Wednesday, November 9, 2011

ഹൃദയഭാഷയുടെ എഴുത്തച്ഛന്‍

മലയാളിയുടെ ആറു പതിറ്റാണ്ടുകള്‍ ഹൃദയംകൊണ്ട് അളന്നെടുത്ത എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍നായര്‍ . എം ടിയുടെ രചനകളത്രയും നമുക്ക് ഗൃഹാതുരതയുണര്‍ത്തുന്ന സ്വാനുഭവങ്ങളാണ്. കേരളീയസമൂഹം മുഴുവന്‍ അനുഭവിച്ചുതീര്‍ത്ത ഒരു രണ്ടാംജീവിതം. ഏകാന്തതയില്‍ വീണ്ടുംവീണ്ടും മനസ്സിലേക്ക് കടന്നുവരുന്ന ജീവിതസ്മരണകള്‍പോലെ നാല് തലമുറയുടെ സ്വപ്നത്തിലും ഹര്‍ഷത്തിലും ദുഃഖത്തിലും പ്രണയത്തിലും വിരഹത്തിലും ഉത്സവത്തിലും ഉന്മാദത്തിലും എം ടി സാഹിത്യം ഹൃദയശ്രുതി ചേര്‍ത്തുനില്‍ക്കുന്നു. വള്ളുവനാടന്‍ ഭാഷയിലെ ഹൃദയസ്പര്‍ശമുള്ള നാട്ടുമലയാളവും മനുഷ്യബന്ധങ്ങളിലെ ഭാവാത്മകമായ കാല്‍പ്പനിക സൗന്ദര്യവും എം ടിയിലൂടെ കേരളം മുഴുവന്‍ ഏറ്റെടുത്തു. തിരുവനന്തപുരത്തുകാരും കോട്ടയത്തുകാരും ആലപ്പുഴക്കാരും കണ്ണൂരുകാരുമൊക്കെ സഹോദരിയെ "ഓപ്പോളെ"ന്ന് വിളിക്കാന്‍ തുടങ്ങി. കുടുംബബന്ധങ്ങളുടെ ഗ്രാമീണഭാവത്തെ അടിസ്ഥാനശ്രുതിയായി സ്വീകരിച്ചിരിക്കുന്നതിനാല്‍ മലയാളിത്തം എന്ന സാംസ്കാരിക സത്തയുടെ ആധുനിക വികാസങ്ങളത്രയും വികാരമൃദുലതയോടെ ഹൃദയശില്‍പ്പങ്ങളാക്കുന്നു എം ടിയുടെ രചനകള്‍ .

ആധുനിക യാന്ത്രികജീവിതത്തിന്റെ ഭീഷണമായ മനുഷ്യവിരുദ്ധതകള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും അസ്തമിച്ചുകൊണ്ടിരിക്കുന്ന ഗ്രാമീണ തരളതകളെയും നഷ്ടമായിപ്പോയ വിശുദ്ധസ്നേഹങ്ങളെയും കാപട്യങ്ങളുടെ ആഴക്കയങ്ങളില്‍ കാണാതായിപ്പോയ കണ്ണീരിന്റെ ലവണസത്തകളെയും എം ടി നമുക്ക് കാണിച്ചുതരുന്നു. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപര്‍ , തിരക്കഥാകൃത്ത്, സംവിധായകന്‍ , പ്രബന്ധകാരന്‍ , പ്രഭാഷകന്‍ തുടങ്ങിയ ബഹുമുഖ പ്രതിഭാശക്തിയാല്‍ ആറ് പതിറ്റാണ്ടിലേറെക്കാലമായി എം ടി ഒരു നിമിഷം വിടാതെ നമ്മോടൊപ്പമുണ്ട്. ലോകം മുഴുവനറിയപ്പെടുന്ന വിരലിലെണ്ണാവുന്ന ഇന്ത്യന്‍ എഴുത്തുകാരിലൊരാളാണ് എം ടി. ഏതാണ്ട് ലോകം മുഴുവന്‍ അദ്ദേഹം യാത്ര ചെയ്തെത്തിയിട്ടുമുണ്ട്. പക്ഷേ, അടിസ്ഥാനപരമായി തനി വള്ളുവനാടന്‍ ഗ്രാമീണനാണ് അദ്ദേഹം. ജീവിതസാഹചര്യങ്ങള്‍മൂലം ചെറുപ്പംമുതലേ ഗ്രാമംവിട്ടു താമസിക്കേണ്ടി വന്നുവെങ്കിലും എം ടി എന്നും തന്റെ കുടുംബ-ഗ്രാമബന്ധങ്ങളെയെല്ലാം ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ചാണ് ജീവിച്ചത്. അറിപ്പെടാത്ത അത്ഭുതങ്ങള്‍ ഹൃദയത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന സ്വന്തം നിളയെയാണ് സ്നേഹിച്ചത്. "ഈ നദിയിലെ ഉദയവും നരിമാളന്‍ കുന്നിലെ അസ്തമയവും പോലെ മനോഹരമായ മറ്റൊരു കാഴ്ചയും ലോകത്തിലില്ല" എന്ന് എം ടിയുടെ ഒരു കഥാപാത്രം ഒരിടത്തു പറയുന്നുണ്ട്. മറ്റൊരു കഥാപാത്രം ജീവിതവിജയം തേടി പലപല ആരോഹണങ്ങളും പിന്നിട്ടതിന് ശേഷം എല്ലാ വിജയവും ശൂന്യത മാത്രമാണെന്നറിഞ്ഞ് സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തുമ്പോള്‍ "എന്റെ ജീവിതം പുഴപോലെ വരണ്ടുപോയി" എന്ന് നിശ്വസിക്കുന്നു. ഗ്രാമത്തിന്റെ ഓര്‍മകള്‍ പ്രകാശം നിറഞ്ഞ ചില മിന്നല്‍പ്പിണരുകള്‍പോലെ എം ടിയുടെ വിനിമയങ്ങളില്‍ ചിലപ്പോള്‍ പൊടുന്നനെ വന്നുചേരുന്നതിന്റെ ലാവണ്യാത്മകമായ നിമിഷങ്ങള്‍ പലതും അടുത്തുനിന്നറിയാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.

