Tuesday, November 15, 2011

വയനാട്ടില്‍ വീണ്ടും മരണഗന്ധം

നാം മറന്നുതുടങ്ങിയ ആ കറുത്ത നാളുകള്‍ മടങ്ങിയെത്തുകയാണോ? പാടങ്ങളില്‍ കര്‍ഷകന്റെ കണ്ണീരൊഴുകിയ, കളപ്പുരകളില്‍ മരണം പതിയിരുന്ന, ഗൃഹനാഥന്‍ ജീവനൊടുക്കിയപ്പോള്‍ വഴിമുട്ടിയ ജീവിതത്തിന് മുന്നില്‍ കര്‍ഷകകുടുംബങ്ങള്‍ പകച്ചുനിന്ന കാലം. തെരുവുകളില്‍ അണയാത്ത സമരജ്വാലകള്‍ തെളിച്ച് വയനാടന്‍ കര്‍ഷകര്‍ തിരിച്ചുപിടിച്ച ജീവിതം പിന്നെയുമെന്തേ കൈവിട്ടുപോവുന്നു. അന്ന് കാപ്പിയും കുരുമുളകും ചതിച്ച കര്‍ഷകനെ ഇന്ന് ഇഞ്ചിയും വാഴയും ഏലവും കടക്കെണിയിലാക്കുന്നു. ഈ രാജ്യം കര്‍ഷകരുടേത് കൂടിയാണെന്ന സത്യം മറന്ന സര്‍ക്കാരും അവര്‍ക്ക് താങ്ങാവുന്നില്ല. ജീവിത സ്വപ്നങ്ങള്‍ മണ്ണിലുടയുമ്പോള്‍ മരണത്തില്‍ അഭയം തേടിയവരെയല്ല, ഇന്നും പോരാടുന്ന കര്‍ഷകരെ മാതൃകയാക്കാം. തിരിച്ചറിയുക, അത്മഹത്യയല്ല അതീജീവനത്തിനുള്ള അവസാന മാര്‍ഗം.

വെള്ളമുണ്ട മൊതക്കരയിലെ സി പി ശശിധരന്‍ , പുല്‍പ്പള്ളി ഐശ്വര്യക്കവലയിലെ അശോകന്‍ മേപ്പാടി നെടുമ്പാലയിലെ വര്‍ഗീസ്- ഇവരാണ് ഏറ്റവുമൊടുവില്‍ ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തത്. മൂവരും ഇഞ്ചി, വാഴ കര്‍ഷകര്‍ . 1999നും 2007നും ഇടയിലുള്ള ഏഴുവര്‍ഷത്തിനിടെ ജില്ലയില്‍ 535 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. ഉല്‍പ്പന്ന വിലയിടിവ്, വരള്‍ച്ച, കൃഷിനാശം, ജപ്തി ഭീഷണി, കൊള്ളപ്പലിശക്കാരുടെ ശല്യം.... അങ്ങനെ എല്ലാ ദുരിതങ്ങളും ഒന്നിച്ചെത്തിയപ്പോള്‍ കാര്‍ഷികമേഖല ശവപ്പറമ്പായി. അതേഅവസ്ഥയിലാണ് ഇന്ന് വയനാട്ടിലെ കര്‍ഷകര്‍ . നാണ്യവിളകളേക്കാള്‍ തന്നാണ്ടുവിളകളായ ഇഞ്ചിയും വാഴയും കൃഷിചെയ്താണ് ഇതുവരെ കര്‍ഷകര്‍ പിടിച്ചുനിന്നത്. രാസവള വിലവര്‍ധനയും ക്ഷാമവും, ഇഞ്ചി, നേന്ത്രക്കായ് എന്നിവയുടെ വിലയിടിവുമാണ് പുതിയ പ്രതിസന്ധിയുടെ പെട്ടെന്നുള്ള കാരണം. രാസവള വിലനിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ മാറിനിന്നപ്പോള്‍ ഇരട്ടിയില്‍ അധികമായാണ് വില ഉയര്‍ന്നത്. ഉല്‍പ്പന്നങ്ങള്‍ വിലത്തകച്ച നേരിടുന്നു. ഒരു വര്‍ഷംമുമ്പ് 60 കിലോയുടെ ഒരുചാക്കിന് 2000 രൂപ മുതല്‍ 3500 രൂപവരെ ലഭിച്ചിരുന്ന ഇഞ്ചിയുടെ വില ഇന്ന് 400 മുതല്‍ 700 രൂപയായി കുറഞ്ഞു. 2010 ജൂണ്‍ , ജൂലൈ മാസങ്ങളില്‍ ഒരു ചാക്ക് ഇഞ്ചിക്ക് 3500 രൂപ വരെ വിലയുണ്ടായിരുന്നു. ഡിസംബറിലെത്തിയപ്പോള്‍ അത് 1200 രൂപയായി കുറഞ്ഞു. ഇപ്പോള്‍ 400 രൂപവരെയാണ് വില. ഒരു ചാക്ക് ഇഞ്ചി പറിച്ചെടുക്കാന്‍ മാത്രം 200 രൂപ ചെലവ് വരും. പിന്നെയെങ്ങനെ വിളവെടുക്കുമെന്നാണ് കര്‍ഷകര്‍ ചിന്തിക്കുന്നത്. കര്‍ണാടകയിലെ കുടക്, ഷിമോഗ, തമിഴ്നാടിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഹെക്ടര്‍ കണക്കിന് ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷിയിറക്കിയ കര്‍ഷകര്‍ വയനാട്ടിലുണ്ട്. അവിടങ്ങളില്‍ വിളവെടുപ്പിന് പോകാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് അവര്‍ .

കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ജപ്തി നടപടികള്‍ ബാങ്കുകള്‍ പുനരാരംഭിച്ചതും കര്‍ഷകരുടെ പ്രതീക്ഷകളെ തകര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ സര്‍ഫാസി ആക്ട് പ്രകാരമാണ് ജപ്തി നടപടികള്‍ . ബാങ്കുകള്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കാത്ത നയം സ്വീകരിക്കുകയും ചെയ്യുന്നു. വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കാര്‍ഷിക മേഖലക്ക് പ്രത്യാശ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടു. സര്‍ക്കാരും സമൂഹവും തങ്ങളോടൊപ്പമുണ്ടെന്ന ആത്മവിശ്വാസം കര്‍ഷകര്‍ക്ക് നല്‍കുകയാണ് അഞ്ചുവര്‍ഷം മുമ്പ് വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ച ആദ്യത്തെ നടപടി. പിന്നീട് നിലവില്‍ വന്ന കാര്‍ഷിക കടാശ്വാസ കമീഷനും വിവിധ കാര്‍ഷിക പാക്കേജുകളും അവരില്‍ ആത്മവിശ്വാസം വളര്‍ത്തി. ഈ നയങ്ങളില്‍നിന്നുള്ള പിന്നാക്കംപോക്കാണ് കര്‍ഷകരെ വീണ്ടും ആത്മഹത്യയിലേക്ക് നയിക്കുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന്. ഈ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളിലേക്ക് തിരിച്ചുവരികയാണ് ഇനി അവശേഷിക്കുന്ന മാര്‍ഗം.

കെ എ അജിത്കുമാര്‍

പലിശപ്പട്ടിണി പടികേറുമ്പോള്‍

കാര്‍ഷികമേഖലയോടും കര്‍ഷകരോടുമുള്ള സംസ്ഥാനസര്‍ക്കാറിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും സമീപനമാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന്റെ അടിസ്ഥാന കാരണം. വായ്പയെടുത്ത കര്‍ഷകര്‍ക്ക് തിരിച്ചടയ്ക്കാനാവാത്ത അവസ്ഥയുണ്ടായത് ധനകാര്യസ്ഥാപനങ്ങള്‍ വിസ്മരിക്കുകയാണ്. തിരിച്ചടവ് നടത്താത്ത വായ്പക്കാരന് ജപ്തിനോട്ടീസ് അയച്ചും ഭീഷണിപ്പെടുത്തിയും പണം വസൂലാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഭരണാധികാരികള്‍ കണ്ടതായി നടിക്കുന്നില്ല.

