Tuesday, November 22, 2011

നാടു മാറാത്ത ഗോളി

1974-ല്‍ തൃശൂരില്‍ ചാക്കോളോ ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ താരനിബിഡമായ പ്രീമിയര്‍ ടയേഴ്സും ദേശീയ പ്രശസ്തിയുള്ള മുംബൈ മഫത്ലാലും തമ്മിലെ പൊരിഞ്ഞ മത്സരം. കളികാണാന്‍ ഗ്യാലറികള്‍ നിറഞ്ഞുകവിഞ്ഞ് ജനങ്ങള്‍ . ഒരുവേള വലത്തേ മൂലയില്‍ നിന്ന് വന്ന ക്രോസ് നിലത്ത് വീഴും മുമ്പ് പ്രഗത്ഭനായ രഞ്ജിത് ഥാപ്പ ഫുള്‍ വോളിയില്‍ പോസ്റ്റിന്റെ വലത് മൂലയിലേക്ക് പായിച്ചു. വെടിയുണ്ടപോലെ വന്ന പന്ത് പറന്ന് പിടിച്ചശേഷം വിക്ടര്‍ മഞ്ഞില പുറത്തേക്ക് വീണു. അപ്പോള്‍ തൃശൂരിലെ ഫുട്ബോള്‍ ഭ്രാന്തന്മാരായ രണ്ട് കച്ചവടക്കാര്‍ ഗ്രൗണ്ടിലേക്ക് ഓടിവന്നു പറഞ്ഞു: "ടാ മഞ്ഞിലേ. ഇനി നീ നിര്‍ത്തിയ്ക്കോ കളി. ഇതിനപ്പുറമില്ലടാ". കേരളത്തിന്റെ എക്കാലത്തേയും മികച്ച ഗോള്‍ കീപ്പറെന്ന ഖ്യാതിയുള്ള വിക്ടറിന്റെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന അഭിനന്ദനം ഇതുതന്നെ.

"കാണികളുടെ അംഗീകാരത്തിനപ്പുറം മറ്റെന്താണ്"-മഞ്ഞില ചോദിക്കുന്നു. കേരളത്തില്‍ ഒരു ടീമിന് വേണ്ടി മാത്രമേ മഞ്ഞില കളിച്ചിട്ടുള്ളു. പ്രീമിയര്‍ ടയേഴ്സിന്. എഴുപതുകളിലെ കേരളത്തിന്റെ ഗ്ലാമര്‍ ടീം. ജാഫറും സേവ്യര്‍ പയസും നജീബും പ്രേംനാഥ് ഫിലിപ്പും മിത്രനും പ്രസന്നനും ഗോളി സേതുമാധവനും ഉള്‍പ്പെട്ട താരനിര. പ്രീമിയറിന്റെ ബാറിന് കീഴില്‍ ഒരുദശാബ്ദം (1972 മുതല്‍ 1982 വരെ) മഞ്ഞിലയുണ്ടായിരുന്നു. 1974 മുതല്‍ 1976 വരെയും 1979ലും കേരളത്തിന്റെ ജഴ്സിയണിഞ്ഞ മഞ്ഞില, കേരളം കിരീടം നേടിയ 1973ലെ ടീമിലും അംഗമായിരുന്നു. 1975ല്‍ കോഴിക്കോട്ട് നടന്ന സന്തോഷ് ട്രോഫിയില്‍ കേരളത്തെ നയിച്ചതും ഈ തൃശൂര്‍ക്കാരന്‍ . ഗോള്‍കീപ്പര്‍ എന്ന നിലയില്‍ മഞ്ഞിലയ്ക്ക് ഇന്നും അഭിമാനമായി തോന്നുന്ന മത്സരം 1976- ദക്ഷിണകൊറിയയിലെ ബുസാനിയില്‍ നടന്ന പ്രസിഡന്റ്സ് കപ്പില്‍ ബ്രസീലിനെതിരെ ഇന്ത്യയുടെ ഗോള്‍ പോസ്റ്റ് കാത്തതാണ്. മത്സരം ഇന്ത്യ രണ്ട് ഗോളിന് തോറ്റു. അപ്പോള്‍ റോയിട്ടറിന്റെ വാര്‍ത്തയ്ക്ക് ഒരു ഇംഗ്ലീഷ് പത്രം കൊടുത്ത തലക്കെട്ട് "ഈസി ഫോര്‍ ബ്രസീല്‍ , മഞ്ഞില ബ്രില്യന്റ്" എന്നായിരുന്നു. ഗോള്‍ എന്ന് ഉറച്ച ചില ഷോട്ടുകളാണ് മഞ്ഞില അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. കളിക്കളം വിടുംമുമ്പ് മഞ്ഞിലയെ അഭിനന്ദിക്കാന്‍ ബ്രസീല്‍ കളിക്കാര്‍ മറന്നില്ല. പ്രസിഡന്റ്സ് കപ്പില്‍ കൊറിയയോട് കളിച്ചപ്പോള്‍ മഞ്ഞിലയുടെ പോസ്റ്റിലേക്ക് വന്നത് 41 ഷോട്ട്. കളി തുടങ്ങി ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ പ്രതിരോധം ഛിന്നഭിന്നമായിരുന്നു. പിന്നീട് കളി കൊറിയന്‍ ഫോര്‍വേഡുകളും മഞ്ഞിലയും തമ്മിലായി. പോസ്റ്റിലേക്ക് തുരുതുരാ വെടിയുണ്ടകള്‍ . എന്നാല്‍ നാലുതവണയേ മഞ്ഞില കീഴടങ്ങിയുള്ളു. മഞ്ഞിലയുടെ അത്ഭുതപ്രകടനം വാര്‍ത്തകളില്‍ നിറഞ്ഞു. അന്ന് റോയിട്ടറിന്റെ വാര്‍ത്തക്ക് ഇന്ത്യന്‍ എക്സ്പ്രസ് നല്‍കിയ തലക്കെട്ട് "മഞ്ഞില ഇന്ത്യയെ അപമാനത്തില്‍നിന്ന് രക്ഷിച്ചു" എന്നായിരുന്നു. ചുരുങ്ങിയത് അര ഡസന്‍ ഗോളകള്‍ മഞ്ഞില തടഞ്ഞു എന്ന് മാധ്യമങ്ങള്‍ എഴുതി.

