Monday, January 5, 2009

പ്രശ്‌നം മുതലാളിത്ത സംവിധാനം

മുതലാളിത്തലോകം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെ പൊതുവെ വിലയിരുത്തുന്നത് സംവിധാനത്തിലുണ്ടായ തെറ്റുകളുടെയും വ്യതിയാനങ്ങളുടെയും സൃഷ്‌ടിയായാണ്. 'ധനമേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിന്റെ അഭാവം', 'ധനസ്ഥാപനങ്ങള്‍ വിവേകശൂന്യമായി വായ്‌പകള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ', 'പണമിടപാടുകാരുടെ അതിരറ്റ അത്യാഗ്രഹം' എന്നിങ്ങനെയുള്ള കാരണങ്ങളാണ് സാമ്പത്തികപ്രതിസന്ധിക്ക് ആധാരമായി പറയുന്നത്. നോബല്‍സമ്മാന ജേതാവായ വിശ്രുത സാമ്പത്തികശാസ്‌ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ളിറ്റ്സ് 'സംവിധാനത്തിന്റെ പരാജയം'' എന്ന നിഗമനത്തിലെത്താന്‍ സംഭാവന ചെയ്‌ത ഘടകങ്ങള്‍ ഇവയാണ്. എന്നാല്‍, ഈ ചിന്താധാര പ്രധാന കാര്യം വിട്ടുകളഞ്ഞിരിക്കുന്നു. പ്രതിസന്ധി സംവിധാനത്തിന്റെ 'പരാജയമല്ല', സംവിധാനത്തിന്റെ പ്രവര്‍ത്തനരീതി തന്നെയാണ് പ്രശ്നം. ഇതു ചില 'തെറ്റുകളുടെയും' 'വ്യതിയാനങ്ങളുടെയും' ഫലമല്ല, ഈ പരാജയം മുതലാളിത്ത സംവിധാനത്തിന്റെ യുക്തിയില്‍തന്നെ ഉള്‍ച്ചേര്‍ന്നതാണ്.

അമേരിക്കന്‍ സര്‍ക്കാര്‍ നിയമംവഴി ധനസ്ഥാപനങ്ങളുടെ 'വീണ്ടുവിചാരമില്ലാത്ത വായ്‌പാവിതരണം' തടഞ്ഞിരുന്നെങ്കില്‍- 'സബ്-പ്രൈം പ്രതിസന്ധി' ഉണ്ടാകാതിരുന്നെങ്കില്‍- ഭവനനിര്‍മാണരംഗത്തെ കുമിളകള്‍ ഇതിലും നേരത്തെ പൊട്ടിത്തകര്‍ന്നേനെ. കൂട്ടത്തൊഴിലില്ലായ്‌മയുടെ വൃത്തികെട്ടമുഖം കൂടുതല്‍ നേരത്തെ ദൃശ്യമായേനെ; ലോകസമ്പദ്ഘടന മാന്ദ്യത്തിലേക്ക് നേരത്തെ തന്നെ നീങ്ങിയേനെ. കുമിളകള്‍ തകരാതെ നീട്ടിക്കൊണ്ടുപോയത് ഭവനനിര്‍മാണരംഗത്ത് വന്‍തോതില്‍ വായ്‌പ വിതരണം ചെയ്‌തതിനാലാണ്.

സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ സൌകര്യമൊരുക്കി കൊടുക്കുകയെന്നതാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നയം. ഇതിനെയാണ് ഇപ്പോള്‍ 'നിരുത്തരവാദമെന്നും' വീണ്ടുവിചാരമില്ലാത്തതെന്നും' വിശേഷിപ്പിക്കുന്നത്. മുതലാളിത്തത്തിന്റെ കയറ്റങ്ങള്‍ക്ക് അടിസ്ഥാനം 'നിരുത്തരവാദമെന്നും' 'വീണ്ടുവിചാരമില്ലാത്തതെന്നും' വിശേഷിപ്പിക്കുന്ന ഈ നടപടികളാണ്. ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്ക് അടിസ്ഥാനം ആസ്‌തികളുടെ വിലയും കുമിളകളുമാണ്. ഇപ്പോള്‍ നേരിടുംപോലുള്ള പ്രതിസന്ധികള്‍ക്കു കാരണം കുമിളകളുടെ തകര്‍ച്ചയും.

