Monday, November 28, 2011

മുല്ലപ്പെരിയാര്‍: കേന്ദ്ര ഇടപെടല്‍ അനിവാര്യം

വീണ്ടും കേരളത്തിന്റെ ഉറക്കംകെടുത്തുകയാണ് 125 വര്‍ഷം പിന്നിട്ട 1886 ലെ പെരിയാര്‍ പാട്ടക്കരാറും 115 വര്‍ഷം പിന്നിടുന്ന മുല്ലപ്പെരിയാര്‍ ഡാമും. സാധാരണ എല്ലാ വര്‍ഷവും തെക്കു കിഴക്കന്‍ കാലവര്‍ഷം ഉണ്ടാകുമ്പോഴുള്ള അതിപ്രളയം മൂലം റിസര്‍വോയറിലെ ജലനിരപ്പ് ഉയരുമ്പോഴാണ് ജനങ്ങള്‍ക്ക് ഉറക്കമില്ലാ രാത്രികള്‍ ഉണ്ടാകുന്നതെങ്കില്‍ ഇപ്രാവശ്യം തുടര്‍ ഭൂചലനങ്ങളാണ് കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഒന്‍പത് മാസത്തിനുള്ളില്‍ 20 ഭൂചലനങ്ങള്‍ അതും റിക്ടര്‍ സ്‌കെയിലില്‍ 3.4 ഉം 3.8 ഉം തീവ്രതയുള്ളവ.

ഭൂചലനങ്ങളുടെ ഭയാശങ്കകള്‍ക്കിടയിലാണ് ഡാമിന്റെ ഗുരുതരമായ ബലക്ഷയത്തെ സംബന്ധിച്ച റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ ശശിധരന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പഠനത്തിന്റെ ഭാഗമായി ഡാമിന്റെ ഘടനാപരമായ സുരക്ഷിതത്വത്തെ സംബന്ധിച്ച് പരിശോധിക്കാന്‍ നിയോഗിച്ച ന്യൂഡല്‍ഹിയിലെ സി എസ് എം ആര്‍ എസ് (സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷന്‍) നടത്തിയ ഡാമിന്റെ സ്‌കാനിംഗ് പരിശോധനയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശശിധരന്റെ വ്യക്തിഗത റിപ്പോര്‍ട്ട് കേരളത്തിന്റെ ആശങ്ക പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതാണ്. റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ച് വെള്ളത്തിനടിയില്‍ ഡാമിന്റെ അന്തര്‍ ഭാഗങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡാമിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഉദ്ദേശം 1200 അടി നീളത്തില്‍ അഞ്ച് അടി വീതിയില്‍ കനത്ത വിള്ളലുകളും പൊട്ടലും കണ്ടെത്തിയെന്നും ആ മേഖലയിലെ പാറകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നതായും ഫോട്ടോഗ്രാഫിയിലൂടെ കണ്ടുവെന്നാണ് ശശിധരന്‍ സാക്ഷ്യപ്പെടുത്തുന്നത്. തന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ട ഈ സംഭവം സി എസ് എം ആര്‍ എസിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമോ എന്ന ആശങ്കയും അദ്ദേഹം റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നു. രണ്ടായിരമാണ്ടില്‍ സുപ്രിംകോടതി നിയോഗിച്ച വിദഗ്ധ സമിതി ബേബി ഡാമിന്റെ കാര്യത്തില്‍ കണ്ട കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടായില്ല എന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സി എസ് എം ആര്‍ എസ് റിപ്പോര്‍ട്ടിനെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തുന്നത്.

ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയും ഉല്‍ക്കണ്ഠയും ദൂരീകരിക്കാന്‍ കൂടുതല്‍ ജാഗ്രതയോടും സൂക്ഷ്മതയോടും പ്രവര്‍ത്തിക്കേണ്ട കാലമാണിത്. രണ്ട് സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വൈകാരിക പ്രശ്‌നം എന്ന നിലയില്‍ സമചിത്തതയും രാഷ്ട്രീയ പക്വതയും കൈവിടാനും പാടില്ല. പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള അവസരം തെളിഞ്ഞുവന്നിട്ടുള്ള സാഹചര്യത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്‍ അതീവ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തേണ്ടത് അത്യാന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ ഉണ്ടാകുന്ന നേരിയ പിഴവുകള്‍പോലും ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. കേരളം ഏര്‍പ്പെട്ടിട്ടുള്ള അന്തര്‍ സംസ്ഥാന നദീജല കരാറുകളെല്ലാം സംസ്ഥാനത്തിന് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ട് മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഓരോ വാക്കും പ്രവര്‍ത്തിയും അര്‍ഹിക്കുന്ന ഗൗരവത്തോടും സൂക്ഷ്മതയോടുമാണ് ഉണ്ടാകേണ്ടത്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്ക പ്രശ്‌നം എന്ന നിലയില്‍ കേന്ദ്ര ഗവണ്‍മെന്റിന് ഇടപെടാനും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള അധികാരം ഭരണഘടന, യൂണിയന്‍ ഗവണ്‍മെന്റിന് നല്‍കുന്നുണ്ട്. അതു വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ സന്നദ്ധമാണെന്ന കേന്ദ്ര ജലവിഭവ മന്ത്രിയുടെ ഉറപ്പ് സ്വാഗതാര്‍ഹമാണ്. പക്ഷെ അതിന് അദ്ദേഹം മുന്നോട്ട്‌വയ്ക്കുന്ന വ്യവസ്ഥ ഒരിക്കലും സ്വീകാര്യമല്ല. 1886 ലെ പാട്ടക്കരാര്‍ അനുസരിച്ച് തമിഴ്‌നാടിന് ലഭ്യമായിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും 125 വര്‍ഷങ്ങള്‍ക്കുശേഷം അതേപോലെ നിലനിര്‍ത്തി കൊണ്ട് പുതിയ ഡാം എന്ന കേരളത്തിന്റെ നിര്‍ദേശം സാധ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് മധ്യസ്ഥത വഹിക്കാമെന്ന നിലപാട് ഏകപക്ഷീയവും നീതിരഹിതവുമാണ്. അത് നിഷ്പക്ഷ നിലപാടല്ല. യുക്തിസഹമായ നിര്‍ദേശവുമല്ല. എന്നാല്‍ തമിഴ്‌നാടിന് മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ദശാബ്ദങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തില്‍ ഒരു കുറവും വരുത്താതെ പുതിയ ഡാമില്‍ നിന്നും വെള്ളം നല്‍കാന്‍ കേരളം തയ്യാറാണ്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലയളവില്‍ കേന്ദ്ര ജലവിഭവ മന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലും കേരള-തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലും ഈ ഉറപ്പ് നല്‍കിയതാണ്. സുപ്രിംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബഞ്ചിന്റെയും മൂന്ന് അംഗ ഡിവിഷന്‍ ബഞ്ചിന്റെയും മുന്നിലും ഈ ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. ഈ ഘട്ടത്തില്‍ സുപ്രിം കോടതി നിര്‍ദേശിച്ചതനുസരിച്ച് ഇക്കാര്യം എഴുതി നല്‍കിയിട്ടുള്ളതുമാണ്. കേരളം മുന്നോട്ടുവച്ചിട്ടുള്ള വളരെ ഉദാരവും നീതിയുക്തവുമായ ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വേണം പുതിയ ഡാമിനെ സംബന്ധിച്ച തര്‍ക്ക പ്രശ്‌നത്തില്‍ കേന്ദ്രം മധ്യസ്ഥത വഹിക്കേണ്ടത്. പുതിയ ഡാം എന്ന പ്രശ്‌നം തത്വത്തില്‍ അംഗീകരിച്ചാല്‍ അനുബന്ധമായ വ്യവസ്ഥകള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെയോ, മധ്യസ്ഥ ചര്‍ച്ചയിലൂടെയോ നിഷ്പ്രയാസം പരിഹരിക്കാന്‍ കഴിയും. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് നാം സ്വീകരിക്കുന്ന ഉദാരമായ ഈ സമീപനം മറ്റേത് സംസ്ഥാനം സ്വീകരിക്കും. ഇത് കേരളത്തിന്റെ ദൗര്‍ബല്യമല്ല. മറിച്ച് ഉയര്‍ന്ന പക്വതയും വിവേകവും ദേശീയബോധവുമാണ്. ഇതിനെ മാനിക്കാന്‍ തമിഴ്‌നാട് തയ്യാറാകണം.

