Friday, January 23, 2009

എലിജന്മം

ജന്മിത്തോം എലിയും തമ്മില്‍ ബന്ധമുണ്ടോ?. ചിരി വര്ണ്ണ്ടാവും, ല്ലേ?. ചിരിക്കണ്ട. ബന്ധംണ്ട്. ഗവേഷകര്‍ ഒന്നന്വേഷിക്കണം. ദാ..ത്രേം വിവരം തരാം.

അന്തി ചാഞ്ഞനേരം.

ധനുമാസ രാവ് യവനിക നീക്കി കുളിര് തൂകുന്നു.. ആകാശവീഥിയില്‍ നടി ചന്ദ്രിക മന്ദസ്‌മിതിക്കുന്നു. അരക്കുപ്പി വാറ്റടിച്ച വീര്യത്തോടെ കാറ്റ് വീശുന്നു.

ജംഗമ ജീവികള്‍ ഇണകളെ തേടുന്ന രാവ്.

ഇട്ടിരാരിശ്ശന്‍ നമ്പൂതിരിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. മനസ്സിലൊരു വൃന്ദാവനമിളകുന്നു. ഓടക്കുഴലില്ലാത്തതിനാല്‍ ചെല്ലപ്പെട്ടി എടുത്തു. വിസ്‌തരിച്ചൊന്നു മുറുക്കി. നീട്ടിയൊന്ന് തുപ്പി.

മുണ്ടൊന്ന് കുടഞ്ഞ്, മുറുക്കിയുടുത്തു. ശരീരത്തില്‍ അത്യാവശ്യം ചില മിനുക്കുപണികളൊക്കെ ചെയ്തു. നരയില്‍ കരിമഷി എഴുതി. രണ്ടു ചുവട് നടന്ന് സ്റ്റാമിന പരിശോധിച്ചു. കുഴപ്പമില്ല.

ലേശം വൈകി. എങ്കിലും പുറപ്പെടാം. ബെറ്റര്‍ ലെയ്‌റ്റ് ദാന്‍ നെവര്‍ എന്നാണ്‍ല്ലൊ മെക്കാളെ പശുക്കളോട് പറഞ്ഞത്.

അവള്‍ കാത്തിരിക്ക്യാവും. പാറോതി. രസികത്തി.

വരും എന്ന് ദൂതന്മാര്‍ മുഖേന അറിയിച്ചിട്ടുണ്ട്. എത്തേണ്ട സമയം മറുകുറിപ്പായി അവള്‍ കൊടുത്തയക്കുകയും ചെയ്‌തു. സമയത്തില്‍ അവളൊരു കണിശക്കാര്യാ. വൈക്യാല്‍ അവളുടെ ഒരു പരിഭവം കേമം തന്ന്യാണെ.

യാത്രക്കിടയില്‍ ഇത് പേര്‍ത്തും പേര്‍ത്തും ഓര്‍ത്തപ്പോള്‍ ശരീരം ചീര്‍ത്തുവരുന്നതായി ഇട്ടിരാരിശ്ശന് തോന്നി.

മനസ്സ് ഒരു കഥകളിപ്പദം മൂളി.

' സുന്ദരി ! മനസിജവരസമരം

സുഖമൊടുമുതിരുക സരസതരം

മന്ദരസദൃശ പയോധരം

മദുരസി ചേര്‍ക്ക മനോഹരം

മന്ദത നീക്കി വിനജിതകിസലയം

ഇന്ദുസുമുഖി! മമ തന്നിടുകധരം'

മൂളിമൂളി ഇട്ടിരാരിശ്ശന്‍ വരമ്പത്തേക്കിറങ്ങി. ഈ വരമ്പും ഇടവഴിയിലെ മൂന്നാമത്തെ വളവും കഴിഞ്ഞാണ് പാറോതിയമ്മയുടെ വീട്.

സാമ്യമകന്നോരുദ്യാനം. പഞ്ചബാണന്റെ കുഞ്ജകുടീരം.

