Thursday, November 17, 2011

വീണ്ടും കര്‍ഷക ആത്മഹത്യ

കേരളത്തില്‍ കടക്കെണിയും വിലത്തകര്‍ച്ചയും കാരണമുള്ള കര്‍ഷക ആത്മഹത്യ വീണ്ടും നിത്യസംഭവമായിരിക്കുന്നു. വയനാട് ജില്ലയില്‍ ഇതിനകം നാല് കൃഷിക്കാര്‍ ആത്മഹത്യചെയ്തു. കണ്ണൂര്‍ ജില്ലയിലെ മലയോര കാര്‍ഷികമേഖലയായ കൊട്ടിയൂരില്‍ ജപ്തി നോട്ടീസ് കിട്ടിയതിനെത്തുടര്‍ന്ന് ഒരു കൃഷിക്കാരന്‍ കഴിഞ്ഞദിവസം ആത്മഹത്യചെയ്തു. ഒരാഴ്ചയ്ക്കകം ഏഴ് കൃഷിക്കാരാണ് കടബാധ്യത കാരണം കേരളത്തില്‍ ആത്മഹത്യചെയ്തത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ച ഉടന്‍തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം കര്‍ഷക ആത്മഹത്യകളെല്ലാം കാര്‍ഷിക പ്രതിസന്ധിയോ കടക്കെണിയോ കാരണമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. വയനാട്ടില്‍ നാല് കൃഷിക്കാര്‍ ആത്മഹത്യചെയ്തപ്പോള്‍ അത് സാധാരണ ആത്മഹത്യകളാണെന്ന് പുച്ഛരസത്തില്‍ പറയുകയാണ് വയനാട് ഡിസിസി പ്രസിഡന്റ് ചെയ്തത്.

അതേസമയം കടുത്ത വിലത്തകര്‍ച്ചയും കടക്കെണിയും കാരണമാണ് കൃഷിക്കാര്‍ ആത്മഹത്യചെയ്തതെന്ന് ജില്ലാ കലക്ടര്‍ ഈ മാസം 9ന് തന്നെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് അയച്ചു. ആ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് വയനാട് ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന മുഖവിലക്കെടുത്ത് പ്രസ്താവന നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. 2001-2006ലെ യുഡിഎഫ് ഭരണകാലത്ത് ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. കേരളത്തില്‍ നൂറുകണക്കിന് കൃഷിക്കാര്‍ ആത്മഹത്യചെയ്ത സംഭവങ്ങള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയവരാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ . അതുകാരണം കേന്ദ്രത്തില്‍നിന്ന് ആശ്വാസസഹായമൊന്നും അക്കാലയളവില്‍ കേരളത്തിന് ലഭിച്ചില്ല. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വ്യക്തമായത് തൊട്ടുമുമ്പത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി 1500ല്‍പ്പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തുവെന്നതാണ്. അതില്‍ അഞ്ഞൂറ്റിയമ്പതോളം പേര്‍ വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. ബാങ്ക് ഭാരവാഹികളെ വിളിച്ചുചേര്‍ത്ത് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യംചെയ്തത്. തുടര്‍ന്ന്, ആത്മഹത്യചെയ്ത മുഴുവന്‍ കൃഷിക്കാരുടെയും കടങ്ങള്‍ എഴുതിത്തള്ളുകയും അങ്ങനെ അവരുടെ ശേഷിച്ച കുടുംബാംഗങ്ങളെ രക്ഷിക്കുകയുംചെയ്തു. ആ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം അടിയന്തര ധനസഹായം നല്‍കി. തുടര്‍ന്ന് സംസ്ഥാനത്തിനാകെ ബാധകമായ നിലയില്‍ കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും കടാശ്വാസ കമീഷന്‍ രൂപീകരിക്കുകയും കടാശ്വാസ നിയമം കൊണ്ടുവരികയുംചെയ്തു.