കേരളത്തില്‍ ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന നദിയെ കേരളത്തിന്റെ ഭൂപ്രദേശത്ത് 155 അടി ഉയരത്തില്‍ 1200 അടി നീളത്തില്‍ അണകെട്ടി വെള്ളം സംഭരിച്ച് നാമമാത്രമായ പാട്ടതുകയ്ക്ക് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകള്‍ക്ക് വെള്ളം നല്‍കുന്ന സംസ്ഥാനത്തിന്റെ വിശാലമായ ഉദാര സമീപനത്തെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും തമിഴ്‌നാടിന് കഴിയാത്തതെന്തുകൊണ്ട്? ഇവിടെയാണ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ അനിവാര്യമാകുന്നത്. സുപ്രിംകോടതി പോലും പലഘട്ടങ്ങളിലും ഈ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് പ്രായോഗികമെന്ന് വാക്കാല്‍ നിരീക്ഷിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 27ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സുപ്രിംകോടതിയുടെ മൂന്ന് അംഗ ഡിവിഷന്‍ ബഞ്ച് മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും ജലനിരപ്പ് 136 ല്‍ നിന്നും 142 അടിവരെ ഉയര്‍ത്താമെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ 152 വരെ ഉയര്‍ത്താമെന്നും അന്തിമ വിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ തുടര്‍ന്ന് നാം കൂട്ടായി നടത്തിയ കഠിനമായ അധ്വാനത്തിന്റെയും ഗൃഹപാഠത്തിന്റെയും ഫലമായി ഡാം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച അതേ കോടതി തന്നെ ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് വീണ്ടും പരിശോധിക്കാനും പുതിയ ഡാമിന്റെ സാധ്യതകളെ സംബന്ധിച്ച് പഠിക്കാനും തയ്യാറായി എന്നത് ഈ പ്രശ്‌നത്തില്‍ കേരളം കൈവരിച്ച ഉജ്ജ്വലമായ നേട്ടമാണ്. അതിപ്രളയമുണ്ടായാല്‍ ഡാമിന്റെ സുരക്ഷ, ഭൂചലനമുണ്ടായാല്‍ ഡാമിന്റെ അവസ്ഥ, ജലനിരപ്പ് ഉയര്‍ത്തിയാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്നിവയെ സംബന്ധിച്ച് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദഗ്ധരേയും ഗവേഷണ സ്ഥാപനങ്ങളെയും കൊണ്ട് പഠനം നടത്തുകയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരുന്ന നിരവധി രേഖകളും തെളിവുകളും ചികഞ്ഞെടുത്ത് പുറത്തുകൊണ്ടുവന്ന് ബഹുമാനപ്പെട്ട സുപ്രിംകോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും മുന്നില്‍ സംശയാതീതമായി അവതരിപ്പിക്കാനും കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മേല്‍പറഞ്ഞ നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞത്.

ഡാമിന്റെ സുരക്ഷ മാത്രമല്ല 1886 ലെ പെരിയാര്‍ പാട്ടക്കരാര്‍ ഉയര്‍ത്തുന്ന നിരവധി ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും അവ കോടതി മുമ്പാകെ ഹരീഷ് സാല്‍വേയെ പോലെയുള്ള മുതിര്‍ന്ന അഭിഭാഷകരുടെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള വാദമുഖങ്ങളിലൂടെ അവതരിപ്പിക്കാനും കഴിഞ്ഞപ്പോള്‍ കേരളത്തിന്റെ ആവശ്യം ഒരു പരിധിവരെ അംഗീകരിക്കാന്‍ സുപ്രിംകോടതി നിര്‍ബന്ധിതമായി. ആ പശ്ചാത്തലത്തിലാണ് ഭരണഘടനാ ബഞ്ച് രൂപീകൃതമായതും തുടര്‍ന്ന് എല്ലാ പ്രശ്‌നങ്ങളും സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ടയേര്‍ഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ചെയര്‍മാനായി ജസ്റ്റിസ് കെ ടി തോമസ് അംഗവുമായുള്ള അഞ്ചംഗ ഉന്നതാധികാര സമിതി രൂപീകൃതമായതും.

