറ്റന്‍ ഫ്ലാറ്റിനുള്ള പരിമിതമായ സ്ഥലം മാത്രമാകുന്നുവെന്ന് പരസ്യവാചകം. ഇത് അതിദ്രൂതം മാറിക്കൊണ്ടിരിക്കുന്ന മലയാളിജീവിതത്തിന്റെ സൂചകം കൂടിയാകുന്നു. അന്നംതേടി തൊഴില്‍ തേടി മറുനാട്ടില്‍ ചേക്കേറുന്ന മലയാളിയുടെ മനോവ്യാപാരങ്ങള്‍ പണ്ടേ നമുക്കു പരിചിതം. പക്ഷേ എല്ലാം മാറിമറിയുന്നതിനിടയില്‍ മറുനാടന്‍ മാലയാളിയുടെ മോഹസങ്കല്പങ്ങള്‍ക്കും പരിവര്‍ത്തനം വന്നുകഴിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ തന്നെ മറുനാടന്‍ മലയാളി മാത്രം മാറാതിരിക്കണമെന്നു ശഠിക്കേണ്ടതുണ്ടോ?

1923 ല്‍ പുറത്തിറങ്ങിയ ഭൂതരായര്‍ എന്ന നോവലില്‍ മലയാളമണ്ണിന്റെ-കേരളക്കരയുടെ പരിവര്‍ത്തനത്തെ അപ്പന്‍തമ്പുരാന്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു.

"നാട്ടാരുടെ ഉടുപ്പുമാറി നടപ്പുമാറി. പരശുരാമക്ഷേത്രത്തിന്റെ അലകും പിടിയും മാറി. നീര്‍പോകും ചാലുകള്‍ തീബോട്ടുകള്‍ നടത്തുന്ന പുഴകളായി. ആള്‍പോകും വഴികള്‍ തീവണ്ടിയോടുന്ന വഴികളും സാറട്ടുപോകുന്ന വീഥികളുമായി. കുന്നുകുഴിയായി മല മൈതാനമായി, കാടുനാടായി, നാടുനഗരമായി....''

തീവണ്ടിയും സാറട്ടും കടന്നുവന്ന മാറ്റത്തെ നമുക്കിന്നു എക്സ്‌പ്രസ്സ് ഹൈവേയുടെ പരിസരത്തേക്കു പരിവര്‍ത്തിപ്പിക്കാം. പഴയ മറുനാടന്‍ മലയാളി സ്വപ്നം കണ്ട നാരായണക്കിളിക്കൂടുപോലുള്ള നാലുകാലോലപ്പുരയ്ക്കു കാലാനുസൃതമായ മാറ്റം വന്നിരിക്കുന്നു. അതുസ്വാഭാവികംമാത്രം. എങ്കിലും സ്വന്തം ഗ്രാമത്തിലെ 'നാലും കൂടുന്ന മുക്കു'വിട്ടുപോകാന്‍ മടിക്കുന്നൊരു മലയാളി, സ്വന്തം വീടുവിട്ടുചേക്കേറാന്‍ മടിക്കുന്നൊരു മലയാളി ഇന്നും നമ്മുടെ ഗൃഹാതുര സ്വപ്നങ്ങളിലെവിടെയോ പച്ചപ്പോടെ സജീവമായിരിപ്പുണ്ട്. വീടുവിട്ടിറങ്ങിയവര്‍ തീര്‍ത്തതാണ് നമ്മുടെ ചരിത്രമെങ്കിലും 'വീടെ'ന്നും നമുക്കൊരു നഷ്ടസ്വര്‍ഗം തന്നെ. ഒരുപക്ഷേ ഈയൊരു ബോധമാണ് മറുനാട്ടില്‍ നേടുന്ന ഓരോ ചില്ലിക്കാശും മണിമാളികകളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും. മാത്രമല്ല നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുന്ന പ്രധാനപ്രക്രിയകളിലൊന്നായി 'പുരപണി' സ്ഥാനം പിടിക്കുകയും ചെയ്യുന്നു. ജീവിതായോധനത്തിനായി പട്ടാളബാരക്കുകളില്‍ യൌവനം പിന്നിടുന്ന മലയാളിയുടെ പത്തുസെന്റിനുള്ള അടക്കാനാവാത്ത മോഹം കോവിലന്റെ നിരവധി കഥകളുടെ പ്രമേയത്തെ സാക്ഷാത്കരിക്കുന്ന സങ്കല്പനമാകുന്നുണ്ട്. ഉപജീവനമാര്‍ഗം തേടി കേരളം വിടുന്ന തൊഴിലാളിയുടെ ജീവിതത്തിന്റെ നിസ്സാഹായതയും ദുരിതവും ആസ്സാംപണിക്കാര്‍' പോലുള്ള വൈലോപ്പിള്ളിക്കവിതകളിലും നമ്മള്‍ വായിക്കുന്നു. നാട്ടിലൊരുപിടിമണ്ണ് ഒരു കൂരയും എന്ന സങ്കല്പസ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി കഠിനപ്രയത്നത്തിന് തയ്യാറാവുന്ന മലയാളി പക്ഷേ ഈ തയ്യാറാക്കലിനു നാടുവിടണമെന്നുമാത്രം.'