യഥാര്‍ഥത്തില്‍ സ്റ്റിഗ്ളിറ്റ്സ് 'സംവിധാനത്തിന്റെ പരാജയം' എന്ന് വിശേഷിപ്പിച്ചത് 'നിലനില്‍പ്പ് അസാധ്യമായ സംവിധാനത്തെയാണ്'. ബ്രിട്ടീഷ് സാമ്പത്തികശാസ്‌ത്രജ്ഞനായിരുന്ന ജോൺ മെയ്‌നാര്‍ഡ് കെയിന്‍സിന് ഇക്കാര്യം തിരിച്ചറിയാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് 'കുമിളകളില്‍ അധിഷ്‌ഠിതമായ വളര്‍ച്ചയ്‌ക്ക് ' ബദല്‍മാര്‍ഗം കണ്ടെത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചത്. 'നിക്ഷേപങ്ങളുടെ സമത്വവല്‍ക്കരണം' വഴി ഇതു സാധ്യമാക്കണമെന്ന് കെയിന്‍സ് വാദിച്ചു. അതായത്, മുതലാളിത്ത സംവിധാനത്തിലുള്ള സ്റ്റേറ്റ് സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഏകദേശം പൂര്‍ണമായ തോതില്‍ തൊഴിലവസരം സംരക്ഷിക്കാന്‍ പരമാവധി ചോദനം (ഡിമാന്‍ഡ്) ഉറപ്പാക്കണം. സ്റ്റേറ്റിന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രവര്‍ത്തനമുണ്ടാകാന്‍, അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സാമ്പത്തികതാല്‍പ്പര്യങ്ങള്‍ 'ദയാവധത്തിനു' വിധേയമാക്കണം. ചുരുക്കത്തില്‍ കെയിന്‍സ് ആവശ്യപ്പെടുന്നത് മുതലാളിത്ത സംവിധാനത്തില്‍ നിയന്ത്രണമെന്നതല്ല, പൂര്‍ണതോതില്‍ തൊഴിലുറപ്പാക്കുന്ന തരത്തിലുള്ള പരിവര്‍ത്തനമാണ്, ഇതാകട്ടെ സോഷ്യലിസത്തിനു വേണ്ടിയുള്ള പ്രധാനവാദവുമാണ്.

കെയിന്‍സിന്റെ ആശയങ്ങള്‍ മുതലാളിത്തത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളത് ആയിരുന്നെങ്കിലും, ധനമൂലധനവാദികളെ പ്രകോപിപ്പിക്കുകയും അവര്‍ ഇതു തിരസ്കരിക്കുകയും ചെയ്‌തു. 1930കളിലെ മഹാമാന്ദ്യത്തില്‍നിന്നു മുതലാളിത്തലോകം കരകയറിയത് കെയിന്‍സിന്റെ ആശയഗതി സ്വീകരിച്ചതുകൊണ്ടല്ല, രണ്ടാംലോകമഹായുദ്ധത്തില്‍ എത്തിച്ച രീതിയില്‍ സൈനികച്ചെലവ് ഭീമമായി വര്‍ധിപ്പിച്ചതിലൂടെയാണ്. യുദ്ധത്തിനുശേഷം തൊഴിലാളിവര്‍ഗത്തിന്റെ രാഷ്‌ട്രീയബലം വര്‍ധിച്ചു. സോഷ്യല്‍ ഡെമോക്രസി അധികാരത്തില്‍ വന്നതുവഴി ഇതു പ്രകടമാകുകയും ചെയ്‌തു. ഇങ്ങനെ ധനമൂലധനത്തിനു താല്‍ക്കാലിക തിരിച്ചടി ഉണ്ടായപ്പോഴാണ് കെയിന്‍സിന്റെ 'ഡിമാന്‍ഡ് മാനേജ്‌മെന്റ്' സിദ്ധാന്തം മുതലാളിത്തലോകം സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് വര്‍ധിച്ചതോതില്‍ തൊഴിലവസരം ഉണ്ടാകുകയും പ്രതിസന്ധി ഒഴിവാകുകയും ചെയ്‌തു. പക്ഷേ, ധനമൂലധനം ലോകമാകെ ആധിപത്യം നേടുകയും ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണനയങ്ങള്‍ പ്രചരിക്കുകയും ചെയ്‌തതോടെ കെയിന്‍സിന്റെ ആശയങ്ങള്‍ക്ക് അന്ത്യംകുറിച്ചു. കുമിളകളില്‍ അധിഷ്‌ഠിതമായ പ്രക്രിയയുടെ വരവായി. ഇതിന്റെ ഫലമാണ് ഇപ്പോഴത്തെ വന്‍തകര്‍ച്ച.

