Monday, November 7, 2011

സോവിയറ്റ് അനുഭവവും ഒരു മുഖപ്രസംഗവും

1917ലെ ഐതിഹാസികമായ ഒക്ടോബര്‍ വിപ്ലവത്തിന്റെ 94-ാംവാര്‍ഷികമാണിന്ന്. കമ്യൂണിസം എന്താണെന്ന് എംഗല്‍സിനോട് ചോദിച്ചപ്പോള്‍ , മനുഷ്യരാശിയെ അടിമത്തസാഹചര്യത്തില്‍നിന്ന് വിമോചിപ്പിക്കാനുള്ള തത്വശാസ്ത്രം എന്നാണ് മറുപടി നല്‍കിയത്. ഇത് നേരാണെന്ന് ഒക്ടോബര്‍ വിപ്ലവത്തെതുടര്‍ന്ന് 74 വര്‍ഷത്തോളം നിലനിന്ന സോവിയറ്റ്യൂണിയനിലെ സോഷ്യലിസ്റ്റ്വ്യവസ്ഥ ലോകത്തെ ബോധ്യപ്പെടുത്തി. 15 ഘടക റിപ്പബ്ലിക്കുകള്‍ ചേര്‍ന്ന് യുഎസ്എസ്ആര്‍ രൂപംകൊണ്ടു. 28 കോടി ജനങ്ങളുണ്ടായിരുന്ന നാട് വിശപ്പ്, വിലക്കയറ്റം, തൊഴിലില്ലായ്മ, പാര്‍പ്പിടമില്ലായ്മ, വേശ്യാവൃത്തി തുടങ്ങിയ സാമൂഹ്യതിന്മകൾ ഇല്ലാത്തതായിരുന്നു. അതിന് വഴിതുറന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചെങ്കൊടി 20 വര്‍ഷംമുമ്പ് ക്രെംലിന്‍ കൊട്ടാരത്തിനുമുകളില്‍നിന്ന് അഴിച്ചുമാറ്റി. മുതലാളിത്ത സ്വര്‍ഗമായ അമേരിക്കയിലെ ജീവിതശൈലിയെപ്പറ്റിയുള്ള വ്യാമോഹം ജനങ്ങളില്‍ ഒരു വിഭാഗത്തെ കബളിപ്പിച്ചു. ഒപ്പം ഗോര്‍ബച്ചേവിനെയും കൂട്ടാളികളെയും അമേരിക്കന്‍ സാമ്രാജ്യത്വം വിലയ്ക്കെടുത്തു. അങ്ങനെ മറ്റൊരു ലോക മഹായുദ്ധമില്ലാതെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യത്തെ ശിഥിലമാക്കി മുതലാളിത്തം പുനഃസ്ഥാപിച്ചു.