കമീഷന്‍ ഓരോ മേഖലയിലെയും കടങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തി കടം എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള ആശ്വാസനടപടികള്‍ സ്വീകരിച്ചു. കാര്‍ഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും നടപ്പാക്കിയ ഈ കടാശ്വാസ നിയമം ഈ രണ്ട് മേഖലകളെയും പുതിയ ഉണര്‍വിലേക്ക് നയിച്ചു. നെല്‍ക്കൃഷിക്ക് പലിശരഹിത വായ്പ ഏര്‍പ്പെടുത്തുകയും സംഭരണവില ഗണ്യമായി വര്‍ധിപ്പിച്ച് സംഭരണം ശക്തിപ്പെടുത്തുകയുംചെയ്തു. കൃഷിക്കാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഇങ്ങനെ സമഗ്രമായ നടപടികളിലൂടെ കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുകയും കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലാതാക്കുകയുംചെയ്തു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലെന്നുപറഞ്ഞ്, കേന്ദ്രസഹായം തട്ടിമാറ്റുകയാണ് ചെയ്തതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ കൃത്യമായി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അന്നത്തെ യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഇടതുപക്ഷത്തിന്റെകൂടി പിന്തുണ അനിവാര്യമാണെന്ന അനുകൂലസാഹചര്യംകൂടി ഉപയോഗപ്പെടുത്തി മൂന്ന് ജില്ലകള്‍ക്ക് വിദര്‍ഭ മോഡല്‍ പാക്കേജ് നേടിയെടുത്തു. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് അന്നത്തെ യുപിഎ സര്‍ക്കാര്‍ ഒറ്റത്തവണ നടപടി എന്ന നിലയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും തയ്യാറായി. എന്നാല്‍ , കേരളാ മോഡലില്‍ സ്ഥിരം സംവിധാനം എന്ന നിലയില്‍ കാര്‍ഷിക കടാശ്വാസ നിയമം ദേശീയതലത്തില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.

കൃഷിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കഴിഞ്ഞതും ജപ്തി നടപടികള്‍ ഒഴിവായതും കൃഷിക്ക് സര്‍ക്കാര്‍ നല്‍കിയ ഉദാരമായ സഹായവുംകൊണ്ടാണ് കേരളത്തില്‍ കാര്‍ഷികമേഖലയില്‍ പുതിയ ഉണര്‍വുണ്ടായതും കര്‍ഷക ആത്മഹത്യ ഇല്ലാതായതും. ഇപ്പോള്‍ പഴയ സ്ഥിതി തിരിച്ചുവന്നിരിക്കുന്നു. കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ സ്ഥിതിഗതികള്‍ അവലോകനംചെയ്ത കാര്‍ഷികോല്‍പ്പാദക കമീഷണര്‍ കെ ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത് വയനാട്ടിലെ കാര്‍ഷിക മേഖലയിലെ സ്ഥിതി അതീവഗുരുതരമാണെന്നാണ്. ഉമ്മന്‍ചാണ്ടി പറഞ്ഞതല്ല വസ്തുത എന്നാണ് ഇതിലൂടെ തെളിയുന്നത്. ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഉദാരവല്‍ക്കരിച്ചതും രാസവളങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതും വിലസ്ഥിരത ഇല്ലാതാക്കിയതുമാണ് കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് കാരണം. അവധിവ്യാപാരവും ഊഹക്കച്ചവടവും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. വയനാട്ടില്‍ ഇഞ്ചി, ഏത്തവാഴ, കിഴങ്ങ് കൃഷിയുമായി ബന്ധപ്പെട്ടാണ് അടുത്തകാലത്ത് ഏറ്റവുമധികം പ്രശ്നമുണ്ടായിരിക്കുന്നത്. ഈ മേഖലയില്‍ ഇടത്തട്ടുകാരുടെ കടുത്ത ചൂഷണമാണ് നടക്കുന്നത്. ഒരുകിലോ ഇഞ്ചിക്ക് വിപണിയില്‍ 70 രൂപവരെ വിലയുള്ളപ്പോള്‍ ആറും ഏഴും രൂപയാണ് കൃഷിക്കാരന് ലഭിക്കുന്നത്. ഏത്തക്കായക്ക് 30-35 രൂപ വിപണിയില്‍ വിലയുള്ളപ്പോള്‍ ആറും ഏഴും രൂപയാണ് കൃഷിക്കാരന് ലഭിക്കുന്നത്. കപ്പയ്ക്ക് വിപണിയില്‍ 15 രൂപ വിലയുള്ളപ്പോള്‍ കൃഷിക്കാരന് ലഭിക്കുന്നത് ആറ് രൂപയാണ്. അവധിവ്യാപാരംകൊണ്ടുള്ള ഈ ചൂഷണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ആഭ്യന്തര കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന വിലസംരക്ഷണം 1991ല്‍ ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായാണ് എടുത്തുമാറ്റിയത്. അതുപോലെ രാസവളത്തിന്റെ സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കുകയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുറകെ രാസവളത്തിന്റെയും വിലനിയന്ത്രണം എടുത്തുകളയുകയും ചെയ്തിരിക്കുന്നു.

