Sunday, November 20, 2011

ചിത്രീകരിച്ചത് ശോഭയുടെ ജീവിതവും മരണവും തന്നെ

ആദ്യഭാഗങ്ങള്‍ ഇവിടെ

നടി ശോഭയുടെ ആത്മഹത്യ തന്നെയാണ് "ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്" എന്ന സിനിമയിലേക്ക് എന്നെ എത്തിച്ചത്. എന്നാല്‍ ശോഭയുടെ മാത്രം ജീവിതത്തിലെ ദുരന്താന്ത്യമാണ് "ഫ്ളാഷ്ബാക്ക്“ എന്ന് ഞാന്‍ അവകാശപ്പെട്ടിട്ടില്ല. ഫ്ളാഷ്ബാക്കിന്റെ പ്രമേയം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. ശോഭയുടെ ജീവിതവും മരണവുമാണ് ഫ്ളാഷ്ബാക്കിെന്‍റ പ്രമേയമെന്നും അതല്ല എന്നുമുള്ള തരത്തില്‍ . സിനിമ ഇറങ്ങുന്നതിനു മുമ്പെ ആരംഭിച്ച വിവാദങ്ങള്‍ സിനിമ ഇറങ്ങിയതോടെ അതിെന്‍റ പാരമ്യത്തിലെത്തി. ശോഭയെ പോലെ സിനിമാ ലോകത്ത് ആത്മഹത്യ ചെയ്ത വേറെയും താരങ്ങളുണ്ട്. എണ്‍പതുകളുടെ ആദ്യം ശോഭയുള്‍പ്പെടെ അഞ്ച് സിനിമാതാരങ്ങള്‍ ആത്മഹത്യ ചെയ്തു. സിനിമാ രംഗത്തെ ഈ ആത്മഹത്യാ സിന്‍ഡ്രോമിനെയാണ് ഒരുതരത്തില്‍ ഫ്ളാഷ്ബാക്ക് പ്രതിഫലിപ്പിച്ചത് എന്നാണ് അന്നു നടന്ന ചര്‍ച്ചകളിലൊന്നില്‍ ഞാന്‍ പ്രകടിപ്പിച്ച അഭിപ്രായം.

എന്റെ "ഉള്‍ക്കടല്‍" എന്ന ചിത്രത്തിലാണ് ശോഭ അഭിനയിച്ചിട്ടുള്ളത്. മറ്റ് പ്രധാന ചിത്രങ്ങളിലൊന്നിലും അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും അവരുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. അവരുടെയും അമ്മ പ്രേമയുടെയും ജീവിതം അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മദ്രാസില്‍ തൊട്ടടുത്ത വീടുകളിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ശോഭയും സംവിധായകനും ക്യാമറാമാനുമായ ബാലുമഹേന്ദ്രയും തമ്മിലുണ്ടായിരുന്ന ബന്ധം ഫ്ളാഷ്ബാക്കില്‍ അതേപടിയുണ്ട്. ഉള്‍ക്കടല്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലത്തെല്ലാം അവരുടെ ബന്ധം ശക്തമായിരുന്നു. ഉള്‍ക്കടലിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ഒരു ഹോട്ടലിലെ തൊട്ടടുത്ത മുറികളിലാണ് അവര്‍ ഇരുവരും താമസിച്ചിരുന്നത്. ഉള്‍ക്കടലിന്റെ ഛായാഗ്രഹണം പതിവില്‍നിന്ന് വ്യത്യസ്തമായി രാമചന്ദ്രബാബുവിനു പകരം ബാലുമഹേന്ദ്ര ചെയ്യാനുള്ള കാരണവും ശോഭ തന്നെയായിരുന്നു. ചിത്രത്തിലെ നായിക ശോഭയാണെന്നറിഞ്ഞ് ക്യാമറ ചെയ്യാനുള്ള സന്നദ്ധത ബാലുമഹേന്ദ്ര ഇങ്ങോട്ട് അറിയിച്ചു. ആവശ്യം ഞാന്‍ നിരാകരിച്ചില്ല. പിന്നീട് അവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വളര്‍ന്നു.

