Tuesday, November 22, 2011

എണ്ണമേഖലയിലെ കൊള്ളക്കാര്‍ തിരിച്ചുവരുന്നു

ഉച്ചാടനം ചെയ്യപ്പെട്ട ഭൂതങ്ങള്‍ ഓരോന്നായി തിരിച്ചുവരുന്ന കാലം ആണല്ലോ ഇത്. പണ്ട്, എന്ന് വച്ചാല്‍ സ്വാശ്രയത്വവും സ്വരാജും ഒക്കെ നല്ല കാര്യങ്ങളായി കണക്കാക്കപ്പെട്ടിരുന്ന നെഹ്‌റുവിയന്‍ യുഗത്തില്‍, ബഹുരാഷ്ട്ര എണ്ണ കമ്പനികള്‍ നമ്മളെ കുരങ്ങു കളിപ്പിക്കുകയായിരുന്നു പതിവ്. ഇന്ത്യയില്‍ കാര്യമായ എണ്ണ നിക്ഷേപങ്ങളൊന്നും ഇല്ലെന്ന് അവര്‍ നമ്മളെ വിശ്വസിപ്പിച്ചു. ഇവിടെ വലിയ റിഫൈനറികള്‍ സ്ഥാപിച്ചാല്‍ മുതലാകയില്ല; അതൊക്കെ ഞങ്ങള്‍ വിദേശത്തു സ്ഥാപിച്ച് അവിടെ നിന്ന് പെട്രോളും ഡീസലും മണ്ണെണ്ണയും എല്ലാം ഇറക്കുമതി ചെയ്തു എത്തിക്കാം എന്നതായിരുന്നു അവരുടെ നിലപാട്. മൂന്ന് ബഹുരാഷ്ട്ര ഭീമന്മാരായിരുന്നു ഇന്ത്യന്‍ വിപണി മുഴുവന്‍ കൈയ്യടക്കിയിരുന്നത്. ഗള്‍ഫിലെ എണ്ണപ്പാടങ്ങളും റിഫൈനറികളും അവരുടെ തന്നെ. അവരുടെ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതും അവര്‍ തന്നെ. അവയുടെ വില പരമാവധി കൂട്ടി വച്ചുകൊണ്ട് ഇവിടത്തെ മാര്‍ജിന്‍ കുറച്ചുകാണിക്കുക ആയിരുന്നു അവരുടെ കളി. അപ്പോള്‍ ഇവിടത്തെ വില്പനയില്‍ കമ്പനികളുടെ ലാഭം വളരെ കുറയും; പുസ്തകത്തില്‍. അപ്പോള്‍ ഇവിടെ ആദായനികുതി കൊടുക്കണ്ട! ഗള്‍ഫിലെ കാര്യം അവിടെ നോക്കിയാല്‍ മതിയല്ലോ. അതായിരുന്നു അവരുടെ കളി.

ഇത് തിരിച്ചറിഞ്ഞത് നെഹ്‌റു ഗവണ്മെന്റില്‍ എണ്ണ മന്ത്രി ആയിരുന്ന കെ ഡി മാളവ്യ ആയിരുന്നു. ഇതിനെ ചെറുക്കാനായിട്ടാണ് അദ്ദേഹം ഇന്ത്യയുടെ തനതായ എണ്ണപര്യവേക്ഷണ സ്ഥാപനങ്ങളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തുടങ്ങിയത്. അങ്ങനെ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ നടത്തിയ എണ്ണ പര്യവേക്ഷണത്തില്‍ ആണ് ബോംബെ ഹൈയിലെ എണ്ണനിക്ഷേപം കണ്ടെത്തിയത്. സ്വാശ്രയത്വത്തിനുവേണ്ടിയുള്ള ഈ സാഹസത്തില്‍ അദ്ദേഹത്തിന് കേന്ദ്ര ക്യാബിനറ്റില്‍ നിന്നും പ്ലാനിംഗ് കമ്മിഷനില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നു എന്നതാണ് രസകരം. നാമെന്തിനു ഈ പോല്ലാപ്പിനോക്കെ പോകണം, ബഹുരാഷ്ട്രകമ്പനികള്‍ നമുക്കാവശ്യമുള്ള എണ്ണ ഇവിടെ എത്തിച്ചു തരുമല്ലോ എന്നതായിരുന്നു മൊറാര്‍ജി ദേശായിയെ പോലുള്ളവരുടെ വാദം. പക്ഷേ നെഹ്‌റുവിന്റെ പൂര്‍ണപിന്തുണ മാളവ്യയ്ക്ക് കിട്ടി. എങ്കിലും, ഒടുവില്‍ വളരെ നിസ്സാരം (എന്ന് ഇന്ന് തോന്നുന്ന) ചില ആരോപണങ്ങള്‍ ഉയര്‍ത്തി അദ്ദേഹത്തെ ക്യാബിനറ്റില്‍ നിന്ന് പുറത്താക്കാന്‍ ക്ഷുദ്രശക്തികള്‍ക്കു കഴിഞ്ഞു.