ഇരട്ടി മുതല്‍ ആറിരട്ടിവരെയാണ് രാസവളം വില ഒരുവര്‍ഷംകൊണ്ട് വര്‍ധിച്ചത്. ഒരുവര്‍ഷം മുമ്പ് 4860 രൂപയായിരുന്ന യൂറിയയുടെ വില 12,000 രൂപയായി ഉയര്‍ന്നു. പൊട്ടാഷിന്റെ വില 4455 രൂപയായിരുന്നത് 6300 രൂപയായി വര്‍ധിപ്പിക്കുകയും അത് 8500 രൂപയ്ക്ക് കരിഞ്ചന്തയ്ക്ക് വില്‍ക്കുകയുമാണ്. ഡിഎപി എന്ന അമോണിയം വളത്തിന് 9350 രൂപയായിരുന്നത് 19,000 രൂപയായി. രാസവളത്തിന് കടുത്ത ക്ഷാമമുണ്ടാക്കുകയും അതിന്റെ മറവില്‍ പൂഴ്ത്തിവയ്്പും കരിഞ്ചന്തയും സൃഷ്ടിക്കുകയുമാണ്. ഇതുവഴി ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ വര്‍ധിക്കുകയും കൃഷിക്കാരന് വരുമാനം ഗണ്യമായി കുറയുകയും ചെയ്യുന്നു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് ബാങ്കില്‍നിന്ന് കാര്‍ഷികവായ്പ ലഭിക്കാത്തതിനാല്‍ ബ്ലേഡുകാരെ ആശ്രയിക്കേണ്ടിവരികയും ബാങ്കുകളില്‍ നിന്നുതന്നെ വന്‍ പലിശയ്ക്ക് മറ്റുതരം വായ്പകള്‍ വാങ്ങുകയും ചെയ്യേണ്ടിവരുന്നു. ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് കാരണം പണം തിരിച്ചടയ്ക്കാന്‍ ഗത്യന്തരമില്ലാതെയാണ് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നത്. ആയിരക്കണക്കിന് കൃഷിക്കാരാണ് ഭൂമി പാട്ടമെടുത്ത് കൃഷിചെയ്യുന്നത്. അവര്‍ക്ക് കാര്‍ഷികവായ്പ നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. അതേസമയം കാര്‍ഷിക വായ്പയ്ക്കായി നീക്കിവയ്ക്കുന്ന പണത്തില്‍ വലിയൊരു ഭാഗം വന്‍കിടക്കാര്‍ക്ക് കൊടുക്കുകയാണ്.

കാര്‍ഷിക വായ്പയില്‍ നല്ലൊരുപങ്ക് കൃഷിക്കാര്‍ക്കല്ല കിട്ടുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയണം. മലയോര മേഖലകളില്‍ കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികളാണുണ്ടാകുന്നത്. കൊട്ടിയൂരില്‍ കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത കര്‍ഷകന്റെ ഏത്തവാഴക്കൃഷി മുഴുവന്‍ കാട്ടുമൃഗങ്ങള്‍ നശിപ്പിച്ചു. ആത്മഹത്യയിലേക്ക് തള്ളിയിട്ടത് ഈ പ്രശ്നമാണ്. വിളനാശത്തിന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുകയും വിളസംരക്ഷണ നടപടികള്‍ സ്വീകരിക്കുകയും സമഗ്രമായ വിള ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിക്കുകയും ചെയ്യേണ്ടതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനും കൃഷിക്കാരില്‍ ആത്മവിശ്വാസം സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. കാര്‍ഷിക കടങ്ങളുടെ ജപ്തിനടപടികള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും കടാശ്വാസ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുകയും വേണം. പുതിയ പ്രശ്നങ്ങള്‍കൂടി പരിഹരിക്കാനാകുംവിധം കാര്‍ഷിക കടാശ്വാസകമീഷനെ ശക്തിപ്പെടുത്തുകയും അവര്‍ കൈകാര്യംചെയ്യുന്ന വിഷയപരിധി വിപുലപ്പെടുത്തുകയും വേണം. ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച ഒഴിവാക്കാന്‍ വിലസ്ഥിരതാ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണം. അതോടൊപ്പംതന്നെ വിള ഇന്‍ഷുറന്‍സ് കാര്യക്ഷമമായി നടപ്പാക്കണം. രാസവളങ്ങളുടെ ക്ഷാമത്തിന് അറുതിവരുത്തുകയും വര്‍ധിപ്പിച്ച വില പിന്‍വലിക്കുകയും വേണം. രാസവളങ്ങള്‍ക്ക് വിലനിയന്ത്രണം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം.

