Thursday, November 24, 2011

ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം

പിറവം ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി സഖാവ് എം ജെ ജേക്കബ് മത്സരിക്കുന്നു. 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലും മത്സരിച്ച എം ജെ ജേക്കബ് പിറവം മണ്ഡലത്തിലെ ജനഹൃദയങ്ങളില്‍ ലബ്ധപ്രതിഷ്ഠനാണ്. 12-ാം നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ മാതൃകാജനപ്രതിനിധിയെന്ന് പരക്കെ അംഗീകാരം നേടാന്‍ ജേക്കബ്ബിന് സാധിച്ചിട്ടുണ്ട്. പിറവം മണ്ഡലത്തിന്റെ സര്‍വതോമുഖമായ വികസനത്തിനും ജനക്ഷേമത്തിനുംവേണ്ടി അദ്ദേഹം നടത്തിയതും നടത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ അംഗീകാരം നേടിയതാണ്. പിറവം ഉപതെരഞ്ഞെടുപ്പിന് ഒരു സാധാരണ ഉപതെരഞ്ഞെടുപ്പ് എന്നതില്‍ കവിഞ്ഞ പ്രാധാന്യമുണ്ട്. ചില മാധ്യമങ്ങളും ചില രാഷ്ട്രീയനിരീക്ഷകരും കരുതുന്നതുപോലെ നിയമസഭയിലെ കക്ഷിനിലയുമായി ബന്ധപ്പെട്ട പ്രാധാന്യം മാത്രമല്ല അത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടതുപോലെ ഭരണ-പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ് എന്ന് തികച്ചും സാധാരണയായി പറയാം. എന്നാല്‍ , അതിനെല്ലാമുപരിയായ രാഷ്ട്രീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിത്.

പ്രാദേശികമോ ദേശീയമോ ആയ പ്രശ്നങ്ങള്‍ മാത്രമല്ല, പിറവത്തെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത്. ഇന്ന് ഇന്ത്യയിലും കേരളത്തിലും നിലനില്‍ക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ ആഗോളനയത്തിന്റെ ഫലമാണെന്നും രണ്ട് പതിറ്റാണ്ടോളം കഴിഞ്ഞിട്ടാണെങ്കിലും ആ നയം സാര്‍വദേശീയമായിത്തന്നെ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നുവെന്നതുമാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ തുടക്കംകുറിച്ച ആഗോളവല്‍ക്കരണ സാമ്പത്തികനയം അതിന്റെ ഉപജ്ഞാതാക്കളുടെ നാട്ടില്‍ത്തന്നെ അതിശക്തമായ എതിര്‍പ്പിന് വിധേയമായിരിക്കുന്നു. സാമ്രാജ്യത്വലോകത്തിന്റെ പ്രതീകനഗരമായ ന്യൂയോര്‍ക്കില്‍ ജനങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റ് സമരത്തിലാണ്. 99 ശതമാനത്തെ ചൂഷണം ചെയ്യുന്ന, ഒരുശതമാനത്തിനുവേണ്ടി ഭരിക്കുന്ന, നവലിബറല്‍ സാമ്പത്തികനയത്തിനെതിരെ ഐതിഹാസികമായ ചെറുത്തുനില്‍പ്പിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്. സോഷ്യലിസവും കമ്യൂണിസവും തന്നെയാണ് ലോകത്തിന്റെ ഭാവി എന്ന ഉച്ചൈസ്തരമുള്ള ഉദ്ഘോഷങ്ങളാണ് അമേരിക്കയുള്‍പ്പെടെയുള്ള വികസിത മുതലാളിത്തരാജ്യങ്ങളില്‍നിന്നുപോലും മുഴങ്ങുന്നത്. ലോകത്തിന്റെ ചുവരെഴുത്ത് കണ്ട് തെറ്റ് തിരുത്താന്‍ ഇന്ത്യ ഭരിക്കുന്ന യുപിഎ തയ്യാറല്ല. ഗ്രീസിലും ഇറ്റലിയിലും ബാങ്ക് മേധാവികള്‍ പ്രധാനമന്ത്രിയാകുന്നത് ഇപ്പോഴാണ്. എന്നാല്‍ , ആഗോളവല്‍ക്കരണത്തിന്റെ തുടക്കകാലത്തുതന്നെ ഇന്ത്യയില്‍ ധനമന്ത്രിയാകുകയും പിന്നീട് പ്രധാനമന്ത്രിയാകുകയും ചെയ്ത ലോകബാങ്ക് മുന്‍ ഉദ്യോഗസ്ഥനാണ് ഡോ. മന്‍മോഹന്‍സിങ്. കോര്‍പറേറ്റ് പ്രീണനവും ഇറക്കുമതി ഉദാരവല്‍ക്കരണവും പൊതുമേഖല വിറ്റഴിക്കലുമാണ് മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഇവിടെ നടപ്പാക്കിയത്.

