Wednesday, November 16, 2011

വേണം, ന്യായാധിപര്‍ക്കും സംസ്‌കാരം അവര്‍ അമാനുഷരാണെന്ന ധാരണ മാറണം

നീതിനിഷേധിക്കപ്പെട്ടവരുടേയും നിസഹായരുടേയും അവസാന ആശ്വാസ കേന്ദ്രമായി നീതിപീഠങ്ങളെ കരുതുന്നവര്‍ ഇപ്പോഴും അനവധിയാണ്. എന്നാല്‍ നീതിപീഠങ്ങള്‍ അവരുടെ പ്രത്യാശകളെ ഇല്ലായ്മ ചെയ്യുന്നുവെന്ന് പലരും വിശ്വസിക്കുവാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കണ്‍കെട്ടിയ നീതിദേവതയ്ക്ക് മുന്നിലിരിക്കുന്ന ന്യായാധിപരില്‍ പലരും നിഷ്പക്ഷരും നിഷ്‌കളങ്കരും ന്യായപക്ഷത്തു നില്‍ക്കുന്നവരുമല്ലെന്ന് നീതിന്യായ വ്യവസ്ഥയിലുള്ളവര്‍ തന്നെ ഹൃദയവേദനയോടെ വിളിച്ചു പറയുന്നത് കോടതികളില്‍ വിശ്വാസം അര്‍പ്പിച്ചുകഴിഞ്ഞുകൂടുന്ന ജനാധിപത്യവിശ്വാസികള്‍ ഞെട്ടലോടെ കേള്‍ക്കുന്നു. ന്യായാധിപരില്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരുണ്ടെന്നും ന്യായാധിപരായിരുന്നവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അഴിമതിയിലും അപഥ സഞ്ചാരത്തിലും അഭിരമിക്കുന്ന ന്യായാധിപരെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ എത്രമേല്‍ ഒളിച്ചുവെയ്ക്കാന്‍ ശ്രമിച്ചാലും മാധ്യമ ദുഷ്പ്രഭുക്കള്‍ക്ക് മറച്ചുവയ്ക്കാനാവാത്ത സത്യമാണ് ആടയാഭരണങ്ങള്‍ ഉപേക്ഷിച്ച് പ്രത്യക്ഷപ്പെടുന്നത്. കോടതികളും ന്യായാധിപരും നിഷ്‌കളങ്കരോ നിഷ്പക്ഷരോ അല്ലെന്ന അപ്രിയ സത്യം ഇന്ത്യന്‍ ജനത കഠിന വേദനയോടെ തിരിച്ചറിയാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി.

ന്യായാധിപരും മനുഷ്യരാണ്. പക്ഷേ ആ സത്യം മറന്നുപോകുന്നത് ന്യായാധിപരാണെന്നു മാത്രം. വിചാര വികാരങ്ങള്‍ അവരെയും മഥിക്കുന്നുണ്ട്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മാണ സഭകളെയും ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട ഭരണഘടനയെയും മാനിക്കുവാന്‍ ന്യായാധിപന്‍മാര്‍ നിര്‍ബന്ധിതരാണ്. ജനാധിപത്യത്തിന്റെ മൂന്നു തൂണുകള്‍ എന്നത് പറഞ്ഞ് പറഞ്ഞ് ഒരു ക്ലീഷേ ആയി തീര്‍ന്നിട്ടുണ്ട്. പക്ഷേ ആ ക്ലീഷേയ്ക്കുള്ളിലും ഒരു മൗലികമായ സത്യം, ഒഴിവാക്കാനാവാത്ത കടമ, പാലിക്കപ്പെടേണ്ട കര്‍ത്തവ്യം നിലനില്‍ക്കുന്നുവെന്ന പരമപ്രധാന യാഥാര്‍ഥ്യം വിസ്മരിക്കപ്പെട്ടുകൂട.