ഇന്ത്യാ ഗവണ്മെന്റിന്റെ ഇത്തരം 'അനാശാസ്യ' പ്രവര്‍ത്തനങ്ങളെ തടയിടാനായി ബഹുരാഷ്ട്ര കമ്പനികള്‍ പല കുതന്ത്രങ്ങളും പയറ്റി. നാട്ടിന്‍പുറത്ത് 'തൂറി തോല്‍പ്പിക്കുക' എന്നൊരു പ്രയോഗം ഉണ്ടല്ലോ. ഏതാണ്ട് അതുപോലായിരുന്നു അവരുടെ കളി. 1965 ആദ്യം അവര്‍ ഇന്ത്യയിലൊട്ടാകെ കൃത്രിമമായി ഒരു മണ്ണെണ്ണ ക്ഷാമം ഉണ്ടാക്കി. ഇന്ത്യയിലേക്ക് മണ്ണെണ്ണയുമായി വന്നുകൊണ്ടിരുന്ന എണ്ണ കപ്പലുകള്‍ ഒന്നൊന്നായി വഴിതിരിച്ചുവിട്ടു. അന്ന് ഒരു ബഹുരാഷ്ട്ര എണ്ണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന എന്നെ പോലുള്ളവര്‍ക്ക് ഈ കളി വളരെ കൃത്യമായി കാണാമായിരുന്നു. (അവിടെ തുടര്‍ന്നാല്‍ ഇത്തരം രാജ്യദ്രോഹങ്ങള്‍ക്കു കൂട്ട് നില്‍ക്കേണ്ടിവരും എന്ന് മനസ്സിലാക്കിയാണ് ഈയുള്ളവന്‍ അത് വിട്ട് അധ്യാപനത്തിലേക്കു വന്നത് എന്ന് ആത്മകഥാപരമായി സൂചിപ്പിച്ചു കൊള്ളട്ടെ.) 18 ലിറ്ററിന്റെ ഒരു പാട്ട മണ്ണെണ്ണയ്ക്ക് നാല് രൂപയില്‍ താഴെ വില ഉണ്ടായിരുന്നത് ഒറ്റയടിക്ക് മുപ്പതുരൂപയോളമായി. കരിഞ്ചന്തയും പൂഴ്ത്തിവയ്പും വഴി ഡീലര്‍മാര്‍ കൊള്ളലാഭം ഉണ്ടാക്കി. ഇതെല്ലാം സര്‍ക്കാര്‍ എണ്ണമേഖലയില്‍ കൈയിട്ടു കുളമാക്കിയതിന്റെ തിരിച്ചടി ആണെന്നായിരുന്നു കുത്തകകളുടെയും അവരുടെ പിണിയാളന്മാരുടെയും പ്രചരണം. പക്ഷേ അന്നത്തെ സര്‍ക്കാര്‍ ധീരമായ നിലപാടെടുത്തു. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വന്‍തോതില്‍ മണ്ണെണ്ണ ഇറക്കുമതി ചെയ്ത് പ്രതിസന്ധി തരണംചെയ്തു. 1973 ല്‍ എണ്ണ കമ്പനികളുടെ ദേശസാത്കരണത്തിനു ഇന്ദിരാ ഗാന്ധിക്ക് പ്രേരണ ആയത് ബഹുരാഷ്ട്ര കമ്പനികളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള ഈ തിരിച്ചറിവ് ആയിരുന്നിരിക്കണം എന്നതില്‍ സംശയമില്ല.