അതിന്റെ പ്രധാന ഫലങ്ങളിലൊന്ന് കുത്തകക്കമ്പനികള്‍ രാജ്യത്തെ കൊള്ളയടിച്ചെന്നതാണ്. തെറ്റായ നയത്തിന്റെ ഫലമായാണ് കുംഭകോണങ്ങളുടെ പരമ്പരതന്നെയുണ്ടായതെന്ന് സമ്മതിക്കാന്‍ ഇപ്പോഴും യുപിഎ ഒരുക്കമല്ല. മേല്‍പ്പറഞ്ഞ സാര്‍വദേശീയ, ദേശീയ രാഷ്ട്രീയസാഹചര്യങ്ങള്‍ക്കൊപ്പമാണ് സംസ്ഥാനരാഷ്ട്രീയവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകുക. ഒരംഗത്തിന്റെ മാത്രം അധിക പിന്തുണയില്‍ ഭരണം നടത്തുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആറുമാസം കൊണ്ടുതന്നെ അതിന്റെ ദുര്‍മുഖം വ്യക്തമാക്കിക്കഴിഞ്ഞു. നൂറുദിന കര്‍മപരിപാടി, ഒരുവര്‍ഷ കര്‍മപരിപാടി എന്നിങ്ങനെ തികഞ്ഞ കാപട്യം പ്രചരിപ്പിക്കുന്നതില്‍ മാത്രമാണ് സര്‍ക്കാരിന് താല്‍പ്പര്യം. മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും സ്വത്ത് വെളിപ്പെടുത്തലും അഴിമതിരഹിത സുതാര്യഭരണവുമാണ് ആദ്യത്തെ നൂറുദിനപദ്ധതിയായി പറഞ്ഞത്. മന്ത്രിമാരുടെ സ്വത്ത് വെളിപ്പെടുത്തല്‍ തികഞ്ഞ കാപട്യമായി മാറിയത് ജനങ്ങള്‍ കണ്ടു. അഴിമതിക്കേസുകളില്‍ പ്രതികളായ മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ നിയമവിരുദ്ധനടപടികള്‍ സ്വീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പാമൊലിന്‍ അഴിമതിയിലുള്ള പങ്ക് ചൂണ്ടിക്കാട്ടി, അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിയെ ഭീഷണിപ്പെടുത്തി കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു. കൊച്ചി മെട്രോയുടെ ഫണ്ട് രണ്ട് പുത്തന്‍തലമുറ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അക്കൗണ്ട് എടുക്കുകയും മുഖ്യമന്ത്രിയുടെ ബന്ധു ജോലിചെയ്യുന്ന കൊല്ലത്തെ പുത്തന്‍ തലമുറ ബാങ്കില്‍ പണം നിക്ഷേപിക്കുകയും ചെയ്തത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി. കേസ് അട്ടിമറിക്കാന്‍ പ്രതികളില്‍നിന്ന് പണം വാങ്ങി ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ക്ക് എജി ഓഫീസില്‍ ഉള്‍പ്പെടെ ഉന്നത തസ്തികകള്‍ നല്‍കി. ടൈറ്റാനിയം കമ്പനിയില്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും നേതൃത്വത്തില്‍ നടന്ന അഴിമതി പുറത്തുവന്നു.

കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടിയാണെന്ന് മുന്‍മന്ത്രി കെ കെ രാമചന്ദ്രന്‍ വെളിപ്പെടുത്തി. അഴിമതിക്ക് സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ നിയമവിരുദ്ധമായി തടവില്‍നിന്ന് മോചിപ്പിച്ചു. ജയിലറയ്ക്ക് പകരം സ്വകാര്യ ആശുപത്രിയിലെ പഞ്ചനക്ഷത്ര സ്യൂട്ടില്‍ കഴിയാനും ജയില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാനും ഔദ്യോഗികമായി സൗകര്യം ചെയ്തുകൊടുത്തു. വാളകത്ത് കൃഷ്ണകുമാര്‍ എന്ന അധ്യാപകന്‍ പൈശാചികമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ പിള്ളയെയും മകനും മന്ത്രിയുമായ ഗണേശ്കുമാറിനെയും ചോദ്യം ചെയ്യാനും തയ്യാറായില്ല. ആ കേസ് തേയ്ച്ചുമായ്ച്ചുകളയാനാണ് ശ്രമിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍ സഹയാത്രികനെ തല്ലിക്കൊന്നു. കോഴിക്കോട്ട് ഒരു യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് തീവ്രവാദികള്‍ തല്ലിക്കൊന്നു. സംസ്ഥാനത്താകെ കൊലയും കൊളളയും നിത്യസംഭവമായി മാറി. ക്രമസമാധാനം പാടെ തകര്‍ന്നു. പൊലീസിലെ ക്രിമിനല്‍ സ്വഭാവമുള്ളവരെ പുറത്താക്കണമെന്ന് വിധി നിലവിലുണ്ടായിട്ടും എന്‍ഐഎ അന്വേഷണം നേരിടുന്ന ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തു. ഇതെല്ലാം യുഡിഎഫിനകത്തുതന്നെ കടുത്ത വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുന്നു. മദ്യനയത്തിന്റെപേരില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത്. ത്രീസ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കേ ഭാവിയില്‍ ബാര്‍ ലൈസന്‍സ് നല്‍കൂ എന്ന് മുന്‍കൂര്‍ പ്രഖ്യാപിച്ച് കോഴ വാങ്ങിക്കൊണ്ടിരിക്കുകയാണ്. നൂറോളം ഹോട്ടലുകള്‍ക്ക് പുതുതായി ബാര്‍ ലൈസന്‍സ് നല്‍കാനാണ് നീക്കം. കര്‍മപരിപാടികളെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ നിത്യോപയോഗസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം കണ്ടില്ലെന്ന് നടിക്കുന്നു. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പൊതുവിതരണസമ്പ്രദായം കാര്യക്ഷമമാക്കുന്നതിനും ഒരു നടപടിയും സ്വീകരിക്കുന്നില്ല. ബസ് ചാര്‍ജും വൈദ്യുതി ചാര്‍ജും കുത്തനെ വര്‍ധിപ്പിച്ചു. വൈദ്യുതിക്ക് വീണ്ടും സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ പോകുന്നു. എല്‍ഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സമഗ്രനടപടികള്‍ സ്വീകരിച്ചിരുന്നു. കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലാതാക്കുകയും കാര്‍ഷികമേഖലയില്‍ പുതിയ ഉണര്‍വുണ്ടാക്കുകയും ചെയ്തു. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ കര്‍ഷക ആത്മഹത്യ നിത്യസംഭവമായിരിക്കുന്നു. കടക്കെണിയും വിലത്തകര്‍ച്ചയും കാരണം ഗത്യന്തരമില്ലാതെ പതിമൂന്ന് കൃഷിക്കാരാണ് മൂന്നാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത്. രാസവളത്തിന്റെ വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത് കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് ആക്കംകൂട്ടി. വളത്തിന് ആറിരട്ടി വരെയാണ് വില വര്‍ധിച്ചത്. കൃഷിച്ചെലവ് താങ്ങാനാകാത്തവിധം വര്‍ധിക്കുകയും ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഇടിയുകയും ചെയ്തു. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയില്ല. ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളാനോ അവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാനോ തയ്യാറായിട്ടില്ല. വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതിയും മെറിറ്റും അട്ടിമറിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ആദ്യംതന്നെ സ്വീകരിച്ചത്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തില്‍ മെറിറ്റും സാമൂഹ്യനീതിയും ലംഘിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് ഒത്താശ ചെയ്തു. നിരവധി എന്‍ജിനിയറിങ് കോളേജുകളില്‍ നൂറുകണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ത്തന്നെ 19 സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് എന്‍ഒസി നല്‍കി. ലക്കുംലഗാനുമില്ലാതെ അണ്‍ എയ്ഡഡ് സിബിഎസ്സി സ്കൂളുകള്‍ക്ക് അനുമതി നല്‍കി പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നു.

