Saturday, January 31, 2009

ഇന്ത്യാ ഗവണ്‍മെന്റും ആശ്രയിക്കുന്നത് പൊട്ടുന്ന നീര്‍ക്കുമിളകളെ തന്നെ

തെരഞ്ഞെടുപ്പ് അടുത്തുവന്നപ്പോള്‍, തങ്ങള്‍ പ്രഖ്യാപിച്ചിരുന്ന രണ്ടാംഘട്ട സാമ്പത്തിക പാക്കേജ് ഗവണ്‍മെന്റ് പുറത്തെടുത്തിരിക്കുന്നു. മന്ദഗതിയിലായിട്ടുള്ള സമ്പദ്‌വ്യവസ്ഥയ്‌ക്ക് ആ പാക്കേജ് ഉത്തേജനം നല്‍കും എന്നാണ് ഗവണ്‍മെന്റിന്റെ അവകാശവാദം. ഇക്കാലത്തെ ആഗോളരംഗത്തെ ഫാഷന്‍ അനുസരിച്ച്, കേന്ദ്രഗവണ്‍മെന്റിന്റെ രണ്ടാംഘട്ട "ഉത്തേജക നികുതി പാക്കേജ്'' ആണിതെന്ന് ചില മാധ്യമ നിരീക്ഷകര്‍ വിശദീകരിക്കുന്നുണ്ട്. അത് തെറ്റാണ്. ഈ പാക്കേജ് നികുതി സംബന്ധിച്ചതല്ല; മറിച്ച് പണപരമായ സ്വഭാവത്തോടുകൂടിയതാണ്. ഗവണ്‍മെന്റിന്റെ ചെലവ് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് അതില്‍ വലിയ ഊന്നലൊന്നും നല്‍കിയിട്ടില്ല. നികുതി പിരിവ് പ്രതീക്ഷിച്ച ലക്ഷ്യത്തേക്കാള്‍ കുറവായിരിക്കുമ്പോള്‍, അങ്ങനെ ചെലവ് വര്‍ധിപ്പിക്കണമെങ്കില്‍ ബജറ്റ് കമ്മി വീണ്ടും വര്‍ദ്ധിപ്പിക്കേണ്ടിവരും; അല്ലെങ്കില്‍ വായ്‌പ നല്‍കി സഹായിച്ച് കൂടുതല്‍ ചെലവാക്കാന്‍ കേന്ദ്രം പ്രോത്സാഹിപ്പിക്കേണ്ടിവരും. ഇന്ത്യയിലെ യുപിഎ ഗവണ്‍മെന്റിന്റെ പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ കേന്ദ്രബിന്ദു നികുതി സംബന്ധമായ യാഥാസ്ഥിതികത്വമാണ്. ലോകത്തിലെ മറ്റ് പല രാജ്യങ്ങളിലേതില്‍നിന്നും വ്യത്യസ്‌തമായി, ഇന്ത്യയിലെ യുപിഎ ഗവണ്‍മെന്റ് ആ യാഥാസ്ഥിതികത്വം ഇനിയും ഉപേക്ഷിച്ചിട്ടില്ല. പണപ്പെരുപ്പം കുറയുകയും വളര്‍ച്ച മന്ദഗതിയിലായിത്തീരുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥയില്‍പോലും ധനപരമായ കമ്മി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഗവണ്‍മെന്റ് നിശ്ശബ്‌ദതപാലിക്കുകയാണ്.

പാക്കേജിന്റെ ഘടകങ്ങള്‍

ഉത്തേജക പാക്കേജ് എന്നു പറയപ്പെടുന്ന ഈ നടപടിക്ക് പ്രധാനമായി മൂന്ന് ഘടകങ്ങളാണുള്ളത്. റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യാ ഗവണ്‍മെന്റും കൂടി കൂട്ടായി കൈക്കൊള്ളേണ്ട ഒരുപിടി നടപടികളാണ് ഇതില്‍ ആദ്യത്തെ ഘടകം. പലിശനിരക്കുകള്‍ കുറയ്‌ക്കുന്നതിനും വ്യക്തികള്‍ക്കും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വായ്‌പ ലഭ്യമാക്കുന്നത് എളുപ്പമാക്കുന്നതിനും ലക്ഷ്യംവെച്ചുകൊണ്ടുള്ള നടപടിയാണിത്. റിപ്പോ നിരക്ക് (അഥവാ റിസര്‍വ് ബാങ്കില്‍നിന്ന് മറ്റ് ബാങ്കുകള്‍ വായ്‌പയെടുക്കുമ്പോള്‍ അടയ്‌ക്കേണ്ടിവരുന്ന പലിശനിരക്ക്) ഒരു ശതമാനം കുറച്ച് 5.5 ശതമാനമാക്കിയിരിക്കുന്നു. അതിനുപുറമെ സ്വകാര്യമേഖലയ്‌ക്ക്, വായ്‌പ കൊടുക്കുന്നതിന് ബാങ്കുകള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. അതിനായി പല മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു. സ്വകാര്യ ബാങ്കുകളുടെ ക്യാഷ് റിസര്‍വ് റേഷ്യോ (അഥവാ അവയുടെ കയ്യിലുണ്ടായിരിക്കേണ്ട ക്യാഷ് ബാലന്‍സ്) അരശതമാനം കണ്ട് കുറച്ച് ഡെപ്പോസിറ്റിന്റെ 5 ശതമാനമാക്കി കുറച്ചിരിക്കുന്നു. റിവേഴ്‌സ് റിപ്പോ നിരക്ക്, അഥവാ സ്വകാര്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് നല്‍കുന്ന തുകയ്‌ക്ക് ലഭിക്കുന്ന പലിശ, 5 ശതമാനത്തില്‍നിന്ന് 4 ശതമാനമാനമായി കുറച്ചിരിക്കുന്നു. വായ്‌പ കൊടുക്കുന്നതിനുള്ള ബാങ്കുകളുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് 20,000 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാമെന്ന് വാഗ്ദാനംചെയ്‌തിരിക്കുന്നു. ചെറുകിട സംരംഭകര്‍ക്ക് ഗ്യാരണ്ടിയോടുകൂടി വായ്‌പ നല്‍കുന്നതിനും വായ്‌പകളുടെ വ്യാപ്‌തി വിപുലമാക്കുന്നതിനും ബാങ്കുകളെ പ്രോത്സാഹിപ്പിക്കുക.