മദിരാശിയും ബോംബെയും സിംഗപ്പൂരും ഗള്‍ഫുമൊക്കെ മലയാളിയുടെ സാമ്പത്തികസ്വപ്നങ്ങളുടെ പറുദീസയായി മാറുമ്പോഴും നാടിനെക്കുറിച്ചുള്ള കടുത്ത ഹോംസിക്നസ് അവരുടെ ജീവിതത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. വൈകാരികബോധത്തിലുള്ള ഈ വിചാരധാര നാടിനുവേണ്ടിയുള്ള അധ്വാനോര്‍ജ്ജമായി മാറ്റുവാന്‍ അവന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ നാട്ടിലെ ഏറ്റവും അനുകൂലമായ പ്രകൃതി/ കാലാവസ്ഥാസാഹചര്യങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ അവന് കഴിയുന്നില്ല. പക്ഷെ നാടിന്റെ നാലതിരുകള്‍ പിന്നിട്ടുകഴിയുമ്പോള്‍, ഏറ്റവും അധ്വാനശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏറ്റവും മോശം തൊഴിലാളി പുറംനാടുകളില്‍ ഏറ്റവും അധ്വാനശേഷിയുള്ളവനാകുന്നു. പിറന്നമണ്ണിനോടും മാതൃഭാഷയോടും ഉള്ള സ്നേഹം പുറത്തുവരണമെങ്കില്‍ മലയാളിക്കു നാടുവിട്ടേ മതിയാവൂ എന്നു തോന്നുന്നു. കാരണം നാടിനോടുള്ള ഗൃഹാതുരമായ ഇഴയടുപ്പം മലയാളിയെപ്പോലെ പ്രകടിപ്പിക്കുന്ന മറ്റൊരു ജനത തമിഴന്‍മാത്രമാണെന്നും കാണാം. ഉപജീവനത്തിനായി മറുനാടുകളിലെത്തി അവിടത്തെ സംസ്കാരവുമായി ഇഴചേര്‍ന്നു ജീവിക്കുമ്പോഴും സ്വന്തം നാടിനോടുള്ള സ്നേഹവും മമതയും അവനെ അതാതിടങ്ങളില്‍ മറ്റൊരു 'കേരളത്തി'നു വിത്തുപാകാന്‍ പ്രേരിപ്പിക്കുന്നു. അത്തരത്തില്‍ മദിരാശിയിലും ബോംബെയിലും ഗള്‍ഫിലും മറ്റൊരു കേരളസൃഷ്ടി അവര്‍ അനായാസം നിര്‍വ്വഹിക്കുകയും ചെയ്യുന്നു.