ശോഭയും ബാലുമഹേന്ദ്രയും വിവാഹിതരാകുന്നു എന്ന് കേട്ടപ്പോള്‍ വാസ്തവത്തില്‍ അത്ഭുതം തോന്നി. കാരണം ബാലുവിനെ ഇന്‍സ്റ്റിറ്റ്യൂട്ട് പഠനകാലം തൊട്ടേ എനിക്ക് നന്നായറിയാം. എന്നേക്കാള്‍ ഒരു വര്‍ഷം സീനിയറായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം കഴിഞ്ഞ് മദ്രാസില്‍ എത്തിയ ശേഷം അഖില എന്നു പേരായ ശ്രീലങ്കക്കാരിയെ അദ്ദേഹം വിവാഹം കഴിച്ചിരുന്നു. ബാലുവും ശ്രീലങ്കന്‍ വംശജനാണ്. അഖില സിനിമയുമായി ബന്ധമൊന്നുമില്ലാത്ത സാധാരണ സ്ത്രീയായിരുന്നു. ഞാനും കുടുംബവുമായെല്ലാം അവരുടെ വിവാഹം കഴിയുന്നതു വരെ അവര്‍ക്ക് നല്ല ബന്ധമായിരുന്നു. എന്നാല്‍ ശോഭയ്ക്ക് ബാലുവും അഖിലയുമായുള്ള വിവാഹ ബന്ധത്തെ ക്കുറിച്ച് അറിയില്ലായിരുന്നു. മദ്രാസില്‍ വച്ചു തന്നെയാണ് ബാലുമഹേന്ദ്ര ശോഭയുമായും അടുപ്പത്തിലായത്. അവരുടെ ബന്ധം ഒരിക്കലും നിലനില്‍ക്കാന്‍ പോകുന്നില്ലെന്ന് അന്നേ മനസില്‍ കരുതി. അക്ഷരാര്‍ഥത്തില്‍ അതു തന്നെ സംഭവിച്ചു.

ആറ് മാസത്തിനകം ആ ബന്ധം ശിഥിലമായി. ശോഭയുടെ ആത്മഹത്യ സിനിമാ ലോകത്തെയാകെ ഞെട്ടിച്ചു. ശോഭയും അമ്മയും താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് മദ്രാസില്‍ ഞാനും കുടുംബവും താമസിച്ചിരുന്നത്. അവരുടെ ജീവിതവുമായി പലതരത്തിലും അടുത്ത് ബന്ധപ്പെട്ടിരുന്നതിനാല്‍ ആ കുടുംബത്തെ നന്നായി അറിയാമായിരുന്നു. ശോഭയുടെ മരണം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ അവരെക്കുറിച്ചുള്ള പലകാര്യങ്ങളും അറിയാന്‍ സഹായിച്ചത് എന്റെ സിനിമകളില്‍ പ്രൊഡക്ഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുള്ള പി ഐ ലത്തീഫാണ്. ശോഭയുടെ മരണശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചതും ഒരു രാത്രി മുഴുവന്‍ വീട്ടില്‍ പോയിരുന്ന് സംസാരിച്ച് അവരെ അതില്‍നിന്ന് പിന്തിരിപ്പിച്ചതും പോലുള്ള കാര്യങ്ങള്‍ ലത്തീഫാണ് എന്നോടു പറഞ്ഞത്. അങ്ങനെ പലതും.

