Sunday, November 6, 2011

സോവിയറ്റ് പെരുമ സ്മരണയില്‍

സോവിയറ്റ് യൂണിയനില്‍ അര്‍ധരാത്രിപോലും പ്രാണഭയമില്ലാതെ ആര്‍ക്കും നഗരങ്ങളില്‍ സഞ്ചരിക്കാമായിരുന്നു. മാഫിയകള്‍ ഉണ്ടായിരുന്നില്ല. എണ്‍പതുകളുടെ ഒടുവില്‍പോലും കൊള്ളയും പിടിച്ചുപറിയും ഭവനഭേദനവും കൊലപാതകങ്ങളും മറ്റും അത്യപൂര്‍വമായിരുന്നു. 1991 ആയപ്പോഴേക്കും സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. യെട്സിന്റെ ഭരണകാലം തികഞ്ഞ അരാജകത്വത്തിന്റെയും അവ്യവസ്ഥയുടേതുമായിരുന്നു. വിദേശികളും സ്വദേശികളും പട്ടാപ്പകല്‍പോലും കൊള്ളയടിക്കപ്പെട്ടു. മോസ്കോ മാഫിയ സിസിലിയന്‍ മാഫിയയെ വെല്ലുന്ന മാനത്തിലേക്ക് വളര്‍ന്നു. കൊലപാതകങ്ങളും വെടിവയ്പുകളും പതിവായി. കവര്‍ച്ചകള്‍ നിത്യസംഭവമായി. ഭവനഭേദനങ്ങള്‍ വാര്‍ത്തയേ അല്ലാതായി.

അര്‍മേനിയയില്‍ ഉണ്ടായിരുന്നപ്പോള്‍ നടന്ന ഒരു സംഭവം ഓര്‍ക്കുകയാണ്. എന്റെ സുഹൃത്തും എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായിരുന്ന സഞ്ജയ് നന്ദ ഹോസ്റ്റല്‍മുറി വിട്ട് ഒരു ഫ്ളാറ്റിലായിരുന്നു താമസം. രാത്രി പത്തുമണിക്ക് ആരോ ബെല്ലടിച്ചപ്പോള്‍ അവന്‍ കതകു തുറന്നു. നാല് അര്‍മേനിയക്കാര്‍ ഫ്ളാറ്റിനകത്തേക്ക് ഇരച്ചുകയറി. എല്ലാവരുടെ കൈവശവും തോക്കുണ്ട്. ഞങ്ങളോടെല്ലാം നിലത്ത് കമഴ്ന്നു കിടക്കാന്‍ ആജ്ഞാപിച്ചു. പിന്നെ ഓരോരുത്തരുടെയും പാന്റ്സിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റുകള്‍ തപ്പി ഉള്ളതെല്ലാം എടുത്തു. പിന്നെ അമേരിക്കന്‍ ഡോളറിനുവേണ്ടിയായി അവരുടെ ആക്രോശം. സഞ്ജയ് നന്ദ വിറച്ചുകൊണ്ട് അവന്റെ കൈയില്‍ ആകെയുണ്ടായിരുന്ന 200 ഡോളര്‍ അവര്‍ക്ക് കൊടുത്തു. മേശപ്പുറത്ത് രണ്ട് കുപ്പി അര്‍മേനിയന്‍ കോന്യാക് ഉണ്ടായിരുന്നു. അതുകൂടി കൈവശപ്പെടുത്തിയതിനുശേഷമാണ് അവര്‍ പോയത്. സോവിയറ്റ് അനന്തര കാലഘട്ടത്തില്‍ അവിടെ ജീവിച്ച മിക്ക വിദേശികള്‍ക്കും ഇത്തരം എന്തെങ്കിലും തിക്താനുഭവങ്ങള്‍ പറയാനുണ്ടാവും.

ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിപ്പും കിതപ്പും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെയെങ്കിലും ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ പടിഞ്ഞാറന്‍ മുതലാളിത്ത രാജ്യങ്ങളോടൊപ്പം നില്‍ക്കാന്‍ സോവിയറ്റ് യൂണിയന് കഴിഞ്ഞിരുന്നു. 1930കളില്‍ സ്റ്റാലിന്റെ കാലത്ത് നിര്‍മാണമാരംഭിച്ച മോസ്കോ മെട്രോ ഇന്നും ഒരു എന്‍ജിനിയറിങ് വിസ്മയമാണ്. മോസ്കോയിലെ ചില മെട്രോ സ്റ്റേഷനുകള്‍ 250-300 മീറ്ററോളം താഴ്ചയില്‍ ഭൂഗര്‍ഭത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശീതയുദ്ധത്തിന്റെ ഭാഗമായി അമേരിക്കയുമായി ശാസ്ത്ര-സാങ്കേതിക വൈദഗ്ധ്യം മിലിറ്ററി-ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സില്‍ അമിതമായി കേന്ദ്രീകരിക്കപ്പെട്ടു. ആദ്യമായി ബഹിരാകാശത്തേക്ക് ഉപഗ്രഹമയച്ചതും മനുഷ്യനെ അയച്ചതും സോവിയറ്റ് യൂണിയനായിരുന്നുവല്ലോ. അമേരിക്ക ആറ്റംബോബും ഹൈഡ്രജന്‍ ബോംബും ന്യൂട്രോണ്‍ ബോംബുമുണ്ടാക്കി ഏറെ താമസിയാതെ അവരും അതെല്ലാം പരസഹായമില്ലാതെ നിര്‍മിച്ചു. എന്നാല്‍ , ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ മിലിറ്ററി-ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സില്‍ പരമാവധി പ്രയോജനപ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ക്കുവേണ്ട ഉപഭോഗവസ്തുക്കളില്‍ അവയുടെ പ്രയോഗം തീരെ നടന്നില്ല. സോവിയറ്റ് നിര്‍മിത ടെലിവിഷനാകട്ടെ, ഫ്രിഡ്ജാവട്ടെ, വിസിആര്‍ ആകട്ടെ, ക്യാമറയാകട്ടെ, കാറാകട്ടെ, സോപ്പോ, ചീപ്പോ, ടൂത്ത് ബ്രഷോ തുണിത്തരങ്ങളോ ആകട്ടെ അവയുടെ ഗുണനിലവാരം മോശമായിരുന്നു. ബുറാന്‍പോലുള്ള സ്പെയ്സ് ഷട്ടിലുകള്‍ നിര്‍മിച്ച രാഷ്ട്രത്തിന് നല്ലൊരു ടെലിവിഷന്‍ സെറ്റോ, കാറോ നിര്‍മിക്കാന്‍ കഴിഞ്ഞില്ലെന്നത് അത്ഭുതകരമായ വിരോധാഭാസമാണ്.
ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ഒഴിവുദിവസങ്ങളില്‍ വിസിആര്‍ വാടകയ്ക്കെടുത്ത് ഹിന്ദിസിനിമകള്‍ കാണാറുണ്ടായിരുന്നു. അന്നത്തെ ജാപ്പനീസ്-അമേരിക്കന്‍ വിസിആറുകളേക്കാള്‍ രണ്ടിരട്ടി വലുപ്പമുണ്ടായിരുന്നു റഷ്യന്‍ നിര്‍മിത വിസിആറിന്. അത് പൊക്കാന്‍ രണ്ടാളുകള്‍ ചേര്‍ന്ന് പിടിക്കണം. ഗോര്‍ബച്ചേവിന്റെ കാലത്ത് വിദേശനിര്‍മിത ഉപഭോഗ വസ്തുക്കള്‍ റഷ്യയിലേക്ക് പ്രവഹിച്ചുതുടങ്ങി. മോസ്കോയിലെ അര്‍ബാത്ത് റോഡിലെ ചില്ലുകൂടുള്ള കടകളില്‍ ജാപ്പനീസ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ അക്കാലത്ത് വില്‍പ്പനയ്ക്ക് വച്ചിരുന്നു. ഇവ നിറഞ്ഞ കൗതുകത്തോടെയും അത്ഭുതത്തോടെയും നോക്കിനില്‍ക്കുന്ന റഷ്യക്കാരെ കണ്ടിട്ടുണ്ട്. എല്ലാവര്‍ക്കും പാര്‍പ്പിടം, തൊഴില്‍ , ചികിത്സ സോവിയറ്റ് യൂണിയനുണ്ടായിരുന്ന കാലത്ത് റെയില്‍വേ സ്റ്റേഷനുകളിലോ ബസ്സ്റ്റാന്‍ഡുകളിലോ തല ചായ്ക്കുന്നവരെ ഒരിക്കലും കണ്ടിരുന്നില്ല.