ഇനി വളരെ അവധാനതയോടും തികഞ്ഞ പക്വതയോടും ഓരോ ചുവടും വയ്ക്കാന്‍ കേരളം സന്നദ്ധമാകണം. പുതിയ ഡാം എന്ന വിഷയം പൊതുസമൂഹം ഏറെക്കുറെ അംഗീകരിച്ചിരിക്കുന്നു. ഇനി കേരളം തയ്യാറെടുക്കേണ്ടത് പുതിയ ഡാം നിര്‍മിക്കുമ്പോഴുള്ള വ്യവസ്ഥകളെ സംബന്ധിച്ചാണ്. ഇവിടെയാണ് കേന്ദ്ര ഗവണ്‍മെന്റിലെ ചിലരുടെ പ്രതികരണങ്ങള്‍ കേരളത്തിന്റെ പ്രതീക്ഷയ്ക്ക്‌മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായും പരിരക്ഷിച്ചു കൊള്ളാമെന്ന് മുന്‍കൂറായി എഴുതി ഉറപ്പ് നല്‍കിയാല്‍ ചര്‍ച്ചയാകാം എന്ന നിര്‍ദേശത്തിന് പിന്നിലെ അപകടകെണി കേരളം മനസിലാക്കണം. 125 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍മെന്റിന്റെ അധികാര ശക്തിക്ക് മുന്നില്‍ തിരുവിതാംകൂര്‍ ഭരണകൂടം പെരിയാര്‍ പാട്ടക്കരാറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. 1970 ല്‍ അനുബന്ധ കരാറില്‍ ഐക്യകേരളം ഒപ്പുവച്ചതിന് സംസ്ഥാനം ഇപ്പോള്‍ കനത്ത വിലയാണ് നല്‍കേണ്ടിവരുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലും ഇതര അന്തര്‍സംസ്ഥാന നദീജല പ്രശ്‌നത്തിലും കേരളത്തിനുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ പാഠമാകണം. ഇതിന്റെ അര്‍ഥം വൈകാരികമായി പ്രശ്‌നത്തെ സമീപിക്കണമെന്നല്ല. തികഞ്ഞ അവധാനതയോടും പക്വതയോടും വിവേകത്തോടും പ്രശ്‌നത്തെ സമീപിച്ച് കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമുക്ക് കഴിയണം.

*
എന്‍ കെ പ്രേമചന്ദ്രന്‍ (ലേഖകന്‍ മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയാണ്)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വീണ്ടും കേരളത്തിന്റെ ഉറക്കംകെടുത്തുകയാണ് 125 വര്‍ഷം പിന്നിട്ട 1886 ലെ പെരിയാര്‍ പാട്ടക്കരാറും 115 വര്‍ഷം പിന്നിടുന്ന മുല്ലപ്പെരിയാര്‍ ഡാമും. സാധാരണ എല്ലാ വര്‍ഷവും തെക്കു കിഴക്കന്‍ കാലവര്‍ഷം ഉണ്ടാകുമ്പോഴുള്ള അതിപ്രളയം മൂലം റിസര്‍വോയറിലെ ജലനിരപ്പ് ഉയരുമ്പോഴാണ് ജനങ്ങള്‍ക്ക് ഉറക്കമില്ലാ രാത്രികള്‍ ഉണ്ടാകുന്നതെങ്കില്‍ ഇപ്രാവശ്യം തുടര്‍ ഭൂചലനങ്ങളാണ് കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഒന്‍പത് മാസത്തിനുള്ളില്‍ 20 ഭൂചലനങ്ങള്‍ അതും റിക്ടര്‍ സ്‌കെയിലില്‍ 3.4 ഉം 3.8 ഉം തീവ്രതയുള്ളവ.