ഇതൊക്ക ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. അടിക്കടിയുള്ള പെട്രോള്‍ വില വര്‍ധന നമ്മുടെ നടുവൊടിക്കുകയാണല്ലോ. പക്ഷേ ഇതൊന്നുമല്ല, പൂര്‍ണമായ സ്വതന്ത്ര വ്യാപാരം ആണ് വരാന്‍ പോകുന്നത് എന്നാണ് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞിരിക്കുന്നത്. പെട്രോളിന് മാത്രമല്ല, ഡീസലിനും കുക്കിംഗ് ഗ്യാസിനും ഒക്കെ വില കൂട്ടിയെ മതിയാവൂ അത്രേ. അന്താരാഷ്ട്ര എണ്ണ വില വര്‍ധിക്കുന്നതും രൂപയുടെ വില കുറയുന്നതും ഒക്കെയാണ് നീതീകരണം ആയി ചൂണ്ടിക്കാണിക്കുന്നത്. അതൊക്കെ ശരിയാണെങ്കിലും പൂര്‍ണമായും ശരിയല്ല എന്ന് നമുക്കറിയാം. ഇതൊക്കെ മുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷേ അന്നൊക്കെ പിടിച്ചു നില്‍ക്കാന്‍ നമുക്ക് കഴിഞ്ഞത് പൊതുമേഖലയുടെ ശക്തി കൊണ്ട് മാത്രം ആയിരുന്നു. എണ്ണ മേഖല മുഴുവന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആയിരുന്നത് കൊണ്ടാണിത്. ഇന്ത്യക്ക് ആവശ്യമായ എണ്ണയുടെ നാലിലൊന്നോളം ഇപ്പോഴും നാം സ്വയം ഉത്പാദിപ്പിക്കുന്നുണ്ട്. (മാളവ്യയ്ക്ക് സ്തുതി പറയുക!) ഇന്ത്യയുടെ ആവശ്യത്തില്‍ കൂടുതല്‍ എണ്ണ സംസ്‌കരിക്കാനുള്ള ശേഷി നമ്മുടെ റിഫൈനറികള്‍ക്ക് ഇന്നുണ്ട്. (നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും നയങ്ങള്‍ക്കു സ്തുതി പറയുക!) അന്താരാഷ്ട്ര ക്രൂഡ്ഓയില്‍ വിലകൂടിയാല്‍ നമ്മുടെ എണ്ണയ്ക്കും വിലകൂടുമല്ലോ. ഉത്പന്നവില വര്‍ധിച്ചാല്‍ നമ്മുടെ റിഫൈനറികളുടെ ലാഭവും കൂടുമല്ലോ. ഈ ലാഭം ഉപയോഗിച്ച് വിപണിയിലെ വില പിടിച്ചുനിര്‍ത്തുക എന്ന തന്ത്രം ആണ് ഇന്ത്യ എക്കാലവും പ്രയോഗിച്ചിട്ടുള്ളത്. ഇതാണ് വില നിയന്ത്രണത്തിന്റെ രഹസ്യം. ഇതാണ് സ്വകാര്യകുത്തകകള്‍ക്ക് ഒട്ടും സഹിക്കാത്തത്. ഇവിടെ ഇതാ വന്‍ലാഭം ഉണ്ടാക്കാന്‍ പഴുതുള്ള ഒരു വന്‍വിപണി തുറന്നുകിടക്കുന്നു. പക്ഷേ സര്‍ക്കാര്‍ പുല്‍തൊട്ടിയിലെ പട്ടിയെപോലെ, തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന മട്ടില്‍ അതൊക്കെ പിടിച്ചു വച്ചിരിക്കുന്നു.

വളരെ ആസൂത്രിതം ആയിട്ടാണ് അവര്‍ കരുക്കള്‍ നീക്കിയത്. ആദ്യം എണ്ണ പര്യവേക്ഷണത്തില്‍ കൈയിട്ടു. പിന്നെ സ്വന്തമായ റിഫൈനറികള്‍ തുടങ്ങി. അവസാനം ചില്ലറ വില്‍പനയിലും പ്രവേശിച്ചു. അപ്പോഴൊക്കെ പൊതു മേഖലയിലെ ഭീമന്‍മാര്‍ അവിടെയുണ്ടല്ലോ, അതുകൊണ്ട് ഇവരുടെ കളി ഒന്നും നടക്കില്ല എന്ന് ചിലരെങ്കിലും ആശ്വസിച്ചുകാണണം. അന്താരാഷ്ട്ര ക്രൂഡ് വില ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ ചില റിലയന്‍സ് പമ്പുകള്‍ അടച്ചതും ശ്രദ്ധിച്ചു കാണുമല്ലോ. ഇവര്‍ക്കൊന്നും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നാവണം നമ്മള്‍ മണ്ടന്മാര്‍ കരുതിയത്. പക്ഷേ റിലയന്‍സ് എക്കാലവും പിടിച്ചു നില്‍ക്കുക മാത്രമല്ല വളരുകയും ചെയ്തിട്ടുള്ളത് സര്‍ക്കാരിന്റെ നയങ്ങളെ അവര്‍ക്കനുയോജ്യമായ രീതിയില്‍ മാറ്റി കൊണ്ട് വരുന്നതിലൂടെ ആണ് എന്ന് ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് അറിയാം. അത് പറ്റും എന്ന് അവര്‍ക്ക് ഉറപ്പുണ്ട്. അല്ലെങ്കില്‍ അവര്‍ ഈ കളിയ്ക്ക് മുതിരില്ല. അങ്ങനെയാണ് സര്‍ക്കാര്‍ പൊടുന്നനെ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തുകളയാന്‍ തീരുമാനിക്കുന്നത് - 'വിലകള്‍ ഇനി കമ്പോളം തീരുമാനിക്കും.'