ആഭ്യന്തര സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്ന് മാത്രമല്ല, കടം വാങ്ങുന്നവര്‍ക്ക് വായ്‌പ ലഭിക്കുക. വിദേശ സ്രോതസ്സുകളെ സമീപിക്കാനുള്ള അവയുടെ സൌകര്യവും വര്‍ധിപ്പിച്ചിരിക്കുന്നു. അതിനായി (1) അംഗീകൃത മാര്‍ഗങ്ങളിലൂടെ ലഭ്യമാകുന്ന വിദേശ വാണിജ്യവായ്‌പകളുടെ പലിശ നിരക്കിന്മേലുണ്ടായിരുന്ന പരിധി എടുത്തുകളഞ്ഞിരിക്കുന്നു. (2) വിദേശവാണിജ്യ വായ്‌പകള്‍ വാണിജ്യപരമായ റിയല്‍ എസ്റ്റേറ്റില്‍ (സമഗ്രമായ ടൌണ്‍ ഷിപ്പുകളുടെയും മറ്റും രൂപത്തില്‍) നിക്ഷേപിക്കാന്‍ അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. (3) പശ്ചാത്തല ഫിനാന്‍സിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബാങ്കിതര ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് വിദേശവാണിജ്യ വായ്‌പകള്‍ നേടാമെന്ന് നിശ്ചയിച്ചിരിക്കുന്നു. (4) വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന തുകയുടെ പരിധി 600 കോടി ഡോളറില്‍നിന്ന് 1500 കോടി ഡോളറാക്കി ഉയര്‍ത്തിക്കൊടുത്തിരിക്കുന്നു. ആഭ്യന്തരവായ്‌പ ലഭ്യമല്ലെങ്കില്‍, അഥവാ അതിന് ചെലവ് കൂടുതലാണെങ്കില്‍, "വിദേശത്തുനിന്ന് വായ്‌പ വാങ്ങിക്കോളൂ'' എന്നാണ് മുദ്രാവാക്യം.

സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും ഇന്ത്യാ ഇന്‍ഫ്രാസ്‌ട്രൿചര്‍ ഫിനാന്‍സ് കമ്പനിക്കും മൂലധനത്തിനാവശ്യമായ, പ്രത്യേകിച്ചും പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മൂലധനത്തിനാവശ്യമായ, പണം വായ്‌പ വാങ്ങുന്നതിന് സൌകര്യം ഉണ്ടാക്കുന്നതാണ് പാക്കേജില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള രണ്ടാമത്തെ ഇനം നടപടികള്‍. മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.5 ശതമാനമോ അഥവാ ഫിനാന്‍സ് മൂലധനച്ചെലവിനുവേണ്ട 30,000 കോടിയോ വിപണിയില്‍നിന്ന് കൂടുതലായി വായ്‌പ വാങ്ങുവാന്‍ ഇപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അനുവാദമുണ്ടായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ തുക വായ്‌പയെടുത്ത് തങ്ങളുടെ ചെലവ് വര്‍ധിപ്പിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറല്ല; എന്നാല്‍ അതേ അവസരത്തില്‍തന്നെ ആ മാര്‍ഗം അവലംബിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുന്ന കേന്ദ്രഗവണ്‍മെന്റ്, അത് "കേന്ദ്ര പാക്കേജി''ന്റെ ഭാഗമാണെന്ന രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. പൊതുകമ്മിയെ ആശ്രയിച്ചുകൊണ്ടുള്ള ചെലവിന്റെ രണ്ടാമത്തെ ഭാഗം ഇന്ത്യാ ഇന്‍ഫ്രാസ്‌ട്രൿചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡില്‍നിന്നാണ് (ഐഐഎഫ്‌സിഎല്‍) വരേണ്ടത്. നികുതിരഹിത ബോണ്ടുകള്‍ പുറപ്പെടുവിച്ചുകൊണ്ട് 2009 മാര്‍ച്ച് 31വരെ 10,000 കോടി രൂപവരെ സംഭരിക്കാനാണ് അതിന് ഇതുവരെ അനുവാദമുണ്ടായിരുന്നത്. എന്നാല്‍ പശ്ചാത്തലപദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനായി ഇത്തരം ബോണ്ടുകള്‍ പുറപ്പെടുവിച്ചുകൊണ്ട്, 30,000 കോടി രൂപ കൂടി അധികമായി സംഭരിക്കാന്‍ ഇപ്പോള്‍ അതിന് അനുവാദം നല്‍കിയിരിക്കുന്നു.

