Wednesday, November 2, 2011

ഐഎല്‍ഒ നല്‍കുന്ന മുന്നറിയിപ്പ്

ലോകം പൊട്ടിത്തെറിയുടെ വക്കിലാണെന്ന അന്താരാഷ്ട്ര തൊഴില്‍സംഘടന (ഐഎല്‍ഒ)യുടെ മുന്നറിയിപ്പ് വളരെ പ്രസക്തമാണ്. ആഗോളതലത്തില്‍ തൊഴിലില്ലായ്മ 20 കോടി കവിഞ്ഞുവെന്നും സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ഇത് പല രാജ്യങ്ങളെയും സാമൂഹ്യകലാപത്തിലേക്ക് നയിക്കുമെന്നുമാണ് ഐഎല്‍ഒ വിലയിരുത്തുന്നത്. അമേരിക്കന്‍ ഐക്യനാടുകളെ ബാധിച്ച അഗാധമായ പൊതു സാമ്പത്തികക്കുഴപ്പത്തില്‍നിന്ന് അതിവേഗം കരകയറാനാകുമെന്നും വീണ്ടെടുപ്പ് (റിക്കവറി) തുടങ്ങിയെന്നുമുള്ള അവകാശവാദം പൊളിഞ്ഞിരിക്കുന്നു. തകര്‍ന്ന ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും പടുകൂറ്റന്‍ വ്യവസായസ്ഥാപനങ്ങളെയുംതാങ്ങിനിര്‍ത്താന്‍ ഖജനാവില്‍നിന്ന് പണം നല്‍കിയത് തൊഴിലില്ലായ്മ പരിഹരിക്കാനോ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനോ പ്രതിസന്ധി പരിഹരിക്കാനോ പര്യാപ്തമായതല്ലെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. ബഹുരാഷ്ട്രകമ്പനികളില്‍ കൂട്ടത്തോടെ പിരിച്ചുവിടല്‍ നടക്കുമെന്നാണ് കരുതുന്നത്. പുതിയ തൊഴിലവസരം കണ്ടെത്തുന്നതിനുപകരം ഉള്ള തൊഴില്‍ നഷ്ടപ്പെടുമെന്ന നിലയാണുള്ളത്. ഇത് അമേരിക്കന്‍ ഐക്യനാടുകളില്‍മാത്രമല്ല, മറ്റു പല വികസിത മുതലാളിത്ത രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.

1929ല്‍ വികസിത മുതലാളിത്ത രാജ്യങ്ങളെ ബാധിച്ച സാമ്പത്തികക്കുഴപ്പത്തേക്കാളും ഗുരുതരമായ പൊതുപ്രതിസന്ധിയാണ് 2008ല്‍ ആരംഭിച്ചതെന്ന് ഐഎംഎഫ് പോലും വിലയിരുത്തിയത് ഓര്‍ക്കേണ്ടതാണ്. സാമ്പത്തികക്കുഴപ്പംമൂലം ദുരിതമനുഭവിക്കുന്ന ജനം തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ തുടങ്ങിയതാണ് പുതിയ സംഭവം. അമേരിക്കയുടെ സാമ്പത്തിക സിരാകേന്ദ്രമായ "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കുക" എന്ന മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഇത് അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് തോന്നുന്നു. അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളില്‍ ആരംഭിച്ച ബഹുജനസമരം ലോകവ്യാപകമായി വളരുന്നതും ശക്തിപ്പെടുന്നതുമാണ് കാണാന്‍ കഴിയുന്നത്. 951 നഗരങ്ങളിലേക്കും 82 രാജ്യങ്ങളിലേക്കും സമരം വ്യാപിച്ചു എന്നത് മുതലാളിത്തവ്യവസ്ഥയ്ക്ക് ഭീഷണിതന്നെയാണ്. പ്രക്ഷോഭകര്‍ വിളിച്ച മുദ്രാവാക്യംതന്നെ ഏറെ പുതുമയുള്ളതാണ്. അമേരിക്കയിലെ ഭരണാധികാരികള്‍ സമ്പന്നരായ ഒരു ശതമാനത്തിന്റെ താല്‍പ്പര്യം മാത്രമാണ് സംരക്ഷിക്കുന്നതെന്നും 99 ശതമാനം ജനങ്ങളുടെ താല്‍പ്പര്യം അവഗണിക്കുകയാണെന്നും പ്രക്ഷോഭകര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. "നിങ്ങള്‍ ഒരു ശതമാനം, ഞങ്ങള്‍ 99 ശതമാനം" എന്നാണ് തെരുവിലേക്കിറങ്ങിയവര്‍ വിളിച്ചുപറയുന്നത്. ഈ മുദ്രാവാക്യം ഇന്നല്ലെങ്കില്‍ നാളെ മുതലാളിത്തവ്യവസ്ഥയുടെ അന്ത്യംകുറിക്കാന്‍പോലും ഇടവരുത്തും.