കമ്പോളം എന്ന് പറഞ്ഞാല്‍ ആരാ? അന്താരാഷ്ട്ര തലത്തിലെ ഊഹക്കച്ചവടക്കാരാണ് എണ്ണ വില തീരുമാനിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അതിന്മേല്‍ സ്വന്തം ലാഭം കൂട്ടി റിഫൈനറിക്കാരും അതിന്മേല്‍ അവരുടെ ലാഭം കൂടി കൂട്ടി ചില്ലറ വില്പനക്കാരും വില നിശ്ചയിച്ചാല്‍ ഈ ഭാരം മുഴുവനും ജനങ്ങള്‍ താങ്ങണം. ഇതില്‍ സര്‍ക്കാരിന് ഒരു ഉത്തരവാദിത്വവുമില്ലേ? ഇല്ല എന്നാണ് ആഗോളവത്കരണം വാദിക്കുന്നത്. എന്ന് തന്നെയല്ല, നേരെ മറിച്ച്, ഇങ്ങനെ മുതല്‍ മുടക്കി ലാഭം ഉണ്ടാക്കാനുള്ള അവസരങ്ങള്‍ ഒരുക്കികൊടുക്കുകയാണ് സര്‍ക്കാരിന്റെ ചുമതല എന്നും അവര്‍ വാദിക്കുന്നു. സ്വാഭാവികമായും പൊറുതിമുട്ടുമ്പോള്‍ ജനങ്ങള്‍ ഇളകും; പ്രക്ഷോഭം കൂട്ടും. അപ്പോള്‍ അവ അടിച്ചൊതുക്കി ക്രമസമാധാനം പാലിച്ചുകൊടുക്കണം. അപ്പോള്‍ സര്‍ക്കാര്‍ വേണം. അതല്ലാതെ വിപണിയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങരുത്. അതാണ് റീഗനും താച്ചറും ബുഷും ഒക്കെ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. അതാണ് മന്‍മോഹന്‍ സിംഗിന്റെയും അലുവാലിയയുടെയും വേദവാക്യം.

എണ്ണ കമ്പനികള്‍ നഷ്ടത്തിന്റെ കണക്കുകള്‍ നിരത്തുംമ്പോഴും കഴിഞ്ഞ വര്‍ഷം എണ്ണ മേഖല മൊത്തമായെടുത്താല്‍ 40000 കോടി രൂപ ലാഭം ഉണ്ടാക്കി എന്നുള്ളതാണ് വാസ്തവം. ഇതിന് പുറമേ ഈ മേഖലയില്‍ നിന്ന് ഒരു ലക്ഷം കോടിയിലധികം രൂപ സര്‍ക്കാരിന് നികുതി വരുമാനവും ഉണ്ടായി. അപ്പോള്‍ ഈ മേഖലയിലെ തന്നെ ലാഭം അട്ജസ്റ്റ് ചെയ്തും വേണ്ടിവന്നാല്‍ നികുതിവരുമാനത്തില്‍ നിന്ന് ഇളവുകള്‍ കൊടുത്തും കുറെയൊക്കെ ഈ ഭാരം കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിയും. അതാണ് വിലനിയന്ത്രണത്തിന്റെ പൊരുള്‍. പക്ഷേ അങ്ങനെ ചെയ്താല്‍ ഉത്പാദനത്തിലും സംസ്‌കരണത്തിലും മുതല്‍ മുടക്കിയിട്ടുള്ള സ്വകാര്യ കമ്പനികളുടെ ലാഭം കുറയും. അതവര്‍ക്ക് സഹിക്കില്ല. അതിന് നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിനും ഇച്ഛാശക്തിയില്ല. കേന്ദ്ര ക്യാബിനറ്റില്‍ റിലയന്‍സിന്റെയും എസ്സാറിന്റെയും മറ്റും താത്പര്യം സംരക്ഷിക്കാന്‍ കടപ്പെട്ടവര്‍ ഉണ്ടല്ലോ. അതാണ് പ്രശ്‌നം.

