Wednesday, November 2, 2011

പരാക്രമം സ്ത്രീകളോട്

സ്ത്രീകള്‍ , വയോജനങ്ങള്‍ , ദളിതര്‍ - ഇവരോടുള്ള അതിക്രമങ്ങള്‍ പരിഷ്കൃതസമൂഹം പൊറുക്കാറില്ല. അങ്ങനെ അതിക്രമം കാട്ടുന്നവരെ സമൂഹത്തിലെ ഏറ്റവും നികൃഷ്ടരായാണ് കണക്കാക്കുക. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇത്തരം അക്രമികള്‍ക്ക് മാതൃകയാകുന്നത് ഭരണാധികാരം കൈയാളുന്നവര്‍തന്നെയാണ്. യുഡിഎഫ് സര്‍ക്കാരിലെ രണ്ടുപേര്‍ - മന്ത്രി ഗണേശ്കുമാറും ചീഫ് വിപ്പ് പി സി ജോര്‍ജും ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് സ്ത്രീകളെ അപമാനിച്ച കുറ്റവാളികള്‍ എന്ന നിലയിലാണ്.

പത്രസമ്മേളനത്തില്‍ "എനിക്കും ഒരച്ഛനുണ്ട്" എന്ന് ഗണേശ്കുമാര്‍ പറയുന്നതു കേട്ടു. അച്ഛനെ ഓര്‍ത്ത് വിഷമിക്കുന്ന ഒരമ്മയുണ്ട്, സഹോദരിയുണ്ട് എന്ന് എന്തുകൊണ്ട് പറയാന്‍ തോന്നിയില്ല. എനിക്കും ഒരു ഭാര്യയുണ്ട് എന്നെങ്കിലും പറയാമായിരുന്നു. പത്തനാപുരത്തെ ഗണേശന്റെ ആട്ടക്കഥ കണ്ടവരും കേട്ടവരുമൊക്കെ മൂക്കില്‍ വിരല്‍വച്ചുപോയി. ഇത്രയും വൃത്തികെട്ട അവസ്ഥയിലേക്ക് ഒരു ഭരണാധികാരിക്ക് അധഃപതിക്കാന്‍ കഴിയുമോ? എന്തെല്ലാം മാനസിക പ്രയാസങ്ങളുണ്ടായാലും അസഭ്യവാക്കുകള്‍ പ്രയോഗിക്കുന്ന മകനെ ന്യായീകരിക്കാന്‍ ഏതൊരമ്മയ്ക്കാണ് സാധിക്കുക? സഹോദരിമാരും ഭാര്യയും അതിന് തയ്യാറാകുമെന്നു തോന്നുന്നില്ല. വാളകംസ്കൂളിലെ അധ്യാപകന്‍ "കൈകാര്യം" ചെയ്യപ്പെടുകയായിരുന്നു എന്ന കുറ്റസമ്മതമാണ് ഗണേശ് കുമാര്‍ പത്തനാപുരം പ്രസംഗത്തില്‍ നടത്തിയത്. അതോടൊപ്പം ആക്രമിക്കപ്പെട്ട അധ്യാപകനെ അധിക്ഷേപിക്കാന്‍ ഉപയോഗിച്ച പദങ്ങള്‍ സംസ്കാര ശൂന്യത എന്ന വിശേഷണത്തെ ലജ്ജിപ്പിക്കും. സ്വകാര്യ സംഭാഷണത്തില്‍പ്പോലും പറയാന്‍ അറയ്ക്കുന്ന അത്തരം വാക്കുകള്‍ നാട് ഭരിക്കുന്ന ഒരു മന്ത്രിയില്‍നിന്ന് ഉണ്ടായതെങ്ങനെ എന്ന ജനങ്ങളുടെ സംശയത്തിന്, ആ ഗണേശിനെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്ന ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടിവരും. അല്ലെങ്കിലും, സര്‍വാദരണീയനായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ ഹീനമായ അധിക്ഷേപംകൊണ്ട് മൂടാന്‍ തുനിഞ്ഞ ഒരാളില്‍നിന്ന് മാന്യതയും മര്യാദയും പ്രതീക്ഷിക്കാനാകില്ലല്ലോ. സ്ത്രീകളോടുള്ള തന്റെ സമീപനം പ്രവൃത്തിയിലൂടെ പലകുറി വ്യക്തമാക്കിയ ഗണേശിന് ആ ചരിത്രത്തിന് അനുയോജ്യമായ ഭാഷയും കൈവന്നതില്‍ അത്ഭുതമില്ല. പക്ഷേ, അത്തരമൊരാള്‍ നാട് ഭരിക്കണോ എന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ടിവരും.

