Thursday, November 3, 2011

ഭരണം ആഭാസമാകുമ്പോള്‍

പാമൊലിന്‍ അഴിമതിക്കേസില്‍ അന്നത്തെ ധനമന്ത്രിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്തി മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ഉത്തരവിട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആ ജഡ്ജിയെ ഭീഷണിപ്പെടുത്തി കേസ് കേള്‍ക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. അതിനും മുമ്പ്, തെരഞ്ഞെടുപ്പുഫലം വന്ന ദിവസം ചെയ്തത് വിജിലന്‍സ് ഡയറക്ടറെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ആ കള്ളത്തരം വെളിച്ചത്തായതിനെത്തുടര്‍ന്നാണ് തുടരന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ടത്. നിയമവാഴ്ചയെ പൂര്‍ണമായി അട്ടിമറിച്ചുകൊണ്ടും ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയും അപകീര്‍ത്തിപ്പെടുത്തിയും യുഡിഎഫ് ഭരണം ഇപ്പോള്‍ നിയമനിഷേധത്തിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഐക്യകേരളപ്പിറവിദിനം പ്രമാണിച്ച്, "സല്‍സ്വഭാവികളായ" തടവുകാരെ മോചിപ്പിക്കല്‍ .

തടവ് കാലത്ത് ജയില്‍ചട്ടങ്ങള്‍ പാലിച്ച്, മര്യാദസ്ഥരായി കഴിഞ്ഞവര്‍ക്കാണ് മോചനം. രണ്ട് പ്രധാന "മര്യാദസ്ഥരാണ്" വിട്ടയക്കപ്പെട്ട തടവുകാരുടെ കൂട്ടത്തിലുള്ളത്. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള, അതേ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയുടെ സഹതടവുകാരനും കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവുകൂടിയായ കരാറുകാരന്‍ പി കെ സജീവ്. അഞ്ച് കൊല്ലത്തെ കഠിനതടവും പിഴയുമനുഭവിക്കാനാണ് വിചാരണക്കോടതി ശിക്ഷിച്ചതെങ്കിലും കുറ്റവാളിയുടെ പ്രായവും കേസ് തീരാനെടുത്ത ദീര്‍ഘമായ കാലയളവും പരിഗണിച്ച് കഠിനതടവ് ഒരു വര്‍ഷം അനുഭവിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു. അതായത് നാലുവര്‍ഷത്തെ ഇളവ്. അങ്ങനെയുള്ള ബാലകൃഷ്ണപിള്ളയെ "നല്ലനടപ്പി"ന്റെ പേരില്‍ തുറന്നുവിട്ടിരിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ . 69 ദിവസത്തെ ജയില്‍വാസം, 75 ദിവസത്തെ പരോള്‍ , 88 ദിവസം സ്വകാര്യ ആശുപത്രിയിലെ പഞ്ചനക്ഷത്ര സ്യൂട്ടില്‍ സുഖവാസം. അതിനിടയില്‍ നല്ലനടപ്പായിരുന്നുവെന്ന് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. അതിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നു. തുറന്നുവിടുന്ന കാര്യം ജയില്‍ സൂപ്രണ്ട് ആശുപത്രിയിലെത്തി പിള്ളയെ അറിയിച്ചിരിക്കുന്നു. സൂപ്രണ്ടിന് യാത്ര ചെയ്യാന്‍ പിള്ള കാര്‍ ഏര്‍പ്പാടാക്കിക്കൊടുക്കുകയും ചെയ്തുവത്രേ! അതും നല്ലനടപ്പിന്റെ ഭാഗമായി കണക്കാക്കാം.

