Tuesday, November 15, 2011

കിംഗ്ഫിഷറിനെ രക്ഷിക്കല്‍ രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും ചിലവിലാവരുത്

ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ പുതുമഴയില്‍ ആര്‍ത്തലച്ചു വളര്‍ന്നുവന്ന മറ്റൊരു കോര്‍പറേറ്റ് സാമ്രാജ്യംകൂടി ആടി ഉലയുന്നു. ഇത്തവണ അത് കോര്‍പ്പറേറ്റ് ആര്‍ഭാടത്തിന്റെയും ഔദ്ധത്യത്തിന്റെയും പ്രതീകമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന സാക്ഷാല്‍ വിജയ് മാല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സാണ്. പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഉള്‍പ്പെട്ട പതിമൂന്നു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് 6500 ല്‍പരം കോടി രൂപക്കാണ് കിംഗ്ഫിഷര്‍ കടപ്പെട്ടിരിക്കുന്നത്. സാമ്പത്തിക തകര്‍ച്ച നേരിടുന്ന പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൈലറ്റുമാരുള്‍പ്പെടെ അനവധി ജീവനക്കാര്‍ കമ്പനി വിട്ടു. 350 ല്‍ അധികം സര്‍വീസ് നടത്തുന്നുവെന്നവകാശപ്പെട്ടിരുന്ന കിംഗ്ഫിഷര്‍ ദിനംപ്രതി സര്‍വീസുകള്‍ നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്നു. ഇതിനകം അമ്പതിലേറെ സര്‍വീസുകള്‍ ഇത്തരത്തില്‍ നിര്‍ത്തലാക്കിക്കഴിഞ്ഞു. 'ഇത് സ്വതന്ത്ര വിപണി സമ്പദ്ഘടനയാണ്. ആരു ചത്താലും അവര്‍ ചാവട്ടെ. ജീവനക്കാരുടെയോ ഉപഭോക്താക്കളുടെയോ പേരില്‍ ഒരു സ്വകാര്യ കമ്പനിയേയും ജാമ്യത്തിലെടുക്കുന്നത് യുക്തിക്കു നിരക്കുന്നതല്ല, ഉദാരവല്‍ക്കരണകാലത്തെ കോര്‍പ്പറേറ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ആകെത്തുകയാണ് കിംഗ്ഫിഷര്‍ പ്രതിസന്ധിയെപ്പറ്റി മറ്റൊരു കോര്‍പ്പറേറ്റ് ഭീമന്‍ രാഹുല്‍ ബജാജിന്റെ പ്രതികരണം.

കിംഗ്ഫിഷറിനെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ ഗവണ്‍മെന്റും ബാങ്കുകളും രംഗത്തുവരണമെന്ന മുറവിളി അവിടവിടെയായി ഉയരുന്നുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ക്കുള്ള ബാധ്യതകള്‍ ഓഹരികളായി പരിവര്‍ത്തനപ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ രാജ്യത്തെ ഏറ്റവും വലിയ മദ്യവ്യവസായവും അളവറ്റ റിയല്‍ എസ്റ്റേറ്റ് സമ്പത്തും മറ്റ് നിരവധി അമൂല്യ ആസ്തികളും കയ്യാളുന്ന ഒരു കോര്‍പ്പറേറ്റ് സാമ്രാജ്യത്തിന്റെ ഒരു ഘടകത്തിനുണ്ടായ പ്രതിസന്ധി രാഷ്ട്രത്തിന്റെമേല്‍ കെട്ടിഏല്‍പ്പിക്കാനാണ് ശ്രമം. രാഷ്ട്രപതാകാ വാഹക കമ്പനിയായ എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ക്ക് വേതനംപോലും നല്‍കാന്‍ കഴിയാത്ത പ്രതിസന്ധിയിലുഴലുമ്പോഴാണ് കിംഗ്ഫിഷറിനെ തകര്‍ച്ചയില്‍ നിന്നു കരകയറ്റാനുള്ള ഈ വ്യഗ്രത. കിംഗ്ഫിഷറിന്റെ ഇന്നത്തെ പ്രതിസന്ധി ലഘൂകരിക്കാന്‍ നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ ഇതിനകം നടത്തിയ വായ്പ, പുനര്‍ഘടന തന്നെ സാധാരണ പൗരന്മാരെ ഞെട്ടിപ്പിക്കുന്നതാണ്. 7,651 കോടിരൂപയുടെ വായ്പാ പുനര്‍ഘടനയിലൂടെ കിംഗ്ഫിഷറിനുണ്ടായ നേട്ടം 1,643 കോടി രൂപയുടെതാണ്.