പണ്ടൊക്കെ പറയും പോലെ, പിന്നെ 'കിം കരണീയം?' തീര്‍ച്ചയായും രാഷ്ട്രീയമായ ചെറുത്തുനില്‍പ്പ് കൊണ്ട് മാത്രമേ ഇത് തിരുത്താന്‍ കഴിയൂ. നമ്മള്‍ തിരഞ്ഞെടുത്തവര്‍ തന്നെയാണല്ലോ നമ്മളെ ഭരിക്കുന്നത്. അഞ്ചുകൊല്ലം കൂടുമ്പോഴെങ്കിലും അവര്‍ക്ക് നമ്മുടെ വോട്ടു വേണമല്ലോ. പക്ഷേ വോട്ടെടുപ്പ് ആകുമ്പോഴേക്കും നമ്മള്‍ ഇതെല്ലാം മറന്നു ജാതിയും മതവും മറ്റു ബന്ധങ്ങളും ഒക്കെയായിരിക്കും പരിഗണിക്കുക. എങ്കിലും നമ്മള്‍ തെരഞ്ഞെടുത്ത് അയച്ചവരോട് ഈ പ്രശ്‌നത്തില്‍ നിങ്ങള്‍ എന്തു ചെയ്തു? നിങ്ങളുടെ പാര്‍ട്ടിയുടെ നിലപാട് എന്താണ്? എന്നൊക്കെ ചോദിക്കാനുള്ള അവസരം ആണിത്.

അതിനിടെ, മറ്റൊന്നുകൂടി ചെയ്യാം. എണ്ണ മേഖലയിലെ സ്വകാര്യവത്കരണം ആണ് പ്രശ്‌നത്തിന്റെ കാതല്‍ എന്ന് വ്യക്തമായല്ലോ. അപ്പോള്‍ അതിനെതിരെ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് കൂടി ആലോചിക്കാവുന്നതാണ്. റിലയന്‍സ്, എസ്സാര്‍, മുതലായ സ്വകാര്യ പെട്രോള്‍ പമ്പുകള്‍ ബഹിഷ്‌കരിക്കുക എന്നായാലോ? വളരെ പഴയ ഒരു സമരതന്ത്രം ആണ്. പക്ഷേ വിപണി വ്യവസ്ഥയില്‍ കച്ചവടക്കാര്‍ക്ക് എളുപ്പം മനസിലാകുന്ന ഒരു ഭാഷ അതാണ്.

പരീക്ഷിച്ചു നോക്കിയാലോ?

*
ആര്‍ വി ജി മേനോന്‍ ജനയുഗം 22 നവംബര്‍ 2011

3 comments:

വര്‍ക്കേഴ്സ് ഫോറം said...

എണ്ണ മേഖലയിലെ സ്വകാര്യവത്കരണം ആണ് പ്രശ്‌നത്തിന്റെ കാതല്‍ എന്ന് വ്യക്തമായല്ലോ. അപ്പോള്‍ അതിനെതിരെ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് കൂടി ആലോചിക്കാവുന്നതാണ്. റിലയന്‍സ്, എസ്സാര്‍, മുതലായ സ്വകാര്യ പെട്രോള്‍ പമ്പുകള്‍ ബഹിഷ്‌കരിക്കുക എന്നായാലോ? വളരെ പഴയ ഒരു സമരതന്ത്രം ആണ്. പക്ഷേ വിപണി വ്യവസ്ഥയില്‍ കച്ചവടക്കാര്‍ക്ക് എളുപ്പം മനസിലാകുന്ന ഒരു ഭാഷ അതാണ്.

പരീക്ഷിച്ചു നോക്കിയാലോ?

bipin said...

kollam sir..njan ithu vare rel/shell evayude outlets il poyitilla eni ottu pokukayum ella ,,ee thadikaraneyum vaithalika sangatheyum thootu vari eriyanulla oru janakeeya munnettam undavomo?

Vivara Vicharam said...

ബഹുരാഷ്ട്ര കുത്തകകളേയും അവരുമായി ചങ്ങാത്തത്തിനായി ഇന്ത്യയെ ഒറ്റുകൊടുക്കുന്ന നാടന്‍ കുത്തകകളേയും ബഹിഷ്കരിക്കുക എന്നതു് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമല്ല.

അതു് തുടങ്ങാം. പലരും ഇന്നു് അതിനു് തയ്യാറായില്ലെങ്കിലും നാളെ കൂടുതല്‍ ആളുകള്‍ അതില്‍ സഹകരിക്കും.

തോമസ്

.