ശാന്തമ്മ എന്ന പെണ്‍കുട്ടിയെയും കൂട്ടി അവളുടെ അമ്മ സിനിമയില്‍ ഭാഗ്യമന്വേഷിച്ച് കോടമ്പാക്കത്തെത്തുന്നിടത്താണ് "ഫ്ളാഷ്ബാക്ക്" തുടങ്ങുന്നത്. മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നുവന്നപ്പോള്‍ സിനിമയുടെ പിന്നാമ്പുറത്തെ നെറികേടിനു വഴങ്ങി ശാന്തമ്മ, ലേഖ എന്ന പേരില്‍ സിനിമയുടെ ഭാഗമാകുന്നു. സിനിമയില്‍ അവളുടെ ഉയര്‍ച്ചക്ക് കോടമ്പാക്കം സാക്ഷിയാകുന്നു. ഇതിനിടെ വ്യത്യസ്ത സിനിമകള്‍ ചെയ്തിരുന്ന സംവിധായകന്‍ സുരേഷ്ബാബു(ഭരത്ഗോപി)വുമായി ശോഭ അടുത്തു. ആ ബന്ധത്തിലൂടെ അവള്‍ ഒരു ജീവിതം സ്വപ്നം കാണുന്നു. പക്ഷേ പ്രതീക്ഷകള്‍ക്കു വിപരീതമായി അവള്‍ക്ക് നേരിടേണ്ടിവന്ന യാഥാര്‍ഥ്യം ലേഖയെ ജീവിതത്തില്‍നിന്ന് പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. മറ്റുള്ളവര്‍ക്കു മുന്നില്‍ ലേഖയെ സ്വീകരിക്കാന്‍ മടികാണിക്കാതിരുന്ന സുരേഷ്ബാബു തന്റെ യഥാര്‍ഥ ഭാര്യയുടെയും കുട്ടിയുടെയും മുന്നില്‍ ലേഖയെ നിരാകരിക്കുന്നു. ഇതോടെ അവള്‍ ആത്മഹത്യയില്‍ ജീവിതം അവസാനിക്കുന്നതാണ് ഫ്ളാഷ് ബാക്കില്‍ വിടരുന്ന ലേഖയുടെ കഥ. ശോഭയുടെ ശവഘോഷയാത്രയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ന്യൂസ് റീലോടെയാണ് ചിത്രം തുടങ്ങുന്നത്. ശോഭയുടെ മരണം തെന്നിന്ത്യന്‍ സിനിമാ ലോകത്തുണ്ടാക്കിയ ഞെട്ടലിന്റെയും ദു:ഖത്തിന്റെയും ആഴമറിയിക്കുന്ന വിവരണവും ഇതിലുണ്ട്. "യവനിക"യോടാണ് കൂടുതല്‍ അറ്റാച്ച്മെന്റെങ്കിലും ഞാന്‍ ഏറ്റവും റിയലിസ്റ്റിക് ആയി ചെയ്ത സിനിമ "ലേഖയുടെ മരണ"മാണ്.


യവനികയുടെ കഥ മുമ്പേ പറഞ്ഞു. നാടകവുമായി എനിക്കുണ്ടായിരുന്ന അടുപ്പം ആ സിനിമയുടെ കാര്യത്തില്‍ പ്രധാനമായിരുന്നു. ലേഖയുടെ മരണവും അത്തരത്തില്‍ സംഭവിച്ചതാണ്. കോടമ്പാക്കത്തെ സിനിമയുടെയും സിനിമാക്കാരുടെയും ജീവിതത്തെ വര്‍ഷങ്ങളോളം കണ്ടറിയാനും അനുഭവിക്കാനും കഴിഞ്ഞതാണ് അതില്‍ പ്രധാനം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സിനിമ പഠിച്ചിറങ്ങിയ ശേഷം രാമു കാര്യാട്ടിന്റെ അസിസ്റ്റന്റാകാന്‍ നേരെ മദ്രാസിലേക്ക് പോയതാണ്. അന്നു മുതല്‍ കോടമ്പാക്കം ജീവിതം കാണുന്നു. നീണ്ട പതിനഞ്ചിലേറെ വര്‍ഷം മിക്കവാറും കോടമ്പാക്കമായിരുന്നു എന്റെ പ്രവര്‍ത്തനങ്ങളുടെ ഭൂമിക എന്നു പറയാം. സല്‍മയുമായുള്ള വിവാഹ ശേഷവും മദ്രാസിലെ അശോക നഗറിലാണ് താമസമാക്കിയത്. രണ്ടു മക്കളും ജനിച്ചത് മദ്രാസിലാണ്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമാ ജോലികള്‍ ചെയ്യാനുള്ള സൗകര്യമായപ്പോഴാണ് മദ്രാസ് വിടാന്‍ ആലോചിച്ചു തുടങ്ങിയത്. സെല്‍മക്ക് തീരെ താല്‍പ്പര്യമില്ലായിരുന്നെങ്കിലും 1987ല്‍ തിരുവനന്തപുരത്തേക്ക് താമസം മാറ്റി.