എന്നാല്‍ ഇതൊന്നുമല്ല മഞ്ഞിലയെ ഇപ്പോഴും കോരിത്തരിപ്പിക്കുന്ന അനുഭവം. അത് നാട്ടിലെ കളി തന്നെ. എഴുപതുകള്‍ കേരളത്തില്‍ ഫുട്ബോളിന് സുവര്‍ണകാലമായിരുന്നു. കേരളത്തിലങ്ങളോമിങ്ങോളം മികച്ച ടൂര്‍ണമെന്റുകള്‍ . ഏറ്റവും പ്രശസ്തം കോഴിക്കോട് സേട്ട് നാഗ്ജി തന്നെ. തിരുവനന്തപുരത്ത് ജി വി രാജ, കൊല്ലത്ത് ഗോള്‍ഡന്‍ ജൂബിലി, കോട്ടയത്ത് മാമ്മന്‍മാപ്പിള, എറണാകുളത്ത് നെഹ്റുകപ്പ്, തൃശൂരില്‍ ചാക്കോള, കണ്ണൂരില്‍ ശ്രീനാരായണ. പ്രീമിയര്‍ ടയേഴ്സ്, ടൈറ്റാനിയം എന്നീ കേരള ഗ്ലാമര്‍ ടീമുകള്‍ക്ക് ഒരു സീസണില്‍ ഒരുപാടു മത്സരങ്ങള്‍ . ഈ കാലഘട്ടത്തിലാണ് വിക്ടര്‍ മഞ്ഞില പ്രീമിയറിന്റെ ഗോള്‍ പോസ്റ്റ് കാത്തത്. കൂടെ മറ്റൊരു ഇന്റര്‍നാഷണല്‍ താരം-കോഴിക്കോട്ടുകാരന്‍ സേതുമാധവന്‍ . ഇരുവരും ഒരു ദശാബ്ദം ഒരേടീമില്‍ കളിച്ചു. പ്രശ്നങ്ങളൊന്നുമില്ലാതെ. അവര്‍ അന്നും ഇന്നും ഉറ്റ സുഹൃത്തുക്കള്‍ . ഞാനാണ് വലിയവന്‍ എന്ന ചിന്ത രണ്ടുപേരിലും ഒരിക്കലും ഉണ്ടായില്ല. വിദേശ ടീമുകള്‍ പോലും ശ്രദ്ധിച്ച വിക്ടര്‍ മഞ്ഞില എന്തുകൊണ്ട് പത്തുവര്‍ഷവും പ്രീമിയറിന് വേണ്ടി മാത്രം കളിച്ചു? മറ്റു പലരെയും പോലെ എന്തുകൊണ്ട് അദ്ദേഹം കൊല്‍ക്കത്ത ക്ലബ്ബുകളിലേക്കോ മുംബൈയിലെ കമ്പനികളിലേക്കോ പോയില്ല? അതിന് മഞ്ഞിലയുടെ മറുപടി: " എനിക്ക് ജോലിയും അവസരങ്ങളും തന്ന് എന്നെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത് പ്രീമിയറാണ്, കേരളമാണ്. കേരളം വിട്ടുപോകാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല". ഓഫറുകള്‍ ? "ഒരുപാട് ഓഫറുകള്‍ . വാഗ്ദാനങ്ങള്‍ . പലരെയും ഒഴിവാക്കാന്‍ പാടുപെട്ടു. കൊല്‍ക്കത്ത മുഹമ്മദന്‍ സ്പോര്‍ടിങ്ങും ഈസ്റ്റ് ബംഗാളും പലതവണ സമീപിച്ചിരുന്നു. ഈസ്റ്റ് ബംഗാള്‍ ബ്ലാങ്ക് ചെക്ക് തരാമെന്ന് പറഞ്ഞു. അതായത് ഞാന്‍ പറയുന്ന പ്രതിഫലം. പലരോടും വഴക്കിടേണ്ടിവന്നു. കേരളം വിടുന്നത് മര്യാദകേടാണെന്ന് തോന്നി". ഒരു ദശാബ്ദം കേരളത്തിന് കളിക്കുകയും ഒന്നര പതിറ്റാണ്ടോളം കളിക്കാരെ പരിശീലിപ്പിക്കുകയും ചെയ്ത മഞ്ഞിലയോട് കേരള ഗവണ്‍മെന്റ് നീതി കാണിച്ചുവെന്ന് പറയാന്‍ കഴിയുമോ? " ഞാന്‍ ഇതുവരെ ഒന്നിനും പിറകെ പോയിട്ടില്ല. ജി വി രാജ അവാര്‍ഡ് കേരളത്തിന്റെതാണ്. ഫുട്ബോളിന് സംഭാവന നല്‍കുന്നവര്‍ക്കാണ് അത് നല്‍കുന്നത്. അത് പോലും എനിക്ക് ലഭിച്ചിട്ടില്ല. ചിലപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കും. സര്‍ക്കാര്‍ എന്തൊക്കെ അംഗീകാരം തന്നുവെന്ന്. ഒന്നുമില്ല എന്ന് പറയേണ്ടിവരുമ്പോള്‍ അല്‍പ്പം പ്രയാസം. അതൊന്നും ഞാന്‍ കാര്യമായി കാണുന്നില്ല. ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ എനിക്ക് ഇന്നും സ്ഥാനമുണ്ട്. ഒരു ദശാബ്ദം ബാറിന് കീഴില്‍ അത്ഭുതം കാണിച്ച വിക്ടര്‍ മഞ്ഞില എങ്ങനെയാണ് ഫുട്ബോള്‍ കളിക്കാരനായത്?