അവസാനമായി, പാക്കേജിന്റെ മൂന്നാമത്തെ ഘടകത്തില്‍, വാഹനങ്ങളുടെ ചോദനം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യംവെച്ചിരിക്കുന്നു. ജെഎന്‍എന്‍യുആര്‍എം പദ്ധതിയുടെ കീഴില്‍ സംസ്ഥാനങ്ങളുടെ നഗര ഗതാഗതസംവിധാനം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ ബസുകള്‍ വാങ്ങുന്നതിനായി 2009 ജൂണ്‍ 30വരെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കാന്‍ പാക്കേജില്‍ ഉദ്ദേശിക്കുന്നുണ്ട്. ഇക്കൊല്ലം ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ വാണിജ്യാവശ്യത്തിന് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ചില സൌജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 50 ശതമാനംവരെ തേയ്‌മാനച്ചെലവ് നല്‍കുന്നതാണ് ഇതിലൊന്ന്. വാണിജ്യാവശ്യത്തിന് വാഹനങ്ങള്‍ വാങ്ങുന്നതിന് എന്‍ബിഎഫ്‌സി കൾക്ക് വായ്‌പ കൊടുത്ത് സഹായിക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കപ്പെട്ടിരിക്കുന്നു.

കടം വാങ്ങൂ; ചെലവാക്കൂ

ഇതൊക്കെ കൂട്ടിവെച്ചാല്‍ കിട്ടുന്നത് ഇതാണ്: ബാങ്കുകളുടെയും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുടെയുംമേല്‍ വായ്‌പ നല്‍കുന്നതിന് നിര്‍ബന്ധം ചെലുത്തുന്നതോടൊപ്പം, വിവിധ രംഗങ്ങളിലുള്ളവരോട് കൂടുതല്‍ വായ്‌പ വാങ്ങാനും കൂടുതല്‍ ചെലവാക്കാനുമുള്ള ക്ഷണവും കേന്ദ്രഗവണ്‍മെന്റ് നടത്തുന്നു. റിയല്‍ എസ്റ്റേറ്റ് പോലുള്ള മേഖലകളില്‍ ചെലവഴിക്കുന്നതിനായി വിദേശനാണയത്തില്‍ വായ്‌പ വാങ്ങുന്നതിനുള്ള സൌകര്യവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഭാവിയില്‍ ഉണ്ടാകാവുന്ന തിരിച്ചടവ് ബാധ്യതകളെ നേരിടുന്നതിന് വിദേശനാണയം ലഭിക്കാന്‍ അവയ്‌ക്ക് സാധ്യത കുറവാണുതാനും.

ചുരുക്കിപ്പറഞ്ഞാല്‍ "ഉത്തേജക പാക്കേജ്'' എന്നു പറയപ്പെടുന്ന ഈ സംവിധാനം ഒട്ടും ആശ്വാസകരമല്ല. കാരണം ഒന്നാമത് വികസിതരാജ്യങ്ങളിലെ പ്രതിസന്ധിക്കു കാരണമായ രീതിയിലുള്ള പ്രവണതകള്‍ക്ക് ശക്തിപകരുക മാത്രമാണ് അത് ചെയ്യുന്നത്. നിയന്ത്രണങ്ങളെല്ലാം നീക്കപ്പെട്ടതും ദ്രുതഗതിയില്‍ വീര്‍ത്തുവരുന്നതുമായ സാമ്പത്തിക ലോകത്ത് എളുപ്പത്തില്‍ പണവും കുറഞ്ഞ പലിശയ്‌ക്ക് വായ്‌പയും ഇഷ്‌ടം പോലെ ലഭ്യമാകുന്ന ഒരവസ്ഥയുണ്ടായതാണ്, അമേരിക്കയിലെയും ഒഇസിഡി രാജ്യങ്ങളിലെയും ധനപ്രതിസന്ധിക്കും റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധിക്കും കാരണം എന്ന് ഇന്നിപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നുണ്ട്. വായ്‌പകൊണ്ട് താങ്ങി നിര്‍ത്തപ്പെടുന്ന അഭൂതപൂര്‍വമായ ഗൃഹനിര്‍മാണ-ഉപഭോക്തൃവര്‍ധനയുടെ അടിസ്ഥാനത്തിന് നിദാനമായിത്തീര്‍ന്നതും അതാണ്. അതാകട്ടെ, ഊഹക്കച്ചവടത്തിന്റെ സ്വഭാവത്തിലുള്ളതായിരുന്നു; തിരിച്ചടവില്‍ വീഴ്‌ച വരുന്നതുവരെ അത് സ്വയം കുതിച്ചു മുന്നേറിക്കൊണ്ടിരുന്നുതാനും. അതായത്, പൊട്ടിപ്പോയ ഊഹാധിഷ്‌ഠിതമായ ധനവളര്‍ച്ച സ്വതന്ത്രവും ഒറ്റപ്പെട്ടതുമായ ഒരു പ്രതിഭാസമായിരുന്നില്ല; മറിച്ച് വായ്‌പകൊണ്ട് താങ്ങിനിര്‍ത്തപ്പെട്ട യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയുടെ ( റിയൽ എക്കോണമിയുടെ) സംഭാവനയായിരുന്നു ആ പ്രതിഭാസം; അത്തരം സമ്പദ് വ്യവസ്ഥയില്‍നിന്നാണ് അത് നിലനില്‍പ്പിനുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടതും. അതിന്റെ ഫലമായി, പ്രതിസന്ധി ആദ്യം പ്രത്യക്ഷപ്പെട്ടത് സബ്പ്രൈം ഗൃഹവായ്‌പാ പ്രശ്‌നം എന്ന നിലയിലാണെങ്കിലും, യഥാര്‍ത്ഥ സമ്പദ്‌ വ്യവസ്ഥയെ കടുത്ത മാന്ദ്യത്തിലേക്ക് നയിക്കുന്ന പൂര്‍ണതോതിലുള്ള ധനപ്രതിസന്ധിയായി, അത്, അധികം താമസിയാതെ വളര്‍ന്നുവന്നു.