സിനിമയെക്കുറിച്ച് സിനിമയെടുക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാകാം കോടമ്പാക്കത്തെ സിനിമാ ജീവിതം-എന്റെയും മറ്റുള്ളവരുടെയും-അറിഞ്ഞും അറിയാതെയും നിരീക്ഷിച്ചു പോന്നിട്ടുമുണ്ട്. സിനിമയെക്കുറിച്ചൊരു സിനിമ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തില്‍ ശോഭയെപ്പോലൊരു ദുരന്ത നായികയുടെ കഥ അതില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടു. ശോഭയുടെ മരണശേഷം കഷ്ടിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ഈ സിനിമയുടെ ജോലി തുടങ്ങി. 1980ലായിരുന്നു ശോഭയുടെ മരണം. 1983ല്‍ ഫ്ളാഷ്ബാക്ക് ഇറങ്ങി. സിനിമയുടെ ജോലികള്‍ കാര്യമായി പുരോഗമിക്കും മുമ്പെ സിനിമയുടെ പ്രമേയം പുറത്ത് ചര്‍ച്ചയായി കഴിഞ്ഞിരുന്നുവെന്ന് പറഞ്ഞല്ലോ. വളരെ രൂക്ഷമായിരുന്നു പ്രതികരണങ്ങള്‍ പലതും. സിനിമാക്കാരുടെ രഹസ്യങ്ങള്‍ പുറത്തുപോകുമെന്നായിരുന്നു ചിലരുടെ ഭയം. മറ്റു ചിലത് ശോഭയുടെ ആത്മഹത്യയെ ചൂഴ്ന്നു നിന്ന ദുരൂഹത വെളിപ്പെടുമെന്നും അങ്ങനെയായാല്‍ എന്താകുമെന്നുമായിരുന്നു. ശോഭയോട് മരണശേഷം വളരെ ക്രൂരമായി പെരുമാറുന്നു എന്ന മട്ടിലും സംസാരമുണ്ടായി. എന്തായാലും അത്തരം വിവാദങ്ങളുണ്ടായി എന്നതുകൊണ്ടൊന്നും പിന്നോട്ട് പോകുന്ന സ്വഭാവമല്ല എന്റേത്. പലതിനും പാത്രമാകേണ്ടിവന്നു എന്നത് നേര്. ഡേവിഡ് കാച്ചപ്പള്ളിയായിരുന്നു ഫ്ളാഷ്ബാക്കിന്റെ നിര്‍മാതാവ്. ഇപ്പോഴത്തെ നടന്‍ ഇന്നസെന്റും അദ്ദേഹത്തോടൊപ്പം നിര്‍മാണത്തില്‍ സഹകരിച്ചിരുന്നു. യവനികയില്‍ സഹകരിച്ച എസ്എല്‍ പുരം തന്നെയാണ് ഇതിനും സംഭാഷണമെഴുതിയത്. ചിത്രം ഇറങ്ങിയ ശേഷം പല കോലാഹലങ്ങളുമുണ്ടായ കൂട്ടത്തില്‍ ശോഭയുടെ അമ്മ സിനിമക്കെതിരെ കേസ് കൊടുക്കാന്‍ മുതിര്‍ന്ന സംഭവവുമുണ്ടായി. സിനിമയില്‍ അവരെ മോശമായി ചിത്രീകരിച്ചുവെന്നും റിലീസിനെതിരെ നിയമ നടപടിയെടുക്കുമെന്നുമായിരുന്നു അവര്‍ മാധ്യമങ്ങളില്‍ പറഞ്ഞത്. എന്നാലവര്‍ അതു ചെയ്തില്ല. അതിനൊന്നും കഴിയുന്ന അവസ്ഥയിലായിരുന്നില്ല അവര്‍ എന്നതാണ് കാരണം.