ഈ മറവി ഉണ്ടാവുമ്പോഴാണ് ന്യായാധിപര്‍ തങ്ങള്‍ സാധാരണ മനുഷ്യരല്ലെന്നു കരുതുന്നതും ദന്തഗോപുരത്തില്‍ കഴിയുന്ന അസാധാരണരാണെന്ന് വിവക്ഷിക്കുന്നതും. എല്ലാ മനുഷ്യരും തങ്ങളുടെ അടിയാളരും ഏറാന്‍ മൂറികളുമാണെന്ന് അവര്‍ സങ്കല്‍പ്പിക്കും. തങ്ങള്‍ക്കുമേലല്ല നിയമനിര്‍മാണ സഭകളും എക്‌സിക്യൂട്ടീവും എന്ന് അവര്‍ വിചാരിക്കും. നിയമസഭ പാസാക്കുന്ന നിയമത്തെ, അഥവാ പാര്‍ലമെന്റ് അംഗീകരിക്കുന്ന നിയമത്തെ നിരോധിക്കുവാനും നിയന്ത്രിക്കുവാനും അവര്‍ മുതിരും. (നിയമം അംഗീകരിക്കുവാന്‍ കൈപൊക്കുന്നവര്‍ തന്നെ സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി ന്യായാധിപരുടെ ഇത്തരം അരുതാത്ത പ്രവണതകളെ ന്യായീകരിക്കുമ്പോള്‍ അരുതായ്ക ചെയ്യുന്ന ന്യായാധിപര്‍ക്ക് കരുത്തുലഭിക്കും. ഇത്തരക്കാര്‍ ജനാധിപത്യ വ്യവസ്ഥിതിയെ ദുര്‍ബലപ്പെടുത്തുകയും രാജ്യത്തെ അസ്ഥിരമാക്കുകയുമാണ് ചെയ്യുന്നത് എന്ന യാഥാര്‍ഥ്യം കാല്‍ക്ഷണത്തെ നേട്ടത്തിനുവേണ്ടി വിടുവേല ചെയ്യുന്നവര്‍ തിരിച്ചറിയുന്നില്ലെന്നതാണ് കഷ്ടം). തങ്ങളെ പിന്തുണയ്ക്കാനും ആളുണ്ടെന്നു കാണുമ്പോള്‍ അമാനുഷര്‍ എന്നു കരുതുന്ന ഒരുകൂട്ടം ന്യായാധിപര്‍ ധാര്‍ഷ്ട്യത്തിന്റെ ഗിരിശൃംഗങ്ങളിലിരുന്ന് ഗര്‍ജ്ജിക്കും. മതിമറന്ന് വിധി പ്രസ്താവങ്ങള്‍ പുറപ്പെടുവിക്കും. മനുഷ്യര്‍ പുഴുക്കളും കീടങ്ങളും ചവിട്ടിയരയ്ക്കപ്പെടേണ്ട പുല്‍ക്കൊടികളുമായി അവര്‍ക്ക് തോന്നിപ്പോവും.