എന്നുതന്നെയല്ല, പ്രതിസന്ധി രൂപംകൊണ്ടുകഴിഞ്ഞപ്പോള്‍, അതിനെ നേരിടേണ്ടത് ആവശ്യമാണെന്ന് വന്നപ്പോള്‍, സാമ്പത്തിക വ്യവസ്ഥയ്‌ക്കുള്ളിലേക്ക് വെറുതെ പണം അടിച്ചുകയറ്റിയതുകൊണ്ടോ പലിശ നിരക്ക് കുറച്ചതുകൊണ്ടോ, സാമ്പത്തിക വ്യവസ്ഥ പഴയപോലെയാക്കുന്നതിന് കഴിയുകയില്ലെന്ന് വ്യക്തമായി. ഫിനാന്‍ഷ്യല്‍ കുതിച്ചുകയറ്റത്തിന്റെ അവസാനത്തോടെ, ഒരു വശത്ത് സ്വകാര്യമേഖലയിലെ ചോദനം വളരെ ചുരുങ്ങി; മറുവശത്താകട്ടെ, വാൾ‌സ്‌ട്രീറ്റിലും മെയിൻ‌സ്‌ട്രീറ്റിലും പാപ്പര്‍ ഭീഷണി ഉയര്‍ന്നുവന്നു. അതുകാരണം തകര്‍ച്ചയിലായ സ്ഥാപനങ്ങളെ രക്ഷപ്പെടുത്തുന്നതിനു ഗവണ്‍മെന്റിന് നടപടി കൈക്കൊള്ളേണ്ടിവന്നു; അതോടൊപ്പംതന്നെ പ്രത്യക്ഷത്തില്‍ത്തന്നെ ചോദനം വര്‍ധിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളേണ്ടിവന്നു. സാമ്പത്തിക ഉത്തേജനം സാമ്പത്തികനയങ്ങളുടെ കേന്ദ്ര ബിന്ദുവായിത്തീര്‍ന്നത് അതുകൊണ്ടാണ്; അതോടെ അമേരിക്കയിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും കെയ്‌നീഷ്യനിസം ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുകയാണ്.

തെറ്റായ രോഗ നിര്‍ണ്ണയം

ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ നമ്മുടെ രാജ്യത്ത് രണ്ട് ഘട്ടങ്ങളിലായി കൊണ്ടുവന്ന സാമ്പത്തിക ഉത്തേജക പാക്കേജ്, ഇന്ത്യയുടെ സ്ഥിതിയെ വ്യത്യസ്‌തമായിട്ടാണ് വീക്ഷിക്കുന്നതെന്നു തോന്നും. പണത്തിന്റെ ഒഴുക്ക് വേണ്ടത്രയില്ലാത്തതും വായ്‌പയുടെ പലിശ ഉയര്‍ന്നു നില്‍ക്കുന്നതും വായ്‌പ കൊടുക്കാന്‍ സന്നദ്ധതയില്ലാത്തതും ആണ് ഇവിടത്തെ പ്രശ്‌നം എന്നാണ് ഗവണ്‍മെണ്ട് കണക്കാക്കുന്നത് എന്ന് തോന്നുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങള്‍, യഥാര്‍ത്ഥ സാമ്പത്തിക വീണ്ടെടുപ്പ് ഉണ്ടാക്കുന്നതിനുവേണ്ടി ഊഹാത്മകവും പൊള്ളയുമായ മാര്‍ഗത്തെ അവലംബിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയെയും കൊണ്ടെത്തിക്കുകയില്ലെന്നും ആ സാമ്പത്തിക വീണ്ടെടുപ്പിനെ അട്ടിമറിക്കുന്ന ഒരവസ്ഥയിലേക്ക് അത് നയിക്കുകയില്ലെന്നും കരുതപ്പെടുന്നു.

എന്നാല്‍ അത്തരം നിഗമനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കാണിക്കുന്ന സൂചനകള്‍ കാണാനുണ്ടുതാനും. ഇന്ത്യ ഇപ്പോഴും കടക്കെണിയില്‍ അകപ്പെട്ടു കഴിഞ്ഞിട്ടില്ലെങ്കിലും, വളര്‍ച്ച നിലനിര്‍ത്തുന്നതിനായി ഇന്ത്യ സ്വകാര്യ വായ്‌പയെത്തന്നെയാണ് ആശ്രയിക്കുന്നത്. സ്റ്റേറ്റിന്റെ മൂലധന ചെലവിനെ പരിമിതപ്പെടുത്തുന്ന ധനപരമായ പരിഷ്‌ക്കാരവും ചെറുകിട വായ്‌പയ്‌ക്ക് അനുകൂലമായി ബാങ്ക് വായ്‌പകളെ വീണ്ടും വഴിതിരിച്ചുവിട്ട ധനപരമായ ഉദാരവല്‍ക്കരണവും (ഇവ രണ്ടും) ഉള്‍ക്കൊള്ളുന്ന 'സാമ്പത്തിക പരിഷ്‌ക്കാരം' വളര്‍ച്ചയുടെ മാര്‍ഗത്തെ മാറ്റിത്തീര്‍ക്കുക തന്നെ ചെയ്തു. മുമ്പ് വളര്‍ച്ചയുടെ മുഖ്യപ്രേരകശക്തി പൊതുചെലവായിരുന്നുവെങ്കില്‍, അതിനുപകരം കടത്തെ ആശ്രയിച്ചുകൊണ്ടുള്ള ഗൃഹനിര്‍മ്മാണനിക്ഷേപവും സ്വകാര്യ ഉപഭോഗവും നിലവില്‍ വന്നു. കുടുംബങ്ങള്‍ക്കും സ്വകാര്യമേഖലയ്‌ക്കും വായ്‌പ ലഭ്യമാക്കുന്നതിനുള്ള നിബന്ധനകളിലും വായ്‌പയുടെ അളവിലും അയവുവരുത്തേണ്ടത്, ഇതുമൂലം ആവശ്യമായി വന്നു. അതിന്റെ ഫലമായി ബാങ്കുകളുടെ മൊത്തം വായ്‌പകളില്‍ ചെറുകിട വായ്‌പകളുടെ വിഹിതം വളരെയേറെ വര്‍ധിച്ചു. അതുകാരണം ഓഹരിവിപണി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളോടുള്ള ബാങ്കുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ ബന്ധം വളരെയേറെ വര്‍ധിക്കുകയും ചെയ്തു. അതായത് ഇന്ത്യയ്‌ക്ക് ഈയിടെയുണ്ടായ ഏതാണ്ട് ഒമ്പത് ശതമാനം വരുന്ന വളര്‍ച്ചാനിരക്ക് നേടിയതും വായ്‌പ കൊണ്ടുതന്നെയാണ്. അതുകൊണ്ടാണ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ വലിയ തോതില്‍ കുഴപ്പത്തില്‍ അകപ്പെട്ടിട്ടുള്ളതും.