ഗ്രാമത്തിന്റെ നേര്‍ത്ത ഗന്ധങ്ങള്‍ , സ്മൃതികള്‍ , വാക്കുകള്‍ -ഇവയൊക്കെയും എം ടിയെ ചിലപ്പോള്‍ അത്ഭുതകരമായ സര്‍ഗോന്‍മേഷങ്ങളിലേക്ക് പ്രചോദിപ്പിക്കും. അപ്പോള്‍ എം ടിയുടെ മുഖത്ത് കലര്‍പ്പില്ലാത്ത ചിരി പ്രകാശിക്കുന്നതും കണ്ടിട്ടുണ്ട്. ഒരിക്കലും മുറിച്ചുകളഞ്ഞിട്ടില്ലാത്ത ഈ വേരുകളുടെ അന്തര്‍ബലംതന്നെയാണ് ആകാശങ്ങളില്‍ വളര്‍ന്നുപടരുന്തോറും മണ്ണില്‍ ആഴത്തില്‍ വേരാഴ്ത്തി നില്‍ക്കാന്‍ ഈ വലിയ എഴുത്തുകാരനെ പ്രാപ്തനാക്കുന്നത്. കോഴിക്കോട്ടിരുന്ന് എം ടി കണ്ട കൂടല്ലൂര്‍ക്കിനാവുകളുടെയും സ്മൃതികളുടെയും സര്‍ഗഭൂപടം വളരെ വലുതാണ്. സമാനതകളില്ലാത്ത കഥകള്‍ , മലയാള നോവല്‍ചരിത്രത്തിന്റെതന്നെ ഗതിമാറ്റിയ നോവലുകള്‍ , മലയാള സിനിമയ്ക്ക് അക്ഷരത്തിന്റെ ആത്മബലം നല്‍കിയ എണ്ണംപറഞ്ഞ ചലച്ചിത്രരചനകള്‍ , യാത്രാവിവരണങ്ങള്‍ , പഠനങ്ങള്‍ -വാക്കുകളുടെ അവസാനിക്കാത്ത വിസ്മയങ്ങള്‍ നിറഞ്ഞ ഒരക്ഷയഖനിയാണത്. എം ടിയുടെ രചനകളിലൂടെ കടന്നുപോയവര്‍ക്ക് വായനയിലൂടെ കൈവന്ന അനുഭവലോകവും തങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന അനുഭവപരിസരവും വേര്‍തിരിച്ചറിയാനാകാത്ത വിധം ഒന്നായിത്തീര്‍ന്നു. അപ്പുണ്ണിയും ഗോവിന്ദന്‍കുട്ടിയും വേലായുധനും കോന്തുണ്ണിനായരും മീനാക്ഷ്യേടത്തിയും "ഞാനാണ് ഞാനാണ്" എന്ന് ഓരോ വായനക്കാരനും കഥാപാത്രങ്ങളോട് സാത്മ്യപ്പെട്ടു. ഒരു ഗ്രാമത്തിന്റെ ഭാഷയും വികാരവും ഭൂമിശാസ്ത്രവും ഒരു ജനതയുടെ മുഴുവന്‍ സാസ്കാരിക ചിഹ്നങ്ങളായി. കൂടല്ലൂര്‍ എന്ന പുഴയോരഗ്രാമം ലോകസാംസ്കാരിക ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ടു. കുടുംബകഥ പറഞ്ഞുകൊണ്ട് ഗ്രാമകഥ മെനയുകയും ഗ്രാമകഥകളിലൂടെ സാംസ്കാരികമായ ഒരു ദേശ-രാഷ്ട്ര സങ്കല്‍പ്പനം നമ്മുടെ ആഖ്യാന സംസ്കൃതിയില്‍ വികസിപ്പിക്കുകയാണ് എം ടി ചെയ്തത്.