"ശിക്ഷാ"കാലയളവില്‍ നല്ലനടപ്പു കാരണം ഇളവനുവദിക്കാന്‍ തീരുമാനമെടുത്ത മന്ത്രിമാരില്‍ ബാലകൃഷ്ണപിള്ളയുടെ മകനുമുണ്ട്. നേരത്തെ, സ്വകാര്യ ആശുപത്രിവാസത്തിന് അപേക്ഷ നല്‍കിയത് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഭാര്യയായ, ബാലകൃഷ്ണപിള്ളയുടെ മകള്‍ . പരോളിലിരിക്കെ യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കുകയും പത്രസമ്മേളനം നടത്തുകയും, മന്ത്രിയായ മകനെയും കൂട്ടി മുഖ്യമന്ത്രിയെ കണ്ട് വകുപ്പ് മാറ്റിക്കൊടുക്കാന്‍ ആജ്ഞാപിച്ച് നടപ്പാക്കിയെടുക്കുകയും ചെയ്ത പുള്ളിയാണ് ബാലകൃഷ്ണപിള്ള. തടവുകാരന് ചികിത്സ വേണമെങ്കില്‍ സര്‍ക്കാരാശുപത്രിയിലെ പ്രിസണേഴ്സ് വാര്‍ഡിലാണ് പ്രവേശിപ്പിക്കേണ്ടത്. എന്നാല്‍ , സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാകുന്ന ചികിത്സ മാത്രമുള്ള സ്വകാര്യ ആശുപത്രിയിലാണ് പിള്ളയ്ക്ക് സൗകര്യമൊരുക്കിയത്. നക്ഷത്ര സൗകര്യമുള്ള സ്യൂട്ടുണ്ട് അവിടെ എന്നതാണ് പ്രത്യേകത. അവിടെ ലാന്‍ഡ്ഫോണുണ്ട്, പരിചാരകരെ കൂടെ താമസിപ്പിക്കാനും യോഗങ്ങള്‍വരെ നടത്താനും സൗകര്യമുണ്ട്. എങ്കിലും അങ്ങനെയൊരിടത്ത് തടവുകാരനെ പാര്‍പ്പിക്കുമ്പോള്‍ അത് താല്‍ക്കാലിക തടവുമുറിയായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യണം. അതുണ്ടായിട്ടില്ല. അതായത്, അവസാനം അനുവദിച്ച പരോള്‍ അവസാനിച്ച ആഗസ്റ്റ് അഞ്ചുമുതല്‍ പിള്ള സാങ്കേതികമായും പ്രായോഗികമായും ജയിലിലായിരുന്നില്ല.

ഭരണഘടനയുടെ 161-ാം വകുപ്പനുസരിച്ച് തടവുകാലത്തില്‍ ഇളവനുവദിക്കാനുള്ള സര്‍ക്കാരിന്റെ പ്രത്യേകാധികാരം പ്രയോഗിച്ച് തന്നെ വിട്ടയക്കണമെന്ന് മന്ത്രിസഭാ രൂപീകരണവേളയില്‍ത്തന്നെ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടതാണ്. തന്റെ മകന്റെ പിന്തുണ ഭരണം നിലനിര്‍ത്തുന്നതിന് ഉമ്മന്‍ചാണ്ടിക്ക് അനിവാര്യമാണെന്നതിനാല്‍ അതൊരു ഉപാധിതന്നെയായിരുന്നു. ആ ആവശ്യം ശിരസാവഹിച്ച് അന്നുമുതല്‍ പഴുതുകള്‍ തേടുകയായിരുന്നു മുഖ്യമന്ത്രി. 161-ാം വകുപ്പ് അങ്ങനെ പഴുതാക്കി ഉപയോഗിച്ചിരിക്കുന്നു. അതിന് കേരളപ്പിറവിയെ കരുവാക്കേണ്ടിയിരുന്നുവോ?

ബാലകൃഷ്ണപിള്ളയുടെ നല്ലനടപ്പ് ഭാവിയില്‍ തടവുകാരെല്ലാം മാതൃകയാക്കത്തക്ക വിധം ജയിലുകളില്‍ എഴുതി ചില്ലിട്ട് പ്രദര്‍ശിപ്പിക്കണം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ - മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ - വാല്യക്കാരായി സദാനേരവും തടവുകാരനൊപ്പം, വീട്ടില്‍നിന്ന് ഭക്ഷണം, വിളിക്കാന്‍ ലാന്‍ഡ് ഫോണും മൊബൈല്‍ ഫോണും. പിള്ള സ്വന്തം മൊബൈല്‍ ഫോണില്‍നിന്നും ഒരു മാസം പുറത്തേക്ക് വിളിച്ച കോളുകളുടെ എണ്ണം 298. താന്‍ മാനേജരായ സ്കൂളിലെ "ശത്രു" അധ്യാപകനെതിരെ വധശ്രമം നടന്ന ദിവസം ഇരുപത് കോളുകള്‍ ; സംഭവം പുറത്തറിഞ്ഞ പിറ്റേന്ന് നാല്‍പ്പത് കോളുകള്‍ . ഫോണ്‍വിളിയെപ്പറ്റി ജയില്‍ എഡിജിപി അന്വേഷിക്കുകയും കുറ്റം തെളിയുകയും 365 ദിവസത്തിനുപുറമെ നാലുദിവസം കൂടി അധിക ശിക്ഷയ്ക്ക് ഉത്തരവിടുകയും ചെയ്തു. ബാലകൃഷ്ണപിള്ള ജയില്‍ചട്ടം ലംഘിച്ച് ലാന്‍ഡ് ഫോണിലും മൊബൈല്‍ ഫോണിലും നിരന്തരം വിളിച്ചിരുന്നതായി നിയമസഭയില്‍ മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. പിള്ള വിളിച്ചതായി തെളിഞ്ഞുകഴിഞ്ഞവരുടെ കൂട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ചീഫ് വിപ്പുമെല്ലാമുണ്ട്.