ആവശ്യത്തിന് സമയമെടുത്താണ് ഇട്ടിരാരിശ്ശന്‍ വീടിന്റെ പടികള്‍ കയറിയത്. അടിതെറ്റിയാല്‍ ആനയും വീഴുന്ന കാലം. സൂക്ഷിച്ചാല്‍ പ്ളാസ്റ്ററിടണ്ടന്നാണ്‍ല്ലൊ പ്രമാണം.

ഇട്ടിരാരിശ്ശന്‍ ഇറയത്തേക്കു കയറി. ചാരുകസേരയില്‍ ആരോ കിടക്കുന്നു. അപ്രതീക്ഷിത ദൃശ്യം കണ്ട് ഞെട്ടി.

പാറോതി ചതിച്ച്വോ!

കായങ്കുളം കൊച്ചുണ്ണിയെ ചതിച്ച പാരമ്പര്യം തുടര്വോ!

പലവിധ ചിന്തകളില്‍ ഇട്ടിരാരിശ്ശന്‍ സ്‌തബ്‌ധനായി വരവെ ചാരുകസേര ഒന്നിളകി.

കസേര ചോദിച്ചു.

' ആരാ..?'

ശബ്‌ദം തെളിനീരു പോലെ ശുദ്ധമായിരുന്നതിനാല്‍ ഇട്ടിരാരിശ്ശന്‍ സമചിത്തത വീണ്ടെടുത്തു.

ശാന്തമായി മറുപടി പറഞ്ഞു.

' കേട്ടിട്ട്ണ്ടാവും..'

' ഇല്ല'

' ഇട്ടിരാരിശ്ശന്‍..'

' ഏതാ ഇല്ലം?'

' മേലേടം.'

' ലേശം വൈകി. മേലേട്ത്ത്കാര്‍ക്ക് ഇത് പതിവില്ല.'

ഇട്ടിരാരിശ്ശന്‍ ലജ്ജിച്ചു.

ഒരു ഘടികാരത്തിന്റെയും സഹായമില്ലാതെയാണ് ചാരുകസേര സമയം ഗണിച്ചത്.

ആരാവ്വോ ഇയാള്‍? വല്ല ദിവ്യനുമാവും.

അങ്ങനെ ഓരോന്ന് ആലോചിച്ച് നില്‍ക്കവെ ചാരുകസേര പറഞ്ഞു.

' ങ്ഹും.. പൊയ്‌ക്കോളൂ.. ഇനി ആവര്‍ത്തിക്കരുത്..സമയനിഷ്ഠ നിര്‍ബന്ധമാക്കണം.'

ഇട്ടിരാരിശ്ശന്‍ അകത്തു കടന്നു. അറപ്പുര വാതിലും കടന്നു. മുറിക്കകത്ത് ഏഴുതിരിയിട്ട വിളക്ക്. അതിനരികില്‍ എഴുപതു തിരിയിട്ട വിളക്ക്. അതാണ് പാറോതി.

ഇപ്പ്ളും ചന്ദനത്തിന്റെ നിറം. ഒട്ടും മാഞ്ഞിട്ട്‌ല്യ. മുഖത്ത് ആമ്പല്‍പൂ വിടര്‍ന്നോ എന്നൊരു ശങ്ക. കണ്ണില്‍ കൂവളകൃഷി കലശലായിട്ട്ണ്ട്. നെറ്റിയില്‍ ചന്ദനം കൊണ്ടൊരു നേരിയ ടാറിങ്. ചുണ്ടിലൊരു സര്‍ബത്ത് കുടിച്ച സന്തോഷം.