എഴുപതുകളോടെ സജീവമായ ഗള്‍ഫ് ജീവിതത്തിന്റെ നാള്‍വഴികള്‍ മലയാളിക്ക് തൊഴിലും സമ്പത്തും മാത്രമല്ല നല്‍കിയത്, പുത്തനൊരു ജീവിതസംസ്കാരവും കൂടിയാണ്. കേരളത്തിന്റെ സമ്പദ്ശൃംഖലയെ താങ്ങിനിര്‍ത്തുന്ന ഗള്‍ഫ് പണത്തിന്റെ സാന്നിധ്യം നല്ലതും തീയതുമായ ഒട്ടേറെ അനുഭവങ്ങള്‍ നമ്മുടെ സംസ്കാരത്തില്‍ വ്യാപിക്കാനിടയാക്കിയിട്ടുണ്ട്. അത് നമ്മുടെ ഭാഷണശീലം മുതല്‍ ഭക്ഷണശീലം വരെ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന വസ്തുത വിശദമായ പഠനങ്ങള്‍ക്കു വിധേയമാക്കേണ്ടതാണ്. ഒരു ആഗോളമധ്യവര്‍ഗമനുഷ്യമാതൃക' സൃഷ്ടിച്ചെടുക്കുന്ന വികസനസങ്കല്പത്തിന് വഴിമരുന്നിടാന്‍ ബാഹ്യശക്തിയായി ഗള്‍ഫ്പറുദീസയുമായി ബന്ധപ്പെട്ട മൂല്യബോധത്തെ പരിഗണിക്കേണ്ടത് അനിവാര്യമാണ്. ഏറ്റവുമധിക കാലം ഗള്‍ഫില്‍ നിലനിന്നുകാണുന്ന പ്രവാസജനത ഒരുപക്ഷേ മലയാളികളാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല. സ്വന്തം സമൂഹത്തോടും കുടുംബത്തിനോടുമൊക്കെയുള്ള ബാധ്യതയും കടപ്പാടും നിലനിര്‍ത്തുന്ന (നാട്ടില്‍ നില്ക്കുമ്പോഴത്തേക്കാള്‍ ഉത്തരവാദിത്തത്തോടെ) ഒരു ജനതയുടെ ത്യാഗപൂര്‍ണമായ ജീവിതം വേണ്ടത്ര ആഴത്തില്‍ നമ്മുടെ സംസ്കാരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. മാത്രമല്ല കൂടുതല്‍ കഷ്ടതയനുഭവിക്കുന്ന തൊഴിലാളികളുടെ കൂട്ടായ്മകളില്‍ നാടിനെക്കുറിച്ചുള്ള കടുത്ത നൊസ്റ്റാള്‍ജിയ എത്രമാത്രം ആര്‍ദ്രഭാവത്തോടെ നിലനില്ക്കുന്നുവെന്ന് നമ്മുടെ സാഹിത്യവും ചലച്ചിത്രങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. കേരളീയാനുഭവങ്ങളുടെ ചൂടും ചൂരും ശക്തിയായി ചിത്രീകരിക്കുന്ന രേഖകളായി നമ്മുടെ പ്രവാസി സാഹിത്യം മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല.

മാറിയ ജീവിതസാഹചര്യങ്ങളും തൊഴില്‍ സാധ്യതകളും സാംസ്കാരികബോധവും പുതിയതലമുറയെ നാടിനുപുറത്തേക്ക് പോകാന്‍ നിരന്തരപ്രേരണയായി മാറുന്ന കാഴ്ച ഇതിന്റെ അനിവാര്യത കൂടിയാണെന്നു തോന്നുന്നു. മാത്രമല്ല മക്കളെ കയറ്റി അയയ്ക്കാനുള്ള ഉല്പന്നങ്ങളായി കാണുന്ന രക്ഷാകര്‍ത്താക്കളും എത്രയും വേഗം അമേരിക്കന്‍ അമ്മായിമാരാകാന്‍ വ്യഗ്രതപ്പെടുന്ന അമ്മമാരും ബേബിസിറ്റിംഗിനായി രക്ഷാകര്‍ത്താക്കള്‍ക്ക് വിസിറ്റിംഗ് വിസ സംഘടിപ്പിക്കുന്ന മക്കളുമൊക്കെ ചേര്‍ന്നു സൃഷ്ടിക്കുന്ന നവപ്രവാസികളുടെ മറ്റൊരുലോകവും കാണാതിരുന്നുകൂടാ. പുത്തന്‍സാമ്പത്തിക സംസ്കാരത്തിന്റെ, പിണിയാളുകളായ ഇക്കൂട്ടര്‍ ഉല്പാദിപ്പിക്കുന്ന മലയാളിസ്നേഹം കാപട്യത്തിന്റെയും പൊങ്ങച്ചത്തിന്റെയും മറുപുറം മാത്രം. രുചികളിലും അഭിരുചികളിലും മറുനാടുകളില്‍ മലയാളിത്തം നിലനിര്‍ത്താന്‍ ആഘോഷങ്ങളില്‍ അവര്‍ നിരന്തരം കണ്ടുമുട്ടുന്നു. കേരളത്തിനുപുറത്ത് മറ്റൊരു കേരളം സൃഷ്ടിക്കുന്ന മലയാളി, ത്രിശങ്കുപോലെ മറ്റൊരു നഷ്ടസ്വര്‍ഗ്ഗത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കുമ്പോള്‍ നമ്മുടെ സമ്പദ്ഘടനയുടെ ചില നെടുന്തൂണുകളെ വിസ്മരിക്കാന്‍ ഒരു മലയാളിക്കും കഴിയില്ല. മലയാളമണ്ണിലെ രാഷ്ട്രീയ- സാംസ്കാരിക- സാമ്പത്തിക സംവര്‍ഗങ്ങളെ നിര്‍ണ്ണയിക്കുന്ന പ്രധാന സ്രോതസ്സുകളിലൊന്നായി പ്രവാസി മലയാളിയുടെ ജീവിതം മാറിക്കഴിഞ്ഞു എന്ന വസ്തുത നിഷേധിക്കാനാവില്ല. കേരളം മലയാളിയുടെ മാതൃഭൂമിയാണെന്ന സങ്കല്പം ഊട്ടിയുറപ്പിക്കാന്‍ ചിലപ്പോഴെങ്കിലും മലയാളി, മറുനാടന്‍ മലയാളിയാകേണ്ടി വരുന്നു.