അച്ഛന്‍ എം ഒ ലാസര്‍ ഫുട്ബോള്‍ കളിച്ചിരുന്നു. തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ സ്കൂള്‍ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു ലാസര്‍ . അച്ഛന്റെ പാരമ്പര്യം മകനും കിട്ടിയെങ്കിലും അച്ഛന്റെ പ്രോത്സാഹനമാണ് വിക്ടറിനെ കളിക്കാരനാക്കിയതെന്ന് പറഞ്ഞുകൂട. തൃശൂരില്‍ അക്കാലത്ത് ധാരാളം മിലിറ്ററി ടീമുകള്‍ ഫുട്ബോള്‍ കളിക്കാന്‍ വരാറുണ്ടായിരുന്നു. അവര്‍ കാരണം ഒരുപാട് പ്രശ്നങ്ങള്‍ . അതുകൊണ്ടാവാം മകനെ പ്രോത്സാഹിപ്പിക്കാന്‍ അച്ഛന്‍ മടിച്ചത്. വിക്ടറിനെ കളിക്കാന്‍ വിടണമെന്ന് ലാസറിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തോട് പറയാറുണ്ടായിരുന്നു. എന്നാല്‍ വിക്ടറിലെ പ്രതിഭയെ ആദ്യം കണ്ടെത്തിയത് ജോസ് പറമ്പന്‍ എന്ന കളിക്കാരനായിരുന്നു. വിക്ടറിന് പറ്റിയ പൊസിഷന്‍ ഗോള്‍ കീപ്പിങ്ങാണെന്ന് പറഞ്ഞുകൊടുത്തതും ജോസാണ്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുമ്പോള്‍ 1969-ലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിക്ടറിന്റെ ഫുട്ബോള്‍ ജീവിതത്തില്‍ അത് വലിയ വഴിത്തിരിവായി. സി പി എം ഉസ്മാന്‍ കോയ എന്ന പ്രഗത്ഭനായ പരിശീലകന്‍ വിക്ടറിന് ഫുട്ബോളിന്റെ ശാസ്ത്രീയ പാഠങ്ങള്‍ പറഞ്ഞുകൊടുത്തു. കളിയുടെ തന്ത്രങ്ങള്‍ മാത്രമല്ല ഉസ്മാന്‍ കോയ പഠിപ്പിച്ചതെന്ന് വിക്ടര്‍ പറയുന്നു. "ഒരു കളിക്കാരന്‍ എങ്ങനെയാവാണമെന്ന് പഠിപ്പിച്ചത് ഉസ്മാന്‍ കോയയാണ്. അദ്ദേഹത്തിന്റെ ശിക്ഷണം എന്റെ വ്യക്തിത്വ വികസനത്തിന് അങ്ങേയറ്റം സഹായിച്ചു".

1969 മുതല്‍ 1972 വരെ വിക്ടര്‍ യൂണിവേഴ്സിറ്റി ടീമില്‍ അംഗമായിരുന്നു. 1972-ല്‍ വിക്ടര്‍ നയിച്ച ടീമാണ് ആദ്യമായി അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് (അശുതോഷ് മുഖര്‍ജി ഷീല്‍ഡ്) കലിക്കറ്റിന് നേടിക്കൊടുത്തത്. 1972ലെ നായകന്‍ 1982ല്‍ യൂണിവേഴ്സിറ്റില്‍ ഫുട്ബോള്‍ പരിശീലകനായി ചേര്‍ന്നു. അതിന് ശേഷം മൂന്നു തവണ കാലിക്കറ്റ് അന്തര്‍സര്‍വകലാശാല കീരീടം നേടി. ടീമിന്റെ നായകനായി ഒരു തവണയും പരിശീലകനായി മൂന്ന് തവണയും ചാമ്പ്യന്‍ഷിപ്പ്. ഒരു ഫുട്ബോള്‍ കളിക്കാരനെ സംബന്ധിച്ച് അസാധാരണമായ അംഗീകാരം. 1973ല്‍ സന്തോഷ് ട്രോഫി നേടിയ ടീമില്‍ അംഗമായിരുന്ന വിക്ടര്‍ പരിശീലകനായിരിക്കെ 1992ലും കേരളം കപ്പ് മാറോടണച്ചു. കേരളത്തില്‍ മറ്റൊരു ഫുട്ബോള്‍ കളിക്കാരനും ഇതുവരെ ആര്‍ജിക്കാനാവാത്ത നേട്ടം.