ഇതില്‍നിന്നു മൂന്നുകാര്യം ഉരുത്തിരിയുന്നു: ഒന്നാമതായി, തകര്‍ച്ചകള്‍ പ്രതിഫലിപ്പിക്കുന്നത് സംവിധാനത്തിന്റെ പരാജയമല്ല, നിലനില്‍പ്പില്ലാത്ത സംവിധാനത്തെയാണ്.

രണ്ടാമതായി, ഈ സംവിധാനം സമകാലിക മുതലാളിത്തത്തിന്റേതാണ്, ധനമൂലധനം ആധിപത്യം പുലര്‍ത്തുന്ന ഇതിന്റെ വളര്‍ച്ച കുമിളകള്‍ വഴിയാണ്.

മൂന്നാമതായി, പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ നയസമീപനങ്ങള്‍ കൈക്കൊള്ളുന്നത് ഇത്തരം നടപടിയെടുക്കുന്നതിന്റെ 'ബുദ്ധി'യെ ആശ്രയിച്ചല്ല, വര്‍ഗശക്തികളുടെ സന്തുലനത്തെയും വര്‍ഗസമരത്തിന്റെ അവസ്ഥയെയും ആശ്രയിച്ചാണ്.

ചുരുക്കത്തില്‍, പ്രതിസന്ധിയുടെ ഇക്കാലത്ത് മുതലാളിത്തസമ്പദ്ഘടനകള്‍ സ്വീകരിക്കാന്‍ പോകുന്ന മാര്‍ഗങ്ങള്‍ ധനമൂലധനത്തിന്റെ ആധിപത്യത്തിന് എത്രത്തോളം ഏറ്റുമുട്ടലുകള്‍ നേരിടാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും.

പ്രതിസന്ധി നേരിടാന്‍ മുതലാളിത്ത സര്‍ക്കാറുകള്‍ പ്രധാനമായും രണ്ടു മാര്‍ഗമാണ് സ്വീകരിക്കുക. ഇതില്‍ ആദ്യത്തേത്, മുതലാളിത്ത രാഷ്‌ട്രങ്ങളില്‍ ധനപ്രവര്‍ത്തനം വ്യാപിപ്പിക്കലാണ്. പക്ഷേ, ഏതെങ്കിലും രാജ്യത്ത് മാത്രമായി, ഒറ്റപ്പെട്ട രീതിയില്‍ ഇതു ചെയ്‌താല്‍ സമ്പദ്ഘടനയുടെ ചോര്‍ച്ചയ്‌ക്ക് കാരണമാകും. ഇതു മറ്റു രാജ്യങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകാന്‍ വഴിയൊരുക്കും. അതിനാല്‍ മുതലാളിത്ത രാജ്യങ്ങള്‍ കൂട്ടായി ഇത്തരം പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചേക്കാം. അല്ലാത്തപക്ഷം സംഘര്‍ഷങ്ങള്‍ക്കു വഴിയൊരുക്കുന്ന രീതിയിലുള്ള സംരക്ഷണ-പ്രതിരോധനടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും. മാത്രമല്ല, ഏകോപിതമായ ധനവികസന നടപടി രാജ്യാന്തരമൂലധന പ്രവാഹത്തില്‍ അധിഷ്‌ഠിതമായിട്ടായിരിക്കും. ഊഹങ്ങളെ അടിസ്ഥാനമാക്കിയുള്ള രാജ്യാന്തരധനപ്രവാഹം കൂടുതല്‍ അസ്ഥിരതയ്‌ക്ക് കാരണമാകും.

രണ്ടാമത്തെ മാര്‍ഗം, ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുന്നത് ഒഴിവാക്കുകയെന്നതാണ്. സമ്പദ്ഘടനയ്ക്ക് പിന്തുണ നല്‍കുക മാത്രം ചെയ്യുക, അടുത്ത കുമിള വരും വരെ കാത്തിരിക്കുക. ഫ്രാങ്ക്ളിന്‍ റൂസ്‌വെല്‍റ്റിനു മുമ്പുണ്ടായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹൂവര്‍ സ്വീകരിച്ചത് ഈ മാര്‍ഗമാണ്. പ്രതിസന്ധി നീണ്ടുപോകാനും വഷളാകാനും അതു കാരണമായി. ബുഷ് സ്വീകരിച്ചുവരുന്നതും ഈ ശൈലിയാണ്.