കടക്കെണിയിലേക്ക്

അതെന്തായാലും ആളുകള്‍ക്ക് കൂടുതല്‍ വായ്‌പ കൊടുക്കുന്നതിന് ബാങ്കുകളെ നിര്‍ബന്ധിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും ആണ് ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ ചെയ്‌താല്‍ വായ്‌പ വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നും അങ്ങനെ ലഭിച്ച വായ്‌പകൊണ്ട് ആഭ്യന്തരചോദനത്തെ അവര്‍ ഉത്തേജിപ്പിക്കുമെന്നും കയറ്റുമതി മുരടിപ്പിന് അത് പരിഹാരമാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. വളര്‍ച്ച നിരക്ക് മൂക്കുകുത്തിവീഴുന്നതില്‍നിന്ന് രക്ഷിക്കുന്നതിനായി, വായ്‌പാ ബലൂണിനെ വീണ്ടും ഊതിവീര്‍പ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നു കാണാം.

ഈ പ്രക്രിയയില്‍ ബാങ്കുകളും കുടുംബങ്ങളും കോര്‍പറേഷനുകളും മാത്രമല്ല വായ്‌പാക്കെണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുള്ളു; മറിച്ച് സംസ്ഥാന ഗവണ്‍മെന്റുകളും ആകര്‍ഷിക്കപ്പെടുന്നു. 30,000 കോടി രൂപയുടെ അധിക വായ്‌പയെടുക്കാന്‍ അവയ്‌ക്ക് അനുമതി നല്‍കപ്പെട്ടിരിക്കുകയാണ്. നികുതിവരുമാനം കുറഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയില്‍, കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്ക് വിഭവകൈമാറ്റം കുറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയില്‍, ഉടനെ വരാനിരിക്കുന്ന ശമ്പളപരിഷ്‌ക്കാരം സംസ്ഥാനങ്ങളുടെ സാമ്പത്തികക്കഴിവുകളെ ഞെരുക്കുമെന്ന അവസ്ഥയില്‍, വായ്‌പയെടുത്ത് ചെലവുചെയ്‌ത് വീണ്ടെടുപ്പിന് വഴി തുറക്കണം എന്ന് അവയോട് ആവശ്യപ്പെടുന്നത് ആശ്ചര്യകരം തന്നെയാണ്. അതേ അവസരത്തില്‍ കേന്ദ്രഗവണ്‍മെന്റ് അതിന് മുതിരുന്നില്ല എന്നും നാം ഓര്‍ക്കണം. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്ക് വിഭവങ്ങള്‍ കൂടുതല്‍ കൈമാറുകയാണ് ഇന്നാവശ്യം. കാരണം സംസ്ഥാനതലത്തിലാണ് ചെലവ് കൂടുതല്‍ ദ്രുതഗതിയില്‍ നടത്താനുള്ള സാധ്യതയുള്ളത്; അതുവഴി മാന്ദ്യത്തെ തടഞ്ഞുനിര്‍ത്താനും വീണ്ടെടുപ്പിന് വഴി പാകുവാനും കഴിയും. എന്നാല്‍ കേന്ദ്രസര്‍ക്കര്‍ അതിന്റെ ചെലവുകളെല്ലാം തടഞ്ഞുവെയ്‌ക്കുകയാണ് എന്നതിനാല്‍, അത്തരം വിഭവക്കൈമാറ്റങ്ങളൊന്നും കാണാനാവുന്നില്ല.