'ഭയങ്കരീ.. ഒരു സുന്ദരി' എന്ന് ഇട്ടിരാരിശ്ശന്‍ സിനിമാപ്പേരു പോലെ ചിന്തിച്ചിളകി. എങ്കിലും നര മറച്ചുവെച്ച അവളുടെ വിദഗ്ദ്ധ നീക്കം ഇട്ടിരാരിശ്ശന്റെ കണ്ണില്‍ പെട്ടു. വലതുകയ്യിന്റെ തള്ളവിരലും ചെറുവിരലുമിളക്കി ഇട്ടിരാരിശ്ശന്‍ അതും ആസ്വദിച്ചു.

മിടുക്കി.

ഭേഷായി.

ശ്ശി ബോധിച്ചു.

സൌന്ദര്യശാസ്‌ത്രം ആസ്വദിച്ച് വരവെയാണ് മനസ്സില്‍ ചാരുകസേര പൊങ്ങിവന്നത്.

' പാറോതീ..ആരാ..ആ പൊറത്ത്?'

നാണം കൂമ്പിയ കണ്ണോടെ പാറോതി പറഞ്ഞു.

'..ന്റ ..നായരാ..'

'..ത്യ്രായി..നായര്‍ സര്‍വീസ് തൊടങ്ങീട്ട്..?'

'..ശ്ശി ..ആയി..'

'ഇത്വോരെ കണ്ടിട്ട്ല്യ..'

' കാണാന്‍ തരോല്യ'

' ..ന്താ?'

' ഇവ്ടില്യായിരുന്നു'

' എവ്ട്യായിരുന്നു?'

'പട്ടാളത്തില്‍..'

' അവ്ടെ ..ന്തായിരുന്നൂ വേഷം?'

' അതിര്‍ത്തിരക്ഷാസേനയിലായിരുന്നു. കാവല്‍.'

' ഇപ്പ്ളത്തെ തൊഴിലില്‍ ഒരു മുന്‍ പരിചയം..ണ്ടാര്‍ന്നു, ല്ല്യേ?'

ഫലിതം ഇട്ടിരാരിശ്ശന് സ്വയം പിടിച്ചു. ശരീരം കുലുക്കിച്ചിരിച്ചു. ഉടലില്‍ നിന്ന് ഓളങ്ങള്‍ താഴേക്കിറങ്ങി.

പാറോതിയും ചിരിച്ചു. വികാരസാഗരം കോളുകൊണ്ടപോലെ.

ഇട്ടിരാരിശ്ശന്‍ നിര്‍ത്തിയില്ല.

'.. നായര്‍ക്കെത്യ്രാ..കൂലി?'

'..മൂന്നു നേരം തിന്നാനൊള്ള വക കൊടുക്കും. പിന്നെ പെന്‍ഷന്‍ണ്ട്..സര്‍ക്കാരിന്റെ.'

'പാറോതീ..നീ ഉപ്പിലിട്ട മാങ്ങ പോലെ. പ്രായം കൂട്ന്തോറും രസികത്തോം കൂട്ണു.'

നല്ല സ്റ്റാര്‍ട്ടിങ് കിട്ടിയ സന്തോഷത്തോടെ ഇട്ടിരാരിശ്ശന്‍ മഞ്ചലേറി. ഭയംകൊണ്ട് പാറോതി ചേര്‍ന്നിരുന്നു.

' 49 വസന്തങ്ങള്‍ കടന്ന് പോയീന്ന് പാറോതീ നിന്നെക്കണ്ടാല്‍ അറിയേയ്‌ല്യ. അടുത്താണ്ട് കനകജൂബിലി. അതൊന്ന് ആഘോഷിക്കണം'

' തിരുമേനീം ചെറുപ്പാണ്. അറുപത് ഇക്കാലത്തൊരു പ്രായമേ അല്ല.'

' ഇപ്പ്ളും കുട്ടിക്കളി മാറീട്ട്‌ല്യാന്ന് നിരീച്ചോളൂ'

' തിരുമേനി എനിക്കിപ്പ്ളും മേലേട്ത്തെ കുട്ടി തന്ന്യാ..'

സംഭാഷണം ശ്രദ്ധിച്ച ഒരു പാതിരാപ്പുള്ള് നീട്ടിക്കൂകി.

