Friday, November 25, 2011

സുരക്ഷവേണം മുല്ലപ്പെരിയാറിനും ജനങ്ങള്‍ക്കും

മുല്ലപ്പെരിയാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലക്ഷക്കണക്കിനു മനുഷ്യരെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന മുല്ലപ്പെരിയാറിന്റെ നിലവിലെ സ്ഥിതിയാണ് ആശങ്കപ്പെടുത്തുന്നത്. ഒന്നര നൂറ്റാണ്ടുപിന്നിട്ട അണക്കെട്ടിന്റെ ബലക്ഷയമാണിപ്പോള്‍ ചര്‍ച്ച. ഇടുക്കിയിലെ തുടര്‍ഭൂചലനവും അണക്കെട്ടിന്റെ ബലക്ഷയവും കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഡാം തകര്‍ന്നാല്‍ മധ്യകേരളത്തിലെ നാലു ജില്ലകള്‍ ഇല്ലാതാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ ഇതു ധാരാളം മതി. അണക്കെട്ടില്‍ പലയിടത്തും വലിയ വിള്ളലുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ അടിയന്തരമായി അണക്കെട്ട് പുതുക്കിപ്പണിയാത്ത പക്ഷം വന്‍ ദുരന്തമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അടുത്തിടെ ഇടുക്കി ജില്ലയിലെ പലയിടങ്ങളിലുമുണ്ടാകുന്ന ഭൂചലനങ്ങള്‍ കുടുതല്‍ ആശങ്കയുളവാക്കുന്നു. രണ്ടു സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന അണക്കെട്ടിന്റെ തകര്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് ആനന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പല തവണ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു. ഇതുവരെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല.

നിര്‍മാണ വേളയില്‍ 50 വര്‍ഷത്തെ ആയുസ് കല്‍പിച്ച അണക്കെട്ട് ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 1886 ഒക്ടോബര്‍ 29നാണ് അണക്കെട്ട് നിര്‍മിക്കാന്‍ തിരുവിതാംകൂറിനു വേണ്ടി ദിവാന്‍ രാമയ്യങ്കാറും ബ്രിട്ടീഷ് പ്രസിഡന്‍സിക്കായി മദിരാശി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിങ്ടണും പാട്ടക്കരാര്‍ ഒപ്പിട്ടത്. തിരുവിതാംകൂര്‍ ദിവാന്‍ മാധവറാവുവിന് മദ്രാസ് പ്രസിഡന്‍സി 1862 സെപ്തംബറിലാണ് ആദ്യ കത്തെഴുതിയത്. പദ്ധതിയുടെ ലാഭം തുല്യമായി പങ്കിടണമെന്നും 1863 ജനുവരി 14ന് ദിവാന്‍ മറുപടി നല്‍കി. എഞ്ചിനീയര്‍ ബാര്‍ട്ടണ്‍ പ്രോജക്ട് നല്‍കി. 1882 മാര്‍ച്ച് 20ന് ദിവാന്‍ പേഷ്കാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഡാം നിര്‍മാണം തിരുവിതാംകൂറിന് ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. കരാറിന് വിശാഖം തിരുനാള്‍ രാമവര്‍മ ആദ്യം തായറായില്ല. ഭീഷണിയിലൂടെയാണ് തിരുവിതാംകൂറിനെ ഒപ്പിടുവിച്ചത്. 99 വര്‍ഷമാണ് കരാര്‍ കാലാവധിയെങ്കിലും പാട്ടക്കരാര്‍ 999 വര്‍ഷമാണ്. വീണ്ടും 999 വര്‍ഷത്തേക്ക് പുതുക്കണം. 155 അടി ഉയരമുള്ള അണക്കെട്ടിന് പദ്ധതിയുണ്ടാക്കി. താഴെ 115.57 അടിയും മുകളില്‍ 12 അടി വീതിയിലും ചുണ്ണാമ്പ്, സുര്‍ക്കി, കല്ല് എന്നിവ കൊണ്ട് നിര്‍മിക്കാന്‍ പദ്ധതി തയാറാക്കി. 42.26 ലക്ഷം രൂപയായിരുന്നു നിര്‍മാണ ചെലവ്. നിര്‍മാണ കാലത്ത് ലോകത്തിലെ ഉയരം കൂടിയ അണക്കെട്ടുകളില്‍ ഒന്നായിരുന്നു ഇത്.