ബാലകൃഷ്ണപിള്ള കിടന്ന ആശുപത്രിമുറി ജയിലായി വിജ്ഞാപനം ചെയ്യാത്തതിനാല്‍ അവിടെ വച്ച് ജയില്‍ നിയമം ലംഘിച്ചതിന് 1958ലെ ജയില്‍ നിയമമനുസരിച്ച് മാത്രമേ നടപടിയെടുക്കാനാകൂ എന്നാണ് ജയില്‍ എഡിജിപി റിപ്പോര്‍ട്ടുചെയ്തത്. എന്നാല്‍ , പിള്ളയെ ഫോണില്‍ വിളിച്ചവര്‍ക്കെതിരെ 2010ലെ ജയില്‍ നിയമമനുസരിച്ച് കേസെടുക്കുമെന്നാണ് നിലപാട്.

പരോളിലിരിക്കെ പത്രസമ്മേളനം നടത്തിയതിന് ജയില്‍സൂപ്രണ്ടിന്റെ "നല്ലനടപ്പ് നോട്ടീസ്" കിട്ടിയ ആളാണ് ബാലകൃഷ്ണപിള്ള. മൊബൈല്‍ഫോണ്‍ വിളി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ ആ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആളാണ് ബാലകൃഷ്ണപിള്ള. ഇങ്ങനെയൊക്കെയുള്ള ബാലകൃഷ്ണപിള്ളയുടെ "നല്ലനടപ്പ്" മുഖ്യമന്ത്രിയുടെ അറിവോടെയും അനുമതിയോടെയുമായിരുന്നുവെന്നതിന് തെളിവ് ഡല്‍ഹിയിലെ നിയമവിദ്യാര്‍ഥിയായ മഹേഷ് മോഹന്‍ 2011ആഗസ്ത് ഒമ്പതിന് മുഖ്യമന്ത്രിക്കയച്ച വക്കീല്‍ നോട്ടീസാണ്. "ജയിലിനകത്തുനിന്നും തന്റെ വ്യക്തിപരമായ മൊബൈല്‍ ഫോണില്‍ 9447155555 എന്ന നമ്പറില്‍നിന്ന് താങ്കളെയും ക്യാബിനറ്റ് മന്ത്രിമാരെയും ഉദ്യോഗസ്ഥപ്രമുഖരെയും നിരന്തരം ബന്ധപ്പെടുന്നു"ണ്ടെന്ന് ആ വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ആ നോട്ടീസ് മുഖ്യമന്ത്രിക്ക് കിട്ടി ഒരുമാസം കഴിഞ്ഞശേഷമുള്ള 30 ദിവസത്തിനിടയ്ക്ക് അതേ നമ്പറില്‍നിന്ന് 298 കോളുകള്‍ വിളിച്ചതായി തെളിഞ്ഞു. പിള്ള ജയില്‍ചട്ടം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. എന്നിട്ടും നിയമസഭ നടന്നുകൊണ്ടിരിക്കെ, സഭയെ അവഹേളിച്ചുകൊണ്ട് പിള്ളയെ തുറന്നുവിട്ടിരിക്കുന്നു.

പിള്ള ജയില്‍ നിയമം ലംഘിച്ച് മൊബൈല്‍ ഫോണുപയോഗിച്ചത് സംബന്ധിച്ച കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫോണില്‍ ആരെയൊക്കെ വിളിച്ചുവെന്നത് പരിശോധിക്കാന്‍ കോടതി സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടയിലാണ് നിയമവിരുദ്ധമായി പിള്ളയെ തുറന്നുവിട്ടിരിക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി. പാമൊലിന്‍ കേസില്‍ ചീഫ് വിപ്പിനെ ഇറക്കി ജഡ്ജിയെ കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു. ഇപ്പോഴിതാ ഭരണം എങ്ങനെയും നിലനിര്‍ത്താന്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷ വിധിച്ച ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കിയിരിക്കുന്നു. സുപ്രീംകോടതിയോടുള്ള അവഹേളനവും ജനാധിപത്യ മനഃസാക്ഷിയോടുള്ള വെല്ലുവിളിയുമല്ലെങ്കില്‍ മറ്റെന്താണിത്? ഭരണസ്വാധീനവും ഭരണ പങ്കാളിത്തവും പണവും പ്രതാപവുമുണ്ടെങ്കില്‍ സുപ്രീംകോടതി വിധിപോലും പ്രശ്നമല്ലെന്ന ഒരു സന്ദേശം കേരളപ്പിറവി ദിനത്തില്‍ രാജ്യത്തിന് നല്‍കിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ .

ഈ സര്‍ക്കാരിന്റെ നാറിയ മുഖം ഓരോ ദിവസവും ചാനലുകളിലൂടെ കണ്ട് ലജ്ജിക്കുകയാണ് കേരളജനത. പിള്ളയുടെ മകന്റെ മണ്ഡലമായ പത്തനാപുരത്ത് നടന്ന രാത്രി സമ്മേളനവും അതില്‍ മന്ത്രിയും ചീഫ് വിപ്പും നടത്തിയ ആഭാസപ്രസംഗവും അവരുടെ നിലവാരത്തിന് ചേര്‍ന്നതാണെങ്കിലും അവര്‍ക്ക് അംഗത്വമുള്ള നിയമസഭയ്ക്ക് അപമാനകരമാണ്. എന്തും വിളിച്ചുപറയാന്‍ പാകത്തില്‍ മുഖ്യമന്ത്രി ലൈസന്‍സ് കൊടുത്ത് വിട്ടിരിക്കുന്ന ചീഫ് വിപ്പ്, മുന്‍മന്ത്രിയും സിപിഐ എം നിയമസഭാകക്ഷി സെക്രട്ടറിയുമായ എ കെ ബാലനെ ജാതി വിളിച്ച് ആക്ഷേപിച്ചു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ അശ്ലീലവും ആഭാസവും വിളിച്ചുപറഞ്ഞു. ജാതിപ്പേര് വിളിച്ചാക്ഷേപിക്കുക, വനിതകളെ പരസ്യമായി അസഭ്യം പറയുക - ഇതെല്ലാം ചെയ്തിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. അവര്‍ പ്രസംഗം കേട്ടില്ല പോലും! ഇങ്ങനെ നെറികെട്ട് ആഭാസമായി മാറിക്കഴിഞ്ഞ ഭരണത്തിനെതിരെ അതിശക്തമായ ബഹുജന പ്രതിഷേധമുയര്‍ന്നുവരും എന്ന കാര്യത്തില്‍ സംശയമില്ല.*****


വി എസ് അച്യുതാനന്ദന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈ സര്‍ക്കാരിന്റെ നാറിയ മുഖം ഓരോ ദിവസവും ചാനലുകളിലൂടെ കണ്ട് ലജ്ജിക്കുകയാണ് കേരളജനത. പിള്ളയുടെ മകന്റെ മണ്ഡലമായ പത്തനാപുരത്ത് നടന്ന രാത്രി സമ്മേളനവും അതില്‍ മന്ത്രിയും ചീഫ് വിപ്പും നടത്തിയ ആഭാസപ്രസംഗവും അവരുടെ നിലവാരത്തിന് ചേര്‍ന്നതാണെങ്കിലും അവര്‍ക്ക് അംഗത്വമുള്ള നിയമസഭയ്ക്ക് അപമാനകരമാണ്. എന്തും വിളിച്ചുപറയാന്‍ പാകത്തില്‍ മുഖ്യമന്ത്രി ലൈസന്‍സ് കൊടുത്ത് വിട്ടിരിക്കുന്ന ചീഫ് വിപ്പ്, മുന്‍മന്ത്രിയും സിപിഐ എം നിയമസഭാകക്ഷി സെക്രട്ടറിയുമായ എ കെ ബാലനെ ജാതി വിളിച്ച് ആക്ഷേപിച്ചു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ അശ്ലീലവും ആഭാസവും വിളിച്ചുപറഞ്ഞു. ജാതിപ്പേര് വിളിച്ചാക്ഷേപിക്കുക, വനിതകളെ പരസ്യമായി അസഭ്യം പറയുക - ഇതെല്ലാം ചെയ്തിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. അവര്‍ പ്രസംഗം കേട്ടില്ല പോലും! ഇങ്ങനെ നെറികെട്ട് ആഭാസമായി മാറിക്കഴിഞ്ഞ ഭരണത്തിനെതിരെ അതിശക്തമായ ബഹുജന പ്രതിഷേധമുയര്‍ന്നുവരും എന്ന കാര്യത്തില്‍ സംശയമില്ല.