ശോഭയുടെ മരണശേഷം ദുരന്തങ്ങളുടെ ഘോഷയാത്ര തന്നെ അവരുടെ ജീവിതത്തിലുണ്ടായി. സിനിമ അങ്ങേയറ്റം സത്യസന്ധമായി ചെയ്തു എന്നാണ് എന്റെ വിശ്വാസം. അതേക്കുറിച്ച് അറിയാവുന്ന സുഹൃത്തുക്കള്‍ എനിക്ക് ശാപം കിട്ടുമെന്നു വരെ പറഞ്ഞു. കേരളത്തിനകത്തും പുറത്തും ഫ്ളാഷ്ബാക്ക് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇന്ത്യാ ടുഡെ പോലുള്ള ഇംഗ്ലീഷ് വാരികയിലും ബോംബെ പത്രങ്ങളിലുമെല്ലാം വിവാദം കൊഴുത്തു. അന്നും പിന്നീടുമൊക്കെ ബാലുമഹേന്ദ്രയും ചിത്രത്തെ കുറിച്ച് പ്രതികരിച്ചു കണ്ടിട്ടുണ്ട്. തനിക്കൊന്നും അറിയില്ല എന്നമട്ടിലായിരുന്നു അവ. ഫ്ളാഷ്ബാക്ക് എനിക്ക് ഒരുപാട് അംഗീകാരവും പ്രശസ്തിയും നേടിത്തന്ന ചിത്രമാണ്. സിനിമയ്ക്കുള്ളിലെ സിനിമ ആദ്യമായി പ്രേക്ഷകനിലേക്കെത്തുന്നത് ഫ്ളാഷ്ബാക്കിലൂടെയാണ്. സിനിമയ്ക്കും സിനിമാക്കാര്‍ക്കും ജനങ്ങള്‍ക്കിടയില്‍ എന്നും വലിയ പ്രശസ്തിയുണ്ട്. അവരെ കുറിച്ചുള്ള ഏത് വാര്‍ത്തകള്‍ക്കും സിനിമാ പ്രേമികള്‍ കാതോര്‍ക്കുന്നു. എന്നാല്‍ സിനിമാക്കാരുടെ ലോകവും സിനിമയുടെ പിന്നാമ്പുറവും എന്നും പുറംലോകത്തിന് അജ്ഞാതമായി തുടര്‍ന്നു. ഫ്ളാഷ്ബാക്കിന്റെ വരവ് അത്തരത്തില്‍ ആഘോഷിക്കപ്പെട്ടു. ഫ്ളാഷ്ബാക്കിന് ശേഷം സിനിമയും സിനിമാക്കാരും കഥാപാത്രമായി ഏറെ സിനിമകള്‍ വന്നു. മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് ചെയ്ത "ഉദയനാണ് താരം" സിനിമയ്ക്കുള്ളിലെ സിനിമ എന്ന നിലയില്‍ എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. ഫ്ളാഷ്ബാക്ക് നല്ലപോലെ സാമ്പത്തിക നേട്ടവുമുണ്ടാക്കി.

കേരളത്തിന് പുറത്തും ആ സിനിമ നന്നായി സ്വീകരിക്കപ്പെട്ടു. മുംബൈയിലെല്ലാം വലിയ ചര്‍ച്ചയായി. അതിനു കാരണം ബോംബെയില്‍ നടന്ന ആ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയില്‍ ഫ്ളാഷ്ബാക്ക് പ്രദര്‍ശിപ്പിക്കുകയും വലിയ തോതില്‍ സ്വീകരിക്കപ്പെടുകയും ചെയ്തതാണ്. ഫ്ളാഷ്ബാക്ക് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിട്ടും ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകളൊന്നും കിട്ടാതെ പോയതിനെക്കുറിച്ച് പിന്നീട് പലരും ചോദിച്ചിരുന്നു. അതിന്റെ കാരണം എന്താണെന്ന് എനിക്ക് അറിയില്ല. അതേക്കുറിച്ചൊന്നും ഓര്‍ത്തിട്ടുമില്ല. ഇന്ത്യന്‍ പനോരമയിലും പിന്നീട് ലണ്ടന്‍ ഫെസ്റ്റിലുമൊക്കെ ലഭിച്ച അംഗീകാരം ഇപ്പറഞ്ഞതിനെക്കാളൊക്കെ വലുതാണല്ലോ. ഒരു പക്ഷേ കേരളത്തിനു പുറത്ത് ഞാനറിയപ്പെടുന്നത് ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് എന്ന സിനിമയുടെ സംവിധായകനായാണ്. അടുത്ത കാലത്ത് മുംബൈയില്‍ പോയപ്പോഴും ചിലരൊക്കെ ആ സിനിമയെക്കുറിച്ച് സംസാരിച്ചത് ആഹ്ലാദമുണ്ടാക്കി. രാജ്യത്തിനകത്തെ നിരവധി ചലച്ചിത്ര മേളകളിലും ഫ്ളാഷ്ബാക്ക് പ്രദര്‍ശിപ്പിച്ചിരുന്നു.