ഗോള്‍ കീപ്പിങ്ങില്‍ മഞ്ഞിലയുടെ പ്രത്യേകത എന്താണെന്ന് വിലയിരുത്തിയാല്‍ മിക്ക പന്തും മഞ്ഞില പിടിയ്ക്കും. ഏതു കനത്ത ഷോട്ടും ആ കൈകളില്‍ ഒതുങ്ങും. തട്ടി ഒഴിവാക്കുന്ന രീതി തീരെ കുറവ്. അതാണ് കാണികളെ ഏറെ ആകര്‍ഷിച്ചത്. ?ബാറിന് കീഴില്‍ നില്‍ക്കുമ്പോള്‍ ഗോള്‍ കീപ്പര്‍ക്ക് എപ്പോഴും ചങ്കിടിപ്പാണോ? അല്ലെങ്കില്‍ എപ്പോഴാണ് ഏറ്റവുമധികം ടെന്‍ഷന്‍ മഞ്ഞില: ബാക്കി പത്ത് പൊസിഷനിലുള്ളവര്‍ക്കും തെറ്റ് ചെയ്യാം. എന്നാല്‍ ഗോളിക്ക് പിഴച്ചാല്‍ കഴിഞ്ഞു. പിഴവ് ഏറ്റവും കുറവായിരിക്കണം ഗോള്‍ കീപ്പര്‍ക്ക്. ഗോളി പതറിയാല്‍ ടീമിന് അടിതെറ്റും. നല്ല ഗോളിയാണെങ്കില്‍ മോശം ടീമിനും നന്നായി കളിക്കാന്‍ കഴിയും. ഗോള്‍കീപ്പര്‍ക്ക് ടെന്‍ഷന്‍ സ്വാഭാവികമാണ്. എന്നാല്‍ അത് ഗോളിയെ കീഴടക്കാന്‍ പാടില്ല. മറ്റു കളിക്കാരേക്കാള്‍ ഉത്തരവാദിത്തം ഗോളിക്കുണ്ട്. അതുകൊണ്ട് മറ്റുള്ളവരേക്കാള്‍ ജാഗ്രത വേണം.

കാല്‍നൂറ്റാണ്ടോളം കോഴിക്കോട് സര്‍വകലാശാലയുടെ ഫുട്ബോള്‍ കോച്ചായിരുന്ന വിക്ടര്‍ മഞ്ഞില വിരമിച്ചിട്ടും കളിയും പരിശീലിപ്പിക്കലും തുടരുന്നു. തൃശൂര്‍ നഗരത്തിനടുത്ത മൂര്‍ക്കിനിക്കര കൈനൂരില്‍ താമസിക്കുന്ന അദ്ദേഹം എന്നും കാലത്ത് മണ്ണുത്തിയില്‍ കളിക്കാന്‍ പോകും. മുംബൈ അക്ബര്‍ ട്രാവല്‍സ് ടീമിന്റെ പരിശീലകന്‍ കൂടിയാണ് ഈ അറുപത്തിമൂന്നുകാരന്‍ . കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിന് ഫുട്ബോള്‍ അക്കാദമിയുണ്ടാക്കാനുള്ള പരിശ്രമത്തില്‍ മുഴുകിയ അദ്ദേഹവുമായി ഫുട്ബോളിനെക്കുറിച്ച് സംസാരിച്ചിരുന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല. അനുഭവങ്ങള്‍ക്ക് ഇപ്പോഴും നല്ല തിളക്കമാണ്. തന്നെ സ്നേഹിച്ച നാടിനും നാട്ടുകാര്‍ക്കും തിരിച്ച് എന്തൊക്കെ നല്‍കാന്‍ കഴിയുമെന്ന ചിന്ത അദ്ദേഹത്തിന് എപ്പോഴുമുണ്ട്. സര്‍ക്കാരിന്റെ സഹായത്തിനോ പിന്തുണയ്ക്കോ കാത്തുനില്‍ക്കാതെ ഫുട്ബോള്‍ അക്കാദമിയെന്ന ആശയവുമായി ഇറങ്ങിത്തിരിച്ചതിന് പിന്നിലും ഈ പ്രതിബദ്ധത തന്നെ. ഗോള്‍കീപ്പറായിരുന്ന മഞ്ഞില പല അവസരങ്ങളിലും ഇന്ത്യന്‍ ടീമിന്റെ കളിക്കാരനും കേരള ടീമിന്റെയും നായകനുമായിരുന്നു. ചോദ്യം: ഗോള്‍ കീപ്പര്‍ നായകനായി വരുമ്പോള്‍ ടീമിന് എന്താണ് ഗുണം? അല്ലെങ്കില്‍ ഗോളിയെ നായകനാകുമ്പോള്‍ ടീമിന് പ്രതികൂലമായി വല്ലതുമുണ്ടോ? മഞ്ഞില: നല്ലതെന്നോ മോശമെന്നോ പറയാന്‍ കഴിയില്ല. അത് വ്യക്തിയുടെ കഴിവിനെയും അയാളുടെ വ്യക്തിത്വത്തെയും ആശ്രയിച്ചിരിക്കും. ചോദ്യം: പെനാല്‍റ്റി കിക്ക് നേരിടേണ്ടി വരുമ്പോള്‍ ഗോളിയുടെ മാനസികാവസ്ഥ?