ഇട്ടിരാരിശ്ശന്റെ എല്ലാ നിയന്ത്രണവും ലക്ഷമണരേഖ കടന്നു. മൿമഹോന്‍ രേഖയും കടന്നു. വികാരങ്ങള്‍ അതിര്‍ത്തി ലംഘിച്ചു. ഇനി കരയുദ്ധം.

മട്ടിപ്പാല്‍ പുകഞ്ഞു.

സുഗന്ധം നിറഞ്ഞു.

വിളക്കിന്റെ തിരികള്‍ ഓരോന്നായി അണഞ്ഞു.

പാര്‍വണേന്ദു കണ്ണുപൊത്തിക്കോട്ടെ എന്ന് ചോദിച്ചു.

കിളിവാതില്‍ ചാരാനൊരുങ്ങിയ പാറോതിയെ ഇട്ടിരാരിശ്ശന്‍ തടഞ്ഞു.

'..വേണ്ടേനീം..ജീവിതം തൊറന്ന പൊസ്‌തകം ന്നാണ്‍ല്ലൊ പറയ്യാ..പാറോതിയമ്മക്കോ?'

'പൊസ്‌തകം തന്നെ. തിരുമേനിയാണ്‍ല്ലൊ പ്രിന്റര്‍ ആന്റ് പബ്ളിഷര്‍.'

' ഹായ്..കേമി..കേമി..'

മാരശരമേറ്റ് വലഞ്ഞ ഇട്ടിരാരിശ്ശന്‍ ആദ്യ പടിയായി ആലിംഗനത്തിന് മുതിരവെ ' ഡിം' എന്ന ശബ്‌ദം.

മുമ്പോട്ടെടുത്ത കൈ ഇട്ടിരാരിശ്ശന്‍ പിമ്പോട്ടെടുത്തു.

' ..ന്താ..പാറോതി...?'

ശബ്‌ദത്തില്‍ അമ്പതുശതമാനം ഭയം.

വീണ്ടും തുടരെ 'കടകട' ശബ്‌ദം.

ചാത്തനേറ്.ഒരു തീവ്രവാദി ആക്രമണം പോലെ.

മുണ്ട് യഥാവിധി ഉറപ്പിച്ച് ഇട്ടിരാരിശ്ശന്‍ തിരിഞ്ഞോട്ടത്തിന് തയ്യാറായി. ഇപ്പോള്‍ പോകുന്നത് ബുദ്ധിയാകുമോ?. ടി വിക്കാര്‍ ലൈവിന് വന്നിട്ടുണ്ടാവുമോ? പ്രതികരണം ചോദിക്കുമോ?.ഇട്ടിരാരിശ്ശന്‍ ഇത്യാദി ചിന്തകളില്‍ മുഴുകവെ പാറോതി കലശലായ ദേഷ്യത്തോടെ വിളക്ക് തെളിച്ചു.

ഔചിത്യമില്ലാത്ത പെട്ടി.

നീണ്ടുപോകുന്ന സ്വാഗതപ്രസംഗം പോലെ ഉരുണ്ടുപോകുന്ന പെട്ടി പാറോതി ബലം പ്രയോഗിച്ച് പിടിച്ചുനിര്‍ത്തി. അപ്പോഴും ' അയ്യോ' എന്ന മനുഷ്യശബ്‌ദം അതിനകത്തുനിന്ന് ഇടതടവില്ലാതെ മുഴങ്ങുന്നുണ്ട്.

'..ന്താ..പാറോതി.. വല്ല കൂടോത്രോ..മറ്റോ..?'

പാറോതി ഒന്നും മിണ്ടുന്നില്ല.

സസ്‌പെന്‍സിന്റെ അവസാനമായി പാറോതി പെട്ടി തുറന്നു.

മുങ്ങുന്ന വഞ്ചിയില്‍ നിന്ന് പ്രാണനും കൊണ്ടെന്നപോലെ ഒരാള്‍ കരയിലേക്ക് ചാടി!.