പാഠ്യപദ്ധതിപോലും മത-സാമുദായികശക്തികളുടെ ചൊല്‍പ്പടിക്കാക്കുകയാണ്. മുസ്ലിംലീഗുമായി ബന്ധപ്പെട്ടവരെ കുത്തിനിറച്ച് കരിക്കുലം കമ്മിറ്റിയുണ്ടാക്കിയത് പരക്കെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നു. സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുന്നതിനും സര്‍വകലാശാലകളിലെ ജനാധിപത്യം അട്ടിമറിക്കുന്നതിനുമുളള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പൊലീസിനെ വൈരനിര്യാതനത്തിനുള്ള ഉപകരണമാക്കി ബഹുജനസമരങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ഉപയോഗപ്പെടുത്തുകയാണ്. തലതിരിഞ്ഞ വിദ്യാഭ്യാസനയത്തിനെതിരെ സമരംചെയ്ത വിദ്യാര്‍ഥികളെ പൈശാചികമായി തല്ലിച്ചതയ്ക്കുകയും വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്ത സംഭവങ്ങളെവരെ ന്യായീകരിക്കാനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. അതേസമയംതന്നെ ഗുണ്ടകള്‍ക്കും മോഷ്ടാക്കള്‍ക്കും കൊലയാളികള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നുമില്ല. ഈ തെറ്റായ പൊലീസ് നയം സംസ്ഥാനത്താകെ സൈ്വരജീവിതം തകര്‍ത്തിരിക്കുകയാണ്.

ഇങ്ങനെ ജനവിരുദ്ധനയങ്ങളും അഴിമതിയും സ്വജനപക്ഷപാതവും ധാര്‍ഷ്ട്യവും ജനാധിപത്യവിരുദ്ധതയും മുഖമുദ്രയാക്കിയ ഭരണമാണ് നടക്കുന്നത്. ഈ തെറ്റായ നയങ്ങള്‍ക്കും ദുര്‍നടപടികള്‍ക്കുമെതിരായി താക്കീത് നല്‍കാനുളള അവസരമായി പിറവം മണ്ഡലത്തിലെ ജനങ്ങള്‍ ഉപതെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുമെന്നതില്‍ സംശയമില്ല. നിയമസഭയില്‍ ഒരു സീറ്റ്, ആ സീറ്റ് ഭരണരംഗത്തുണ്ടാക്കിയേക്കാവുന്ന ദൂരവ്യാപകമായ മാറ്റം എന്നതിലെല്ലാം ഉപരി സര്‍വദേശീയവും ദേശീയവുമായ ഒരു മാനം കൂടി പിറവം ഉപതെരഞ്ഞെടുപ്പിനുണ്ട്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 24 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പിറവം ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി സഖാവ് എം ജെ ജേക്കബ് മത്സരിക്കുന്നു. 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലും മത്സരിച്ച എം ജെ ജേക്കബ് പിറവം മണ്ഡലത്തിലെ ജനഹൃദയങ്ങളില്‍ ലബ്ധപ്രതിഷ്ഠനാണ്. 12-ാം നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ മാതൃകാജനപ്രതിനിധിയെന്ന് പരക്കെ അംഗീകാരം നേടാന്‍ ജേക്കബ്ബിന് സാധിച്ചിട്ടുണ്ട്. പിറവം മണ്ഡലത്തിന്റെ സര്‍വതോമുഖമായ വികസനത്തിനും ജനക്ഷേമത്തിനുംവേണ്ടി അദ്ദേഹം നടത്തിയതും നടത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ അംഗീകാരം നേടിയതാണ്. പിറവം ഉപതെരഞ്ഞെടുപ്പിന് ഒരു സാധാരണ ഉപതെരഞ്ഞെടുപ്പ് എന്നതില്‍ കവിഞ്ഞ പ്രാധാന്യമുണ്ട്. ചില മാധ്യമങ്ങളും ചില രാഷ്ട്രീയനിരീക്ഷകരും കരുതുന്നതുപോലെ നിയമസഭയിലെ കക്ഷിനിലയുമായി ബന്ധപ്പെട്ട പ്രാധാന്യം മാത്രമല്ല അത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടതുപോലെ ഭരണ-പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ് എന്ന് തികച്ചും സാധാരണയായി പറയാം. എന്നാല്‍ , അതിനെല്ലാമുപരിയായ രാഷ്ട്രീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിത്.