മഞ്ഞില: ഗോള്‍കീപ്പറെ സംബന്ധിച്ച് അത് ഈസിയാണ്. ടെന്‍ഷനില്ല. കാരണം, പെനാല്‍റ്റി കിക്ക് ഗോളായാല്‍ ഗോളിയെ ആരും ഒന്നും പറയില്ല. ഗോള്‍ തടയാന്‍ പറ്റിയാല്‍ നേട്ടം. കിക്കെടുക്കുന്ന കളിക്കാരനാണ് യഥാര്‍ഥത്തില്‍ ടെന്‍ഷന്‍. ചോദ്യം: പെനാല്‍റ്റി ഷോട്ട് എങ്ങനെയാണ് തടയുക? കിക്ക് വരുന്നത് കണ്ട് ഏതെങ്കിലും ഭാഗത്തേക്ക് ചാടുമോ അതോ മുന്‍കൂട്ടി തീരുമാനിച്ച് ഒരു ഭാഗത്തേക്ക് ഡൈവ് ചെയ്യുമോ? മഞ്ഞില: സാധാരണ ഗതിയില്‍ നേരത്തെ തീരുമാനിച്ച് തന്നെയാണ് ഡൈവ് ചെയ്യുന്നത്. അല്ലാതെ പന്ത് വരുന്നത് കണ്ടിട്ടല്ല. കിക്കെടുക്കുന്ന കളിക്കാരന്റെ ചരിത്രം, അയാളുടെ ശരീരഭാഷ എന്നിവയൊക്കെ കണക്കിലെടുക്കും. ചില കളിക്കാര്‍ ഗോള്‍ കീപ്പറുടെ വലതുവശത്തേക്കായിരിക്കും അടിയ്ക്കുക; മറ്റുചിലര്‍ ഇടതുഭാഗത്തേക്ക്. ശരീര ഭാഷ നോക്കിയാല്‍ ചിലപ്പോള്‍ കബളിപ്പിക്കപ്പെട്ടുവെന്നും വരാം. പന്ത് ഒരു ഭാഗത്തേക്കും ഗോളി എതിര്‍ ദിശയിലേക്കും പോകുന്നത് കണ്ടിട്ടില്ലേ. നിലവിലുള്ള നിയമപ്രകാരം ഗോള്‍ ലൈനില്‍ ഗോളിക്ക് അങ്ങോട്ടുമിങ്ങോട്ടും നീങ്ങാം. മുമ്പ് അത് പാടില്ലായിരുന്നു. കിക്കെടുത്താലേ ഗോളിക്ക് നീങ്ങാന്‍ പറ്റുമായിരുന്നുള്ളു. പ്രധാന മത്സരമാണെങ്കില്‍ പെനാല്‍റ്റി കിക്ക് വന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ടീമുകള്‍ തലേന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കാറുണ്ട്. ഫുട്ബോള്‍ ചരിത്രത്തില്‍ ഇതിന് വലിയൊരു ഉദാഹരണമുണ്ട്. 1966-ല്‍ ഇംഗ്ലണ്ടും പോര്‍ച്ചുഗലും ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ . വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു കളി. ഇംഗ്ലണ്ട് കിരീടം നേടിയ ആ ലോകകപ്പില്‍ അവരുടെ ഗോളി ഗോര്‍ഡണ്‍ ബാങ്ക്സായിരുന്നു. ലോകം കണ്ട മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാള്‍ . 2004-ല്‍ പെലെ ലോകത്തെ എക്കാലത്തെയും മികച്ച 125 ഗോള്‍ കീപ്പര്‍മാരെ തെരഞ്ഞെടുത്തപ്പോള്‍ അതിലൊന്ന് ഗോര്‍ഡണ്‍ ബാങ്ക്സായിരുന്നു. മറുഭാഗത്ത് പോര്‍ച്ചുഗലിന്റെ മികച്ച ഫോര്‍വേഡ് യുസേബിയോ.