1989ല്‍ സോവിയറ്റ്യൂണിയനില്‍ നടന്ന ഹിതപരിശോധനയില്‍ 80 ശതമാനം ആളുകളും സോവിയറ്റ്യൂണിയന്‍ ഒന്നായി നില്‍ക്കണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. എന്നിട്ടും, മാലകെട്ടാന്‍ ഏല്‍പ്പിച്ച കുരങ്ങനെപ്പോലെ സോവിയറ്റ്യൂണിയനെ ഗോര്‍ബച്ചേവ് ശിഥിലമാക്കി. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിക്കുകയും അതിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും കമ്യൂണിസം പരാജയപ്പെട്ടുവെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. ആഗോളകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ അമേരിക്കയും കൂട്ടാളികളും ഉപയോഗിച്ച ഒരായുധമായി ഗോര്‍ബച്ചേവും സംഘവും മാറി. ഇതേത്തുടര്‍ന്ന് മലയാളമനോരമ മുഖപ്രസംഗത്തിലൂടെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു ഉപദേശം നല്‍കി. സോവിയറ്റ് സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഐ എമ്മിനെ പിരിച്ചുവിടണമെന്നായിരുന്നു മനോരമയുടെ ഉപദേശം. പാര്‍ടിയും പാര്‍ടി ജനറല്‍സെക്രട്ടറിയായിരുന്ന ഇ എം എസും അതിനെ നിരാകരിക്കുകയും ഈ തിരിച്ചടിയെ അതിജീവിക്കാന്‍ സോഷ്യലിസത്തിന് കരുത്തുണ്ടെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുകയുംചെയ്തു. സോഷ്യലിസമോ മുതിലാളിത്തമോ അഭികാമ്യം എന്ന ചോദ്യത്തിന്, സോഷ്യലിസമാണ് ശരിയെന്ന് സോവിയറ്റ് പതനത്തിന് ശേഷമുള്ള 20 വര്‍ഷത്തെ അനുഭവം ബോധ്യപ്പെടുത്തുന്നു. ഇതിന്റെ കരുത്തിലാണ് 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് സിപിഐ എം പോകുന്നത്. ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ -ആഫ്രിക്കന്‍ -ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ നൂറിലധികം രാജ്യങ്ങളെ സാമ്രാജ്യത്വനുകത്തില്‍ നിന്ന് മോചിപ്പിച്ചത് ഒക്ടോബര്‍ വിപ്ലവത്തിന്റെ വിജയമാണ്. വിമോചിത രാജ്യങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് സോവിയറ്റ്യൂണിയനും മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളും നല്‍കിയ സഹായം അമേരിക്കയുടെ അധിനിവേശയുദ്ധങ്ങളുടെ ഈ ഘട്ടത്തില്‍ പ്രത്യേകം സ്മരിക്കേണ്ടതാണ്. 1980 കളുടെ അവസാനത്തില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും 1991 ല്‍ സോവിയറ്റ്യൂണിയനിലും സോഷ്യലിസ്റ്റ് ഭരണം തകര്‍ന്നതിനെതുടര്‍ന്ന് ആ തകര്‍ച്ചയ്ക്കുള്ള കാരണങ്ങള്‍ ആഴത്തില്‍ വിലയിരുത്തുകയും വ്യക്തമായ നിഗമനങ്ങളിലെത്തുകയുംചെയ്ത പാര്‍ടിയാണ് സിപിഐ എം. സോഷ്യലിസത്തിനുണ്ടായ തിരിച്ചടി താല്‍ക്കാലികമാണെന്ന് പാര്‍ടിയുടെ 14-ാം കോണ്‍ഗ്രസ് വ്യക്തമാക്കി.

മാര്‍ക്സിസം-ലെനിനിസത്തിന് എന്തെങ്കിലും പിശക് സംഭവിച്ചതുകൊണ്ടല്ല, മറിച്ച്, പ്രയോഗത്തിലെ പിശക് കൊണ്ടാണ് ഇത് സംഭവിച്ചതെന്നും അതിനാല്‍ , തിരിച്ചടിയെ അതിജീവിക്കാന്‍ സോഷ്യലിസത്തിന് കരുത്തുണ്ടെന്നും പാര്‍ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കേറ്റ തിരിച്ചടിയെ സംബന്ധിച്ച് വിശദമായ ഒരു പ്രത്യയശാസ്ത്രരേഖയും പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ചു. സോഷ്യലിസ്റ്റ് നിര്‍മാണപ്രക്രിയയിലെ മൂന്ന് വസ്തുനിഷ്ഠ പ്രശ്നങ്ങള്‍ ആ രേഖയില്‍ ചൂണ്ടിക്കാട്ടി. ഒന്ന്, ആസൂത്രണത്തിന്റെയും സാമ്പത്തികമാനേജ്മെന്റിന്റെയും രീതികളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വന്ന പോരായ്മ. രണ്ട്, സ്വത്തിന്റെ രൂപങ്ങളെ യാന്ത്രികവും ഏകപക്ഷീയവുമായി കൈകാര്യംചെയ്തതിനാല്‍ വ്യക്തികളുടെ മുന്‍കൈ നശിക്കുകയും അന്യവല്‍ക്കരണത്തിന് ഇടയാക്കുകയും ചെയ്തത്. വിപ്ലവം വിജയിക്കുന്ന പിന്നോക്ക രാജ്യങ്ങളില്‍ ഉല്‍പ്പാദനോപാധികളുടെ സാമൂഹ്യവല്‍ക്കരണം സുദീര്‍ഘമായ പ്രക്രിയയായിരിക്കും. ഇതു പൂര്‍ണമായും ഉള്‍ക്കൊണ്ടില്ല. മൂന്ന്, കേന്ദ്രീകൃത ആസൂത്രണത്തിന്റെ പേരില്‍ കമ്പോളത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ പോരായ്മ സംഭവിച്ചു. ഈ പോരായ്മ 1970 കളുടെ മധ്യത്തില്‍ റഷ്യയില്‍ സാമ്പത്തികവളര്‍ച്ച മന്ദഗതിയിലാക്കുകയും ജനങ്ങളില്‍ അസംതൃപ്തി ഉളവാക്കുകയുംചെയ്തു. ഈ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചതിനോടൊപ്പം, 74 വര്‍ഷക്കാലം നിലനിന്ന സോഷ്യലിസ്റ്റ് സാമൂഹ്യനിര്‍മാണം ലോകത്തെല്ലായിടത്തുമുള്ള മനുഷ്യസ്നേഹികളില്‍ ഉണര്‍ത്തിയ മതിപ്പ് വരുംകാല സമൂഹത്തെയും സ്വാധീനിക്കുമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു.