ഉദാരവല്‍ക്കരണ നയങ്ങള്‍ മൂലധനത്തെ കെട്ടഴിച്ചുവിടുമെന്നും അത് സാമ്പത്തിക വളര്‍ച്ചയില്‍ വന്‍കുതിപ്പിനു വഴിയൊരുക്കുമെന്നുമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗടക്കം ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളും പ്രയോക്താക്കളും ഇന്ത്യന്‍ ജനതയെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. സത്യം കമ്പ്യൂട്ടേഴ്‌സ് ഇന്ത്യന്‍ ജനതയേയും നിക്ഷേപകരേയും ഗവണ്‍മെന്റിനെ തന്നെയും കബളിപ്പിച്ച് രംഗത്ത് നിന്നും നിഷ്‌ക്രമിച്ചതിന്റെ ഓര്‍മകള്‍ പച്ചപിടിച്ചു നില്‍ക്കുകയാണ്. ഉദാരവല്‍ക്കരണത്തിന്റെ മറ്റൊരു സന്തതിയായ അഴിമതി 2 ജി സ്‌പെക്ട്രം, എസ്ബാന്‍ഡ് സ്‌പെക്ട്രം തുടങ്ങി ഖജനാവിനും രാഷ്ട്രത്തിനുമുണ്ടാക്കിയ മുറിവുകള്‍ നമുക്ക് മുന്നില്‍ ചോരയൊലിപ്പിച്ച് നില്‍ക്കുന്നു. പ്രതിസന്ധിയില്‍ നിന്ന് കിംഗ്ഫിഷറിനെ ജാമ്യത്തിലെടുക്കാന്‍ നടത്തുന്ന ഏതൊരുശ്രമവും രാഷ്ട്രസമ്പത്ത് കോര്‍പ്പറേറ്റ് ധൂര്‍ത്തിനും കൊള്ളയ്ക്കുമായി തുറന്നുവെയ്ക്കുകയായിരിക്കും. ഈ അവസരം വ്യോമയാന രംഗം വിദേശ കുത്തകകള്‍ക്ക് കടന്നുകയറാനുള്ള പഴുതാക്കി പ്രയോജനപ്പെടുത്താനും ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. ഇത്തരം നടപടികള്‍ രാഷ്ട്രത്തെ വിദേശമൂലധന ചൂഷണത്തിനു തുറന്നുവെക്കും. കോര്‍പ്പറേറ്റുകളോടുള്ള ഭരണകൂടത്തിന്റെ സഹാനുഭൂതി രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും ചിലവിലെഴുതാനുള്ള ഏതു നീക്കവും ശക്തമായി ചെറുക്കപ്പെടേണ്ടതാണ്. ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും ജനജീവിതത്തെ ഞെരിച്ചമര്‍ത്തുന്ന വിലക്കയറ്റവുംകൊണ്ട് പൊറുതി മുട്ടിയ ജനതയോടുള്ള വഞ്ചനയും വെല്ലുവിളിയും ആയിരിക്കും അത്തരം ഒരു നടപടി. രാജ്യത്തെ വ്യോമയാന വ്യവസായത്തെയും വിമാന യാത്രക്കാരെയും പറ്റിയുള്ള ഉല്‍ക്കണ്ഠയാണ് സര്‍ക്കാരിനെങ്കില്‍ ആദ്യം ചെയ്യേണ്ടത് കണ്ണിലെ കരട് നീക്കം ചെയ്യലാണ് - എയര്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റലാണ്.

*
ജനയുഗം മുഖപ്രസംഗം 15 നവംബര്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ പുതുമഴയില്‍ ആര്‍ത്തലച്ചു വളര്‍ന്നുവന്ന മറ്റൊരു കോര്‍പറേറ്റ് സാമ്രാജ്യംകൂടി ആടി ഉലയുന്നു. ഇത്തവണ അത് കോര്‍പ്പറേറ്റ് ആര്‍ഭാടത്തിന്റെയും ഔദ്ധത്യത്തിന്റെയും പ്രതീകമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന സാക്ഷാല്‍ വിജയ് മാല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സാണ്. പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഉള്‍പ്പെട്ട പതിമൂന്നു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് 6500 ല്‍പരം കോടി രൂപക്കാണ് കിംഗ്ഫിഷര്‍ കടപ്പെട്ടിരിക്കുന്നത്. സാമ്പത്തിക തകര്‍ച്ച നേരിടുന്ന പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൈലറ്റുമാരുള്‍പ്പെടെ അനവധി ജീവനക്കാര്‍ കമ്പനി വിട്ടു. 350 ല്‍ അധികം സര്‍വീസ് നടത്തുന്നുവെന്നവകാശപ്പെട്ടിരുന്ന കിംഗ്ഫിഷര്‍ ദിനംപ്രതി സര്‍വീസുകള്‍ നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്നു. ഇതിനകം അമ്പതിലേറെ സര്‍വീസുകള്‍ ഇത്തരത്തില്‍ നിര്‍ത്തലാക്കിക്കഴിഞ്ഞു. 'ഇത് സ്വതന്ത്ര വിപണി സമ്പദ്ഘടനയാണ്. ആരു ചത്താലും അവര്‍ ചാവട്ടെ. ജീവനക്കാരുടെയോ ഉപഭോക്താക്കളുടെയോ പേരില്‍ ഒരു സ്വകാര്യ കമ്പനിയേയും ജാമ്യത്തിലെടുക്കുന്നത് യുക്തിക്കു നിരക്കുന്നതല്ല, ഉദാരവല്‍ക്കരണകാലത്തെ കോര്‍പ്പറേറ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ആകെത്തുകയാണ് കിംഗ്ഫിഷര്‍ പ്രതിസന്ധിയെപ്പറ്റി മറ്റൊരു കോര്‍പ്പറേറ്റ് ഭീമന്‍ രാഹുല്‍ ബജാജിന്റെ പ്രതികരണം.

മലമൂട്ടില്‍ മത്തായി said...

Kingfisher has an even bigger compatriot in the same bankruptcy boat - Air India. AI should also not get any monies from the Government. Then again, the communists will not be able to take that.

Instead of being shut down, AI is being given a sovereign guarantee to buy even more planes to extend their crummy service. Shut down AI as well, people do not pay taxes so that state funded airlines can feed their employees.