എം വി ജയരാജന്റെ കോടതിയലക്ഷ്യക്കേസിലും മറ്റൊന്നല്ല പ്രകടമായത്. ജനാധിപത്യ അവകാശ സംരക്ഷണത്തിനുവേണ്ടി ശബ്ദിക്കുകയും പ്രതികരിക്കുകയും ചെയ്ത ഒരാളെ കോടതിയലക്ഷ്യത്തിന്റെ പേരില്‍ താക്കീതു ചെയ്യാം, ശിക്ഷിക്കാം. അങ്ങനെ ചെയ്താല്‍പോലും ജനാധിപത്യ അവകാശങ്ങളുടെ മേലുളള ജുഡീഷ്യറിയുടെ കടന്നുകയറ്റമാവുമത്. ഇപ്പോള്‍ സംഭവിച്ചത് മറ്റൊന്നാണ്. കടന്നുകയറ്റത്തിനുമപ്പുറം കടന്നാക്രമണവും ജനാധിപത്യ ധ്വംസനവുമാണ് ജുഡീഷ്യറി നടത്തിയിരിക്കുന്നത്. ജുഡീഷ്യല്‍ സംവിധാനത്തിന്റെ മാനാഭിമാനങ്ങള്‍ കെടുത്തുന്ന നിലയില്‍ കേരള ഹൈക്കോടതി പ്രവര്‍ത്തിച്ചുവെന്ന് ജനാധിപത്യ വിശ്വാസികളാകെ കരുതിപ്പോവുന്ന വിധി പ്രസ്താവമാണ് എം വി ജയരാജനെതിരെ ഉണ്ടായത്.
അതിരു തര്‍ക്കത്തിന്റെ പേരില്‍ അയല്‍പക്കക്കാര്‍ തമ്മില്‍ ശണ്ഠകൂടുമ്പോള്‍, അരിശം മൂത്ത് വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടില്‍ വിളിച്ചുപറയുക സ്വാഭാവികമാണ്. അത് സാധാരണ മനുഷ്യരുടെ സ്വാഭാവിക രോഷപ്രകടനമാണ്. പക്ഷേ ന്യായാധിപര്‍ ആ നിലയില്‍ തരംതാഴാന്‍ പാടില്ല. സംസ്‌കാര സമ്പന്നതയാല്‍ പ്രകീര്‍ത്തിക്കപ്പെടുന്ന കേരള ഹൈക്കോടതി അതിനേക്കാള്‍ തരംതാഴ്ന്നുപോയി എന്നതാണ് ദു:ഖകരം. അത്തരമൊരു തരംതാഴ്ചയില്‍ നിന്നു മാത്രമേ പുഴു, കീടം എന്നീ സംബോധനകള്‍ നടത്തുവാനും പൊതു പ്രവര്‍ത്തകരെ 'ഒഴിവാക്കാനാവാത്ത പിശാചുകള്‍' എന്ന് വിശേഷിപ്പിക്കുവാനും കഴിയുകയുളളൂ.

ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ ദുര്‍ഭൂതം നമ്മുടെ ന്യായാധിപരെയും പിടികൂടിയിരിക്കുന്നുവെന്ന് ന്യായമായും ശങ്കിക്കണം. പ്രതികരണത്തെയും പ്രതിഷേധത്തെയും പ്രതിരോധത്തെയും കോളനിവാഴ്ചയുടെ തലതൊട്ടപ്പന്‍മാരായിരുന്ന ബ്രിട്ടീഷുകാര്‍ ഭയപ്പെട്ടിരുന്നു. ജനങ്ങളുടെ അവകാശം ഉയര്‍ത്തിപ്പിടിച്ചവരെ അവര്‍ കാരാഗൃഹത്തില്‍ പാര്‍പ്പിച്ചു, തൂക്കുമരങ്ങള്‍ സമ്മാനിച്ചു, വെടിയുണ്ടകള്‍ കൊണ്ട് തീര്‍പ്പുകല്‍പ്പിച്ചു. കോടതികളും ന്യായാധിപരും നിയമവും അത്തരം നൃശംസതകള്‍ക്കും വേണ്ടിയുള്ളതായിരുന്നു. താല്‍ക്കാലിക വിജയം അവര്‍ക്കായിരുന്നു. പക്ഷേ അന്തിമ വിജയം ജനങ്ങളുടേതും ജനാഭിലാഷം പ്രകടമാകുന്ന പ്രക്ഷോഭങ്ങളുടേതുമായിരുന്നൂ. അലംഘനീയമായ ഈ വലിയ സത്യം മറന്നുകൊണ്ടാണ് ഇന്ന് ചില ന്യായാധിപരെങ്കിലും ബ്രിട്ടീഷ് കാലത്തില്‍ അഭിരമിച്ചുകൊണ്ട് വിധി പ്രസ്താവം പുറപ്പെടുവിക്കുന്നത്. വിധി പ്രസ്താവം നടത്തുമ്പോള്‍ നിയമത്തെ ഇത്തരം ന്യായാധിപര്‍ മാനിക്കുന്നില്ലെന്നത് മറ്റൊരു അപമാനം; ജുഡീഷ്യറിക്കും- ജനാധിപത്യത്തിനും. വെറും തടവു വിധിക്കേണ്ടതിനു കഠിനതടവു വിധിക്കുകയും വളരെ വൈകി തങ്ങള്‍ക്ക് പറ്റിയ അമളി മനസിലാക്കി തിരുത്തുകയും ചെയ്യുന്ന ന്യായാധിപര്‍ ആത്മനിഷ്ഠ താല്‍പര്യങ്ങളാണ് മുന്‍നിര്‍ത്തിയത് എന്നതില്‍ ആര്‍ക്കും ശങ്കയുണ്ടാവുകയില്ല. നിറം കെട്ടുപോകുന്നത് നീതിന്യായ വ്യവസ്ഥയുടെ ശോഭയാണെന്ന് താന്‍ പോരിമ പ്രകടിപ്പിക്കുന്ന ഇത്തരക്കാര്‍ തിരിച്ചറിയുന്നില്ലെന്നതാണ് കഷ്ടം. പാലില്‍ ഒരു തുള്ളി വിഷം വീണാല്‍ പാല്‍ വിഷലിപ്തമാവുന്നതുപോലെ ഇത്തരം പ്രതികാരദാഹികളും ഗര്‍വിഷ്ഠരും ജുഡീഷ്യറിയെ മലീമസമാക്കുകയാണെന്ന് ആരെങ്കിലും ശങ്കിച്ചാല്‍ അവരെയെങ്ങനെ കുറ്റം പറയാനാവും.