1966-ലെ ലോകകപ്പില്‍ ടോപ്പ് സ്കോറര്‍ . അത്തവണ പോര്‍ച്ചുഗലിനെ മൂന്നാം സ്ഥാനത്തെത്തിച്ചത് കരിമ്പുലി എന്നും കറുത്ത പവിഴമെന്നും വിളിക്കപ്പെട്ട യുസേബിയോ ആയിരുന്നു. ഇംഗ്ലണ്ടുകാര്‍ തലേന്ന് യോഗം ചേര്‍ന്നപ്പോള്‍ പെനാല്‍റ്റിയുടെ കാര്യവും ചര്‍ച്ച ചെയ്തു. പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചാല്‍ കിക്കെടുക്കുക യുസേബിയോ ആയിരിക്കുമെന്ന് ഇംഗ്ലണ്ടിന് ഉറപ്പായിരുന്നു. യുസേബിയോ സാധാരണ ഗോളിയുടെ വലതു ഭാഗത്തേക്കാണ് പന്ത് തൊടുക്കുക. എന്നാല്‍ , തങ്ങളുടെ ഗോള്‍വലയം കാക്കുന്നത് ഗോര്‍ഡണ്‍ ആയതിനാല്‍ , യുസേബിയോ അടവുമാറ്റുമെന്നും ഇടത്തേക്ക് അടിയ്ക്കുമെന്നും ഇംഗ്ലണ്ട് കണക്കുകൂട്ടി. അതിനാല്‍ ഇടതുഭാഗത്തേക്ക് ഡൈവ് ചെയ്യാന്‍ തീരുമാനിച്ചു. പോര്‍ച്ചുഗലുകാരുടെ യോഗത്തിലും പെനാല്‍റ്റി കാര്യം ചര്‍ച്ച ചെയ്തു. യുസേബിയോ അടവുമാറ്റുമെന്ന് ഇംഗ്ലണ്ടുകാര്‍ കണക്കുകൂട്ടുമെന്നും അതിനാല്‍ സാധാരണപോലെ വലതുഭാഗത്തേക്ക് അടിച്ചാല്‍ മതിയെന്നും അവര്‍ തീരുമാനിച്ചു. പോര്‍ച്ചുഗല്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ഘട്ടത്തില്‍ കളിയുടെ 82-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെതിരെ പെനാല്‍റ്റി കിക്ക് വിധിച്ചു. കിക്കെടുത്തത് യുസേബിയോ. പ്രഗത്ഭനായ ഗോര്‍ഡണ്‍ ഇടത്തേക്ക് ചാടിയപ്പോള്‍ പന്ത് വലതുഭാഗത്ത് വലയില്‍ മുത്തമിട്ടു. പക്ഷേ, നേരത്തെ നേടിയ ലീഡില്‍ ഇംഗ്ലണ്ട് ജയിച്ചു. കണ്ണീരിന്റെ കളി എന്നാണ് ഈ മത്സരത്തെ പോര്‍ച്ചുഗല്‍ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ചുരുക്കത്തില്‍ , പെനാല്‍ടി കിക്കില്‍ നിന്ന് പന്ത് വരുന്നത് കണ്ടല്ല ഗോളി ഡൈവ് ചെയ്യുന്നത്. താന്‍ കേരള ടീമിനെ നയിച്ച 1975ലെ സന്തോഷ് ട്രോഫി വിക്ടറിന് ഇന്നും വേദനിപ്പിക്കുന്ന അനുഭവമാണ്. "ടീമിന്റെ മനോവീര്യം തകര്‍ക്കുന്ന വിമര്‍ശനമാണ് അന്ന് ചില പത്രങ്ങളില്‍ നിന്നും മുതിര്‍ന്ന ഒരു സ്പോര്‍ട്സ് ലേഖകനില്‍ നിന്നും ഉണ്ടായത്. എന്നെയും ജാഫറിനെയും ചില മാധ്യമങ്ങള്‍ വേട്ടയാടി. ഗോവക്കെതിരെ കേരളം നേടിയ ഗോള്‍ , അവരുടെ ഗോളി ബ്രഹ്മാനന്ദിന്റെ ഫൗള്‍ ചെയ്താണെന്ന് പ്രചരിപ്പിച്ചു. കേരളത്തിന് ഗ്രൗണ്ട് സപ്പോര്‍ട് നഷ്ടപ്പെടാന്‍ അത് കാരണമായി. ടീമിന്റെ മനോവീര്യത്തെ അത് ബാധിച്ചു. കളിക്കാരുടെ ആത്മവിശ്വാസം ചോര്‍ന്നു. സെമിയില്‍ കര്‍ണാടകത്തോട് തോറ്റ് കേരളം പുറത്തായി". വിക്ടറിന്റെ ഫുട്ബോള്‍ ജീവിതത്തില്‍ സങ്കടമുണ്ടാക്കിയ ഒരനുഭവം.

1974-എറണാകുളത്ത് നടന്ന പ്രഥമ ഫെഡറേഷന്‍ കപ്പില്‍ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത് പ്രീമിയര്‍ ടയേഴ്സിന്റെ വിക്ടറായിരുന്നു. ആ ടൂര്‍ണമെന്റില്‍ ടാറ്റാസുമായുള്ള മത്സരം വിക്ടറിന് അവിസ്മരണീയമാണ്. "സേതുമാധവനായിരുന്നു ഗോള്‍ കീപ്പര്‍ . ഞാന്‍ പുറത്തിരിക്കുന്നു. കളി തുടങ്ങി 13 മിനിറ്റായപ്പോഴേക്കും പ്രീമിയറിന്റെ വലയില്‍ മൂന്ന് ഗോള്‍ . ഷബീര്‍ അലിയുടെ ഹാട്രിക്. കോച്ച് സേതുമാധവനെ മാറ്റി എന്നെ ഇറക്കി. ഞാന്‍ വന്നശേഷം മൂന്ന് ഗോളും തിരിച്ചടിച്ചു. ഡ്രോ. പിറ്റേന്ന് ടാറ്റാസിനെ ഞങ്ങള്‍ തോല്‍പ്പിച്ചു. ഞാന്‍ മികച്ച ഗോളി, സേവ്യര്‍ പയസ് മികച്ച ഫോര്‍വേഡ്, ജാഫര്‍ മികച്ച ഹാഫ് ബാക്ക്. കളിയില്‍ തമാശയും കള്ളക്കളികളുമൊക്കെയുണ്ട്. ഒരിക്കല്‍ എറണാകളും നെഹ്റുകപ്പില്‍ പ്രാഥമിക ലീഗില്‍ പ്രീമീയര്‍ ടയേഴ്സ് പുറത്തായത് സംഘാടകരെ ഞെട്ടിച്ചു. ഫൈനലിലേക്ക് കരുതിവച്ച ഗ്ലാമര്‍ ടീം പോയാല്‍ കാണികള്‍ കുറയും. അതിനാല്‍ സംഘാടക കമ്മിറ്റി ഒരു വഴി കണ്ടുപിടിച്ചു. ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയ മുഹമ്മദന്‍സ് സ്പോര്‍ടിങ്ങിന് പകരം പ്രീമിയറിനെ ക്വാര്‍ടറിലേക്ക് എടുത്തു. അക്കൊല്ലം കപ്പ് പ്രീമിയറിന്. ഫൈനലില്‍ മഫത്ലാലിനെയാണ് തോല്‍പ്പിച്ചത്.