പാരായണക്ഷമതയില്ലാത്ത ഒരു വാചകംപോലും എം ടി സാഹിത്യത്തിലില്ല. ആഖ്യാനത്തിന്റെ ലാളിത്യം നിറഞ്ഞ നേര്‍വിനിമയത്തിലൂടെ ഗ്രാമീണതയുടെ ശാലീനമായ ഒരു കഥപറച്ചില്‍ പാരമ്പര്യത്തെയാണ് എം ടി നമ്മുടെ ഭാഷയില്‍ നിലനിര്‍ത്തിയത്. വരുംകാലത്ത് നമുക്ക് നഷ്ടപ്പെട്ടുപോയ ഒരു ഭാഷാ-ശൈലീ നിഘണ്ടു രൂപപ്പെടുത്താന്‍ ഒരുപക്ഷേ ആഴത്തില്‍ ആശ്രയിക്കേണ്ടി വരിക എം ടി സാഹിത്യത്തെയാണ്്. നമ്മുടെ കൃഷി, ഗ്രാമീണഭൂപ്രകൃതി, ഞാറ്റുവേലകള്‍ , ഋതുവ്യതിയാനങ്ങള്‍ , മേച്ചില്‍പ്പുറങ്ങള്‍ , പുഴകള്‍ , വയലുകള്‍ , കുന്നുകള്‍ , ഇടവഴികള്‍ , തുടങ്ങി എണ്ണമറ്റ നാട്ടറിവുകളും അനുഭവങ്ങളും നാളെ ജീവിക്കുന്നതും എം ടിയുടെ കൃതികളിലൂടെയായിരിക്കും. എം ടി നേരിട്ട് ഒരു രാഷ്ട്രീയകഥയോ ചരിത്രമോ എഴുതിയില്ല. പകരം വ്യക്തിയിലും സമൂഹത്തിലും പ്രതിഫലിക്കുന്ന രാഷ്ട്രീയ ചരിത്രത്തിന്റെ അഗാധമായ മാനവികത അടയാളപ്പെടുത്തി. 1958ലാണ് എം ടിയുടെ "നാലുകെട്ട്" എന്ന കൃതി പുറത്തുവരുന്നത്. "നാലുകെട്ടി"ലെ അപ്പുണ്ണി തിരിച്ചുവരുന്നതും നാലുകെട്ട് വിലയ്ക്കുവാങ്ങുന്നതും പൊളിച്ചു പുതുക്കിപ്പണിയാന്‍ തീരുമാനിക്കുന്നതുമൊക്കെ വളരെ പ്രധാനപ്പെട്ട ചരിത്രസൂചനകളാണ്. അവഗണിക്കപ്പെട്ടവരും അടിമകളും നിന്ദിതരും നിഷ്കാസിതരുമായ ഒരു ഭൂരിപക്ഷജനത ബലവാന്‍മാരും വിജയികളുമായി തിരിച്ചുവരുന്നതിന്റെ സുവ്യക്തമായ പ്രഖ്യാപനമാണത്. തിരിച്ചുവരുന്ന മനുഷ്യരുടെ പ്രത്യാശകളെഴുതിയ "നാലുകെട്ട്" എന്ന നോവല്‍ നിറയെ എം ടി ആശിച്ച ഒരു പുതിയ സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചുള്ള സൂചനകളുണ്ട്. ജാതി-മതഭേദമില്ലാത്ത സമൂഹം, ചൂഷണമുക്തരായ ഗ്രാമീണ ജനത-ഇതെല്ലാം "നാലുകെട്ട്", "അസുരവിത്ത്" തുടങ്ങിയ എം ടിയുടെ നോവലുകളിലെ അന്തര്‍ഹിതമായ പ്രത്യാശയാണ്.

നാലുകെട്ടിന്റെ അവസാനത്തില്‍ വെളിച്ചത്തിന്റെ വാതില്‍ തുറന്നുപിടിച്ചു നില്‍ക്കുന്നത് തോല്‍ക്കാന്‍ മനസ്സില്ലാത്ത അടിസ്ഥാനവര്‍ഗ മനുഷ്യനാണ്. വ്യവസ്ഥകള്‍ക്കും പദവികള്‍ക്കും ജാതി, മത, ഗോത്ര വിഭാഗീയതകള്‍ക്കും അതീതമായുള്ള മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള കരുതലാണ് നാലുകെട്ടടക്കമുള്ള എം ടിയുടെ എല്ലാ രചനകളുടെയും സാമൂഹ്യജാഗ്രത. എം ടിയുടെ സര്‍ഗയാത്രകളത്രയും സ്നേഹത്തിലേക്കുള്ള മടക്കയാത്രകളാണ്. മടങ്ങിവരാന്‍മാത്രമുള്ള തട്ടകമായി കൂടല്ലൂരും മടക്കയാത്രയുടെ സംസ്കാരകേന്ദ്രമായ തുഞ്ചന്‍പറമ്പും എം ടിയുടെ സാംസ്കാരിക സ്വത്വത്തോട് ചേര്‍ന്നുകിടക്കുന്നത് അതുകൊണ്ടാണ്. മലയാളിയുടെ സാംസ്കാരിക നവോത്ഥാനത്തിന് ജാതി, മത, വര്‍ണ, ലിംഗ ഭേദമില്ലാത്ത ഒരു മാനവിക ഇടമായി പുതിയകാലത്ത് തുഞ്ചന്‍പറമ്പിനെ മാറ്റിത്തീര്‍ത്തത് എം ടിയാണ്. ഭാഷയുടെ ജന്മഗൃഹത്തെ അദ്ദേഹമിന്ന് മാനവികമായ എല്ലാ നന്മകളുടെയും ജന്മഗൃഹമാക്കിയിരിക്കുന്നു. അതിനാല്‍ "ഋതുവായ പെണ്ണിനും ഇരപ്പനും ദാഹകനും പതിതനും അഗ്നിയജനം ചെയ്ത ഭൂസുരനും" ഒരുപോലെ സ്വീകരിക്കാവുന്ന ഹൃദയഭാഷ തീര്‍ത്ത തുഞ്ചത്താചാര്യന്റെ പേരിലുള്ള പുരസ്കാരം എം ടിക്ക് ലഭിക്കുമ്പോള്‍ അതിനൊരു ചരിത്രസൗന്ദര്യമുണ്ട്.

*
ആലങ്കോട് ലീലാകൃഷ്ണന്‍ ദേശാഭിമാനി 09 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മലയാളിയുടെ ആറു പതിറ്റാണ്ടുകള്‍ ഹൃദയംകൊണ്ട് അളന്നെടുത്ത എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍നായര്‍ . എം ടിയുടെ രചനകളത്രയും നമുക്ക് ഗൃഹാതുരതയുണര്‍ത്തുന്ന സ്വാനുഭവങ്ങളാണ്. കേരളീയസമൂഹം മുഴുവന്‍ അനുഭവിച്ചുതീര്‍ത്ത ഒരു രണ്ടാംജീവിതം. ഏകാന്തതയില്‍ വീണ്ടുംവീണ്ടും മനസ്സിലേക്ക് കടന്നുവരുന്ന ജീവിതസ്മരണകള്‍പോലെ നാല് തലമുറയുടെ സ്വപ്നത്തിലും ഹര്‍ഷത്തിലും ദുഃഖത്തിലും പ്രണയത്തിലും വിരഹത്തിലും ഉത്സവത്തിലും ഉന്മാദത്തിലും എം ടി സാഹിത്യം ഹൃദയശ്രുതി ചേര്‍ത്തുനില്‍ക്കുന്നു. വള്ളുവനാടന്‍ ഭാഷയിലെ ഹൃദയസ്പര്‍ശമുള്ള നാട്ടുമലയാളവും മനുഷ്യബന്ധങ്ങളിലെ ഭാവാത്മകമായ കാല്‍പ്പനിക സൗന്ദര്യവും എം ടിയിലൂടെ കേരളം മുഴുവന്‍ ഏറ്റെടുത്തു. തിരുവനന്തപുരത്തുകാരും കോട്ടയത്തുകാരും ആലപ്പുഴക്കാരും കണ്ണൂരുകാരുമൊക്കെ സഹോദരിയെ "ഓപ്പോളെ"ന്ന് വിളിക്കാന്‍ തുടങ്ങി. കുടുംബബന്ധങ്ങളുടെ ഗ്രാമീണഭാവത്തെ അടിസ്ഥാനശ്രുതിയായി സ്വീകരിച്ചിരിക്കുന്നതിനാല്‍ മലയാളിത്തം എന്ന സാംസ്കാരിക സത്തയുടെ ആധുനിക വികാസങ്ങളത്രയും വികാരമൃദുലതയോടെ ഹൃദയശില്‍പ്പങ്ങളാക്കുന്നു എം ടിയുടെ രചനകള്‍ .