ചെലവാക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിനുള്ള വൈമുഖ്യം, ബജറ്റിന് അപ്പുറത്തുള്ള ഒരു കൈമാറ്റത്തിനും കാരണമായിത്തീര്‍ന്നിരിക്കുന്നു. ഐഐഎഫ്‌സിഎല്ലിനെ (IIFCL) സഹായിക്കുന്നതിനായി തങ്ങളുടെ നികുതി വരുമാനം നഷ്‌ടപ്പെടുത്താന്‍ കേന്ദ്രഗവണ്‍മെന്റ് സന്നദ്ധമായിരിക്കുന്നു. 40,000 കോടി രൂപ സമാഹരിക്കാനാണ് ഐഐഎഫ്സിഎല്ലിനെ സഹായിക്കുന്നത്. പശ്ചാത്തല സൌകര്യങ്ങളുടെ മേഖലയില്‍ സ്വകാര്യമേഖലയ്‌ക്ക്, അഥവാ പൊതുമേഖലയ്‌ക്ക് മെച്ചമുണ്ടാക്കുന്നതിന് ആ തുക ഉപയോഗപ്പെടുത്തും. സമ്പദ്‌ വ്യവസ്ഥയ്ക്ക് തകര്‍ച്ചയുണ്ടാകുമ്പോള്‍, അത്തരമൊരു നിക്ഷേപം സാധ്യമാകും എന്ന് ഉറപ്പിക്കാനുള്ള വഴിയൊന്നുമില്ല. നേരെമറിച്ച്, ഇതുവഴി സ്വകാര്യവായ്‌പ കൂടുക എന്ന അപകടത്തിനുള്ള സാധ്യതയുണ്ടുതാനും. നികുതിപിരിവിലൂടെ ഗവണ്‍മെന്റ് സംഭരിച്ച പണം ചെലവാക്കി, പ്രതിസന്ധിയെ ഭാഗികമായിട്ടെങ്കിലും നേരിടുക എന്നതാണ് കൂടുതല്‍ ആശാസ്യമായ മാര്‍ഗം.

വിദേശ റിസര്‍വ് അപകടത്തില്‍

അവസാനമായി, ആഭ്യന്തരമായിട്ടുള്ള വായ്‌പയുടെ സഹായത്തോടെ പശ്ചാത്തല സൌകര്യ വികസനത്തിനായുള്ള നിക്ഷേപത്തില്‍ ആശയര്‍പ്പിക്കുക മാത്രമല്ല പാക്കേജ് ചെയ്യുന്നത്; മറിച്ച് വിദേശ വാണിജ്യവായ്‌പയുടെ സഹായത്തോടെയുള്ള ചെലവിനേയും അത് പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇത് വായ്‌പാകെണിയെ കൂടുതല്‍ രൂക്ഷമാക്കുക മാത്രമല്ല ചെയ്യുന്നത്; പശ്ചാത്തല സൌകര്യവികസനത്തില്‍നിന്ന് വിദേശനാണ്യ വരുമാനം ലഭ്യമാകുന്നില്ല എന്നതിനാല്‍ (വിദേശവായ്‌പ തിരിച്ചടയ്‌ക്കുന്നതിന് ആവശ്യമായ വരുമാനം അതുവഴി ഉണ്ടാകുന്നുമില്ല) ഇത് അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യും. നേരെ മറിച്ച് ആഗോള പലിശനിരക്ക് ആഭ്യന്തര പലിശനിരക്കിനേക്കാള്‍ വളരെ കുറവായതുകൊണ്ട് ലഭ്യമാണെങ്കില്‍ വിദേശവായ്‌പകളെയാണ് സ്വകാര്യ കമ്പനികള്‍ കൂടുതല്‍ ഇഷ്‌ടപ്പെടുക. അതിലടങ്ങിയ അപകട സാധ്യതകളെ അവ അധികമൊന്നും പരിഗണിക്കുകയില്ല. ഇന്ത്യന്‍ രൂപയുടെ വില കുത്തനെ ഇടിയുകയാണെങ്കില്‍ ഇത് പ്രശ്‌നമുണ്ടാക്കും; ഇന്ത്യയില്‍നിന്ന് പുറത്തേക്കുള്ള ഒഴുക്ക് തുടരുകയാണെങ്കില്‍, ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ശേഖരത്തെ അത് ബാധിക്കുകയും ചെയ്യും.