കീഴേടം!!

മുഴുവന്‍ പറഞ്ഞാല്‍ കീഴേട്ത്ത് മനയ്ക്കലെ ഇട്ട്യാസുനമ്പൂതിരി.

ആ നിമിഷം സ്വന്തം കണ്ണുകളെ അവിശ്വസിച്ചുകൊണ്ട് ഇട്ടിരാരിശ്ശന്‍ ചോദിച്ചു.

'..ന്താ..ഇട്ട്യാസു..ഇവ്ടെ..?'

'..താന്‍ വന്ന കാര്യത്തിന് തന്നെ..'

'..ന്താ..പാറോതി.ഈ കേക്ക്ണെ..?'

' അത്രക്കൊന്നും ല്ല്യ തിരുമേനി. കീഴേടം സമയത്തിന് വന്നു.വൈകീപ്പോ മേലേടം.. നി...വര്‌ല്യായാന്ന് കര്തി. കീഴേടത്തെ വെഷമിപ്പിക്കണ്ടാന്നും കര്തി. അപ്പ്ളാ തിരുമേനീടെ വരവ്. മേലേടാണ്‍ല്ലൊ മുന്തിയത്. കീഴേട്ത്തിന് രക്ഷപ്പെടാനും പറ്റീല്ല്യ. അപ്പ്ളാണ് ആ തുണിപ്പെട്ടീലോട്ട് കേറിക്കോളാന്‍ പറഞ്ഞത്. പിന്നെ ഒന്നും അറീല്യ. ന്താ..കീഴേട്ത്തെ തിരുമേനി പറ്റ്യേ..?'

ബാക്കി കഥ കീഴേടം തുടര്‍ന്നു.

'പെട്ടിക്കകത്ത് സുഖായിട്ട് കെടക്ക്യാര്‍ന്നു. ഒറങ്ങാന്‍ സമയംണ്ടല്ലോ ..ന്ന് ..നിരീച്ച് ഒന്ന് കണ്ണടച്ചു. അപ്പ്ളാ ' കരകരാ' ന്നൊരു ശബ്ദം. സൂക്ഷിച്ച് നോക്കീപ്പോ..ഒരെല്യാര്‍ന്നു...ച്ചാല്‍..മൂഷികന്‍. മൂഷികന്‍ മഹാസൂത്രക്കാരനാണേ. നീം.വെല്ല വിവരോം..ണ്ടോ..ഈ മൂഷികവര്‍ഗത്തിന്. കീഴേട്ത്ത്യാണ്..ന്ന്...മൂഷികനറിയ്വോ..ന്ത് കണ്ടാലും കാരിത്തിന്നുകാ..ന്ന്ാണ്‍ല്ലൊ നശിച്ചതിന്റെ ശീലം.'

ഇട്ടിരാരിശ്ശന്‍ ചോദിച്ചു.

' മൂഷികന്‍ കടിക്ക്യേ മറ്റോ..?'

' ഭാഗ്യം..അതിനുമുമ്പെ പാറോതി പെട്ടി തൊര്‍ന്നൂ...ല്ലെങ്കില്‍..ന്താ..ണ്ട്ാവാ..ന്റ..ഭഗോതീ..നല്ലോളാ പാറോതി.ആ എടവഴിക്കപ്രോള്ള പതിനഞ്ചുപറക്കണ്ടം പാറോതി എട്ത്തോളാ‍..'

തീര്‍ത്തും ചെറുതാവണ്ടാന്ന് കരുതി ഇട്ടിരാരിശ്ശനുംകൊടുത്തു ഒരു പതിനഞ്ചുപറ കണ്ടം. നാളെ തനിക്കും ഇത്പോലൊന്ന് പറ്റ്യാലോ?.