നമ്മുടെ സംസ്കാരത്തിന് തുടര്‍ച്ചയായി കളങ്കമേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയായി പി സി ജോര്‍ജ് മാറിയിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ കയറൂരിവിട്ടിരിക്കുന്ന കാളയാണ് ജോര്‍ജെന്ന് ഭരണകക്ഷിയിലെതന്നെ ഒരു പ്രമുഖ നേതാവ് ചാനലിലൂടെ വിളിച്ചുപറഞ്ഞു. അന്തസ്സില്ലാത്ത വാക്കുകളും പെരുമാറ്റവും എന്ന് മറ്റു ചിലര്‍ . ചീഫ് വിപ്പിനെ ഞങ്ങള്‍ അനുസരിക്കില്ല എന്ന് ഭരണകക്ഷി എംഎല്‍എമാര്‍ യോഗത്തില്‍ . സാഷ്ടാംഗം മാപ്പ് പറഞ്ഞ് തടിയൂരി എന്നും വാര്‍ത്ത. ഇതുകൊണ്ടെങ്കിലും പാഠം പഠിക്കാന്‍ ചീഫ് വിപ്പ് തയ്യാറാകുമോ?

മഹാഭാരതത്തിലെ പാഞ്ചാലീ വസ്ത്രാക്ഷേപംപോലെയായി വാച്ച് ആന്‍ഡ് വാര്‍ഡ് രജനിക്കെതിരായ ജോര്‍ജിന്റെ വാക്കുകള്‍ . പൊതുസ്ഥലത്ത് ഒരു ചെറുപ്പക്കാരിയെ ഇത്തരം വൃത്തികെട്ട വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കാന്‍ ജോര്‍ജിനല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിയുമെന്നു തോന്നുന്നില്ല. ഈ അധിക്ഷേപം കേട്ട് ആര്‍ത്തട്ടഹസിക്കാന്‍ കുറച്ച് ശിങ്കിടികളും. പാവം രജനി. നിയമസഭയ്ക്കകത്ത് മന്ത്രിമാര്‍ വിളിച്ചുപറഞ്ഞത് ശരിയാണെന്നു വരുത്താന്‍ രജനിക്ക് കള്ളം പറയേണ്ടിവന്നു. വീല്‍ചെയറില്‍ ഇരുത്തിക്കൊണ്ടു പോകാമെന്ന് നിര്‍ബന്ധിച്ചു പറഞ്ഞാല്‍ എന്തു ചെയ്യും? ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കണം എന്ന് നിര്‍ബന്ധിച്ചാല്‍ എന്തു ചെയ്യും? വനിതാ ഡോക്ടറെത്തന്നെ കൊണ്ടുവരാനും വീല്‍ചെയര്‍ കൊണ്ടുവരാനും ആശുപത്രിയില്‍ അഡ്മിഷന്‍ വാങ്ങാനുമൊക്കെ ചീഫ് വിപ്പ് അടക്കമുള്ളവര്‍ ചുറ്റും നിരന്നപ്പോള്‍ രജനിയും ആലോചിച്ചില്ല, ഇത് ഇങ്ങനെ ഒരു പുലിവാലാകുമെന്ന്. ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകര്‍ വന്നു. രജനി പലരോടും പലതാണ് പറഞ്ഞത്. സ്വാഭാവികമായി സഭയില്‍ നടക്കുന്ന രംഗങ്ങളല്ലാതെ മറ്റൊന്നും അവിടെ നടന്നില്ല എന്ന് നന്നായി അറിയാവുന്ന വ്യക്തി രജനിതന്നെയാണ്. എന്നാല്‍ , സര്‍ക്കാരിന്റെ സമ്മര്‍ദമോ അതോ മന്ത്രിമാരെയും ചീഫ് വിപ്പിനെയും പേടിച്ചോ, അതുമല്ല കോണ്‍ഗ്രസുകാരനായ സ്വന്തം സഹോദരന്റെ പ്രേരണമൂലമോ എന്തോ രജനി ആദ്യം പറഞ്ഞതല്ല പിന്നീട് പറഞ്ഞത്.