വീണ്ടെടുപ്പ് വേഗത്തിലാക്കുന്നതിനായി സ്വകാര്യ വായ്‌പയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ചെലവഴിക്കലിനെ ആശ്രയിക്കുന്നതിന്റെ അര്‍ത്ഥമെന്താണ് ? ആഗോള പ്രതിസന്ധിയില്‍നിന്ന് ഉണ്ടായിട്ടുള്ള പാഠങ്ങളില്‍ ഒന്ന് ഇതാണ്: വന്‍ ഫിനാന്‍ഷ്യല്‍ കമ്പനികളെ വളരെ മൃദുവായി മാത്രം നിയന്ത്രിക്കുകയും ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടസാധ്യതകളെ അവഗണിക്കാന്‍ അവയെ അനുവദിക്കുകയും ചെയ്യുകയാണെങ്കില്‍ ഗവണ്‍മെന്റിന് അവയെ ദേശസാല്‍കരിക്കേണ്ടതായി വന്നേയ്‌ക്കാം. കാരണം ലെമാന്‍ ബ്രദേഴ്‌സിന്റെ കാര്യത്തില്‍ സംഭവിച്ചപോലെ, അവ പരാജയപ്പെടുകയാണെങ്കില്‍, അതിന്റെ അനന്തരഫലം പ്രതികൂലമായിരിക്കും. അതിന്റെ അര്‍ത്ഥം വ്യക്തമാണ്. നിയന്ത്രണങ്ങളെല്ലാം എടുത്തുകളയുകയും സ്റ്റേറ്റിന് വളരെ കുറഞ്ഞ ഒരു പങ്ക് മാത്രം നല്‍കുകയും പുത്തന്‍ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി വായ്‌പയുടെ അടിസ്ഥാനത്തിലുള്ള സ്വകാര്യ ഉപഭോഗത്തെയും നിക്ഷേപത്തെയും ആശ്രയിക്കുകയും ചെയ്യുകയാണെങ്കില്‍, ദേശസാല്‍ക്കരണത്തിന്റെയും സ്റ്റേറ്റിന്റെ ധനസഹായത്തോടെയുള്ള സംരക്ഷണത്തിന്റെയും രൂപത്തില്‍, പുത്തന്‍ ഉദാരവല്‍ക്കരണത്തില്‍നിന്ന് പ്രതിസന്ധിയോടുകൂടി കരയ്‌ക്കു കയറേണ്ടിവരും. പുത്തന്‍ ഉദാരവല്‍ക്കരണത്തെ ഉപേക്ഷിച്ചുകൊണ്ടും സ്റ്റേറ്റിന് കുടുതല്‍ പങ്ക് നല്‍കിക്കൊണ്ടും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മുതലാളിത്തം കൊണ്ടുവരാന്‍ കഴിഞ്ഞേക്കും എന്ന് പല യാഥാസ്ഥിതിക വിശകലന വിദഗ്ധന്മാരും വാദിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍പുത്തന്‍ ഉദാരവല്‍ക്കരണ പ്രത്യയശാസ്‌ത്രത്തില്‍ ആണ്ടു മുങ്ങിക്കിടക്കുന്ന യുപിഎ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം, പഠിക്കാന്‍ വളരെ വിഷമമുള്ള ഒരു പാഠമാണിത്. മാത്രമല്ല, ഇന്ത്യയിലെ പ്രതിസന്ധി ഉരുണ്ടുകൂടിത്തുടങ്ങിയിട്ടേയുള്ളൂ. ഇന്ത്യയുടെ ഔദ്യോഗിക സാമ്പത്തിക ഉത്തേജക പദ്ധതി ഇങ്ങനെയായിത്തീര്‍ന്നത് എന്തുകൊണ്ട് എന്ന് ഇതില്‍നിന്ന് വിശദമാകുമെന്ന് തോന്നുന്നു.

****

സി പി ചന്ദ്രശേഖര്‍

4 comments:

വര്‍ക്കേഴ്സ് ഫോറം said...

വീണ്ടെടുപ്പ് വേഗത്തിലാക്കുന്നതിനായി സ്വകാര്യ വായ്‌പയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ചെലവഴിക്കലിനെ ആശ്രയിക്കുന്നതിന്റെ അര്‍ത്ഥമെന്താണ് ? ആഗോള പ്രതിസന്ധിയില്‍നിന്ന് ഉണ്ടായിട്ടുള്ള പാഠങ്ങളില്‍ ഒന്ന് ഇതാണ്: വന്‍ ഫിനാന്‍ഷ്യല്‍ കമ്പനികളെ വളരെ മൃദുവായി മാത്രം നിയന്ത്രിക്കുകയും ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടസാധ്യതകളെ അവഗണിക്കാന്‍ അവയെ അനുവദിക്കുകയും ചെയ്യുകയാണെങ്കില്‍ ഗവണ്‍മെന്റിന് അവയെ ദേശസാല്‍കരിക്കേണ്ടതായി വന്നേയ്‌ക്കാം. കാരണം ലെമാന്‍ ബ്രദേഴ്‌സിന്റെ കാര്യത്തില്‍ സംഭവിച്ചപോലെ, അവ പരാജയപ്പെടുകയാണെങ്കില്‍, അതിന്റെ അനന്തരഫലം പ്രതികൂലമായിരിക്കും. അതിന്റെ അര്‍ത്ഥം വ്യക്തമാണ്. നിയന്ത്രണങ്ങളെല്ലാം എടുത്തുകളയുകയും സ്റ്റേറ്റിന് വളരെ കുറഞ്ഞ ഒരു പങ്ക് മാത്രം നല്‍കുകയും പുത്തന്‍ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി വായ്‌പയുടെ അടിസ്ഥാനത്തിലുള്ള സ്വകാര്യ ഉപഭോഗത്തെയും നിക്ഷേപത്തെയും ആശ്രയിക്കുകയും ചെയ്യുകയാണെങ്കില്‍, ദേശസാല്‍ക്കരണത്തിന്റെയും സ്റ്റേറ്റിന്റെ ധനസഹായത്തോടെയുള്ള സംരക്ഷണത്തിന്റെയും രൂപത്തില്‍, പുത്തന്‍ ഉദാരവല്‍ക്കരണത്തില്‍നിന്ന് പ്രതിസന്ധിയോടുകൂടി കരയ്‌ക്കു കയറേണ്ടിവരും. പുത്തന്‍ ഉദാരവല്‍ക്കരണത്തെ ഉപേക്ഷിച്ചുകൊണ്ടും സ്റ്റേറ്റിന് കുടുതല്‍ പങ്ക് നല്‍കിക്കൊണ്ടും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മുതലാളിത്തം കൊണ്ടുവരാന്‍ കഴിഞ്ഞേക്കും എന്ന് പല യാഥാസ്ഥിതിക വിശകലന വിദഗ്ധന്മാരും വാദിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍പുത്തന്‍ ഉദാരവല്‍ക്കരണ പ്രത്യയശാസ്‌ത്രത്തില്‍ ആണ്ടു മുങ്ങിക്കിടക്കുന്ന യുപിഎ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം, പഠിക്കാന്‍ വളരെ വിഷമമുള്ള ഒരു പാഠമാണിത്. മാത്രമല്ല, ഇന്ത്യയിലെ പ്രതിസന്ധി ഉരുണ്ടുകൂടിത്തുടങ്ങിയിട്ടേയുള്ളൂ. ഇന്ത്യയുടെ ഔദ്യോഗിക സാമ്പത്തിക ഉത്തേജക പദ്ധതി ഇങ്ങനെയായിത്തീര്‍ന്നത് എന്തുകൊണ്ട് എന്ന് ഇതില്‍നിന്ന് വിശദമാകുമെന്ന് തോന്നുന്നു.