ഇതില്‍ ആദ്യത്തെ മാര്‍ഗത്തെ ധനമൂലധനം എതിര്‍ത്തു. രണ്ടാമത്തെ വഴിയാണ് അവലംബിച്ചത്. ഇതില്‍ അതിശയമില്ല. യൂറോപ്യന്‍ സോഷ്യല്‍ ഡെമോക്രസി പൊതുവെയും ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാര്‍ പ്രത്യേകിച്ചും ആദ്യവഴി സ്വീകരിച്ചതിലും അത്ഭുതമില്ല. രണ്ടാംമാര്‍ഗം വലതുപക്ഷ സര്‍ക്കാറുകളുടേതാണ്. ഒരുഘട്ടത്തില്‍ മുതലാളിത്തലോകം ഏകോപിത ധനപ്രവര്‍ത്തനവികാസത്തക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചതാണ്, ബുഷ് പോലും ഇക്കാര്യം പറഞ്ഞു. വാൾ‌ സ്‌ട്രീറ്റിലെ നിക്ഷേപബാങ്കുകള്‍ തകരുകയും ധനമൂലധനത്തിന്റെ അന്തസ്സ് ഇടിയുകയും മുതലാളിത്തലോകമാകെ ധനമൂലധനവിരുദ്ധവികാരം ഉടലെടുക്കുകയും ചെയ്‌ത ഘട്ടത്തിലായിരുന്നു അത്. എന്നാല്‍, വലതുപക്ഷത്തിനു വീണ്ടും ഒത്തുചേരാനായി. ധനപ്രവര്‍ത്തനവ്യാപനത്തെക്കുറിച്ച് ജര്‍മനി മിണ്ടാതായി. ആദ്യം അനുകൂലിച്ചെങ്കിലും ബ്രിട്ടനിലെ ടോറികള്‍ ബ്രൌണിന്റെ ധനവികസനപദ്ധതിയെ തള്ളിപ്പറഞ്ഞു. ധനവികസനപദ്ധതികള്‍ വീണ്ടും പിന്നണിയിലായി. ലോകം പ്രതിസന്ധിയിലൂടെ നീങ്ങുകയാണ് (മറ്റൊരു കുമിള ഉണ്ടാകുംവരെ). അല്ലെങ്കില്‍ ധനത്തിന്റെ അധികാരം തകരുംവരെ. പക്ഷേ, ഇതു ഫലത്തില്‍ അര്‍ഥമാക്കുന്നത് സമകാല മുതലാളിത്തത്തെ പുതിയതും മാനുഷികവുമായ അവസ്ഥയിലേക്ക് കൊണ്ടുപോകുകയെന്നതാണ്.

****

പ്രഭാത് പട്നായിക്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മുതലാളിത്തലോകം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെ പൊതുവെ വിലയിരുത്തുന്നത് സംവിധാനത്തിലുണ്ടായ തെറ്റുകളുടെയും വ്യതിയാനങ്ങളുടെയും സൃഷ്‌ടിയായാണ്. 'ധനമേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിന്റെ അഭാവം', 'ധനസ്ഥാപനങ്ങള്‍ വിവേകശൂന്യമായി വായ്‌പകള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ', 'പണമിടപാടുകാരുടെ അതിരറ്റ അത്യാഗ്രഹം' എന്നിങ്ങനെയുള്ള കാരണങ്ങളാണ് സാമ്പത്തികപ്രതിസന്ധിക്ക് ആധാരമായി പറയുന്നത്. നോബല്‍സമ്മാന ജേതാവായ വിശ്രുത സാമ്പത്തികശാസ്‌ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ളിറ്റ്സ് 'സംവിധാനത്തിന്റെ പരാജയം'' എന്ന നിഗമനത്തിലെത്താന്‍ സംഭാവന ചെയ്‌ത ഘടകങ്ങള്‍ ഇവയാണ്. എന്നാല്‍, ഈ ചിന്താധാര പ്രധാന കാര്യം വിട്ടുകളഞ്ഞിരിക്കുന്നു. പ്രതിസന്ധി സംവിധാനത്തിന്റെ 'പരാജയമല്ല', സംവിധാനത്തിന്റെ പ്രവര്‍ത്തനരീതി തന്നെയാണ് പ്രശ്നം. ഇതു ചില 'തെറ്റുകളുടെയും' 'വ്യതിയാനങ്ങളുടെയും' ഫലമല്ല, ഈ പരാജയം മുതലാളിത്ത സംവിധാനത്തിന്റെ യുക്തിയില്‍തന്നെ ഉള്‍ച്ചേര്‍ന്നതാണ്.

Anonymous said...

Housing is a fundamental right in India (refer to National Housing Policy 1986 preamble) and because of that repayment of housing loan has been supported and encouraged by govt. of India by a veriery of means which are not there in the US. That makes a considerable difference to the health of housing market, because most of the costly products in housing market are bought by the consumer with the help of some institutional finance.