ജോര്‍ജ് തന്റെ പ്രസംഗത്തില്‍ എന്തിനാണ് എ കെ ബാലനുമേല്‍ അധിക്ഷേപം ചൊരിഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. "പട്ടികജാതിക്കാരനായ ബാലനെ ഞാന്‍ ഒന്നും പറയുന്നില്ല" എന്ന് പറഞ്ഞുകൊണ്ട് പിന്നീട് പ്രയോഗിച്ച വാക്കുകള്‍ ഓരോന്നും എ കെ ബാലനെ ക്രൂരമായി അധിക്ഷേപിക്കുന്നതായിരുന്നു. അഹങ്കാരം തലയ്ക്കു പിടിച്ച ഒരാളുടെ പട്ടികജാതിക്കാരോടുള്ള നിന്ദയും വെറുപ്പും തികട്ടിവന്നതായിട്ടു മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ വ്യക്തിയെ "പൊട്ടാ" എന്നു വിളിച്ച് അപമാനിച്ചാല്‍ മന്ത്രിപദവിയുള്ള ചീഫ് വിപ്പിനെ ആ സ്ഥാനത്ത് നിലനിര്‍ത്താന്‍ ഏതെങ്കിലും രാഷ്ട്രീയ നേതൃത്വത്തിനോ ഭരണനേതൃത്വത്തിനോ കഴിയുമോ? പട്ടികജാതിയില്‍പ്പെട്ടവരോട് തനിക്ക് വലിയ സ്നേഹമാണെന്നു തെളിയിക്കാന്‍ ചാനലിലൂടെ ജോര്‍ജ് വിളിച്ചുപറഞ്ഞത് അതിലേറെ അപമാനം. തന്റെ വീട്ടുജോലിക്കായി നിര്‍ത്തിയിരിക്കുന്നവരെല്ലാം പട്ടികജാതിയില്‍പ്പെട്ടവരാണെന്ന്. ഇതിന്റെ വ്യംഗ്യാര്‍ഥം മനസ്സിലാക്കാന്‍ പാഴൂര്‍പടിവരെയൊന്നും പോകേണ്ടതില്ല. എസ്സി വിഭാഗത്തില്‍പ്പെട്ടവരെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കുകയാണ് ചെയ്തത്. സാമാന്യമര്യാദയുടെയും സംസ്കാരത്തിന്റെയും അതിര്‍വരമ്പുകളെല്ലാം ലംഘിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ ജോര്‍ജിനെ പുറത്താക്കാന്‍ ഇനിയും വൈകിക്കൂടാ.

പ്രസംഗത്തില്‍ ജോര്‍ജ് ഐഷപോറ്റി എംഎല്‍എയെയും വലിച്ചിഴച്ചു; ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി. ഇവര്‍ക്ക് ഐഷപോറ്റിയോടെന്താ ഇത്ര വിദ്വേഷം? 40 കൊല്ലം കൊട്ടാരക്കരയിലെ പഞ്ചായത്ത് പ്രസിഡന്റായും എംഎല്‍എയായും മന്ത്രിയായും ഇരുന്ന് ഭരിച്ച ബാലകൃഷ്ണപിള്ള തോല്‍വി എന്താണെന്ന് അറിഞ്ഞത് ഐഷപോറ്റിയോട് ഏറ്റുമുട്ടിയപ്പോഴാണ്. രണ്ടാംവട്ടവും ഐഷപോറ്റി വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ നഷ്ടബോധംകൊണ്ടുള്ള കലിതുള്ളലാണ് ഇവരുടെ പ്രസംഗങ്ങളില്‍ കേള്‍ക്കുന്നത്. ഇനിയെങ്കിലും ഐഷപോറ്റിയുടെ വിജയം സമ്മതിച്ചുകൊടുക്കാനുള്ള സാമാന്യ മര്യാദ കാണിക്കണം.

പൊതുയോഗങ്ങളില്‍ പുളിച്ച തെറി വിളിച്ചുപറഞ്ഞ് നടക്കുന്ന വൃത്തികെട്ട സംസ്കാരം കൊട്ടാരക്കരയില്‍ ഇനി അനുവദിച്ചുകൊടുക്കുമെന്ന് കരുതേണ്ട. ഭരണത്തലപ്പത്തിരിക്കുന്ന ഈ രണ്ടുപേരെയും നിലയ്ക്കു നിര്‍ത്താന്‍ കെല്‍പ്പുള്ള ആരും യുഡിഎഫ് നേതൃത്വത്തില്‍ ഇല്ലാതായിപ്പോയോ? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സാധിക്കില്ലെന്ന് ഇതിനകം അദ്ദേഹം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രി പത്രക്കാരോട് പറയുന്നതു കേട്ടു, "എനിക്കിതു മാത്രമല്ല പണി" എന്ന്. അത് ശരിയാണ്. അദ്ദേഹം അഞ്ചുമാസമായി ഓടിക്കൊണ്ടിരിക്കുകയാണ്. അഞ്ചുവര്‍ഷം ഓടേണ്ടിവരില്ലെന്ന് നന്നായറിയാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബഹുദൂരം ഓടി വേണ്ടത് നേടിയെടുക്കണം- ആ ഒറ്റ ലക്ഷ്യംമാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. കേരളത്തിലെ സ്ത്രീകള്‍ക്ക് പക്ഷേ ഇത് സഹിച്ചുനില്‍ക്കാനാകില്ല. ഭരണാധികാരികളാല്‍ അപമാനിക്കപ്പെടാനുള്ളതല്ല സ്ത്രീത്വം.

*****

പി കെ ശ്രീമതി, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...