ഈ വര്‍ഷം ജൂലൈ മുതല്‍ തുടര്‍ച്ചയായി ഇവിടെ ഭൂചലനങ്ങളുണ്ടാവുകയാണ്. നെടുങ്കണ്ടം, തോപ്രാംകുടി, കുളമാവ്,മേലുകാവ്,കണ്ണമ്പടി,പാറത്തോട്,ഇളുപ്പൂണി,വാഗമണ്‍ ,കോട്ടമല,എന്നിവിടമാണ് പ്രഭവകേന്ദ്രങ്ങള്‍ . ഇടുക്കി ആര്‍ച്ച് അണക്കെട്ടിനു പുറമെ ചെറുതോണി,കുളമാവ് അണക്കെട്ടുകള്‍ ഉള്‍പ്പെടുന്ന ഇടുക്കി ജലസംഭരണി 60 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നു. അണക്കെട്ടിെന്‍റ ഭാഗത്ത് 540 അടി ഉയരത്തില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു. മുല്ലപ്പെരിയാര്‍ , കുണ്ടള, മാട്ടുപ്പെട്ടി,പള്ളിവാസല്‍ ,ചെങ്കുളം,പൊന്‍മുടി,കല്ലാര്‍കുട്ടി,ആനയിറങ്കല്‍ ,ലോവര്‍പെരിയാര്‍ ,കല്ലാര്‍ ,ഇരട്ടയാര്‍ ,മലങ്കര എന്നിവയാണ് ജില്ലയിലെ പ്രധാന അണക്കെട്ടുകള്‍ . ഒരു ചെറിയ സമുദ്രത്തില്‍ ഉണ്ടാകാവുന്നത്ര വെള്ളമാണ് ഈ അണക്കെട്ടുകളില്‍ കെട്ടി നിര്‍ത്തിയിരിക്കുന്നത്.എല്ലാ അണക്കെട്ടിലുമായി ഏകദേശം 100 ചതുരശ്രകിലോമീറ്ററോളം ഭൂഭാഗം വെള്ളം നിറഞ്ഞ് നില്‍ക്കുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 2000 അടിയിലധികം ഉയരത്തിലാണ് ഈ ഭീമന്‍ ജലസംഭരണികളെല്ലാം സ്ഥിതി ചെയ്യുന്നത്.

10 വര്‍ഷത്തിനുള്ളില്‍ ഈ അണക്കെട്ടുകളുടെ 50 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ റിച്ചര്‍സ്കെയിലില്‍ 5 വരെ തീവ്രതയുള്ള ചലനങ്ങള്‍ ഉണ്ടായി. അണക്കെട്ടുകളുടെ ആധിക്യമാണ് ഭൂകമ്പം കൂടാന്‍ കാരണമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. 1342ല്‍ നേര്യമംഗലം പ്രഭവ കേന്ദ്രമായും 1875 ല്‍ പാലക്കാടു കേന്ദ്രമായും 2 വന്‍ ഭൂകമ്പങ്ങള്‍ ഉണ്ടായതായി രേഖകളിലുണ്ടെങ്കിലും കേരളം ഭൂകമ്പ സാധ്യതയില്ലാത്ത പ്രദേശമാണെന്നായിരുന്നു പൊതുവെ വിലയിരുത്തിയിരുന്നത്. കേരളം സോണ്‍ മൂന്നിലാണെന്നും റിച്ചര്‍ സ്കെയിലില്‍ 6.5 വരെയുള്ള ചലനങ്ങള്‍ ഉണ്ടാകാമെന്നും സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇനിയും തീവ്രത കൂടിയാല്‍ ഡാമിന്റെ കാര്യം അപകടമാവുമെന്നുറപ്പാണ്. ഡാം സുരക്ഷിതമാണെന്നും പുതിയ അണക്കെട്ട് ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ജയലളിത പറഞ്ഞു. രണ്ടു സംസ്ഥാനങ്ങള്‍ക്കുമിടയിലെ ആശയക്കുഴപ്പങ്ങളും അഭിപ്രായവ്യത്യാസങ്ങളും രമ്യമായി പരിഹരിക്കുകയാണ് വേണ്ടത്. ഇതിന് കക്ഷി, ദേശ, ഭേദമില്ലാത്ത കൂട്ടായ്മ വേണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടണം.

അണക്കെട്ട് നിലവില്‍ സുരക്ഷിതമാണെന്ന് കാണിക്കാന്‍ തമിഴ്നാട് ചോര്‍ച്ചയടയ്ക്കല്‍ നടത്തുന്നുണ്ട്. പ്ലാസ്റ്ററിങ് ഇളകിയതും ഇരുമ്പുകമ്പികള്‍ തുരുമ്പിച്ചുവളഞ്ഞ് പുറത്തേക്കു തള്ളിയത് കേരളം ചിത്രങ്ങള്‍ സഹിതം കേന്ദ്ര സര്‍ക്കാരിനെയും സുപ്രീം കോടതിയെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ചോര്‍ച്ചമൂലം ബേബി ഡാമിന്റെ പിന്‍ഭിത്തിയില്‍ മരങ്ങള്‍ വളര്‍ന്നുനിന്നത് നേരത്തെ ഇവിടം സന്ദര്‍ശിച്ച സംസ്ഥാന സര്‍ക്കാരിന്റെ മുല്ലപ്പെരിയാര്‍ സെല്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിന്റെ നിലപാടുകള്‍ അന്നത്തെ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉന്നതാധികാര സമിതിയെയുംബോധ്യപ്പെടുത്തി. ഇതുവരെ വെള്ളത്തിനടിയിലുള്ള അണക്കെട്ടിന്റെ ഭാഗം പൂര്‍ണ്ണമായി പരിശോധിക്കാനും കഴിഞ്ഞില്ല. വെള്ളത്തിനടിയിലുള്ള അണക്കെട്ടിന്റെ ഭാഗം പരിശോധിക്കുന്നതിന് "അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രഫി" ഉപയോഗിക്കാനാകുമെന്ന് മുല്ലപ്പെരിയാര്‍ സെല്‍ സമിതി കണ്ടെത്തിയിരുന്നു. ഇത് ഇടുക്കി അണക്കെട്ടില്‍ ചെയ്തിട്ടുണ്ട്. ചോര്‍ച്ച അറിയുന്നതിന് ആധുനിക സങ്കേതമായ "ഐസോടോപ്പ് പഠനവും" ഉപയോഗിക്കാം. ഇത് തമിഴ്നാട് ആളിയാര്‍ ഡാമില്‍ ചെയ്തിട്ടുണ്ട്.