മുതലാളിത്തത്തില്‍ സഹജമായ തൊഴിലില്ലായ്മയെ നിഷ്കാസനംചെയ്തും വ്യക്തിജീവിതത്തിന് ആവശ്യമായ സാധനങ്ങള്‍ ചുരുങ്ങിയവിലയ്ക്ക് ലഭ്യമാക്കിയും പാര്‍പ്പിടപ്രശ്നത്തിന് പരിഹാരം നല്‍കിയും വിദ്യാഭ്യാസ-വൈദ്യസഹായാദി സേവന സൗകര്യങ്ങള്‍ സാര്‍വത്രികമാക്കിയുമുള്ള ഒരു പുതിയ സമൂഹമാണ് സോവിയറ്റ്യൂണിയന്‍ ലോകത്തിന് നല്‍കിയത്. ഇങ്ങനെ സമത്വസുന്ദരമായ സമൂഹം ലോകത്തിന് ആവേശമായി മാറുകയും ലോകജനസംഖ്യയുടെ മൂന്നിലൊന്ന് സോഷ്യലിസത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുകയുംചെയ്യുന്ന സ്ഥിതിയിലേക്ക് എത്തുകയുംചെയ്തു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും ഒക്ടോബര്‍വിപ്ലവം സ്വാധീനഘടകമായി. എന്നാല്‍ , സോവിയറ്റ്യൂണിയന്‍ ശിഥിലമായതിനെത്തുടര്‍ന്ന് മുതലാളിത്തവും സാമ്രാജ്യത്വവും മാത്രമാണ് ഇനി കരണീയമെന്നും മറ്റു മാര്‍ഗങ്ങളില്ലായെന്നുമുള്ള (ഠവലൃല ശെ ിീ മഹലേൃിമശേ്ല ഠകചഅ) കീഴടങ്ങല്‍ ആശയം പ്രബലമായി. എന്നിട്ടും സോഷ്യലിസമാണ് ഉത്തരം (ടീരശമഹശൊ ശെ വേല മിെംലൃ ടകഠഅ) എന്ന മുദ്രാവാക്യം കമ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തി. ആ മുദ്രാവാക്യത്തിന്റെ പ്രസക്തി അടിവരയിടുന്നതാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭമുള്‍പ്പെടെയുള്ള ലോകസംഭവവികാസങ്ങള്‍ . ചൈന, ക്യൂബ, വിയറ്റ്നാം, ഉത്തരകൊറിയ എന്നീ സോഷ്യലിസ്റ്റ് രാജ്യങ്ങളിലായി ലോകജനസംഖ്യയുടെ നാലിലൊന്നിലധികം നിവസിക്കുന്നു. ലാറ്റിനമേരിക്കയിലെ മുക്കാല്‍ ഡസനോളം രാജ്യങ്ങള്‍ ഇടതുപക്ഷ കൊടിക്കൂറയുമായി അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിനെതിരായ പാതയില്‍ മുന്നേറുന്നു. സോവിയറ്റ്യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ക്രെംലിന്‍ കൊട്ടാരത്തിന്റെ മുകളില്‍നിന്ന് അഴിച്ചുവച്ച ചെങ്കൊടി അവിടെത്തന്നെ സൂക്ഷിക്കണമെന്ന് യെട്സിനോട് പറഞ്ഞ കമ്യൂണിസ്റ്റുകാരുടെ താക്കീത് യാഥാര്‍ഥ്യമാകുകയാണ്. ലെനിന്റെ ശവശരീരം സൂക്ഷിച്ചിരുന്ന ലെനിന്‍ മുസോളിയത്തിന് മാസങ്ങളോളം കമ്യൂണിസ്റ്റുകാര്‍ കാവല്‍ കിടന്നു. അങ്ങനെ കാവല്‍കിടന്നവരെ മാറ്റാന്‍ മാസങ്ങളായി റഷ്യന്‍ പട്ടാളക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. സോവിയറ്റ് കമ്യൂണിസ്റ്റുകാരുടെ പാരമ്പര്യം സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയതിന്റേതാണ്. മാനവചരിത്രത്തിലെ നിണമണിഞ്ഞ ആ ഏടുകള്‍ ആര്‍ക്കും മായ്ക്കാനാകില്ല.