ഭൂരിപക്ഷ ജനവിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയാണ് അമേരിക്ക, ബ്രിട്ടന്‍ , ഫ്രാന്‍സ് തുടങ്ങിയ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചുകൊണ്ടാണ് മുതലാളിത്തം കടുത്ത ചൂഷണവ്യവസ്ഥ നിലനിര്‍ത്തിപ്പോന്നത്. 1991ല്‍ സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് തിരിച്ചടി നേരിട്ടപ്പോള്‍ , ഇനി മുതലാളിത്തത്തിനുമാത്രമേ ഭൂമുഖത്ത് നിലനില്‍പ്പുള്ളൂ എന്ന പ്രചാരണം ശക്തമായി. മുതലാളിത്തം മാനവസമൂഹത്തിന്റെ അന്തിമദശയാണെന്നും സോഷ്യലിസവും കമ്യൂണിസവും കാലഹരണപ്പെട്ട സിദ്ധാന്തമാണെന്നും മാര്‍ക്സിസത്തിന് ഭാവിയില്ലെന്നും ഇക്കൂട്ടര്‍ ആണയിട്ടു. സാമ്പത്തികവിദഗ്ധരെന്ന് അവകാശപ്പെടുന്നവരാണ് ഈ വിവരക്കേട് എഴുന്നള്ളിച്ചത്. ഇപ്പോള്‍ സ്ഥിതി മാറി. ചാക്രികക്കുഴപ്പം, പൊതു സാമ്പത്തികക്കുഴപ്പം എന്നീ പദപ്രയോഗങ്ങള്‍ ബൂര്‍ഷ്വാ മാധ്യമങ്ങളില്‍പ്പോലും സ്ഥാനംപിടിക്കാന്‍ തുടങ്ങി. മുതലാളിത്തവ്യവസ്ഥയില്‍ സാമ്പത്തികക്കുഴപ്പം അനിവാര്യമാണെന്നുള്ള മാര്‍ക്സിസ്റ്റ് വിലയിരുത്തല്‍ ഇന്നും എന്നും പ്രസക്തമാണെന്ന് വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ 1864ല്‍ മാര്‍ക്സ് എഴുതിയ "മൂലധനം" (ദാസ് ക്യാപിറ്റല്‍) എന്ന ഗ്രന്ഥം തേടിപ്പിടിച്ച് വായിച്ചുപഠിക്കാന്‍ പാശ്ചാത്യര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. വത്തിക്കാനില്‍പ്പോലും മൂലധനം പ്രിയമുള്ള പുസ്തകമായി തീര്‍ന്നിരിക്കുന്നു. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ ജനകീയ ചൈന ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ സ്വീകരിച്ച മാര്‍ഗമാണ് മെച്ചപ്പെട്ടതെന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. മാര്‍ക്സിസം കാലഹരണപ്പെട്ട തത്വശാസ്ത്രമല്ല, മറിച്ച് അജയ്യമാണെന്ന ശരിയായ പാതയിലേക്കെത്താന്‍ ഇന്നത്തെ സാഹചര്യം പ്രയോജനപ്പെടുമെന്നത് തീര്‍ച്ചയാണ്.

ഈ സാഹചര്യത്തില്‍ വേണം ഐഎല്‍ഒയുടെ മുന്നറിയിപ്പ് വിലയിരുത്താന്‍ . ലോകം പൊട്ടിത്തെറിയുടെ വക്കിലാണ്, ഇതേനയം തുടരാനാകില്ല- എന്നതാണ് ആ മുന്നറിയിപ്പിന്റെ സാരാംശം. ഇന്ത്യക്കും ഇത് ബാധകമാണ്. ഇന്ത്യയിലെ രണ്ടു പ്രമുഖ ബൂര്‍ഷ്വാപാര്‍ടികളായ കോണ്‍ഗ്രസും ബിജെപിയും ശതകോടീശ്വരന്മാരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. ഉദാരവല്‍ക്കരണ നയമെന്നും പുത്തന്‍ സാമ്പത്തികനയമെന്നുമൊക്കെയുള്ള ഓമനപ്പേരില്‍ അറിയപ്പെടുന്ന സാമ്രാജ്യത്വ സാമ്പത്തികനയം കൂറോടെ നടപ്പാക്കാന്‍ വെമ്പല്‍കൊള്ളുന്ന പാര്‍ടികളാണ് രണ്ടും. അഴിമതിയാണ് രണ്ടിന്റെയും മുഖമുദ്ര. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനും പരിഹാരം കാണാന്‍ നിലവിലുള്ള വ്യവസ്ഥയ്ക്ക് കഴിയില്ലെന്ന് ഉറപ്പാണ്. തൊഴിലാളികള്‍ അസംതൃപ്തരാണ്. അതുകൊണ്ടുതന്നെയാണ് ദേശീയ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് ട്രേഡ് യൂണിയനുകള്‍ യോജിച്ച് പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത് പുതിയ സംഭവമാണ്. ജാതിയുടെയും മതത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും പേരില്‍ ഭിന്നിച്ചുനിന്ന ട്രേഡ് യൂണിയനുകള്‍ വര്‍ഗതാല്‍പ്പര്യം സംരക്ഷിക്കുന്നതിന് ഒന്നിച്ചുചേരുന്ന കാഴ്ചയാണ് നാം കാണുന്നത്. പാപ്പരാണെന്ന് തെളിഞ്ഞ, ഇതേവരെ തുടര്‍ന്ന നയം മാറണം. ആ നയത്തിന് പകരമായി ബദല്‍നയങ്ങളാണ് പ്രാവര്‍ത്തികമാക്കേണ്ടത്. പാപ്പരായ മുതലാളിത്തപാതയ്ക്കുപകരം സോഷ്യലിസം മാത്രമാണ് ബദല്‍ എന്ന കാഴ്ചപ്പാടിലെത്താന്‍ ഇവയെല്ലാം സഹായിക്കും.*****

ദേശാഭിമാനി മുഖപ്രസംഗം 02112011

1 comment:

വര്‍ക്കേഴ്സ് ഫോറം said...