കലക്ഷന്‍ കിട്ടുന്ന ടീമിനെ സംഘാടകര്‍ അങ്ങനെയൊന്നും കൈയൊഴിയില്ല. മത്സരം സമനിലയിലാക്കാന്‍ റഫറിയെയും അവര്‍ പാട്ടിലാക്കും. സമനില വന്നാല്‍ വീണ്ടും കളി എന്നതായിരുന്നു അന്നത്തെ നിയമം. ഒരിക്കല്‍ ചാക്കോള ട്രോഫിയില്‍ സെന്‍ട്രല്‍ ബാങ്കിനെതിരെ കളിക്കുമ്പോള്‍ ഗോള്‍മുഖത്തേക്ക് പന്തുമായി പോകാന്‍ റഫറി സഹസ്രനാമം സമ്മതിക്കാത്ത സ്ഥിതി. സംഘാടകര്‍ക്ക് ഡ്രോ വേണം. സഹികെട്ട് ജാഫര്‍ റഫറിയെ ചീത്ത വിളിച്ചു. "ഇന്ന് കളി ഡ്രോ ആണ്" എന്നായിരുന്നു റഫറിയുടെ അടക്കിപ്പിടിച്ച പ്രതികരണം.

ടെലിവിഷന്റെ സ്വാധീനം ഫുട്ബോള്‍ പ്രേമികളുടെ ആസ്വാദനത്തില്‍ വലിയ മാറ്റംവരുത്തിയിട്ടുണ്ടെന്നും ടിക്കറ്റില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് മാത്രം ഇനി ടൂര്‍ണമെന്റ് നടത്താനാവില്ലെന്നുമാണ് വിക്ടര്‍ മഞ്ഞിലയുടെ അഭിപ്രായം. സര്‍ക്കാരിന്റെ പിന്തുണയില്ലെങ്കില്‍ ടൂര്‍ണമെന്റ് മുന്നോട്ട് പോകില്ല. കേരളത്തിലെ ടൂര്‍ണമെന്റുകള്‍ ഒന്നൊന്നായി നിലച്ചു പോയത് അതുകൊണ്ടാണ്. ഫുട്ബോള്‍ അസോസിയേഷനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടിവി പരസ്യത്തിന് പറ്റിയ കളിയല്ല ഫുട്ബോള്‍ . ക്രിക്കറ്റില്‍ ഓരോ ഓവര്‍ കഴിയുമ്പോഴും പരസ്യത്തിന് സമയവും സന്ദര്‍ഭവുമുണ്ട്. അതുകൊണ്ട് ഫുട്ബോള്‍ മത്സരം പരസ്യക്കാര്‍ക്കും വേണ്ട. ? സര്‍ക്കാര്‍ കമ്പനികളുടെ ടീമുകളും ഇന്നില്ല. ടൈറ്റാനിയം, കെല്‍ട്രോണ്‍ , കെഎസ്ഇബി, കെഎസ്ആര്‍ടിസി തുടങ്ങി കേരളത്തില്‍ കുറേ നല്ല ടീമുകള്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ കമ്പനികള്‍ക്ക് ടീമുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ലേ വിക്ടര്‍ : അത്തരം ടീമുകള്‍ കൊണ്ടൊന്നും നല്ല ഫുട്ബോള്‍ ഉണ്ടാവില്ല. സര്‍ക്കാര്‍ കമ്പനിയില്‍ ജോലി കിട്ടിയവര്‍ ലീവെടുത്ത് വന്‍കിട ക്ലബുകളില്‍ പോകും. അല്ലെങ്കില്‍ ജോലി കിട്ടി രണ്ട് കൊല്ലം കഴിയുമ്പോള്‍ കളി നിര്‍ത്തി നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങും. ഗെയിമിനോടുള്ള താല്‍പര്യം കുറഞ്ഞു. പണത്തിനാണ് സ്വാധീനം. ഇന്നത്തെ നിലയില്‍ സന്തോഷ് ട്രോഫി പോലും എത്രകാലം മുമ്പോട്ടുപോകുമെന്ന് പറയാനാവില്ല. ? എന്താണ് പരിഹാരം മഞ്ഞില: പ്രൊഫഷണലിസം തന്നെ. കളിക്കുന്നില്ലെങ്കില്‍ വരുമാനമില്ല എന്ന നില വരും. അതുകൊണ്ട് കഴിവും വൈദഗ്ധ്യവും നിലനിര്‍ത്താന്‍ കളിക്കാര്‍ പ്രയത്നിക്കും. നല്ല ടീമിനെ കൊണ്ടുവരാന്‍ പത്ത് കോടി രൂപയെങ്കിലും വേണം. എവിടെനിന്ന് വരുമാനം കിട്ടും. അതിന് വിപണി കണ്ടുപിടിയ്ക്കണം. ക്ലബുകള്‍ക്ക് ആരാധകര്‍ വേണം. വിദേശ ക്ലബുകള്‍ ഇന്ത്യയിലേക്ക് വരുന്നത് ഇവിടെ ഫുട്ബോളിന് വിപണിയുണ്ടെന്നും അത് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും മനസ്സിലാക്കിയാണ്. പക്ഷേ, ഈ വിപണി പ്രയോജനപ്പെടുത്താനുള്ള തന്ത്രം നമുക്കറിയില്ല.