32 ലക്ഷം കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങള്‍ , പാര്‍ടിക്കാര്‍ഡ് പോക്കറ്റിലിട്ട്, ഹിറ്റ്ലര്‍ക്കെതിരെ പൊരുതിമരിച്ചിരുന്നു. അവരുടെ പിന്മുറക്കാരാണ് ആ താക്കീത് നല്‍കിയത്. സോഷ്യലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കുപോയ സോവിയറ്റ്യൂണിയനിലെ 15 റിപ്പബ്ലിക്കിലും ബഹുഭൂരിപക്ഷത്തിന്റെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പട്ടിണി, തൊഴിലില്ലായ്മ, വേശ്യാവൃത്തി, വിലക്കയറ്റം ഇതെല്ലാം തിരിച്ചുവന്നു. വര്‍ഗീയതയും ഭീകരതയും വംശീയ കലാപങ്ങളും മാഫിയസംഘങ്ങളും ക്രിമിനല്‍വാഴ്ചയും ആധിപത്യം നേടി. ഈ അനുഭവം ലോകത്തെല്ലായിടത്തുമുള്ള മനുഷ്യസ്നേഹികളെ സോഷ്യലിസത്തോട് അനുഭാവമുള്ളവരാക്കി മാറ്റുകയാണ്. മുതലാളിത്തസ്വര്‍ഗമായ അമേരിക്കയില്‍പോലും പ്രക്ഷോഭം പടരുമ്പോള്‍ ചെഗുവേരയുടെ ചിത്രം ആലേഖനംചെയ്ത ചെങ്കൊടികള്‍ ഉയരുന്നത് ഇതിന്റെ ഭാഗമായാണ്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പുതുതായി 50 ലക്ഷംപേര്‍ അംഗങ്ങളായതിന്റെ വാര്‍ത്ത സമീപസമയത്താണ് പുറത്തുവന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് സോവിയറ്റ് നാടും കമ്യൂണിസ്റ്റ്പാര്‍ടിയും തിരിച്ചുവരുമെന്നുതന്നെയാണ്. പക്ഷേ, അത് സോഷ്യലിസത്തിന് പുതിയൊരു മാതൃകയുമായിട്ടായിരിക്കും. ചരിത്രത്തിന്റെ ഈ ചുവരെഴുത്ത് വായിക്കാനുള്ള ത്രാണിയില്ലാതെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ്പാര്‍ടി പിരിച്ചുവിടണമെന്ന് മുഖപ്രസംഗമെഴുതിയ മലയാളമനോരമ ഇപ്പോഴും പണ്ടത്തേക്കാള്‍ രൂക്ഷമായ കമ്യൂണിസ്റ്റ്വിരുദ്ധത തുടരുന്നത്. ചരിത്രത്തിന്റെ ചവറ്റുകൊട്ട ഇത്തരം സാമ്രാജ്യത്വ വൈതാളികര്‍ക്കുള്ളതാണ്. ഇടയ്ക്കു സംഭവിക്കാവുന്ന ചുഴികളിലോ മലരികളിലോപെട്ട് തകരുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം. ഒക്ടോബര്‍ വിപ്ലവത്തിന്റെ വെളിച്ചം മനുഷ്യരാശിയുടെ സോഷ്യലിസത്തിലേക്കുള്ള പ്രയാണത്തില്‍ എന്നും വഴികാട്ടിയാകും.


*****


ആര്‍ എസ് ബാബു

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സോഷ്യലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കുപോയ സോവിയറ്റ്യൂണിയനിലെ 15 റിപ്പബ്ലിക്കിലും ബഹുഭൂരിപക്ഷത്തിന്റെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പട്ടിണി, തൊഴിലില്ലായ്മ, വേശ്യാവൃത്തി, വിലക്കയറ്റം ഇതെല്ലാം തിരിച്ചുവന്നു. വര്‍ഗീയതയും ഭീകരതയും വംശീയ കലാപങ്ങളും മാഫിയസംഘങ്ങളും ക്രിമിനല്‍വാഴ്ചയും ആധിപത്യം നേടി. ഈ അനുഭവം ലോകത്തെല്ലായിടത്തുമുള്ള മനുഷ്യസ്നേഹികളെ സോഷ്യലിസത്തോട് അനുഭാവമുള്ളവരാക്കി മാറ്റുകയാണ്. മുതലാളിത്തസ്വര്‍ഗമായ അമേരിക്കയില്‍പോലും പ്രക്ഷോഭം പടരുമ്പോള്‍ ചെഗുവേരയുടെ ചിത്രം ആലേഖനംചെയ്ത ചെങ്കൊടികള്‍ ഉയരുന്നത് ഇതിന്റെ ഭാഗമായാണ്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പുതുതായി 50 ലക്ഷംപേര്‍ അംഗങ്ങളായതിന്റെ വാര്‍ത്ത സമീപസമയത്താണ് പുറത്തുവന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് സോവിയറ്റ് നാടും കമ്യൂണിസ്റ്റ്പാര്‍ടിയും തിരിച്ചുവരുമെന്നുതന്നെയാണ്. പക്ഷേ, അത് സോഷ്യലിസത്തിന് പുതിയൊരു മാതൃകയുമായിട്ടായിരിക്കും. ചരിത്രത്തിന്റെ ഈ ചുവരെഴുത്ത് വായിക്കാനുള്ള ത്രാണിയില്ലാതെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ്പാര്‍ടി പിരിച്ചുവിടണമെന്ന് മുഖപ്രസംഗമെഴുതിയ മലയാളമനോരമ ഇപ്പോഴും പണ്ടത്തേക്കാള്‍ രൂക്ഷമായ കമ്യൂണിസ്റ്റ്വിരുദ്ധത തുടരുന്നത്. ചരിത്രത്തിന്റെ ചവറ്റുകൊട്ട ഇത്തരം സാമ്രാജ്യത്വ വൈതാളികര്‍ക്കുള്ളതാണ്. ഇടയ്ക്കു സംഭവിക്കാവുന്ന ചുഴികളിലോ മലരികളിലോപെട്ട് തകരുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം. ഒക്ടോബര്‍ വിപ്ലവത്തിന്റെ വെളിച്ചം മനുഷ്യരാശിയുടെ സോഷ്യലിസത്തിലേക്കുള്ള പ്രയാണത്തില്‍ എന്നും വഴികാട്ടിയാകും.

മലമൂട്ടില്‍ മത്തായി said...

Communism is dead. The world is better because of that.

Thank you very much for reminding me.