പ്രശ്നപരിഹാരത്തിന് വയനാട്ടില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ലഭ്യമാക്കാന്‍ ഒരു പദ്ധതി സമര്‍പ്പിക്കാനാണ് ഇപ്പോള്‍ മന്ത്രിസഭ എപിസിയോട് നിര്‍ദേശിച്ചിരിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച വയനാട്ടിലെമാത്രം പ്രശ്നമല്ല, സംസ്ഥാനത്തിന്റെയാകെ പ്രശ്നമാണ്. അതുകൊണ്ട് താങ്ങുവില സംസ്ഥാനവ്യാപകമായി ബാധകമാക്കണം. സംസ്ഥാനവ്യാപകമായി ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം തയ്യാറായിട്ടില്ല. ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളുടെ കടം എഴുതിത്തള്ളാനോ അവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കാനോ മന്ത്രിസഭ തയ്യാറായില്ല. പ്രശ്നത്തെ വയനാട്ടിലെ പ്രാദേശിക പ്രശ്നമായി ലഘൂകരിച്ച് കാണാനാണ് സര്‍ക്കാര്‍ തയ്യാറായത്. പ്രശ്നത്തിന്റെ അതീവഗുരുതരാവസ്ഥ പരിഗണിച്ചുള്ള ചര്‍ച്ച നടത്താനോ നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ല. സംസ്ഥാനത്തെ കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ സമഗ്രപദ്ധതി ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളാണ് കര്‍ഷക ആത്മഹത്യക്ക് അടിസ്ഥാന കാരണമെന്നതിനാല്‍ ലോകജനത തന്നെ നിരസിച്ചുകഴിഞ്ഞ ഉദാരവല്‍ക്കരണനയം തിരുത്തിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 17, 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തില്‍ കടക്കെണിയും വിലത്തകര്‍ച്ചയും കാരണമുള്ള കര്‍ഷക ആത്മഹത്യ വീണ്ടും നിത്യസംഭവമായിരിക്കുന്നു. വയനാട് ജില്ലയില്‍ ഇതിനകം നാല് കൃഷിക്കാര്‍ ആത്മഹത്യചെയ്തു. കണ്ണൂര്‍ ജില്ലയിലെ മലയോര കാര്‍ഷികമേഖലയായ കൊട്ടിയൂരില്‍ ജപ്തി നോട്ടീസ് കിട്ടിയതിനെത്തുടര്‍ന്ന് ഒരു കൃഷിക്കാരന്‍ കഴിഞ്ഞദിവസം ആത്മഹത്യചെയ്തു. ഒരാഴ്ചയ്ക്കകം ഏഴ് കൃഷിക്കാരാണ് കടബാധ്യത കാരണം കേരളത്തില്‍ ആത്മഹത്യചെയ്തത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ച ഉടന്‍തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം കര്‍ഷക ആത്മഹത്യകളെല്ലാം കാര്‍ഷിക പ്രതിസന്ധിയോ കടക്കെണിയോ കാരണമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. വയനാട്ടില്‍ നാല് കൃഷിക്കാര്‍ ആത്മഹത്യചെയ്തപ്പോള്‍ അത് സാധാരണ ആത്മഹത്യകളാണെന്ന് പുച്ഛരസത്തില്‍ പറയുകയാണ് വയനാട് ഡിസിസി പ്രസിഡന്റ് ചെയ്തത്.