സി പി ചന്ദ്രശേഖറിന്റെ ലേഖനം

Anonymous said...

ഇന്ത്യയില് തെരഞെടുപ്പ് അടുത്തു വന്നിരിക്കുന്ന സാഹചര്യത്തില് ഗവണ്മെന്റ് സാംബത്തിക രംഗത്തെ പ്രശ്നങള് അല്പ്പമൊക്കെ മൂടി വെക്കാന് ശ്രമിക്കുന്നുന്ന്ട് എന്നു തോന്നുന്നു. ഗുജറാത്തിലെ തുണി, തുകല് കയറ്റുമതി യൂണിറ്റുകളില് പകുതിയിലേറെയും പ്രവര്ത്തനം നിര്ത്തി വെച്ചിരിക്കുന്നു. ദക്ഷിണേന്ത്യയിലെ മെറ്റ്റൊ സിറ്റികളില് ഉള്പ്പെടെ ഐ.ടി മെഖല വന് തകര്ച്ച നേരിടുന്നു. തമിഴ്നാട്ടില് തിരുപ്പൂരില് ടെക്സ്റ്റൈല് കയറ്റുമതി രങ്ഗത്തു മാത്രം പതിനായിരക്കണക്കിനു പേര്ക്കു തൊഴില് നഷ്ടമായിരിക്കുന്നു. ഇപ്പോളും ചിദംബരവും മന്മോഹന് സിങും അവകാശപ്പെടുന്നത് ഇന്ത്യ 7% വളര്ച്ച നെടുമെന്നാണ്. ലോകത്തിലെ പ്രധാന സാംബത്തിക ശക്തികളുടേയും, "ബ്രിക്" - ഇല് ഉള്പ്പെട്ട ബ്രസീല്, റഷ്യ, ചൈന എന്നീ രാജ്യങളുടെയും പ്രതീക്ഷിത വളര്ച്ചാ നിരക്കുമായി താരതമ്യപ്പെടുത്തുംബോള് വളരെ കൂടുതലാണു ഇത്. ആഭ്യന്തര ഉപഭോഗം കൊന്ടു മാത്രം 7% വളര്ച്ച നേടാന് കഴിഞാല്, ഭാരതം ഒരു പ്രധാനപ്പെട്ട സാംബത്തിക ശക്തിയായി മാറുന്നതിന്റെ സൂചനയായി അതീനെ കണക്കക്കാന് കഴിയും.
രാജ്യത്തെ ഇടതുപക്ഷം ബാങ്കിങ്, ഇന്ഷുറന്സ്, മറ്റു ധനകാര്യ മേഖലകളില് നടത്തിയ ശക്തമായ ഇടപെടലുകള് ആ രംഗങളില് ഉന്ടാകാമായിരുന്ന വന് തകര്ച്ചയെ ഒഴിവാക്കാന് സഹായിച്ചു എന്നു നിസംശയം പറയുവാന് സാധിക്കും.100% സ്വകാര്യ പങ്കാളിത്തമൊ, വിദേശ നിക്ഷേപമൊ സ്വീകരിച്ചിരുന്നെങ്കില് ,ഇന്ത്യയിലും ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങളും ചീട്ടുകൊട്ടാരം പൊലെ തകരുന്നതിനു വലിയ സാധ്യതകള് ഉന്ടായിരുന്നു. സാധാരണക്കാരുടെ ജീവിതം കൂടുതല് ദുഷ്കരമാക്കുമായിരുന്ന ആ സാഹചര്യത്തെ പ്രതിരോധിക്കാന് കഴിഞ്ഞു എന്നതാണു ഇന്ത്യയില് ഇടതു പക്ഷതിന്റെ പ്രസക്തി..........കര്‍ത്തവ്യവും.

Anonymous said...

ഇനിയിപ്പം എന്താ വേണ്ടതെന്നു പറഞ്ഞാലും ഗുരോ

വിമറ്‍ശിക്കുന്നവറ്‍ തന്നെ ബദലും നിറ്‍ ദ്ദേശിക്കേണ്ടതല്ലെ

തോമസ്‌ ഐസക്കിനെ ഇന്ത്യന്‍ ധനകാര്യമന്ത്റി ആക്കിയാല്‍ പ്റശ്നം തീരുമോ?

Anonymous said...

"തോമസ്‌ ഐസക്കിനെ ഇന്ത്യന്‍ ധനകാര്യമന്ത്റി ആക്കിയാല്‍ പ്റശ്നം തീരുമോ?...."

എവിടെ തീരാന്‍,നാളെ വിമോചന സമരോം കൊണ്ടു വരില്ലേ, തോമ്മനേം,താലിബാനിനേം കുമ്മനേം ഒക്കെ കൂട്ടിക്കെട്ടിക്കോണ്ട്


" വിമറ്‍ശിക്കുന്നവറ്‍ തന്നെ ബദലും നിറ്‍ ദ്ദേശിക്കേണ്ടതല്ലെ...."

ദിവസേന വന്നു തെറി പറഞ്ഞു പോകുന്ന കൂട്ടത്തില്‍ ഒന്നു വായിച്ചൂടെ.എവിടെ ഞമ്മലതിനല്ലല്ലോ വരുന്നതു.വായിച്ചാ അല്ലറ ചില്ലറ പുരിയും,ബദല്‍.