വിദേശ ചലച്ചിത്ര മേളകളില്‍ ഫ്ളാഷ്ബാക്കിന്റെ ആകര്‍ഷണം മറ്റു ചിലതായിരുന്നു. തെന്നിന്ത്യയിലെ സിനിമാ നഗരമായ കോടമ്പാക്കവും അവിടത്തെ സിനിമയും സിനിമാക്കാരുമെല്ലാം പശ്ചാത്തലമായതിനാല്‍ വിദേശി പ്രേക്ഷകരില്‍ പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. നമ്മുടെ സിനിമാ ലോകവും സിനിമാക്കാരുടെ രീതികളും അവര്‍ക്കിടയിലെ ബന്ധങ്ങളും എല്ലാം ആ സിനിമ അവര്‍ക്ക് കാട്ടിക്കൊടുത്തു. ലണ്ടന്‍ മേളയില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ചിത്രമായി ഫ്ളാഷ്ബാക്ക്. അവിടെനിന്നു കിട്ടിയ അംഗീകാരം വീടിന്റെ ചുമരില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലണ്ടനിലെ വളരെ പ്രശസ്തമായ മേളയാണത്. ആ വര്‍ഷം എനിയ്ക്കു പുറമെ അടൂരും മങ്കട രവിവര്‍മയും ഉള്‍പ്പെടെയുള്ളവര്‍ ആ മേളയില്‍ പങ്കെടുത്തിരുന്നു. അടൂരിന്റെ "എലിപ്പത്തായ"മാണ് മുമ്പ് ആ മേളയില്‍ പങ്കെടുത്തിട്ടുള്ളത്. ആ വര്‍ഷം എത്തിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രശംസയും അംഗീകാരവും കിട്ടിയത് ഫ്ളാഷ്ബാക്കിനായിരുന്നു. മുമ്പ് പറഞ്ഞതുപോലെ ഇന്ത്യന്‍ സിനിമയുടെ സോഷ്യോളജി എന്ന നിലയില്‍ ഏറെ ചര്‍ച്ചകളും സിനിമയെ അധികരിച്ച് ഉയര്‍ന്നുവന്നു.

*
കെ ജി ജോര്‍ജ് തയ്യാറാക്കിയത് എം.എസ്. അശോകന്‍

ദേശാഭിമാനി വാരിക 20 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നടി ശോഭയുടെ ആത്മഹത്യ തന്നെയാണ് "ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്" എന്ന സിനിമയിലേക്ക് എന്നെ എത്തിച്ചത്. എന്നാല്‍ ശോഭയുടെ മാത്രം ജീവിതത്തിലെ ദുരന്താന്ത്യമാണ് "ഫ്ളാഷ്ബാക്ക്“ എന്ന് ഞാന്‍ അവകാശപ്പെട്ടിട്ടില്ല. ഫ്ളാഷ്ബാക്കിന്റെ പ്രമേയം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. ശോഭയുടെ ജീവിതവും മരണവുമാണ് ഫ്ളാഷ്ബാക്കിെന്‍റ പ്രമേയമെന്നും അതല്ല എന്നുമുള്ള തരത്തില്‍ . സിനിമ ഇറങ്ങുന്നതിനു മുമ്പെ ആരംഭിച്ച വിവാദങ്ങള്‍ സിനിമ ഇറങ്ങിയതോടെ അതിെന്‍റ പാരമ്യത്തിലെത്തി. ശോഭയെ പോലെ സിനിമാ ലോകത്ത് ആത്മഹത്യ ചെയ്ത വേറെയും താരങ്ങളുണ്ട്. എണ്‍പതുകളുടെ ആദ്യം ശോഭയുള്‍പ്പെടെ അഞ്ച് സിനിമാതാരങ്ങള്‍ ആത്മഹത്യ ചെയ്തു. സിനിമാ രംഗത്തെ ഈ ആത്മഹത്യാ സിന്‍ഡ്രോമിനെയാണ് ഒരുതരത്തില്‍ ഫ്ളാഷ്ബാക്ക് പ്രതിഫലിപ്പിച്ചത് എന്നാണ് അന്നു നടന്ന ചര്‍ച്ചകളിലൊന്നില്‍ ഞാന്‍ പ്രകടിപ്പിച്ച അഭിപ്രായം.