പക്ഷേ, തകര്‍ച്ചയ്ക്കുശേഷം സ്ഥിതി മാറി. ഒരു വിഭാഗം ആളുകള്‍ തെരുവോരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. സോവിയറ്റ് യൂണിയനില്‍ പാര്‍പ്പിടവും തൊഴിലും ചികിത്സയും മൗലികാവകാശമായിരുന്നു. ബൈപാസ് സര്‍ജറിവരെ സൗജന്യമായാണ് നടത്തിക്കൊടുത്തിരുന്നത്. വിവാഹിതരാവുന്നതോടെ ദമ്പതിമാര്‍ക്ക് ഫ്ളാറ്റിന്റെ താക്കോല്‍ ലഭിച്ചിരുന്നു. ചിലപ്പോള്‍ ഇതിന് കാലതാമസം നേരിട്ടിരുന്നുവെങ്കിലും. പഠിച്ച തൊഴിലിനനുസരിച്ച ജോലിയും ഏറെക്കുറെ എല്ലാവര്‍ക്കും ലഭിച്ചിരുന്നു. ശമ്പളം അടിച്ചുപൊളിക്കാനൊന്നും എത്ര വലിയ പദവിയുള്ളവര്‍ക്കും തികയുമായിരുന്നില്ല. പക്ഷേ, പോഷകസമൃദ്ധമായ ഭക്ഷണത്തിനും വസ്ത്രത്തിനും വിനോദയാത്രകള്‍ക്കും മറ്റ് അനുബന്ധച്ചെലവുകള്‍ക്കും അത് മതിയാകുമായിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ രൂക്ഷമായ പണപ്പെരുപ്പമുണ്ടായി. 1989ല്‍ ഒരു ഡോളറിന് 10 റൂബിളായിരുന്നു വിനിമയനിരക്ക് എങ്കില്‍ 1993ല്‍ ഒരു ഡോളറിന് 5000 റൂബിളായി മാറി. 500 ഡോളര്‍ മാറ്റിയാല്‍ ഒരു ബ്രീഫ്കെയ്സില്‍ നിറയെ റൂബിള്‍ കൊണ്ടുപോകേണ്ട സ്ഥിതി. മുന്‍പ് ഒരു കിലോ കോഴിക്ക് 3 റൂബിളായിരുന്നുവെങ്കില്‍ പിന്നീടത് 8000 റൂബിളായി. ജീവിതച്ചെലവ് താങ്ങാനാവാതെ പലരും തുച്ഛമായ തുകയ്ക്ക് (5000 ഡോളര്‍ മുതല്‍ 8000 ഡോളര്‍ വരെ) തങ്ങളുടെ ഫ്ളാറ്റുകള്‍ വിറ്റുതുലച്ചു. ആ പണം തീര്‍ന്നപ്പോള്‍ പലരും തെരുവിലായി.

*
എ എം ഷിനാസ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 06 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിപ്പും കിതപ്പും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെയെങ്കിലും ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ പടിഞ്ഞാറന്‍ മുതലാളിത്ത രാജ്യങ്ങളോടൊപ്പം നില്‍ക്കാന്‍ സോവിയറ്റ് യൂണിയന് കഴിഞ്ഞിരുന്നു. 1930കളില്‍ സ്റ്റാലിന്റെ കാലത്ത് നിര്‍മാണമാരംഭിച്ച മോസ്കോ മെട്രോ ഇന്നും ഒരു എന്‍ജിനിയറിങ് വിസ്മയമാണ്. മോസ്കോയിലെ ചില മെട്രോ സ്റ്റേഷനുകള്‍ 250-300 മീറ്ററോളം താഴ്ചയില്‍ ഭൂഗര്‍ഭത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശീതയുദ്ധത്തിന്റെ ഭാഗമായി അമേരിക്കയുമായി ശാസ്ത്ര-സാങ്കേതിക വൈദഗ്ധ്യം മിലിറ്ററി-ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സില്‍ അമിതമായി കേന്ദ്രീകരിക്കപ്പെട്ടു.