നീതി നിഷേധിക്കപ്പെടുമ്പോള്‍, മഹാഭൂരിപക്ഷം വരുന്ന മനുഷ്യരുടെ അവകാശം നിഷേധിച്ച് ഒരു ചെറുന്യൂനപക്ഷത്തെ കുബേരന്‍മാരും ധനാഢ്യരുമാക്കുമ്പോള്‍, തൊഴിലും വിദ്യാഭ്യാസവും നിരാകരിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങും, പ്രതിഷേധിക്കും, പ്രതികരിക്കും. പൊതുയോഗങ്ങള്‍ നടത്തി ജനങ്ങളോട് സംവദിക്കും. അതിനെ ഏതെങ്കിലും കോടതി ഉത്തരവിലൂടെ തടയാനാവില്ല. അങ്ങനെയെങ്കില്‍ ഗോപാലകൃഷ്ണ ഗോഖലെയ്ക്കും തിലകനും ഗാന്ധിക്കും സുഭാഷ് ചന്ദ്രബോസിനും ഭഗത്‌സിംഗിനും ചന്ദ്രശേഖര്‍ ആസാദിനും ബട്‌കേശ്വര്‍ദത്തിനും സുഖ്‌ദേവിനും അജയഘോഷിനും പി സി ജോഷിക്കും രണദിവെയ്ക്കും സുന്ദരയ്യായ്ക്കും പി കൃഷ്ണപിള്ളയ്ക്കുമൊന്നും നാടിനും ജനങ്ങള്‍ക്കും രാജ്യത്തിനുവേണ്ടി പൊരുതാനാവുമായിരുന്നില്ല.
ഇന്ത്യ പൊരുതി നേടിയതാണ് ജനാധിപത്യം. അതിന്റെ ഉപോദ്ഘടകമാണ് ജുഡീഷ്യറിയെന്ന് ധാര്‍ഷ്ട്യത്തില്‍ അഭിരമിക്കുന്ന ന്യായാധിപസിംഹങ്ങള്‍ തിരിച്ചറിയാന്‍ വൈകിക്കൂടാ. ജനങ്ങളുടെ തീര്‍പ്പുകല്‍പിക്കലിനു മുന്നില്‍, അഹന്ത പ്രകടിപ്പിക്കുന്ന ന്യായാധിപന്‍മാരുടെ വിധിപ്രസ്താവങ്ങള്‍ അപ്രസക്തമായിപ്പോവുമെന്നും അങ്ങനെവന്നാല്‍ ജുഡീഷ്യറിയുടെ വില കെടുമെന്നും അത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും വിവേകവും തിരിച്ചറിവുമില്ലാതെ പെരുമാറുന്ന ന്യായാധിപര്‍ തിരിച്ചറിയണം. അങ്ങനെയുണ്ടായാല്‍ അത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തും.