പാട്ടത്തിന് സ്ഥലമെടുത്ത് വാഴക്കൃഷി നടത്തുമ്പോള്‍ വെള്ളമുണ്ട മല്ലിശേരിക്കുന്നിലെ സി പി ശശിക്കും ഇഞ്ചിക്കൃഷിയിറക്കിയ പുല്‍പ്പള്ളിയിലെ അശോകനും മാനംമുട്ടെ സ്വപ്നങ്ങളൊന്നുമില്ലായിരുന്നു. സ്വന്തമായി കൃഷിചെയ്ത് കുടുംബം പുലര്‍ത്തുക മാത്രമായിരുന്നു ലക്ഷ്യം. വിലത്തകര്‍ച്ചയും രാസവളത്തിന്റെ വിലവര്‍ധനയും ഇവരെ കടക്കാരാക്കി മാറ്റി. കടം പെരുകിയപ്പോള്‍ മാനക്കേടില്‍നിന്നും രക്ഷനേടാന്‍ കണ്ടെത്തിയ മാര്‍ഗം ആത്മഹത്യ മാത്രമായിരുന്നു. ശശിയിലും അശോകനിലും ഒതുങ്ങുന്നതല്ല ഈ രക്ഷ നേടല്‍ മാര്‍ഗം. മണ്ണിനെ പൊന്നാക്കിമാറ്റാന്‍ വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന കര്‍ഷകന്‍ ; അവന്റെ ദുരിതം അകറ്റേണ്ടത് ആരുടെ ചുമതലയാണ്. രാജ്യത്തെ ജനങ്ങളെ തീറ്റിപ്പോറ്റാന്‍ പകലന്തിയോളം പണിയെടുക്കുന്ന കര്‍ഷകന് അഭയം ആത്മഹത്യ മാത്രമാണെന്നത് ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് തിരിച്ചറിയാന്‍ എന്നു കഴിയും

പി ടി സുരേഷ്

*
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നാം മറന്നുതുടങ്ങിയ ആ കറുത്ത നാളുകള്‍ മടങ്ങിയെത്തുകയാണോ? പാടങ്ങളില്‍ കര്‍ഷകന്റെ കണ്ണീരൊഴുകിയ, കളപ്പുരകളില്‍ മരണം പതിയിരുന്ന, ഗൃഹനാഥന്‍ ജീവനൊടുക്കിയപ്പോള്‍ വഴിമുട്ടിയ ജീവിതത്തിന് മുന്നില്‍ കര്‍ഷകകുടുംബങ്ങള്‍ പകച്ചുനിന്ന കാലം. തെരുവുകളില്‍ അണയാത്ത സമരജ്വാലകള്‍ തെളിച്ച് വയനാടന്‍ കര്‍ഷകര്‍ തിരിച്ചുപിടിച്ച ജീവിതം പിന്നെയുമെന്തേ കൈവിട്ടുപോവുന്നു. അന്ന് കാപ്പിയും കുരുമുളകും ചതിച്ച കര്‍ഷകനെ ഇന്ന് ഇഞ്ചിയും വാഴയും ഏലവും കടക്കെണിയിലാക്കുന്നു. ഈ രാജ്യം കര്‍ഷകരുടേത് കൂടിയാണെന്ന സത്യം മറന്ന സര്‍ക്കാരും അവര്‍ക്ക് താങ്ങാവുന്നില്ല. ജീവിത സ്വപ്നങ്ങള്‍ മണ്ണിലുടയുമ്പോള്‍ മരണത്തില്‍ അഭയം തേടിയവരെയല്ല, ഇന്നും പോരാടുന്ന കര്‍ഷകരെ മാതൃകയാക്കാം. തിരിച്ചറിയുക, അത്മഹത്യയല്ല അതീജീവനത്തിനുള്ള അവസാന മാര്‍ഗം