Friday, November 18, 2011

വിയോജനത്തിനുള്ള അവകാശം

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ അണിനിരക്കുന്ന ആയിരക്കണക്കിനു പ്രക്ഷോഭകര്‍ അമേരിക്കന്‍ ഭരണകൂടം 99 ശതമാനം വരുന്ന ജനങ്ങള്‍ക്കു വേണ്ടിയല്ല, ഒരു ശതമാനം വരുന്ന കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന മുദ്രവാക്യമാണ് ഉയര്‍ത്തുന്നത്. നവ ഉദാരവല്‍ക്കരണവ്യവസ്ഥ നിലനില്‍ക്കുന്നിടത്തെല്ലാം ഈ മുദ്രാവാക്യം പ്രസക്തമാണ്. ജനാധിപത്യമൂല്യങ്ങള്‍ ആന്തരവല്‍ക്കരിച്ച സമൂഹങ്ങള്‍ ജനകീയ പ്രതിഷേധങ്ങളെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായാണ് കാണുന്നത്. പ്രതിഷേധങ്ങള്‍ എപ്പോഴും ചട്ടപ്പടി സമരങ്ങളാകണമെന്ന് വാശിപിടിക്കുന്നത് ഫാസിസ്റ്റ് സമീപനമാണ്. വിയോജിക്കാനും വിമര്‍ശിക്കാനുമുള്ള അവകാശം ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനശിലയാണ്. എണ്ണമറ്റ ജനകീയപോരാട്ടങ്ങളുടെ അഗ്നിമുഖത്താണ് ജനാധിപത്യം ഉദയംകൊണ്ടതും വളര്‍ന്നുവികസിച്ചതും. ജനാധിപത്യത്തില്‍ വിയോജിക്കാന്‍ അവസരമുണ്ട്. വിയോജനം രേഖപ്പെടുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ചട്ടപ്പടിസമരംമുതല്‍ ജനകീയപ്രക്ഷോഭംവരെ ജനാധിപത്യവാദികള്‍ പ്രയോഗിക്കാറുണ്ട്. പ്രതിഷേധത്തിന്റെ രീതി നിശ്ചയിക്കുന്നത് ഉയര്‍ത്തുന്ന ആവശ്യത്തിന്റെ അടിയന്തര സ്വഭാവവും നിലനില്‍ക്കുന്ന സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളുമാണ്.

നവഉദാരവല്‍ക്കരണം സൃഷ്ടിച്ച അതിക്രൂരമായ രാഷ്ട്രീയ സംസ്കൃതിയെ മാറ്റിമറിക്കാന്‍ സ്വദേശത്തും വിദേശത്തും നിരവധി സമരങ്ങള്‍ ഉയര്‍ന്നുവരികയാണ്. സാമ്പത്തിക അസമത്വം, വിഭവങ്ങളുടെ അനിയന്ത്രിത കേന്ദ്രീകരണം, ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ പ്രാന്തവല്‍ക്കരണം, സാമൂഹ്യ സുരക്ഷിതത്വ സംവിധാനങ്ങളുടെ അഭാവം, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയവ അറബ് ലോകത്തും പടിഞ്ഞാറന്‍ ലോകത്തും സമരപോരാട്ടങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലും ഇതിന്റെ അനുരണനങ്ങള്‍ കണ്ടുതുടങ്ങിക്കഴിഞ്ഞു. സമ്പത്തിന്റെ സമതുലിതമായ വിതരണമില്ലാതെ രാഷ്ട്രീയസ്വാതന്ത്ര്യത്തിന് അര്‍ഥമില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. നവ കോളോണിയലിസത്തെ ചരിത്രപരമായി വിലയിരുത്തിക്കൊണ്ട് റോബര്‍ട്ട് യങ് പറഞ്ഞു:

"രാഷ്ട്രീയവിമോചനം സാമ്പത്തിക സ്വാതന്ത്ര്യം കൊണ്ടുവരണമെന്നില്ല. സാമ്പത്തികവിമോചനം സാധ്യമാകാതെയുള്ള രാഷ്ട്രീയ സ്വാതന്ത്ര്യം നിരര്‍ഥകവും അപ്രായോഗികവുമാണ്."
വിലക്കയറ്റം, അഴിമതി, വിദ്യാഭ്യാസക്കച്ചവടം, തൊഴിലില്ലായ്മ, പെന്‍ഷന്‍പ്രയം ഉയര്‍ത്താനുള്ള ശ്രമം, റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ വിവിധ വിഷയങ്ങളുയര്‍ത്തി കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കേരളത്തിലെ പുരോഗമന വിദ്യാര്‍ഥി-യുവജന പ്രസ്ഥനങ്ങള്‍ നിരവധി സമരങ്ങള്‍ നടത്തുകയുണ്ടായി. തികച്ചും നിഷേധാത്മക സമീപനമാണ് ഈ സമരങ്ങളോട് സര്‍ക്കാര്‍ പുലര്‍ത്തിയത്. ശത്രുരാജ്യത്തെ പട്ടാളത്തെ എന്നപോലെ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും തെരുവില്‍ നേരിട്ടു. ഒരു വെടിവയ്പും 66 ലാത്തിച്ചാര്‍ജുമുണ്ടായി. 668 പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. വധശ്രമം, ഗുണ്ടാനിയമത്തിലെ വകുപ്പുകള്‍ , പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ജാമ്യംപോലും ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് നൂറുകണക്കിനു കള്ളക്കേസ് ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുകയാണ്. കള്ളക്കേസെടുത്ത് ജയിലിലടച്ചും കേസുകളുടെ നൂലാമാലകളില്‍പ്പെടുത്തി വട്ടംകറക്കിയും പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവരെ നിശ്ശബ്ദമാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. പൊതുമുതല്‍ നാശത്തിന്റെ പേരില്‍ ജനകീയസമരങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ കഴുത്തുഞെരിച്ചു കൊല്ലാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. പൊതുമുതല്‍ നശിപ്പിക്കാന്‍വേണ്ടി പുരോഗമന പ്രസ്ഥാനങ്ങള്‍ സമരം ചെയ്യാറില്ല. പൊതുമുതല്‍ ഏതുനിലയ്ക്കും നശിപ്പിക്കപ്പെടുന്നതിന് ഇത്തരം പ്രസ്ഥാനങ്ങളെല്ലാം എതിരുമാണ്. കുതിച്ചുയരുന്ന വിലക്കയറ്റവും ദാരിദ്ര്യവും അഴിമതിയും നടമാടുന്ന നവഉദാരവല്‍ക്കരണത്തിന്റെ സമകാലിക പശ്ചാത്തലത്തില്‍ സാധാരണക്കാരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കുന്നതിനായി നടക്കുന്ന തീക്ഷ്ണമായ സമരമുഖങ്ങളില്‍ അധികാരികളും പൊലീസും കൈക്കൊള്ളുന്നത് ഫാസിസ്റ്റ് സമീപനങ്ങളാണ്. എന്നാല്‍ , ഇക്കാര്യം പലരും ബോധപൂര്‍വം തമസ്കരിക്കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരണശേഷിയില്ലാത്ത യുവത്വത്തെ സൃഷ്ടിക്കാന്‍ കരാറെടുത്തിറങ്ങിയവര്‍&ൃറൂൗീ;പൊതുമുതല്‍ നഷ്ടത്തിന്റെ കണക്ക് നിരത്തുമ്പോള്‍ അതിന്റെ 1000 ഇരട്ടിയിലധികം ഖജനാവിനും ജനങ്ങള്‍ക്കും നഷ്ടം വരുത്തിയ അഴിമതിക്കും സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും എതിരായിരുന്നു ഈ സമരങ്ങളെന്ന കാര്യം ബോധപൂര്‍വംതന്നെ മറച്ചുവയ്ക്കുന്നു. ജനവിരുദ്ധനയങ്ങളുടെ ഉല്‍പ്പാദകര്‍ പ്രതികരണങ്ങളെ എക്കാലവും ഭയപ്പെട്ടിട്ടുണ്ട്. പ്രതികരണങ്ങളെ ദുര്‍ബലപ്പെടുത്താന്‍ , അരാഷ്ട്രീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണമാണ് സമരങ്ങളുടെ ഉദ്ദേശ്യശുദ്ധിയും നാടിന്റെ ചരിത്രവും തമസ്കരിക്കപ്പെടുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുകപോലും ചെയ്യാത്ത ബന്ധപ്പെട്ട പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെപ്പോലും പൊതുമുതല്‍ നശീകരണ നിരോധന നിയമപ്രകാരം (1984) കള്ളക്കേസ് ചുമത്തി ജയിലിലടയ്ക്കുകയാണ്.

പൊതുമുതല്‍ നശീകരണനിരോധന നിയമപ്രകാരം പൊലീസ് ചുമത്തുന്ന കേസുകളില്‍ കുറ്റാരോപിതര്‍ അവര്‍ നശിപ്പിച്ചതായി പൊലീസ് പറയുന്ന മുതലിന്റെ മാര്‍ക്കറ്റ് വിലയ്ക്ക് തുല്യമായ തുക കെട്ടിവച്ചാലേ ജാമ്യം അനുവദിക്കുകയുള്ളൂ എന്ന ഉത്തരവ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചിട്ടുണ്ട്. വിചാരണ നടത്തി കുറ്റം തെളിയിക്കുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയായി കണക്കാക്കണമെന്ന നിയമവാഴ്ചയുടെ അടിസ്ഥാന പ്രമാണത്തിന്റെ നഗ്നമായ ലംഘനമാണിത്. ആരോപിതരെ കുറ്റവാളിയായി കണക്കാക്കി വിചാരണ നടത്താതെതന്നെ ശിക്ഷിക്കുന്നതിന് സമാനമാണിത്. എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി ബിനീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോള്‍ 50,000 രൂപയുടെ സ്വത്ത് ജാമ്യം മാതാപിതാക്കളില്‍ ഒരാളെങ്കിലും ഈടായി നല്‍കണമെന്ന വിചിത്രമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. അടിക്കടി പെട്രോള്‍വില വര്‍ധിപ്പിച്ച് ജനങ്ങളെ കഷ്ടത്തിലാക്കുന്ന പെട്രോളിയം കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കണമെന്ന് ഹൈക്കോടതി അഭിപ്രയപ്പെട്ടിരുന്നു. നിലനില്‍ക്കാനുള്ള അവകാശംപോലും ഇല്ലാതാകുമ്പോള്‍ ജനങ്ങള്‍ പാതയോരങ്ങളും തെരുവുകളും പിടിച്ചെടുക്കുമെന്നാണ് അറബ് വസന്തവും വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരവുമടക്കം സമകാലീനലോകത്ത് വളര്‍ന്ന് വരുന്ന ജനകീയ മുന്നേറ്റങ്ങള്‍ നല്‍കുന്ന സൂചന.

*
അഡ്വ. പി എ മുഹമ്മദ് റിയാസ് ദേശാഭിമാനി 18 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...