പിന്‍കുറിപ്പ്: നമ്മുടെ ഭരണഘടനയും ലജിസ്ലേച്ചറും എക്‌സിക്യുട്ടീവും ജുഡീഷ്യറിയും രൂപപ്പെട്ടതു തന്നെ നിയമലംഘന സമരങ്ങളിലൂടെയായിരുന്നു എന്നു മറക്കുന്നത് അല്‍ഷിമേഴ്‌സ് രോഗത്തെ പോലും മറികടക്കുന്നുവെന്ന് മാധ്യമ സ്വാതന്ത്ര്യം ഘോഷിക്കുന്നവരെങ്കിലും അറിയുന്നുണ്ടോ ആവോ? മാധ്യമ സ്വാതന്ത്ര്യവും സാധ്യമായത് മറ്റൊരു വഴിയിലൂടെയായിരുന്നില്ലെന്നതും ഇത്തരുണത്തില്‍ ഓര്‍മിക്കുക തന്നെ വേണം.

*
വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 16 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നീതിനിഷേധിക്കപ്പെട്ടവരുടേയും നിസഹായരുടേയും അവസാന ആശ്വാസ കേന്ദ്രമായി നീതിപീഠങ്ങളെ കരുതുന്നവര്‍ ഇപ്പോഴും അനവധിയാണ്. എന്നാല്‍ നീതിപീഠങ്ങള്‍ അവരുടെ പ്രത്യാശകളെ ഇല്ലായ്മ ചെയ്യുന്നുവെന്ന് പലരും വിശ്വസിക്കുവാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കണ്‍കെട്ടിയ നീതിദേവതയ്ക്ക് മുന്നിലിരിക്കുന്ന ന്യായാധിപരില്‍ പലരും നിഷ്പക്ഷരും നിഷ്‌കളങ്കരും ന്യായപക്ഷത്തു നില്‍ക്കുന്നവരുമല്ലെന്ന് നീതിന്യായ വ്യവസ്ഥയിലുള്ളവര്‍ തന്നെ ഹൃദയവേദനയോടെ വിളിച്ചു പറയുന്നത് കോടതികളില്‍ വിശ്വാസം അര്‍പ്പിച്ചുകഴിഞ്ഞുകൂടുന്ന ജനാധിപത്യവിശ്വാസികള്‍ ഞെട്ടലോടെ കേള്‍ക്കുന്നു. ന്യായാധിപരില്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരുണ്ടെന്നും ന്യായാധിപരായിരുന്നവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അഴിമതിയിലും അപഥ സഞ്ചാരത്തിലും അഭിരമിക്കുന്ന ന്യായാധിപരെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ എത്രമേല്‍ ഒളിച്ചുവെയ്ക്കാന്‍ ശ്രമിച്ചാലും മാധ്യമ ദുഷ്പ്രഭുക്കള്‍ക്ക് മറച്ചുവയ്ക്കാനാവാത്ത സത്യമാണ് ആടയാഭരണങ്ങള്‍ ഉപേക്ഷിച്ച് പ്രത്യക്ഷപ്പെടുന്നത്. കോടതികളും ന്യായാധിപരും നിഷ്‌കളങ്കരോ നിഷ്പക്ഷരോ അല്ലെന്ന അപ്രിയ സത്യം ഇന്ത്യന്‍ ജനത കഠിന വേദനയോടെ തിരിച്ചറിയാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി.