Tuesday, November 22, 2011

ഉന്നതനീതിപീഠം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലെ തന്നെ വിലപ്പെട്ടതാണ് അഭിപ്രായസ്വാതന്ത്ര്യവും. ഒന്ന് മറ്റൊന്നിന്റെ പേരില്‍ നിഷേധിക്കപ്പെടുന്നത് സ്വാതന്ത്ര്യം എന്ന വിശാലമായ അര്‍ഥത്തിന്റെതന്നെ നിരാകരണമാണ്. പാതയോരങ്ങളില്‍ യോഗം ചേരാനുള്ള ജനങ്ങളുടെ അവകാശം നിരോധിക്കുന്ന കേരള ഹൈക്കോടതി വിധിയെ ഈ അര്‍ഥത്തില്‍ വേണം നിരീക്ഷിക്കാന്‍ . 2010 ജൂണ്‍ 23നാണ് പാതയോരത്തെ ജാഥകളും യോഗങ്ങളും വിലക്കി ഹൈക്കോടതിവിധി വന്നത്. ആലുവാ റെയില്‍വേ സ്റ്റേഷനു മുന്നിലെ പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് ഖാലിദ് മുണ്ടപ്പള്ളി എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി അഭിപ്രായം ആരാഞ്ഞിരുന്നു. ഇതൊരു പൊതുപ്രശ്നമായതിനാല്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്നും അതിനുള്ള സാവകാശം കോടതി അനുവദിക്കണമെന്നുമായിരുന്നു മറുപടി. എന്നാല്‍ , ഈ ആവശ്യം നിരാകരിച്ച്് ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുകയായിരുന്നു.

ദൂരവ്യാപകഫലങ്ങളുണ്ടാക്കുന്ന കേസുകളില്‍ വിധി പറയുംമുമ്പ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസയക്കുകയും ആര്‍ക്കും കക്ഷിചേരാനും അഭിപ്രായം പറയാനുമുള്ള അവസരമൊരുക്കുകയും പതിവാണ്. ഇവിടെ ഹൈക്കോടതി അതുചെയ്തില്ലെന്നു മാത്രമല്ല, മൈതാനത്തല്ലാതെ നടത്തുന്ന പൊതുപരിപാടികള്‍ നിരോധിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളോട് നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെ നടത്തുന്ന പരിപാടികള്‍ തടയാനും അവരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും പൊലീസിന് അധികാരം നല്‍കി. ഉത്തരവ് രണ്ടാഴ്ചയ്ക്കകം നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തു. നിയമസഭ ഇടപെടുന്നു പൊതുജനങ്ങളെയാകെ ബാധിക്കുന്ന പ്രശ്നത്തിന്റെ എല്ലാ വശത്തെയും വിശകലനവിധേയമാക്കാതെ കോടതി തിടുക്കത്തില്‍ കൈക്കൊണ്ട നിരോധന നടപടി ജനരോഷത്തിന് കാരണമായി. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മാത്രമല്ല മത-സാമുദായിക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കാരണം ഈ കോടതിവിധി പ്രകാരം, ആറ്റുകാല്‍ പൊങ്കാലയും നബിദിന ഘോഷയാത്രയും ക്രിസ്മസ് ആഘോഷങ്ങളും ശ്രീനാരായണഗുരു ജയന്തിയുമൊക്കെ നിരോധിക്കപ്പെടും. ആലുവാ റെയില്‍വേ സ്റ്റേഷനുമുന്നിലെ യോഗങ്ങള്‍ നിയന്ത്രിക്കണം (നിരോധിക്കണം എന്നല്ല) എന്ന ഒരു വ്യക്തിയുടെ ഹര്‍ജിയിന്മേല്‍ കേരളം മുഴുവന്‍ നിരോധനം ഏര്‍പ്പെടുത്തി ഒരു കോടതി പൊതുവിധി പ്രസ്താവിക്കുക എന്നത് എത്ര ദൗര്‍ഭാഗ്യകരമാണ്. ജനങ്ങളെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്നത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോ ജനപ്രതിനിധികള്‍ക്കോ കോടതിയുടെ ഏകപക്ഷീയമായ നിലപാടിനെ അംഗീകരിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേരള നിയമസഭ 2011ലെ കേരള പൊതുപാതകള്‍ സംഘം ചേരലിനും ജാഥകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തല്‍ നിയമം പാസാക്കിയത്. പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാതെയുള്ള സഞ്ചാരത്തിനായി പൊതുപാതകള്‍ സംരക്ഷിക്കാനും ഒപ്പംതന്നെ പൊതുജനങ്ങളിലെ ഏതെങ്കിലുമൊരു വിഭാഗത്തിന് സംഘം ചേര്‍ന്ന് സഞ്ചരിക്കാനുള്ള അവകാശത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വ്യവസ്ഥചെയ്യുക എന്നതായിരുന്നു ഈ നിയമത്തിന്റെ അന്തഃസത്ത. അതായത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കാതെതന്നെ പാതയോരങ്ങള്‍ നിയന്ത്രണവിധേയമായി പൊതുപരിപാടികള്‍ക്കായി ഉപയോഗപ്പെടുത്താം എന്നര്‍ഥം.

സര്‍ക്കാര്‍ ചെയ്യേണ്ടത് കക്ഷിരാഷ്ട്രീയ വേര്‍തിരിവില്ലാതെ നിയമസഭ ഐകകണ്ഠ്യേനയാണ് ഈ നിയമം പാസാക്കിയത്. കാരണം ജനപ്രതിനിധികള്‍ക്ക് ജനങ്ങളോടാണ് ബാധ്യത. ജനങ്ങളെ പൊതുവില്‍ ബാധിക്കുന്ന പ്രശ്നത്തില്‍ നിയമനിര്‍മാണം നടത്താനുള്ള അവകാശം നിയമസഭയ്ക്കുണ്ട്. എന്നാല്‍ , നിയമസഭയുടെ ഈ അധികാരത്തിന്മേലുള്ള ജുഡീഷ്യറിയുടെ നഗ്നമായ കടന്നുകയറ്റമായിരുന്നു ഈ നിയമം സ്റ്റേ ചെയ്യാനുള്ള ഹൈക്കോടതി തീരുമാനം. യുഡിഎഫ് സര്‍ക്കാര്‍ ഇതിനെതിരെ ഒരു നടപടിയുമെടുത്തില്ലെന്നുമാത്രമല്ല ജനവികാരങ്ങള്‍ക്കെതിരെ മുഖംതിരിക്കുകയും ചെയ്തു. ജനാധിപത്യരാജ്യത്ത് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഒരുമിച്ചിരുന്ന് ഐകകണ്ഠ്യേന പാസാക്കിയ നിയമത്തെ കോടതി അട്ടിമറിക്കുമ്പോള്‍ നോക്കുകുത്തികളാകുന്നത് നിയമസഭയും ഭരണകൂടവുമാണ്. ഇവിടെ ഭരണത്തലവനായ മുഖ്യമന്ത്രി ഒരക്ഷരം ശബ്ദിക്കുന്നില്ല. സ്വാതന്ത്ര്യസമരകാലത്ത് ഇതുപോലൊരു കരിനിയമം ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നപ്പോള്‍ അതിനെ ചെറുത്തുതോല്‍പ്പിക്കാനാണ് ഗാന്ധിജി സര്‍ദാര്‍ വല്ലഭായ് പട്ടേലിനോട് ആവശ്യപ്പെട്ടത്. പൊതുനിരത്തുകളില്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചും ജാഥ നടത്തിയുമാണ് ഗാന്ധിജി സ്വാതന്ത്ര്യമെന്ന വികാരത്തെ ജനങ്ങളിലെത്തിച്ചതെന്ന കാര്യം കോടതിയും മുഖ്യമന്ത്രിയും വിസ്മരിക്കുന്നത് ചരിത്രത്തോടുള്ള അനാദരവുകൂടിയാണ്. തെറ്റ് ചെയ്തതാര്?

ജനകീയസമരത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് സിപിഐ എം സംസ്ഥാനസമിതി അംഗമായ എം വി ജയരാജന്‍ കോടതിവിധിയിലെ ജനവിരുദ്ധസ്വഭാവം ചൂണ്ടിക്കാട്ടിയത്. ഇത് കോടതിയെ ചൊടിപ്പിക്കുകയും കോടതി സ്വമേധയാ കേസെടുക്കുകയുമായിരുന്നു. ജയരാജന്‍ കോടതിയില്‍ ഹാജരായി തന്റെ ഭാഗം വിശദീകരിച്ചിരുന്നെങ്കിലും കോടതി ചെവിക്കൊണ്ടില്ല. ഇക്കാര്യത്തില്‍ ദുര്‍വാശിയോടെ പെരുമാറുകയായിരുന്നു കോടതി. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാനുള്ള അവസരംപോലും നിഷേധിച്ചാണ് വിധി പറഞ്ഞ അന്നുതന്നെ ജയരാജനെ അറസ്റ്റുചെയ്ത് തുറങ്കിലടയ്ക്കാന്‍ കല്‍പ്പിച്ചത്. കോടതിവിധികള്‍ പക്ഷപാതരഹിതമായിരിക്കണമെന്നാണ് തത്വം. ഞാന്‍ എന്ന ഭാവം കോടതിക്ക് ഉണ്ടാകാന്‍ പാടില്ല. ജയരാജന്റെ കാര്യത്തില്‍ ഇത് രണ്ടും സംഭവിച്ചില്ല. കോടതിയുടെ അന്തസ്സില്‍നിന്നു മാറിനിന്ന് വ്യക്തിപരമായ ധാര്‍ഷ്ട്യം പ്രകടിപ്പിച്ച വിധിയായിരുന്നു അത്. നീതിന്യായചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വ സംഭവം. ഈ വിധിയിലെ മോശമായ പരാമര്‍ശങ്ങളെയും അപ്പീല്‍ നല്‍കാനുള്ള സമയം അനുവദിക്കാത്തതിനെയും അസാധാരണവും ഖേദകരവുമെന്നാണ് സുപ്രീംകോടതിയിലെ ജഡ്ജിമാരായ എച്ച് എല്‍ ഗോഖലെയും ആര്‍ എം ലോധയും വിശേഷിപ്പിച്ചത്. ഉന്നതനീതിപീഠത്തിലെ ഈ ജഡ്ജിമാരുടെ നിരീക്ഷണം വിരല്‍ചൂണ്ടുന്നത് കുറ്റം ചെയ്തത് കോടതിയോ അതോ ജയരാജനോ എന്ന ചോദ്യത്തിലേക്കാണ്. ഇനി എന്ത് ?

ഉന്നതനീതിപീഠം കളഞ്ഞുകുളിച്ച നീതിന്യായവ്യവസ്ഥയുടെ അന്തസ്സും ഔന്നത്യവും സുപ്രീംകോടതി തിരിച്ചുപിടിച്ചിരിക്കുന്നുവെന്നത് ആശ്വാസകരമാണ്. എന്നാല്‍ , അവിടംകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഈ കേസില്‍ സുപ്രീംകോടതി ജയരാജനെ വെറുതെവിട്ടാല്‍ അദ്ദേഹം അനുഭവിച്ച ഒമ്പതുദിവസത്തെ തടവു ശിക്ഷയ്ക്ക് ആര് സമാധാനം പറയും. ഈ നീതിന്യായഭീകരത ഇനിയും ആവര്‍ത്തിക്കില്ലെന്ന് എന്താണുറപ്പ്?

ജനാധിപത്യസമൂഹം സജീവമായി ചര്‍ച്ചചെയ്യേണ്ട കാര്യമാണിത്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരമുള്‍പ്പെടെ ലോകമെമ്പാടും ആഗോളവല്‍ക്കരണത്തിനും ഏകാധിപത്യത്തിനുമെതിരെ വമ്പിച്ച ജനകീയപ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയാണ്. ഈ സമരമെല്ലാം അരങ്ങേറുന്നത് പൊതുനിരത്തുകളിലാണ്. അഭിപ്രായം പറയാനും പ്രതിഷേധിക്കാനുമുള്ള അവകാശത്തെയാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. പക്ഷേ, കേരളത്തില്‍ മാത്രം ഭരണകൂടവും നീതിന്യായവ്യവസ്ഥയും ചില മാധ്യമങ്ങളും ചേര്‍ന്ന് സഞ്ചാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇത് രണ്ടും ഒരുപോലെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷം.

*
എം വിജയകുമാര്‍ ദേശാഭിമാനി 22 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലെ തന്നെ വിലപ്പെട്ടതാണ് അഭിപ്രായസ്വാതന്ത്ര്യവും. ഒന്ന് മറ്റൊന്നിന്റെ പേരില്‍ നിഷേധിക്കപ്പെടുന്നത് സ്വാതന്ത്ര്യം എന്ന വിശാലമായ അര്‍ഥത്തിന്റെതന്നെ നിരാകരണമാണ്. പാതയോരങ്ങളില്‍ യോഗം ചേരാനുള്ള ജനങ്ങളുടെ അവകാശം നിരോധിക്കുന്ന കേരള ഹൈക്കോടതി വിധിയെ ഈ അര്‍ഥത്തില്‍ വേണം നിരീക്ഷിക്കാന്‍ . 2010 ജൂണ്‍ 23നാണ് പാതയോരത്തെ ജാഥകളും യോഗങ്ങളും വിലക്കി ഹൈക്കോടതിവിധി വന്നത്. ആലുവാ റെയില്‍വേ സ്റ്റേഷനു മുന്നിലെ പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് ഖാലിദ് മുണ്ടപ്പള്ളി എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി അഭിപ്രായം ആരാഞ്ഞിരുന്നു. ഇതൊരു പൊതുപ്രശ്നമായതിനാല്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്നും അതിനുള്ള സാവകാശം കോടതി അനുവദിക്കണമെന്നുമായിരുന്നു മറുപടി. എന്നാല്‍ , ഈ ആവശ്യം നിരാകരിച്ച്് ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുകയായിരുന്നു.