വിദേശ ക്ലബുകള്‍ വരുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഫുട്ബോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ അത് അവസരമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ നമ്മുടെ അസോസിയേഷനുകള്‍ നിര്‍ജീവമായികിടക്കുകയാണ്. ജില്ലാ ലീഗ് സംഘടിപ്പിക്കലിലും സന്തോഷ് ട്രോഫി ടീമിനെ തെരഞ്ഞെടുക്കുന്നതും മാത്രമാണ് നടക്കുന്നത്. ? ഫുട്ബോള്‍ പരിശീലനത്തെക്കുറിച്ച് മഞ്ഞില: പരിശീലകരെ വാര്‍ത്തെടുക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിലെ (പട്യാല, ബംഗളൂരു തുടങ്ങിയ സെന്ററുകള്‍) പരിശീലന പദ്ധതികള്‍ കാലോചിതമായി പുതുക്കുന്നില്ല. ഫിഫ തന്നെ എന്‍ഐഎസ് പദ്ധതി അംഗീകരിച്ചിട്ടില്ല എന്നതാണ് ദൗര്‍ഭാഗ്യകരം. കളിക്കാര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളില്‍ ടാറ്റയുടെ അക്കാദമിയാണ് പ്രധാനം. കേരളത്തില്‍ കളിക്കാരെ പരിശീലിപ്പിക്കുന്നതിന് പദ്ധതിയോ സ്ഥാപനമോ ഇല്ല. ആ കുറവ് പരിഹരിക്കാനുള്ള ചെറിയ ശ്രമമാണ് ഞങ്ങള്‍ തൃശൂരില്‍ നടത്തുന്നത്. 19നും 16നും താഴെ പ്രായമുള്ള രണ്ട് വിഭാഗങ്ങളിലായി യുവാക്കളെ പരിശീലിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് 2009ല്‍ വിരമിച്ച ശേഷം കളിയും പരിശീലനവുമായി ജന്മനാടായ തൃശൂരില്‍ താമസിക്കുകയാണ് വിക്ടര്‍ മഞ്ഞില. ഭാര്യ റോസലിന്‍ഡ്. രണ്ടു മക്കള്‍ : ദിവ്യ, ദിനൂപ്.

*
പി പി അബൂബക്കര്‍ ദേശാഭിമാനി വാരിക 27 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1974-ല്‍ തൃശൂരില്‍ ചാക്കോളോ ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ താരനിബിഡമായ പ്രീമിയര്‍ ടയേഴ്സും ദേശീയ പ്രശസ്തിയുള്ള മുംബൈ മഫത്ലാലും തമ്മിലെ പൊരിഞ്ഞ മത്സരം. കളികാണാന്‍ ഗ്യാലറികള്‍ നിറഞ്ഞുകവിഞ്ഞ് ജനങ്ങള്‍ . ഒരുവേള വലത്തേ മൂലയില്‍ നിന്ന് വന്ന ക്രോസ് നിലത്ത് വീഴും മുമ്പ് പ്രഗത്ഭനായ രഞ്ജിത് ഥാപ്പ ഫുള്‍ വോളിയില്‍ പോസ്റ്റിന്റെ വലത് മൂലയിലേക്ക് പായിച്ചു. വെടിയുണ്ടപോലെ വന്ന പന്ത് പറന്ന് പിടിച്ചശേഷം വിക്ടര്‍ മഞ്ഞില പുറത്തേക്ക് വീണു. അപ്പോള്‍ തൃശൂരിലെ ഫുട്ബോള്‍ ഭ്രാന്തന്മാരായ രണ്ട് കച്ചവടക്കാര്‍ ഗ്രൗണ്ടിലേക്ക് ഓടിവന്നു പറഞ്ഞു: "ടാ മഞ്ഞിലേ. ഇനി നീ നിര്‍ത്തിയ്ക്കോ കളി. ഇതിനപ്പുറമില്ലടാ". കേരളത്തിന്റെ എക്കാലത്തേയും മികച്ച ഗോള്‍ കീപ്പറെന്ന ഖ്യാതിയുള്ള വിക്ടറിന്റെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന അഭിനന്ദനം ഇതുതന്നെ.