കേരളത്തിന്റെ നിര്‍ദേശമായ പുതിയ അണക്കെട്ടിനോട് തമിഴ്നാട് യോജിക്കുന്നേയില്ല. ചെലവു മുഴുവന്‍ വഹിച്ച് പുതിയ അണക്കെട്ടുണ്ടാക്കാമെന്ന് കേരളസര്‍ക്കാര്‍ സമിതിയെ അറിയിച്ചിട്ടുണ്ട്. തമിഴ്നാടിന് ആവശ്യമുള്ളത്ര ജലം കൊടുക്കാന്‍ തയ്യാറുമാണ്. "കേരള പെരിയാര്‍ ഡാം" എന്ന പേരില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ വിദഗ്ധ സംഘം രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു. എര്‍ത്ത് ഡാമിനോട് ചേര്‍ന്നുള്ള ബേബി ഡാം അണക്കെട്ടിന്റെ 104 അടി ഉയരത്തില്‍ നിന്നാണ് അടിത്തറ പണിതിട്ടുള്ളത്. ഇവിടെ നിന്നും പത്ത് അടി കൂടി താഴ്ത്തി 94 അടി വരെ കുഴിച്ചുമാറ്റുക, അതല്ലെങ്കില്‍ നിലവിലുള്ള അണക്കെട്ടിന്റെ മറ്റൊരു വശത്തുള്ള സ്പില്‍വേ 30 അടി വീതിയിലും 40 അടി ആഴത്തിലും കുഴിയെടുത്ത് വെള്ളം കടത്തിവിടുക എന്നീ നിര്‍ദേശങ്ങളാണ് സംഘം മുന്നോട്ടുവയ്ക്കുന്നത്. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള സര്‍വെ നടപടി പൂര്‍ത്തിയായി.കേരളവും തമിഴ്നാടും 1979 ല്‍ സംയുക്ത സര്‍വെ നടത്തി കണ്ടെത്തിയ സ്ഥലംതന്നെയാണ് പുതിയ സര്‍വെയിലും കണ്ടെത്തിയത്. പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ പഴയ അണക്കെട്ട് പൊളിച്ച് നീക്കും. അണക്കെട്ട് ഭൂകമ്പ സാധ്യതയുള്ള മേഖലയിലായതിനാല്‍ ഭൂചലനത്തില്‍ ദുര്‍ബലമായ പഴയ അണക്കെട്ട് തകര്‍ന്നാല്‍ പുതിയ അണക്കെട്ടിനെ എങ്ങിനെ ബാധിക്കും എന്ന് വിദഗ്ധരുടെ ഉപദേശം തേടണം.

ഇനിയൊരു ആശങ്കക്ക് വഴിയില്ലാത്ത വിധം പിഴവില്ലാത്തൊരു പരിഹാര മാര്‍ഗമാണ് നമുക്കാവശ്യം. പഴിചാരിയും കുറ്റപ്പെടുത്തിയുമല്ല; കൂടിയാലോചനകളിലൂടെ ഉരുത്തിരിയുന്ന സമഗ്രമായ ശാസ്ത്രീയമായ പരിഹാരം. സമചിത്തതയോടെ, വിവേകത്തോടെ ഇതിനെ സമീപിക്കുകയും വേണം.

*
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇനിയൊരു ആശങ്കക്ക് വഴിയില്ലാത്ത വിധം പിഴവില്ലാത്തൊരു പരിഹാര മാര്‍ഗമാണ് നമുക്കാവശ്യം. പഴിചാരിയും കുറ്റപ്പെടുത്തിയുമല്ല; കൂടിയാലോചനകളിലൂടെ ഉരുത്തിരിയുന്ന സമഗ്രമായ ശാസ്ത്രീയമായ പരിഹാരം. സമചിത്തതയോടെ, വിവേകത്തോടെ ഇതിനെ സമീപിക്കുകയും വേണം