ഇട്ടിരാരിശ്ശനും ഇട്ട്യാസൂം പുറത്തിറങ്ങി. അറപ്പുര വാതിലില്‍ വിരഹം താങ്ങാനാവാതെ പാറോതി നേര്യേതുകൊണ്ട് കണ്ണു തുടച്ചു.

ഇരുവരും നടന്നുനീങ്ങിയപ്പോള്‍ ചാരുകസേര ചോദിച്ചു.

' പുവ്വാണോ..?'

ഇട്ടിരാരിശ്ശനും, ഇട്ട്യാസൂം തിരിഞ്ഞ്നോക്കാതെ നടന്നു, ധനുമാസക്കുളിരിനെ ശപിച്ചുകൊണ്ട്.

അന്നുമുതല്‍ ജന്മിത്തം ക്ഷയിച്ചുതുടങ്ങിയെന്ന് ചിലര്‍ വിശ്വസിക്കുന്നു.

***

എം എം പൌലോസ്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

വീണ്ടും തുടരെ 'കടകട' ശബ്ദം.

ചാത്തനേറ്.ഒരു തീവ്രവാദി ആക്രമണം പോലെ.

മുണ്ട് യഥാവിധി ഉറപ്പിച്ച് ഇട്ടിരാരിശ്ശന്‍ തിരിഞ്ഞോട്ടത്തിന് തയ്യാറായി. ഇപ്പോള്‍ പോകുന്നത് ബുദ്ധിയാകുമോ?. ടി വിക്കാര്‍ ലൈവിന് വന്നിട്ടുണ്ടാവുമോ? പ്രതികരണം ചോദിക്കുമോ?.ഇട്ടിരാരിശ്ശന്‍ ഇത്യാദി ചിന്തകളില്‍ മുഴുകവെ പാറോതി കലശലായ ദേഷ്യത്തോടെ വിളക്ക് തെളിച്ചു.

ഔചിത്യമില്ലാത്ത പെട്ടി.

നീണ്ടുപോകുന്ന സ്വാഗതപ്രസംഗം പോലെ ഉരുണ്ടുപോകുന്ന പെട്ടി പാറോതി ബലം പ്രയോഗിച്ച് പിടിച്ചുനിര്‍ത്തി. അപ്പോഴും ' അയ്യോ' എന്ന മനുഷ്യശബ്ദം അതിനകത്തുനിന്ന് ഇടതടവില്ലാതെ മുഴങ്ങുന്നുണ്ട്.
എം എം പൌലോസിന്റെ നർമ്മ ഭാവന, ജന്മിത്തം എങ്ങനെ ക്ഷയിച്ചുതുടങ്ങി എന്നതിനെക്കുറിച്ച്.

nandakumar said...

"ഇപ്പ്ളും ചന്ദനത്തിന്റെ നിറം. ഒട്ടും മാഞ്ഞിട്ട്‌ല്യ. മുഖത്ത് ആമ്പല്‍പൂ വിടര്‍ന്നോ എന്നൊരു ശങ്ക. കണ്ണില്‍ കൂവളകൃഷി കലശലായിട്ട്ണ്ട്. നെറ്റിയില്‍ ചന്ദനം കൊണ്ടൊരു നേരിയ ടാറിങ്. ചുണ്ടിലൊരു സര്‍ബത്ത് കുടിച്ച സന്തോഷം."

:D കേമായിട്ടുണ്ട്..രസിച്ചു.. തിരുവില്വാമലക്കാരന്റെ എഴുത്തിനെ ഓര്‍മ്മിപ്പിച്ചു. അസ്സല്‍ ഹാസ്യം.

Anonymous said...

ഇട്ടിരാരിശ്ശനും, ഇട്ട്യാസൂം തിരിഞ്ഞ്നോക്കാതെ നടന്നു, ധനുമാസക്കുളിരിനെ ശപിച്ചുകൊണ്ട്.

പോകുന്ന വഴിയില്‍ കീഴേടം സന്ദേഹിയായി.

”ഹല്ല മേലേടം ഹിത് ആരെങ്കിലും അറിയ്യേ പറഞ്ഞ് നടക്ക്കേ ചെയ്യ്യോന്നൊരു ശങ്ക. കൊയ്യാന്‍ വരണവന്മാര്‍ എന്തോ കൂട്ടമോ ഫോറമോ ഒക്കെ ഉണ്ടാക്കീണ്ട്ന്ന് കേട്ടു.അവന്മാര്‍ വല്ലതും?”

മേലേടം ജ്ഞാനിയായി

“കീഴേടം പറഞ്ഞതില്‍ കാര്യല്യാണ്ടില്യ. എന്നുവെച്ച് കാര്യണ്ട്ന്നും ഇല്യാട്ടോ. എന്നാലും പേടിക്യാണ്ടിരിക്യാ. പറഞ്ഞ് നടക്കണ മണ്ടത്തരം കാട്ടണ വിഡ്ഢ്യാസുരന്മാരെ നമുക്ക് കോടതി കേറ്റി നശിപ്പിക്കാംന്ന്. വില്‍ക്കാന്‍ നെലം ഇനീം കെടക്കുകല്ലേ. കേസും കോടതീംന്നൊക്കെ പറയുമ്പോ മുഷിയില്ലേനും“

“ആശ്വാസായി മേലേടം. തോന്നണ്ട ബുദ്ധി ഇത് പോലെ തോന്നണ്ട സമയത്ത് തോന്നണ്ട പോലെ തോന്നുകാന്ന് വെച്ചാ കേമം തന്നാണേ. എലിയെ പുലിയാക്കണ ലീലാവിലാസല്ലേ ഈ ബുദ്ധി ബുദ്ധീന്ന് പറയണത്.”

ഇട്ടിരാരിശ്ശനും, ഇട്ട്യാസൂം വീണ്ടും നടന്നു, ധനുമാസക്കുളിരിനെ ശപിച്ചുകൊണ്ട് തന്നെ.

വികടശിരോമണി said...

ആകെ വി.കെ.എൻ മണം.
രസായി ഉണ്ട്.

paarppidam said...

മാഷ്ടെ കുറിപ്പ് കൊള്ളാം..പിന്നെ “ഒടുക്കം മിടുക്കൻ കുടുക്കിലായി“ എന്നൊരു ടൈറ്റിൽ ക്kഒടുത്ത് ലാവ്‌ലിനെ കുറിച്ചും എഴുതിക്കൂടെ...

Anonymous said...

"..പിന്നെ “ഒടുക്കം മിടുക്കൻ കുടുക്കിലായി“ എന്നൊരു..."

ഒടുക്കം മിടുക്കന്മാര് ടെ ഹെഡ് മാഷന്മാര്‍ "ചൈനാ ചാരന്‍ മാരെ"ഒന്നു 'കുടുക്കി'എന്ന് ആശ്വസിച്ചിരിക്കുംബോഴാണ്....അപ്പൊ'വെടിയുണ്ട'വിവാദം കൊച്ചി എയര്‍ പോര്ട്ടിന്നു കൊണ്ഗ്രെസ്സ് നേതാവ് പി.ടി.തോമസിനെ വിളിച്ച്ചര്യിച്ച്ചു,നാറ്റിക്കാന്‍ നേതൃത്വം നല്കിയ അശോക കുമാരന്‍, നേരെ സി.ഫി.ഐ പിടിച്ചോണ്ട് പോയത്.ഇപ്പൊ പറയുന്നു ലവനെ സി.ഫി.ഐ 'കുടുക്കിയതാന്നു'.ടിയാന്‍ നാട്ടില്‍ തിരിച്ചെത്തി.മാദ്യമങ്ങള്‍ കണ്ണീര്‍ കഥ ആഘോഷിച്ചു--അതോണ്ട് ആരാ എപ്പാ 'കുടുങ്ങുകാ' എന്നൊന്നും അത്ര നീളത്തില്‍ ചിന്ധിക്കണ്ടാ..