*

ഒലീന എ ജി, കടപ്പാട്: യുവധാര

4 comments:

വര്‍ക്കേഴ്സ് ഫോറം said...

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാടിയിടങ്ങഴി മണ്ണുണ്ട്-അതില്‍
നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്.

നീറുന്ന കണ്ണുമായ് നിന്നെക്കിനാക്കണ്ടു
ദൂരത്തു വാഴുന്നു ഞാനെന്നും
ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്തുനീയെന്നും....
(തുറക്കാത്തവാതില്‍ - പി ഭാസ്കരന്‍)

നീറുന്ന കണ്ണിലെ കിനാക്കളുമായി നാടിന്റെ അങ്ങേക്കരയിലും ഇങ്ങേക്കരയിലുമായി കാത്തിരുന്ന മാലയാളിയുടെ ചിത്രം നമുക്കിന്നൊരു നൊസ്റ്റാള്‍ജിക് ഇമേജുപോലുമല്ല. നാട്ടിലെ നാഴിയിടങ്ങഴി മണ്ണ് ' കൂറ്റന്‍ ഫ്ലാറ്റിനുള്ള പരിമിതമായ സ്ഥലം മാത്രമാകുന്നുവെന്ന് പരസ്യവാചകം. ഇത് അതിദ്രൂതം മാറിക്കൊണ്ടിരിക്കുന്ന മലയാളിജീവിതത്തിന്റെ സൂചകം കൂടിയാകുന്നു. അന്നംതേടി തൊഴില്‍ തേടി മറുനാട്ടില്‍ ചേക്കേറുന്ന മലയാളിയുടെ മനോവ്യാപാരങ്ങള്‍ പണ്ടേ നമുക്കു പരിചിതം. പക്ഷേ എല്ലാം മാറിമറിയുന്നതിനിടയില്‍ മറുനാടന്‍ മാലയാളിയുടെ മോഹസങ്കല്പങ്ങള്‍ക്കും പരിവര്‍ത്തനം വന്നുകഴിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ തന്നെ മറുനാടന്‍ മലയാളി മാത്രം മാറാതിരിക്കണമെന്നു ശഠിക്കേണ്ടതുണ്ടോ?

Anonymous said...

വൈകാരികബോധത്തിലുള്ള ഈ വിചാരധാര നാടിനുവേണ്ടിയുള്ള അധ്വാനോര്‍ജ്ജമായി മാറ്റുവാന്‍ അവന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ നാട്ടിലെ ഏറ്റവും അനുകൂലമായ പ്രകൃതി/ കാലാവസ്ഥാസാഹചര്യങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ അവന് കഴിയുന്നില്ല. പക്ഷെ നാടിന്റെ നാലതിരുകള്‍ പിന്നിട്ടുകഴിയുമ്പോള്‍, ഏറ്റവും അധ്വാനശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏറ്റവും മോശം തൊഴിലാളി പുറംനാടുകളില്‍ ഏറ്റവും അധ്വാനശേഷിയുള്ളവനാകുന്നു.

ഇതത്ര ശരിയാണെന്ന് തോന്നുന്നില്ല. വ്യക്തിഗതമായ വിശകലനം അല്ലെങ്കില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പൊതു അഭിപ്രായത്തിന്റെ പിറകെ പോകല്‍.

evuraan said...

ആള്‍പോകും വഴികള്‍ തീവണ്ടിയോടുന്ന വഴികളും സാറട്ടുപോകുന്ന വീഥികളുമായി.

എന്താണു്‌ സാറട്ടു്‌ എന്നു വെച്ചാല്‍?

വര്‍ക്കേഴ്സ് ഫോറം said...

സാറട്ടെന്നാൽ ഒരു തരം തേര്, രഥം എന്നാണർത്ഥമെന്ന് തോന്നുന്നു. chariot എന്ന ഇംഗ്ലീഷ് പദത്തിന്റെ മലായാള രൂപമാകാം.